കല്ല്യാണം കഴിഞ്ഞു ഇന്നവരെ ഞാനവളെ വഴക്കു പറയുകയൊ അവളുടെ വാക്കുകളെ ധിക്കാരിക്കയോ ചെയ്തിട്ടില്ല…

സ്വപ്നമേ നീയും എനിക്ക് അകലെയാണ്

എഴുത്ത്: മനു തൃശ്ശൂർ

മോനെ വേഗം തന്നെ നീയൊരു വീടുവെച്ച് മാറാൻ നോക്കണം അനിയനും അവൻെറ ഭാര്യയ്ക്കും ഇവിടെ കഴിയേണ്ടെ

നിനക്കറിയാലോ കുറച്ചു ദിവസങ്ങളായി അവൾ അവനെയും കൊണ്ട് അവളുടെ വീട്ടിൽ പോയിട്ട് ഈ അമ്മയ്ക്ക് നിങ്ങൾ തമ്മിലടിക്കുന്നത് കാണാനുള്ള മനസ്സില്ല അതുകൊണ്ട മോനെ ഈ അമ്മ പറഞ്ഞു പോയത്…

അമ്മയുടെ ആ വാക്കുകൾ എൻ്റെ പ്രണനെ എരിയിച്ചു തുടങ്ങിയിരുന്നു

എൻ്റെ കല്ല്യാണം കഴിഞ്ഞു രണ്ട് മാസം കഴിഞ്ഞപ്പോൾ ആയിരുന്നു അവൻെറയും കല്ല്യാണം ഞാൻ നടത്തിയത്

എൻ്റെ പെണ്ണിന്റെ കഴുത്തിലെ പകുതിയും സ്വർണമെല്ലാം കൊണ്ട് ഞാനവൻ്റെ കല്ല്യാണ ചിലവുകൾ നടത്തി അവളു വന്നതിന് ശേഷം അന്ന് തൊട്ടു അവൻറെ മനസ്സ് മാറിയത്.

പക്ഷെ ഇന്നെവരെ അവനോ അവളോ എന്നോട് പരാതി പറഞ്ഞില്ല അവൾക്കൊരു ജോലിയുണ്ടെന്ന അഹങ്കാരം പലപ്പോഴും ഞാൻ അവളിൽ കണ്ടിട്ടുണ്ട്

പതിയെ പതിയെ അനിയൻ്റെ മാറ്റവും എന്നോടുള്ള അകൽച്ചയും ഞാൻ അറിഞ്ഞിരുന്നു ഒടുവിൽ എല്ലാം അമ്മയെ കൊണ്ട് അവൻ പറയ്പ്പിച്ചിരിക്കുന്നു..

അതെ അമ്മെ എല്ലാത്തിനും ബാധ്യതയായ് ഇപ്പോൾ ഈ ഞാനായ്…

പക്ഷെ പത്തുരുപത് കൊല്ലം മുമ്പ് ചോർന്നൊലിക്കുന്ന ഈ വീട്ടിൽ അച്ഛൻെറ വേർപ്പാട് ഓർത്തു മനസ്സ് നൊന്തു കരയുമ്പോഴും.

പീന്നീട് ഉള്ള നാളുകളിൽ വിശന്ന് വയറു കരയുമ്പോഴും ഞാൻ പേടിച്ച് പോയത് അതെ വേദന നിങ്ങൾക്കും ഉണ്ടാവില്ലെന്ന് ഓർത്തിട്ടാണ്..

പതിനേഴാം വയസ്സിൽ ഞാൻ ചെറിയ ചെറിയ പണികൾ ചെയ്തു ഇരുപ്പത്തി നാലാം വയസ്സിൽ അറബി മണ്ണിൽ വെന്തു നീറി എൻ്റെ ജീവിതം മുഴുവനും ഞാൻ ഈ വീടിനു.വേണ്ടിയും എൻ്റെ കുടുംബത്തിന് വേണ്ടിയും ഉഴിഞ്ഞു വച്ചത്.

