നെറ്റിയിൽ നിന്നും ഊർന്ന് വീണ വിയർപ്പുതുള്ളികൾ തുടച്ചു മാറ്റി ആശ്വാസത്തോടെ അലക്കുകല്ലിനടുത്തേയ്ക്ക് നടന്നു…

ഹൃദയരേഖ

എഴുത്ത് :റോസി‌ലി ജോസഫ്

എന്റെ രാധികേ നീയാ കുഞ്ഞിനെ ഒന്നെടുക്കുന്നുണ്ടോ..? എത്ര നേരായി അത് കിടന്നു കരയുന്നു

തൊട്ടിലിൽ രണ്ടു കയ്യും നീട്ടി അമ്മേ അമ്മേ എന്ന് വിളിച്ചു കരയുന്ന കുഞ്ഞിനെ കണ്ടപ്പോൾ വത്സലയ്ക്ക് സങ്കടം തോന്നി. അവർ പയ്യെ കട്ടിലിൽ നിന്നെഴുന്നേക്കാൻ ശ്രമിക്കുമ്പോഴാണ് രാധിക കുപ്പിപാലുമായി ഓടിവന്നത്

അൽപ്പം മുൻപ് പാല് കൊടുത്തുറക്കിയിട്ട് പോയതാ. അടുക്കളയിൽ ഒരുപാട് ജോലി ഉണ്ടായിരുന്നു കുഞ്ഞെഴുന്നേൽക്കുന്നതിനു മുന്ന് അതെല്ലാം ചെയ്തു തീർക്കണം എന്ന് വിചാരിച്ചതാ ഇനിയിപ്പോ അതെല്ലാം എപ്പോ ചെയ്തു തീർക്കാനാവോ

തൊട്ടിലിൽ നിന്നും കുഞ്ഞിനെ വാരി മടിയിലിരുത്തി പാല് കൊടുത്തിട്ടും കുഞ്ഞു കരച്ചിൽ നിര്ത്തുന്നുണ്ടായിരുന്നില്ല

കുഞ്ഞിന് ചൂടെടുത്തിട്ടാവും നീയതിനെ ഇവിടെ കൊണ്ട് വന്നു കിടത്ത്‌

സമയം കടന്നു പോയി .മടിയിൽ കിടന്നുറങ്ങിയ കുഞ്ഞിനെ അവൾ അമ്മയ്ക്കരികിലായി കിടത്തി തന്റെ ജോലിയിലേക്ക് തിരിഞ്ഞു. മുഷിഞ്ഞ തുണികൾ വാരി കെട്ടി അടുക്കളമുറ്റത്തെയ്ക്ക് നടക്കുമ്പോഴും അവള്ടെ മനസ്സ് നിറയെ മഹിയെട്ടൻ ആയിരുന്നു ഉച്ചക്ക് എത്തുമെന്നണു പറഞ്ഞത് ഊണാണെങ്കിൽ കാലമായിട്ടില്ല വെയില് മങ്ങുന്നതിനു മുൻപ് തുണി നനച്ചില്ലെങ്കിൽ അതും നടക്കില്ല. ഓരോന്നാലോച്ചിച്ചു തുണി നനയ്ക്കുമ്പോൾ ആയിരുന്നു ഫോൺ ബെല്ലടിച്ചത്

മഹിയെട്ടനായിരിക്കും.. !

സാരിതുമ്പിൽ കയ്യിലെ സോപ്പ് വെള്ളം തുടച്ചു ഓടിച്ചെന്നു അടുക്കളയിലെ ഷെൽഫിൽ വെച്ചിരുന്ന ഫോണെടുത്തു ചെവിയോട് ചേർത്തപ്പോഴേയ്ക്കും ബെല്ല് നിന്നു

ശോ കട്ടായല്ലോ ഇനി മഹിയേട്ടന്റെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കണം

അവൾ നിരാശയോടെ തിരിഞ്ഞപ്പോൾ വീണ്ടും ബെല്ല് കേട്ടുഎടുക്കാനായി വേഗത്തിൽ തിരിഞ്ഞതും കാല് ചെന്ന് ഭിത്തിയിൽ ശക്തിയായി ഇടിച്ചു. ഇടിയുടെ വേദനയിൽ കണ്ണ് നിറഞ്ഞുപോയി.

