കട്ടിലിൽ നിന്നെഴുന്നേറ്റു അടുക്കളയിലേയ്ക്ക് പോകുമ്പോഴും വാതിലിൽ ഒരു…

അടുക്കളക്കാരി

Story written by ROSILY JOSEPH

“ഒരു കഥ എഴുതണം ആരും കാണാത്ത ഒരു വലിയ എഴുത്തുകാരി ആവണം “

ഫോണിൽ കുത്തികൊണ്ടിരുന്ന ഭർത്താവ് ഇത് കേട്ട് പുച്ഛത്തോടെ അവളെ നോക്കി

“നീ എന്തൊക്കെയാടി ഈ പറയുന്നത്. എഴുത്തുകാരി ആവണം പോലും ആ മൊബൈലും പിടിച്ചു കൊണ്ടിരിക്കുന്ന നേരത്ത് അടുക്കളയിൽ പോയി വൈകിട്ടത്തേയ്ക്കുള്ള ചപ്പാത്തിയോ കറിയോ വല്ലതും ഉണ്ടാക്കാൻ ഉള്ളതിന്.. “

“എന്താ മധുവേട്ടാ ഇത്, ഇപ്പോഴല്ലേ നിങ്ങൾക്കും മക്കൾക്കും ചോറും വിളമ്പി തന്ന് അടുക്കളയും വൃത്തിയാക്കി ഇവിടെ വന്നു കിടന്നത്. ഇത്തിരി നേരം ഇതിന്മേൽ നോക്കി ഇരുന്നെന്ന് വെച്ച് നിങ്ങളുടെ കാര്യത്തിൽ ഇന്നേ വരെ ഞാനൊരു കുറവ് വരുത്തിയിട്ടുണ്ടോ..അടുക്കളയിൽ കിടന്ന് മടുത്തു എന്നിട്ടും ഒരു ശകലം നേരം പോലും ഇരിക്കാൻ സമ്മതിക്കാതെ.. എന്തോന്നിത്..? “

കട്ടിലിൽ നിന്നെഴുന്നേറ്റു അടുക്കളയിലേയ്ക്ക് പോകുമ്പോഴും വാതിലിൽ ഒരു കൊരണ്ടി പലക ഇട്ടിരിക്കുമ്പോഴും അവളുടെ ചിന്ത എന്തെഴുതാം എങ്ങനെ ഒരു കഥ എഴുതാം എന്ന് മാത്രമായിരുന്നു

“എന്താ ഇപ്പൊ എഴുതുക ഒന്നും മനസ്സിലേയ്ക്ക് വരുന്നില്ലല്ലോ.. “

“ഉം കുണുങ്ങി കുണുങ്ങി വരുന്നുണ്ട് അടുത്ത പണിയുമായി ..? ” ദൂരെ നിന്ന് ചക്കയും താങ്ങി പിടിച്ചുള്ള അമ്മായിയമ്മയുടെ വരവ് കണ്ട് അവൾ പറഞ്ഞു

“ഒരുപാട് നാളായില്ലേ ഇച്ചിരി ചക്ക വേവിച്ചു തിന്നിട്, സുമതിയുടെ വീട്ടിൽ ചെന്നപ്പോൾ ചക്ക ഇരിക്കുന്നു. ഞങ്ങൾ പണ്ടേ കൂട്ടുകാരല്ലേ അതുകൊണ്ട് ഞാൻ ചോദിക്കേണ്ട താമസം എടുത്തിങ് തന്ന് വിട്ടു. നീ ഇത് നല്ല തേങ്ങയും മഞ്ഞളും അരച്ചിട് വേവിച്ചു വയ്ക്ക് ഞാനൊന്ന് പോയി കിടക്കട്ടെ.. നല്ല മുട്ട് വേദന.. “

“അല്ലെങ്കിലും ഇല്ലാത്ത വയ്യാഴിക അഭിനയിച്ചു മുങ്ങാൻ പണ്ടേ മിടുക്കാ.. ഹും .. ” അവൾ പുച്ഛത്തോടെ മുഖം തിരിച്ചു

ഇനി എന്ത് ചെയ്യുമെന്ന അർത്ഥത്തിൽ താടിക്ക് കയ്യും കൊടുത്തു അവളും ഇരുന്നു

“അല്ലെങ്കിലും നമ്മുക്കിതൊക്കെയെ പറഞ്ഞിട്ടുള്ളു.. “

ഒടുവിൽ ഫോൺ താഴെ വെച്ച് അവൾ ചക്ക വെട്ട് തുടങ്ങി

(അടുക്കളയിൽ എരിഞ്ഞു തീരാൻ മാത്രം ഉള്ളതല്ല പെൺകുട്ടികളുടെ ജീവിതം. അവൾക്ക് അവളുടേതായ സ്വാതന്ത്ര്യവും സന്തോഷവും കൊടുക്കുക…ഇല്ലെങ്കിൽ കാലം ചെല്ലും തോറും ഒരു മനോരോഗി മാത്രം ആകും അവൾ )