അന്ന് തൊട്ടു ഇന്നവരെയും അങ്ങനെ തന്നെയാ ഈ ഞാൻ ജീവിച്ചിട്ടൊള്ളു പക്ഷെ അമ്മയതു മറന്നു അല്ലെങ്കിൽ കാലം അങ്ങനെ ഒക്കെ മനുഷ്യനെ വളർത്തിയെന്ന് ഞാൻ കരുതിക്കോളം എനിക്കതിൽ പരിഭവമോ പരാതിയോ ഇല്ല…

പക്ഷെ അമ്മയും അവനും ചേർന്ന് എന്നോട് അവളെയും കൂട്ടി ഈ വീട്ടിൽ നിന്നും ഇറങ്ങി പോവാൻ മാത്രം ഇപ്പോൾ പറയെരുത്

ഒരു ആറെട്ട് മാസം അതുവരെ ഈ വീടിൻ്റെ അടുക്കള പുറത്തെങ്കിലും ഞാനുമെൻ്റെ ഭാര്യയും കഴിഞ്ഞോട്ടെ.!!

“ഏട്ടാ മതി അമ്മയോട് സംസാരിച്ചത് വന്നു കഴിക്ക്…

എല്ലാം കേട്ടു നിന്നിരുന്ന എൻ്റെ ഭാര്യയുടെ വാക്കുകൾക്ക് മുന്നിൽ ഞാൻ ഒരൽപ്പം നിശബ്ദതമായത് .

അതുവരെ മനസ്സ് വേടനിൽ നിന്നും അമ്പേറ്റ മാനിനെ പോലെ വേദനയോടെ ജീവൻ്റെ രക്ഷക്കായ് ദിക്കറിയാതെ ഓടുകയായിരുന്നു…

കല്ല്യാണം കഴിഞ്ഞു ഇന്നവരെ ഞാനവളെ വഴക്കു പറയുകയൊ അവളുടെ വാക്കുകളെ ധിക്കാരിക്കയോ ചെയ്തിട്ടില്ല..

നിറഞ്ഞു വന്ന കണ്ണുകളോടെ ഒന്നും വേണ്ട ഏട്ടാന്ന് പറയാതെ പറയുന്ന അവളെ വേദനയോടെ ഒന്ന് നോക്കി.

ആ നിമിഷം അവളുടെ മനസ്സ് തളർന്ന് തൻ്റെ പുരുഷന്റെ കൈകളിലെ താങ്ങും തണലുമായി കിടക്കാൻ അവൾ കൊതിക്കുന്നുണ്ടെന്ന് തോന്നി.

പക്ഷെ അമ്മയുടെ വാക്കുകളെ ഓർത്തു എനിക്ക് അകത്തേക്ക് കയറാൻ തോന്നിയില്ല…

നീ കഴിച്ചിട്ടു കിടന്നോന്ന് പറഞ്ഞു ഞാൻ മെല്ലെ പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു…

ആ രാത്രിയിൽ ബസ്റ്റോപ്പിലെ സിമൻ്റ് തറയിൽ കിടക്കുമ്പോൾ മനസ്സിൽ മുഴുവൻ അവളുടെ മുഖമായിരുന്നു..

അവൾ കഴിച്ചു കാണുമോ? ഉറങ്ങി കാണുമോ.എന്ന ചിന്തയ്ക്ക് മനസ്സു മറുപടി തന്നത് ഇല്ലെന്ന് ആയിരുന്നു…

കാരണം അവളൊരു പെണ്ണല്ലെ താലി കെട്ടിയ പുരുഷന്റെ മനസ്സൊന്നു പൊള്ളിയ അവൻ്റെ കണ്ണൊന്നു നിറഞ്ഞ.

അവൾ കരയും കണ്ണീര് വർത്ത് കരയും ഉറങ്ങാതെ കിടന്നു അവളേറെ കൊതിക്കും തൻ്റെ പുരുഷന്റെ നെഞ്ചിൽ കിടന്നു ഒന്നു സമാധാനിപ്പിക്കാൻ..

അതെ അതുപോലെ അവൾ കൊതിക്കുന്നുണ്ടാവില്ലെ ഓർത്താപ്പോൾ ഞാനെഴുന്നേറ്റു ഇരുന്നു …

പാവം അമ്മ ഒന്നും വേണ്ടായിരുന്നു ഈ നിമിഷം ഇറങ്ങി വരുമ്പോൾ മോനേന്നു വിളി അതു മതി ഇനി അമ്മയുടെ സ്നേഹവും ഉണ്ടെന്ന് ഓർത്ത് ജീവിക്കാൻ..

