തങ്ങളുടെ പേര കിടാങ്ങളെ രക്ഷിച്ച്, ദുഷ്ടനായ മായാവിയെ വീണ്ടും പിടിച്ചു കെട്ടാൻ വർഷങ്ങളായി ശ്രമിച്ച്…

കുട്ടൂസൻ കഥ പറയുമ്പോൾ!

Story written by Shintappen

കാട്ടിലെ മര നിർമ്മിതമായ ആ വീട്ടിൽ മൂടിപ്പുതച്ച് കിടക്കുകയാണ് കുട്ടൂസൻ.. വാർദ്ധക്യ സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം വിഷമിക്കുന്ന കുട്ടൂസന് കൂട്ട് ഡാകിനി മാത്രം, പഴയപോലെ ഒന്നിനും വയ്യ,മായാവിയെ പിടിക്കാനുള്ള ശക്തിയും വീറും ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു.

കുറേ കാലങ്ങൾക്ക് മുൻപ് മരപൊത്തിൽ ആരോ ബന്ധനസ്ഥൻ ആക്കിയിരുന്ന മായാവി എന്ന കുട്ടിച്ചാത്തനെ തുറന്ന് വിട്ടത് കുട്ടൂസൻ ആയിരുന്നു..കുട്ടിച്ചാത്തൻ എന്നതിലുപരി അവനെ സ്വന്തം മകനെ പോലെയാണ് നോക്കിയത്..

ആദ്യകാലങ്ങളിൽ അവൻ വിശ്വസ്ഥൻ ആയിരുന്നു, ഒരിക്കലും അടിമയായി അവനെ കുട്ടൂസൻ കരുതിയിട്ടില്ലെങ്കിലും കാലങ്ങൾ കഴിയുന്തോറും താൻ ഒരു അടിമയാണെന്ന അപകർഷതാ ബോധം മായാവിയെ വല്ലാതെ അലട്ടിയിരുന്നു അത് മായാവിയുടെ മനസ്സിൽ കുട്ടൂസനോടും വീട്ടുകാരോടുമുള്ള തീരാ പകയ്ക്ക് കാരണമായി…

ഇതിനെല്ലാം കുട്ടൂസനും ഡാകിനിയും കൊടുക്കേണ്ടി വന്നത് വൻ വിലയാണ് തങ്ങളുടെ മകനെയും മരുമകളെയും കൊല്ലുകയും ഇരട്ടകളായ പേരക്കുട്ടികളെ തട്ടിയെടുക്കുകയും മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് അവരെ വർഷങ്ങളായി അടിമകളായി വളർത്തുകയും ചെയ്യുകയാണ്..

ഇതെല്ലാം കാരണം കുട്ടൂസന് മായാവിയോടുള്ള മനോഭാവം പ്രതികാരം മാത്രമാണ്…തങ്ങളുടെ പേര കിടാങ്ങളെ രക്ഷിച്ച്, ദുഷ്ടനായ മായാവിയെ വീണ്ടും പിടിച്ചു കെട്ടാൻ വർഷങ്ങളായി ശ്രമിച്ച് പരാജയപ്പെടുകയാണ് ആ പാവങ്ങൾ..

ആ വൃദ്ധ ദമ്പതികൾക്ക് ആകെയുള്ള കൂട്ട് ലുട്ടാപ്പിയാണ്, കാര്യം ചില മണ്ടത്തരങ്ങൾ എല്ലാം ഒപ്പിക്കുമെങ്കിലും ലേശം മടിയുള്ള കൂട്ടത്തിൽ ആണെങ്കിലും അവൻ ഭയങ്കര ആത്മാർത്ഥതയുള്ളവനാണ്, തന്നിൽ കഴിയും വിധം എപ്പോഴും സഹായിക്കും.. മായാവി തന്നെക്കാൾ ശക്തനാണെന്ന് അറിഞ്ഞിട്ടും കുട്ടൂസനെ സഹായിക്കാനും അത് മൂലം നേരിടേണ്ടി വരുന്ന കഷ്ട്ടതകൾ സഹിക്കാനും ലുട്ടാപ്പി തയ്യാർ..പിന്നേ ലുട്ടാപ്പിയുടെ കുന്തമുള്ളത് അത്യാവശ്യത്തിന് പുറത്ത് പോകാനൊക്കെ അവർക്ക് എന്ത് സഹായകമാണെന്നോ..

