തമ്മിലുള്ള കാഴ്ചകൾ സ്ഥിരം ആയപ്പോൾ ഉള്ളിൽ എന്നോ തോന്നിയ കൗതുകം കൂടിയതും അത് പ്രണയമായതും പെട്ടെന്നായിരുന്നു…

? നെഞ്ചോരം ?

Story written by SHITHI

” ടി…….. ” പിന്നിൽ നിന്നും കണ്ണേട്ടന്റെ വിളികേട്ടെങ്കിലും തിരിഞ്ഞുനോക്കിയില്ല..വീണ്ടും വിളി വന്നപ്പോൾ കേൾക്കാത്ത മാതിരി വലിഞ്ഞു നടന്നു.. പതിയെ അത് ഓട്ടമായി മാറി.. കുറച്ചു മുൻപോട്ടു പോയി തിരിഞ്ഞുനോക്കി പിന്നിൽ ആരുമില്ലെന്ന് കണ്ട് ആശ്വാസത്തോടെ ശ്വാസം ആഞ്ഞു വലിച്ചു വിടുമ്പോഴേക്കും വളവു തിരിഞ്ഞു വരുന്ന ബുള്ളറ്റിന്റെ ശബ്ദം കേട്ട് ഹൃദയം വീണ്ടും പെരുമ്പറ കൊട്ടാൻ തുടങ്ങിയിരുന്നു.. നേരെ നോക്കിയപ്പോൾ ഉദ്ദേശിച്ച ആൾ തന്നെയാണ്.. വരവ് ഇങ്ങോട്ടും.. വേഗം തിരിഞ്ഞുനടക്കാൻ തുടങ്ങിയെങ്കിലും വെപ്രാളവും പരവേശവും കാരണം ഉദ്ദേശിച്ചത്ര വേഗത കാലുകൾക്ക് ഉണ്ടായിരുന്നില്ല.. അതുകൊണ്ടുതന്നെ രണ്ടടി വെക്കുമ്പോഴേക്കും കണ്ണേട്ടന്റെ ബുള്ളറ്റ് മുൻപിൽ കൊണ്ട് നിർത്തി..

” ഞാൻ വിളിച്ചിട്ട് കേട്ടില്ലേ നീ.. ” കുറച്ചു ഉറക്കെ കണ്ണേട്ടൻ ചോദിച്ചപ്പോൾ ചുറ്റിനും ഒന്ന് കണ്ണോടിച്ച് ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി.. പേടി കാരണം ആകെ ഒരു വിറയൽ തോന്നിയെങ്കിലും പുറമേ ധൈര്യം വരുത്തി..

“ഞാൻ കേട്ടില്ല.. അല്ലെങ്കിലും ഇയാൾ എന്തിനാ എന്നെ വിളിക്കണേ “

” കള്ളം പറയേണ്ട കുഞ്ചു.. ഞാൻ വിളിച്ചത് നീ കേട്ടു എന്നെനിക്കറിയാം..പിന്നെ ക്ലബ്ബിൽ വരാണെങ്കിൽ വല്ലതും വായിക്കാനോ കളിക്കാനോ താല്പര്യമുണ്ടെങ്കിൽ അത് ചെയ്തിട്ട് പോണം.. അല്ലാതെ എന്റെ പിറകെയുള്ള നടത്തം വേണ്ട.. ” കടുപ്പിച്ച് കണ്ണേട്ടൻ പറയുമ്പോൾ സത്യം മറക്കാൻ എന്നപോലെ എന്നിൽ ദേഷ്യം നിറയുന്നുണ്ടായിരുന്നു..

“അയിന്.. ഞാൻ ആരുടെയും പിന്നാലെ നടക്കുന്നില്ല..”

” അതുകൊണ്ടാവും ഷെൽഫുകൾക്കിടയിലൂടെ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നത് .. ക്ലബ്ബിലെ ചെക്കന്മാര് പറഞ്ഞു ഞാൻ പലതും അറിയണ്ട കുഞ്ചു..ദേ ഞാനൊരു കാര്യം പറയാം.. വെറുതെ ഓരോന്ന് കാണിച്ചു കൂട്ടിയിട്ട് നാട്ടുകാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ നിൽക്കരുത്.. പിന്നെ എനിക്ക് ഗൗതമിനോട് പറയേണ്ടിവരും.. വെറുതെ ന്റെ തനി സ്വഭാവം പുറത്ത് എടുക്കേണ്ട സാഹചര്യം ഉണ്ടാക്കേണ്ട.. കേട്ടല്ലോ..” താക്കീതു പോലെ കണ്ണേട്ടൻ പറഞ്ഞു നിർത്തുമ്പോൾ ഉള്ളിൽ ദേഷ്യത്തിന് ഒപ്പം വാശിയും നിറഞ്ഞു.

