എന്ത് കൊണ്ടാണ് ഒരു സൗഹൃദം കപടമെന്നറിയുമ്പോൾ തളർന്നു പോകുന്നത്…

തിരിച്ചറിയുന്നത് നല്ലതാണ്…

Written by AMMU SANTHOSH

എന്ത് കൊണ്ടാണ് ഒരു സൗഹൃദം കപടമെന്നറിയുമ്പോൾ തളർന്നു പോകുന്നത്?

അവർ പറയുന്നതൊക്കെ നിഷ്കളങ്കതയുടെ, ആഴത്തിലുള്ള സ്നേഹത്തിന്റെ പ്രതിഫലനങ്ങൾ മാത്രം ആണെന്ന് എന്തിനാണ് വിശ്വസിക്കുന്നത്?

അവരിൽ മാത്രമാണ് ലോകമെന്നും അത് സത്യമാണെന്നും ഉറച്ചു വിശ്വസിക്കുന്നതെന്തിനാണ്?

നമ്മളോട് പ്രകടിപ്പിക്കുന്നതൊക്കെയും നമ്മളോട് മാത്രം പ്രകടിപ്പിക്കുന്ന ആത്മാർഥമായി സ്നേഹമാണെന്ന് കരുതുന്നതെന്തിനാണ്?

അവരുടയുമ്പോൾ, അവരകലുമ്പോൾ തകർന്നു പോകുന്നതെന്നു തോന്നുന്നതെന്തു കൊണ്ടാണ്?

നിന്നെക്കാൾ കൂടുതൽ നീയവരെ സ്നേഹിക്കുന്നത് കൊണ്ട്.

നിന്നേക്കാൾ കൂടുതൽ നീയവരെ വിശ്വസിക്കുന്നത് കൊണ്ട്.

നിന്റെ ലോകം അവരിൽ ഒതുക്കുന്നത് കൊണ്ട്.

നീ നിന്നെ സ്നേഹിക്കുക. അത് കഴിഞ്ഞു ബാക്കിയുള്ളവരെ സ്നേഹിക്കുക. നിന്നെക്കാൾ കൂടുതലായി ആരെയും വിശ്വസിക്കരുത്

ഏത് സമയത്തും മാറി പോകാവുന്ന ഒന്നുണ്ടെങ്കിൽ അത് മനുഷ്യമനസ്സാണ്. ചിലപ്പോൾ അത് അവരറിയാതെയാവാം. ചിലപ്പോൾ മനഃപൂർവം ആകാം. രണ്ടായാലും ബാധിക്കാതെയാവാൻ നിനക്ക് കഴിയണമെങ്കിൽ ഒരു ദൂരം വേണം.

നമ്മളിൽ നിന്ന് അപരനിലേക്ക് ഒരു ദൂരം വേണം. അങ്ങോട്ട് പോകുന്ന പോലെ തന്നെ തിരിച്ചു നടക്കാനുള്ള ദൂരം. ആ അകലം കാത്തു സൂക്ഷിക്കാൻ കഴിയുമെങ്കിൽ മറ്റൊന്നും നിങ്ങളെ ബാധിക്കില്ല.

അത് സ്നേഹിക്കുന്നവരുടെ അകൽച്ചയാവട്ടെ, ചതിയാവട്ടെ, വേർപാടാവട്ടെ..

ചെയ്യേണ്ടത് സിമ്പിൾ ആണ്.

മുഖപുസ്തകത്തിലും അല്ലാതെയും അവനവന്റെ ജീവിതത്തിലേക്ക് വരുന്ന എല്ലാവർക്കും ഒരു കടലിന്റെ മുഖമാണെന്ന് കരുതുക. നമ്മൾ തീരവും. അവർ തിരിച്ചു പോകുക തന്നെ ചെയ്യും. നമ്മൾ സ്ഥിരമായി അവിടെയുണ്ടാവുകയും ചെയ്യും.

ഉറപ്പുണ്ടാകട്ടെ മനസ്സുകൾക്ക്

സ്നേഹത്തോടെ അമ്മു സന്തോഷ്