കല്യാണത്തിന് മുൻപ് താൻ എന്നോട് ആവശ്യപ്പെട്ടത് മറന്നോ…പി. ജി.. ചെയ്യണം കൂടെ ജോലിക്ക് വേണ്ടിയും പഠിക്കണം ഇതല്ലേ….

വിദ്യാധനം….

Story written by VijayKumar Unnikrishnan

കാത്തൂ… താൻ എന്താടോ മുഖം വീർപ്പിച്ചു ഇരിയ്ക്കുന്നത്.. എന്റെ വീടും വീട്ടുകാരെയും ഇഷ്ടമായില്ലേ….

ഏയ്‌ അതൊന്നുമല്ല ഏട്ടാ കാര്യം….

പിന്നെന്താ കാര്യം തന്റെ വീട്ടുകാരെ പിരിഞ്ഞതിലുള്ള സങ്കടമാണോ…..

അങ്ങനെയൊരു ചിന്ത വേണ്ടാ. തനിക്ക് എപ്പോൾ വേണമെങ്കിലും വീട്ടിൽ പോകാം രണ്ടോ മൂന്നോ ദിവസം അവിടെ താമസിയ്‌ക്കാം…..

അതിൽ കൂടുതൽ പറ്റില്ല..അത് തന്നോടുള്ള ഇഷ്ടം കൂടുതൽ കൊണ്ടാണ്.. അധികം ദിവസം എനിക്ക് ഇയാളെ പിരിഞ്ഞിരിക്കാൻ പറ്റില്ല……

എനിക്കറിയാം ഏട്ടന് എന്നോടുള്ള സ്നേഹം…… അതെന്റെ ഭാഗ്യമാണ്…

പിന്നെന്താണ് തന്റെ മുഖം വാടാൻ കാരണം…….?

അത് ഞാൻ പറഞ്ഞാൽ ഏട്ടന് ദേഷ്യമാവും……..

ആദ്യം കാര്യം കേൾക്കട്ടെ..എന്നിട്ട് പറയാം…

ഞാൻ ഇനി പഠിക്കാൻ പോകുന്നില്ല . ഇപ്പോൾ ഒരു ഡിഗ്രി കൈയ്യിലുണ്ടല്ലോ അതൊക്കെ ധാരാളം മതി………

കല്യാണത്തിന് മുൻപ് താൻ എന്നോട് ആവശ്യപ്പെട്ടത് മറന്നോ… പി. ജി.. ചെയ്യണം കൂടെ ജോലിക്ക് വേണ്ടിയും പഠിക്കണം ഇതല്ലേ….

അതേ സത്യമാണ് അങ്ങനെ ഒരാഗ്രഹം എനിക്കുണ്ടായിരുന്നു….

പിന്നെന്താ പെട്ടെന്ന് ആ തീരുമാനം മാറ്റാൻ കാരണം…

ഒന്നുമില്ല ഏട്ടാ ഡിഗ്രി ഉണ്ടല്ലോ. അത് വെച്ചും ജോലി കിട്ടുമല്ലോ…… അത് മതി…

അത് പോരാ. ഇപ്പോൾ താൻ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ വേറെ എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്… കാര്യം പറ…

അത് ഞാൻ തുടർന്ന് പഠിക്കാൻ പോകുന്ന കാര്യം ഇവിടെ അമ്മയോടും മറ്റും പറഞ്ഞു………

അവരെല്ലാം എന്നെ ഒരുപാട് ശകാരിച്ചു.. സ്ത്രീധനത്തിന്റെ പേരും പറഞ്ഞു കുത്തു വാക്കുകൾ പറഞ്ഞു..

സ്ത്രീധനമായി ഒന്നും തരാൻ പറ്റിയില്ലല്ലോ.. പിന്നെ അതിന്റെ കൂടെ കൂടുതൽ പണം അവനെ കൊണ്ടു ചിലവാക്കിക്കാൻ പോകുന്നോ എന്ന് ചോദിച്ചായിരുന്നു ശകാരം…

അത് കൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു ഞാൻ ഇനി പഠിക്കാൻ പോകുന്നില്ല…..

അപ്പോൾ അതാണ് കാര്യം അല്ലേ… ഞാൻ ഒന്ന് ചോദിയ്ക്കട്ടെ തന്റെ എല്ലാ കാര്യത്തിൽ ഉത്തരവാദിത്വം എനിക്കല്ലേ.. അപ്പോൾ ഞാനല്ലേ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത്……..

