സാരി ഉടുത്തപ്പോ പിടക്കാഞ്ഞിട്ടല്ല…സാരിയും കൂടി വാങ്ങിച്ച് വാപ്പാനെ എങ്ങേറാക്കണ്ടാന്ന് വിചാരിച്ച് മൂത്തമ്മാൻ്റെ…

കല്യാണച്ചോറ്

Story written by SHABNA SHAMSU

ഏപ്രിൽ ഫൂളിൻ്റെ അന്നായിരുന്നു എൻ്റെ കല്യാണം…അതെന്തേ അങ്ങനായീന്ന് ചോയ്ച്ചാ അതെല്ലാരൂടി അങ്ങനാക്കി.

കല്യാണത്തിൻ്റെ അന്ന് സുബ്ഹ് ബാങ്ക് കൊടുത്തപ്പോ ഞാൻ എണീച്ച്. നിസ്ക്കാരം കഴിഞ്ഞു .. സാധാരണ നിസ്ക്കരിച്ച് കഴിഞ്ഞാ ഒന്നൂടി കിടന്നുറങ്ങും…അന്നും ഉറക്കം തൂങ്ങിയപ്പോ ഉമ്മ കണ്ണുരുട്ടി. പിന്നെ നേരെ അടുക്കളേല് പൊളിച്ച് വെച്ച വലിയുള്ളീൻ്റെം വെളുത്തുള്ളിൻ്റെം ഇടയില് ഉപ്പ ചോറ് തിന്നുമ്പോ ഇരിക്കുന്ന വീതിയുള്ള മരത്തിൻ്റെ സ്റ്റൂളില് കാലും ചുരുട്ടി ചമ്രം പടിഞ്ഞ് ഇരുന്നു..

അപ്പോ ഉമ്മ ഒരു ഗ്ലാസ് ഹോർലിക്സും രണ്ട് കോഴിമുട്ടേം പഴോം പുഴുങ്ങിയതും കൊണ്ടോയി തന്ന്. വേം തിന്നൂട്.

ഏത് പാതി രാത്രി ആണേലും തിന്നാൻ അന്നും ഇന്നും എനിക്കൊരു മടീം ഇല്ല.. പിന്നെയീ പഴോം കോഴിമുട്ടേം…സാധാരണ ഉമ്മാൻ്റെ ആങ്ങളമാര് കൊടുവള്ളീന്ന് വിരുന്ന് വരുമ്പളാണ് ഉമ്മ ഹോർലിക്സും പഴം പുഴുങ്ങിയതും കോഴിമുട്ടയും കൊടുക്കാറ്….ഓര് പൊയ്ക്കഴിഞ്ഞ് ബാക്കിണ്ടേൽ കിട്ടിയാൽ കിട്ടി. അത്രേ ഉള്ളൂ….

അങ്ങനെ ഞാൻ ഇരുന്ന ഇരുപ്പിൽ രണ്ടും അകത്താക്കി. ഹോർലിക്സും കുടിച്ചു. അപ്പളേക്കും ഉമ്മ തലേല് വെളിച്ചെണ്ണ തേച്ച് വേം പോയി കുളിക്കാൻ പറഞ്ഞ്.

പൊതുവെ കുളിക്കാൻ മടിയുള്ള ഞാൻ കുളിച്ചാ മൈലാഞ്ചി പോവും എന്നൊക്കെ പറഞ്ഞ് നോക്കി….

പക്ഷേങ്കില് കല്യാണത്തിൻ്റെ അന്ന് പുതിയെണ്ണ് കുളിക്കണോലെ..

ഓരോ അനാചാരങ്ങള്

എല്ലാ ബാത്റൂമും ഫുള്ളാണ്….ഒരു തോർത്തും മാറ്റാനുള്ള ഡ്രസും എടുത്ത് ഞാൻ വീടിൻ്റെ പുറകിലുള്ള തറവാട്ടിലേക്കോടി. അല്ലേലും പണ്ട് തൊട്ടേ ചോറിവിടേം കൂറവിടേം ആണ്…അന്നും പതിവ് തെറ്റിയില്ല….

