എല്ലാം അതോടെ അവസാനിച്ചെന്നും, ഇനിയെന്തിന് ജീവിക്കണമെന്നുമുള്ള ചിന്ത മനസ്സിനെ

Story written by SAJI THAIPARAMBU

“ജമന്തിക്കിന്ന് ലേബർ റൂമിലാണ് ഡ്യൂട്ടി കെട്ടോ”

അറ്റൻറൻസ് ഒപ്പിടുമ്പോൾ , സുജമേഡം പറഞ്ഞത് കേട്ട് ജമന്തിയുടെ മുഖം വാടി.

എന്തോ, ലേബർ റൂമെന്ന് കേൾക്കുമ്പോൾ തന്നെ, എല്ലാ മൂഡും പോകുഅത് മറ്റൊന്നുമല്ല,കല്യാണം കഴിഞ്ഞ് പിറ്റേ വർഷമാണ് , തൻ്റെ ജീവന് ഭീഷണിയായേക്കാവുന്ന യൂ ട്രസ് റിമൂവ് ചെയ്യേണ്ടി വന്നത് , ഇനിയൊരിക്കലും തനിക്ക് പ്രസവത്തിനായി, ലേബർ റൂമിൽ കയറേണ്ടി വരില്ലെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ മുതൽ ,ലേബർ റൂം എന്നുമൊരു പേടി സ്വപ്നമായി മാറി .

ഗർഭപാത്രമില്ലാത്തവളെ ,ഇനിയും വച്ചോണ്ടിരുന്നാൽ, അവൾക്ക് വെറുതെ ചെലവിന് കൊടുക്കാമെന്നല്ലാതെ, മറ്റ് പ്രയോജനമൊന്നുമില്ലെന്ന് മനസ്സിലാക്കിയ ഭർത്താവ്, രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിന് തിരശ്ശീലയിട്ടു.

എല്ലാം അതോടെ അവസാനിച്ചെന്നും ,ഇനിയെന്തിന് ജീവിക്കണമെന്നുമുള്ള ചിന്ത മനസ്സിനെ തളർത്തിക്കളഞ്ഞ സമയത്താണ്, ഒരു പുനർജന്മമെന്നപ്പോലെ മുമ്പെങ്ങോ എഴുതിയ, പിഎസ് സി ടെസ്റ്റിൻ്റെ റാങ്ക് ലിസ്റ്റിലുണ്ടെന്നറിഞ്ഞത്.

വീണ്ടും ജീവിക്കാനുള്ള ആഗ്രഹം മുളപൊട്ടിത്തുടങ്ങി ,അങ്ങനെയാണ് ,അമ്മയാകാനുള്ള എല്ലാ സാധ്യതകളെയും നിമിഷ നേരം കൊണ്ട് കശക്കിയെറിഞ്ഞ, അതേ ഹോസ്പിറ്റലിൽ തന്നെ നഴ്സായി ജോലി കിട്ടുന്നത്.

ഓർമ്മകളെ അതിൻ്റെ പാട്ടിന് വിട്ടിട്ട് ,ഇടനാഴിയിലൂടെ വേഗം നടന്ന് ,ലേബർ റൂമിൻ്റെ വാതില്ക്കലെത്തുമ്പോൾ ,അവിടെ കൂടി നിന്നവരുടെ ഇടയിൽ, അയാൾ നില്ക്കുന്നത് കണ്ട് ജമന്തി ഒരു നിമിഷം ഞെട്ടി.

ഒരിക്കൽ തന്നെ ഒരു പൂവ് പോലെ താലോലിക്കുകയും, തൻ്റെയുള്ളിലെ മധുകണം ആവോളം നുകരുകയും ചെയ്തിട്ട് ,അവസാനം താനൊരു ചാറ് പറ്റിയ ചണ്ടിയാണെന്നറിഞ്ഞപ്പോൾ , സ്വന്തം ജീവിതത്തിൽ നിന്നു തന്നെ ,ഒരു കറിവേപ്പില പോലെ വലിച്ചെറിഞ്ഞ, ക്രൂരനായ അവളുടെ ഭർത്താവായിരുന്നു അത്.

അയാളും അവളെ കണ്ടിരുന്നു.

താനെന്തിന്, അയാളെ ശ്രദ്ധിക്കണം ഇവിടെയെത്തുന്നവരെ പരിചരിക്കലാണ് ,തൻ്റെ ജോലി, അവിടെ ശത്രുവോ മിത്രമോ ഇല്ല.

അവൾ അടഞ്ഞ് കിടന്ന ലേബർ റൂമിൻ്റെ, വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് പോയി.

