ഹൃദയരേഖ ~ ഭാഗം 02 , എഴുത്ത്: റോസിലി ജോസഫ്

മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

നീയെന്താ ഈ നോക്കുന്നത് കിടന്നുറങ് പെണ്ണേ..

അയാൾ അവളെ നോക്കി നെറ്റി ചുളിച്ചു കിടന്നു. പണ്ടും ഇങ്ങനെ തന്നെയാണ് എന്തെങ്കിലും ഒരു ചെറിയ ശബ്ദം കേട്ടാൽ മതി പേടിച്ചു വിറച്ചു പുതപ്പിനടിയിൽ ഒളിക്കും ഇങ്ങനെ ഒരു പേടിത്തൊണ്ടി

മഹിയേട്ടനു ഞാൻ പറഞ്ഞിട്ട് വിശ്വാസം വരുന്നില്ലെന്നാണെങ്കിൽ അമ്മയോട് ചോദിക്കാമല്ലോ ..!

അവൾ കട്ടിലിൽ നിന്നും ചാടിയിറങ്ങി

എന്റെ രാധു നീ ഇവിടെ വന്നു കിടക്കുന്നുണ്ടോ അമ്മ ഉറങ്ങി കാണും

എന്നാലും ഏട്ടാ..

ഒരെന്നാലും ഇല്ല നാളെ നേരം വെളുക്കട്ടെ എന്നിട്ട് സംസാരിക്കാം നമ്മുക്ക് അതേ പറ്റി. എനിക്കിന്നൊരു രാത്രിയെ ഉള്ളു പെണ്ണെ നിന്റെ കൂടെ അത് നീ നശിപ്പിക്കരുത്

അവൾ ചിണുങ്ങി കൊണ്ട് അരികിൽ വന്നു കിടന്നു

കുറച്ചു നേരം കഴിഞ്ഞപ്പോൾ ,

മഹിയേട്ടാ..

അവൾ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി വിളിച്ചു പക്ഷേ ഉറക്കെയുള്ള കൂർക്കം വലി കേട്ടപ്പോഴെ മനസ്സിലായി ഇനി നാളെ നേരം വെളുക്കുമ്പഴേ കിടക്കയിൽ നിന്നെഴുന്നേൽക്കൂ. മുഖം വീർപ്പിച്ചു ഒരരികു ചേർന്ന് അവളും കിടന്നു , എപ്പോഴോ ഉറങ്ങിപ്പോയി

പിറ്റേന്ന് പ്രഭാതം. രാധിക കുളി കഴിഞീറനായി വന്നു കിടക്കയിൽ ഇട്ടിരുന്ന കസവു വേഷ്ടി എടുത്തുടുത്തു.മഹിയേട്ടൻ വീട്ടിൽ ഉള്ളപ്പോഴോക്കെ അതുടുക്കണം അയാൾക്കതു നിർബന്ധം ആണ്. നിർബന്ധം അല്ല ഒരു തരം ഇഷ്ടം

നനഞ്ഞ മുടി തോർത്ത്‌കൊണ്ട് ചുറ്റികെട്ടി അടുക്കളയിലേയ്ക്ക് നടന്നു. മണി ആറു കഴിഞ്ഞു. അടുപ്പത്തിരുന്ന ചായ രണ്ട് ഗ്ലാസെടുത്ത് പകർന്നു അമ്മയുടെ മുറിയിലേയ്ക്കു നടന്നു.

അമ്മേ ചായ.. ! കിടക്കയോട് ചേർന്നുള്ള ടീപോയ്‌ൽ ചായ ഗ്ലാസ്‌ വെച്ച് കയ്യിലുള്ള മറ്റേ ചായയുമായി അവൾ ബെഡ്‌റൂമിലേയ്ക്ക് നടന്നു. മഹി ഉണർന്നിട്ടുണ്ടായിരുന്നില്ല

മഹിയേട്ടാ ദേ എഴുന്നേറ്റെ സമയം ഒരുപാടായി പുതപ്പ് വലിച്ചു മാറ്റി ഉണർത്താൻ ഒരു ശ്രമം നടത്തി

പ്ലീസ് രാധു കുറച്ചു നേരം കൂടി..

ആ ഉറങ്ങിക്കോ പക്ഷേ ചായ തണുത്തു പോയിട്ട് വേറെ ഇട്ട് തരാൻ എന്നോട് പറഞ്ഞേക്കരുത്..

അവൾ ദേഷ്യത്തോടെ എഴുന്നേറ്റു പോകാൻ തുടങ്ങിയതും അവള്ടെ കയ്യ്തണ്ടയിൽ കയറി അയാൾ പിടുത്തമിട്ടു

എന്തിനാ ഇത്ര ദേഷ്യം..?

അവൾ ഒന്നും മിണ്ടാതെ ചിരി തൂകി

എന്താടോ..?

ഒന്നൂല്ല വെറുതെ

എന്തായാലും എന്റെ ഉറക്കം കളഞ്ഞതല്ലേ വാ വന്നടുത്തു ഇരിക്ക്

അയ്യടാ ഒന്ന് പോയേ എനിക്കടുക്കളയിൽ നൂറു കൂട്ടം പണിയുള്ളതാ

രാധു…

ചായ കുടിച്ചിട്ട് വേണമെങ്കിൽ കുറച്ചു നേരം കൂടി കിടന്നോ..

അവൾ അരികിൽ നിന്നും പോയതും അയാൾ പുതപ്പിനടിയിൽ ഒന്നുകൂടി ചുരുണ്ടു കൂടി. അപ്പോഴാണ് കിങ്ങിണി കുട്ടി നൈസായിട്ട് പണി തന്നത്

ഇന്നലെ അവൾ അവർക്കിടയിൽ കിടന്നത് കൊണ്ട് ബെഡ്ഷീറ്റ് മുഴുവൻ മുള്ളി നശിപ്പിച്ചു കൂട്ടത്തിൽ അയാള്ടെ ഉടുത്ത കൈലിയും

രാധു..

രാധുവേ…

എന്താ ഏട്ടാ..അവൾ ഓടി മുറിയിലേയ്ക്ക് വന്നു . മഹി അപ്പോൾ കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റു കൈലി മാറ്റുകയായിരുന്നു

എന്തുപറ്റി..?

നിന്റെ മോൾ രാവിലെ തന്നെ എനിക്കിട്ട് പണി തന്നു കണ്ടില്ലേ മുഴുവൻ മുള്ളി നാശമാക്കി.

വന്ന ചിരി അടക്കി പിടിച്ചു കൊണ്ട് അവൾ കുഞ്ഞിനേയും എടുത്തു പുറത്തേയ്ക്ക് നടന്നു

എന്റെ ഉറക്കവും പോയ്‌.. ! അയാൾ പിറു പിറുത്തുകൊണ്ട് വരാന്തയിലേയ്ക്കും നടന്നു

ഏകദേശം അരമണിക്കൂർ കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോൾ പ്രിയതമ ദോശ ചുടുന്ന തിരക്കിലായിരുന്നു. മഹിയെ കണ്ടതും അവൾക്ക് ചിരി വന്നു

എന്തുപറ്റി രാവിലെ തന്നെ മൂഡോഫ് ആണല്ലോ..? അവൾ ചോദിച്ചു

ഓ ഒന്നുമില്ല

അല്ല നീയെപ്പഴാ അവളെ എന്റെ അടുത്ത് കിടത്തിയത്..

