എക്സാം എല്ലാം കഴിഞ്ഞു. ഒരു കുഞ്ഞു വേണമെന്ന ചിന്ത ഞങ്ങൾക്കും വന്നുതുടങ്ങി. ഞങ്ങളെക്കാൾ കൂടുതൽ…

തിരിച്ചറിവ്

Story written by Nitya Dilshe

ഓഫീസിൽ നിന്നും വീട്ടിൽ വന്നിറങ്ങുമ്പോൾ അച്ഛനുമമ്മയും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. രണ്ടാൾടെയും മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി എന്തൊക്കെയോ നടന്നിട്ടുണ്ട്. ഇങ്ങനെയൊരു മുഖം കാണുന്നത് കുറെനാൾക്കു ശേഷമാണല്ലോ എന്നോർത്തു. …ബാഗുമെടുത്ത് അകത്തേക്ക് കയറുമ്പോൾ കേട്ടു…

“പ്രണവ് വന്നിരുന്നു.,.. അവളുടെ വിവാഹമാത്രേ അടുത്തയാഴ്ച്ച.”

കൈയ്യിലിരുന്ന ഇൻവിറ്റേഷൻ കാർഡ് അമ്മ എനിക്ക് നേരെ നീട്ടി. പ്രതീക്ഷിച്ചതാണെങ്കിലും പെട്ടെന്ന് കേട്ടപ്പോൾ എവിടെയോ ഒരു വിങ്ങൽ… കാർഡ് വാങ്ങുമ്പോൾ കൈ വിറച്ചിരുന്നു.കണ്ണുനിറഞ്ഞ് അക്ഷരങ്ങൾ മങ്ങി….

” പൂജ വെഡ്‌സ് മാധവ് “

റൂമിൽ പോയി കുറച്ചുനേരം കണ്ണടച്ചു കിടന്നു. രാത്രി ഭക്ഷണം കഴിക്കാൻ അമ്മ വിളിച്ചപ്പോഴാണ്‌ എണീറ്റത്…..ഡ്രസ് മാറി കുളിച്ചു, വന്നു.. കുറെ നേരം ഷവറിനടിയിൽ നിന്നിട്ടും ഉള്ളിലെ കനൽ നീറിക്കൊണ്ടിരുന്നു..

വിശപ്പ് തോന്നിയില്ല, എന്തൊക്കെയോ നുള്ളിപ്പെറുക്കി കൊണ്ടിരുന്നു. കുറെ നാളായി തന്റെ ഭക്ഷണം ഇങ്ങനെയൊക്കെയാണല്ലോ..

” ഒരു കുഞ്ഞുള്ള ആളാണത്രേ..” ഭക്ഷണം വിളമ്പുന്നതിനിടയിൽ അമ്മ പറഞ്ഞു.

” നീയിങ്ങനെ നീറി നീറി കഴിഞ്ഞോ, അവളുടെ കെട്ടു നടക്കാറായി,..നീ സമ്മതിച്ചാൽ അതിനുമുമ്പേ അമൃതയുമായി നിന്റെ കെട്ടു നടത്താം..നല്ല കുട്ടിയാ, നല്ല തറവാട്ടുകാരും. അവർക്ക് നൂറുവട്ടം സമ്മതമാ..” അമ്മ എന്റെ മുഖത്തേക്ക് നോക്കി

“ഇതേ ഗുണങ്ങൾ ഉള്ളവൾ തന്നെയായിരുന്നില്ലേ പൂജയും എന്നിട്ടെന്തായി..” കഴിക്കുന്നതവസാനിപ്പിച്ചു എണീറ്റു കൈ കഴുകി.

” ആകെയുള്ള ഒരുത്തനാ, തറവാട് നിലനിർത്തേണ്ടവൻ ” പിന്നിലുള്ള അമ്മയുടെ കരച്ചിൽ കേട്ടില്ലെന്നു നടിച്ചു..

ഒറ്റമോനായത് കൊണ്ട് ഒരുപാട് ലാളിച്ചാണ് വളർന്നത് അച്ഛൻ കുറച്ചതിർത്താലും എല്ലാ ഇഷ്ടങ്ങളും അമ്മ നടത്തി തരുമായിരുന്നു. ജോലി കിട്ടി ഉടനെ അമ്മ കല്യാണ ആലോചനകളും തുടങ്ങി. വീട്ടിൽ വന്നു കയറിയാൽ അമ്മക്കിതല്ലാതെ വേറെ ഒന്നും പറയാൻ ഇല്ലാതായി. ഒറ്റ ഡിമാൻഡേ വച്ചുള്ളൂ.

“ഈ പെണ്ണിനെ ഇഷ്ടായില്ലെങ്കിൽ ഒരു വർഷം കഴിഞ്ഞേ അമ്മയിനി കല്യാണക്കാര്യം പറയാവൂ “

ഈ ഡിമാൻഡ് ‘അമ്മ അംഗീകരിച്ചു. എന്തൊക്കെ വന്നാലും പെണ്ണിനെ ഇഷ്ടമായില്ലെന്നു പറയാൻ ഞാനും തീരുമാനിച്ചിരുന്നു, …പൂജയെ കാണും വരെ…വിടർന്ന കണ്ണുകളോടെ അവൾ മുന്നിലെത്തിയപ്പോൾ ഇതിൽ കൂടുതൽ നല്ലൊരു പെണ്ണിനെ ഈ ജന്മത്തിൽ എനിക്ക് കിട്ടില്ലെന്ന്‌ മനസ്‌സിലായി…ഞങ്ങൾ തനിച്ചുള്ള സംസാരത്തിൽ അവൾ ഒന്നേ പറഞ്ഞുള്ളു, ” കഷ്ടപ്പെട്ട് അഡ്മിഷൻ നേടിയെടുത്ത കോഴ്സ് ആണ്‌. രണ്ടുവർഷമുണ്ട്. ഇപ്പോൾ കല്യാണം നടന്നില്ലെങ്കിൽ പിന്നെ യോഗം ഇല്ലത്രേ. അതുകൊണ്ടാണ് ഇപ്പോൾ കല്യാണത്തിന് സമ്മതിച്ചത്.” ഞങ്ങൾക്കും വിരോധമില്ലായിരുന്നു, വിവാഹം കഴിഞ്ഞുള്ള പഠനത്തിനു..

ജാതകത്തിലെ ദോഷം. കാരണം നിശ്ചയം കഴിഞ്ഞു അധിക ദിവസമുണ്ടായിരുന്നില്ല വിവാഹത്തിന്.. രാത്രിയും പകലുമുള്ള ഫോൺ വിളികളിലൂടെകൂടുതൽഅറിഞ്ഞുആകാശത്തിനു താഴെയുള്ളതെന്തും ടോപിക് ആയി. സംസാരം മണിക്കൂറുകളോളം നീണ്ടു….ഇടക്ക് കോളേജിനടുത്തുള്ള കോഫിഷോപ്പിൽ കണ്ടുമുട്ടൽ… ഉറക്കപ്രാന്തനായിരുന്ന എന്റെ ഉറക്കം 3_4 മണിക്കൂറായി ചുരുങ്ങി…

വിവാഹം ആർഭാടപൂർവ്വം തന്നെ നടന്നു. നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളും എന്റെ ഭാഗ്യത്തെക്കുറിച്ചു വാതോരാതെ പറഞ്ഞു.. അങ്ങനെ പൂജ എന്റെ നല്ലപാതിയായി

അമ്മക്കും അവളെ വലിയ കാര്യമായിരുന്നു..അവൾക്കു തിരിച്ചും….ഒരുമിച്ചിറങ്ങി അവളെ കോളേജിൽ വിട്ടാണ് ഞാൻ ഓഫീസിൽ പോയിരുന്നത്. തിരിച്ചു അവൾ ഓട്ടോക്കോ ബസിനോ വരുമായിരുന്നു….പ്രിക്കോഷൻ എടുത്തിരുന്നെങ്കിലും ചില സമയത്തെ സ്നേഹപ്രകടനങ്ങളിൽ ഭയന്നു അവൾ ടാബ്‌ലറ്റും(pills) കഴിച്ചിരുന്നു….

കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ തുടങ്ങിയ “വിശേഷമായില്ലേ “എന്ന ചോദ്യത്തിനു “പഠിക്കുകയല്ലേ അതു കഴിയട്ടെ “എന്ന മറുപടി നൽകി വായടപ്പിച്ചു..ഇണക്കങ്ങളും ചെറിയ ചെറിയ പിണക്കങ്ങളുമായി രണ്ടു വർഷം വേഗം കടന്നുപോയി. ..

എക്സാം എല്ലാം കഴിഞ്ഞു..ഒരു കുഞ്ഞു വേണമെന്ന ചിന്ത ഞങ്ങൾക്കും വന്നുതുടങ്ങി. ഞങ്ങളെക്കാൾ കൂടുതൽ അത് അമ്മക്കായിരുന്നു..അവളുടെ ഡേറ്റ് അവളെക്കാൾ കൂടുതൽ അമ്മ ശ്രദ്ധിച്ചു….ഓരോമാസത്തെയും ചുവന്ന അടയാളങ്ങൾ എല്ലാവരെയും വിഷമിപ്പിച്ചു. മുൻപ് അത് വൈകുമ്പോൾ ടെൻഷൻ എടുത്തിരുന്നെങ്കിൽ ഇപ്പോൾ കാണുമ്പോഴായി വിഷമം…

6 മാസം അങ്ങനെ കടന്നുപോയി..ഒരു ഡോക്ടറെ കാണാൻ എല്ലാവരും നിർബന്ധിച്ചു..ഹോസ്പിറ്റലുകൾ കയറിയിറങ്ങി.. ടെസ്റ്റുകൾ കഴിഞ്ഞു രണ്ടാൾക്കും കുഴപ്പമൊന്നുമില്ല..അതുകേൾക്കുമ്പോൾ ആശ്വാസമാവുമെങ്കിലും പിന്നീടുള്ള മാസങ്ങളിലും സന്തോഷത്തിനുള്ള ഒരുവകയും കിട്ടിയില്ല.. മുൻപ് വിഷമത്തോടെ പറഞ്ഞിരുന്നത് പിന്നീട് കുറ്റപ്പെടുത്തലുകളായി മാറി..

കുറ്റപ്പെടുത്തുന്ന ഒരു നോട്ടമോ പറച്ചിലോ എന്റെ നേർക്കായിരുന്നില്ല എന്നത് അതിശയമായിരുന്നു…എന്നോടെല്ലാവർക്കും ഒരു സഹതാപ മനോഭാവമായിരുന്നു….അതിനിടയിൽ അവൾക്കൊരു ജോലി ശരിയായിരുന്നു.. അതൊരാശ്വാസമായിരുന്നു ..

ചോദ്യങ്ങൾ കൂടിയപ്പോൾ പൂജ പുറത്തെ ക്കിറങ്ങുന്നതു ഓഫീസിലേക്കും അമ്പലങ്ങളിലേക്കും മാത്രമായി ചുരുക്കി.. അമ്മയുടെ കുറ്റപ്പെടുത്തലുകൾ ശാപങ്ങളും പ്രാക്കുകളുമായി തുടങ്ങിയപ്പോൾ ജോലിയെല്ലാം തീർത്ത് അവൾ റൂമിലേക്ക്‌ ഒന്നുകൂടി ഒതുങ്ങികൂടി..

ടാബ്‌ലെറ്റ് കഴിച്ചത് കൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടായതെന്ന് പറഞ്ഞു ഞാനും കുറ്റം അവൾക്കുമേൽ ചുമത്തി. അതിൽ എനിക്കുണ്ടായിരുന്നു പങ്കിനെപ്പറ്റി മനപ്പൂർവ്വം മറന്നു…ആശ്വസിപ്പിച്ചിരുന്ന ഞാനും തൊട്ടതിനും പിടിച്ചതിനുമെല്ലാം അവളെ കുറ്റപ്പെടുത്തിത്തുടങ്ങി….ആദ്യമൊക്കെ എല്ലാം കേട്ടു കണ്ണുനിറച്ചിരുന്ന അവൾ പിന്നീടെല്ലാം ഒരു നിസ്സംഗതയോടെ കേട്ടുനിന്നു…

ഡിവോഴ്‌സിനെ പറ്റി അവൾ തന്നെയാണ് ആദ്യം പറഞ്ഞത്. മനസ്സുകൊണ്ട് ഞാനും അപ്പോൾ അതാഗ്രഹിച്ചിരുന്നു…അവൾ പോയപ്പോഴാണ് അവൾ എന്റെ ജീവന്റെ പാതിയാണെന്ന് തിരിച്ചറിഞ്ഞത്…അമ്മ എത്രമാത്രം നിര്ബന്ധിച്ചിട്ടും അവളുടെ സ്ഥാനത്തേക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു…ഇനി ഒരാഴ്ച കൂടി കഴിഞ്ഞാൽ അവൾ മറ്റൊരാളുടേതായി മാറുമെന്നോർത്തപ്പോൾ ഉറക്കവും നഷ്ടപ്പെട്ടു…

പിറ്റേന്ന് ഓഫീസിൽ ഇരിക്കുമ്പോൾ തോന്നി അവളുടെ ശബ്ദം ഒന്നുകൂടി കേൾക്കണമെന്നു…ഫോൺ എടുത്തു നമ്പർ സെർച്ച് ചെയ്യുമ്പോൾ നെഞ്ചിടിപ്പ് കൂടി…. രണ്ടു റിങ് കഴിഞ്ഞപ്പോൾ തന്നെ അവിടെ ഫോൺ എടുത്തിരുന്നു.

“ഹലോ “പറഞ്ഞപ്പോൾ ശബ്ദം വിറച്ചിരുന്നു.

അപ്പുറത്തു നിശ്ശബ്ദമായിരുന്നു..അവൾ കരയുകയാണെന്നു മനസ്സിലായി..

“എനിക്കൊന്നു കാണാൻ കഴിയോ ? …..വൈകീട്ട് 4 നു നമ്മുടെ കോഫീഷോപ്പിൽ എത്താമോ ?” പെട്ടെനങ്ങനെ ചോദിക്കാനാണ് തോന്നിയത്..

“ഉം” എന്നു മൂളൽ മാത്രം കേട്ടു. ഫോൺ വച്ചു.

സമയം തീരെ പോകുന്നില്ലെന്ന് തോന്നി.. ഉച്ചക്ക് ശേഷം ലീവെടുത്തു, 3:30 ക്കു തന്നെ കോഫിഷോപ്പിലെത്തി..ഒഴിഞ്ഞ ഒരുകോണിലിരുന്നു.. ..വലിയ തിരക്കില്ല. പണ്ട് പതിവായി അവളെയും കൊണ്ടു വന്നിരുന്നു.. 4 നു മുൻപ് തന്നെ അവൾ വരുന്നത് കണ്ടു.. എന്നെ കണ്ടു അടുത്തു വന്നു.. ടേബിളിന്റെ. എതിർ വശത്തിരുന്നു. കണ്ണുകൾ നിറഞ്ഞിരിക്കുന്നു..അവൾക്കു വലിയ മാറ്റം തോന്നിയില്ല.