അന്നേരം തറവാട്ടിലെ കൊലായില് അമ്മായിമാരൊക്കെ സുബഹ് നിസ്ക്കാരം കഴിഞ്ഞ് കട്ടൻ ചായേം കുടിച്ച് കിസ പറഞ്ഞിരിക്കാണ്….അപ്പോ ഞാനും അവരെ നടുക്ക് പോയി ഇരുന്നു..അന്നേരം അമ്മായിമാര് തലങ്ങും വിലങ്ങും ഇരുന്ന് എൻ്റെ തലേല് പേൻ നോക്കാൻ തുടങ്ങി. ഒരു മാസം മുന്നേ തുടങ്ങിയ ഉപദേശം വീണ്ടും ഓണാക്കി…

എപ്പളും എപ്പളും ഇങ്ങോട്ട് വരാൻ വാശി പിടിക്കരുത്. നല്ല എളിമേല് എല്ലാരോടും പെരുമാറണം. സമയാ സമയം നിസ്ക്കരിക്കണം. ഉമ്മാനേം ബാപ്പാനേം നല്ലോണം നോക്കണം.. പുതിയപ്ലൻ്റെ പേൻറും കുപ്പായോം നല്ല വൃത്തില് തിരുമ്പണം, ഇസ്തിരിയിട്ട് കൊടക്കണം. അടുക്കും ചിട്ടേം മാണം….

കേട്ട് കേട്ട് മടുത്തതാണേലും ഇനി കേക്കണ്ടല്ലോന്ന് ആലോയ്ച്ചപ്പോ ഒരു സമാധാനം…

അപ്പളേക്കും ഉമ്മ താഴേന്ന് വിളി തുടങ്ങി….

കുളിച്ച് കയിഞ്ഞീലേ…മൻഷൻമാര് ഇപ്പോ വരാൻ തുടങ്ങും…..

അപ്പളാണ് എനിക്കും അമ്മായിമാർക്കും ഇന്ന് എൻ്റെ കല്യാണാണല്ലോന്ന് ബോധം വന്നത്…അങ്ങനെ കുളി കഴിഞ്ഞു ….

ഇനി പുതിയെണ്ണിനെ മാറ്റിക്കലാണ്…ഈ പേൻ നോക്കി അമ്മായികള് തന്നെയാണ് മാറ്റിക്ക്ണതും….

കോഴിക്കൂടിൻ്റെ വാതില് പോലത്തെ എൻ്റെ മേല് കണ്ണിൽ കുത്തുന്ന ചുമപ്പ് കളറ് പട്ട് സാരി വാരി ചുറ്റി. മുരുക്ക് മരത്തിലെ പയറ് വള്ളി പോലെ തലയില് അവിടവിടെ കൊറേ മുല്ലപ്പൂവും ഫിറ്റ് ചെയ്ത്..ഗോൾഡൻ കളറ് കരയുള്ള വെള്ള നെറ്റിൻ്റെ ഷാള് തലങ്ങും വിലങ്ങും സ്ലേഡ് കുത്തി തലേല് ഒറപ്പിച്ച്….എൻ്റെ വാപ്പാൻ്റെ വിയർപ്പ് ഉരുക്കി ഉണ്ടാക്കിയ പൊന്ന് കഴുത്തിലും കൈയ്യിലും കാലിലും ഇട്ട് തന്നപ്പോ മാത്രം നെഞ്ചൊന്ന് പിടച്ചു.