കുറച്ച് കഴിഞ്ഞപ്പോൾ, അകത്ത് നിന്ന് ഒരു ഡോക്ടർ ഇറങ്ങി വന്നു.

സിന്ധുവിൻ്റെ ഹസ്ബൻ്റുണ്ടോ?

“ഉണ്ട് ഡോക്ടർ ഞാനാ…

അത് അയാളായിരുന്നു ,ജമന്തിയുടെ മുൻ ഭർത്താവ് രാജീവൻ.

“നിങ്ങളെൻ്റെ റൂമിലേക്കൊന്ന് വരു”

ഉത്ക്കണ്ഠയോടെ രാജീവൻ, ഡോക്ടറെ അനുഗമിച്ചു .

“ഇരിക്കൂ”

രാജീവനോട് ഇരിക്കാൻ പറഞ്ഞിട്ട്, ഡോക്ടർ കർച്ചീഫെടുത്ത് മുഖത്തെ വിയർപ്പ് തുടച്ചു.

“എന്താ ഡോക്ടർ എന്തെങ്കിലും പ്രശ്നമുണ്ടോ?

ജിജ്ഞാസയോടെ രാജീവൻ ചോദിച്ചു.

“ഉം, താങ്കൾ, ഞാൻ പറയുന്നത് സംയമനത്തോടെ കേൾക്കണം, സിന്ധുവിൻ്റെ ബോഡി വല്ലാതെ വീക്കാണ് ,മാത്രമല്ല ബിപി വളരെ ഹൈലെവലിലുമാണ് ,ഇനിയും പ്രസവത്തിനായ് വെയ്റ്റ് ചെയ്താൽ, ഒരു പക്ഷെ ,അമ്മയെയും കുഞ്ഞിനെയും നമുക്ക് നഷ്ടപ്പെടും ,ഈയൊരു സാഹചര്യത്തിൽ, സിസ്സേറിയനല്ലാതെ വേറെ മാർഗ്ഗമില്ല ,പക്ഷേ …”

ഡോക്ടർ അർദ്ധോക്തിയിൽ നിർത്തി.

“എന്താ ഡോക്ടർ, എന്താണെങ്കിലും പറയു”

“അപ്പോഴും, കുഞ്ഞിൻ്റെ കാര്യത്തിലേ, എനിക്ക് ഉറപ്പ് തരാൻ കഴിയൂ ,അമ്മയുടെ കാര്യം ,അത് ദൈവത്തിൻ്റെ കയ്യിലാണ് ,നിങ്ങൾ പ്രാർത്ഥിക്കു, എനിക്ക് അത്രയേ പറയാൻ കഴിയു”

ഡോക്ടർ പറഞ്ഞത് കേട്ട്, രാജീവൻ സ്തബ്ധനായി ഇരുന്ന് പോയി.

അകത്ത് ഓപ്പറേഷൻ ടേബിളിൽ ,ജീവന് വേണ്ടി പിടയുന്ന ഭാര്യക്ക് വേണ്ടി ,പുറത്ത് പ്രാർത്ഥനയോടെ അയാൾ നിന്നു.

പക്ഷേ, ഒരു ദൈവവും അയാളോട് അലിവ് കാണിച്ചില്ല.

ഡോക്ടർ വന്ന്, അയാളോട് സോറി പറയുമ്പോൾ, തൊട്ട് പുറകിൽ ഒരു ചോരക്കുഞ്ഞുമായി അവൾ നില്പുണ്ടായിരുന്നു.

തൻ്റെ ആദ്യ ഭാര്യയുടെ മുഖത്ത് നോക്കാൻ ത്രാണിയില്ലാതെ, വിറയ്ക്കുന്ന കൈകളോടെ തൻ്റെ കുഞ്ഞിനെ അയാൾ വാങ്ങി.

ദിവസങ്ങൾ കടന്ന് പോയി.

ഒന്നരമാസമായപ്പോൾ ,കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനായി ,അമ്മയെയും കൂട്ടി ,രാജീവൻ ഹോസ്പിറ്റലിലേക്ക് വീണ്ടും വന്നു .

അന്നും ,ജമന്തി അവിടെയുണ്ടായിരുന്നു.

രാജീവൻ്റെ പെരുമാറ്റത്തിൽ നിന്നും ,അയാൾ തന്നോട് എന്തോ പറയാൻ ശ്രമിക്കുന്നതായി ജമന്തിക്ക് തോന്നി.

അപ്പോഴൊക്കെ അവൾ മനപ്പൂർവ്വം ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു.