” ചേട്ടൻ വല്ലാതെ ക്ഷീണിച്ചു, സുഖല്ലേ? “

“ഉം ” അലസമായ് മൂളി. കുറച്ചു നേരം രണ്ടാൾക്കും ഒന്നും പറയാനില്ലായിരുന്നു. അവൾക്കു പ്രിയപ്പെട്ട ബജിയും കോഫിയും ഓർഡർ ചെയ്യുമ്പോൾ അവൾ കണ്ണിമക്കാതെ എന്നെ നോക്കുന്നുണ്ടായിരുന്നു.

സംസാരത്തിനു അവൾ തന്നെയാണ് തുടക്കമിട്ടത്‌….

“വിവാഹമാണ്.. അടുത്തയാഴ്ച, വരണം..ചേട്ടനെക്കാൾ മുൻപ് എന്റെ നടത്തണം എന്നു വീട്ടുകാർക്ക് വാശിയാണ്. ..വിവാഹം കഴിഞ്ഞ പെണ്കുട്ടികൾ വീട്ടിൽ നിന്നാൽ പിന്നെ വീട്ടുകാർക്കും ബാധ്യതയാണ് ” പറഞ്ഞപ്പോൾ പലയിടത്തും ശബ്‌ദം പതറിയിരുന്നു..

“എല്ലാവരെയും ധിക്കരിച്ചു ഒറ്റക്ക് ജീവിക്കാനുള്ള ധൈര്യമില്ല, ഒന്നേ ആവശ്യപ്പെട്ടുള്ളൂ, കുഞ്ഞുള്ള ആളായിരിക്കണം…, മോനെയേ നോക്കിയുള്ളൂ, മിടുക്കനാണ്.”. അവൾ പറയുന്നതെല്ലാം കേട്ടു പുറത്തേക്കു നോക്കിയിരുന്നു….

“ചേട്ടന്റെ വിവാഹം…”

“ഒന്നുമായിട്ടില്ല…”

” ആയാൽ അറിയിക്കണം.. വരാൻ പറ്റുമോന്നു അറിയില്ല.. എന്നാലും അറിക്കണം…എല്ലാം.. കുഞ്ഞുണ്ടായാലും..”

അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..കൈയ്യിലേക്കു വെള്ളം ഇറ്റു വീണപ്പോഴാണ് ഞാനും കരയുകയാണെന്നു മനസ്സിലായത്.. ബജി പകുതി കഴിച്ചു..കോഫിയും കുടിച്ചു പോകാനായി യാത്ര പറഞ്ഞവൾ എണീറ്റു…

തിരിഞ്ഞപ്പോൾ ഞാനാ കൈ പിടിച്ചു.. അവൾ അമ്പരപ്പോടെ മുഖത്തേക്ക് നോക്കി..

“പോരുന്നോ എന്റെ കൂടെ”

അവൾ വിശ്വാസം വരാതെ സൂക്ഷിച്ചു നോക്കി

” വീട്ടുകാരോ ബന്ധുക്കളോ ആരും ഇല്ലാത്തിടത്തേക്കു.. ഗൾഫിൽ ഒരു ജോലി ശരിയായിട്ടുണ്ട്..നമുക്ക് പോവാം..കുഞ്ഞുങ്ങൾ ദൈവം തരുമ്പോൾ സ്വീകരിക്കാം..അല്ലെങ്കിൽ ആരോരുമില്ലാത്ത ഒരു കുഞ്ഞിന് തുണയാവാം..”

അവളുടെ മുഖത്തു പതിയെ ഒരു ചിരി വിടരുന്നത് കണ്ടു..എന്റെ കൈക്ക് മീതെ അവളും കൈചേർത്തു…. ഞാനാ കൈകൾ മുറുക്കിപ്പിടിച്ചു.. ഇനിയൊരിക്കലും വേര്പിരിയില്ലെന്ന ഉറപ്പോടെ….