കോടതിയിലിരുന്നവർ കണ്ണ് തുടയ്ക്കുണ്ടായിരുന്നു. അവർക്കൊക്കെ സങ്കടമായിന്നു തോന്നുന്നു. പക്ഷെ…

കപ്പലണ്ടിമുട്ടായി

Story written by AMMU SANTHOSH

“മോൾ അച്ഛന്റെ കൂടെ പോകാമെന്നു പറയണം കേട്ടോ “എന്റെ തലമുടി രണ്ടായി പിന്നിയിട്ടു കൊണ്ട് ചിറ്റ അത് പറയുമ്പോൾ ആ ശബ്ദം അടച്ചിരുന്നു .

ദിവസങ്ങളായി കരഞ്ഞു കൊണ്ടിരുന്നത് കൊണ്ട് ആ കണ്ണുകൾ തടിച്ചു വീർത്തിരുന്നു .മുല്ലപ്പൂവ് തലയിൽ വെയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ ചിറ്റയെ വിലക്കി

“കോടതിയിലേക്കല്ലേ ചിറ്റേ വേണ്ട “

“ഞാൻ കോർത്തത..എന്റെ മോൾക്ക് വേണ്ടിട്ട്..ഇനി പറ്റുവോ ?”ആ കണ്ണുകൾ പെയ്തു തുടങ്ങവേ ഞാൻ അത് വാങ്ങി എന്റെ തലയിൽ വെച്ചു

പുറത്തു അമ്മാവൻ കാത്തു നില്പുണ്ട് എന്നെ കൊണ്ട് പോകാൻ

“ചിറ്റ വരണ്ട “ഞാൻ മെല്ലെ പറഞ്ഞു

ചിറ്റ അടക്കിപ്പിടിച്ച ഒരു നിലവിളിയോട എന്നെ ഇറുകെ കെട്ടിപ്പിടിച്ചു

“മോളിടക്കു വരണം ട്ടോ “

ഞാൻ കരഞ്ഞില്ല മറുപടി പറഞ്ഞുമില്ല .ചിറ്റയെ മെല്ലെ അടർത്തിമാറ്റി .

ചില നേരങ്ങളിൽ നമ്മുടെ മനസ്സങ് ചത്ത് പോകും. കരയാനും വയ്യ ചിരിക്കാനും വയ്യ

ഇതിനു മുൻപ് അങ്ങനെ ഉണ്ടായതു എന്റെ ‘അമ്മ മരിച്ചപ്പോളായിരുന്നു

“ഇറങ്ങാം മോളെ “അമ്മാവൻ പറയുമ്പോൾ ഞാൻ വീണ്ടും ചിറ്റയെ ഒന്ന് നോക്കി .പിന്നെ ചിറ്റയുടെ തയ്യൽ മെഷിനിൽ ഒന്ന് തൊട്ടു .എന്റെ തയ്ച്ചു പാതിയായ ഉടുപ്പ് അവിട കിടപ്പുണ്ടായിരുന്നു .ചിറ്റപ്പനെ അവിടെ കാണാനുണ്ടായിരുന്നില്ല .പാവം അതിരാവിലെ തന്നെ വല്ലയിടത്തേക്കും ഇറങ്ങി പോയിരിക്കും

കോടതിയിൽ അച്ഛൻ എന്നെ കാത്തു നില്പുണ്ടായിരുന്നു .അച്ഛന്റെ വില കൂടിയ കാറിൽ ചാരി അച്ഛന്റെ ഭാര്യയും …

അച്ഛനെന്നെ ചേർത്ത് പിടിക്കാനാഞ്ഞതും ഞാൻ പെട്ടെന്ന് വഴുതി മാറി .അച്ഛനെ എനിക്ക് വേണ്ടത്ര പരിചയമൊന്നുമായിട്ടില്ല

ചിറ്റ പറയും,

“പരിചയമില്ലാത്ത ആണുങ്ങൾ ദേഹത്ത് തൊടാൻ സമ്മതിക്കരുത് കേട്ടോ .പരിചയമുണ്ടെങ്കിലും ഒരു പരിധി വരെ പുരുഷന്മാരെയൊന്നും ദേഹത്ത് തൊടിക്കണ്ട..അച്ഛനാണെങ്കിലും കൂട്ടുകാരനാണെങ്കിലും ആങ്ങളായാണെങ്കിലും ഒക്കേറ്റിനുംഒരു പരിധി വേണം പെണ്ണിന് “