ഹലോ മഹിയെട്ടാ..

എവിടെ ആയിരുന്നു രാധു നീ, എത്ര നേരായി ഞാൻ വിളിക്കുന്നു

ഞാൻ തുണി കഴുകുവായിരുന്നു

ആ ശരി ഞാൻ അൽപ്പം താമസിക്കും വരാൻ..

മ്മ് അവൾ മറുപടി ഒരു മൂളലിൽ ഒതുക്കിയെങ്കിലും ഉള്ളിൽ കുറച്ചു സന്തോഷം തോന്നി. ഇപ്പഴെങ്ങാനും മഹിയേട്ടൻ വന്നാൽ കൂട്ടാൻ മീൻ മാത്രമേ ഉള്ളു എന്തായാലും ഭാഗ്യം. അവൾ ഉള്ളിൽ ചിരിച്ചു കൊണ്ട് ഫോൺ കട്ട് ചെയ്തു

മഹി ആയിരുന്നോ..? അകത്തു നിന്ന് അമ്മയുടെ ശബ്ദം

അതേ അമ്മേ വരാൻ ലൈറ്റ് ആവുമെന്ന് പറയാൻ വിളിച്ചതാ..

നെറ്റിയിൽ നിന്നും ഊർന്ന് വീണ വിയർപ്പുതുള്ളികൾ തുടച്ചു മാറ്റി ആശ്വാസത്തോടെ അലക്കുകല്ലിനടുത്തേയ്ക്ക് നടന്നു

മഹിയേട്ടൻ വരുമ്പോഴേക്കും ജോലിയെല്ലാം ചെയ്തു തീർക്കണം

വെയിലിന്റെ കാഠിന്യം കൂടുംതോറും നെറ്റിയിലെ വിയർപ്പ് പൊടിഞ്ഞു കൊണ്ടിരുന്നു

തുണി അലക്കി വിരിച്ചു അടുക്കളയിൽ വന്നു ചോറ് വാർത്തു വെച്ചു. പിന്നെ കൂട്ടാനുള്ള കഷ്ണങ്ങൾ അരിഞ്ഞു. സമയം പന്ത്രണ്ട് ആയി. മഹിയേട്ടന് മെഴുക്കുപുരട്ടിയും അൽപ്പം മീൻകറിയും ഒരു ചമ്മന്തിയും ഉണ്ടെങ്കിൽ പിന്നെ വേറൊരു കറിയും വേണ്ട. അവൾ പുഞ്ചിരിയോടെ ഓർത്തു

(മഹേഷ്‌, രാധികയുടെ ഭർത്താവ് . എറണാകുളത്ത് സ്റ്റേഷൻ മാസ്റ്റർ ആണ്. ആഴ്ചയിൽ ഒന്ന് എന്ന് രീതിയിൽ വന്നിട്ട് പോകും )

************************

മണി നാലായി. പുറത്തു കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടതും മൊബൈൽ കിടക്കയിൽ വെച്ച് പുറത്തേയ്ക്ക് ഓടി. വാതിൽ തുറക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന സന്തോഷം കൃതൃമമായ പരിഭവത്തിലേയ്ക്ക് വഴിമാറി

നിന്റെ മോന്തയെന്താ കടന്നല് കുത്തിയത്പോലെ സുഖാണോ നിനക്ക്..?