” ആർക്കെങ്കിലും എന്തെങ്കിലും പറ്റിയ ബോധം പോണ സ്വഭാവം അല്ലേ.. നിക്ക് കാണണമെന്നില്ല.. പിന്നെ ഞാൻ ആരെയും നോക്കാൻ പോണില്ല.. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് എന്റെ മേക്കിട്ടുകയറാൻ വരണ്ട ” ഇത്രയും പറഞ്ഞു കണ്ണേട്ടനെ നോക്കിയപ്പോൾ ആ കണ്ണുകൾ കലങ്ങിയിട്ടുണ്ടായിരുന്നു..കൺകോണിൽ എവിടെയോ ഒരു തുള്ളി നീർ തിളക്കം.. ഞാനാകെ വല്ലാതായി.. പറഞ്ഞതിൽ എവിടെയെങ്കിലും തെറ്റുണ്ടോ എന്ന് ഒരു നിമിഷം ചിന്തിച്ചു.. അപ്പോഴേക്കും ആൾ ബുള്ളറ്റ് എടുത്ത് പോയിരുന്നു.. എന്തോ ഉള്ളം ഒന്ന് വിങ്ങി.. വീണ്ടും ചുറ്റുമൊന്ന് കണ്ണോടിച്ചു.. പടക്ക കടക്ക് തീ പിടിക്കുന്ന പോലെ കാര്യങ്ങൾ പരക്കുന്ന നാടാണ് പോരാത്തതിന് കണ്ടവൻ അവിടെ നിൽക്കട്ടെ കേട്ടവൻ പറയട്ടെ എന്ന് പറയുന്ന നാട്ടുകാരും.. ആരുമില്ലെന്ന് കണ്ട് ആശ്വാസത്തിൽ പതിയെ വീട്ടിലേക്ക് നടന്നു..

റൂമിൽ കയറി വാതിലടച്ച് പഴയ പുസ്തക കൂട്ടിൽനിന്നും ആരും കാണാതെ വെച്ചിരിക്കുന്ന കുഞ്ഞി നോട്ടുബുക്ക് കയ്യിലെടുത്തു.. അതിലെ കണ്ണേട്ടന്റെയും തന്നെന്റെയും വെട്ടിയൊട്ടിച്ച് ഫോട്ടോയിലൂടെ വിരൽ ഓടിക്കുമ്പോൾ ചുണ്ടിൽ വിരിഞ്ഞ ചിരിക്കൊപ്പം കവിളിൽ ചുവപ്പു പടർന്നിരുന്നു..

പണ്ട് പ്ലസ് ടുവിന് ഫുൾ എ പ്ലസ് വാങ്ങിയവരെ അഭിനന്ദിക്കുന്ന ചടങ്ങിന്റെ നോട്ടീസ് പേപ്പറിൽ നിന്ന് വെട്ടിയെടുത്തതാണ് ക്ലബ് ഭാരവാഹിയായ കണ്ണേട്ടന്റെയും ഫുൾ എ പ്ലസ് കിട്ടിയവരുടെ കൂട്ടത്തിൽ നിന്ന് തന്റെയും ഫോട്ടോ.. അന്നത്തെ പ്ലസ് ടു കാരിയത് ചേർത്തു ഒട്ടിച്ചു വെച്ചു ഒപ്പം മാനം കാണാതെ ഒരു കുഞ്ഞ് മയിൽപ്പീലിത്തുണ്ടും.. മനസ്സിലെ ആഗ്രഹം നടക്കാൻ.

കയ്യിലെ മയിൽപ്പീലിത്തുണ്ട് ആ ഫോട്ടോയിലേക്ക് ചേർത്തുവെച്ച് ചുണ്ടിൽ നിറഞ്ഞ ചിരിയോടെ ആ പുസ്തകം നെഞ്ചോരം ചേർത്ത് ബെഡിലേക്ക് ചാഞ്ഞ് കണ്ണുകളടച്ചു.

ഒമ്പതാം ക്ലാസിലെ വെക്കേഷന് നാട്ടിൽ വന്നപ്പോൾ കുറച്ചുദിവസം അമ്മയുടെ വീട്ടിൽ നിൽക്കാൻ പോയപ്പോൾ ആണ് കണ്ണേട്ടനെ ആദ്യമായി കാണുന്നത്.. കളിക്കാൻ പോയ അച്ഛന്റെ ഷോൾഡർ ജോയിന്റ് വിട്ടു എന്ന് കേട്ടപ്പോൾ ഗ്രൗണ്ടിലേക്ക് ഓടിച്ചെന്ന താൻ കാണുന്നത് അച്ഛന് പകരം വേറെ ആരെയോ വണ്ടിയിൽ കെറ്റുന്നതാണ് .. അച്ഛന്റെ കൈ പോന്നത് കണ്ട് ബോധംകെട്ടു വീണതാണത്രേ.. കേട്ടപ്പോ ചിരിവന്നു ഒപ്പം ഉള്ളിലെവിടെയോ ഒരു കുഞ്ഞ് കൗതുകവും.. ആളെ അറിയാൻ..

