അവരുടെ നിസ്സഹായ അവസ്ഥ ഞാൻ വെളിപ്പെടുത്തി. ആകെ ഉണ്ടായിരുന്ന വീടും പറമ്പും വിറ്റാണ് മകളെ കെട്ടിച്ചു വിട്ടത്…

ജീവിതത്തിന്റെ പുറമ്പോക്കിൽ താമസിക്കുന്നവർ

എഴുത്ത്: അനീഷ് പെരിങ്ങാല

രാത്രി ഓട്ടം കഴിഞ്ഞു വന്ന ഞാൻ നല്ല ഉറക്കത്തിലായിരുന്നു. അപ്പോഴാണ് ഫോൺ ബെൽ അടിച്ചത്. ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ആരാണെന്ന് പോലും നോക്കാതെ ഞാൻ ഫോൺ ചെവിയിൽ വെച്ചു.

” മോനെ രഘു ഞാനാടാ… ചിന്നമ്മ ചേച്ചിയാ. ചേട്ടൻ ഒട്ടും വയ്യ നീ പെട്ടെന്ന് ഇങ്ങോട്ട് വാ.ആശുപത്രി വരെ പോകണം” ഇത് പറയുമ്പോൾ അവർ കരയുന്നുണ്ടായിരുന്നു.

ഇതൊരു സ്ഥിരം ഏർപ്പാട് ആയതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഞാനവരെ പരിചയപ്പെടുന്ന നാൾമുതൽ അവരുടെ ഭർത്താവ് ഒരു നിത്യ രോഗിയാണ്. ഒരു മാസത്തിൽ നാലാഴ്ച ഉണ്ടെങ്കിൽ, മൂന്നാഴ്ച യും അയാൾ ആശുപത്രിയിലാണ്. പാവം ആ സ്ത്രീയുടെ കഷ്ടപ്പാട് കാണുമ്പോൾ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. ഞാൻ പെട്ടെന്ന് വണ്ടിയുമായി ചെന്നു. അയാളുടെ വെപ്രാളം കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി എന്നത്തെ പോലെ അല്ല. അവസ്ഥ വളരെ മോശമാണ്. ഞാനും ചേച്ചിയും കൂടി അയാളെ താങ്ങിയെടുത്ത് വണ്ടിയിൽ കയറ്റി. ഓട്ടോയിൽ കിടന്നു അയാൾനിലവിളിക്കുന്നുണ്ട്. ചേച്ചി പുറം തടവുകയും ആശ്വസിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഞാൻ ഓട്ടോ മാക്സിമംസ്പീഡിൽ വിട്ടു.

വണ്ടി ആശുപത്രിയുടെ മുറ്റത്ത് നിർത്തുന്നതിനു മുൻപ് തന്നെ അറ്റൻഡർ ട്രോളി യുമായിഓടിയെത്തി. അയാളെ താങ്ങിയെടുത്തു കിടത്തി അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് അയാളെ ഐ സി യുവിലേക്ക് മാറ്റിയതായി നേഴ്സ് വന്ന് അറിയിച്ചു. ഐ സി യു വിന്റെ മുൻപിലെ കസേരയിൽ ഇരുന്നുകൊണ്ട് ചേച്ചി എന്തൊക്കെയോ കരഞ്ഞു പറയുന്നുണ്ട്.

” കരയാതെ ചേച്ചി… ചേട്ടൻ ഇത് ആദ്യമായി ഒന്നുമല്ലല്ലോ. ഇതൊരു സ്വകാര്യ മെഡിക്കൽ കോളേജ് ആണ്. ശകലം ശ്വാസം ബാക്കിയുണ്ടെങ്കിൽ അവർ രക്ഷപ്പെടുത്തും ഉറപ്പാ.” അവരെ സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു.

അതിനിടയ്ക്ക് ഐ സി യു വിന്റെ വാതിൽ തുറന്നു കൊണ്ട് നേഴ്സ് ഇറങ്ങിവന്നു.

” ഗോപിനാഥന്റെ കൂടെ വന്നവർ ആരെങ്കിലുമുണ്ടോ? ” ഞാനും ചേച്ചിയും കസേരയിൽനിന്ന് ചാടിയെഴുന്നേറ്റു.

” അകത്തേക്ക് വരൂ ഡോക്ടർ വിളിക്കുന്നു”

ചേച്ചി അകത്തേക്ക് കയറി ചെന്നപ്പോൾ ഡോക്ടർ അയാളുടെ അടുത്ത് നിൽപ്പുണ്ട്.

” ഗോപിനാഥന് നിങ്ങളോട് എന്തോ സംസാരിക്കണമെന്ന്. അധികം ബുദ്ധിമുട്ടിക്കേണ്ട”

നേഴ്സ് ഗോപിനാഥന്റെ മുഖത്ത് ഘടിപ്പിച്ചിരുന്ന മാസ്ക് എടുത്ത് മാറ്റി. അയാൾ അവരോട് അടുത്തേക്ക് വരാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു.

” ഒന്നും ഓർത്ത് വിഷമിക്കേണ്ട ചേട്ടാ. എല്ലാം രണ്ടു ദിവസം കൊണ്ട് മാറും. പുറത്തേക്ക് വന്ന കരച്ചിൽ കടിച്ചമർത്തി കൊണ്ട് അവർ പറഞ്ഞു.

” എല്ലാ പ്രാവശ്യത്തെ പോലെ അല്ലടി….. ഇവിടുന്ന് ഒരു തിരിച്ചുപോക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. മരിക്കുന്നതിനു മുൻപ് എനിക്ക് പിള്ളേരെ ഒന്ന് കാണണം. വരില്ലെന്നറിയാം, എങ്കിലും ഒന്ന് വിളിച്ചു നോക്ക് മരിക്കുന്നതിന് എനിക്ക് പേടിയില്ല. നിനക്ക് ആരുമില്ലല്ലോ എന്നോർക്കുമ്പോഴാണ്….. അയാൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി.

” ഇതൊന്നും ഇപ്പോൾ ഓർക്കേണ്ട. ചേട്ടന്ഒന്നും സംഭവിക്കുകയില്ല.” ചേച്ചി അയാളെ ആശ്വസിപ്പിച്ചു.

” മതി സംസാരിച്ചത് നിങ്ങൾ പുറത്തേക്ക് പൊയ്ക്കൊള്ളൂ”. അയാൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടുനേഴ്സ് പറഞ്ഞു. ഐസിയുവിൽ നിന്ന് ഇറങ്ങിവന്ന ചേച്ചി ഭിത്തിയിൽ തല ചേർത്തുവച്ചു പൊട്ടിക്കരഞ്ഞു.

” എന്തുപറ്റി ചേച്ചി…? ഡോക്ടർ എന്തു പറഞ്ഞു” ഞാൻ ചോദിച്ചു.

” ഡോക്ടർ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. പക്ഷേ ചേട്ടന് കുട്ടികളെ കാണണമെന്ന്”.

” എനിക്കും അതാ പറയാനുള്ളത്. ചേച്ചി ഇങ്ങനെ നിന്ന്കരഞ്ഞിട്ട് കാര്യമില്ല. ഞാൻ പറഞ്ഞില്ലേ ഇതൊരു സ്വകാര്യ മെഡിക്കൽ കോളേജ് ആണെന്ന്. ഇവിടെ മണിക്കൂറിന് പണം എണ്ണി കൊടുക്കണം. ചേച്ചി എത്രയും പെട്ടെന്ന് മക്കളെ രണ്ടുപേരെയും വിവരമറിയിക്കാൻ നോക്ക്.”

” അറിയിച്ചിട്ട് എന്താ ഫലം. അറിഞ്ഞാലും അവൻ വരും എന്ന് തോന്നുന്നില്ല.”

” അറിയിക്കാതെ ഇരുന്നാൽഇവിടുത്തെ കാര്യം നടക്കണ്ടേ. അവൻ വലിയ നിലയിൽ ആയെന്ന് വെച്ച് അച്ഛനെ അമ്മയും മറക്കാമോ. ചേച്ചി ആ ഫോൺ ഇങ്ങു താ. എന്തായാലും ഞാൻ അവനെ ഒന്നു വിളിച്ചു നോക്കാം. ഞാൻ ഫോൺ മേടിച്ചു കോൾ ചെയ്തു നോക്കി.

” ഹലോ ആരാണ്” അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം.

” ഒരു സെക്കൻഡ് ഹോൾഡ് ചെയ്യണേ ഞാൻ ചേച്ചിക്ക് കൊടുക്കാം”.

അപ്പുറത്ത് ആരാണെന്നും ചേച്ചി ചോദിച്ചില്ല. അവരെ സംബന്ധിച്ചിടത്തോളം മറുപുറത്ത് അവരുടെ മകനാണ്. ഫോൺ മേടിച്ചു കൊണ്ട് അവര് പറഞ്ഞു. മോനേ…. അമ്മയാ ടാ… അച്ഛന് ഒട്ടുംവയ്യാതെ ആശുപത്രിയിലാ. നീ പെട്ടെന്ന് ഇങ്ങോട്ട് വാ”. അപ്പുറത്തുള്ള ശബ്ദം എനിക്ക് നന്നായി കേൾക്കാം.

” അമ്മയോ….. ഏത് അമ്മ. ഞാൻ നിങ്ങളോട് പറഞ്ഞില്ലേ തള്ളേ ഇങ്ങോട്ട് വിളിക്കരുതെന്ന്. നിങ്ങളുടെ മകൻ ഇപ്പോൾ എന്റെ ഭർത്താവ. അയാൾ എവിടെ പോകണം ആരെ കാണണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാ. കുടുംബത്ത് ഓരോരുത്തർക്കും ആ സുഖമാണ് ആശുപത്രിയിലാഎന്നൊക്കെ പറഞ്ഞുകൊണ്ട് മേലിൽ ഇങ്ങോട്ട് വിളിച്ചേ ക്കരുത്”. അവർ ഫോൺ കട്ട് ചെയ്തു. അപ്പുറത്തുനിന്ന് ശബ്ദം ഒന്നും കേൾക്കാത്ത കൊണ്ട് ചേച്ചി ഹലോ ഹലോ എന്ന് പറഞ്ഞുകൊണ്ടിരുന്നു.

” മതി ചേച്ചി അവർ ഫോൺ കട്ട് ചെയ്തു. അവൻ വരില്ല സ്നേഹിച്ച പെണ്ണിനെ വേണ്ടി അച്ഛനെയും അമ്മയെയും വേണ്ടെന്നുവച്ച് തെണ്ടി… ചേച്ചി വിഷമിക്കേണ്ട മക്കൾ ആയിട്ട് അവൻ മാത്രമല്ലല്ലോ. ഒരു മോള് കൂടി ഇല്ലേ. അവരെ ഒന്നു വിളിച്ചു നോക്കാം.

” വേണ്ട രഘു, അവന്റെ അവസ്ഥയെക്കാൾ കഷ്ട മാ അവളുടെകാര്യം. ഞാനും എന്റെ ഭർത്താവും, മോളെയും കൊച്ചുമക്കളെയും കണ്ടിട്ട് തന്നെ രണ്ടു മൂന്നു വർഷങ്ങളായി. സ്ത്രീധനത്തിന്റെ ബാക്കിതുക കൊടുക്കാതെ അവിടെ ചെല്ലാനോ അവളെയും മക്കളെയും കാണാനോ അവൻ അനുവദിക്കില്ല. അവൻ ആവശ്യപ്പെട്ട സ്വർണ്ണവും പണവും കൊടുത്താണ് ഞങ്ങൾ അവളെ കെട്ടിച്ചു വിട്ടത്”.

ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് ഡോക്ടർ ഐ സി യു വിന്റെ ഡോർ തുറന്ന് പുറത്തേക്ക് വന്നു. ഡോക്ടറുടെ മുഖത്ത് വിവേചിച്ചറിയാൻ ആവാത്ത ഒരു ഭാവം മിന്നി മറയുന്നത് ഞാൻ കണ്ടു. എന്നെ ഒന്ന് നോക്കിയിട്ട് ഡോക്ടർ പറഞ്ഞു.

” നിങ്ങൾ ഇവരെയും കൂട്ടി കൊണ്ട് എന്റെ റൂമിലേക്ക് വരൂ.”

ഡോക്ടറുടെ പുറകെ ഞാനും ചേച്ചി നടന്നു. മേശയ്ക്കു അപ്പുറത്ത് ഇട്ടിരിക്കുന്നകസേരയിലേക്ക് ചൂണ്ടി ഇരിക്കാൻ ഡോക്ടർ ആംഗ്യം കാട്ടി. തന്റെ മുൻപിൽ ഇരിക്കുന്ന ഞങ്ങളെ നോക്കി ഒരു തുടക്കത്തിനു വേണ്ടി ഡോക്ടർ പരത്തുന്നത് ഞാൻ ശ്രദ്ധിച്ചു.

” ഞാൻ പറഞ്ഞു വരുന്നത്… ഗോപിനാഥനേ ഇവിടെ കൊണ്ടു വരുമ്പോൾ തന്നെ അയാളുടെ നില വഷളായിരുന്നു.. ഞങ്ങൾ ചെയ്യാവുന്നതിന്റെപരമാവധി ചെയ്തു.
പക്ഷേ…….

ഡോക്ടറുടെ ആ പക്ഷേ യിൽ എല്ലാം അടങ്ങിയിരുന്നു. ഞാൻ ഒരു നിമിഷം സ്തംഭിച്ചു പോയി. തൊട്ടടുത്തിരുന്ന ചേച്ചി നിലവിളിച്ചു ബഹളം ഉണ്ടാക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ അവർ ഒരു പ്രതിമ കണക്ക് ഡോക്ടറെ മുഖത്തേക്ക് നോക്കി ഇരുന്നു. 10 മിനിറ്റിനകം ബോഡി ഐസിയുവിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റും. ബില്ല് പേ ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് അവിടെ നിന്നും ഏറ്റുവാങ്ങാം. എന്താ ബില്ലടയ്ക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ”. ഞങ്ങളുടെ ഇരിപ്പു കണ്ടു ഡോക്ടർ ചോദിച്ചു. എന്തു പറയണമെന്നറിയാതെ ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി

” നിങ്ങൾ ഇവരുടെ ആരാ…..? എന്നെ നോക്കി ഡോക്ടർ ചോദിച്ചു.

ഞാൻ ഇവരുടെ ആരും അല്ല ഡോക്ടർ. ഇവർ ഓട്ടം വിളിച്ച വണ്ടിയുടെ ഡ്രൈവറാണ്. ഉള്ളത് ഡോക്ടറോട്തുറന്നു പറയാം. ഇവർക്ക് രണ്ടു മക്കൾ ഉണ്ടെങ്കിലും അവര് അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച മട്ടാണ്. അവരുടെ നിസ്സഹായ അവസ്ഥ ഞാൻ വെളിപ്പെടുത്തി. ആകെ ഉണ്ടായിരുന്ന വീടും പറമ്പും വിറ്റാണ് മകളെ കെട്ടിച്ചു വിട്ടത്. ഇപ്പോൾ ഇവർ താമസിക്കുന്നത് ഒരു വാടകവീട്ടിലാണ്. അവിടെ ബോഡി മറവ് ചെയ്യാൻ പറ്റില്ലല്ലോ. ഡോക്ടർ വിചാരിച്ചാൽ ബോഡി മറവ് ചെയ്യാനുള്ള ഒരു……

ഞാൻ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ ഡോക്ടർ ടേബിളിൽ ഇരുന്ന ഫോണെടുത്ത് ആരോടോ ഇംഗ്ലീഷ് സംസാരിച്ചു. അതിനുശേഷം ഞങ്ങളെ നോക്കി പറഞ്ഞു.

” ബോഡി മറവ് ചെയ്യാനുള്ള സെറ്റപ്പ് നമുക്കുണ്ടാക്കാം. പക്ഷേ അതല്ലല്ലോ ഇവിടുത്തെ വിഷയം. ബില്ല് പേ ചെയ്തേപറ്റൂ. ഒന്നുകൂടി ആലോചിച്ചതിനു ശേഷം ഡോക്ടർ പറഞ്ഞു. പിന്നെ, നിങ്ങൾക്ക് മുന്പില് ഒരു ഓപ്ഷൻ എന്ന് വെച്ചാൽ. ഒരാൾ മരിച്ചാൽ അയാളുടെ അവയവങ്ങൾ അവരുടെ കുടുംബം ദാനം ചെയ്യാറുണ്ട്. അതൊരു പൊതുസേവനം ആണ്. അതുപോലെ നിങ്ങൾക്ക് വേണമെങ്കിൽ ബോഡി കുട്ടികൾക്ക് പഠിക്കുന്നതിനു വേണ്ടി ഈ ഹോസ്പിറ്റലിന് ദാനം ചെയ്യാം. അങ്ങനെയാണെങ്കിൽ ബില്ല് ഒരു പ്രശ്നമല്ല. നിങ്ങൾ നല്ലതുപോലെ ആലോചിക്കൂ. തയ്യാറാണെങ്കിൽ നിങ്ങൾക്ക് ഇതിൽ സൈൻ ചെയ്യാം”.

ഞങ്ങളുടെ മുൻപിലേക്ക് ഡോക്ടർ നീക്കിവെച്ച സമ്മത പത്രത്തിലേക്ക് നോക്കി ചേച്ചി കുറെ നേരം അനങ്ങാതെ ഇരുന്നു. പിന്നെ നിറഞ്ഞുതുളുമ്പിയ കണ്ണുനീർ സാരിത്തുമ്പു കൊണ്ട് തുടച്ചു, വിറയ്ക്കുന്ന കൈകൾ കൊണ്ട് പേനയെടുത്ത് ഡോക്ടർ പറഞ്ഞ സ്ഥലങ്ങളിൽ അവർ ഒപ്പിട്ടു കൊടുത്തു. ശേഷംഒന്നും പറയാതെ ഇറങ്ങി നടന്നു.

ഹോസ്പിറ്റലിലെ നീളൻവരാന്തയിലൂടെ വേച്ചുവേച്ച് നടന്നുപോകുന്ന ആ സ്ത്രീ രൂപത്തെ നോക്കി എന്തുചെയ്യണമെന്നറിയാതെ ഞാൻ തരിച്ചു നിന്നു….

Photo Courtesy

Leave a Reply

Your email address will not be published. Required fields are marked *