അത് കൊണ്ടു തന്നെ ഞാൻ പറയുന്നു.. താൻ തുടർന്ന് പഠിക്കാൻ പോകും.. ഒപ്പം ജോലിക്ക് വേണ്ടിയും പഠിക്കും…..തന്ന വാക്കു മാറ്റിപറയുന്നവൻ ആണല്ല..

ഞാൻ തന്റെ ഭർത്താവ് ആണ് എനിക്ക് ഒറ്റതീരുമാനം ഉള്ളൂ… താൻ തുടർന്നും പഠിക്കാൻ പോകും പഠിച്ചു ജോലിയും വാങ്ങും….. അതല്ലേ എനിക്ക് നൽകാൻ കഴിയുന്ന യഥാർത്ഥ സ്ത്രീധനം.. അത് മാത്രം മതി ….

പൊന്നും പണവും ആഗ്രഹിച്ചല്ല ഞാൻ തന്നെ കെട്ടിയതു… എന്റെ പെങ്ങളുടെ കല്യാണം നടത്താൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു…

അവൾക്ക് ഞാൻ നല്ല വിദ്യാഭ്യാസം നേടിക്കൊടുത്തു… അവളെ കെട്ടിയ പയ്യനും ഒന്ന് മാത്രമേ നോക്കിയുള്ളൂ അവളുടെ വിദ്യാഭ്യാസം …

തനിക്കറിയാമോ. വീട്ടിലെ കഷ്ടപ്പാട് കാരണം ഡിഗ്രി പഠനം പകുതിയിൽ ഉപേക്ഷിച്ചു പെയിന്റിംഗ് പണിക്ക് പോയിട്ടുണ്ട് ഞാൻ… അത് കഴിഞ്ഞു രാത്രിയിൽ വന്നു ഉറക്കം കളഞ്ഞു പഠിച്ചാണ് ഗവണ്മെന്റ് ജോലി വാങ്ങിയത് …..

അത് കൊണ്ടു വിദ്യാഭ്യാസത്തിന്റെ വില എനിക്ക് നന്നായി അറിയാം….

എന്റെ പെങ്ങളെ കെട്ടിയ പയ്യൻ അവളോട് കാണിച്ച നീതി എനിക്ക് തന്നോടും കാണിക്കണം.. അല്ലെങ്കിൽ ഞാൻ നല്ലൊരു ഭർത്താവ് ആകില്ല …

താൻ അടുക്കളയിൽ കയറേണ്ട എന്നൊന്നും ഞാൻ പറയില്ല എല്ലാം ചെയ്യണം പക്ഷേ അതിനോടൊപ്പം പഠനം തുടരണം……

ദാ അഡ്മിഷൻ ലെറ്റർ നാളെ തന്നെ അടുത്തുള്ള കോളേജിൽ മോർണിംഗ് ബാച്ചിൽ പി. ജി അഡ്മിഷൻ റെഡിയാക്കിയിട്ടുണ്ട് .,…….

അത് കഴിഞ്ഞാൽ ഉച്ചയ്ക്ക് ആ കോളേജിന്റെ തൊട്ടടുത്ത ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിക്ക് ഉള്ള പരിശീലന ക്ലാസ്സുമുണ്ട്.. അതും റെഡിയാക്കിയിട്ടുണ്ട്….. നാളെ തന്നെ പോകാൻ തയ്യാറല്ലേ…

അതേ ഏട്ടാ…..

എന്നാൽ ഇനിയെന്റെ പ്രിയതമ മുഖം തുടച്ചിട്ട്..പോയി ഒരു ചായ ഇട്ടോണ്ട് വാ…വേഗം…

നിറഞ്ഞ പുഞ്ചിരിയുമായി അവൾ അകത്തേയ്ക്ക് നടന്നു പോകുന്നത് കാണുമ്പോൾ മനസ്സിലെന്തോ ഒരു സംതൃപ്തി തോന്നിയിരുന്നു……

ഞാൻ അവൾക്ക് നേടി കൊടുക്കുന്ന വിദ്യാധനം അത് തന്നെയാണ് എനിക്കുള്ള വിലപ്പെട്ട സ്ത്രീധനം……..