ചിറ്റ പറയുന്നത് അക്ഷരം പ്രതി അനുസരിച്ച ശീലം .നിധി കാക്കുന്ന ഭൂതമാണ് ചിറ്റ എന്ന് ചിറ്റപ്പൻ കളിയാക്കും .ചിറ്റപ്പന് എന്നെ വലിയ ഇഷ്ടമാണ് എനിക്കൊരു പനി വന്നാൽ കൂടി ആ കണ്ണ് നിറയും .നെഞ്ച് പൊട്ടുന്നുണ്ടാകും ഇപ്പൊ പാവത്തിന്റെ .കുഞ്ഞുണ്ണിയും മായയും സ്കൂളിൽ പോയി വരുമ്പോൾ മാത്രേ അറിയുവുള്ളു

“വാ മോളെ കോടതി ആരംഭിച്ചു “വീണ്ടും അച്ഛൻ ..ഞാൻ തെല്ലു അകലമിട്ടു അച്ഛന്റെ പിന്നാലെ നടന്നു

വക്കിലന്മാരുടെ വാദം തുടങ്ങി

ഞാൻ കൈ മാറിൽ ചേർത്ത് ഒരു നാടകം കാണും പോലെ അത് നോക്കി നിന്നു

“മോൾക്കെന്താ പറയാനുള്ളത് ?”അച്ഛന്റെ കൂടെ പോകുകയല്ലേ ?”ജഡ്ജി ഒരു സ്ത്രീയാണ് ..ആ മുഖത്ത് വാത്സല്യം നിറയുന്നു

“എനിക്ക് പറയാനുള്ളത് കേൾക്കാൻ കോടതിക്ക് സമയം ഉണ്ടാവുമോ ?”ഞാൻ മെല്ലെ ചോദിച്ചു

കോടതിയിൽ ഒരു ചിരി പടർന്നു

“ഉവ്വലോ മോള് പറയു “ജഡ്ജിയമ്മ ചിരിയോടെ പറഞ്ഞു

“എന്റ്റെ പേരറിയാല്ലോ അല്ലെ ?അമൃത തങ്കം ..അതാണ് എന്റെ പേര് ..തങ്കം എന്റെ അമ്മയാണ് ..”ഞാൻ പറഞ്ഞു തുടങ്ങി

“എന്റ്റെ അച്ഛൻ എന്റ്റെ അമ്മയെ ഉപേക്ഷിച്ചു പോകുമ്പോൾ അമ്മയുടെ വയറ്റിൽ എനിക്ക് മൂന്ന് മാസമാണ് .ഞാൻ ജനിച്ചപ്പോൾ ‘അമ്മ ഒരു രോഗിയായി

..ഹാർട്ടിനായിരുന്നു തകരാറ്.സ്കൂൾ സർട്ടിഫിക്കറ്റിൽ അമ്മ അച്ഛന്റ്റെ പേര് എഴുതിയിട്ടില്ല .അമ്മയുടെ മനസ്സിൽ അച്ഛനുണ്ടാകില്ലായിരിക്കും . ‘അമ്മ മരിച്ചപ്പോൾ ഞാൻ മൂന്നാം ക്ലാസ്സിലാ. അച്ഛനെ ആരൊക്കെയോ വിവരമറിയിച്ചുവെങ്കിലും അച്ഛൻ വന്നില്ല .അച്ഛനൊരിക്കലും എന്നെ കാണാൻ വന്നിട്ടില്ല അച്ചനുവേറെ കുടുംബമായി കുട്ടികളായി അതോണ്ടാകും,ചിറ്റപ്പനും ചിറ്റയ്ക്കും രണ്ടു കുട്ട്യോളുണ്ട് .വലിയ കഷ്ടപ്പാടാണ് .പക്ഷെ കൂടപ്പിറപ്പിന്റെ മോളെ വിട്ടു കളയാനൊക്കുവോ അതായിരിക്കും അവരെന്നെ കൂട്ടിക്കൊണ്ടു പോയി .അന്നു മുതലിന്നുവരെ ഞാൻ അവരുടെ മകൾ അല്ലെന്നു എനിക്ക് തോന്നിട്ടില്ല .പത്രത്തിൽ ഓരോ വാർത്തകളൊക്കെ വരുമ്പോൾ കൂട്ടുകാരികൾ ചോദിക്കും “ചിറ്റപ്പൻ എങ്ങനെയാ ?സൂക്ഷിക്കണേ എന്നൊക്കെ .എനിക്ക് പതിനാലു വയസെ ഉള്ളു പക്ഷെ ഒരാണിന്റ നോട്ടം കണ്ടാല് അത് നല്ലതാണോ ചീത്തയാണോ എന്നൊക്കെ അറിയാനുള്ള വിദ്യ എന്റെ ചിറ്റ എന്നെ പഠിപ്പിച്ചു തന്നിട്ടുണ്ട് .എന്റെ ചിറ്റപ്പനെ പോലെ നന്മ ഉള്ള ഒരു ആണിനെ ഞാൻ കണ്ടിട്ടില്ല .ആ നെഞ്ചു നിറയെ സ്നേഹമാ..അത് കൊണ്ടാണ് കാശ് ഇല്ലാഞ്ഞിട്ടും അച്ഛൻ എന്നെ ചോദിച്ചു വന്നപ്പോൾ ഇതൊരു കേസ് ആയത്.