ഞാൻ മെല്ലെ എഴുന്നേറ്റു വീട്ടിലേക്ക് നടന്നു കയറി ചെല്ലുമ്പോൾ വാതിൽ തുറക്കാൻ അവളുണ്ടായിരുന്നു..

കരഞ്ഞു തിണർത്തു പോയ കവിൾ തടങ്ങൾ ഒലിച്ചു വന്ന മൂക്കൊന്നു തുടച്ചു അലംങ്കോല പെട്ട് വാരിക്കെട്ടിയ മുടികളുമായ് അവൾ പറഞ്ഞു.

ഏട്ടനിതു എവിടെ പോയി.. വന്നെ കഴിക്കാ ഞാൻ ചോറെടുക്കെട്ടെ വിശക്കുന്നില്ലെ….

വേണ്ട കിടന്നേക്ക് പറഞ്ഞു ഞാൻ മുറിയിലേക്ക് കയറി കട്ടിലിൽ ഇരിക്കുമ്പോൾ അവളൊരു ജഗ് വെള്ളവുമായി മുറിയിലേക്ക് വന്നു എന്നെയൊന്നു നോക്കി വാതിലടച്ചു കട്ടിലിൽ വന്നിരുന്നു മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു…

ഞാൻ കിടക്കുന്നില്ല കണ്ടിട്ടാവണം എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു കിടത്തി ഷർട്ടിൻ്റെ ബട്ടൺ വിടവിലൂടെ കൈയ്യിട്ട് എൻ്റെ നെഞ്ചിൽ തടവി..കൊണ്ട് അവൾ പറഞ്ഞു

നന്നായി മിടിക്കുന്നുണ്ട് ഞാനവടെ ചുംബിക്കുമെന്ന് പറഞ്ഞു ഷർട്ട് മെല്ലെ വകഞ്ഞു മാറ്റി അവളെൻ്റെ നെഞ്ചിലേക്ക് മുഖമണച്ചു കിടന്നു കൊണ്ട് പറഞ്ഞു

” എൻ്റെ ഏട്ടൻ്റെ നെഞ്ച് നന്നായി പൊള്ളുന്നുണ്ട്

ഞാനൊന്നു മൂളി..

മെല്ലെ അവളെ ചേർത്തു പിടിച്ചു പതിയെ പറഞ്ഞു നമ്മുക്ക് ഒരു വീട് വെക്കണം..

മറുപടിയായി അവളിൽ നിന്നൊരു മൂളലുണ്ടായ്..

ഞാൻ വീണ്ടും പറഞ്ഞു വലുതൊന്നും വേണ്ട ഒരു കൊച്ചു വീട്..

മെല്ലെ അവൾ നെഞ്ചിൽ നിന്നും മുഖമെടുത്ത് എൻ്റെ കണ്ണുകളിലേക്ക് നോക്കി..

ഉം അതു മതി ഒരു കൊച്ചു വിട് അത്രയും പറഞ്ഞു അവളെൻെറ നെഞ്ചിലേക്ക് കവിളുകൾ ചേർത്ത് കിടക്കുമ്പോൾ ഒരു ഋതുമന്ത്രം പോലെ അവൾ വീണ്ടും പറഞ്ഞു…

” നമ്മുക്കും ഒരു ദിവസമുണ്ടാകും …

എൻ്റെ കണ്ണുകൾ അറിയാതെ അവളുടെ കണ്ണുകളിലുടക്കിയ നിമിഷം അവൾ മെല്ലെ ഉയർന്നു വന്നു എൻ്റെ നെറ്റിയിലേക്ക് വീണ മുടിയിഴകളെ വകഞ്ഞു മാറ്റി അമർത്തി ചുംബിക്കുമ്പോൾ ആ ചുംബനത്തിന് ഒരു മഞ്ഞുക്കാലത്തിൻ്റെ കുളിരുണ്ടായിരൂന്നു.

ശുഭം ?❤️

മനു പി എം