കുട്ടൂസൻ എടുത്ത് വളർത്തിയ അനാഥരായ വിക്രമനും മുത്തുവും വല്ലപ്പോഴും വരും… നല്ല മക്കൾ ആയിരുന്നു… അവർ തന്റെ നേരെ തിരിയുന്നത് മനസിലാക്കിയ മായാവി അവരെയും ഒരു പാട് ഉപദ്രവിച്ചിട്ടുണ്ട്..ഒരു ജോലിയും സമാധാനമായി ചെയ്യാൻ മായാവി സമ്മതിക്കാത്തത് മൂലം തങ്ങളുടെയും ഒപ്പം തങ്ങളെ കാത്ത് പാലിച്ച ആ വൃദ്ധ ദമ്പതികളുടെയും വിശപ്പകറ്റാനായി അവർ മോഷണം വരെ നടത്തേണ്ടി വന്നിട്ടുണ്ട്.

ആദ്യമൊക്കെ അല്ലറ ചില്ലറ മോക്ഷണമൊക്കെയായി അലഞ്ഞു നടക്കുകയായിരുന്നു അവർ, എവിടെ പോയാലും ആ ചാത്തൻ മായാവി വന്ന് കുളമാക്കും, അവർക്ക് പഴയപോലെ ഒന്നും തടയുന്നില്ല, എല്ലാം ഹൈടെക് ആയല്ലോ..പിന്നേ പണിയറിയാവുന്ന ന്യൂ ജെനെറേഷൻ പിള്ളേർ വന്നതോടെ ഫീൽഡിൽ നിന്ന് ഔട്ടായ മട്ടാണ്.. എന്നാലും അവർ സ്നേഹമുള്ളവരാണ്..

പട്ടിണി ആണെങ്കിലും ലുട്ടാപ്പി എവിടെ നിന്നെങ്കിലും കൊണ്ട് വരുന്ന കാട്ട് കനികളും പഴങ്ങളുമൊക്കെയാണ് പലപ്പോഴും എല്ലാവരുടെയും വിശപ്പകറ്റുന്നത്.

ഒരു ബന്ധമില്ലെങ്കിലും എപ്പോഴും ഒന്നിച്ചു നടക്കുന്ന വിക്രമനും മുത്തുവും കൂടപ്പിറപ്പുകൾ പോലെയാണ്.. നല്ലൊരു കൊള്ള നടത്തി അതിൽ നിന്ന് കിട്ടുന്ന പണത്തിൽ നിന്ന് കുട്ടൂസനും ഡാകിനിക്കും ഒരു വീട് പണിത് കൊടുക്കണമെന്നാണ് അവരുടെ ആഗ്രഹം..

ഒരു അപകടത്തിൽ നിന്ന് തങ്ങളെ രക്ഷപ്പെടുത്തിയ വിക്രമനോടും മുത്തുവിനോടും എന്നും കടപ്പെട്ടിരിക്കുന്ന രണ്ട് പേരാണ് ലൊട്ട്ലൊടുക്ക് ഗുൽഗുൽമാൽ എന്നീ ശാസ്ത്രജ്ഞർ…വിക്രമിനെയും മുത്തുവിനെയും സഹായിക്കാൻ അവർ എപ്പോഴും തയ്യാറാണ്.. എന്നാൽ ചിലപ്പോഴൊക്കെ… ചിലപ്പോഴല്ല എല്ലായ്പോഴും തോൽവിയാണ് ബാക്കി… എല്ലാത്തിനും കാരണം മായാവി എന്ന കുട്ടിച്ചാത്തൻ ആയത് കൊണ്ട് ഇവരുടെയും ലക്ഷ്യം മായാവിയെ തകർക്കുക എന്നുള്ളത് തന്നെയാണ്.

തീരെ ഗതികെട്ട് പോകുമ്പോൾ ലുട്ടാപ്പി സ്വന്തം അമ്മാവനായ പുട്ടാലുവിനെ തേടിയെത്തും.. പൊതുവെ അലസനായ ഭീകര രൂപമുള്ള പുട്ടാലു അമ്മാവൻ അനന്തരവനെ സഹായിക്കാൻ ശ്രമിക്കാറുണ്ട് എങ്കിലും ശാന്തത ആഗ്രഹിക്കുന്ന ഏകാന്തത ഇഷ്ട്ടപ്പെടുന്ന കൂട്ടത്തിലാണ് പുട്ടാലു.. പുട്ടാലുവിനും മായാവിയിൽ നിന്ന് ദുരനുഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്..

ഇവരെല്ലാവരും ഒറ്റക്കെട്ടാണ് തങ്ങളെ ഇത്രയും കാലമായി ദ്രോഹിച്ച് കൊണ്ടിരിക്കുന്ന മായാവിയെ തളച്ച് രാജുവിനെയും രാധയെയും രക്ഷപ്പെടുത്തൽ തന്നെയാണ് ഇവരുടെ ലക്ഷ്യം.