ഇവിടെ വാദിച്ചത് ഞാൻ കേട്ടു . ഞാൻ അവിടെ സുരക്ഷിതയല്ലന്ന്.അത് വെറുതെയാ. ആ വീട എന്റ്റെ സ്വർഗം ..ചിറ്റപ്പനും ചിറ്റയും മായയും കുഞ്ഞുണ്ണിയും അടങ്ങുന്നതാ എന്റെ കുടുംബം .ജഡ്ജിയമ്മയ്ക്കറിയാമോ അച്ഛൻ എന്നെ ചോദിച്ചു വന്നേ പിന്നെ അവരൊന്നും ശരിക്കും ഉറങ്ങിട്ടില്ല ഉണ്ടിട്ടില്ല .അവരെ വിട്ട് .ലോകത്തെവിടെ പോയാലും എനിക്ക് സമാധാനം കിട്ടുവോ ?”

“എന്റ്റെ അച്ഛനെ ഞാൻ കുറ്റം പറയില്ല …പക്ഷെ സ്നേഹം കൊണ്ടല്ല എന്നെ കൂട്ടാൻ വന്നത്. അച്ഛന്റെ രണ്ടാമക്കള് ഈയിടെ ഒരു അപകടത്തിൽ മരിച്ചു പോയി .ഇപ്പൊ അവർക്കു കുട്ടികളില്ല എനിക്കും വിഷമമുണ്ട് അവരെന്റെയും കൂടെപ്പിറപ്പുകളാ .പക്ഷെ അച്ഛനായത് കൊണ്ട് മാത്രം എനിക്ക് സ്നേഹിക്കാൻ പറ്റുവോ ?

എന്ത് കഷ്ടപ്പായാലും പട്ടിണി ആയാലും എന്റെ ചിറ്റയ്ക്കൊപ്പം മതി .എന്റെ അമ്മയുടെ ആത്മാവ് പോലും പൊറുക്കില്ല അല്ലെങ്കിൽ …പക്ഷെ ഞാൻ കുട്ടിയാണ് ഞാൻ പറയുന്നത് കോടതി കേൾക്കുവോ ?നിയമം എനിക്ൿറീല ..”.ഞാൻ നിർത്തി

കോടതിയിലിരുന്നവർ കണ്ണ് തുടയ്ക്കുണ്ടായിരുന്നു അവർക്കൊക്കെ സങ്കടമായിന്നു തോന്നുന്നു .പക്ഷെ എനിക്കെന്റെ കാര്യം പറയണ്ടേ ?

ഞാൻ വരുമ്പോൾ ചിറ്റ എന്റ്റെ ഉടുപ്പ് തയ്ച്ചു കൊണ്ടിരിക്കുന്നു .ചിറ്റപ്പൻ ആധിയോടെ മുറ്റത്തു കൂടി ഉലാത്തുന്നു ..എന്നെ കണ്ടതും ചിറ്റ ഓടി വന്നു എന്നെ മുറുകെ കെട്ടിപ്പിടിച്ചു …ഞാൻ ചിറ്റപ്പനെ ഒന്ന് നോക്കി .നിറഞ്ഞ രണ്ടു കണ്ണുകൾ..അതിലൊരു ചിരി.

ഞാൻ ഇത് വരെ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ചിരി …

“എനിക്കൊരു കപ്പലണ്ടി മുട്ടായി വേണം ചിറ്റപ്പ “ഞാൻ പറഞ്ഞപ്പോൾ ആ പാവം ഓടി പോകുന്ന്തു കണ്ടു

എനിക്ക് വലിയ ഇഷ്ടമാണ് കപ്പലണ്ടിമുട്ടായി

ചിറ്റയെ നോക്കി ഒരു ചിരി പാസാക്കി ഞാൻ തിണ്ണയിലേക്കിരുന്നു ….ചിറ്റപ്പൻ വാങ്ങി വരുന്ന മുട്ടായിയും കാത്ത്….