എങ്കിലും പ്രേമഭാജനത്തിനു വേണ്ടി സൂചി കണ്ടാലേ ബോധം പോകുന്ന ഞാൻ മൂക്കുത്തി കുത്താൻ തയ്യാറായി…

മൂക്കുത്തി

Story written by MANJU JAYAKRISHNAN

“ഈ മൂക്കൂത്തി ഇട്ട പെൺകുട്ടികളെ കാണാൻ നല്ല ഭംഗിയാല്ലേ!”.

പറയുന്നത് പ്രേമിച്ച ചെക്കൻ ആണ്. ആ രമ്യ മൂക്കുത്തി ഒക്കെ ഇട്ടു വരുമ്പോൾ ദേവിയെ പോലെ ഇരിക്കും. അതോടെ പൊതുവെ നല്ല കുശുമ്പി ആയ എന്റെ കുശുമ്പ് ഒന്നൂടെ കൂടി.

” ഓഹ് അത്രയ്ക്കൊന്നും ഇല്ല. അതിനേക്കാൾ മൂക്കുത്തി ചേരുന്ന വേറെ കുറേ കുട്ടികൾ ഉണ്ട്”. എന്റെ സമാധാനത്തിനായി ഞാൻ പറഞ്ഞു നിർത്തി

വേറെ ആര് ആയാലും അങ്ങ് സഹിച്ചേനെ ഇതിപ്പോൾ ജീവനുതുല്യം സ്നേഹിക്കുന്ന ആളാണ്. ജാപ്പനീസ് മൂക്ക് അല്ലെങ്കിലും പരന്ന സ്വന്തം മൂക്ക് ഞാൻ തപ്പി. പണ്ട് അമ്മ നന്നായിട്ടു മൂക്ക് ഒക്കെ പിടിച്ചു കുളിപ്പിച്ചിരുന്നേൽ നല്ല തത്തമ്മ മൂക്കി ആയേനെ. അമ്മയോട് ഈ ആഭ്യന്തര പ്രശ്നം ഉന്നയിച്ചപ്പോൾ ആണ് “രണ്ടെണ്ണത്തിനെ വളർത്തിയ പാട് എനിക്ക് അറിയാം അപ്പോഴാ അവളുടെ ചീഞ്ഞ മൂക്ക്” എന്ന കിടിലോൽക്കിടിലൻ മറുപടി പറഞ്ഞത്

എങ്കിലും പ്രേമഭാജനത്തിനു വേണ്ടി സൂചി കണ്ടാലേ ബോധം പോകുന്ന ഞാൻ മൂക്കുത്തി കുത്താൻ തയ്യാറായി . മൂക്കുത്തി കുത്തണം എന്ന് പറഞ്ഞപ്പോളെ ജലദോഷത്തിന്റെ പേരും പറഞ്ഞു അമ്മ വാളും പരിചയും ഉപയോഗിച്ച് എതിർത്തു. ജലദോഷം വന്നാൽ മൂക്കു ചീറ്റാൻ പോലും പറ്റത്തില്ലത്രെ. കേവലം ഒരു ജലദോഷത്തിന്റെ പേരിൽ എന്റെ മൂക്കുത്തിയെ തള്ളിപ്പറയാൻ ഞാൻ തയ്യാറായില്ല

എങ്കിലും രണ്ടും കല്പിച്ചു ഞാൻ മൂക്കു കുത്താൻ തന്നെ ഉറച്ചു. ഇപ്പോൾ എന്താ ഒരു മൂക്കുത്തി പ്രേമം. “ഞാൻ പറഞ്ഞു ക്ലാസ്സിലെ എല്ലാവരും കുത്തുന്നുണ്ട്!”. അപ്പൊ പിന്നെ. ഏയ് ഇതു അതൊന്നും അല്ല. വേറെ ആരെങ്കിലും പറഞ്ഞു കാണും. എന്റെ കള്ളത്തരം പിടിക്കപ്പെട്ടു എന്ന് തോന്നിയപ്പോൾ അതിൽ നിന്നും രക്ഷപെടാൻ ഞാൻ കിടന്നു ഉരുണ്ടു.

പൊട്ടു ഒക്കെ മൂക്കിൽ വച്ചു ഞാൻ പരീക്ഷിച്ചു. പോരാ എന്നു സ്വയം സമാധാനിച്ചു. ഒടുവിൽ ചെക്കൻ തന്നെ പറഞ്ഞു. “കെട്ടീട്ടു ഞാൻ കുത്തി തരാട്ടാ”. ആ പ്രതീക്ഷയിൽ ഞാൻ അങ്ങ് സമാധാനിച്ചു.

വാഗ്ദാനം പാലിക്കപ്പെടാൻ അല്ല എന്നു ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടു ചെക്കൻ നല്ല കിടിലൻ തേപ്പും തന്നു പോയി. എന്റെ മൂക്ക് അങ്ങനെ വീണ്ടും അനാഥമായി.

പോയ ബസിന്റെ പുറകെ പോകാതെ കിട്ടിയ ബസിൽ പോകാൻ ഞാനും തീരുമാനിച്ചു. (കരഞ്ഞു വിളിച്ചു കാറി കൂവി വിധിയേയും പഴിച്ചു നടന്നപ്പോൾ കാര്യം പിടികിട്ടി എന്നതാണ് നേര് ).

കല്യാണത്തിനു മൂക്കുത്തി കുത്തണോ എന്ന് വീട്ടുകാര് ചോദിച്ചപ്പോൾ ഞാൻ കല്യാണരാമനിലെ സലീം കുമാറിന്റെ ഡയലോഗ് കടമെടുത്തു കൊണ്ടു പറഞ്ഞു “ചത്ത കിളിക്കു എന്തിനാ കൂട് “.

ഭാവികെട്ടിയോനും മൂക്കുത്തിപ്രേമവുമായി വന്നപ്പോൾ ആണ് കേരളത്തിലെ ഒട്ടുമിക്ക ആൺപിള്ളേരും മൂക്കുത്തിയുടെ ആരാധകർ ആണെന്ന് എനിക്ക് മനസിലായത്.

‌ഒടുവിൽ എന്റെ അനിയൻ ഒരു സർപ്രൈസ് ആയി മൂക്കുത്തിയും വാങ്ങി വന്നപ്പോൾ എങ്കിൽ അങ്ങ് കുത്തിയേക്കാം എന്ന് കരുതി. അങ്ങനെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയെങ്കിലും ഞാൻ അങ്ങ് വളരെ വേദനിച്ചു എന്റെ മൂക്കിനെ വിധിക്കു വിട്ടു കൊടുത്തു

കരയാനും വേണമെടോ യോഗ്യതയൊക്കെ എന്ന് ദീപ ടീച്ചർ പറഞ്ഞതു പോലെ ഞാനും മനസ്സിൽ പറഞ്ഞു. “എന്റെ മൂക്കുത്തി കാണാനും വേണമെടോ യോഗ്യതയൊക്കെ “