മ്മ് ഏട്ടനെന്താ രാവിലെ വരുമെന്ന് പറഞ്ഞിട്ട് ഇത്ര വൈകിയത്

അത്കൊണ്ട് നിനക്ക് സന്തോഷമായില്ലേ പറഞ്ഞ സമയത്തു വന്നിരുന്നെങ്കിൽ നിനക്ക് വിഷമം ആവില്ലായിരുന്നോ..?

അവൾ ഞെട്ടിപ്പോയി . ഞെട്ടൽ മറച്ചു വെച്ചു അവൾ ചോദിച്ചു എന്തിന്..?

ഉച്ചക്ക് ഞാൻ വന്നിരുന്നെങ്കിൽ നീ എനിക്ക് രണ്ടുമൂന്നു കൂട്ടം കറി ഒരുക്കി ചോറ് തരുമായിരുന്നോ..?

അവൾക്കത് കേട്ട് കുറ്റബോധവും ചമ്മലും തോന്നി

അത് … ഞാൻ…അവൾ മുഖത്തേയ്ക്ക് നോക്കാതെ കുനിഞ്ഞു നിന്നു

ഉച്ചക്ക് ഞാൻ വിളിച്ചപ്പോ വരാൻ ലൈറ്റ് ആകുമെന്ന് പറഞ്ഞിട്ടും നീ അതിന്റെ കാരണങ്ങൾ ഒന്നും ചോദിച്ചില്ല അല്ലെങ്കിൽ അറ്റവും വേരും വരെ ചികഞ്ഞു കണ്ടുപിടിക്ക്ന്നവളല്ലേ…

സാരല്ല പോട്ടെ ഞാൻ ഉച്ചക്ക് വരാതിരുന്നത് അതുകൊണ്ടൊന്നുമല്ല ബസ് ഹർത്താൽ ആയിരുന്നു നമ്മുടെ നാടല്ലേ അതുകൊണ്ട് ഞാൻ കുറേ ദൂരം നടന്നു. ഭാഗ്യത്തിന് ഒരു ഓട്ടോ കിട്ടി

അവൾ അയാള്ടെ കയ്യിൽ നിന്നും ബാഗും പിടിച്ചു വാങ്ങി അകത്തെയ്ക്ക് നടന്നു

അതേയ് നല്ല വിശപ്പുണ്ട്. എന്തെങ്കിലും വേഗം വേണം എനിക്ക്

അവൾ പുഞ്ചിരിയോടെ ബാഗ് അകത്തു വെച്ച് അടുക്കളയിലേയ്ക്ക് നടന്നു . അവൾ തന്റെ അരികിൽ നിന്നും പോയതും അയാൾ ബാഗിൽ നിന്നും ഒരു കവറ്മെടുത്തു അമ്മ കിടക്കുന്ന മുറിക്കരികിൽ ചെന്നു. അമ്മ കണ്ണടച്ച് കിടക്കുകയായിരുന്നു. പുറത്തു കാൽപെരുമാറ്റം കേട്ടതും അവർ മുഖമുയർത്തി

മോനെ മഹി നീ എപ്പോ വന്നെടാ വാ ഇവിടെ വന്നിരിക്ക്..

മകനെ കണ്ടതും സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ തിളങ്ങി

ഞാനിപ്പോ വന്നതേ ഉള്ളു അമ്മേ കണ്ടില്ലേ ഡ്രസ്സ് പോലും മാറ്റിയിട്ടില്ല അമ്മയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ട് കാല് വേദന ഒക്കെ കുറവുണ്ടോ..?

മ്മ് കുറവുണ്ട് പക്ഷേ ആ വീഴ്ചയിൽ ആണെന്ന് തോനുന്നു നടുവിന് ചെറിയൊരു വേദന തോന്നുന്നുണ്ട്

നമ്മുക്ക് ഒരു നല്ല ഡോക്ടറെ കാണാം അമ്മേ. എന്തായാലും നാളെ വൈകുന്നേരം അല്ലെ ഞാൻ പോകൂ. നമ്മുക്ക് നോക്കാം..

അല്ല എന്താ നിന്റെ കയ്യിലൊരു കവറ് ..?