ഇന്നലെ രാത്രിയിൽ, നിങ്ങളുറങ്ങി കുറച്ചു സമയം കഴിഞപ്പോൾ അവള് തൊട്ടിലിൽ കിടന്നു കരഞ്ഞു . പിന്നെ പാല് കൊടുത്തു എന്റെ അരികിൽ തന്നെ കിടത്തി ഉറക്കി

അയാൾ ഒന്നും മിണ്ടാതെ മുറ്റത്തേക്കിറങ്ങിപോയി പല്ല് തേക്കാൻ. അവൾ ആ സമയം കൊണ്ട് തിളച്ചു കൊണ്ടിരുന്ന സാമ്പാർ ഇറക്കി വെച്ച് ചമ്മന്തിക്ക് താളിയും വറുത്തു

ഒരുപാടു നാളായില്ലേ നീ പറയുന്നു പുറത്തൊക്കെ പോണമെന്ന് കഴിച്ചിട്ട് റെഡിയാവ് നമുക്കിന്ന് ലഞ്ച് ഒക്കെ പുറത്തു നിന്ന് കഴിക്കാം..

ഒരു കഷ്ണം ദോശ വായിൽ വെച്ച് കൊണ്ടയാൾ പറഞ്ഞു

ഒരുപാടു നാളായില്ലേ നീ പറയുന്നു പുറത്തൊക്കെ പോണമെന്ന് കഴിച്ചിട്ട് റെഡിയാവ്.

കേട്ടത് വിശ്വസിക്കാനാവാതെ അവൾ കഴിപ്പു നിർത്തി അയാളെ നോക്കി

എന്താ നോക്കുന്നെ പോകണ്ടേ..

എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല

ഉം അമ്മയെ ആശുപത്രിയിൽ കൊണ്ടു പോയിട്ട് അവിടുന്ന് നേരെ കറങ്ങാൻ പോവാം

***********************

മഹിയേട്ടാ കുഞ്ഞിന്റെ കാലിൽ ഈ സോക്സ് ഒന്നിടുവോ..?രാധിക ഒരു വെളുത്ത സോക്സ്മായി മഹിയെ സമീപിച്ചു. അയാൾ ഒരുക്കമൊക്കെ കഴിഞ്ഞു മൊബൈലും ഞെക്കി കൊണ്ടിരിക്കുവായിരുന്നു

അവൾ കുഞ്ഞിനെ അയാള്ടെ കയ്യിൽ ഏൽപ്പിച്ചു അമ്മയുടെ അടുത്തേയ്ക്ക് പോയ്‌

അമ്മേ ..

മോളേതെങ്കിലും ഒരു സാരി എടുത്തു തന്നാൽ മതി ഞാനുടുത്തോളാം മോൾക്കും ഒരുങ്ങാൻ ഉള്ളതല്ലേ..

*******************************

സമയം കടന്നു പോയി

രാധു റെഡിയായില്ലേ…

പുറത്തു ഏർപ്പാടാക്കിയ ടാക്സി വന്നതും മഹി അകത്തെയ്ക്ക് നോക്കി വെപ്രാളപെട്ടു

അമ്മയെ സാവധാനം കയ്യ് പിടിച്ചു കാറിൽ ഇരുത്തി കൂടെ അവളും മോളും. മഹി വാതിൽ പൂട്ടി പിന്നാലെ കയറി

ആശുപത്രിയിൽ പോയതിന് ശേഷം നേരെ പോയത് എറണാകുളത്തേക്കയിരുന്നു. സിറ്റിയിൽ നിന്ന് മാറി കുറച്ചു ഉള്ളിലേയ്ക്ക് ചേർന്ന് അത്യാവശ്യം തേച്ചു മിനുക്കിയ ഒരു വീട്ടിനുള്ളിലേക്ക് കാർ കുതിച്ചു കയറി. ഒന്നും മനസ്സിലാവാതെ രാധിക കുഞ്ഞിനേയും കൊണ്ട് പുറത്തിറങ്ങി

നമ്മളെന്തിനാ ഇവിടെ വന്നത് ഇതാരുടെ വീടാ മഹിയേട്ടാ..

ഇത് ഇനി മുതൽ നമ്മുടെ വീടാ..

നമ്മുടെയൊ..

മ്മ് നിനക്കൊരു സർപ്രൈസ് തരാന്ന് വെച്ചു പറയാഞ്ഞത

അവൾക്ക് സന്തോഷം വന്നിട്ട് എന്ത് പറയണം എന്നറിയില്ലയിരുന്നു

കേറി നോക്ക്.

വീട്ടുടമസ്ഥൻ വന്നു വാതിൽ തുറന്നതും അയാൾ ഭാര്യയോടും അമ്മയോടും പറഞ്ഞു

ഏട്ടൻ വരുന്നില്ലേ..?

പിന്നിലേയ്ക്ക് നോക്കി അവൾ ചോദിച്ചു

നിങ്ങൾ ചെല്ല് ഞാനിപ്പോ വരാം

ദേ അവിടെ നിന്ന് സിഗരറ്റ് വലിച്ചാൽ ഉണ്ടല്ലോ..?

അവൾ കണ്ണുരുട്ടിയിട്ട് അകത്തേയ്ക്ക് പോയി

ഓരോ മുറിയും അവൾക്ക് കൂടുതൽ ഇഷ്ടമായി. ചുവരിൽ ചേർന്ന് നിന്ന് മൃദുവായ് പുഞ്ചിരിച്ചു. പിന്നെ ജനലഴികളിൽ വന്നു മുഖം ചേർത്തു നിന്നു

പോകാം നമ്മുക്ക്

മഹിയേട്ടൻ ധൃതി കൂട്ടാൻ തുടങ്ങിയതും മനസ്സില്ലാ മനസ്സോടെ അവൾ പുറത്തേയ്ക്ക് വന്നു

അവൾക്ക് ഇവിടെ നിന്ന് വരണോന്നേ ഇല്ല

മഹിയേട്ടൻ കളിയായി പറഞ്ഞതും അവൾടെ മുഖം വാടി

***************************

അസ്തമയസൂര്യൻ ആഴിയിലേയ്ക്ക് ആഴ്ന്നിറങ്ങി. പുറത്തെ കാഴ്ച്ചകളിൽ നിന്ന് മുഖം തിരിച്ചു വിഷാദത്തോടെ രാധിക മഹിയുടെ കണ്ണുകളിൽ നോക്കി. യാതൊരു ഭാവഭേദവുമില്ലാതെ തിരികെ മടങ്ങുവാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു അദ്ദേഹം

ഇന്ന് തന്നെ പോണോ മഹിയേട്ടാ സമയം ഇത്രയും ആയില്ലേ.. !

അത് സാരല്ല രാധു , രാത്രി ഒൻപതരയോടെ അവിടെ എത്താം

അവൾ ഒന്നും മിണ്ടാതെ വാതിൽക്കൽ ചാരി നിന്നു

നിന്റെ വിഷമം കണ്ടാൽ തോന്നുമല്ലോ ഞാൻ ഗൾഫിൽ പോകുവാണെന്നു. വേഗം മടങ്ങി വരാം അടുത്ത ആഴ്ച നമ്മുക്ക് പുതിയ വീട്ടിലേയ്ക്ക് താമസം മാറണം പിന്നെ നമ്മൾ എന്നും ഒരുമിച്ചല്ലേ..

പറഞ്ഞു തീർന്നതും അവൾ കരഞ്ഞുകൊണ്ട് ആ നെഞ്ചിലേക്ക് ചാഞ്ഞു

മഹീ നീ പോകാൻ ഇറങ്ങിയോ..?

ദേ അമ്മ വിളിക്കുന്നു നീ കണ്ണ് തുടയ്ക്ക്

അയാൾ വേഗം ഷൂവിന്റെ വള്ളി കെട്ടിതീർത്തിട്ട് അമ്മയുടെ അടുത്തേയ്ക്ക് പോയി

ദിവസങ്ങൾ ഇല കൊഴിയുന്നത് പോലെ വേഗത്തിൽ കൊഴിഞ്ഞു കൊണ്ടിരുന്നു

മഹിയേട്ടൻ എത്ര ദിവസായി അമ്മേ പോയിട്ട് ഒന്ന് വിളിക്കുക കൂടി ചെയ്തില്ലല്ലോ വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് എന്നാ പറയുന്നത്

അവനു എന്തെങ്കിലും തിരക്കുണ്ടായി കാണും നീ ടെൻഷനടിക്കാതെ വത്സല മരുമകളെ സമാധാനിപ്പിക്കാൻ നോക്കി

അതിനിടയിലാണ് ലാണ്ഫോൺ റിങ് ചെയ്യുന്നത് അവള്ടെ കാതിൽ മുഴങ്ങിയത്

മഹിയേട്ടനായിരിക്കും

സന്തോഷത്തോടെ ഓടിച്ചെന്നു കാതോട് ചേർത്തു…

ഹലോ…

ഹലോ ഇത് ശ്രീജയുടെ വീടല്ലേ..

അല്ല റോങ് നമ്പർ

ഫോൺ കട്ട് ചെയ്തു കരഞ്ഞുകൊണ്ട് അവൾ കിടക്കയിലേക്ക് ചാഞ്ഞു. അപ്പോഴാണ് മോള് കരയാൻ തുടങ്ങിയത്

ഒന്നിനും തോന്നുന്നില്ല ശരീരം ആകെ തളർന്ന അവസ്ഥയിലാണ്

നീയാ കുഞ്ഞിന് ഇത്തിരി പാല് കൊടുക്ക് പാവം വിശന്നിട്ടാവും..വത്സല നിരാശയോടെ പറഞ്ഞു

കുഞ്ഞിനെ മടിയിൽ കിടത്തി പാല് കൊടുക്കുമ്പോൾ ആയിരുന്നു അവള്ടെ മനസ്സിലേയ്ക്ക ചിന്ത വന്നത്. ഉടനെ അവൾ ഫോണെടുത്തു മടിച്ചു മടിച്ചു നമ്പർ ഡയൽ ചെയ്തു

ഹലോ…

അമ്മേ..

മോളെ രാധേ …എത്ര നാളായടീ നിന്റെ ശബ്ദം ഒന്ന് കേട്ടിട്ട്

ആരാ ഫോണിൽ രാധിക ആണോ ..?

മ്മ് .. മോളെ അച്ഛനു ഫോൺ കൊടുക്കാവേ..

അമ്മ അച്ഛന് കൊടുക്കാം എന്ന് പറഞ്ഞതും അവൾ പേടി കൊണ്ട് വിറയ്ക്കാൻ തുടങ്ങി പണ്ടും അങ്ങനെ തന്നെ ആയിരുന്നു അച്ഛൻ ഒന്ന് ഉച്ചത്തിൽ സംസാരിച്ചാൽ മതി പേടിച്ചു ഏതെങ്കിലും മൂലയിൽ പോയി ഒളിച്ചിരിക്കും

ഹലോ ഹലോ….

അവൾ എന്തു പറയണം എന്നറിയാതെ റിസീവർ താത്തു വയ്ക്കാതെ ഏറെ നേരം നിന്നു

ഹലോ…

അവൾ കരഞ്ഞുകൊണ്ട് ഫോൺ താത്തു വെച്ചു. പിറ്റേന്ന് ഫോണിലേക്ക് വന്ന കാൾ വത്സല ആണെടുത്തത്

ഹലോ..

ഹലോ ഇത് രാധികയുടെ വീടല്ലേ

അതേലോ ആരാ…?

അവള്ടെ അച്ഛനാണ്..

അയ്യോ അവള് അടുക്കളയിൽ ആണെന്ന് തോന്നുന്നു ഞാൻ വിളിക്കാം ഇപ്പൊ

വേണ്ട അവൾ അറിയണ്ട അറിഞാൽ ചിലപ്പോൾ അവൾ വരില്ല..

നിങ്ങൾ എവിടെയാ താമസിക്കുന്നത് എന്നൊന്നു പറയാമോ..?

വത്സല അഡ്രസ്സ് പറഞ്ഞു കൊടുത്തു

ഞങ്ങൾ വരുന്ന കാര്യം അവളോട് പറയണ്ട കേട്ടോ

മ്മ് ശരി

ആരാ അമ്മേ മഹിയേട്ടൻ ആണോ..? അടുക്കളയിൽ നിന്ന് തിടുക്കത്തിൽ ഓടി വന്നുകൊണ്ടവൾ ചോദിച്ചു

അല്ല മോളെ ഇത് ഏതോ നമ്പർ തെറ്റി വിളിച്ചതാ..

നിരാശയോടെ അവൾ വീണ്ടും അടുക്കളയിലേയ്ക്ക് തിരിഞ്ഞു. അന്ന് ഉച്ച ആയതോടെ പുറത്തു ഒരു വണ്ടിയുടെ ശബ്ദം കേട്ട് മഹി ആണെന്ന് കരുതി പ്രതീക്ഷയോടെ രാധിക ഓടി മുറ്റത്തു ചെന്നു. ഓട്ടോയിൽ നിന്നിറങ്ങി വരുന്ന അച്ഛനെയും അമ്മയെയും കണ്ട് അവൾ സ്തംഭിച്ചുപോയി

മോളെ…അമ്മയുടെ സ്നേഹത്തോടെയുള്ള വിളി കേട്ടതും ആത്മനിയന്ത്രണം വിട്ട് അവൾ പൊട്ടികരഞ്ഞു. സകലതും മറന്നു ഓടിച്ചെന്നു ആ കാൽക്കൽ വീണു

അയ്യോ എന്റെ മോൾക്ക് എന്തുപറ്റി..? മകൾടെ കരച്ചിൽ കണ്ട് സഹിക്കാനാവാതെ ആ അമ്മ അവളെ ചേർത്ത് പിടിച്ചു സ്വാന്തന പിച്ചു

എന്റെ കുഞ്ഞിന് എന്താ പറ്റിയെ മഹി എവിടെ…?

മഹിയേട്ടൻ..!

മഹിയേട്ടൻ എവിടെ പോയെന്ന് അറിയില്ലമ്മേ..