സാരി ഉടുത്തപ്പോ പിടക്കാഞ്ഞിട്ടല്ല…സാരിയും കൂടി വാങ്ങിച്ച് വാപ്പാനെ എങ്ങേറാക്കണ്ടാന്ന് വിചാരിച്ച് മൂത്തമ്മാൻ്റെ മരുമോളെ സാരിയാണ് അന്ന് ഞാൻ ഉടുത്തത്…

അത് കഴിഞ്ഞ് മേക്കപ്പ് തുടങ്ങി.കുറേ ഫെയർ ആൻ്റ് ലൗലി വാരിത്തേച്ച്…അതിൻ്റെ മേലെ കുട്ടിക്കൂറ പൗഡറ് തേച്ചൊട്ടിച്ച് . ലിപ്പ്സ്റ്റിക്ക് ഇട്ട് ചുണ്ടൊക്കപ്പാടെ ഞാവൽ പഴത്തിൻ്റെ കുരു പോലെ ആക്കി വെച്ച്….

കൺമഷി പണ്ട് തൊട്ടേ ഇടുന്നത് ഇഷ്ടമില്ലാത്തത് കൊണ്ട് കണ്ണ് മാത്രം രക്ഷപ്പെട്ടു..

അങ്ങനെ എല്ലാം കഴിഞ്ഞ് കണ്ണാടി നോക്കിയപ്പോ അള്ളാണെ എനിക്ക് ശിക്കാരി ശംഭൂനെ ഓർമ വന്നു…മുഖത്തിൻ്റെ പകുതിയും കാണുന്നില്ല…അജ്ജാദി മേക്കപ്പ്..

തിരിഞ്ഞ് നോക്കിയപ്പോ അംബികാ പിള്ളൻ്റെ പോലെ മുടീം ചുരുട്ടി എങ്ങനണ്ട് മേക്കോവർ എന്ന ഗമേലിരിക്കുന്ന അമ്മായിമാരെ കണ്ടപ്പോ ഒരു കുറ്റവും പറയാൻ തോന്നീല…

മാറ്റിക്കല് കഴിഞ്ഞ് അമ്മായിമാരൊക്കെ ചായ കുടിക്കാൻ പോയി….

പൊറോട്ടേം കോഴി പാർട്സ് കറിയും…

എൻ്റെ വയറില് കോഴിമുട്ടേം പഴവും അനങ്ങാത്തോണ്ട് ഉമ്മ പലവട്ടം പറഞ്ഞിട്ടും എനിക്കിപ്പോ ചായ വേണ്ടാന്ന് പറഞ്ഞു….

അങ്ങനെ കല്യാണം തുടങ്ങി…ആൾക്കാര് നിരനിരയായി വരുന്നുണ്ട്…ഉപ്പ മുറ്റത്ത് ഗെയ്റ്റിൻ്റെ അടുത്ത് തന്നെ ആൾക്കാരെ സ്വീകരിക്കുന്നു..ഉമ്മ കോലായിലും…ഞാൻ എല്ലാടത്തും പാറി പറന്ന് നടക്കുന്ന്..കുറേ പറന്ന് കഴിഞ്ഞ് ഒരു 12 മണിയായപ്പോ എനിക്ക് വിശക്കാൻ തുടങ്ങി..ഉമ്മാനെ മഷിയിട്ട് നോക്കിയിട്ട് കാണാനില്ല..

ഉമ്മാൻ്റെ ആങ്ങളമാരും അനിയത്തിമാരൊക്കെ വന്നിട്ടുണ്ട്…ഉമ്മ അവരെ പുറകെയാണ്…ഇന്ന് സ്വന്തം മോളെ കല്യാണാന്ന് വരെ കൂടപ്പിറപ്പുകളെ കണ്ടപ്പോ ഉമ്മ മറന്ന് പോയിക്ക്ണ്…

ഇനിയിപ്പോ ഉച്ചക്ക് ചോറ് തിന്നാ..അത് വരെ പിടിച്ച് നിക്കാൻ ഇടക്കിടക്ക് നാരങ്ങ വെള്ളം കുടിച്ചു …അംബികാ പിള്ളമാരെ സാരിയും ഉടുത്ത് മൂത്രം ഒയിക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് വെള്ളം കുടിയും നിർത്തി..

