അവളോട് യാത്ര പറയാനായിരുന്നു അവനവളുടെ റൂമിൽ വന്നത്, അവനെ കണ്ടതും ബെഡ്ഡിൽ കിടക്കുകയായിരുന്ന അവൾ എഴുനേറ്റിരുന്നു…

ആന്റിവൈറസ്

Story written by PRAVEEN CHANDRAN

ഇരു വീട്ടുകാരുടേയും ശക്തമായ എതിർപ്പിനെ അതിജീവിച്ചാണ് അവർ തങ്ങളുടെ പ്രണയം വിജയത്തിലേക്കടുപ്പിച്ചത്.. കോളേജ് കാലഘട്ടത്തിനിടയിൽ മൊട്ടിട്ട പ്രണയം പടർന്ന് പന്തലിക്കുകയായിരുന്നു..

നാല് വർഷങ്ങൾക്ക് ശേഷം ഇരുവീട്ടുകാരുടേയും സമ്മതത്തോടെ അവരുടെ വിവാഹം ഉറപ്പിച്ചു.. അവരൊന്നിക്കാൻ ഇനി രണ്ട് മാസം മാത്രം…

“കൺഗ്രാജുലേഷൻസ് അജു.. ” അവന്റെ ഉറ്റസുഹൃത്തും അവളുടെ അകന്ന ബന്ധു കൂടിയായ പ്രകാശിന്റെ വകയായിരുന്നു ആ ആശംസകൾ.. അവളുടെ സീനിയേഴ്സ് ആയിരുന്നു അവർ രണ്ട് പേരും…

പ്രകാശ് ആയിരുന്നു അവരുടെ ഹംസം… എന്തിനും ഏതിനും അവരുടെ കൂടെ അവനുണ്ടായിരുന്നു.. അവളുടെ വീട്ടുകാരെ സമ്മതിപ്പിച്ചെടുത്തത് വരെ അവന്റെ മിടുക്ക് കൊണ്ടായിരുന്നു…

“താങ്ക്യൂ പ്രകാശ്.. നീ ചെയ്ത് തന്ന ഉപകാരത്തിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.. ഞാനും ദിവ്യയും ഒന്നിക്കാൻ പോകുന്നതിന് കാരണം നീയാണ്..”

“നന്ദിയൊന്നും വേണ്ട ബ്രോ.. നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി.. എല്ലാം ഭംഗിയായി നടക്കട്ടെ” അവർക്ക് ആശംസകൾ നൽകി അയക്കുമ്പോഴും അവന്റെ മനസ്സിൽ ഒരു നീറ്റലനുഭവപെട്ടിരുന്നു…

അതിന് കാരണം ദിവ്യയെ അവന് മുന്നേ ഇഷ്ടമായിരുന്നു എന്നതായിരുന്നു.. പക്ഷെ ഇഷ്ടം പറയാനുള്ള ധൈര്യം അവനില്ലാതെ പോയി… അവൾ അവരുടെ കോളേജിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവനായിരുന്നു.. പക്ഷെ അവന് മുന്നേ അജു അവളുടെ മനസ്സിൽ കയറിപറ്റുകയായിരുന്നു..

അവന് അത് ഒരു ഷോക്കായിരുന്നു എങ്കിലും എല്ലാം ഉള്ളിലൊതുക്കി അവൻ അവർക്ക് സപ്പോർട്ട് ചെയ്യുകയായിരുന്നു…

പതിയെ പതിയെ അവൻ അവളോടുള്ള ഇഷ്ടം മറക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു..

അവസാനം വീട്ടിൽ പറഞ്ഞ് എങ്ങനെയെങ്കിലും തങ്ങളുടെ വിവാഹത്തിന് സമ്മതിപ്പിക്കണമെന്ന് കരഞ്ഞ് കൊണ്ട് അവൾ അപേക്ഷിച്ചപ്പോൾ അതും അവൻ നേടിക്കൊടുക്കുകയായിരുന്നു…

“ഇനി രണ്ട് മാസമേയുള്ളൂ മോളൂ നിന്നെ എനിക്ക് സ്വന്തമായികിട്ടാൻ..” അജു രാത്രിയുള്ള പതിവ് ഫോൺ സംഭാഷണത്തിനിടെ അവളോട് പറഞ്ഞു…

“വേഗം വന്ന് എന്നെ കൊണ്ട് പോ അജൂ… അത്രയും ദിവസം പോലും കാത്തിരിക്കാൻ എനിക്ക് കഴിയുന്നില്ല”.. അവൾക്ക് ക്ഷമ നഷ്ടപെട്ടിരുന്നു…

“കുറച്ച് ദിവസം കൂടെ അല്ലേ ഉള്ളൂ മോളൂ.. അത് കഴിഞ്ഞാൽ നമ്മൾ സ്വപ്നം കണ്ടപോലെ നമ്മൾ മാത്രമുള്ള ആ ലോകത്തേക്ക് നമ്മൾ പോകില്ലേ.. കാത്തിരിക്കു മുത്തേ”

“കാത്തിരിക്കാം പൊന്നേ.. എത്ര ജന്മം വേണമെങ്കിലും.. എന്നാൽ ഞാൻ കിടക്കട്ടെഡാ.. ചെറിയ പനി പോലെ.. നല്ല ക്ഷീണം ഉണ്ട്”

“പെട്ടെന്ന് എന്ത് പറ്റി? ചിലപ്പോ തണുപ്പടിച്ചതാവും. ശരി എന്നാ വേഗം ഉറങ്ങിക്കോളൂ.. പനി കൂട്ടണ്ട..ഗുഡ്നൈറ്റ്..”

ഫോൺ വയ്ക്കുമ്പോഴേക്കും ദേഹമാസകലം കുളിരുന്നപോലെ അവൾക്ക് തോന്നി..

അന്ന് പുലർച്ചെ അവൾക്ക് ശരീരം മുഴുവൻ നുറുങ്ങുന്ന വേദന ഉണ്ടായി.. കടുത്ത പനിയും.. പനിക്കുള്ള ടാബ്ലറ്റ് കഴിച്ചിട്ടും ഒരു കുറവും അവൾക്ക് തോന്നിയില്ല…

അമ്മയോട് അവൾ രാവിലെ തന്നെ വിവരം പറഞ്ഞു..

അപ്പോഴേക്കും അവൾ ആകെ തളർന്നിരുന്നു.. വീട്ടുകാർ ഉടൻ തന്നെ അവളെ ഹോസ്പിറ്റലിലെ ത്തിച്ചു.. കടുത്ത പനിയായത് കാരണം അവളെ ഐ.സി.യൂവിലേക്ക് മാറ്റിയിരിക്കുകയായിരുന്നു ..

ഉച്ചയായിട്ടും അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുന്നത് കണ്ടാണ് അജു പ്രകാശിനെ വിളിച്ചത്..അവനും അവൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയുന്നില്ലായിരുന്നു..

അന്വേഷിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞ് പ്രകാശ് ഫോൺ കട്ട് ചെയ്തു..

അവൾക്ക് എന്തെങ്കിലും സംഭവിച്ച് കാണുമോയെന്നുള്ള ഭയം അജുവിനെ പോലെ തന്നെ പ്രകാശിനേയും അലട്ടാൻ തുടങ്ങിയിരുന്നു..

അല്പസമയത്തിന് ശേഷം പ്രകാശിന്റെ കോൾ വന്നു..

“ഡാ… പേടിക്കാനൊന്നുമില്ല അവൾക്ക് നല്ല പനിയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്… വൈറൽ ഫീവറോ മറ്റോ ആണ്.. നീ വിഷമിക്കാ തിരിക്ക് ഞാനൊന്ന് അവിടം വരെ പോയി കാര്യം തിരക്കാം”

പ്രകാശ് അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവന് ഇരിക്കപൊറുതിയില്ലാ യിരുന്നു.. അവളുടെ അച്ഛനുമായി അത്ര രസത്തിലല്ലാതിരുന്നത് കൊണ്ട് പെട്ടെന്ന് അവിടേക്ക് ഓടിച്ചെല്ലാനും അവന് കഴിയില്ലായിരുന്നു..

വൈകീട്ടോടെ പ്രകാശിന്റെ കോൾ വന്നു..

“ഡാ.. അവൾക്ക് പനി കൂടുതലാണ്.. ഐ.സി.യൂ ആണ്.. ഡോക്ടർമാർ കുഴപ്പമൊന്നുമില്ല എന്ന് പറയുന്നു.. രണ്ട് ദിവസം കഴിഞ്ഞേ എന്ത് പനിയാണെന്ന് പറയാനൊക്കൂ എന്നാ പറഞ്ഞത്..നീ ടെൻഷനാവണ്ട ഞാനുണ്ടല്ലോ ഇവിടെ”

അത് കേട്ടതും അവന് ടെൻഷൻ കൂടി… ഫോൺ വച്ചതിന് ശേഷവും അവൻ ടെൻഷനിലായിരുന്നു.. ഉറക്കം വരാതെ അവൻ ബാൽക്കണിയിൽ തന്നെ തന്നെയിരുന്നു..

പിറ്റെ ദിവസം ഉച്ചയോടെ അജു ഹോസ്പിറ്റലിലെത്തി…

“ഡാ.. എന്തായടാ?” പ്രകാശിനെ കണ്ടതും അവൻ ടെൻഷനോടെ ചോദിച്ചു..

പ്രകാശിന്റെ മുഖത്തെ പരിഭ്രമം അജുവിന്റെ ടെൻഷൻ കൂട്ടിയതേയുള്ളൂ..

” വാ.. നമുക്ക് അങ്ങോട്ട് മാറി നിന്ന് സംസാരിക്കാം” അവൻ അജുവിന്റെ തോളത്ത് കയ്യിട്ട് അവിടന്ന് മുന്നോട്ട് നടന്നു…

“എന്താടാ..നീ കാര്യം പറ? ദിവ്യക്കെന്താ സംഭവിച്ചത്?”

അവന്റെ ആകാംഷ പ്രകാശിന് മനസ്സിലാക്കാനാവുമായിരുന്നു.. എങ്കിലും എങ്ങനെ അത് പറയണമെന്നറിയാതെ അവൻ കുഴങ്ങി..

” അങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല.. ഡോക്ടർമാർക്ക് ഒരു സംശയം മാത്രമാണ്… ടെസ്റ്റ് റിസൾട് വന്നതിന് ശേഷമേ എന്തെങ്കിലും ഉറപ്പിച്ച് പറയാനാവൂ.. അത് വരെ നമുക്ക് കാത്തിരിക്കാം”

അത് കേട്ടതും അവന് ടെൻഷൻ കൂടി..

“എന്താടാ.. എന്തായാലും തെളിച്ച് പറ?”

ഒരു നെടുവീർപ്പോടെ പ്രകാശ് അവനോട് കാര്യം പറഞ്ഞു…

“ദിവ്യയ്ക്ക് നിപ ആണോന്ന് ഒരു സംശയം.. അല്ല സംശയം മാത്രമാണ്.. രണ്ട് ദിവത്തിനുള്ളിൽ ഫലം വരും എന്നിട്ടേ പറയാനൊക്കൂ”

അത് കേട്ടതും നെഞ്ചിലിടിത്തീ വീണത് പോലെ തോന്നി അവന്… എൻഗേജ്മെന്റ് കഴിഞ്ഞ് ഒരുമാസത്തിലേറെയായി അവളെ അവൻ കണ്ടിട്ട്.. ജോലി സംബന്ധമായ ട്രെയിനിംഗിനായി അവൻ ഡൽഹിയിലായിരന്നു.. അവൾ ഹോസ്റ്റലിലും…

“ഏയ് പേടിക്കേണ്ട ആവശ്യമൊന്നുമില്ല.. അഥവാ നിപ ആണെങ്കിൽ തന്നെ ഇന്ന് മികച്ച ചികിത്സ ഉണ്ട്.. തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ റിക്കവർ ചെയ്യാനാകും എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്”

പകച്ച് നിൽക്കുന്ന അവനെ ആശ്വസിപ്പിക്കാനായി പ്രകാശ് പറഞ്ഞു.. എല്ലാം മൂളിക്കേട്ട് കൊണ്ട് എന്തൊക്കെയോ ചിന്തിച്ച് കൊണ്ടിരുന്നു അവൻ..

