ഞാൻ ചേച്ചിയെയും സാറിനെയും മനസ്സിൽ ചേർത്ത് നിർത്തി. ചേച്ചിയുടെ അത്ര ഇല്ലെങ്കിലും സാറിനും ഒരു ഭംഗി തോന്നി..ഒരിഷ്ടവും….

Story written by Nitya Dilshe

സ്കൂൾ വിട്ടു ബസ്സിറങ്ങി നടന്നു വരുമ്പോൾ കണ്ടു ഞങ്ങൾ വിറ്റു പോയ പഴയ വീട്ടിൽ കണ്ണുചിമ്മുന്ന കുഞ്ഞു കുഞ്ഞു ലൈറ്റുകളുടെ അലങ്കാരങ്ങൾ …ഉള്ളിലൊരു വേദന തിങ്ങിവരുന്നതറിഞ്ഞു ..എന്റെ സ്വപ്നങ്ങളിലൊന്ന് ..

ഞാൻ ഏറ്റവും കൂടുതൽ കാണുന്ന സ്വപ്നങ്ങളിലെ ഇതുപോലെ ലൈറ്റുകളാൽ അലങ്കരിച്ച കല്യാണവീട് ..ചുവന്ന പട്ടുസാരിയിൽ സുന്ദരിയായ എന്റെ ചേച്ചി ..സദ്യക്ക് പാലട പ്രഥമൻ ..തിരക്കുകൾക്കിടയിൽ പാറിപ്പറക്കുന്ന ഞാൻ ..ഉള്ളിലെ നോവിനെ അടിച്ചമർത്തി ധൃതിയിൽ നടന്നു …

വീട്ടിൽ ചെന്ന് കയറിയപ്പോഴേ നെയ്യിൽ മൂക്കുന്ന ഉണ്ണിയപ്പത്തിന്റെ മണം .. ബാഗ് മേശമേലിട്ടു അടുക്കളയിലേക്കോടി ..ഉമേച്ചി ഉണ്ണിയപ്പം ഉണ്ടാക്കുന്ന തിരക്കിലാണ് .. പിന്നിലൂടെ കൈയ്യെത്തിച്ചു ഒരുണ്ണിയപ്പം എടുത്തപ്പോഴേ കൈയ്യിൽ തട്ട് കിട്ടി ….

“”പോയി കുളിക്കെടി ..എന്നിട്ടു കൈയ്യിട്ടു വാരാം ..””

“”പിന്നെ വിശന്നു ചാവാൻ കിടക്കുമ്പോഴല്ലേ കുളി ..ഒന്ന് പോയെ … അല്ല ഇന്നെവിടുത്തെയാ ഓർഡർ ??””

“”നമ്മുടെ പഴയവീട്ടിലുള്ളവർടെ …അവിടത്തെ കുട്ടീടെ കല്യാണം ..””

പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല ..ഒന്ന് മൂളി തോർത്തുമെടുത്ത് കുളിക്കാൻ കയറി ..എന്നേക്കാൾ പതിനഞ്ച് വയസ്സിനു മൂത്തവൾ ..ഓര്മവെച്ച നാൾ തൊട്ടുള്ള കാത്തിരിപ്പാ .. അവൾടെ വിവാഹം ..

കുളികഴിഞ്ഞിറങ്ങി സന്ധ്യാനാമം ചൊല്ലി പഠിക്കാനിരുന്നപ്പോഴേക്കും ‘അമ്മ വന്നിരുന്നു ..അമ്മക്ക് അടുത്തുള്ള അമ്പലത്തിൽ കഴകമാണ് ..കൊണ്ടുവന്ന പാത്രത്തിലെ ഇല മാറ്റിനോക്കി .. കടുംപായസം ..

“”ഇന്നാരുടേയാ ??””

“”പുത്തൻ പറമ്പിലെ .. ആ കുട്ടീടെ വിവാഹം ശരിയായത്രേ ..”” ‘അമ്മ ഒന്ന് ദീർഘശ്വാസമെടുത്തു …

“”കാവിലെ നാഗത്താന്മാർക്കു പൂജകൊടുക്കാത്തതിന്റെ അനിഷ്ടങ്ങളാണ് ..വയസ്സ് 27ആയിട്ടും ഇവളിങ്ങനെ നിക്കണ്‌ കണ്ടില്ലേ ..ഉള്ള കിടപ്പാടം പോയി ഈ വാടകവീട്ടിൽ ..ആകെക്കൂടി ഉള്ളവൻ ദൂരെയെങ്ങാണ്ട് …” നാമം ചൊല്ലിക്കൊണ്ടിരുന്ന മുത്തശ്ശി അതും മുറുമുറുത്തു പ്രാഞ്ചി പ്രാഞ്ചി അകത്തേക്ക് നടന്നു ..

കൊണ്ടുവന്ന പായസത്തിൽ നിന്നും കുറച്ചെടുത്ത് കഴിച്ചു .. ചേച്ചിടെ വായിലേക്ക് കൊണ്ടുചെന്നപ്പോൾ പറഞ്ഞു ..

“” വേണ്ടെടി .. തിങ്കളാഴ്ചവ്രതമാണ് ..”

വീണ്ടും ഉള്ളു വേദനിച്ചു .. പിന്നെ കഴിക്കാൻ തോന്നിയില്ല ..

അത്താഴത്തിനിരിക്കുമ്പോഴാണ് അമ്മയോട് അച്ഛന്റെ പണം വന്നോ എന്നന്വേഷിച്ചത് ..ഇല്ലെന്നു പറയുമ്പോൾ അമ്മയുടെ മുഖം വാടിയിരുന്നു..ഫാക്ടറിയിൽ സമരമാണത്രേ ….ഇന്നും സ്കൂളിൽ ഫീസ് കൊടുക്കാത്തവരുടെ കൂട്ടത്തിൽ ഞാൻ മാത്രേ ഉണ്ടായിരുന്നുള്ളു ..ആരെങ്കിലും കൂട്ടുണ്ടെങ്കിൽ ഒരാശ്വാസമാണ് ..

“” കുറച്ചു കുട്ടികൾ പാട്ടുപഠിച്ചതിന്റെ ഫീസ് കിട്ടാനുണ്ട് ..അത് ചോദിക്കാം .. കിട്ടിയാൽ ഞാൻ നാളെ സ്കൂളിൽ വരാം ..”” എന്റെ വാടിയ മുഖം കണ്ട ചേച്ചി ആശ്വസിപ്പിച്ചു ..

എനിക്കത് വലിയ പ്രതീക്ഷയില്ലായിരുന്നു .. ഞങ്ങളെക്കാൾ ദാരിദ്യം ഉള്ളവരാ പഠിക്കാൻ വരണത് ..ചേച്ചിയോടത് പറഞ്ഞാൽ പറയും ആഗ്രഹമല്ലെടി, പഠിച്ചിട്ടു പോട്ടെ പാവങ്ങൾ ന്ന് ..

പിറ്റേന്ന് മൂന്നാത്തെ പീരിയഡ് തൊട്ടു പുറത്തേക്കു നോക്കിയിരിപ്പായി .. ആ പ്യൂൺ വന്നു പേര് വിളിക്കിന്നേന് മുന്നേ ചേച്ചി വരണേ എന്ന പ്രാർത്ഥനയോടെ ..

സയൻസ് പീരിയഡിന്റെ സമയത്തായിരുന്നു ചേച്ചി വന്നത് ..മനസ്സിലൊരു തണുപ്പ് വീണു ..

സ്കൂൾ വിട്ടിറങ്ങുമ്പോൾ സയൻസ് സാർ വിളിച്ചു ..

“”ഉമേടെ ആരാണ് ??”” ഞാൻ അമ്പരപ്പോടെ സാറിനെ നോക്കി ..

“”ചേച്ചിയെ അറിയോ ??””

“”മ് ഉം ..ഒരേ കോളേജിലായിരുന്നു .. നന്നായി പാടില്ലേ ??””ഉവ്വെന്നു തലയാട്ടി ..

“”വിവാഹം കഴിഞ്ഞില്ലേ ഉമേടെ ??”” കേട്ടപ്പോൾ വീണ്ടും വിഷമം വന്നു..വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു …

വീട്ടിൽ വന്നു ചേച്ചിയോട് പറഞ്ഞപ്പോൾ അവൾക്കങ്ങനെ ഒരാളെ ഓർമപോലുമില്ല ..

ഒരാഴ്ച കഴിഞ്ഞുകാണും ‘അമ്മ പറഞ്ഞു .. “”ചേച്ചിക്കൊരന്വേഷണം …നിന്റെ സ്കൂളിലെ സയൻസ് സാർ ആണ് ..”” ഞാൻ അത്ഭുതത്തോടെ ചേച്ചിയെ നോക്കി … ഒരുപാട് വേഷംകെട്ടലുകൾക്കു നിന്നതു കൊണ്ടാവാം അവിടെ നിർവികാരതയാണ് .

ഞാൻ ചേച്ചിയെയും സാറിനെയും മനസ്സിൽ ചേർത്ത് നിർത്തി .. ചേച്ചിയുടെ അത്ര ഇല്ലെങ്കിലും സാറിനും ഒരു ഭംഗി തോന്നി ..ഒരിഷ്ടവും…..