അറിയില്ലെന്നോ അവൻ എവിടെ പോകുന്നു എന്ന് നിന്നോട് പറയാറില്ലേ..അച്ഛനാണ് ചോദിച്ചത്. അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു

അച്ഛനെയും അമ്മയെയും അനുസരിക്കാതെ പോന്നതല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചതിൽ ഖേദിക്കാനൊന്നുമില്ല

നിങ്ങളൊന്നു മിണ്ടാതിരിക്കുന്നുണ്ടോ അണഞ്ഞു കൊണ്ടിരിക്കുന്ന തീ കെടുത്താനുള്ളതിനു കൂടുതൽ ആളിക്കത്തിക്കുകയാ. സംഭവിച്ചത് എന്താണെന്ന് പോലും അറിയാതെ..ലക്ഷ്മി ഭർത്താവിനെ ശകാരിച്ചു

പുറത്തെ ബഹളം കേട്ടാണ് വത്സല കൊച്ചിനെയും എടുത്തു പുറത്തെയ്ക്ക് വന്നത്. കുഞ്ഞിനെ കണ്ടതും രാധികയുടെ അമ്മ രണ്ടു കയ്യും നീട്ടി അവളെ അങ്ങ് മേടിച്ചു

നമ്മളെന്തെങ്കിലും പറഞ്ഞു പോയാൽ തള്ളയ്ക്കും മോൾക്കും കുറ്റമാ പറയുന്നത് എന്തിനാണെന്ന് ചിന്തിക്കില്ല

മോള് വാ.. ലക്ഷ്മി മകളേയും കൂട്ടി മുറിയിലേയ്ക്ക് പോയി

എന്തായാലും സംഭവിച്ചു പോയ്‌ ഇനിയിപ്പോ ബാക്കി കാര്യം എന്താണെന്ന് വെച്ചാൽ ചെയ്യാം. മഹിയുടെ ഫോൺ നമ്പർ കയ്യിലുണ്ടോ..?

അതിലൊന്നും വിളിച്ചിട്ട് കിട്ടുന്നില്ല കുറേ ശ്രമിച്ചതാ അവള്

വത്സല ചായ ടേബിളിൽ വെച്ച് കൊണ്ട് പറഞ്ഞു

അവന്റെ വീട്ടിലൊന്ന് അന്വേഷിച്ചു നോക്കിയാൽ ചിലപ്പോ എന്തെങ്കിലും വിവരം കിട്ടിയേക്കും . ഞാൻ ഇവിടെ വന്നു നിൽക്കുന്നതിന്റെ ദേഷ്യത്തിൽ അപ്പനും അവന്റെ ജ്യേഷ്ഠനും കൂടി എന്തെങ്കിലും ചെയ്തതാണെങ്കിലോ.. വത്സലയുടെ വാക്കുകളിൽ ഭർത്താവിനോടുള്ള അരിശം കലർന്നു

അയാൾ ഒന്നും മിണ്ടാതെ ചായ വാങ്ങി ചുണ്ടോടടുപ്പിച്ചു

രണ്ടുപേരും കൂടി സ്നേഹിച്ചു പോന്നതല്ലേ അതിന്റെ ദേഷ്യം ഇപ്പോഴും മാറിയിട്ടുണ്ടാവില്ല പോരാത്തതിന് ഞാനും ഇങ്ങ് പോന്നു…

മ്മ് അവളോട് കരയാതിരിക്കാൻ പറ ഞാൻ ഒന്ന് പോയ്‌ തിരക്കാം

വത്സല ഒരു കടലാസ്സിൽ അഡ്രസ്സ് എഴുതി അയാൾക്ക് നേരെ നീട്ടി

ഇതാ അവിടുത്തെ അഡ്രസ്സ്

മ്മ് .. അയാൾ അതും വാങ്ങി പോക്കറ്റിൽ ഇട്ട് ആരോടും യാത്ര പോലും ചോദിക്കാതെ പുറത്തേയ്ക്ക് ഇറങ്ങി. വെയിലും മഴയും സഹിച്ചു ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾ ക്കൊടുവിലും ഒരു വിവരവും ലഭിക്കാതെ തളർന്നു വന്ന അയാൾ മകളെ ദയനീയമായി നോക്കി

പോലീസ് സ്റ്റേഷനിൽ ഒന്ന് കേസ് കൊടുക്കാം

പറഞ്ഞു തീർന്നതും അയാൾ സ്റ്റേഷനിലേയ്ക്ക് പോയ്‌ പരാതി എഴുതി കൊടുത്തു

രണ്ട് ദിവസം കഴിഞ്ഞു സ്റ്റേഷനിൽ നിന്നൊരു വിളി വന്നു. മഹി ജയിലിലാണ് . ബാലചന്ദ്രൻ അതുകേട്ട് തളർന്നു പോയ്‌. അയാൾ ഭാര്യയോട് വിവരം പറഞ്ഞു

നീ ഇപ്പൊ ഇതവളോട് പറയണ്ട..

ലക്ഷ്മി കണ്ണുകൾ തുടച്ചു തലയാട്ടി

മോളെ ഇനി എങ്കിലും ഈ അച്ഛൻ പറയുന്നത് മോളനുസരിക്ക് ഞങ്ങളോടൊപ്പം വാ ഇവിടെ നീ ഈ കുഞ്ഞിനേയും കൊണ്ട് ഒറ്റയ്ക്ക് എങ്ങനെയാ കഴിയുക. അവൻ വന്നാൽ നിനക്ക് തിരിച്ചു പോരാലോ..

അതിനു ഞാൻ ഒറ്റയ്ക്കല്ലല്ലോ അച്ഛാ എനിക്കൊരു മോളില്ലേ എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും പിന്നെ എനിക്ക് വേണ്ടി ഒരു കുടുംബം കളഞ്ഞിട്ട് വന്ന അദ്ദേഹത്തിന്റെ അമ്മ.

ഇല്ലച്ചാ ഞാൻ ഒറ്റയ്ക്കല്ല ഒറ്റയ്ക്കാവില്ല എന്റെ മഹിയേട്ടൻ തിരിച്ചു വരുമ്പോ ഞാനിവിടെ ഇല്ലെങ്കിൽ അദ്ദേഹം ഒരുപാട് വിഷമിക്കും സോറി അച്ഛാ ഞാൻ ഒരിടത്തെയ്ക്കും വരില്ല…

*****************************

പ്രഭാകരകൈമളിന്റെയും വത്സലയുടെയും ഇളയ മകനാണ് മഹേഷ്‌. ജോലിയിലായിരിക്കുമ്പോഴാണ് രാധിക എന്ന അതിസുന്ദരിയായ പെൺകുട്ടിയെ അയാൾ പരിചയപ്പെട്ടത്.. സൗഹൃദത്തിനായിരുന്നു താല്പര്യം എങ്കിലും കാലങ്ങൾ കഴിയും തോറും ഉള്ളിലെ ഇഷ്ടം വളർന്നു പ്രണയമായ് മാറി

ഏട്ടാ നമ്മുടെ ഈ ബന്ധം ഏട്ടന്റെ അച്ഛനും അമ്മയും സമ്മതിക്കുമോ..?