പ്രകാശിനോട് യാത്ര പറഞ്ഞ് അവൻ അവിടെ നിന്ന് ഇറങ്ങിപ്പോയി.. അവളുടെ അച്ഛനോടോ അമ്മയോടോ സംസാരിക്കാൻ പോലും അവൻ തയ്യാറായില്ല..

രണ്ട് ദിവസം അവൻ ഹോസ്പിറ്റലിലേക്ക് വന്നതേയില്ല… അവനാകെ ടെൻഷനിലായിരു ന്നു…

പ്രകാശ് ആയിരുന്നു ഹോസ്പിറ്റലിലെ കാര്യങ്ങൾ നോക്കിയിരുന്നത്… അജു വിളിക്കാത്തതിൽ അവനും അത്ഭുതമായി…

രണ്ട് ദിവസം കഴിഞ്ഞ്…

ഫലം വന്ന ദിവസം അജു ടി.വിയിൽ നിന്നാണ് ആ വാർത്ത അറിഞ്ഞത്…

“കോഴിക്കോട് ഹോസ്പിറ്റലിൽ കഴിയുന്ന പാലക്കാട് സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനിക്ക് നിപ സ്ഥിഥീകരിച്ചു.. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും വേണ്ട മുൻകരുതലുകൾ സ്വകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു” അതായിരുന്നു ന്യൂസ് ഹെഡ്ലൈൻ…

അത് കേട്ടതും അവൻ പരാഭ്രാന്തിയോടെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു… കൈകാലുകൾ തളരുന്ന പോലെ അവന് തോന്നി… ഒരുമാസത്തിലേറെയായി അവനവളെ കണ്ടിട്ട് എങ്കിലും എന്തോക്കെയോ ഭയം അവനെ പിടികൂടിയിരുന്നു…

പ്രകാശന്റെ കോൾ അവന് ദിവസവും വന്നുകൊണ്ടിരുന്നെങ്കിലും അവൻ ഫോൺ അറ്റന്റ് ചെയ്തില്ല…

പ്രകാശിനും ആകെ ടെൻഷനായി… ഒരാഴ്ച്ച കഴിഞ്ഞിട്ടും അജു ഹോസ്പിറ്റലിലേക്ക് വരുകയോ അവനെ ഫോൺ ചെയ്യുകയോ ചെയ്തില്ല എന്നത് പ്രകാശിനെ അതിശയിപ്പിച്ചു..

അവളുടെ അമ്മയ്ക്കും ഹോസ്റ്റലിലെ റൂം മേറ്റ്സിനും അദ്യം ചികിത്സിച്ച നഴ്സുമാർക്കും കൂടെ പനി ബാധിച്ചിരുന്നെങ്കിലും അവരെ നേരത്തേ തന്നെ നിരീക്ഷിക്കാൻ കഴിഞ്ഞത് തുണയായിരുന്നു…

ദിവസങ്ങൾ കടന്ന് പോയി…

അവൾ ജീവിതത്തിലേക്കി പൊരുതി കയറിക്കൊണ്ടിരുന്നു… അവനൊടൊപ്പം ജീവിക്കണമെന്നുള്ള അതിയായ ആഗ്രഹം അവളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വന്നു എന്ന് പറയാം.. വളരെ വേഗത്തിലായിരുന്നു അവളുടെ ശരീരം മരുന്നുകളോട് പ്രതികരിച്ചത്…