“മോളോട് ഈ അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല ,അന്ന് എൻ്റെ മോനെ തിരുത്താൻ അമ്മയ്ക്ക് കഴിഞ്ഞില്ലെന്നുള്ളത് സത്യമാണ്, ഏതൊരമ്മയെയും പോലെ, സ്വന്തം മകൻ്റെ ഭാവി ജീവിതം ഭദ്രമാക്കാൻ വേണ്ടി, എനിക്കുമന്ന് നിശബ്ദയാകേണ്ടി വന്നു, പക്ഷേ, ഇന്നിപ്പോൾ എൻ്റെ മോന് നിൻ്റെ സാന്നിദ്ധ്യം കൂടിയേ തീരു, നിനക്കും അത് തന്നെയല്ലേ നല്ലത് ,നിൻ്റെ കാര്യങ്ങളൊക്കെ അറിഞ്ഞിട്ട് മറ്റൊരാൾ ഒരിക്കലും നിന്നെ സ്വീകരിക്കില്ല ,പഴയതെല്ലാം മറന്ന് നിങ്ങൾ വീണ്ടും ഒന്നിക്കണമെന്നാണ്, അമ്മയുടെ ആഗ്രഹം, അവനും അതാഗ്രഹിക്കുന്നുണ്ട്”

ഒടുവിൽ അയാളുടെ അമ്മയാണ്, യാചനയുടെ സ്വരത്തിൽ അവളോട് അപേക്ഷിച്ചത്.

“മ്ഹും ,കൊള്ളാം നല്ല തീരുമാനമാണ് ,സ്വന്തം കുഞ്ഞിനെ വളർത്താൻ, ഇനി ഒരിക്കലും പ്രസവിക്കില്ലെന്ന് ഉറപ്പുള്ള ആദ്യ ഭാര്യയെ തന്നെ, ഏല്പിക്കുന്നതാണ് നല്ലതെന്ന് തോന്നിയത് കൊണ്ടല്ലേ? നിങ്ങളുടെയും മകൻ്റെയും ഈ ബുദ്ധിപരമായ നീക്കം, പക്ഷേ, നിങ്ങളുടെ മകൻ്റെ കുഞ്ഞിനെ നോക്കുന്ന, ആയയുടെ സ്ഥാനം മാത്രമേ, ആ പദവിയിലൂടെ ഞാൻ പ്രതീക്ഷിക്കുന്നുള്ളു ,അതിന് വേണ്ടി, വീണ്ടും നിങ്ങളുടെ മരുമകളാകാൻ എനിക്ക് താല്പര്യമില്ല, അമ്മയില്ലാത്ത കുഞ്ഞിനെ വളർത്താൻ, നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ, ഇങ്ങ് തന്നേക്കു, ഞാൻ വളർത്തിക്കൊള്ളാം പൊന്ന് പോലെ ,താല്പര്യമുണ്ടെങ്കിൽ , ഇടയ്ക്കിടെ നിങ്ങൾക്ക് വന്ന് കണ്ട് പോകാം ,ഒന്നുമില്ലെങ്കിലും, എൻ്റെ ആദ്യ ഭർത്താവിൻ്റെ ചോരയല്ലെ, വിധിവൈപരീത്യം കൊണ്ട്, എൻ്റെ വയറ്റിൽ പിറക്കാതെ പോയ ,ആ കുരുന്നിനോട് എനിക്ക് ശത്രുതയൊന്നുമില്ല ,എന്തായാലും ഉപയോഗശൂന്യമാണെന്നറിഞ്ഞ്, ഒരിക്കലെന്നെ നിർദ്ദയം ശൂന്യതയിലേക്ക് വലിച്ചെറിഞ്ഞ, നിങ്ങളുടെ മകനോടൊപ്പം ഇനിയൊരു ജീവിതമുണ്ടാവില്ല”

വിട്ടുവീഴ്ച്ചയില്ലാത്ത അവളുടെ വാക്കുകൾ, കൂരമ്പുകൾ പോലെ, രാജീവൻ്റെ ഹൃദയത്തേ കീറി മുറിച്ച് കൊണ്ടിരുന്നു.

ഇൻജക്ഷനെടുത്ത് കഴിഞ്ഞപ്പോൾ, നിർത്താതെ കരയുന്ന പിഞ്ച് കുഞ്ഞിനെ ജമന്തി ,തോളിലിട്ട് പുറത്ത് തട്ടി ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ട രാജീവൻ, അമ്മയെയും വിളിച്ച് കൊണ്ട്, ഹോസ്പിറ്റലിൻ്റെ പടികളിറങ്ങി പുറത്തേക്ക് നടന്നു പോയി…