അറിയില്ല എന്തായാലും ഒന്ന് പറഞ്ഞു നോക്കാം എന്റെ അച്ഛനല്ലേ സമ്മതിക്കും ഇല്ലെങ്കിൽ ഈ രാധികയെ ഞാൻ അടിച്ചോണ്ട് പോകും

അയ്യടാ ആദ്യം പോയി വീട്ടിൽ പറ

അവൾ അവനെ അച്ഛന്റെ മുന്നിലേയ്ക്ക് തള്ളിവിട്ടു. ഏതൊരു ആഗ്രഹവും സാധിച്ചു തരുന്ന അച്ഛൻ ഇതും സാധിച്ചു തരും എന്ന പ്രതീക്ഷയിൽ ആയിരുന്നു മഹേഷ്‌ പക്ഷേ ആ പ്രതീക്ഷ പാടെ തെറ്റിച്ചു കൊണ്ടായിരുന്നു അച്ഛന്റെ സംസാരം

ഛെ നിനക്കെങ്ങനെ തോന്നി ആ ദാരിദ്ര്യം പിടിച്ച കുടുംബത്തിൽ നിന്നും പെണ്ണാലോചിക്കാൻ.. ഞങ്ങൾ നിന്നെ ഇത്രയും കാലം വളർത്തിയത് ഇതിന്നായിരുന്നോ..? കാര്യങ്ങൾ അറിഞ്ഞ പ്രഭാകരൻ പൊട്ടിത്തെറിച്ചു

അച്ഛൻ സമ്മതിച്ചാലും ഇല്ലെങ്കിലും എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അതവളോടൊപ്പം മതി

ആഹാ അതിന് നീ മാത്രം തീരുമാനിച്ചാൽ മതിയോ..?

ഈ കാര്യത്തിൽ എനിക്കാരുടെയും തീരുമാനം അറിയണ്ട . അച്ഛൻ സ്വത്തും കെട്ടിപിടിച്ചിരുന്നോ..അതും മാത്രം മതിയല്ലോ അച്ഛന്..

ഇറങ്ങടാ നായെ പടിക്ക് പുറത്ത്. ഇനി നിന്നെ ഇവിടെ കണ്ടുപോകരുത് എനിക്ക് ഇനി ഇങ്ങനെ ഒരു മകനില്ല.എന്റെ ഇളയ മകൻ മരിച്ചുന്ന് ഞാൻ കരുതിക്കോളാം ..

പടിക്ക് പുറത്താക്കി അയാൾ വാതിലടച്ചു . വാതിലിനു മറവിൽ അപ്പോഴും അച്ഛനെ ഭയന്ന് കരഞ്ഞു തളർന്ന ഒരു മുഖം ഉണ്ടായിരുന്നു അമ്മ .

എനിക്ക് വേണ്ടി അച്ഛനും ആയിട്ട് പിണങ്ങണ്ടായിരുന്നു

രാധിക ആ കടലോരത് അവന്റെ നെഞ്ചിൽ തലചേർത് ഇരിക്കുന്നതിനിടയിൽ പറഞ്ഞു

എന്നാൽ നീ പൊയ്ക്കോ എവിടെ ആണെന്ന് വെച്ചാൽ. നിനക്കെന്നെ മറക്കാനാകുമെങ്കിൽ, ഞാൻ തടയില്ല.

അവൾടെ കരച്ചിൽ കാതിൽ മുഴങ്ങിയതോടെ അവന്റെ ദേഷ്യം ശമിച്ചു

എന്റെ രാധു , നിനക്കെന്നെ പിരിയാൻ ആവില്ലെന്ന് എനിക്ക് നല്ലത് പോലെ അറിയാം നിനക്കും അറിയാം.എന്റെ അച്ഛനും അമ്മയും സമ്മതിച്ചിട്ട് ഒരിക്കലും നമ്മൾ ഒന്നിക്കില്ല എന്തിനാ പെണ്ണെ വെറുതെ ഓരോന്ന് പറഞ്ഞു ഉള്ള സന്തോഷം കളയുന്നത്. നമ്മുടെ സ്നേഹം ഒരിക്കൽ അച്ഛനും അമ്മയും മനസ്സിലാക്കും നീ കണ്ടോ….ഒരിക്കൽ ഈ കടലമ്മയെ സാക്ഷിയാക്കി നിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തും . ഈ ജോലി ഒന്ന് സ്ഥിരമാവട്ടെ കൂട്ടികൊണ്ട് പോവാം ഞാൻ

അന്നു വൈകിട്ട് പതിവുപോലെ അവൾ വീട്ടിലേയ്ക്ക് ചെന്നു. ഒരിക്കൽ എല്ലാരും എല്ലാം അറിയും അവൾ ഒരു ദീർഹശ്വാസം വിട്ടു

പക്ഷേ അവർ വിചാരിച്ചതിലും കുറച്ചു നേരത്തെ ആയിരുന്നു കാര്യങ്ങൾ. മുറ്റത്തു തലകറങ്ങി വീണ രാധികയെ അവള്ടെ അച്ഛനും അമ്മയും ഹോസ്പിറ്റലിൽ കൊണ്ട് ചെന്ന് പരിശോധിച്ചപ്പോൾ അവള്ടെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നു എന്ന സത്യം അവർ അറിഞ്ഞത്. ഉത്തരവാദി ആരാണെന്നു ചോദിച്ചിട്ട് അവൾ ആരോടും ഒന്നും പറഞ്ഞില്ല. അന്നത്തോടെ അവൾ മുറിയിലടയ്ക്കപ്പെട്ടു

കാര്യങ്ങൾ അവള്ടെ കൂട്ടുകാരികൾ വഴി മഹി അറിഞ്ഞുകൊണ്ടിരുന്നത്. അങ്ങനെ രണ്ടും കല്പിച്ചു അയാൾ രാധികയുടെ വീട്ടിലേയ്ക്ക് ചെന്നു. വരാന്തയിൽ തന്നെ അവള്ടെ അച്ഛൻ ഇരിപ്പുണ്ടായിരുന്നു

രാധിക എവിടെ..?

അത് ചോദിക്കാൻ നീയാരാ..? അയാൾ കസേരയിൽ നിന്നും എഴുന്നേറ്റു

ഞാനും രാധികയും തമ്മിൽ സ്നേഹത്തിലാണ് അവളെ കൊണ്ടുപോകാൻ ആണ് ഞാൻ വന്നത്

ഡാ ദ്രോഹി നീയായിരുന്നോ അത് നിന്നെ കാണാൻ ഇരിക്കുകയായിരുന്നു ഞാൻ..
അയാൾ കലിപൂണ്ട് മഹിയുടെ നേരെ അടുത്തു

അപ്പോഴേക്കും ബഹളം കേട്ട് അയൽവക്കകാര് മതിലിന്റെ അരികിൽ വന്നു കാര്യമറിയാൻ അവർ അടുത്ത വീട്ടിലേയ്ക്ക് എത്തി നോക്കികൊണ്ടിരുന്നു.

അവൾക്ക് എന്നെ ഇഷ്ടം അല്ലെന്ന് പറയട്ടെ ഞാൻ പൊയ്ക്കൊള്ളാം..മഹി ഒട്ടും വിട്ടു കൊടുക്കാതെ പറഞ്ഞു

നാണം കെട്ട് തലകുമ്പിട്ടു നിന്ന അച്ഛൻ മകളേ മുറിയിൽ നിന്ന് തുറന്നു വിട്ട് അയാള്ടെ നേരെ എറിഞ്ഞു

നിനക്ക് പോണോ ഇയാളുടെ കൂടെ..

ഇനി നാണംകെടാൻ വയ്യ ആള്ക്കാര് കൂടുന്നതിന് മുന്നേ പൊയ്ക്കോ..പക്ഷേ നീ ഓർത്തോ ഇന്ന് മുതൽ നിനക്ക് ഇങ്ങനെ ഒരു അച്ഛനും അമ്മയും ഇല്ല..

