ഞാൻ വിളിക്കുമ്പോഴൊക്കെ അവൾ ഒഴിഞ്ഞുമാറിയത് എന്തിനായിരുന്നെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്…

പത്മിനി

Story written by PRAVEEN CHANDRAN

ഏഴാം ക്ലാസ്സില് പഠിക്കുമ്പോഴാണ് ആ ചിമിട്ടിനെ ഞാനാദ്യാമായി കാണുന്നത്…ദോഷം പറയരുതല്ലോ അന്നേ ഈ ക്ടാവിന് നല്ല മുടി ഉണ്ടാടന്നു…ആ മുടിഞ്ഞ മുടി ആണ് എന്നെ അവളിലേക്കാകർഷിച്ചതും…

അന്ന് തുടങ്ങീതാണ് എനിക്ക് അവളോടുള്ള പ്രണയം… അസ്ഥിക്ക് പിടിച്ച നല്ല കട്ട പ്രണയം..

അവളെ ആകർഷിക്കാൻ പഠിച്ച പണി പതിനെട്ടും ഞാൻ നോക്കിയെങ്കിലും അതൊന്നും അവൾക്കേശിയത് പോലുമില്ല…

എന്റെ പ്രണയം തുറന്ന് പറയാൻ ഒരവസരം നോക്കി നടന്ന് നടന്ന് കാലിലെ ചെരുപ്പ് തേഞ്ഞതല്ലാതെ ഒരു പ്രയോജനവുമില്ലായിരുന്നു.

അവസാനം ഏഴാം ക്ലാസ്സ് കൊല്ല പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ച് ഞാനവളോട് എന്റെ പ്രണയം അങ്ങട് തുറന്ന് പറഞ്ഞു..

അതിന് മറുപടിയായി അവൾ എന്നെ ഒന്ന് നോക്കിയല്ലാതെ ഒരക്ഷരം മിണ്ടിയില്ല..

അത് കണ്ടപ്പോ മ്മക്കും ആകെ ഒരുഷാറില്ലാണ്ടാ യി… ഇനിപ്പോ അവൾക്കാ ഇഷ്ടല്ല്യാച്ചാ ആ മോഹം അങ്ങ്ട് പറച്ച് കളഞ്ഞോ ഉണ്യേന്ന് മ്മടെ ഗഡികളൊക്കെ അങ്ങട് കളിയാക്കാനും തുടങ്ങി…

” ഒരു ജാതി ഫീലിംഗ്സാടന്നു” ഇഷ്ടാ ആ സമയത്ത്..

കിടന്നാലൊട്ടു ഉറക്കവും വരണില്ല ഒന്നിലും ശ്രദ്ധിക്കാനും പറ്റണില്ല.. എവിടെ നോക്കിയാലും അവളുടെ മുഖം മാത്രായിരുന്നു…

അങ്ങനെ ഇടക്കൊക്കെ വട്ട് പിടിക്കുമ്പോൾ സൈക്കിളെടുത്ത് ഞാനൊന്ന് കറങ്ങാനിറങ്ങും അവളുടെ വീടിനടുത്തേക്ക്..

മുറ്റത്ത് കുട്ട്യോൾടെ കൂടെ കിളിമാസ്സ് കളിച്ചു കൊണ്ടിരിക്കുന്ന അവളെ ഞാൻ പലവട്ടം കണ്ടെങ്കിലും ഇടക്ക് ഇടക്കണ്ണിട്ട് നോക്കുന്നതല്ലാ തെ ഒന്ന് ചിരിക്കുന്നുപോലുമുണ്ടായിരുന്നില്ല ആ മൊതല്…

“അയ്…എന്തൂട്ട് സാധനാ ഇവള്” ഒരു സുന്ദര കുട്ടപ്പൻ ഇങ്ങനെ കറങ്ങി നടന്നിട്ട് ഒന്ന് ചിരിച്ചുടെ ഇവൾക്ക്…

അവള് അങ്ങനെ നോക്കാണ്ടായപ്പോ എന്റെ പ്രതീക്ഷയും അസ്ഥമിച്ചിരുന്നു..