കാട്ട് മരുന്നും മറ്റും കഴിച്ച് പനിയും അസ്വസ്ഥതയും മാറാതെ വന്നപ്പോഴാണ് കുട്ടൂസൻ മനസില്ലാ മനസ്സോടെ വനാതിർത്തിയിലുള്ള ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. കൊറോണകാലം ആയതിനാൽ ചെക്കപ്പുകൾ എല്ലാം നടത്തി നോക്കി, പ്രശ്നങ്ങൾ ഒന്നുമില്ല… മരുന്നും വാങ്ങി തിരികെ കാട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് ലുട്ടാപ്പി ആ സന്തോഷ വാർത്തയുമായി വന്നത്…

മായാവിക്ക് കൊറോണയാണത്രെ…രണ്ടാഴ്ച്ചയായി അഡ്മിറ്റാണ് മാത്രമല്ല ഐസൊലേഷൻ വാർഡായത് കൊണ്ട് മായാവിയുടെ മാന്ത്രിക വടി ഡോക്ടർമാർ വാങ്ങി മാറ്റി വച്ചിരിക്കുകയാണ്…

വരുൺ കൊലപാതകത്തിന്റെ പുതിയ വാർത്ത വായിച്ചു കൊണ്ടിരുന്ന കുട്ടൂസൻ ഒരു നിമിഷത്തേയ്ക്ക് വയ്യായ്കകൾ എല്ലാം മറന്നു..എന്നാൽ സന്തോഷം ഒട്ടും പുറത്ത് കാണിക്കാതെ ..എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടി..

അന്ന് രാത്രി കമ്പിളി പുതച്ച് ഐസൊലേഷൻ വാർഡിലേക്ക് പതുങ്ങി പോകുന്ന കുട്ടൂസൻ വാർഡിൽ കറുത്ത ജെട്ടിയിട്ട് കിടന്നുറങ്ങുന്ന മായാവിയെ ചില്ല് വാതിലിലൂടെ കുറേ നേരം നോക്കി നിന്നു…

പിറ്റേന്നത്തെ പത്രവാർത്ത : “കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ കാണ്മാനില്ല.. കോവിഡ് പോസിറ്റീവ് ആയി ചികിത്സയിൽ ആയിരുന്ന മായാവി എന്ന കുട്ടിച്ചാത്തനെ ദുരൂഹ സാഹചര്യത്തിൽ കാണാതായിരിക്കുന്നു… ഇന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെ ആണ് സംഭവം അരങ്ങേറിയത്”

വാർത്ത വായിച്ചു കൊണ്ടിരുന്ന ഡാകിനി കുട്ടൂസനോട് ചോദിച്ചൂ “നിങ്ങൾ ആണ് ഇതിന്റെ പുറകിൽ എന്നറിയാം.. എന്നോട് പറ എന്താ ഉണ്ടായത് എന്ന്?”

കുട്ടൂസൻ :- “ആ രഹസ്യം ഈ ഭൂമിയിൽ രണ്ടാമത് ഒരാൾ അറിയില്ല! അത് എന്നോടൊപ്പം മണ്ണിൽ അലിഞ്ഞു ഇല്ലാതാകും “

ഡാകിനി ഒന്നും മനസിലാവാതെ എന്തോ ആലോചിച്ചു നിൽക്കുമ്പോൾ കുട്ടൂസൻ താൻ ചെയ്ത കാര്യങ്ങൾ ഓരോന്നായി മനസ്സിൽ കാണുകയായിരുന്നു

“ആശുപത്രിയിൽ വെള്ളം കൊണ്ട് വരുന്ന വലിയ പ്ലാസ്റ്റിക്ക് ജാർ സംഘടിപ്പിക്കുന്ന കുട്ടൂസൻ ( ചില്ല് കുപ്പി തകർത്താണ് എപ്പോഴും മായാവി രക്ഷപ്പെടാറ് ).. നഴ്സിംഗ് റൂമിൽ നിന്നും മായാവിയുടെ മാന്ത്രിക വടി കയ്യിലാക്കിയ കുട്ടൂസൻ കമ്പിളിക്കുള്ളിൽ രണ്ടും ഒളിപ്പിച്ച് ഐസൊലേഷൻ വാർഡിൽ ഉറങ്ങി കിടന്ന മായാവിയെ തന്ത്രപൂർവ്വം കുപ്പിയിൽ ആക്കുന്നു… കുപ്പിയുമായി നേരെ പോയത് വരുണിന്റെ അസ്ഥി കുഴിച്ചെടുത്ത അടുത്തുള്ള രാജാക്കാട് പോലീസ് സ്റ്റേഷനിലേക്കാണ്..