പിറ്റേ ആഴ്ച അവർ കാണാൻ വന്നു ..എന്നെ പഠിപ്പിക്കുന്ന സാർ എന്ന ഗമ എനിക്കുണ്ടായിരുന്നു…

ജാതകം നോക്കേണ്ടെന്നു സാർ പറഞ്ഞെങ്കിലും വന്നതിലൊരാൾ നോക്കണമെന്ന് പറഞ്ഞു ജാതകം വാങ്ങി .. സന്തോഷങ്ങൾക്കുമേലെ ഇരുൾ വന്നു വീഴുന്നതുപോലെ തോന്നി …

രണ്ടുദിവസം കഴിഞ്ഞപ്പോൾ കേട്ടു അവർ അത് വേണ്ടെന്നു വച്ചെന്ന് ..ജാതകത്തിൽ ദോഷം ..ജനിച്ച മതത്തോടും ജാതിയോടും വരെ ദേഷ്യം തോന്നി ..

“”എന്തിനാ ചേച്ചി ഇനിയുമിങ്ങനെ വ്രതങ്ങളെടുത്തു കൂട്ടുന്നത് ?? “”

ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല .. ചേച്ചിയുടെ മുഖത്തൊരു പുഞ്ചിരിയായിരുന്നു ..

“”അമ്മയെയും മുത്തശ്ശിയുടെയും സമാധാനത്തിന് ..””

സാറിനോടും അമർഷം തോന്നി .. സാറും എന്നെ നോക്കാൻ വിഷമിക്കുന്നപോലെ …

ഒരുദിവസം അമ്മ പറഞ്ഞു ചേച്ചിക്ക് വീണ്ടുമൊരാലോചന …അമ്മയുടെ മുഖത്ത് പതിവ് സന്തോഷമുണ്ടായിരുന്നില്ല അത് പറഞ്ഞപ്പോൾ ..ചോദ്യഭാവത്തിൽ മുഖമുയർത്തി നോക്കി ..

“രണ്ടാം കെട്ടാണ് ..”

ചേച്ചിയുടെ മുഖത്തേക്ക് നോക്കി .. അവിടെ പതിവ് ഭാവം തന്നെ ..

“”ആദ്യഭാര്യ ആരുടെയോ കൂടെ പോയത്രേ .. അവർക്കു ജാതകമൊന്നും നോക്കേണ്ട ..അവളെ അമ്പലത്തിൽ വച്ച് കണ്ടത്രേ ..””

പിന്നെല്ലാം വലിയ വേഗത്തിലായിരുന്നു ..അവർക്കു വലിയ ആർഭാടം വേണ്ടത്രേ .. അമ്പലത്തിൽ വച്ചൊരു താലികെട്ട് ..അത്രേ ഉള്ളു .. എന്റെ ഉള്ളിലെ അലങ്കാരവിളക്കുകൾ ഒന്നൊന്നായി വെളിച്ചം അണഞ്ഞു ..അവിടെ ഇരുൾ നിറഞ്ഞു..

വിവാഹത്തിന് ചുവന്ന സെറ്റുമുണ്ടിലായിരുന്നു ചേച്ചി അധികം അലങ്കാരങ്ങൾ ഒന്നുമില്ല .. ചേച്ചിയുടെ കൺകോണിലെവിടെയോ നനവുണ്ടോ ?? ആൾ എങ്ങിനെയെന്ന് ഞാൻ മുൻപ് ചോദിച്ചിരുന്നു .. നോക്കിയില്ലെന്നായിരുന്നു മറുപടി..കൂടുതൽ അറിയാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നില്ല ..വിവാഹത്തിന്റെ തലേന്നാളാണ്‌ അച്ഛൻ എത്തിയത് ..

അമ്പലത്തിൽ വച്ച് ചേച്ചിയെ കെട്ടാൻ പോകുന്ന ആളെ കണ്ടു .. സയൻസ് സാറിനേക്കാൾ ഭംഗിയുണ്ട് .. മുഖത്തു പക്ഷെ ഗൗരവമാണ് ..താലികെട്ട് കഴിഞ്ഞു അവരിറങ്ങാൻ നേരം ചേച്ചി യാത്ര ചോദിച്ചു .. ഉള്ളിലെ സങ്കടം മുഴുവൻ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു തീർത്തു ..

തലയിൽ ആരോ തലോടുന്നത് പോലെ തോന്നി ..ചേട്ടനാണ് ..

“”മോൾ വിഷമിക്കേണ്ട ..ചേച്ചിയെ ഞാൻ വിഷമിപ്പിക്കാതെ നോക്കിക്കൊള്ളാം ട്ടോ .”” ചേട്ടൻ ചേച്ചിയെ ചേർത്തുപിടിച്ചു …ആ കണ്ണുകളിൽ ചേച്ചിയോടുള്ള ഇഷ്ടം കണ്ടു..കരുതൽ കണ്ടു …

യാത്ര പറഞ്ഞു അവരിങ്ങുമ്പോൾ എന്റെ മനസ്സിലെ കുഞ്ഞു കുഞ്ഞു അലങ്കാര വിളക്കുകൾ ഓരോന്നായി വെളിച്ചം കണ്ടു .. പാലട കഴിച്ചില്ലെങ്കിലും മനസ്സും നിറഞ്ഞിരുന്നു ..

സ്നേഹത്തോടെ ….Nitya Dilshe