രണ്ട് മണിയായപ്പോ എൻ്റെ സകല കൺട്രോളും പോയി…എനിക്ക് അധികം വിശപ്പ് സഹിക്കാൻ പറ്റൂല..എൻ്റെ കല്യാണം ആയോണ്ട് മാത്രാ രണ്ട് മണി വരെ ക്ഷമിച്ചത്…

അങ്ങനെ എൻ്റെ പ്ലസ് ടു കൂട്ടുകാരികള് വന്നപ്പോ അവർടെ കൂടെ ചോറ് തിന്നാൻ ഞാൻ പന്തലിൽ പോയി…

വീടിൻ്റെ നേരെ മുമ്പില് റോഡ്..അതിൻ്റെ അപ്പുറത്ത് വയല്..ആ വയലിലാണ് പന്തല്..അങ്ങനെ ബിരിയാണി തിന്നാനിരുന്നു…ഇലയിട്ടു..നല്ല പൊരിച്ച കോയിൻ്റെ ബിരിയാണി…

തിന്നാനോങ്ങിയതും ഉപ്പാൻ്റെ അനിയൻ ഓടി വന്നു….

“അനക്ക് കൊറച്ച് കയിഞ്ഞിട്ട് തിന്നാ… പുതിയാപ്ലേം കൂട്ടരും വന്ന്ക്ക്ണ് …കാറിലുണ്ട്….ഓര് മുറ്റത്തിരിക്കുമ്പോ ഓലെ മുമ്പിൽക്കൂടെ അനക്ക് പോവാൻ പറ്റൂല… വേഗം അകത്തേക്ക് കേറ്..”

“ആപ്പാ… ഇത് തിന്ന്ട്ട് പോയാ പോരെ.. “

“പോര…. അത് വരെ ഓരെ വണ്ടീലിരുത്താൻ പറ്റൂല… ഞ്ഞി അകത്ത് കേറീറ്റ് മാണം ഓരോട് ഇറങ്ങാൻ പറയാൻ…”

ഞാനെന്താ പഴുപ്പിക്കാൻ ചാക്കില് കെട്ടി വെച്ച പൂവൻ കുലയോ… ആരും കാണാണ്ട്ക്കാൻ…ഉറക്കെ പറഞ്ഞില്ലേലും എന്നെ വിട്ടിട്ട് പോവല്ലേന്ന് നെലോളിക്കുന്ന ബിരിയാണിയോട് യാത്ര പറഞ്ഞ് ആപ്പാൻ്റെ കൈയും പിടിച്ച് ഞാൻ അകത്ത് കയറി….

അങ്ങനെ നിക്കാഹ് കഴിഞ്ഞ്…കുടല് കരിയുന്ന പെണ്ണിൻ്റെ മേല് വേറെ സാരി ചുറ്റി…പിന്നേം മേക്കപ്പിട്ട്…അങ്ങനെ പുതിയെണ്ണ് ഇറങ്ങാനായി…എന്നെ ഉമ്മ വെച്ച് ഉപ്പ കരഞ്ഞു…ഉമ്മ കരഞ്ഞു…അമ്മായിമാര് കരഞ്ഞു…ഇത്താത്തയും ഇക്കാക്കയും കരഞ്ഞു….വയർ പൊത്തി പിടിച്ച് ഞാനും ഏങ്ങലടിച്ച് കരഞ്ഞു…

അങ്ങനെ ഞാനെൻ്റെ വിശക്കുന്ന വയറും കൊണ്ട് അലങ്കരിച്ച കാറിൽ കയറിയിരുന്നു….