പിന്നെ പിന്നെ ആ ആളെ ഇടയ്ക്കിടയ്ക്ക് കാണാൻ തുടങ്ങി.. ഒരിക്കൽ മാമയുടെ മോൻ ഗൗതം ഏട്ടനോടൊപ്പം വീട്ടിലേക്ക് വന്നപ്പോൾ ആണ് നേരം പോലെ കണ്ടത്.. എല്ലാരും കണ്ണൻ എന്ന് വിളിക്കുന്ന അഭിനവ്.

തമ്മിലുള്ള കാഴ്ചകൾ സ്ഥിരം ആയപ്പോൾ ഉള്ളിൽ എന്നോ തോന്നിയ കൗതുകം കൂടിയതും അത് പ്രണയമായതും പെട്ടെന്നായിരുന്നു.. പിന്നീട് വെക്കേഷന് അമ്മയുടെ വീട്ടിലേയ്ക്കുള്ള വരവ് കണ്ണേട്ടനെ ഒരു നോക്ക് കാണാൻ മാത്രമായി.. പത്ത് കഴിഞ്ഞപ്പോൾ പട്ടാളത്തിൽ ആയിരുന്ന അച്ഛന്റെ ട്രാന്സ്ഫറിനൊപ്പം സ്കൂൾ മാറി കഴിച്ചാൽ പഠിത്തം ശരിയാവില്ലെന്ന് പറഞ്ഞ് അമ്മയുടെ വീട്ടിലേക്ക് പോന്നു..

ഇടയ്ക്ക് സ്കൂൾ വിട്ടു വരുമ്പോൾ കാണാം കൂട്ടുകാരന്മാരുടെ പെങ്ങന്മാരെ ബുള്ളറ്റിന്റെ പിന്നിലിരുത്തി പോകുന്ന കണ്ണേട്ടനെ.. അത് കാണുമ്പോൾ ദേഷ്യം വരും.. കുശുമ്പുകുത്തും.. ചിലപ്പോ വീട്ടിൽ കയറിച്ചെന്ന് ഇഷ്ടമാണെന്ന് പറയാൻ തോന്നും.. ഇനി മേലാൽ തന്നെയല്ലാതെ വേറെ ആരെയും അതിൽ കേറ്റാൻ പാടില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ തോന്നും..

ആയിടക്കാണ് നാട്ടിലെ ഏട്ടന്മാരൊക്കെ ചേർന്ന് ക്ലബ്ബ് ഇടുന്നത്.. പണ്ടത്തെ വായനശാല ക്ലബ്ബ് ആക്കി മാറ്റിയതാണ്.. അതുകൊണ്ടുതന്നെ ക്ലബ്ബിൽ പുസ്തകങ്ങളൊക്കെയുണ്ട്.. വേണ്ടവർക്ക് ചെന്ന് വായിക്കാം.. ഒപ്പം ക്യാരംസ്, കാർഡ്സ് അങ്ങനെ കുറച്ചു കളികളും.. കണ്ണേട്ടൻ ഉള്ളതുകൊണ്ട് തന്നെ താനും പോക്കുതുടങ്ങി.. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്കും അമ്മയുടെ വീട്ടിൽ തന്നെ തുടർന്നു.. ക്ലബ്ബിലേക്കുള്ള പോക്കിന്റെ എണ്ണം കൂടിയതുകൊണ്ടോ അതോ ന്റെ കാട്ടിക്കൂട്ടലുകൾ കണ്ടുകൊണ്ടോ ന്തോ കണ്ണേട്ടനും ഗൗതം ഏട്ടനും ഒഴിച്ച് ക്ലബ്ബിലെ ബാക്കി സകല ഏട്ടന്മാർക്കും ന്റെ അസുഖം വൈകാതെ മനസ്സിലായി.. അതിപ്പോ കണ്ണേട്ടന്റെ ചെവിയിൽ എത്തിയിട്ടുണ്ട്.. അതുകൊണ്ടാവും ഇന്നത്തെ ചോദ്യംചെയ്യലും ഉപദേശവും.. ഇനി വൈകാതെ തന്നെ അത് ഗൗതം ഏട്ടൻ അറിയും എന്ന് ഉറപ്പായി.. ഓർത്ത് പേടി തോന്നി.. ആ പുസ്തകം ഒന്നൂടെ നെഞ്ചോട് ചേർത്തുപിടിച്ചു.

” കുഞ്ചു… ” താഴെ നിന്ന് ഗൗതം ഏട്ടന്റെ വിളി കേട്ടപ്പോൾ പിടഞ്ഞെഴുന്നേറ്റു പുസ്തകം എടുത്തു വെച്ച് താഴെക്കോടി.. ഏട്ടൻ അറിഞ്ഞോ എന്നുള്ള പേടി ഉണ്ടായിരുന്നു ഉള്ളിൽ.