ഓ അതോ അത് ഞാനമ്മയ്ക്ക് ഒരു സാരി വാങ്ങിയതാ അവളോട് പറയണ്ട..

താ നോക്കട്ടെ..

കവറു വാങ്ങി അവർ സാരി എടുത്തു മടിയിൽ ഇട്ടു . വിലകൂടിയതാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവർക്ക് മനസ്സിലായി

എന്തിനാടാ എനിക്ക് ഇത്രയും നല്ല സാരിയൊക്കെ ഞാനെന്താ എവിടെ എങ്കിലും പോകുന്നുണ്ടോ..? ഇത് വാങ്ങിയ നേരത്ത് നീ അവൾക്കും കൊച്ചിനും എന്തെങ്കിലും വാങ്ങിച്ചു കൊടുത്തിരുന്നെങ്കിൽ പ്രയോജനം ഉണ്ടായേനെ..

അമ്മയുടെ കയ്യിലെ മുന്തിയ ഇനം സാരി കണ്ടാണ് രാധിക മുറിയിലേയ്ക്ക് വന്നത്

ദേ നീ ഇതവള്ക്ക് കൊടുക്ക്..

വേണ്ടമ്മേ അവൾക്ക് ഞാൻ വേറെ വാങ്ങി കൊടുത്തോളം ഇത് തല്ക്കാലം അമ്മ വെച്ചോ..

മഹിയെട്ടാ ദേ കഴിക്കാൻ എടുത്തു വെച്ചു

രാധിക അതും പറഞ്ഞു മുറിയിൽ നിന്നിറങ്ങി പോയി. അവള്ടെ മനസ്സിൽ നല്ല സങ്കടവും കുശുമ്പും ഉണ്ടായിരുന്നു പക്ഷേ അതൊന്നും അവൾ പുറത്തു കാട്ടിയില്ല

മോള് നല്ല ഉറക്കമാണ് അല്ലെ അമ്മേ..

ഓ എന്റെ മോനേ ഇപ്പഴാ ഒന്നുറങ്ങിയത് എന്തൊരു കരച്ചിൽ ആയിരുന്നു അവളെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കില്ല …വത്സല ചിരിച്ചു കൊണ്ട് പറഞ്ഞു. മഹി അമ്മയ്ക്കരികിൽ കിടന്ന കിങ്ങിണി മോൾടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു

രാധു എനിക്ക് കുറച്ചു ചൂടുവെള്ളം വേണട്ടോ…!! ഒന്ന് കുളിക്കണം നല്ല ക്ഷീണം

കയ്യ് കഴുകി മേശയ്ക്കരികിൽ വന്നിരുന്നതും അയാൾ പറഞ്ഞു

അവൾ ഒന്നും മിണ്ടാതെ ചോറ് വിളമ്പി

നീ കഴിച്ചായിരുന്നോ…?

മ്മ്..

***********************

അന്ന് രാത്രിയിലെ അത്താഴവും കഴിഞ്ഞു മാവ് അരയ്ക്കാൻ ഉണ്ടായിരുന്നു അതും കഴിഞ്ഞു ഏറെ വൈകിയാണ് അവൾ മുറിയിലേയ്ക്ക് വന്നത്. ഒന്ന് രണ്ടു പ്രാവശ്യം മഹി അടുക്കളയിൽ വന്നെങ്കിലും അവൾ അയാളെ ഓടിച്ചു വിട്ടു

സാരി തുമ്പു കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചു അവൾ തൊട്ടിലിൽ കിടന്ന കുഞ്ഞിനെ എടുത്തു