അങ്ങനെ അച്ഛന്റെ വർഷാപ്പില് ഈച്ചേനെ ആട്ടി ഇരിക്കുമ്പോഴാണ് അവളുടെ കസിൻ പയ്യൻ ചേച്ചി തന്നതാണെന്ന് പറഞ്ഞ് ഒരു തുണ്ട് കടലാസ്സ് കഷ്ണം എനിക്ക് തന്നത്..

എന്താവും അതിലെന്ന് അറിയാനുള്ള ആകാംക്ഷ യിലായിരുന്നു ഞാനത് തുറന്നതും…

“ഐ ലൗവ് യൂ”.. അതായിരുന്നു ആ കടലാസ്സ് തുണ്ടിൽ അവളെനിയ്ക്കായ് കുറിച്ചിരുന്നത്..

അത് വായിച്ചതും എനിക്കുണ്ടായ ആ സന്തോഷം ണ്ടല്ലോ…

“ജ്ജാതി രോമാഞ്ചം” ഷ്ടാ….

പിന്നെ അങ്ങട് ഒരു സ്വപ്നലോകത്തായിരുന്നു ഞാൻ… സ്കൂൾ വരാന്തകളിൽ…ക്ലാസ്സ് റുമിലെ ബഞ്ചിൽ.. മൈതാനത്തെ ചവിട്ടുപടികളിൽ.. അങ്ങനെ അങ്ങനെ ഓരോ മുക്കിലും മൂലയിലുമായി ഞങ്ങൾ ഞങ്ങളുടെ പ്രണയം അടയാളപെടുത്തിക്കൊണ്ടിരുന്നു..

“അഖിൽ ലൗ ഗൗരി”

അങ്ങനെ ഓരോ നിമിഷവും ഞങ്ങളുടെ പ്രണയം വളർന്ന് കൊണ്ടിരുന്നു…

അത് വളർന്ന് വളർന്ന് എ.എസ്.എൽ.സിയും പ്ലസ്ടൂവും പാസ്സായി ഡിഗ്രിക്ക് തോറ്റു…

പ്രണയല്ലാട്ടോ ഞാൻ… പ്രണയം അപ്പോഴും പടർന്ന് പന്തലിച്ചു തന്നെ നിന്നു…

ഞങ്ങൾ സ്വപ്നം കണ്ട ഫ്യൂച്ചർ പ്ലാനായ എം.ബി.എ പഠനം അതോടെ തീർന്നു…

ഡിഗ്രിക്ക് തോറ്റതോടെ എന്നെ അച്ഛൻ വർഷാപ്പില് കൂട്ടിനായി നിർത്തി… പരീക്ഷ തോറ്റതല്ലേ എഴുതി എടുക്കണവരെ ഒരു നേരം പോക്കാകുമല്ലോ എന്ന് പറഞ്ഞാണ് മൂപ്പര് എന്നെ കുടുക്കിയത്..

അത് ഒന്നന്നര കുടുക്കായിരുന്നു..അത് ഞങ്ങടെ പ്രണയത്തിൽ ഒരു ടേർണിംഗ് പോയന്റുമായി…

ഈ ടേർണിംഗ് പോയന്റ് പലവിധത്തിലുണ്ട്ട്ടാ..

ചിലപ്പോ അത് ഒരു വഴിത്തിരിവും അല്ലേല് അത് വഴിവെട്ടിയും ആകും…

മ്മടെ കാര്യത്തില് ആ രണ്ടാമത്തെ സംഭവാ ണ്ടായത്…

അവള് ഡിഗ്രിയും പാസ്സായി എം.ബി.എയും എടുത്ത് ബാംഗ്ലൂർക്കും പോയി നല്ല ജോലിയും നേടി…

മ്മള് അപ്പോഴും അച്ഛന്റെ വർക്ഷോപ്പിൽ തന്നെ ആയിരുന്നു… അവിടന്ന് ഒരു മോചനം എനിക്ക് കിട്ടാനായി ഡിഗ്രി പാസ്സാവണമായിരുന്നു…