” ന്നാ അമ്മായിയാണ്.. നിന്നെ വിളിച്ചു കിട്ടുന്നില്ല എന്ന്.. ” ഫോൺ എനിക്ക് നേരെ നീട്ടിയപ്പോൾ ഏട്ടനെ ഒന്ന് നോക്കി അത് വാങ്ങി അല്പം മാറിനിന്നു.. അച്ഛനോടും അമ്മയോടും സംസാരിച്ചു തിരിഞ്ഞപ്പോൾ എന്നെയും നോക്കി നിൽക്കണ ഗൗതം ഏട്ടനെ കണ്ടപ്പോൾ വീണ്ടും പേടി തോന്നി.. വേഗം ഫോൺ ഏട്ടന് നേരെ നീട്ടി..

” വായോ.. നിന്നോട് കുറച്ചു പറയാണ്ട്.. ” ദേഷ്യത്തോടെ ഫോൺ വാങ്ങി മുൻപേ പോകുന്നവന്റെ കൂടെ ചെല്ലുമ്പോൾ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.. കൈപ്പത്തിയും ഉള്ളം കാലും വിയർക്കാൻ തുടങ്ങി.. പേടിയോടെ കൈകൾ ഡ്രസ്സിൽ തിരുപിടിച്ചു.

“ന്താ.. ന്താ ഏട്ടാ..” ഉമ്മറത്തെ മാവിന്റെ ചുവട്ടിൽ ഏട്ടനോടൊപ്പം ഇരുന്ന് ചോദിക്കുമ്പോൾ എല്ലാം ഏട്ടൻ അറിഞ്ഞു എന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു..

” കണ്ണന് ഒരു ആക്സിഡന്റ് പറ്റി കുഞ്ചു.. “

“അയ്യോ എങ്ങനെ..” ഞെട്ടലോടെ ചോദിക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയിരുന്നു.. ഒന്നും പറയാതെ മൗനമായി ഇരിക്കുന്ന ഏട്ടന്റെ കൈകളിൽ പിടിമുറുക്കി.. ഏട്ടൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ സങ്കടത്തിന് ഒപ്പം ദേഷ്യവും തോന്നി.. കണ്ണുകൾ നിറഞ്ഞൊഴുകി..

” ഒന്ന് പറയുന്നുണ്ടോ ഏട്ടാ.. ഞാൻ ചോദിച്ചത് കേട്ടില്ലേ.. “

” ഇഷ്ടമാണോ നിനക്ക് അവനെ ” പെട്ടെന്നുള്ള ആ ചോദ്യത്തിൽ ഏട്ടന്റെ കയ്യിലെ എന്റെ പിടി അയഞ്ഞു.. പതിയെ തലകുനിച്ചു..

” ചോദിച്ചത് കേട്ടില്ലേടി.. നിനക്ക് ഇഷ്ടമാണോ അവനെ.. ” ഏട്ടന്റെ ശബ്ദം ഉയർന്നതും ഞെട്ടി പേടിയോടെ ഏട്ടനെ നോക്കി..ന്റെ കണ്ണ് നിറഞ്ഞത് കണ്ടാവണം കണ്ണുകളടച്ച് ഏട്ടൻ ശ്വാസം ഒന്ന് ആഞ്ഞു വലിച്ച് എന്നോട് ചേർന്നിരുന്നു..

” ഇഷ്ടാണോ ന്റെ കുഞ്ചുവിന് അവനെ ” ഗൗരവം നിറഞ്ഞിരുന്ന ശബ്ദം ശാന്തമായി.

“മ്മ്ഹ്..” തേങ്ങലുകൾ പുറത്തുവരാതെ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് തലയാട്ടിയതും ഏട്ടൻ ചെറുചിരിയോടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചപ്പോൾ ഞാൻ ആ തോളിലേക്ക് ചാഞ്ഞു.. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടെങ്കിലും ഏട്ടന്റെ ചുണ്ടിലെ ആ കുഞ്ഞു ചിരി ഒരു ആശ്വാസമായിരുന്നു.

” എപ്പോ തൊട്ട് “

“അന്ന് അച്ഛന് വയ്യാതായപ്പോൾ കണ്ണേട്ടൻ ബോധംകെട്ടു വീണില്ലേ അന്നാ ഞാൻ ആദ്യം ശ്രദ്ധിച്ചേ.. പിന്നെപ്പോഴോ ഇഷ്ടായി.. കണ്ണേട്ടനെ കാണാനാ ഞാൻ എങ്ങോട്ട് പഠിത്തം മാറ്റിയത് ” അത് പറഞ്ഞപ്പോൾ ന്റെ തലയിൽ ചായ്ച്ച് വെച്ചിരുന്ന തല ഒന്ന് പൊക്കി ഏട്ടൻ എന്നെ നോക്കി.. പിന്നെ അതേ പോലെ ഇരുന്നു..

” അത്രയ്ക്ക് ഇഷ്ടമാണോ അവനെ “

“മ്മ്ഹ്..ഒത്തിരി ഇഷ്ട…”

“അവനെ കുറിച്ച് എല്ലാം അറിയുമോ നിനക്ക് “ഏട്ടന്റെ ആ ചോദ്യത്തിന് തെല്ലൊന്ന് ആലോചിച്ച് ഏട്ടന്റെ നെഞ്ചിൽ തലയിട്ടുരസി ഇല്ലെന്നു പറഞ്ഞു..