ബാലേട്ടാ..ലക്ഷ്മി ഉച്ചത്തിൽ കരഞ്ഞു

സാരല്ല ലക്ഷ്മി അവൾ പോട്ടെ എവിടെ ആണെന്ന് വെച്ചാൽ..

അയാൾ അവരെ പുറത്താക്കി വാതിലടച്ചു

അപ്പോഴേക്കും മതിലരികിൽ ആളുകൾ കുശുകുശുക്കാൻ തുടങ്ങിയിരുന്നു

മഹി രാധികയെ ചേർത്ത് പിടിച്ചു പടിയിറങ്ങി, നേരെ ചെന്ന് കയറിയത് ഒരു വൃത്തിയുള്ള വീട്ടിലായിരുന്നു

സാറെ വീടൊക്കെ പറഞ്ഞത് പോലെ വൃത്തിയാക്കിയിട്ടുണ്ട് കേട്ടോ..താക്കോൽ മഹേഷിനെ ഏൽപ്പിച്ചു വീടിന്റെ ഉടമസ്ഥൻ പറഞ്ഞു

ഡോ ഇവിടെ അത്യാവശ്യം ഫർണിചർ ഒക്കെ ഇല്ലേ..

ഒക്കെ ഉണ്ട് സാറെ കയറി നോക്കിക്കോ..

പറഞ്ഞ അഡ്വൻസ് പണം മുഴുവനും കൊടുത്തു മഹി രാധുവിനെയും കൊണ്ട് വീട്ടിനുള്ളിലേയ്ക് കയറി

ഇനി നമ്മൾ മാത്രം ഇവിടെ നമ്മുടേതായ ലോകം. അയാൾ പുഞ്ചിരിയോടെ അവളെ നോക്കി അവൾക്ക് പുഞ്ചിരിക്കാൻ ആയില്ല എങ്ങനെ സന്തോഷിക്കും വളർത്തി വലുതാക്കിയ അച്ഛനും അമ്മയും അവിടെ…അവൾ പൊട്ടിക്കരഞ്ഞു

കരയല്ലേഡോ..അയാൾ പറഞ്ഞ ആശ്വാസവാക്കുകൾ കേൾക്കാൻ നിൽക്കാതെ അവൾ ഓടിപോയി കിടക്കയിൽ കിടന്നു കരഞ്ഞു തീർത്തു ദിവസങ്ങളോളം..

ദിവസങ്ങളും മാസങ്ങളും പയ്യെ കൊഴിഞ്ഞു പോയി. സന്തോഷം കടന്നു വന്നു

അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം അവൾക്ക് വയ്യാഴിക വന്നത്. മഹിക്ക് ആകെ വെപ്രാളം ആയി. അയാൾ അവളെയും കൊണ്ട് ഹോസ്പിറ്റലിലേയ്ക്ക് ഇരച്ചു കയറി. മണിക്കൂറുകൾ കഴിഞ്ഞാണ് പരിശോധിച്ചതിന്റെ റിസൾട് വന്നത്

കരുതിയത് പോലെ തന്നെ വൈഫ് പ്രെഗ്നന്റ് ആണ്. ഡോക്ടർടെ വാക്കുകൾ കേട്ട് ഒരുപാടു സന്തോഷം തോന്നിയെങ്കിലും പെട്ടന്ന് മുഖം വാടി. അയാൾ തന്റെ സംശയം ഡോക്ടർക്ക് മുന്നിൽ പ്രകടിപ്പിച്ചു

ഡോക്ടർ , കുറെ മാസങ്ങൾക്ക് മുൻപ് ഇതുപോലെ ഒന്ന് തലകറങ്ങി വീണപ്പോൾ അന്ന് ടെസ്റ്റ്‌ ചെയ്ത ഡോക്ടർ പറഞ്ഞത് പ്രെഗ്നന്റ് ആണെന്നാണല്ലോ എന്നിട്ടിപ്പോ..

അതവർക്ക് തെറ്റിയതാവും. എന്തായാലും ഈ റിസൾട് കറക്റ്റാ.

വിവരം രാധിക അറിഞ്ഞതും ആകെ രോക്ഷകുലയായി . കാരണം ആ ഒരൊറ്റ റിസൾട് കാരണമാണ് തന്റെ വീട്ടിൽ താൻ ആരുമല്ലാതായത്. അമ്മയ്ക്കും അച്ഛനും നാണം കെടേണ്ടി വന്നത് എല്ലാവരുടെയും മുന്നിൽ..

മഹിയേട്ടാ നമ്മുക്ക് ആ ആശുപത്രിയിൽ ഒന്ന് പോണം.

അത് വേണോ രാധു ഒരു പ്രശ്നം ഉണ്ടാക്കണോ..?

വേണം മഹിയേട്ടാ അങ്ങനെ ഒരു റിസൾട് കാരണം അല്ലെ എന്റെ പാവം അച്ഛനും അമ്മയും..വാക്കുകൾ കിട്ടാതെ അവൾ വിങ്ങി കരഞ്ഞു

ഈ സമയത്തു കരയരുത് എന്ന് ഡോക്ടർ പറഞ്ഞതല്ലേ വിഷമിക്കല്ലേ രാധു..

***************************

ഡോ മതി സ്വപ്‌നം കണ്ടത് ഇറങ്ങി വാ..കുറച്ചു പേർ നിന്നെ കാണാൻ വന്നിട്ടുണ്ട്

ഓർമ്മകളിൽ നിന്നുണർന്നു, വന്നവരെ കാണാൻ മഹി പുറത്തേയ്ക്ക് ഇറങ്ങി

സാർ,

എന്താടോ..?

എന്നെ എന്ത് കുറ്റത്തിനാ ഇവിടെ പിടിചിട്ടിരിക്കുന്നെ..

അതൊന്നും എനിക്കറിയില്ല ഇപ്പൊ വന്ന ആളുണ്ടല്ലോ അയാളോട് ചോദിച്ചോ നീ …നിന്നെ ഇവിടെ ഇടാൻ പറഞ്ഞത് അയാളാ നിന്റെ പേരിൽ കുറേ കള്ള കേസും ചാർജ് ചെയ്തോളാൻ പറഞ്ഞിട്ടുണ്ട്

സാർ ഇത് അന്യായം ആണ് ഒരു തെറ്റും ചെയ്യാത്ത എന്നെ പിടിച്ചു ജയിലിൽ ഇടാൻ

ഞാൻ കോടതിയിൽ നിങ്ങൾ ചെയ്തതൊക്കെ പറയും

അതിനു നിന്നെ കോടതിയിൽ കൊണ്ടുപോകുമെന്ന് ആര് പറഞ്ഞു മിണ്ടാതെ വാടോ…

പുറത്തു തന്നെ കാത്തു നിന്ന ആൾക്കാരെ കണ്ട് മഹേഷ്‌ ഞെട്ടി തരിച്ചു. മുന്നിൽ തന്റെ അച്ഛനും ഒരേ ഒരു ചേട്ടനും. ഇവരാണോ എന്നെ..മഹിയുടെ മുഖത്തു ദേഷ്യം പടർന്നു

നീ എന്താ വിചാരിച്ചത് നീ ഇറങ്ങി പോയാൽ ഞങ്ങൾ നിന്നെ ആ വഴി വിട്ടൂന്നൊ..

