എനിക്കെന്തോ വല്ലാത്ത സങ്കടം ആയി. അന്ന് രാത്രി മുഴുവൻ എന്റെ മനസ് അവൾക്കൊപ്പം ആയിരുന്നു…

❤️❤️ആഞ്ചൽ ❤️❤️

എഴുത്ത്: ശ്രീതുന്റെ അമ്മ

എന്റെ ഓർമ്മകളിൽ എന്നും നോവായി കിടക്കുന്ന എന്റെ വിദ്യാർത്ഥി….

ആഞ്ചൽ….

കൊച്ചു സുന്ദരികുട്ടി.. കുസൃതി നിറഞ്ഞ മുഖവും തിളങ്ങുന്ന വെള്ളാരം കണ്ണുകളും പാറി പറക്കുന്ന ചെമ്പൻ മുടിയിഴകളും ഉള്ള എന്റെ മാലാഖ കുട്ടി.. അതെ ഇന്നവൾ ആകാശത്തു മാലാഖയായി പാറികളിക്കുന്നുണ്ടാകും..

നോർത്ത് ഇന്ത്യ നമ്മൾ മലയാളികൾക്ക് നൽകുന്നത് തികച്ചും അപരിചിതമായ സംസ്‍കാരം ആണ്… പെൺകുട്ടികൾ ഒട്ടും സുരക്ഷിതരല്ലാത്തൊരു ചുറ്റുപാടാണ് അവിടങ്ങളിൽ… കൂടുതലും ഗ്രാമങ്ങളിൽ… യു പിയിലേക്ക് ജോലിക്ക് പോകുന്നതിൽ വീട്ടിൽ ആകെ എതിർപ്പായിരുന്നു.. നിരന്തരം ഉള്ള പീ ഡനവും ജാ തിയ വം ശീയ വെറികളും കൊലപാതകങ്ങളും മാത്രം കേട്ടു കേൾവിയായൊരു നാട്.. എങ്കിലും നാട്ടിൽ നിന്ന് ഒരു വിട്ടു നിൽക്കൽ.. അഭിയുടെ ഓർമ്മകളിൽ നിന്നൊരു രക്ഷപെടൽ എനിക്ക് ആവിശ്യം ആയിരുന്നു.

അത് കൊണ്ടു തന്നെ ഞാൻ പോകാൻ തീരുമാനിച്ചു.. മലയാളികളായ രണ്ടു മാഷുമാര് നടത്തുന്ന അത്യാവിശം ചെറുതല്ലാത്തൊരു സ്കൂൾ.. മോശമല്ലാത്ത ശമ്പളവും ഫ്രീ ഫുഡും താമസവും.. പുതിയ നാട്.. ആൾക്കാർ.. ചുറ്റുപാട്.. പക്ഷെ എനിക്കൊട്ടും മുഷിപ്പു തോന്നിയില്ല.ആറു വർഷം ജീവന്റെ ജീവനായി സ്നേഹിച്ചിട്ടും കേവലം തൊലി കറുപ്പിന്റെ പേരിൽ തന്നെ വേണ്ട എന്ന് വെച്ച വീട്ടുകാരെ അനുസരിച്ചു തൊലി വെളുത്തവളെ കെട്ടിയ അഭിയോട് എനിക്ക് വെറുപ്പായിരുന്നു. ഒരുപാട് കുറ്റബോധം തോന്നി. അവനെ സ്നേഹിച്ചതിൽ. തന്റെ സമയവും ജീവിതവും ആറു വർഷം അവനു വേണ്ടി ഹോമിച്ചതിൽ. ഒന്നും ഇനി സഹിക്കാനോ കാണാനോ മനക്കരുത്തില്ലാത്ത കൊണ്ടും ആണ് വീട് വിട്ടു ഇങ്ങോട്ട് വന്നത്..

പുതിയ സാഹചര്യത്തോട് പൊരുത്തപ്പെട്ടു എല്ലാം മറന്നു ജോലിയിൽ മാത്രം ശ്രെദ്ധിച്ചു അങ്ങനെ കഴിഞ്ഞു പോരുമ്പോഴാണ് അവളെ ഞാൻ ശ്രെദ്ധിക്കുന്നത്.. രണ്ടാം ക്ലാസ്സിലെ വില്ലത്തി.. ആഞ്ചൽ. ഒരു നിമിഷം പോലും വാ പൂട്ടാതെ ഇരിക്കാൻ പറ്റില്ലായിരുന്നു അവൾക്കു.. ഏതു നേരവും വർത്തമാനം.. ഞാൻ പഠിപ്പിച്ചോണ്ടിരിക്കുന്ന സമയത്തെല്ലാം അവൾ വേറെ കാര്യങ്ങളിലാണ്.. കോപ്പി തുറക്കുന്നു. അടക്കുന്നു. പെൻസിൽ ചുരണ്ടുന്നു.. അടുത്തിരിക്കുന്നവരെ നുള്ളുന്നു.. എന്നും എന്റെ ക്ലാസ്സിലെ ശല്യക്കാരി കുട്ടി ആയിരുന്നു അവൾ.. ആദ്യമൊക്കെ എനിക്ക് അവളോട്‌ ദേഷ്യം ആയിരുന്നു.

എന്റെ കൈയിലെ വടി വെച്ചു എന്നും കൊടുക്കുമായിരുന്നു.. ഒട്ടും സഹിക്കാൻ പറ്റാതെ വരുമ്പോ ക്ലാസിനു വെളിയിലേക്കിറക്കി വിടും.. പക്ഷെ പിന്നീടെപ്പോഴോ അവളെനിക്ക് പ്രിയപ്പെട്ടവളായി.. അതിനു കാരണവും ഉണ്ട്. ഞാൻ എത്ര തല്ലിയാലും ദേഷ്യപ്പെട്ടാലും എന്നും രാവിലെയും വൈകുന്നേരവും അവൾ എനിക്ക് ചോക്ലേറ്റുമായി സ്റ്റാഫ്‌ റൂമിൽ വരും.. എന്നിട്ടു എനിക്ക് ഒരു ഉമ്മയും തരും..

വോ ഏക് പാഗലി ലഡ്കി ഹെ.. എന്ന് പറഞ്ഞു ഇത് കാണുന്ന ബാക്കി ടീച്ചേർസ് എന്നേ നോക്കി ചിരിക്കും. പിന്നെ ഓരോ ദിവസവും അവളെ കണ്ടില്ലെങ്കിൽ എനിക്ക് ആകെ വിഷമം ആണ്..അവള് ആബ്സെന്റ് ആകുന്ന ദിവസങ്ങളിൽ എനിക്ക് ക്ലാസ്സ്‌ എടുക്കാനെ മൂഡ് ഉണ്ടാവില്ല.

ഓരോ ദിവസങ്ങൾ കഴിയും തോറും ഞാനും അവളും തമ്മിൽ ഒരുപാട് അടുത്തു.. ഒരമ്മയെ പോലെ ഞാൻ അവളെ സ്നേഹിച്ചു.. തിരിച്ചു അവളും എന്നേ അങ്ങനെ തന്നെ.. എന്നോടുള്ള ഇഷ്ടം കൊണ്ടു പഠിക്കാനും ക്ലാസ്സിൽ മിടുക്കി ആയിരിക്കാനും അവൾ ശ്രെമിച്ചു.. അതെന്നെ കൂടുതൽ സന്തോഷിപ്പിച്ചു..

അവൾക്ക് ഒരു അനിയൻ ആണ് ഉള്ളത്.. “ബാബു ചോട്ടാ ഹെ മിസ്സ്‌.. ഹം ഉസ്‌കെ സാത് ബോഹത് ഖേൽത്തി ഹെ ” (അനിയൻ കുഞ്ഞു വാവയാണ് മിസ്സ്‌. ഞാൻ അവന്റെ കൂടെ ഒരുപാട് കളിക്കും )

അവൾക്കു തന്റെ അനിയനെ കുറിച്ച് പറയുമ്പോ നൂറു നാവായിരുന്നു..

“തേരാ പപ്പാ കോ ക്യാ കം ഹെ? (നിന്റെ പപ്പക്കു എന്താ ജോലി? )

ഒരു ദിവസം ഞാൻ അങ്ങനെ ചോദിച്ചപ്പോൾ അവളുടെ കുഞ്ഞു മുഖം വാടി. കണ്ണൊക്കെ നിറഞ്ഞു..

“പപ്പാ യെഹാ നഹി രഹത്തി ഹെ. മമ്മി സെ ജകട ഹെ.. ലേക്കിൻ കഭി കഭി ആത്തി ഹെ മിസ്സ്‌.. മിൽനെ കേലിയെ.. ബോഹത് ചോക്ലേറ്റ് ലാത്തി ഹെ.. കപ്പട ലാത്തി ഹെ.. സബ് മേരെ ലിയെ ഓർ ബാബുക്കേലിയെ ലാത്തി ഹെ പപ്പാ.. മുച്ചേ പാപ്പാകെ സാത് രഹനെ അച്ഛാ ലാഗ്തി ഹെ. ഫിർ മമ്മി നഹി ഭേജേങ്കെ.. “

(പപ്പാ ഞങ്ങടെ കൂടെ അല്ല താമസം. മമ്മിയുമായി വഴക്കിലാണ്. പക്ഷെ ഞങ്ങളെ കാണാൻ എപ്പോഴും വരും. നിറയെ ചോക്ക്ലറ്റ്, ഡ്രസ്സ്‌ ഒക്കെ കൊണ്ടു വരും. എനിക്ക് പപ്പയുടെ കൂടെ കഴിയാനാ ഇഷ്ടം. പക്ഷെ മമ്മി വിടില്ല )

എന്ന് പറഞ്ഞവൾ കണ്ണ് തുടച്ചു..

എനിക്കെന്തോ വല്ലാത്ത സങ്കടം ആയി.. അന്ന് രാത്രി മുഴുവൻ എന്റെ മനസ് അവൾക്കൊപ്പം ആയിരുന്നു.. പിറ്റേന്ന് രാവിലെ അവള് സ്റ്റാഫ്റൂമിൽ എനിക്കുള്ള ചോക്ലേറ്റുമായി വന്നു… പക്ഷെ ചോക്ലേറ്റ് മാത്രം ആയിരുന്നില്ല അവളുടെ കൈയിൽ ഉണ്ടായിരുന്നത്.. ഒരു വലിയ ചുമന്ന റോസപ്പൂവും ഉണ്ടായിരുന്നു..

“മിസ്സ്‌ ആജ് സെ വാലന്റൈൻസ് ഡേ ശുരു ഹെ..ആജ് റോസ് ഡേ ഹെ.. യെ റോസ് ഹം ആപ്കെലിയെ ലായ ഹു ” (മിസ്സ്‌.. ഇന്ന് തൊട്ടു വാലൻടൈൻസ് ഡേ തുടങ്ങുവാ. ഈ റോസപ്പൂ ഞാൻ മിസ്സിന് വേണ്ടി കൊണ്ടു വന്നതാ ) എന്ന് പറഞ്ഞവൾ പുഞ്ചിരിച്ചു എന്റെ നേരെ പൂവ് നീട്ടി… ഞാൻ അത് വാങ്ങി അവളുടെ കവിളിൽ ഒരു കുഞ്ഞുമ്മയും കൊടുത്തു… അതവൾക്ക് ഒരുപാട് സന്തോഷം ആയിന്നു എനിക്ക് തോന്നി. കാരണം അവളുടെ നീല കണ്ണുകൾ അപ്പോൾ വിടർന്നു… പിന്നെ അങ്ങോട്ട്‌ എല്ലാ ദിവസവും അവൾ വാലെൻടൈൻ ഡേ ആചരിച്ചു…ചോക്ലേറ്റ് ഡേക്ക് എനിക്ക് വലിയൊരു ഡയറി മിൽക്ക് കൊണ്ടു തന്നു. ഹഗ്ഗ് ഡേയ്ക്ക് എന്നേ അവൾ കെട്ടി പിടിച്ചു. കിസ്സ് ഡേയ്ക്ക് അവളെനിക്ക് ഒരുപാട് ഉമ്മകൾ തന്നു.. ഫെബ്രുവരി പതിനാലായപ്പോ അവളെനിക്ക് കൊണ്ടു വന്ന ഗിഫ്റ്റ്… എന്റെ കണ്ണ് നിറഞ്ഞു പോയി…

ചുമപ്പിൽ ഗോൾഡ് മുത്തുകൾ പതിപ്പിച്ചൊരു ലഹങ്ക.. അത് തന്നിട്ടു അവളെന്നോട് പറയുവാ.. “മിസ്സ്‌ യെ ലഹങ്ക ആപ്ക ഷാധിക്കൊ പെഹന്ന ഹെ.. ശയാദ് ഹം അപ്കേ സാത് നഹി രെഹെ തോ.. “(മിസ്സ്‌.. ഇത് മിസ്സിന്റെ കല്യാണത്തിന് ഇടണം.. ചിലപ്പോ ഞാൻ മിസ്സിന്റെ കൂടെ ഉണ്ടാവില്ലല്ലോ )

അത് പറയുമ്പോ അവൾക്കെന്തോ സങ്കടം ഉള്ളത് പോലെ എനിക്ക് തോന്നി… “ക്യാ ഹുവാ… തു ജാദാ മത് സോച്ചോ.. മേരെ ഷാധിക്കോ തും സരൂർ രെഹെക മേരെ പാസ്.. തുമ്കൊ ഹം ലേ ജയേഗി മേരെ ഗർ. പക്കാ.. ” (എന്ത് പറ്റി.. നീ കൂടുതൽ ഒന്നും ചിന്തിക്കേണ്ട. എന്റെ കല്യാണത്തിന് നീ ഉറപ്പായും എന്റെ കൂടെ ഉണ്ടാകും. നിന്നെ ഞാൻ എന്റെ വീട്ടിലേക്കു കൊണ്ടു പോകും. ഉറപ്പു ) എന്നവളെ ആശ്വസിപ്പിച്ചു കൊണ്ടു ഞാൻ അവളുടെ നിറുകയിൽ ഒരുമ്മ കൊടുത്തു.. അന്ന് ശനി ആയിരുന്നു.. പിറ്റേന്ന് ഞായർ.. ഇനി തിങ്കളെ ക്ലാസ്സ്‌ ഉള്ളു.. എനിക്കുമ്മയും തന്നു ശനി വൈകുന്നേരം അവൾ പോയി…

ഞായർ ക്ലാസ്സ്‌ ടെസ്റ്റിന്റെ പേപ്പർ നോക്കലായിരുന്നു എന്റെ പണി… ആഞ്ചലിന്റെ പേപ്പർ എടുത്തപ്പോ എന്തോ നോക്കാൻ ഒരു മനസ് വന്നില്ല… ഒരു ക്ഷീണം പോലെ. പഴയ വില്ലത്തരത്തിൽ നിന്ന് അവളൊരുപാട് മാറിയത് കൊണ്ടു പേപ്പറിൽ എന്തെങ്കിലും ഒക്കെ എഴുതിയിട്ടുണ്ടാകും എന്നെനിക്കറിയാം..പിന്നെ നോക്കാം എന്ന് വെച്ചു കൊണ്ടു അവളുടെ പേപ്പർ അടക്കം ബാക്കി പേപ്പറുകൾ ഞാൻ മടക്കി വെച്ചു..

ചൂട് കാലം ആയതു കൊണ്ടു രാവിലെ ഏഴരക്കാണ് ക്ലാസ്സ്‌.. ആറു മണിയായപ്പോഴേ എണീറ്റു പല്ല് തേച്ചു കൊണ്ടിരുന്നപ്പോഴാണ് അടുക്കളയിൽ ഫുഡ്‌ ഉണ്ടാക്കുന്ന ഭയ്യാമാർ കാര്യമായെന്തോ സംസാരിക്കുന്നതു കേട്ടത്..