“അവൻ ഒരു അസുഖകാരനാണ് കുഞ്ചു.. അത്ര ഭീകരം ഒന്നുമല്ലാട്ടോ.. ന്തോ ഒരു ചെറിയ നേർവ് ഡിസോഡർ.. തലയിലേക്കുള്ള നേർവിനാണ് പ്രോബ്ലം..ആർക്കെങ്കിലും എന്തെങ്കിലും പറ്റുന്നത് കണ്ടാലോ ബ്ലഡ് കണ്ടാലോ പെട്ടെന്ന് ബോധം പോകും.. പിന്നെ കുറച്ച് ശക്തിയിൽ നമ്മൾ വെറുതെ ഒന്ന് അടിച്ചാൽ മതി.. ആൾ പെട്ടെന്ന് സ്റ്റക്ക് ആവും.. രണ്ട് മിനിറ്റ് കഴിഞ്ഞ ശരിയായിക്കോളും.. പക്ഷേ എന്നാലും അതൊരു പ്രശ്നമാണ്.. ഇനിപ്പോ അതാ ഉണ്ടായേ.. രാജുന്റെ ഒപ്പം വണ്ടിയിൽ പോവാർന്നുത്രേ.. ഹമ്പ് ചാടിയപ്പോൾ രാജുന്റെ തല കണ്ണന്റെ പിന്നിൽ ചെന്നിടിച്ചു. ആൾ സ്റ്റക്ക് ആയി.. രാജുനാണെങ്കിൽ കയ്യെത്തി ബ്രേക്ക് പിടിക്കാനും പറ്റിയില്ല.. രണ്ടും വീണു.. രാജുന് അധികമൊന്നുമില്ല.. കണ്ണനാണ് പറ്റിയത്..കാലിന് പൊട്ടലുണ്ട് പിന്നെ തലയിൽ ചെറിയ ഒരു മുറിവും.. മരുന്നു ഒക്കെ കഴിക്കുന്നുണ്ട്.. ന്നാലും അസുഖം മാറാൻ സമയമെടുക്കും..” നെടുവീർപ്പോടെ ഏട്ടൻ പറഞ്ഞു നിർത്തുമ്പോൾ വൈകീട്ട് കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കിയേ കണ്ണേട്ടനെ ഓർമ്മ വന്നു.. കണ്ണേട്ടനോട് പറഞ്ഞതോർമ്മ വന്നു..ഉള്ളിൽ കുറ്റബോധം നിറഞ്ഞു.. മിഴികൾ പെയ്തിറങ്ങി.. തേങ്ങലുകൾ ഉയർന്നു..

“നിക്ക് ഇഷ്ട ഏട്ടാ കണ്ണേട്ടനെ..ഒത്തിരി ഇഷ്ടാ.. പക്ഷേ നിക്ക് അറിയില്ലായിരുന്നു.. ഞാൻ.. ഞാൻ ഇന്ന് കളിയാക്കി.. സങ്കടായി കാണും.. ഞാൻ… നിക്ക് അറിയില്ലായിരുന്നു..” കരച്ചിലോടെ ഏട്ടനെ കെട്ടിപ്പിടിച്ച് വൈകീട്ട് നടന്നതൊക്കെ പറയുമ്പോൾ ആ കൈകൾ സമാധാനിപ്പിച്ചുകൊണ്ട് തലയിലൂടെ തഴുകുന്നുണ്ടായിരുന്നു..

” സാരമില്ല..പോട്ടെ.. അറിയാഞ്ഞിട്ടല്ല.. സാരമില്ല.. നമുക്ക് നാളെ പോയി ഒന്ന് കാണാം.. വേണമെങ്കിൽ ഒരു സോറി പറഞ്ഞോ ” കണ്ണുകൾ തുടച്ചു തന്ന് ഏട്ടൻ എന്നെയും ചേർത്തുപിടിച്ച് ഉള്ളിലേക്ക് നടന്നു..

പിറ്റേന്ന് ഞങ്ങൾ ചെല്ലുമ്പോൾ കണ്ണേട്ടൻ നല്ല മയക്കത്തിലാണ്.. റൂമിലെ വാതിൽപടിയോളം ചെന്ന് നിന്നൊന്ന് കണ്ടു.. തലയിലും കാലിലും കൂടാതെ കയ്യിലും ചെറിയൊരു കെട്ടുണ്ട്.. അതുകണ്ട് ഉള്ളമൊന്ന് വിങ്ങി.. കണ്ണേട്ടന്റെ അമ്മ ഉണർത്താം എന്ന് പറഞ്ഞെങ്കിലും ശല്യപ്പെടുത്തേണ്ടെന്ന് കരുതി ഞങ്ങൾ യാത്ര പറഞ്ഞ് പെട്ടെന്നിറങ്ങി.. പിന്നെ പിന്നെ ഇടയ്ക്ക് ഏട്ടൻ ക്ലബ്ബിലെ വല്ല പുസ്തകം കൊടുക്കാൻ പോവുമ്പോ കൂടെ ചെല്ലും.. അങ്ങനെ അവിടുത്തെ അമ്മയായി നല്ല കൂട്ടായി..പിന്നീട് പുസ്തകം കൊണ്ടുള്ള പോക്ക് ഞാനായി.. ചെല്ലുമ്പോളൊക്കെ കണ്ണേട്ടൻ നല്ല ഉറക്കത്തിലായിരിക്കും.. പതുങ്ങിച്ചെന്ന് പുസ്തകം ടേബിൾ വെച്ച് ആ നെറ്റിയിൽ മുത്തി പൊട്ടിവരുന്ന ചിരി കൈ കൊണ്ട് പൊത്തിപ്പിടിച്ച് വേഗം അടുക്കളയിലെക്കോടും..

പതിവുപോലെ പുസ്തകം വെച്ച് തിരിയുമ്പോഴാണ് കണ്ണുമിഴിച്ച് ഒരു ചിരിയോടെ കിടക്കുന്ന കണ്ണേട്ടനെ കാണുന്നത്..

” അസുഖകാരൻ ആയതുകൊണ്ടാവുമല്ലേ കാണാതെ പോകുന്നത് “

“ഞാൻ.. ഞാൻ എന്നും വരാറുണ്ട്.. കാണാറുണ്ട്..” പതിയെ നടന്ന കണ്ണേട്ടന്റെ അടുത്തേക്ക് ചെന്നതും ആള് ഒരു കൈകുത്തി എണീറ്റിരുന്നു.. പെട്ടെന്ന് അടുത്തേക്ക് ചെന്ന് ഒരു തലയണ ചാരി ഇരിക്കാൻ വെച്ചുകൊടുത്തു..

” വരാറുണ്ടെന്നറിയാം.. മുഖം തരാതെ പോണതിനെക്കുറിച്ച ചോദിച്ചത്..കണ്ട് കണ്ട് നിക്ക് ഇഷ്ടം തോന്നിയാലോല്ലെ.. അസുഖകാരൻ അല്ലേ.. വെറുതെ എന്തിനാ ഒരു കുരിശെടുത്ത് തലയിൽ വെക്കണേന്നാലോചിച്ചിട്ടുണ്ടാവും.. ” അബദ്ധത്തിൽ പോലും ചിന്തിക്കാത്ത കാര്യമായതുകൊണ്ട് കണ്ണേട്ടൻ അത് പറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു വന്നു.. കുട്ടിക്കളിയായിട്ടാണ് കണ്ണേട്ടൻ തന്റെ പ്രണയം കാണുന്നതെന്നു മനസ്സിലായി.. ഒത്തിരി ഇഷ്ടമായതുകൊണ്ടല്ലേ ദിവസവും കാണാൻ വരുന്നത്.. അങ്ങനെ ചിന്തിച്ചിട്ടുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ഉണ്ടാക്കാതെ എന്നോ ഒഴിഞ്ഞു മാറിയേനെ.. എന്നിട്ടും കണ്ണേട്ടന്റെ വാക്കുകൾ..ഉള്ളിൽ സങ്കടത്തേക്കാൾ ദേഷ്യം ഉയർന്നു പൊന്തി.. നിറഞ്ഞൊഴുകുന്ന കണ്ണുകൾ അമർത്തി തുടച്ച് ആളെ നോക്കി.. മുഖത്ത് അതേ ചിരി കണ്ടപ്പോൾ ദേഷ്യം കൂടി.

” അങ്ങനെ തോന്നുമ്പോ ഇഷ്ടമാണെന്ന് പറയാനും.. തോന്നുമ്പോ അല്ലെന്നു പറയാൻ ഞാൻ തേപ്പുപെട്ടി ഒന്നുമല്ല.. കൊച്ചു കുട്ടിയുമല്ല.. എനിക്ക് നിങ്ങളോട് ഇൻഫെക്റ്റുവേഷനോ., ക്രഷോ ഒന്നുമല്ല.. മോർഓവർ ഐ വാസ് നോട്ട് ഫ്ലർട്ടിങ്.. പ്രണയമാണ്.. ഇന്നും ഇന്നലെയൊ തുടങ്ങിയതല്ല.. കുറച്ചുകാലമായി.. അതിനി മാറാനും പോണില്ല.. കേട്ടല്ലോ ” അത്രയും പറഞ്ഞ് കണ്ണേട്ടനെ നോക്കുമ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിപ്പാണ്.. വേഗം കട്ടിലിലേക്ക് ഇരുന്നുകൊണ്ട് ആ മുഖം പിടിച്ചു എനിക്ക് നേരെ തിരിച്ചു.. കണ്ണേട്ടന്റെ ചുണ്ടിൽ തത്തിക്കളിക്കുന്ന ആ ചിരി കാണാതെ പിന്നെയും പറഞ്ഞു തുടങ്ങി..

“ദേ ഒരു കാര്യം കൂടി.. ആ ബുള്ളറ്റിന്റെ പിന്നിൽ ഇനി വല്ല പെണ്ണുങ്ങളെയും വെച്ചുപോയ.. ബാക്കി അപ്പോ കാണാം..പിന്നെ ഇനി ഞാൻ വരില്ല..ഞാൻ ന്റെ വീട്ടിലുണ്ടാവും.. എപ്പോഴെങ്കിലും ഒരു തരി ഇഷ്ടം തോന്നുകയാണെങ്കിൽ വന്ന് വിളിച്ചാ മതി.. കൂടെ വന്നോളാം.. അല്ല ഒരിക്കലും ഇഷ്ടപ്പെടാൻ പറ്റില്ലെങ്കിൽ.. ആരെങ്കിലും ഈ മനസ്സിൽ ഉണ്ടെങ്കിൽ.. പറയണം.. നേരിൽ കണ്ട ചിലപ്പോ ചങ്കുപൊട്ടി മരിക്കും.. അതിനുമുമ്പേ അച്ഛന്റെ അടുത്തേക്ക് പോവാനാണ്.. മറക്കാൻ പറ്റില്ലെങ്കിലും ബുദ്ധിമുട്ടിക്കില്ല..” പറഞ്ഞത് നിർത്തുമ്പോഴും കരഞ്ഞു പോയിരുന്നു.. ചങ്കു പിടയും പോലെ.. ഉള്ളിൽ വല്ലാത്ത നീറ്റൽ.. വേഗം കണ്ണുകൾ തുടച്ചു എഴുന്നേൽക്കാൻ പോയതും ഒറ്റ വലിയായിരുന്നു.. നേരെ ആ നെഞ്ചിലേക്ക് ചെന്നു വീണു.. ഞെട്ടലോടെ കുതറിമാറാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല..

” ഒതുങ്ങി ഇരിക്ക് കുഞ്ചു..ഒരൂട്ടം പറയട്ടെ.. ” കണ്ണുകൾ മിഴിച്ച് കണ്ണേട്ടന് നോക്കിയപ്പോൾ പതിയെ തന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.. അറിയാതെ അങ്ങനെ തന്നെ ഇരുന്നു പോയി..

” അങ്ങനെ അച്ഛന്റെ അടുത്തേക്കൊന്നും പോണ്ട ട്ടോ.. ഈ ഉള്ളിലുള്ള ആളെ പിന്നെ മനസ്സിലിട്ട് സ്നേഹിക്കേണ്ട വരും.. നീ ഉണ്ടെങ്കിൽ പ്രകടിപ്പിക്കാലോ ” കണ്ണേട്ടൻ പറഞ്ഞത് മനസ്സിലാവാതെ മുഖം ചുളിക്കുമ്പോൾ ആ കണ്ണുകളിൽ കുറുമ്പ നിറഞ്ഞിരുന്നു.

” ആന്നേ… ഇഷ്ടമുള്ള ഇയാൾ നാടുവിട്ട പിന്നെ ഞാൻ ആരെയാ സ്നേഹിക്യാ.. അതുകൊണ്ട് ആദ്യം പറഞ്ഞ പോലെ വീട്ടിലിരുന്നാൽ മതി.. സമയമാകുമ്പോൾ വന്നു കൂടെ കുട്ടികൊള്ളാം. ” കള്ളച്ചിരിയോടെ കണ്ണേട്ടൻ പറഞ്ഞു നിർത്തുമ്പോൾ വിശ്വസിക്കാൻ ആവാതെ കണ്ണുകൾ മിഴിഞ്ഞു വന്നു.. സന്തോഷംകൊണ്ട് നിറഞ്ഞൊഴുകിയ കണ്ണുകൾ കണ്ണേട്ടൻ തുടച്ചു തന്ന് ഒന്നൂടി ചേർത്തുപിടിച്ചു.

“എന്നോ നിന്നെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു..ഗൗതമിനോടൊപ്പം വീട്ടിൽ വരുമ്പോ കണ്ണുകൾ നിനക്കായി തിരയാൻ തുടങ്ങി.. കാണുമ്പോൾ ഒരു സന്തോഷമായിരുന്നു… അങ്ങനെ അങ്ങനെ എപ്പോഴോ മനസ്സിലും കേറി കൂടി.. പക്ഷേ പറയാൻ പേടിയായിരുന്നു.. അസുഖകാരനല്ലെ.. അന്ന് ക്ലബ്ബിലെ ചെക്കന്മാര് നിന്റെ കാര്യം പറഞ്ഞപ്പോൾ ആദ്യ സന്തോഷം തോന്നിയെങ്കിലും പിന്നെ വേണ്ടെന്ന് വെച്ചു.. ന്റെ അസുഖം നീ അറിഞ്ഞാൽ ചിലപ്പോ..” സങ്കടത്തോടെ പാതിവഴിയിൽ കണ്ണേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ അകന്നു മാറിയിരുന്നു ആ കൈകൾ കൂട്ടി പിടിച്ചു.