കുളിച്ചിട്ടും എന്തൊരു ചൂടാണ്.. ! അവൾ ഫാനിന്റെ സ്പീഡ് കൂട്ടി

കണ്ണും തുറന്നു കിടക്കുകയായിരുന്നു കിങ്ങിണി മോൾ . അവൾക്ക് പാല് കൊടുക്കാൻ മടിയിൽ വെച്ചിരുന്നപ്പോഴാണ് കള്ളനെ പോലെ പമ്മി പമ്മി മഹേഷ്‌ പിന്നിലൂടെ വന്നത്. അവള്ടെ കഴുത്തിൽ അയാൾ മുഖമമർത്തി

ദേഷ്യവും സങ്കടവും വന്നിട്ട് പൊട്ടിക്കരയണം എന്നവൾക്ക് തോന്നി. അതുവരെ ഉണ്ടായിരുന്ന സങ്കടം കവിളിലൂടെ ഒഴുകിയിറങ്ങി. മഹി അവളെ തിരിച്ചിരുത്തി കുമ്പിട്ടിരുന്ന മുഖം അയാൾ കൈവെള്ളയിൽ കോരിയെടുത്തു

എന്തിനാ കരയുന്നെ..?

ഒന്നൂല്ല

പറ രാധു..

ഞാൻ നിങ്ങടെ ഭാര്യ അല്ലെ ജോലിക്കാരി അല്ലല്ലോ..

അയാൾ ഒന്നും മനസ്സിലാവാതെ അവള്ടെ മുഖത്തെയ്ക്ക് തുറിച്ചു നോക്കി

രാവിലെ മുതൽ ഈ നേരം വരെ വിശ്രമം ഇല്ലാതെയാ ജോലി ചെയ്യുന്നേ ഒരു നല്ല വാക്ക് പോലും ആരും പറയില്ല

അതിനിപ്പോ ഇവിടെ എന്തു സംഭവിച്ചു എന്നാ നീ പറയുന്നേ..

ഒന്നൂല്ല..

രാധു എനിക്ക് ദേഷ്യം വരുമെ നീ പറയുന്നുണ്ടോ..?

അമ്മയ്ക്ക് സാരി വാങ്ങി കൊടുത്തിട്ട് എനിക്കൊന്നും വാങ്ങിയില്ലല്ലോ

ഓ അതാണ് കാര്യം. ന്റെ രാധു നിന്റെ ഒരു കാര്യം ഈ അസൂയക്കും കുശുമ്പിനും മരുന്നില്ലാട്ടോ രാധു അയാൾ പൊട്ടിച്ചിരിച്ചു.

എനിക്ക് അസ്സൂയ ഒന്നൂല്ല. അമ്മയ്ക്ക് വാങ്ങിയപ്പോ എനിക്കൊന്നും വാങ്ങിയില്ലല്ലോ അതുകൊണ്ട് പറഞ്ഞതാ ഇന്നുവരെ എന്തെങ്കിലും വേണമെന്ന് പറഞ്ഞു ഞാൻ വാശി പിടിച്ചിട്ടുണ്ടോ..?

ദേ മോളുറങ്ങി നീ അവളെ കിടത്ത്

രാധു കുഞ്ഞിനെ ബെഡിൽ കിടത്തിയതും അയാൾ അവളെ അയാൾക്കഭിമുഖമായി ഇരുത്തി

ഞാൻ നിന്നെ എന്നെങ്കിലും മറന്നിട്ടുണ്ടോ രാധു വീട്ടുകാരെ ഉപേക്ഷിച്ചു എന്റെ സ്നേഹം മാത്രം മതിന്ന് പറഞ്ഞു വന്നവളാ നീ. അങ്ങനെയുള്ള നിന്റെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കുമോ

ദേ ഇങ്ങോട്ട് നോക്കിക്കേ..വാടിയ മുഖം അയാൾ കയ്യ്കുമ്പിളിൽ കോരിഎടുത്തു

നിനക്ക് ഞാനില്ലേ.. !

ഇങ്ങോട്ട് നോക്കിക്കേ പിണക്കം മാറ്റാൻ എന്റെ കയ്യിൽ ഒരു സാധനം ഉണ്ട്.