ഇനി ചെക്കൻ്റെ വീട്ടിലെത്തുമ്പോ ഒരു ചായ സൽക്കാരം ഉണ്ടാവും…ഹോർലിക്സും പാക്കറ്റും…അതല്ലേൽ ബ്രു കോഫീം കേക്കും…ടാങ്ക് കലക്കിയ വെള്ളവും പപ്സും…

ഇതിൽ ഏതേലൊക്കെ ആണ് ഉണ്ടാവാ..ഞാൻ കാറിലിരുന്ന് പ്രാർത്ഥിച്ചു…

പടച്ചോനെ…..ഹോർലിക്സും പാക്കറ്റും ആവണേ…അതാവുമ്പോ പാക്കറ്റില് ഒരു സമൂസേം ഒരു ലഡും കുറച്ച് ചിപ്സും ഒരു മൈസൂർ പാക്കും മുട്ടായിയും ഉണ്ടാവും….അത്യാവശ്യം വയറ് നിറയും….

അവിടെത്തോളം ഞാൻ പ്രാർത്ഥിച്ചു..അങ്ങനെ ചെക്കൻ്റെ വീട്ടിലെത്തി…ചെക്കനും പെണ്ണും പിന്നെ പെണ്ണിൻ്റെ വീട്ട്ന്ന് വന്നവരും പന്തലില് നിരന്ന് ഇരുന്ന്…

ഞാൻ വട്ടത്തിലും നോക്കി…വലിയൊരു ട്രേയില് ഒരു കാക്ക എന്തോ കൊണ്ടോരുന്നു….

എൻ്റെ സകല പ്രതീക്ഷയും തെറ്റി..ചെറിയേ ഔൺസ് ഗ്ലാസില് ഒരിച്ചിരി ഫ്രൂട്ട് സലാഡ്…ഇത്പ്പോ എവിടെത്താനാന്ന് ആലോചിച്ചിരുന്നപ്പോ അടുത്ത പണി …

“ചെക്കൻ്റെ വീട്ടന്ന് ആദ്യായിട്ട് തിന്നല്ലേ…. അത് രണ്ടാളൂടി ഒന്ന് തിന്നാ മതി….”

അതും പറഞ്ഞ് ഒരു ഔൺസ് ഗ്ലാസ് മൂപ്പർക്ക് കൊടുത്തു….അതിലെ ഫ്രൂട്ട്സ് മുയുവനും തോണ്ടിത്തിന്ന് ഒരു ലേശം ഐസ്ക്രീം എനിക്ക് തന്ന്….അതെൻ്റെ അണ്ണാക്കിലൊട്ടി നിന്ന്…കീഴ്പോട്ടിറങ്ങാൻ മാത്രം ഇല്ലായിരുന്നു….

എനിക്ക് വീണ്ടും വിശപ്പ് തുടങ്ങി…വയറ്ന്ന് ഒച്ചപ്പാട് വരാൻ തുടങ്ങി…എൻ്റെ കല്യാണായോണ്ട് മാത്രം ഞാൻ ക്ഷമിച്ചു…..

ചെക്കൻ്റെ വീട്ടിലെ റിസപ്ഷൻ ആറ് മണിക്കാ തുടങ്ങാ…ഓഡിറ്റോറിയത്തില് വെച്ചാണ്…..

അങ്ങനെ വീണ്ടും വിശന്ന് പൊരിഞ്ഞ വയറുമായി ഞാൻ കാറിൽ കയറി..ഓഡിറ്റോറിയത്തിലെത്തി…സ്റ്റേജിലെ സിംഹാസനത്തില് രാജകുമാരിയെ പോലെ ഇരുന്നു..ആ സമയം വയറിൻ്റെ ഉള്ളുന്ന് പരിച മുട്ടും കുന്തം കൊണ്ടേറും ദ്വന്ദയുദ്ധവും നടന്നോണ്ടിരുന്നു….ഒച്ച പുറത്തോട്ട് വരാതിരിക്കാൻ ഞാൻ പരമാവധി ശ്വാസം പിടിച്ചിരുന്നു….

വരുന്ന ആൾക്കാരോട് മുഴുവനും പൊരിഞ്ഞ വയറുമായി ചിരിച്ച് സംസാരിച്ച് ഞാൻ മാതൃകയായി…

ഒരു ഒമ്പത് മണിയായപ്പോ ചോറ് വിളമ്പാൻ തുടങ്ങി…നെയ്ച്ചോറും മട്ടൺ കുറുമേം കോയി പൊരിച്ചതും…

എൻ്റെ കല്യാണായോണ്ട് മാത്രം ഞാൻ വീണ്ടും വീണ്ടും ക്ഷമിച്ചു….

എന്നിട്ടും പുഴവക്കത്തെ തെങ്ങ് പോലെ എൻ്റെ തല ഇടക്കിടക്ക് ഭക്ഷണം കഴിക്കുന്നോടത്തേക്ക് നീട്ടി വലിച്ച് നോക്കി കൊണ്ടിരുന്നു…..

അങ്ങനെ പത്ത് മണിയായി….കല്യാണം ഏകദേശം കഴിഞ്ഞു….

“ന്നാ ഇനി പുതിയെണ്ണും ചെക്കനും ചോറ് തിന്നോട്ടെ”

എവിടുന്നോ ഒരു അശരീരി കേട്ടു ….ഏപ്രിൽ ഫൂളിൻ്റെ അന്ന് ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല വാക്ക് ഇതായിരുന്നു….

അങ്ങനെ ഭക്ഷണം കഴിക്കാനിരുന്നു….വിശന്ന് വിശന്ന് വിറയല് വന്ന് വീഴും എന്നുള്ള കോലത്തിലായിരുന്നു ഞാൻ…

ഇലയിട്ടു… പുതിയെണ്ണ് കുറച്ചേ കഴിക്കുള്ളൂന്ന് കരുതി വിളമ്പുകാരൻ ഒരു ലേശം ചോറിട്ടു….കൊഴപ്പല്ല ഇട്ടോളീന്ന് പറഞ്ഞപ്പോ ഇല നിറച്ചും തന്നു…..

ഒറ്റ വീർപ്പിന് അത് മുഴുവനും തിന്ന് തീർത്തു….എൻ്റെ തീറ്റ കണ്ട് കണ്ണ് തള്ളി ഇനി വേണോന്ന് ചോദിച്ചപ്പോ കൊഴപ്പല്ല ,ഇട്ടോളീന്ന് വീണ്ടും പറഞ്ഞു….

അതും കാലിയായപ്പോ വല്ലാത്തൊരാശ്വാസം…വിരലും തുടച്ച് രണ്ട് ഗ്ലാസ് വെള്ളവും കുടിച്ച് ഈണത്തിലൊരു ഏമ്പക്കവും ഇട്ട ശേഷമാണ് അടുത്തിരിക്കുന്ന കെട്ടിയോനെ നോക്കിയത്…

രണ്ട് പിടി ചോറും ഉരുട്ടി വരാൻ പോവുന്ന ഭാരിച്ച കുടുംബ ബജറ്റിനെ കുറിച്ചോർത്ത് എന്നെത്തന്നെ ദയനീയമായി നോക്കി നിക്കുന്നു….

“ഞ്ഞി എപ്പളും ഇങ്ങനെ തന്നെ ആണോ ചോറ് തിന്നാ…”

“എപ്പളും ല്ല…. വെശക്കുമ്പോ മാത്രേ ഇങ്ങനെ തിന്നുള്ളൂ…. ന്തേയ്.. “

” അല്ല…. സാധാരണ മനുഷ്യൻമാര് വയറ് നിറയാനാ ഭക്ഷണം കഴിക്കാ… ഇത്പ്പോ അൻ്റെ തലച്ചോറ് വരെ നിറഞ്ഞിട്ടുണ്ടാവ്വല്ലോ…”

എൻ്റെ കല്യാണായോണ്ട് മാത്രം ഞാൻ ഒന്നും മിണ്ടീല…ഒരു ഏമ്പക്കം കൂടെ ഇട്ട് മെല്ലെ കൈ കഴുകാൻ എണീച്ച് പോയി

Shabna shamsu❤️