നിന്റെ വീട്ടിൽ വന്നു നിൽക്കുന്നുണ്ടല്ലോ ഒരുത്തി നിന്റെ അമ്മ. നിന്നോടൊപ്പം അവളെയും ഞാൻ മനസ്സിൽ നിന്നിറക്കിയതാ.. പിന്നെ നിങ്ങളെ അങ്ങനെ വിട്ടാൽ കൊള്ളില്ല എന്നെനിക്ക് തോന്നി

നിന്റെ ഭാര്യ ഉണ്ടല്ലോ രാധിക, അവൾ ഇനി നിന്നെ കാണാൻ പോവുന്നില്ല നിന്റെ ഒടുക്കം ഈ ജയിലിൽ തന്നെ ആവും

ഞാനെന്തിന് നിന്നോട് ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്ന് നീ ചിന്തിക്കുന്നുണ്ടാവും. പണമാടാ ഈ ലോകത്തു ഏറ്റവും വലുത് . നമ്പ്യാർടെ മോളെ കൊണ്ട് നിന്നെ കെട്ടിക്കാൻ ഇരുന്നപ്പോഴാണ് നിന്റെ ഈ ഒളിച്ചോട്ടം അതുകൊണ്ട് എനിക്ക് നഷ്ടമായതോ കോടികൾ വില മതിക്കുന്ന ബിസിനസ്

അയാളെ ഞാൻ ചതിച്ചുന്നാ പറയുന്നത് കാരണക്കാരൻ നീ..

സ്വസ്ഥമായി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല . ഞങ്ങൾ ഇനിയും വരും

പ്രഭാകരൻ മൂത്ത മകന്റെ പിന്നാലെ പുറത്തേയ്ക്ക് നടന്നു

വർഷങ്ങൾക്ക് ശേഷം ഒരു പകൽ,

മഹി, നീ ഇത് കണ്ടോ..

രാധികയുടെ ഫോട്ടോ കയ്യിൽ പിടിച്ചു കൊണ്ട് നിന്ന ആളെ അവൻ നോക്കി

അച്ഛൻ.

നിന്റെ പെണ്ണുംപിള്ള വേറെ ഒരുത്തനെ കെട്ടിയതിന്റെ തെളിവാ..

മഹി അത് കണ്ടതും അയാൾക്ക് കൂടുതൽ ദേഷ്യം വന്നു ഏതോ ഒരുത്തന്റെ തോളിൽ കയ്യിട്ടു നിൽക്കുന്ന ചിത്രം

ഇത്രേ ഉള്ളായിരുന്നോ അവള്ടെ സ്നേഹം..

വെറുതെ പല്ല് കടിക്കണ്ട മഹി, അവള് പോയത് നന്നായിന്ന് വിചാരിച്ചാൽ മതി നീയ്. ആ നമ്പ്യാർ ഇപ്പഴും റെഡിയാ അയാള്ടെ മകളെകൊണ്ട് നിന്നെ കെട്ടിക്കാൻ. ആ പെണ്ണ് ഇവളെ പോലെ വേലി ചാടി പോവൊന്നുമില്ല നിനക്ക് പൂർണമായും വിശ്വസിക്കാം.

ആലോചിച്ചു പറഞ്ഞാൽ മതി..

മഹി, സമയം ഇനിയും വൈകിയിട്ടില്ല നീ ഇപ്പഴും എന്റെ മകൻ തന്നെയാ

പ്രഭാകരൻ പുറത്തേയ്ക്ക് പോവാൻ തുടങ്ങിയതും മഹേഷ്‌ പിന്നിൽ നിന്നയാളെ വിളിച്ചു

നിങ്ങൾ പറഞ കല്യാണത്തിന് ഞാൻ ഒരുക്കമാണ്..

മഹിയുടെ പെട്ടന്നുള്ള മറുപടി കേട്ടതും അച്ഛന്റെയും രാജീവന്റെയും മുഖത്തു ഒരു ഗൂഡമായ ചിരി തെളിഞ്ഞു. തങ്ങൾ വിചാരിച്ചത് പോലെ തന്നെ നടന്നിരിക്കുന്നു

തന്റെ സ്വാധീനം മുഴുവൻ ഉപയോഗിച്ച് അയാൾ മകനെ പുറത്തിറക്കി. നീണ്ടു വളർന്ന മുടിയും ദീക്ഷയും ഒക്കെ വെട്ടി ഒരു സുന്ദരകുട്ടപ്പനാക്കി അവിടുന്ന് നേരെ ഒരു ഹോട്ടലിൽ കയറി കുളിയും കഴിഞ്ഞു പുതു വസ്ത്രങ്ങൾ അണിഞ്ഞു പുതിയ വിവാഹത്തിനായി മണ്ഡപത്തിലേക്ക് പോകുവാൻ ഉള്ള തിരക്കിലായിരുന്നു അവർ. ഒന്നും മിണ്ടാതെ മഹി അവർ പറഞ്ഞതോരോന്നും അനുസരിച്ചു കൊണ്ടിരുന്നു

ഇതെന്താ ഇത്രയെ സ്പീഡെ ഉള്ളു. നിർത്ത് ഞാൻ വണ്ടി ഓടിക്കാം. മഹി പറഞ്ഞു. ആരും എതിര് പറഞ്ഞില്ല. എല്ലാം അവന്റെ ഇഷ്ടത്തിന് അവർ വിട്ടുകൊടുത്തു. പക്ഷേ സ്റ്റിയറിങ് കയ്യിൽ കിട്ടിയ മഹി കല്യാണമണ്ഡപം ഉള്ള വഴിയേ പോകാതെ വേറെ വഴി പോകുന്നത് കണ്ട അച്ഛൻ അവനോട് സാധാരണ രീതിയിൽ ചോദിച്ചു

മോനേ നമുക്ക് വഴി തെറ്റി.

ഇത് ഷോട്ട് കട്ടാ അച്ഛാ…

ബെൻസ് കാർ ചെറിയ ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു…

*********************************

ഇന്നാണ് കിങ്ങിണിമോൾടെ നാലാം പിറന്നാൾ. വേദനയോടെ രാധിക ഓർത്തു ഈ പിറന്നാളിനും മഹിയേട്ടൻ ഒപ്പം ഇല്ല എന്നുള്ള സത്യം. എങ്കിലും അവൾ പ്രതീക്ഷ കയ്യ് വിട്ടില്ല. എന്നെങ്കിലും ഒരിക്കൽ തങ്ങളെ തേടി അദ്ദേഹം വരും

അമ്മേ , നമ്മളെവിടെ പോവാ..

കിങ്ങിണി വന്നു സാരിതുമ്പിൽ പിടിച്ചു വലിച്ചപ്പോഴാണ് രാധിക തന്റെ ചിന്തകളിൽ നിന്നുണർന്നത്

മോൾടെ ബെർത്ഡേ അല്ലെ ഇന്ന് കേക്ക് വാങ്ങണ്ടേ പുത്തനുടുപ്പ് വാങ്ങണ്ടേ..

മോളെ റെഡിയായില്ലേ..

റെഡിയായി അമ്മേ..

നീ വിളിച്ചു പറഞ്ഞായിരുന്നോ മോളെ ലീവിന്റെ കാര്യം.

പറഞ്ഞിട്ടുണ്ട് അമ്മേ

വേറൊന്നുമല്ല ആ മാനേജർടെ സ്വഭാവം അന്നയാൾ ഇവിടെ വന്നോപ്പോഴേ എനിക്ക് മനസ്സിലായതാ നിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാവാൻ അയാൾ നോക്കിയിരിക്കുവാ..

മ്മ് ഈ ജോലി ഉള്ളത് കൊണ്ട് പട്ടിണി ഇല്ലാതെ പോകുന്നു. അവൾ ആശ്വാസത്തോടെ ഓർത്തു

ആള്ക്കാര് പറയുന്നത് പോലെ കണ്ട ആണുങ്ങൾടെ പിന്നാലെ പോകാൻ എനിക്കറിയില്ല ഇല്ലെങ്കിൽ എന്നേ ഞാൻ നല്ല നിലയിൽ എത്തിയേനെ

എന്തായാലും മഹിയേട്ടൻ പോയതോടു കൂടി ചില പാഠങ്ങൾ ഒക്കെ ഞാൻ പഠിച്ചു

**************

മോളെ വീട് നന്നായി പൂട്ടണെ..

ശരി അമ്മേ..

അവർ വീട് പൂട്ടി പുറത്തേയ്ക്കിറങ്ങി.

കിങ്ങിണി വാ ഇവിടെ..

കിണറിന്റെ അടുത്തേയ്ക്ക് പോയ മകൾടെ കയ്യിൽ അവൾ പിടിച്ചു വലിച്ചു

അപ്പോഴാണ് മുറ്റത്തൊരു കാർ വന്നു നിന്നത്. കാറിന്റെ ശബ്ദം കേട്ട് വത്സലയും രാധികയും ഒരുപോലെ തിരിഞ്ഞു

ഇതാരാപ്പോ ഈ നേരത്ത്..

അറിയില്ലമ്മേ ഇനി ആ മാനേജർ ആവോ ..

കാറിന്റെ ഡോർ തുറന്നു ഇറങ്ങി വന്ന മഹിയെ കണ്ട് വത്സലയെക്കാൾ കൂടുതൽ രാധികയാണ് ഞെട്ടിയത്. അവള്ടെ കൺകോണുകളിൽ കണ്ണുനീർ പൊടിഞ്ഞു

കസവു മുണ്ട് മടക്കി കുത്തി മഹേഷ്‌ കാറിന്റെ ഡോർ വലിച്ചടച്ചു വല്യേട്ടൻ സ്റ്റൈലിൽ മുന്നോട്ട് വന്നു

ഡാ..പിന്നിൽ നിന്നും അവന്റെ ജ്യേഷ്ഠൻ അലറി

എന്താ ഏട്ടാ പയ്യെ വിളിക്ക് എന്റെ ഭാര്യയും നമ്മുടെ അമ്മയും ഒക്കെ നിൽക്കുന്നത് കണ്ടില്ലേ..അവർ പേടിക്കും

മാറി നിക്ക്. പ്രഭാകരൻ മകനെ തള്ളി മാറ്റി മഹിയുടെ അടുത്തേയ്ക്ക് നടന്നു

നീ ഞങ്ങളെ ചതിക്കുവായിരുന്നല്ലെ..

ഒന്ന് പോ അച്ഛാ പണ്ടത്തെ മഹിയല്ല ഞാൻ. ഒരു തെറ്റും ചെയ്യാതെ മൂന്ന് കൊല്ലമാ ജയിലിൽ കിടന്നത് നിങ്ങൾക്ക് വേണ്ടി. ഇനി ഞാൻ നിങ്ങൾ പറയുന്നത് കേൾക്കണോ

നിങ്ങൾ എന്താ വിചാരിച്ചേ നിങ്ങൾ പറഞ്ഞ കള്ളം അപ്പാടെ വിശ്വസിച്ചു ഞാനെന്റെ ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിക്കും എന്നോ.സ്റ്റുഡിയോയിൽ കൊണ്ടുപോയി എന്റെ രാധുവിന്റെ ഫോട്ടോ മോർഫ് ചെയ്താൽ എനിക്ക് മനസ്സിലാവില്ലെന്ന് കരുതിയോ. ദൈവം എന്റെ കൂടെയാ. സത്യത്തിന്റെ ഭാഗത്താ..നീതിയുടെ ഭാഗത്തു

രാധു..മോളെ കിങ്ങിണി ഇവളങ്ങു വളർന്നു വലുതായല്ലോ …

രാധിക ഞെട്ടൽ മാറാതെ തരിച്ചു നിൽക്കുകയായിരുന്നു അപ്പോഴും

ഡീ നീ എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത് ഞാൻ നിന്റെ മഹിയാടി

മഹിയേട്ടൻ എവിടെ ആയിരുന്നു ഇത്രയും നാളും

എല്ലാം ഞാൻ പറയാം നീ വാതിൽ തുറക്ക്. അയാൾ മകളെയും എടുത്തു അകത്തേയ്ക്ക് കയറി

വത്സല നേരെ ഭർത്താവിനും മൂത്ത മകനും നേരെ ക്രോധത്തോടെ തിരിഞ്ഞു

നിങ്ങളാ എന്റെ മോനേ കൊണ്ടുപോയത് എന്ന് എനിക്കറിയായിരുന്നു നാണമില്ലേ മനുഷ്യാ ഇത്രയും വർഷം ആയി ഒരു കൊച്ചും ആയി ഇപ്പഴും മോനെന്നും പറഞ്ഞു
വാശിയും വൈരാഗ്യവും ആയിട്ട് അവനെ ദ്രോഹിക്കാൻ നടക്കുന്നു

ഇനിയെങ്കിലും അവൻ അവന്റെ ഇഷ്ടത്തിന് ജീവിക്കട്ടെ എന്തായാലും നമ്മളെ വേണ്ടെന്ന് പറഞ്ഞു പോയതല്ലേ ദ്രോഹിചേ മതിയാകു എന്നാണെങ്കിൽ ആദ്യം എന്നെ കൊല്ല് നിങ്ങള്

അവിടെ തന്നെ നിൽക്കണ്ട കയറി വരുവാണെങ്കിൽ ഇത്തിരി ചായ കുടിച്ചിട്ട് പോകാം..വത്സല പറഞ്ഞു തീർത്തു അകത്തേയ്ക്ക് കയറി

അല്ലെങ്കിലും എനിക്കറിയായിരുന്നു എന്റെ മഹിയേട്ടൻ എന്നെ തേടി വരുമെന്ന്. മഹി ഭാര്യയുടെ തോളിൽ കയ്യിട്ടു അകത്തേയ്ക്ക് നടന്നു

എവിടെ പോവായിരുന്നു എല്ലാരും കൂടി.

മഹിയേട്ടൻ മറന്നോ ഇന്ന് മോൾടെ പിറന്നാളാ. ഈ പിറന്നാളിനെങ്കിലും മഹിയേട്ടൻ ഒപ്പം ഉണ്ടാകണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഒരു വിളക്കാ നേർന്നിരിക്കുന്നെ..അവൾ മനസ്സിൽ ദൈവങ്ങൾക്ക് ആയിരം വട്ടം നന്ദി പറഞ്ഞു പുഞ്ചിരിച്ചു

ശുഭം