രാത്രി ഏറെ വൈകിയിട്ടും, തൻ്റെയും, ഭാര്യയുടെയും ഇടയിൽ തന്നെ കിടക്കുന്ന, പ്രായമായ മകളോടയാൾ പറഞ്ഞു….

Story written by SAJI THAIPARAMBU

നിങ്ങൾക്ക് നാളെ തന്നെ പോകണോ? എനിക്ക് നിങ്ങളെ കണ്ട് കൊതി തീർന്നിട്ടില്ല, ഇനിയുമൊരുപാട് പറഞ്ഞ് തീരാൻ ബാക്കിയുള്ളത് പോലെ

പിറ്റേന്ന് ഗൾഫിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിൽ പെട്ടി പായ്ക്ക് ചെയ്യുന്ന നസീറിനോട് ലൈല പ്രണയാർദ്രമായി പറഞ്ഞു.

പോകണം ലൈലാ ,എനിക്കും ആഗ്രഹമുണ്ട് ,ഈ നാട്ടിൽ നിന്നോടൊപ്പം മരണം വരെ ഉണ്ടാവണമെന്ന്, പക്ഷേ നമ്മുടെ സ്വപ്‌നങ്ങളൊക്കെ സഫലമാകണമെങ്കിൽ അക്കരക്ക് പോയേ മതിയാവു ,ഇവിടെ നിന്നാൽ ഒന്നും സമ്പാദിക്കാൻ കഴിയില്ല

പോയിട്ട് ഇനി നിങ്ങളെപ്പോഴാതിരിച്ച് വരിക?

വരാം, എത്രയും പെട്ടെന്ന് തന്നെ,

പിന്നീട് അയാൾ വന്നത് മൂത്ത കുട്ടി ജനിച്ച് അവൾക്ക് മൂന്ന് വയസ്സ് തികഞ്ഞപ്പോഴാണ്. ആകെ മുപ്പത് ദിവസത്തെ ലീവുമായി നാട്ടിലെത്തിയ അയാൾക്ക് ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു

കഴിഞ്ഞ ലീവിന് വന്നത് കല്യാണം കഴിക്കാനായിരുന്നെങ്കിലും വിവാഹം കഴിഞ്ഞ് അധിക ദിവസം നില്ക്കാൻ പറ്റാതിരുന്നത് കൊണ്ട് ഹണിമൂൺ ട്രിപ്പിനൊനും പോകാൻ പറ്റിയിരുന്നില്ല

ഇപ്രാവശ്യം മകള് കൂടെയുള്ളത് കൊണ്ട്, ഹണിമൂൺ ട്രിപ്പിന് പകരം ഒരു ഫാമിലി ട്രിപ്പെങ്കിലും നടത്തണമെന്ന കണക്കുകൂട്ടലിലായിരുന്നു അയാൾ വന്നത്.

പക്ഷേ, വിധി മറ്റൊന്നായിരുന്നു…നസീർ വരുന്ന ദിവസം, കുളിമുറിയിൽ കാല് തെന്നി വീണ ഉമ്മയേയും കൊണ്ട്, ലൈലയ്ക്ക് ഹോസ്പിറ്റലിൽ കഴിയേണ്ടിവന്നതിനാൽ , അയാൾക്ക്, ഭാര്യയില്ലാതെ മകളെയും കൊണ്ട് വീട്ടിലേക്ക് മടങ്ങി പോകേണ്ടി വന്നു.

മൂന്നാഴ്ച അങ്ങനെ കടന്ന് പോയി.

നാലാമത്തെ ആഴ്ച ഡിസ്ചാർജ് ചെയ്തെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിൽ ,ഉമ്മയെ കാണാൻ വന്ന ബന്ധുജനങ്ങളുടെ തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു.

അങ്ങനെ ആ മുപ്പത് ലീവും തീർന്ന് നസീറ് വീണ്ടും ഗൾഫിലേക്ക് പോകാനൊരുങ്ങി.

ഇപ്രാവശ്യവും പരിഭവം പറയാൻ ലൈല അരികിലെത്തുമെന്ന് പ്രതീക്ഷിച്ച്, പോകാൻ സമയമായിട്ടും അയാൾ വളരെ സാവധാനമായിരുന്നു പെട്ടി പായ്ക്ക് ചെയ്തത്.

പക്ഷേ ,ഉമ്മയെ കാണാൻ വന്നവരെ സൽക്കരിക്കുന്ന തിരക്കിനിടയിൽ ലൈലയ്ക്ക് തൻ്റെ പ്രിയതമൻ്റെയരികിലെത്താൻ സമയം കിട്ടിയില്ല എന്നുള്ളതാണ് സത്യം.

ഒടുവിൽ ഉമ്മയോട് യാത്ര പറയുന്ന കൂട്ടത്തിൽ അവരുടെ അരികിലുണ്ടായിരുന്ന ഭാര്യയോടും, അയാൾ പോയി വരാമെന്ന് തല കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ, അവളുടെ കണ്ണിൽ നിന്നും ഉരുണ്ട് വീണ ചുട് കണ്ണീർ, അയാളുടെ നെഞ്ച് പൊളളിച്ചു.