കഷ്ട കാലത്തിന് അതുണ്ടായതുമില്ല… ശിഷ്ട കാലം അവിടെ കഴിച്ചുകൂട്ടനായിരിക്കും എന്റെ വിധി എന്ന് ഞാനുറപ്പിച്ചു…

നല്ല കളർഫുള്ളായി പോയിക്കൊണ്ടിരുന്ന മ്മടെ ജീവിതം എന്ത് പെട്ടന്നാ ഡാർക്ക് സീനായത്…

പിന്നെ പിന്നെ ഞാനതിനോട് അങ്ങ് യോചിച്ചു…

പക്ഷെ അവൾക്ക് ആദ്യം മുതലേ ഞാൻ വർക്ക് ഷോപ്പിൽ പൊകുന്നത് ഇഷ്ടമല്ലായിരുന്നു… പലപ്പോഴും അവൾ അത് പറഞ്ഞിട്ടുമുണ്ട്…

അപ്പോഴൊക്കെ അതീന്ന് ഊരാൻ ഞാൻ ശ്രമിച്ചെങ്കിലും അച്ഛന് അറ്റാക്ക് വന്നതോടെ കുടുംബം നോക്കേണ്ട ബാദ്ധ്യത എനിക്ക് വന്നു ചേരുകയായിരുന്നു…

നല്ല പണിയുള്ള വർക്ക്ഷോപ്പ് ആയിരുന്നത് കൊണ്ട് എനിക്ക് മറ്റൊന്നും ആലോചി ക്കേണ്ടിയും വന്നില്ല…

അവളെകാണാനായുള്ള കൊതി കാരണം തിരക്കിനിടയിലും ഇടയ്ക്കൊക്കെ ഞാൻ ബാംഗ്ലൂരിലേക്ക് ബൈക്കുമെടുത്ത് പോകുമായിരുന്നു…

അവൾക്ക് അവിടെ പൈസയ്ക്ക് ആവശ്യം വരുമ്പോഴൊക്കെ സഹായിച്ചിരുന്നത് ഞാനായിരുന്നു…

അങ്ങനെ മാസങ്ങൾ കടന്നു പോയപ്പോയ് ക്കൊണ്ടിരുന്നു… കുറച്ച് പൈസ ഒക്കെ കയ്യിൽ വന്നപ്പോൾ ഞാൻ ഞങ്ങളുടെ പ്രണയത്തെക്കു റിച്ച് വീട്ടിൽ അവതരിപ്പിച്ചു…

വീട്ടുകാർക്ക് സമ്മതം ആയതോടെ ഞാനവരേയും കൊണ്ട് അവളുടെ വീട്ടുകാരെ കാണാനായി പോയി…

അവൾക്ക് അതൊരു സർപ്രൈസ് ആയിക്കോട്ടേ ന്ന് ഞാനും കരുതി…

പക്ഷെ അവളുടെ അച്ഛൻ പറഞ്ഞത് കേട്ട് എന്റെ ഹൃദയം തകർന്ന് പോയി….

കഴിഞ്ഞ ഒരുമാസമായി ഞാൻ വിളിക്കുമ്പോഴൊക്കെ അവൾ ഒഴിഞ്ഞുമാറിയത് എന്തിനായിരു ന്നെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്…

അതെ ആ പിശാശ് എന്നെ നൈസായിട്ടങ്ങട് തേച്ചൊട്ടിച്ചു…

അവളുടെ കൂടെ വർക്ക് ചെയ്യുന്ന ഒരാളുമായി അവൾ പ്രണയത്തിലായെന്നും അവന്റെ വീട്ടുകാർ ഇവിടെ വന്ന് കല്ല്യാണമുറപ്പിച്ചെന്നുമാ യിരുന്നു അവളുടെ അച്ഛൻ പറഞ്ഞത്…