” അസുഖം ഉണ്ടെങ്കിൽ ന്താ കണ്ണേട്ടാ..അത് മാറില്ലേ.. പിന്നെ ന്താ “

“അങ്ങനെ അല്ല കുഞ്ചു.. പിന്നീട് അതൊരു കുറവായ തോന്നാൻ പാടില്ല.. എടുത്ത തീരുമാനം തെറ്റായിപ്പോയി തോന്നരുത്.. അതാ “

” അങ്ങനെയാണെങ്കിൽ നിക്കും ഉണ്ടല്ലോ കുറവുകൾ ..എന്നെ കണ്ണേട്ടന്റെ അത്രേ ഭംഗി ഉണ്ടോ കാണാൻ..കണ്ണേട്ടന്റെ അത്ര പഠിപ്പ് ഉണ്ടോ “

” അതിന് ഇതൊക്കെ ഒരു കുറവാണോ കുഞ്ചു.. ഇതൊന്നു നോക്കിയിട്ടല്ല ഞാൻ നിന്നെ ഇഷ്ടപ്പെട്ടത് “

“ആഹ്.. അതെ പോലെയാ നിക്കും.. അസുഖമൊക്കെ മരുന്ന് കഴിച്ചാൽ മാറിക്കോളും.. അത്ര വലിയ അസുഖമൊന്നും അല്ലല്ലോ.. ഇനിയിപ്പോ മാറിയിട്ടില്ലെങ്കിലും എന്താ.. അസുഖം കണ്ണേട്ടനെ സ്നേഹിക്കുന്നതിനേക്കാൾ ഞാൻ സ്നേഹിക്കും.. അപ്പോ അതൊക്കെ മാറിക്കോളും..” അല്പം കാര്യമായും അല്പം കളിയായും പറഞ്ഞപ്പോൾ കണ്ണേട്ടൻ ഉറക്കെ ചിരിച്ചു.. പതിയെ ആ ചിരി എന്നിലേക്കും പടർന്നു.

“ന്നാ ഇപ്പൊ തന്നെ സ്നേഹിച്ചു തുടങ്ങിക്കോ.. എന്നുമീ നെറ്റിയിൽ തരുന്നത് ദേ എവിടെ തന്നോ ” കവിളിൽ തൊട്ട് കണ്ണേട്ടൻ പറഞ്ഞപ്പോൾ ഒന്ന് കൂർപ്പിച്ചു നോക്കി.

“ഓഹ്.. അപ്പൊ കള്ള ഉറക്കം ആയിരുന്നല്ലേ “

“ഏയ്യ്.. അല്ലാട്ടോ.. ആദ്യമൊക്കെ ശരിക്കും ഇറങ്ങിയിരുന്നു.. പിന്നെ ഒരിക്കൽ ഗൗതം വിളിച്ച് നീ വരാറുള്ള കാര്യവും പിന്നെ നീ അവനോട് പറഞ്ഞതൊക്കെ പറഞ്ഞപ്പോളാണ് കള്ള ഉറക്കം തുടങ്ങിയത്..”

” എന്നാലേ ഞാൻ ഇയാളെ ന്റെ ഉള്ളിലിട്ട് സ്നേഹിച്ചോളാം.. നേരത്തെ പറഞ്ഞ മാതിരി വീട്ടിൽ വന്നു വിളിച്ച് എല്ലാരുടെയും സമ്മതത്തോടെ ഇറങ്ങി വരുംവരെ.. ” അത്രയും പറഞ്ഞ് എഴുന്നേറ്റോടുമ്പോൾ പിന്നിൽ നിന്നും കണ്ണേട്ടന്റെ കുഞ്ചു എന്നുള്ള വിളി കേൾക്കുന്നുണ്ടായിരുന്നു..

” ഇനി നമ്മുടെ കല്യാണത്തിന് കാണാം കണ്ണേട്ടാ ” ചിരിയോടെ വിളിച്ചുപറഞ്ഞ് ഓടുമ്പോൾ കൊലുസിന്റെ താളത്തിനൊപ്പം റൂമിൽ നിന്ന് കണ്ണേട്ടന്റെ ചിരിയും കേട്ടിരുന്നു.

അവസാനിച്ചു…

കഥയിൽ ഇങ്ങനെയാണെങ്കിലും പരസ്പരം ഇഷ്ടമാണെന്ന് അറിഞ്ഞിട്ടും കണ്ണേട്ടനും കുഞ്ചുവും ഇപ്പോഴും രണ്ട് ദ്രുവങ്ങളിലാണ് ??.

ഇഷ്ടമായാലും ഇല്ലെങ്കിലും രണ്ട് വരി കഥയെ കുറിച്ച്…

സ്നേഹത്തോടെ..ശിഥി ❤️❤️