വർഷങ്ങൾ പിന്നെയും കടന്ന് പോയി, പിന്നീടൊരിക്കൽ അയാൾ നാട്ടിലേക്ക് വന്നത്, മകൾ വയസ്സറിയിച്ചെന്ന് ഭാര്യ വിളിച്ച് പറയുമ്പോഴാണ് , മകൾക്ക് നിറയെ സമ്മാനങ്ങളും, പുത്തനുടുപ്പുകളുമൊക്കെയായി, വിമാനം കയറുമ്പോൾ, അയാൾ പ്രാർത്ഥിച്ചത് ,ഇപ്രാവശ്യമെങ്കിലും വീട്ടിലുള്ളവർക്ക് യാതൊരാപത്തും വരുത്തരുതേ എന്നായിരുന്നു.

പക്ഷേ രാത്രി കിടക്കാനൊരുങ്ങിയപ്പോഴായിരുന്നു, വിധി മറ്റൊരു രൂപത്തിൽ അയാളുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയത്.

മോൾക്ക് ഉറക്കം വരുന്നെങ്കിൽ, അപ്പുറത്ത് വല്ലുമ്മാടെ മുറിയിൽ ചെന്ന് കിടന്നോളു

രാത്രി ഏറെ വൈകിയിട്ടും, തൻ്റെയും, ഭാര്യയുടെയും ഇടയിൽ തന്നെ കിടക്കുന്ന, പ്രായമായ മകളോടയാൾ പറഞ്ഞു.

അതിന് ഞാനെപ്പോഴും ഉമ്മീടെ കൂടെയാ കിടന്നുറങ്ങുന്നത്, വാപ്പി വേണോങ്കിൽ, വാപ്പീടെ ഉമ്മീടൊപ്പം പോയി കിടന്നോ?

പുന്നാരിച്ച് വളർത്തിയത് കൊണ്ടാവാം, അവൾ ഉമ്മിയെ കെട്ടിപ്പിടിച്ചല്ലാതെ കിടന്നുറങ്ങില്ലായിരുന്നു.

നിങ്ങള് അവൾടെ വെക്കേഷൻ ടൈമിൽ ലീവെടുത്ത് വന്നാൽ പോരായിരുന്നോ? അങ്ങനെയാണെങ്കിൽ പകലെങ്കിലും, നമുക്ക് കുറച്ച് സൊറ പറഞ്ഞിരിക്കായിരുന്നു

മകളുറങ്ങിയെന്ന് മനസ്സിലായപ്പോൾ, ലൈല അയാളോട് പരിഭവം പറഞ്ഞു.

കനത്തവേനലിൽ ചുട്ട് പൊള്ളിയ ഭൂമിയെ രാത്രിമഴ വന്ന് തണുപ്പിച്ചു, മഞ്ഞ് വീണ് കുളിരാർന്ന വൃക്ഷലതാദികൾ വസന്തം തീർത്തു.

പക്ഷേ നസീറിൻ്റെയും ലൈലയുടെയും ദാമ്പത്യ ജീവിതത്തിൽ, മഴ പെയ്തില്ല, മഞ്ഞ് വീണില്ല, വസന്തവും വന്നില്ല.

താനിങ്ങനെ ഗൾഫിൽ തന്നെ തുടർന്ന് പോയാൽ ,തൻ്റെയും ഭാര്യയുടെയും യൗവ്വനം പാഴായി പോകുമെന്നും, തനിക്കൊരിക്കലും നല്ലൊരു ദാമ്പത്യ ജീവിതമുണ്ടാകില്ലെന്നും, മനസ്സിലാക്കിയ നസീറ്, ഗൾഫിലേക്കിനി തിരിച്ച് പോകുന്നില്ലെന്ന് ഭാര്യയോട് പറഞ്ഞു.

അല്ല, നിങ്ങളിവിടെ നിന്നിട്ട് എന്തെടുക്കാനാ, മോൾക്ക് വയസ്സ് പതിമൂന്ന് കഴിഞ്ഞു ,കണ്ണടച്ച് തുറക്കുമ്പോൾ അവൾക്ക് കെട്ട് പ്രായമാകും, ഗൾഫിൽ പോയി നിന്നാൽ, അവളെ കെട്ടിക്കാനുള്ള പണ്ടോം പണോമെങ്കിലും സമ്പാദിക്കാം, അത് കൊണ്ട് ലീവ് ക്യാൻസലാക്കി, വേഗം തിരിച്ച് പോകാൻ നോക്ക്

അത് കേൾക്കുമ്പോൾ, ലൈല സന്തോഷം കൊണ്ട് തന്നെ കെട്ടിപ്പിടിക്കുമെന്ന് കരുതിയ നസീറ് , അവളുടെ മറുപടി കേട്ട് പകച്ച് നിന്ന് പോയി.

ഇപ്രാവശ്യം അയാൾ ഗൾഫിലെത്തിയപ്പോൾ, കഴിഞ്ഞ നാല്പത് കൊല്ലമായി പ്രവാസ ജീവിതം നയിച്ചിരുന്ന ഖാദറിക്കായെ, പ്രായപരിധി കഴിഞ്ഞത് കൊണ്ട് ,കമ്പനി നിർബന്ധപൂർവ്വം തിരിച്ച് നാട്ടിലേക്ക് കയറ്റി വിടുന്ന കാഴ്ചയാണ് കണ്ടത്.

ഇത് പോലൊരു ദിവസം തന്നെയും ഈ നാട്ടിൽ നിന്ന് കയറ്റി വിടും ,താനന്ന് ,യൗവ്വനം മുഴുവൻ ഈ മരുഭൂമിയിൽ ഉരുക്കിത്തീർത്ത, ഒന്നിനും കൊള്ളാത്ത വെറും എല്ലും തോലും മാത്രമായിരിക്കും.

ഹൃദയവേദനയോടെ അയാളോർത്തു.