എനിക്ക് അത് വിശ്വസിക്കാനാവാത്തത് കൊണ്ട് തന്നെയാണ് അവളെ ഞാൻ വിളിച്ചതും…

ഒന്നേ എനിക്കറിയേണ്ടതുണ്ടായിരുന്നുള്ളൂ ഞാനറിഞ്ഞത് സത്യമാണോ അല്ലയോ എന്ന്…

“സത്യമാണ്” എന്ന് അവളുടെ വായിൽ നിന്ന് കേട്ടതും ഞാൻ ഫോൺ കട്ട് ചെയ്ത് വലിച്ചെറിഞ്ഞതും ഒരുമിച്ചായിരുന്നു…

ചങ്ക് പറിച്ചെറിയണപോലെയാണ് എനിക്ക് തോന്നിയത്… എങ്കിലും തളരില്ല എന്ന് ഞാൻ തീരുമാനിച്ചു.. തളർന്നാ ജയിക്കുന്നത് അവളാണ്..

നേരെ ഞാൻ പോയത് വർക്ക്ഷോപ്പിലേക്കായി രുന്നു…

അവൾ തേച്ചതിന്റെ വിഷമം മാറാനായി ഞാൻ ഒറ്റ നിൽപ്പില് രണ്ട് എഞ്ചിൻ പണി അങ്ങട് നടത്തി..

അതും പോരാഞ്ഞ് ഡിവൈഡറിൽ ഇടിച്ച് തവിടു പൊടിയായ ഒരു വണ്ടിയും മിനുക്കി എടുത്തു..

“അല്ല പിന്നെ…. പോകാൻ പറടാ അവളോട്” ഞാൻ തന്നെ എന്റെ മനസ്സിനോട് പറഞ്ഞു…

പിന്നീടാ എനിക്ക് മനസ്സിലായത് ഞാൻ രണ്ട് ദിവസായിട്ട് മരണ പണിയാണെന്ന്…

ആ ഒരു ഫീലിൽ ചുറ്റും നടക്കുന്നതൊന്നും ഞാനറിയുന്നു പോലുമില്ലായിരുന്നു…ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു..

പറഞ്ഞ സമയത്തിന് മുന്നേ വർക്ക്ഷോപ്പീന്ന് വണ്ടിയിറക്കാൻ പറ്റുക എന്ന് പറഞ്ഞാ അത് ലോകാത്ഭുതങ്ങളിൽ ഒന്നായത് കൊണ്ട് വണ്ടി ഏൽപ്പിച്ച ഓണർമാർ എന്നെ നെഞ്ചോട് ചേർത്തു വച്ചു…

അന്ന് മുതൽ എനിക്ക് വർക്ക് കൂടിക്കൊണ്ടി രുന്നു… ഓരോ വണ്ടി പണിയുമ്പോഴും മ്മടെ നെഞ്ചില് കനലെരിയുന്നുണ്ടായിരുന്നു…

അങ്ങനെ കാലം കടന്നുപോയ്ക്കൊണ്ടിരുന്നു…

അത്യാവശ്യം നല്ല രീതിയിൽ പോണ നാല് വർക്ക്ഷോപ്പുകളുണ്ട് എനിക്കിപ്പോൾ… നാല്പതോളം പണിക്കാരും..

പക്ഷെ ഞാനിപ്പോഴും പണിത് കൊണ്ടേ ഇരിക്കുന്നു.. കാരണം എന്താന്നറിയോ ഒരോ വണ്ടിയും പണിയുമ്പോഴും ഞാനാലോചിക്കും വണ്ടിക്ക് എന്ത് പറ്റിയാലും എവിടെ പാളിയാലും റിപ്പയർ ചെയ്ത് എടുക്കാം പക്ഷെ മനുഷ്യരുടെ മനസ്സിനെ അങ്ങനെ പറ്റില്ലല്ലോ?

ഈ വണ്ടികൾക്കും ഉണ്ടെന്നേ ഒരു മനസ്സ്… അവർക്കും ഉണ്ടാവും ലവ്വൊക്കെ…

ഒരു വണ്ടി റിപ്പയർ ചെയ്ത് കഴിയുമ്പോ അത് എന്നെ നോക്കി ചിരിക്കണപോലെ എനിക്ക് തോന്നും…

അതിന് റോഡിലിറങ്ങി അതിന്റെ ലവ്വറെ കാണാൻ തിരക്കായിട്ടാവില്ലേ അത്… ?

അങ്ങനെയാണ് അവൾ എന്റെ ജീവിതത്തിലേക്ക് വന്നത്…

” പത്മിനി… എന്റെ പപ്പികുട്ടി…”

ആരോരുമില്ലാതെ ഉപേക്ഷിക്കപെട്ടവളാണ് അവൾ… എന്റെ കയ്യിൽ വരുമ്പോൾ സൗന്ദര്യ മെല്ലാം നശിച്ച്, അസുഖം ബാധിച്ച് തകരാറിലായ അവയവങ്ങളുമായി പ്രതീക്ഷകളസ്ഥമിച്ച ഒരു പെണ്ണായിരുന്നു അവൾ…

ഞാനായിരുന്നു അവൾക്ക് ജീവൻ നൽകിയത്.. നഷ്ടപെട്ട അവളുടെ സൗന്ദര്യം ഞാൻ വീണ്ടെടുത്തു… അവളുടെ കേടുപാടുള്ള അവയവങ്ങൾക്കൊക്കെ ജീവൻ കൊടുത്തു.. ഒരാഴ്ച്ചയ്ക്കുള്ളിൽ ആരും കൊതിക്കുന്ന സുന്ദരിയായി ഞാനവളെ പുറത്തെടുത്തു…

ഇപ്പോൾ അവളാണ് എന്റെ എല്ലാം…

“പ്രീമിയർ പത്മിനി” എന്റെ പ്രിയ സന്തത സഹചാരി…

കീ കൊടുത്ത് സ്റ്റാർട്ട് ചെയ്യുമ്പോൾ ഇക്കിളി പുണ്ടവൾ ചിരിക്കുന്ന പോലെ തോന്നും..ഗിയർ മാറുമ്പോൾ അവളുടെ കൈകളിൽ പിടിക്കുന്നത് പോലെയാ ണെനിക്ക്… ആക്സിലേറ്റർ കൊടുക്കുന്നതോടെ അവളെന്റെ ഒപ്പം കൂടുകയായി…ഹോണിൽ വിരലുകളമരുമ്പോൾ അവൾ നാണം കൊണ്ട് ചുവക്കും… സീറ്റ് ബെൽറ്റ് ഇടുമ്പോൾ അവളെന്നെ പുറകിൽ നിന്ന് വട്ടം പിടിക്കുന്നപോലെയാണെനിക്ക് അനുഭവപെടുന്നത്… ഒരു ആക്സിഡന്റിനും വിട്ടുകൊടുക്കാതെ എന്നെ പൊന്നു പോലെ നോക്കുന്നുണ്ടവൾ…

ഇവന് വട്ടായോന്ന് ഇപ്പോ നിങ്ങള് ചിന്തിക്കുന്നു ണ്ടാവും…

പ്രണയംന്ന് പറഞ്ഞാ ഒരു തരം വട്ടെന്ന്യാന്നേ… അത് എന്തിനോട് എപ്പോൾ വേണേലും തോന്നാന്നെ..

മ്മടെ ഗഡികള് ചോദിക്കാണ്

“നിനക്ക് ഭ്രാന്ത്ണ്ടടാ ശവീ… അവള് തേച്ചാ വേറൊന്ന് നിന്നെ തേടി വരില്ലേ എന്ന്… “

അങ്ങനെ പ്പോ വരണ്ടാന്ന്… അങ്ങനെ വന്നതിനെ ഞാൻ സ്വീകരിച്ചാൽ പിന്നെ എന്റെ പ്രണയവും അവളുടെ പ്രണയവും തമ്മിലെന്താ വ്യത്യാസം..?

എന്റെ പ്രണയം സത്യമായിരുന്നു… ജീവനുള്ള ഒരു പെണ്ണിനെ മാത്രമേ ഞാൻ പ്രണയിച്ചിട്ടുള്ളൂ… ഇനി ആ പ്രണയം എന്റെ പപ്പിക്കുട്ടിക്കുള്ളതാണ്…

നട്ടെല്ലുള്ള പ്രണയം അങ്ങനാണ്…