“ക്യാ ഭയ്യ… ക്യോ അള്ളാ കർ രഹ ഹെ.. ക്യാ ബാത്ത് ഹെ?? (എന്താ ഭയ്യാ.. എന്താ ഒച്ചയിടുന്നെ? എന്താ കാര്യം?? )

മിസ്… ജോ ടു ക്ലാസ്സ്‌ മേ ഏക് ലഡ്കി ഹെ നാ.. ഏക് ഗോരി.. തോട മോട്ടി വാലി. ആഞ്ചൽ നാം ക്കാ.. (മിസ്സ്‌.. രണ്ടാം ക്ലാസ്സിലെ ഒരു പെൺകുട്ടി ഇല്ലേ. വെളുത്തിട്ടു. തടിച്ച.. ആഞ്ചൽ എന്ന് പേരുള്ള.. )

ഭയ്യാ എന്നോട് പറഞ്ഞതും.. ആഞ്ചൽ എന്ന് കേട്ടപ്പോ എന്റെ ആധി കൂടി.. ഹാ.. പത്താ ഹെ.. ക്യാ ഭയ്യാ.. (ഹാ… അറിയാം.. എന്താ ഭയ്യാ? )

വോ മർ ചുക്കി ഹെ.. കോയി മാർദിയ ഉസ്‌കോ.. (അവൾ മരിച്ചു പോയി.. ആരോടും കൊന്നതാണ് )

ഞാൻ നിന്നിടത്തു നിന്ന് കുഴഞ്ഞു വീണു.. കേട്ടത് വിശ്വസിക്കാൻ എന്റെ കാതുകൾക്കായില്ല… ഭയ്യാമാർ എന്നേ താങ്ങി പിടിച്ചു.. കൈസേ ഹെ ഭയ്യാ.. കോൻ കിയ യെ..(എങ്ങനെ.. ആരാ ചെയ്തേ ) ഞാൻ കരഞ്ഞു കൊണ്ടു ഭയ്യെടെ കയ്യിലെ ന്യൂസ്‌ പേപ്പർ തട്ടി പറിച്ചു.. അതിൽ ഞാൻ കണ്ടു.. ഒന്നേ നോക്കിയുള്ളൂ.. എന്റെ ആഞ്ചലിന്റെ ചിരിക്കുന്ന കുഞ്ഞു മുഖം.. എത്ര നേരം പത്രവും നെഞ്ചിൽ ചേർത്ത് ഇരുന്നെന്നറിയില്ല…

ക്ലാസ്സിൽ ചെന്നപ്പോ കുട്ടികൾ ഒക്കെ ആഞ്ചലിന്റെ കൊല പാതകത്തെ പറ്റി ഓരോ കഥ പറഞ്ഞു.. അവളുടെ അമ്മക്ക് തുണി കച്ചവടം ആണ്.. തുണി വിൽക്കാനായി അവളുടെ അമ്മ പോയ സമയത്തു കള്ളന്മാർ വീട്ടിൽ കയറി.. അവളൊറ്റക്കെ ഉണ്ടായിരുന്നുള്ളു.. അവൾ ഒച്ച വെച്ചപ്പോ വെട്ടി കൊല്ലുവായിരുന്നു എന്ന്..

എന്റെ ചങ്ക് പിടഞ്ഞു.. എന്റെ കുഞ്ഞ്.. അവൾക്കെത്ര നൊന്തു കാണും… അവളെ ഒന്ന് കാണാൻ ആഗ്രഹിച്ചെങ്കിലും സ്കൂളിൽ നിന്ന് പോകാൻ അനുവാദം ഉണ്ടായിരുന്നില്ല… ആകെ ഭ്രാന്തു പിടിച്ച ഒരവസ്ഥയിലേക്ക് എന്റെ മനസ് നീറി.. അവൾ തന്ന റോസപ്പൂവിന്റെ ഉണങ്ങിയ ഇതളുകൾ.. ചോക്ലേറ്റിന്റെ കവറുകൾ ഒക്കെ ഞാൻ എന്റെ തലയിണയുടെ അടിയിൽ സൂക്ഷിച്ചു.. കണ്ണടച്ചാൽ അവളുടെ മുഖം അവളെന്നെ നോക്കി ചിരിക്കുന്നതും.. എന്നോട് കൊഞ്ചി വർത്തമാനം പറയുന്നതും…

ക്ലാസ്സിൽ പോകാതിരിക്കാൻ പറ്റില്ല… എങ്കിലും അവളുടെ ഓർമ്മകളുമായി ഞാൻ അങ്ങനെ തള്ളി നീങ്ങി പോയി.. ക്ലാസ്സ്‌ ടെസ്റ്റിന്റെ പേപ്പർ കുട്ടികൾ ചോദിച്ചപ്പോഴാണ് ഞാൻ ബാക്കി ചെക്ക് ചെയ്തില്ലല്ലോ എന്നോർത്തത്..

അന്നു ഞാൻ ചെക്ക് ചെയ്യാനായി പേപ്പർ കെട്ടു എടുത്തപ്പോ ആദ്യം ഇരിക്കുന്നത് എന്റെ ആഞ്ചലിന്റെ പേപ്പർ… അത് തുറന്നു നോക്കാൻ എനിക്കവതില്ലായിരുന്നു…എന്റെ കണ്ണീരാൽ കുതിർന്ന ആ ഉത്തരക്കടലാസ് മറിച്ചു വായിച്ചു നോക്കിയ ഞാൻ നടുങ്ങി പോയി…

എന്റെ മോൾ… എന്റെ ആഞ്ചൽ.. അവൾക്കറിയാമായിരുന്നു അവൾ മരിക്കുമെന്ന്..

“മിസ്സ്‌.. മേരാ മമ്മി അച്ചി നഹി ഹെ.. ഉസ്‌കോ ധുസര കേ സാത് ചക്കർ ചൽ രഹാ ഹെ.. ഹം ഉസിക്കോ ദേക്കെ.. ഏക് ദിൻ മമ്മി ധുസരാ ആദ്മി കേ സാത് ലേട്ടാ ഹുവാ ഹെ.. മേം ഉസ്സേ കഹാ കി ഹം പപ്പാ കോ ബൊലേഗ.. വോ ബോല അഗർ തു യെ ബാത്ത് ബൊലേഗ തോ സരൂർ തുമ്കൊ മാർ ദേഗി.. മുച്ചേ ഡർ ഹെ മിസ്സ്‌.. തു മുച്ചേ കേരള ലേ ജയേഗാ..?” (മിസ്സ്‌… എന്റെ അമ്മ നല്ലതല്ല. അവർക്കു മറ്റൊരാളുമായി അടുപ്പം ഉണ്ട്. ഒരു ദിവസം അയാടെ കൂടെ മമ്മി കിടക്കുന്നതു ഞാൻ കണ്ടു. ഞാനിതു ഉറപ്പായും പപ്പയോടു പറയും എന്ന് പറഞ്ഞപ്പോ.. പറഞ്ഞാൽ എന്നേ കൊല്ലുമെന്ന് മമ്മി പറഞ്ഞു. എനിക്ക് പേടിയാ മിസ്സ്‌.. എന്നേ കേരളത്തിലേക്ക് കൊണ്ടു പോകുമോ?? )

ഒരുപക്ഷെ അന്ന് ഞാൻ ഈ പേപ്പർ ചെക്ക് ചെയ്യാൻ എടുത്തിരുന്നെങ്കിൽ എനിക്ക് എന്തെങ്കിലും ഒന്ന് ചെയ്യാമായിരുന്നു… എനിക്കറിയില്ല… ഒരുപാട് ഞാൻ കരഞ്ഞു…അവളോട്‌ മാപ്പ് ചോദിച്ചു.. സ്വെന്തം കുഞ്ഞിനെ വാക്കത്തിക്കു ഇരയാക്കിയ അവളുടെ അമ്മയെന്ന ആ സ്ത്രീയോട് എനിക്ക് അടങ്ങാത്ത പക തോന്നി…എന്റെ വയർ എരിഞ്ഞു കൊണ്ടിരുന്നു… എന്റെ മോളെ ഓർത്തു…. എന്റെ ആഞ്ചൽ.. ഇന്നും എന്റെ നെഞ്ചിലെ വിങ്ങൽ ആണവൾ.?