ഉമ്മയായിരിക്കും അവൾ മനസ്സിലോർത്തു

കണ്ണടച്ചാൽ സമ്മാനം തരാം.. !

അവൾ ആകാംഷയോടെ അയാള്ടെ മുഖത്തേയ്ക്ക് നോക്കി.

കണ്ണടയ്ക്ക്.. !

കടും റോസ് നിറമുള്ള പേപ്പറിൽ പൊതിഞ്ഞ എന്തോ ഒന്ന് അവള്ടെ കയ്യ്ക്കുള്ളിൽ വെച്ചു കണ്ണ് തുറക്കാൻ ആവശ്യപ്പെട്ടു

തുറന്നു നോക്ക്

അവൾ ആകാംഷയോടെ പേപ്പർ തുറന്നു അതിൽ വെള്ളാരം കല്ലുള്ള മൂക്കുത്തി കണ്ട് അവൾ ഞെട്ടിപ്പോയി

ഇപ്പൊ പിണക്കം മാറിയോ..?

മ്മ്..

നീ ഇത് എന്തു ചെയ്യാൻ പോവാ ..

ഇപ്പൊ തന്നെ ഇത് ഇട്ടേക്കാം മൂക്കിന്റെ തുള അടഞ്ഞിട്ടില്ലല്ലോ…

ഈ പെണ്ണിന്റെ കാര്യം. അയാൾ അവളെ നോക്കി കിടക്കയിൽ തന്നെ മുട്ടിന്മേൽ താടി കുത്തിയിരുന്നു

നല്ല ചന്തം ഉണ്ട് പെണ്ണിനെ കാണാൻ.. !

മുക്കൂത്തി ഇട്ട് അയാൾക്ക് നേരെ തിരിഞ്ഞ അവളെ കണ്ട് മനസ്സ് മന്ത്രിച്ചു

സൂപ്പർഡാ അയാൾ പറഞ്ഞു

സന്തോഷം കൊണ്ട് ഒരു ഉത്സവത്തിനു പോയ കുട്ടിയേ പോലെ ആയിരുന്നു അവളപ്പോൾ

ലൈറ്റ് അണച്ചു മഹിയുടെ നെഞ്ചിൽ ചേർന്ന് കിടന്നപ്പോഴാണ് അവൾ അത് ചോദിച്ചത്

ഇത്രയും നേരമായിട്ടും എന്താ അത് തരാഞ്ഞത്..

നീ ചോദിക്കട്ടെ എന്ന് കരുതി. അമ്മയ്ക്ക് കൊടുത്ത സാരി കണ്ട് നിന്റെ മുഖം വാടിയതൊക്കെ ഞാൻ ശ്രദ്ധിച്ചു. നേരത്തെ വാങ്ങി വെച്ചതാ അതിപ്പോ നന്നായിന്ന് തോന്നുന്നു. ഇവിടെ വന്നു വാങ്ങാൻ ഇരുന്നിരുന്നെങ്കിൽ അബദ്ധമായേനെ..

അതെന്തിന് എന്ന അർത്ഥത്തിൽ അവൾ അയാളെ നോക്കി

ഹർത്താൽ അല്ലായിരുന്നോ..

മ്മ്..

മഹിയെട്ടാ..

നമ്മുക്ക് ഏട്ടൻ താമസിക്കുന്ന അവിടെ എവിടെ എങ്കിലും താമസിചൂടെ..

അതെന്താ നിനക്കെന്നെ പിരിഞ്ഞിരിക്കാൻ പറ്റില്ല എന്നുണ്ടോ..?

അതല്ല, ഇവിടെ എന്തോ ഒരു വല്ലാത്ത ഭയം തോന്നുന്നു രാത്രി ആയാൽ. ആരൊക്കെയോ വീടിനു ചുറ്റും നടക്കുന്നത് പോലെ..അവൾ ഭീതിയോടെ ചുറ്റിലും നോക്കി

ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…