അടുക്കളയിൽ എന്റെ തട്ടും മുട്ടും കൂടി കൂടി വന്നപ്പോ, വെറുതെ പോലും അടുക്കളയുടെ പരിസരത്ത് കണ്ടേക്കരുത്…

സന്തോഷങ്ങൾ ❤❤

Story written by BINDHYA BALAN

“കൊച്ചേ എന്നതാടി അടുക്കളയിൽ കുറെ നേരമായിട്ട്.. കൊച്ചെന്നാ സ്‌പെഷ്യൽ ഉണ്ടാക്കുവാ? “

അടുക്കളയിൽ എന്റെ തട്ടും മുട്ടും കൂടി കൂടി വന്നപ്പോ, വെറുതെ പോലും അടുക്കളയുടെ പരിസരത്ത് കണ്ടേക്കരുത്, കണ്ടാൽ മുട്ട്കാല് തല്ലിയൊടിക്കുമെന്നുള്ള എന്റെ ഭീഷണി പേടിച്ച് ഹാളിൽ ഇരുന്നോണ്ട് ഇച്ഛൻ ചോദിച്ചു .

“അതൊക്കെ ഉണ്ട് മോനേ ഇച്ഛാ… ഇന്ന് വരെ ഇച്ഛൻ കഴിച്ചിട്ടുണ്ടാവില്ല ഇത് പോലൊരു ഐറ്റെം “

അടുക്കളയിൽ നിന്ന് ഞാനും.

സ്‌പെഷ്യൽ ഐറ്റത്തിന്റെ പ്രിപ്പറേഷൻ ഒക്കെ കഴിഞ്ഞ് വേഗം പോയി കുളിച്ച് വന്നപ്പോൾ ഇച്ഛൻ ഡൈനിങ് ടേബിളിൽ ഹാജരായിട്ടുണ്ട്. ഉണ്ടാക്കി വച്ച സ്‌പെഷ്യൽ ഡിഷ്‌ നേരെ ഇച്ഛന്റെ മുന്നിൽ കൊണ്ട് വച്ചിട്ട് ഗമയിൽ ഞാൻ പറഞ്ഞു,

“ഇച്ഛാ ഇന്നത്തെ സ്‌പെഷ്യൽ, റെഡ് ബെൽപെപ്പർ പൊട്ടറ്റോ സ്റ്റിർ ഫ്രൈ.. സൂപ്പർ ടേസ്റ്റ് ആണ് “

പാത്രത്തിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി ഇച്ഛന്റെ ഡയലോഗ്

“വലിയ ഡെക്കറേഷൻ ഒന്നും വേണ്ട.. കിഴങ്ങ് ക്യാപ്‌സിക്കം മെഴുക്ക്പുരട്ടി.. അത് മതി.. “

“അല്ല ഇച്ഛാ ബെൽപെപ്പർ പൊട്ടറ്റോ സ്റ്റിർ ഫ്രൈ എന്ന് പറയുമ്പോ ഒരു വെയിറ്റ് അല്ലെന്നോർത്താ “

ഇച്ഛന്റെ പ്ലേറ്റിലേക്ക് കറി വിളമ്പി ഞാൻ പറഞ്ഞു

“അല്ല കൊച്ചേ ഇതിന്റെ പ്രിപറേഷൻ എങ്ങനാരുന്നു “

“അതോ അത് സിമ്പിൾ അല്ലിയോ, അതായത് ഇച്ഛാ, ടേക്ക് ടു പൊട്ടറ്റോസ്, കട്ട്‌ കട്ട്‌ സ്മാൾ പീസെസ്, ടേക്ക് വൺ ബെൽപെപ്പർ കട്ട്‌ കട്ട്‌ സ്‌മോൾ പീസെസ്, ടേക്ക് വൺ ഒനിയൻ, അതും കട്ട്‌ കട്ട്‌ സ്‌മോൾ പീസെസ്, ടേക്ക് ടെൻ ഗ്രീൻ ചില്ലി ആൻഡ് ത്രീ ഗാർലിക് ക്ലോവ്സ്.. ആൻഡ് ദ പ്രിപ്പറേഷൻ ഈസ്,ടേക്ക് ദ പാൻ ആൻഡ് പുട്ട് ഇൻ ടു ഗ്യാസ്, ആഡ് സം കോക്കനട്ട് ഓയിൽ, ആഡ് സം മസ്റ്റാർഡ്, ലആൻഡ് കടുക് വറ കടുക് വറ , ദെൻ ആഡ് ദ ഒനിയൻ, ചില്ലി ആൻഡ് ഗാർലിക്, ആഫ്റ്റർ ദാറ്റ് ആഡ് സം കോറിയാണ്ടർ പൗഡർ, ആഡ് സം പെപ്പർ പൗഡർ, ദെൻ ആഡ് പൊട്ടറ്റോ ആൻഡ് ബെൽപെപ്പർ.. ഫൈനലി സ്‌പ്രെഡ്‌ സം സാൾട്ട് ടു ടേസ്റ്റ്.. ദെൻ പാത്രം അടച്ച് വയ്ക്കുക.. ടെൻ മിനിറ്റ്സ് കഴിഞ്ഞാൽ കറി റെഡി.. “

അച്ചുവിന്റെ അമ്മയിലെ ഉർവശ്ശി ചേച്ചിയേ മനസ്സിൽ ധ്യാനിച്ച് മംഗ്ളീഷില് ഞാനൊരലക്കലക്കി. ഒക്കെ കേട്ടിരുന്ന ഇച്ഛന്റെ തലയ്ക്കകത്തൂന്ന് ന്തോരം അടയ്ക്കാകുരുവികളാ പറന്ന് പോയതെന്നറിയോ…എങ്കിലും ഡൈനിങ് ടേബിളിലെ എന്റെ മഹത്തായ കണ്ടുപിടുത്തത്തെ അംഗീകരിച്ചു കൊണ്ട് കറിയെടുത്തു ടേസ്റ്റ് ചെയ്ത്

“കൊച്ചേ പൊളിച്ചു “

എന്ന് ഇച്ഛൻ പറഞ്ഞു കേട്ടപ്പോ, ഹോ..എനിക്കുണ്ടായ ഉണ്ടായ സന്തോഷം….

സത്യം പറഞ്ഞാൽ, ഞാൻ ഇങ്ങനെ ഓരോന്ന് പരീക്ഷിച്ചു പരീക്ഷിച്ചു ഇച്ഛനിപ്പോ നല്ലൊരു പരീക്ഷണവസ്തു ആയിട്ടുണ്ട്. അങ്ങ് കുവൈറ്റിൽ നിന്ന് അമ്മ വീഡിയോ കോൾ ചെയ്യുമ്പോ ഇച്ഛാനിതൊക്കെ അമ്മോട് പറയും അപ്പൊ അമ്മ ചോദിക്കും

“എന്റെ ചെക്കന്റെ വയറു കെടക്കുവാണോ പെണ്ണേ നീ..ഞാൻ ലീവിന് വരുമ്പോ എന്റെ മോനേ ബാക്കി വച്ചേക്കണേ “

അപ്പൊ ഞാൻ പറയും

“എന്റെ ഏറ്റവും വലിയ സന്തോഷമാണ്, ഇച്ഛനു ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വിളമ്പികൊടുത്ത്, ഇച്ഛന്റെ അടുത്തിരുന്നു ഇച്ഛൻ കഴിക്കുന്നത് കണ്ടോണ്ടിരിക്കുന്നത്….പ്രിയപ്പെട്ടവന് വേണ്ടി അവനിഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കിക്കൊടുക്കണം.. ലൈഫിലെ സന്തോഷങ്ങളിൽ ഏറ്റവും ആദ്യത്തേത്… ആ സന്തോഷത്തിനപ്പുറം തൽക്കാലം എനിക്ക് ഇപ്പൊ മറ്റ് സന്തോഷങ്ങൾ ഒന്നുമില്ല അമ്മേ.. “

എന്നെ നോക്കി അമ്മ ചിരിക്കും.. പിന്നെ പറയും

“അമ്മക്കറിയാടാ,രഘൂട്ടനെ ഞാൻ നോക്കുന്നത് പോലെ തന്നെയാണ് നീയും നോക്കുന്നതെന്നു.. എന്റെ ഏറ്റവും വലിയ സമാധാനവും അതാണ്‌.. “

“എനിക്ക് ഇച്ഛൻ മാത്രമല്ലേ ഉള്ളൂ സ്വന്തം ആയിട്ട്. ഇച്ഛനെന്നെ ജീവനാണ് അമ്മേ..അങ്ങനെയുള്ള ആൾക്ക് വേണ്ടിയല്ലാതെ എന്തിന് വേണ്ടിയാണ് ഞാൻ പിന്നേ ജീവിക്കേണ്ടത്.. കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളെല്ലാം കൂടി ചേർത്ത് വച്ചൊരു വലിയ സന്തോഷമാണ് ഞങ്ങളുടെ ലൈഫ്.. “

അമ്മയോട് ഞാനും പറയും..

ഒരു വർഷം മുൻപ് വരെ, ഒരു നേരത്തെ ആഹാരമെങ്കിലും എന്റെ കൈ കൊണ്ട് വച്ചുണ്ടാക്കി ഇച്ഛനു കൊടുക്കാൻ കഴിയുമോ എന്ന നെടുവീർപ്പിൽ നിന്ന്, ഒരു നിമിഷമെങ്കിലും ഇച്ഛന്റെ കൂടെ ജീവിക്കാൻ ഈ ജന്മം കഴിയുമോ എന്ന നോവിൽ നിന്ന് ഉയിർത്തെണീറ്റ് ഇന്നിപ്പോ ഇച്ഛന്റെ കൂടെ ജീവിക്കുമ്പോൾ, ആഗ്രഹിച്ചതൊക്കെയും നേടി എന്ന നിർവൃതിയുണ്ടെനിക്ക്

അതേ, ഇച്ഛനെന്ന സൂര്യനെ ചുറ്റിയാണ് ഞാൻ എന്ന ഭൂമിയുടെ കറക്കം..ഇച്ഛനിൽ തുടങ്ങി ഇച്ഛനിൽ തീരുന്നൊരു ഭ്രമണം….

വൽകഷ്ണം : ഇച്ഛനെക്കുറിച്ചെഴുതാനാണ് എനിക്കെപ്പോഴുമിഷ്ടം..ആത്മാവിനോട് ചേർന്ന് നിൽക്കുമ്പോൾ എനിക്കൊരിക്കലും ഇച്ഛനെ മറന്നൊരു നിമിഷവും നിലനിൽപ്പില്ല എന്നതാണ് സത്യം.. അത് കൊണ്ടാണ് എപ്പോഴും ഇച്ഛനെക്കുറിച്ചു എഴുതുന്നത് ചിലർക്കെങ്കിലും അതൊരുപക്ഷേ അരോചകമായി തോന്നിയേക്കാം….അങ്ങനെയുള്ളവർ മറന്നേക്കുക എന്നെ