അസ്ഥികൾ കണ്ടെടുത്ത ശേഷം തറ പഴയ പോലെയാക്കുന്ന പണി നടക്കുന്നതിനാൽ ഒരു പോലീസ്കാരൻ മാത്രമേ ഉള്ളു അതും സ്റ്റേഷന് പുറത്ത് ചാരിയിരുന്ന് ഉറങ്ങുകയാണ്.. റൂമുകളിൽ മണ്ണ് തിരികേ നിറയ്ക്കുന്ന പണി പാതിയിൽ ആണ്.. അവിടെ കിടന്ന ഒരു കൈക്കോട്ട് കൊണ്ട് ശബ്ദം ഉണ്ടാക്കാതെ മണ്ണ് മാറ്റി മായാവിയുള്ള ജാർ അവിടെ വെച്ച് തിരികേ മണ്ണ് കോരിയിട്ട് ചവിട്ട് ഉറപ്പിച്ച് ആരും കാണുന്നില്ല എന്നുറപ്പ് വരുത്തി ഇറങ്ങുന്നു. ഇനി അഥവാ ആ ജാർ കുഴിച്ചെടുക്കപ്പെട്ടാലും മാന്ത്രിക വടി തന്റെ കയ്യിൽ ഉള്ളതിനാൽ എപ്പോൾ വേണമെങ്കിലും മായാവിയെ തളയ്ക്കാം എന്നും കുട്ടൂസന് മുൻധാരണ ഉണ്ടായിരുന്നു…

പുറത്ത് ഉറങ്ങുന്ന പോലീസ്കാരനെ നോക്കി മനസ്സിൽ പറയുന്നു ” വേറേ മാർഗ്ഗമില്ലാതെ നിവർത്തികേട് കൊണ്ട് ചെയ്തതാണ് സർ..അത് കൊണ്ട് തന്നെ സാറും ഈ പോലീസ് സ്റ്റേഷനും എന്നെ സംരക്ഷിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു ?”

(അവിടെയാണ് കുട്ടൂസൻ എന്ന വിദ്യാഭ്യാസം ഇല്ലാത്തവനെ എല്ലാവരും അണ്ടർ എസ്റ്റിമേറ്റ് ചെയ്തത് )

ഡാകിനിയുടെ വിളി കേട്ട് ഓർമ്മകളിൽ നിന്ന് ഞെട്ടിയ കുട്ടൂസനോട് ഡാകിനി ചോദിച്ചൂ ” നമുക്ക് പോയി മക്കളെ (രാജുവിനേം രാധയെയും ) കൊണ്ട് വരണ്ടേ?..അവരെ കാര്യങ്ങൾ എല്ലാം പറഞ്ഞ് മനസിലാക്കിക്കാൻ എളുപ്പമല്ല.. ഇങ്ങനെ ഇരുന്നാൽ മതിയോ?…

കുട്ടൂസൻ : നീ വേഗം ലുട്ടാപ്പിയെ വിളിക്ക്

എടാ ലുട്ടാപ്പിയേ…

ഡാകിനി അമ്മൂമ്മയുടെ അലറിയുള്ള വിളി ലുട്ടാപ്പിക്ക് ഒട്ടും ഇഷ്ട്ടമായില്ല… കാലത്ത് തന്നെ തള്ള കീറി പൊളിക്കുകയാണല്ലോ എന്ന് മനസ്സിൽ പ്രാകി.. മനസ്സില്ലാ മനസ്സോടെ കുന്തവും കൊണ്ട് ചെന്നൂ… എന്നാൽ കാര്യമറിഞ്ഞപ്പോൾ ലുട്ടാപ്പിക്കും ഒരുപാട് സന്തോഷമായി…

അങ്ങനെ ആ മൂവർ സംഘം കുന്തത്തിൽ കയറി യാത്ര തുടങ്ങി… രാജുവിന്റെ വീട്ടിലേക്ക് മാത്രമല്ല പുതിയൊരു ചരിത്രത്തിലേക്ക്..

തങ്ങളെ ഇത്രയും കാലം വെറുത്ത ജനങ്ങളുടെ മനസിലേക്ക് നന്മയുള്ള കഥാപാത്രങ്ങളായി.. ഏവരുടെയും സ്നേഹം ഏറ്റുവാങ്ങി കൊണ്ട്…കയ്യടി നേടിക്കൊണ്ട്…

ദൂരെ മണ്ണിന്റടിയിൽ.. ഭദ്രമായി അടച്ച കട്ടിയുള്ള ജാറിൽ..താൻ എവിടെയാണെന്ന് പോലും അറിയാതെ മായാവി അപ്പോഴും ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു..