എത്ര നേരമായി ഗിരിയേട്ടാ…ഞാനിവിടെ കാത്തിരിക്കുന്നു, ഇന്ന് നമ്മുടെ ആദ്യരാത്രിയാണെന്ന ഓർമ്മയെങ്കിലും വേണ്ടേ

മണ്ഡലവ്രതവും റമളാൻ നോമ്പും

Story written by Saji Thaiparambu

എത്ര നേരമായി ഗിരിയേട്ടാ.. ഞാനിവിടെ കാത്തിരിക്കുന്നു, ഇന്ന് നമ്മുടെ ആദ്യരാത്രിയാണെന്ന ഓർമ്മയെങ്കിലും വേണ്ടേ?പ്രേമിക്കുന്ന കാലത്തും നിങ്ങളിത് പോലെ തന്നെയായിരുന്നു, എപ്പോഴും ലേറ്റാകും,

അയ്യോ ഷാഹിനാ… ഞാനൊന്ന് പൂജാരിയെ കാണാൻ പോയിരുന്നതാണ്, നീയിത് കണ്ടോ? ഞാൻ മാലയിട്ടു, എനിക്കിനി നാല്പത്തിയൊന്ന് ദിവസത്തേക്ക് വ്രതമായിരിക്കും, ഇനി പടി ചവിട്ടുന്നത് വരെ, ലൗകിക സുഖങ്ങളൊക്കെ വെടിഞ്ഞ്, മനസ്സും ശരീരവും പൂർണ്ണമായും ഈശ്വരനിൽ അർപ്പിച്ച് വേണം ജീവിക്കാൻ, അത് കൊണ്ട്, ഞാൻ മലക്ക് പോയി തിരിച്ച് വരും വരെ, നീ അമ്മയുടെ മുറിയിൽ വേണം കിടക്കാൻ

ഇത് വല്ലാത്ത ചതിയായിപ്പോയല്ലോ ഗിരിയേട്ടാ.. നിങ്ങൾക്ക് അടുത്ത മണ്ഡലകാലത്തെങ്ങാനും മാലയിട്ടാൽ പോരായിരുന്നോ?

ഇല്ല ഷാഹിനാ.. ഇതെൻ്റെയൊരു നേർച്ചയായിരുന്നു, വീട്ടുകാരുടെ എതിർപ്പൊന്നുമില്ലാതെ നമ്മുടെ വിവാഹം മംഗളമായി നടന്നാൽ, മല ചവിട്ടിയതിന് ശേഷമേ ഞാൻ നിൻ്റെ ദേഹത്ത് തൊടുകയുള്ളുവെന്ന് ശപഥം ചെയ്തിരുന്നു

കഴിഞ്ഞ നാലര വർഷമായി നിങ്ങളോടൊപ്പുള്ള ജീവിതവും സ്വപ്നം കണ്ട് നടന്ന ഞാനിനി നാല്പത്തിയൊന്ന് ദിവസങ്ങൾ കൂടി കാത്തിരിക്കണമല്ലേ?

വേവും വരെ ക്ഷമിച്ചില്ലേ? പിന്നെ ആറും വരെ ക്ഷമിച്ചൂടെ ഷാഹിനാ..

അല്ലാതെ വേറെ മാർഗ്ഗമില്ലല്ലോ ?ഉം ശരി, എന്നാൽ ഗുഡ് നൈറ്റ്

ഷാഹിന നിരാശയോടെ ഗിരിയുടെ അമ്മയുടെ മുറിയിലേക്ക് പോയി.

നാല്പത്തിയൊന്ന് ദിവസങ്ങൾ ഒച്ചിഴയുന്നത് പോലെയാണ് മുന്നോട്ട് പോകുന്നതെന്ന് ഷാഹിനയ്ക്ക് തോന്നി.

ഒടുവിൽ വ്രതം പൂർത്തിയാക്കി ഗിരി മല കയറി.

അയ്യപ്പനെ കണ്ണ് നിറയെ കണ്ട്തൊഴുത്, തൻ്റെ ആഗ്രഹം സഫലീകരിച്ചതിന് ശേഷം മലയിറങ്ങിയ ഗിരി, രണ്ടാം ദിവസമാണ് വീട്ടിലെത്തിയത്.

അമ്മേ…ഷാഹിനയെവിടെ ?

അവള് മുറിയിലുണ്ട്, കിടക്കുവാ,

ങ്ഹേ, കിടക്കുന്നോ ഈ സമയത്തോ ?

ആഹ് ,അവൾക്കിന്ന് നോമ്പാണ് ,ആദ്യത്തെ ദിവസമല്ലേ?നല്ല ക്ഷീണംണ്ടാവും

നോമ്പോ ? തന്നെ പോലെ അവളും നേർച്ച നേർന്നിട്ടുണ്ടോ ?

ജിജ്ഞാസയോടെ അയാൾ മുറിയിലെത്തി.

അല്ല ഷാഹിനാ.. നീയെന്തിനാ നോമ്പെടുത്തത്, ഞാനിന്ന് വരുമെന്നറിയില്ലായിരുന്നോ?

അയ്യോ ഗിരിയേട്ടാ.. ഇത് റമളാൻ നോമ്പാണ് ,ഓർമ്മവച്ച നാൾ മുതൽ കഴിഞ്ഞ കൊല്ലം വരെ ഞാൻ മുടങ്ങാതെ പിടിച്ചിട്ടുള്ളതാണ് ,ഇപ്രാവശ്യവും എനിക്കത് മുടങ്ങാതെ ചെയ്യണം

ഉം ശരി, നിൻ്റെ ഇഷ്ടം പോലെ നടക്കട്ടെ ,പക്ഷേ സന്ധ്യ കഴിയുമ്പോൾ ഞാൻ വരും , നോമ്പ് തുറന്ന് കഴിഞ്ഞാൽ പിന്നെ പ്രശ്നമില്ലല്ലോ?

പ്രശ്നമില്ലായിരുന്നു, പക്ഷേ എനിക്ക് തറാവീഹ് നമസ്ക്കരിക്കണമായിരുന്നു, കഴിഞ്ഞ കൊല്ലം വരെ, എൻ്റെ വീടിനടുത്തുള്ള മജ്ലിസിൽ ഞങ്ങൾ പെണ്ണുങ്ങളെല്ലാം കൂടി ഒരുമിച്ചാണ് നമസ്കരിച്ചോണ്ടിരുന്നത്,ഇവിടെ അതിനുള്ള സൗകര്യമില്ലാത്തത് കൊണ്ട്, ഞാൻ ഉമ്മായെ വിളിച്ച് പറഞ്ഞു ,നോമ്പ് തുറന്ന് കഴിയുമ്പോൾ, ഉപ്പയെ ഇങ്ങോട്ടയക്കാമെന്നാണ് ഉമ്മ പറഞ്ഞത് ,

ങ്ഹേ, അപ്പോൾ നീ വീട്ടിലേക്ക് പോയിട്ട് ഇനി എപ്പോഴാ തിരിച്ച് വരിക?

അതാ ഞാനുലോചിക്കുന്നത് , എല്ലാ ദിവസവും മഗ്രിബ് കഴിഞ്ഞ് പത്തൻപത് കിലോമീറ്റർ ദൂരമുള്ള വീട്ടിലേക്ക് പോകുകയും, തിരിച്ച് വരുകയും ചെയ്യുന്നത് പ്രായോഗികമല്ല ,അത് കൊണ്ട് ചെറിയ പെരുന്നാള് വരെ ഞാനവിടെ നില്ക്കാം ഗിരിയേട്ടാ.., അത് വരെ ഗിരിയേട്ടനും എൻ്റെ വീട്ടിൽ വന്ന് നില്ക്ക്

ഹേയ് അത് ശരിയാവില്ല ,പത്ത് മുപ്പത് ദിവസമൊക്കെ അവിടെ വന്ന് ഞാൻ നിന്നാൽ ,ഇവിടെ അമ്മ ഒറ്റയ്ക്കാവില്ലെ? സാരമില്ല നിൻ്റെ ശീലങ്ങളൊന്നും തെറ്റിക്കണ്ടാ, ഉപ്പ വരുമ്പോൾ നീ കൂടെ പൊയ്ക്കൊ, ഞാനിടയ്ക്ക് വരാം ,നാല്പത്തിയൊന്ന് ദിവസം വ്രതം നോക്കിയ എനിക്ക്, ഈ മുപ്പത് ദിവസങ്ങൾ കൂടി കാത്തിരിക്കാൻ കഴിയും ,

ഷാഹിന വീട്ടിൽ പോയി രണ്ട് ദിവസം കഴിഞ്ഞപ്പോൾ, ഗിരിയുടെ വല്യമ്മാവൻ തറവാട്ടിലേക്ക് വന്നു

എവിടേ ശാരദേ…നിൻ്റെ മരുമോള്? ഞാൻ വന്നത് ആ കുട്ടി അറിഞ്ഞില്ലാന്നുണ്ടോ?

പെങ്ങളുടെ കൈയിൽ നിന്നും സംഭാരം വാങ്ങിക്കുടിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.

നോമ്പ് കാലായത് കൊണ്ട് ആ കുട്ടി സ്വന്തം വീട്ടിലേക്ക് പോയിരിക്കുവാ ,ഇനി ചെറിയ പെരുന്നാള് കഴിഞ്ഞേ വരു

ങ്ഹേ, എന്തസംബന്ധമാണ് ശാരദേ..നീ പറയുന്നത് , ഇപ്പഴും ആ കുട്ടി നോമ്പും നിസ്കാരവുമൊക്കെ ആയിട്ട് നടക്കുവാണോ ? ഇനി മുതൽ അവള് നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കനുസരിച്ചല്ലേ ജീവിക്കേണ്ടത്, നീയെന്താ അവളെ തടയാതിരുന്നത്? ഗിരി ആ സമയത്ത് ഇവിടെ ഇല്ലായിരുന്നോ?

ഞാനാണമ്മാവാ.. അവളോട് പൊയ്ക്കൊള്ളാൻ പറഞ്ഞത്, നാല്പത്തിയൊന്ന് ദിവസം ഞാൻ വ്രതമെടുത്തപ്പോഴും, മലയ്ക്ക് പോയപ്പോഴുമൊന്നും, അവളോ, അവളുടെ വീട്ടുകാരോ എതിർത്തതുമില്ല, അവരുടെ മതത്തിൽ ചേരണമെന്ന് എന്നോട് പറഞ്ഞതുമില്ല ,പക്ഷേ ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തയ്യാറെടുക്കുമ്പോൾ തന്നെ , ചില കാര്യങ്ങൾ തീരുമാനിച്ചുറപ്പിച്ചിരുന്നു , ഞങ്ങളിത് വരെ വിശ്വസിച്ച് പോന്നിരുന്ന മത വിശ്വാസങ്ങളിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരമല്ലാതെ, യാതൊരു കാരണവശാലും വ്യതിചലിക്കുകയില്ലെന്നും, അതിനായി പരസ്പരം സമ്മർദ്ദം ചെലുത്തുകയില്ലെന്നും, ഞങ്ങൾ സ്നേഹിച്ചത് സമുദായത്തിൽ ആളെ കൂട്ടാനല്ല, പ്രണയിച്ച് പോയ ഞങ്ങൾക്ക് പിരിയാൻ കഴിയാത്തത് കൊണ്ട് ഒന്നിച്ച് ജീവിക്കാൻ വേണ്ടി മാത്രമാണ്

എൻ്റെ നേരെ നില്ക്കാൻ ധൈര്യമില്ലാതിരുന്ന ചെക്കനാ, ഇപ്പോൾ എൻ്റെ നേർക്ക് വിരൽ ചൂണ്ടി സംസാരിക്കുന്നത് കലികാലം ,അല്ലാണ്ടെന്താ ഞാനിറങ്ങുവാ ശാരദേ … പറമ്പില് പണിക്കാര് നില്പുണ്ട്

ധൃതിയിൽ ഇറങ്ങി പോകുന്ന അമ്മാവനെ കണ്ട്, അമ്മയ്ക്കും മകനും ചിരിയടക്കാൻ കഴിഞ്ഞില്ല.