ഓർമ്മവരുമ്പോഴൊക്കെ അവൾ തിരഞ്ഞിരുന്നത് അവന്റെ മുഖമായിരുന്നു…

ഡോക്ടർമാരുടെ വിദഗ്ധ ചികിത്സയും വീട്ടുകാരുടെ പ്രാർത്ഥനയും കൂടെ ആയതോടെ അവൾ പെട്ടെന്ന് തന്നെ നിപയുടെ മാരക പിടിയിൽ നിന്നും രക്ഷപെടുവാനായി…

കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ പൂർണ്ണമായും രോഗവിമുക്തയായി…

റൂമിലേക്ക് മാറ്റുന്ന ദിവസം അവൾ അവനെ തിരഞ്ഞ് കൊണ്ടിരുന്നു…

പ്രകാശിനെ കണ്ടതും അവൾ ആദ്യം അന്വേഷിച്ചത് അജുവിനെ ആയിരുന്നു…

അവന് മറുപടിയുണ്ടായില്ല..

“എന്ത് പറ്റി പ്രകാശേട്ടാ… അജു എവിടെ? ” അവൾക്ക് ആധിയായി…

ഇത് വരെ അവളെക്കാണാൻ വരുകയോ ഫോണിലൂടെ പോലും അവളെ അന്വേഷിക്കുക യോ ചെയ്തിട്ടില്ലെന്ന് അവളോട് അവസാനം അവന് പറയേണ്ടി വന്നു…

അത് കേട്ടതും അവൾക്ക് ടെൻഷനായി.. അവൾ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അവൻ നടന്നതെല്ലാം തുറന്ന് പറഞ്ഞു…

അവൾ ഡിസ്ചാർജ് ആവുന്നതിന് മുന്ന് പ്രകാശ് അവനെക്കാണാൻ പോയിരുന്നു… രോഗിയായ അവളെ സ്വീകരിക്കാൻ അവന് താൽപര്യമില്ലെന്നും അഥവാ ഇനി അസുഖം മാറിയാലും അവളൊടൊപ്പം ജീവിക്കാൻ അവന് ഭയമാണ് എന്നുമായിരുന്നു അവൻ പറഞ്ഞത്..

അത് കേട്ടതും അവന്റെ മുഖമടച്ച് ഒന്ന് പൊട്ടിച്ചിട്ടാണ് പ്രകാശ് അവിടന്ന് ഇറങ്ങിപോന്നത്..

അവൾക്ക് ആകെ ഒരു മരവിപ്പ് പോലെയായി… പനിയെ അതിജീവിച്ചതിലും ഭീകരമായി തോന്നി അവൾക്ക് അപ്പോഴത്തെ ആ അവസ്ഥയെ അതിജീവിക്കാൻ…

അവളുടെ വീട്ടുകാരും അവളെ കുറ്റപെടുത്താൻ തുടങ്ങി…

അജുവിനെ കാണണമെന്ന് ഒരിക്കൽ പോലും അവൾക്ക് തോന്നിയില്ല…ഓരോ ദിവസം കൂടും തോറും അവനോടുള്ള വെറുപ്പ് കൂടി വന്നു…

പ്രാകാശ് എന്നും അവളെ കാണുവാൻ വന്നിരുന്നു… പലപ്പോഴും അവൾക്ക് കാവലായി അവനാണ് രാത്രിമുഴുവൻ ഉറക്കമുളച്ചിരുന്ന തെന്ന് അവൾക്ക് അമ്മയിൽ നിന്ന് അറിയാൻ കഴിഞ്ഞു… അവൾക്ക് അവനോട് അത് വരെയില്ലാത്ത ഒരിഷ്ടം തോന്നിത്തുടങ്ങിയി രുന്നു…

ഡീസ്ചാർജ്ജ് ആയി വീട്ടിലേക്ക് കൊണ്ട് വരുന്നത് വരെ പ്രകാശും അവളോടൊപ്പം ഉണ്ടായിരുന്നു..

അവളോട് യാത്ര പറയാനായിരുന്നു അവനവളുടെ റൂമിൽ വന്നത്… അവനെ കണ്ടതും ബെഡ്ഡിൽ കിടക്കുകയായിരുന്ന അവൾ എഴുനേറ്റിരുന്നു..

“എണീക്കേണ്ട കിടന്നോളൂ ദിവ്യ… കുറച്ച് ദിവസം കൂടെ കഴിഞ്ഞാൽ പഴയപോലെ ഓടിച്ചാടി നടക്കാനാവും… ഞാൻ പോവാണ്… കുറച്ച് ദിവസം ലീവ് ആയിരുന്നു… ചിലപ്പോ ഒരു ട്രാൻസ്ഫറുണ്ടാകാം… എന്നാലും ഇടക്ക് വരാട്ടോ”…

അവനവന്റെ മുഖത്തേക്ക് നോക്കി… അവന്റെ കണ്ണുകൾക്ക് ചുറ്റും കറുത്തപാടായിരിക്കുന്നു.. മുഖത്ത് നല്ല ക്ഷീണം കാണുന്നുണ്ട്… അവൾക്ക് അത് കണ്ട് വീഷമം തോന്നി

“എന്തിനാ പ്രകാശേട്ടാ ഇങ്ങനെ കഷ്ടപെട്ടത്… ആ മുഖത്ത് നിന്നറിയാം ക്ഷീണം.. എനിക്ക് ഇപ്പോൾ പ്രശ്നമൊന്നുമില്ല..” അവൾ വിഷമത്തോടെ പറഞ്ഞു…

“ഏയ്.. അതൊന്നും സാരമില്ലടോ… ടേക്ക് റെസ്റ്റ്.. ഞാൻ പോകട്ടെ എന്നാ… ഇടക്ക് വിളിക്കാം.. ബൈ” അവൻ യാത്ര പറഞ്ഞ് പോകാനൊരുങ്ങവേ അവൾ പിന്നീന്ന് ചോദിച്ചു…

“അല്ല പ്രകാശേട്ടാ ഒരു സംശയം”

“എന്താ ദിവ്യ ചോദിച്ചോളൂ?” അവൻ ആശ്ചര്യത്തോടെ അവളെ നോക്കി..

“പ്രകാശേട്ടന് വൈറസ് പേടി ഉണ്ടാടന്നില്ലേ? അമ്മ പറഞ്ഞു ബന്ധുക്കളാരും തന്നെ തിരിഞ്ഞ് നോക്കാനുണ്ടായില്ല ചേട്ടൻ മാത്രമാണ് കൂടെ നിന്നത് എന്ന്.. അത് കൊണ്ട് ചോദിച്ചതാ”

അത് കേട്ടതും അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു..ധൈര്യം സംഭരിച്ച് കൊണ്ട് അവൻ അവളുടെ അടുക്കലേക്ക് വന്ന് അവളുടേ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…

” ഇല്ല മോളേ എനിക്ക് ഒരിക്കലും ഭയം തോന്നിയില്ല… പ്രണയം എന്ന വൈറസ് എന്നേ എന്നെ പിടികൂടിയതാണ്.. പലപ്പോഴും അത് തുറന്ന് പറയാൻ എനിക്ക് കഴിയാതെ പോയി..നിന്നെ രക്ഷിച്ചത് അജുവിനോടുള്ള പ്രണയം ആയിരുന്നു എങ്കിൽ എനിക്ക് പ്രതീക്ഷ നൽകിയത് നിന്നോടുള്ള പ്രണയം ആയിരുന്നു… ശരിക്കും പറഞ്ഞാൽ ഈ പ്രണയം ഒരു ആന്റിവൈറസ് ആണ്.. ഏത് മഹാരോഗത്തേയും അതിജീവിക്കാനുള്ള ആന്റി വൈറസ്….”

അത് പറഞ്ഞ് അവൻ അവിടന്ന് പുറത്തേക്ക് നടന്നു… കാലങ്ങളായി മനസ്സിൽ കൊണ്ട് നടന്ന ഒരു ഭാരം ഇറക്കി വച്ചത് പോലെ അവന് തോന്നി.. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… അവളുടേയും…

പ്രവീൺ ചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *