പലർക്കും ഭയമായിരുന്നു രാത്രി ആ വഴിക്കിറങ്ങി നടക്കാൻ എന്നതാണ് സത്യം…

പ്രേതം

Story written by PRAVEEN CHANDRAN

സമയം രാത്രി ഒമ്പത് മണിയോടടുക്കുന്നു… കവലയിലെ കടകളിൽ പലതും പൂട്ടിതുടങ്ങി… അടിവാരം ആയതിനാൽ ബസ് സർവ്വീസ് ഒമ്പതരയോടെ അവസാനിക്കുമായിരുന്നു.കവല കഴിഞ്ഞാൽ പിന്നീടങ്ങോട്ട് തേയില തോട്ടങ്ങളും വനപ്രദേശവുമായിരുന്നു…

ഇടിഞ്ഞ് വീഴാറായ ബസ്റ്റോപ്പിൽ കയ്യിലൊരു ബാഗുമായി ഏകയായിരിക്കുന്ന ഒരു പെൺകുട്ടി… അവളാരെയൊ കാത്തിരിക്കുകയാ ണ് എന്നത് അവളുടെ ശരീരഭാഷയിൽ നിന്ന് വ്യക്തം..

അടുത്തേക്കായ് നടന്ന് വരുന്ന മധ്യവയസ്കനായ ഒരാളെ കണ്ട് അവൾ തലയുയർത്തി നോക്കി…

അയാളുടെ മുഖം വ്യക്തമായതും അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. മുടിയിഴകൾ മുഖത്തേക്ക് വീണിരുന്നതിനാൽ അവളുടെ മുഖം വ്യക്തമല്ലായിരുന്നു..

എങ്കിലും അയാളവളെ തിരിച്ചറിഞ്ഞു…

“എന്നാ മോളേ? ഇവിടെ ഇരിക്കുന്നത് അമ്മ വന്നില്ലായോ കൂട്ടിക്കൊണ്ട് പോകാൻ?” അയാൾ ചോദിച്ചു..

“ഇല്ല വർഗ്ഗീസേട്ടാ… അമ്മയെ കാത്ത് തന്നെയാ ഞാനിരിക്കുന്നത്.. സ്റ്റേഷനിൽ നിന്ന് ഒരു ഫ്രണ്ട് ആണ് ഇവടം വരെ എത്തിച്ചത്…അമ്മയോട് ലാസ്റ്റ് ബസ്സിൽ വരുമെന്നാ പറഞ്ഞിരുന്നത്.. അത് കൊണ്ടാവും വൈകുന്നത്.. ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല..” അവൾ വിഷമത്തോടെ പറഞ്ഞു..

ജീൻസും ടോപ്പുമാണ് അവളുടെ വേഷം..കൈയിൽ ഒരു വലിയ ബാഗുമുണ്ട്…ബാംഗ്ലൂരിൽ നഴ്സിങ്ങിന് പഠിക്കുകയാണ് അവൾ മൂന്ന് നാല് മാസത്തിലൊരിക്കലാണ് അവൾ വീട്ടിലേക്ക് വരുന്നത്..

അയാളുടെ വീട് കഴിഞ്ഞ് കുറച്ച് ദൂരം മാത്രമേ അവളുടെ വീട്ടിലേക്കുള്ളൂ… അധികം വീടുകളൊന്നുമില്ലാത്ത ഒരു തോട്ടം എസ്റ്റേറ്റ് ആയിരുന്നു അത്.. എസ്റ്റേറ്റിലെ തൊഴിലാളികളാ യിരുന്നു അവളുടെ അമ്മയും അയാളുമൊക്കെ.. ബസ്റ്റോപ്പിൽ നിന്ന് തോട്ടത്തിനുള്ളിലൂടെ കുറച്ച് നടന്ന് വേണം അവരുടെ വീട്ടിലെത്താനായിട്ട്…

രാത്രിയായാൽ ആ വഴിക്ക് ആൾസഞ്ചാരം നന്നേ കുറവാണ്… പലർക്കും ഭയമായിരുന്നു രാത്രി ആ വഴിക്കിറങ്ങി നടക്കാൻ എന്നതാണ് സത്യം.. കല്ലും മണ്ണും നിറഞ്ഞ വഴിയരികിൽ മറയില്ലാത്ത ഒരു പൊട്ടക്കിണറുണ്ട്…ആ പൊട്ടക്കിണറ്റിൽ പണ്ടെങ്ങോ ഒരു സ്ത്രീയെ ആരോ കഴുത്ത് ഞെരിച്ച് കൊന്ന് താഴ്ത്തിയിട്ടുണ്ടെന്നും ആ സ്ത്രീയുടെ ആത്മാവ് ആ കിണറ്റിൽ തന്നെ ഉണ്ടെന്നുമായിരുന്നു അവിടത്തെ ജനങ്ങളുടെ വിശ്വാസം… പലരും രാത്രിയിൽ അവിടെ ഒരു സ്ത്രീയുടെ രൂപം കണ്ട് ഭയന്നിട്ടുണ്ടത്രേ!”…

അമ്മ പറഞ്ഞ് തന്ന കഥകൾ കേട്ട് അവൾക്കും ആ വഴിക്ക് പകൽ നടക്കാൻ തന്നെ ഭയമായിരുന്നു… അയാളുടെ വീട് കഴിഞ്ഞ് അവരുടെ വീടിലേക്ക് പോകുന്ന വഴിയായിരുന്നു ആ പൊട്ടക്കിണർ…

“ഇനി ഇപ്പോ എന്നാ ചെയ്യാനാ മോളേ… നേരം ഒരുപാടായില്ലായോ ഇനി ഇവിടെ ഇരിക്കുന്നതും ശരിയല്ല കേട്ടോ.. മോളെന്റെ കൂടെ പോരേ… ഞാൻ വീട്ടിലാക്കിത്തരാം”…

അത് കേട്ടതും അവൾക്ക് സന്തോഷമായി…

“ശരി ചേട്ടാ… അമ്മയെ കാത്ത് നിന്നാ വൈകുക യേയുള്ളൂ…”

“പേടിക്കേണ്ട… ഞാനില്ലേ മോളേ… വരൂ…”

അയാളവൾക്ക് ധൈര്യം കൊടുത്തു…

അവർ റോഡിന്റെ ഒരു വശം ചേർന്ന് നടക്കാൻ തുടങ്ങി… കുറച്ച് മുന്നോട്ട് പോയതിന് ശേഷം അവർ മണ്ണിട്ട ഇടവഴിയിലേക്ക് ഇറങ്ങി… ആ വഴിയിലെ അവസാനത്തെ വഴിവിളക്ക് കഴിഞ്ഞതും ഇരുട്ടിന് കനം കൂടാൻ തുടങ്ങി…

അയാൾ കൈയിലിരുന്ന ടോർച്ച് തെളിയിച്ചു…

“ടോർച്ചിന് വെട്ടം ഇച്ചിരി കുറവാ മോളേ… എന്നാലും വഴി കാണാം.. മോൾ എന്റെ പിന്നിൽ നടന്നോളൂ.. വല്ല ഇഴ ജന്തുക്കളും കാണും ” അയാൾ പറഞ്ഞു..

അയാൾ പറഞ്ഞത് പോലെ അവൾ അനുസരിച്ചു…

ചുറ്റും ചിവീടിന്റെ ഒച്ച കനത്ത് വന്നു… അകലെയെവിടെയൊ കുറുക്കന്മാരുടെ ഓരിയിടൽ കേൾക്കാം… കുറച്ച് നിലാവുള്ളത് കൊണ്ട് ആകാശത്ത് കറുത്തിരുണ്ട മേഘങ്ങൾ തെളിഞ്ഞ് കാണാമായിരുന്നു…

അവരുടെ ചെരിപ്പുകൾ കരിയിലകളിൽ പതിയുന്നതിന്റെ ശബ്ദം വ്യക്തമായിരുന്നു…

“കേട്ടോ മോളേ… ആൻസിയും പ്ലസ് ടൂ കഴിഞ്ഞാ പിന്നെ മോളെ പോലെ നഴ്സിങ്ങിന് ചേരണമെന്നാന്നേ ആഗ്രഹം.. അവളുടെ അമ്മായി റോസിലി അങ്ങ് ലണ്ടനിലല്ലിയോ… അവള് ഏതാണ്ടൊക്കെ ഇവക്ക് പറഞ്ഞ് പിരി കയറ്റിയിരിക്കുകയാ… അതാ ഇവക്ക് ഇച്ചിരി ഇളക്കം.. പക്ഷെ എനിക്ക് അവളെ പിരിഞ്ഞിരി ക്കാൻ പറ്റില്ലാന്നേ…” അയാൾ വിഷമത്തോടെ പറഞ്ഞു…

“അതിനെന്താ ചേട്ടാ നല്ലതല്ലേ അത്..?” അവൾ ചോദിച്ചു…

നിഷ്കളങ്കമായ അയാളുടെ സംസാരം പണ്ടേ അവൾക്ക് ഇഷ്ടമാണ്…ആൻസിയെന്ന് വച്ചാൽ അയാൾക്ക് ജീവനായിരുന്നു എന്നും അവൾക്കറി യാമായിരുന്നു…

“ആന്ന് മോളേ..ആകെ ഉള്ള ഒരു കൊച്ചല്ല്യോ… അവളുടെ ഇഷ്ടം അങ്ങട് സാധിച്ച് കൊടുത്തൂടെ എന്ന് അവളുടെ അമ്മയും… എന്നാ പിന്നെ അങ്ങനെ ആവട്ടെ അല്ലിയോ മോളേ? ഇനി അതിനുള്ള ഫീസിനുള്ള തുക കണ്ടെത്തണം… ആധാരം ആണേൽ പണയിത്തിലാണേ.. മറ്റെന്തെങ്കിലും വഴി നോക്കണം… എനിക്ക് അവൾ മാത്രമേയുള്ളൂ ഒരു പ്രതീക്ഷ.. അവൾക്ക് വേണ്ടിയാ ഞാൻ ജീവിക്കുന്നത് തന്നെ…” അയാൾ സംസാരം തുടർന്ന് കൊണ്ടേയിരുന്നു… എല്ലാം അവൾ മൂളികേട്ട് കൊണ്ടും….

ആകാശത്ത് മിന്നൽ പിണരുകൾ തെളിയുന്നുണ്ടായിരുന്നു അപ്പോൾ…

“വേഗം നടക്കൂ മോളേ… നല്ല മഴയ്ക്കുള്ള കോളുണ്ടെന്നാ തോന്നുന്നേ…”

അവർക്ക് ചുറ്റും മരങ്ങൾ മാത്രം.. ആരേയും ഭയപ്പെടുത്തുന്ന നിശബ്ദതയായിരുന്നു അവിടെ.. ടോർച്ചിന്റെ വെട്ടത്തിൽ വഴി മാത്രമേ വ്യക്തമായി കാണാമായിരുന്നുള്ളൂ…

അപ്പോഴേക്കും അവർ ഏകദേശം ആ കിണറിന്റെ അടുത്തെത്താറായിരുന്നു… വീണ്ടും മിന്നിയ ആ മിന്നലിൽ ആ കിണർ വ്യക്തമായി തെളിഞ്ഞു..

അവളുടെ അനക്കമൊന്നും കേൾക്കാതായതോടെ അയാളൊന്ന് നിന്നു…

“എന്താ ചേട്ടാ നിന്നത്… നടക്കൂ… ഈ സ്ഥലത്തെത്തുമ്പോൾ എന്നും എനിക്ക് ഭയമാണ്.. ചെറുപ്പത്തിലേ ഓരോന്ന് കേൾക്കുന്നതല്ലേ.. പെട്ടെന്ന് മനസ്സൊന്ന് പിടഞ്ഞു അതാണ് ഞാനൊന്നും മിണ്ടാതിരുന്നത്… “

അയാളവളെ തിരിഞ്ഞ് നോക്കി… അവളുടെ മുഖം ശാന്തമായിരുന്നു.. കാറ്റത്ത് മുടികൾ മുഖത്തേക്ക് വീണു കിടന്നിരുന്നത് കണ്ടാൽ ആരും അപ്പോൾ ഒന്ന് ഭയപ്പെടുമായിരുന്നു…

“എന്നാ മോള് മുന്നേ നടന്ന് കൊള്ളൂ…ഞാൻ പുറകെ വരാം.. മോൾക്ക് പേടിക്കാതെ നടക്കാലോ”..

അത് കേട്ടതും അവൾ പെട്ടെന്ന് തന്നെ മുന്നിലേക്ക് നടന്നു…

പെട്ടെന്ന് എവിടെ നിന്നോ ഒരു വവ്വാൽ അവർക്കിടയിലൂടെ പറന്നു.. അതിന്റെ ചിറകടി ശബ്ദം അവളെ ഒന്ന് ഭയപ്പെടുത്തി… കാറ്റിന് ശക്തികൂടിക്കൊണ്ടിരുന്നു… ചുറ്റും ആരേയും ഭയപ്പെടുത്തുന്ന ഇരുട്ട്…

അവൾ മുന്നോട്ട് തന്നെ നടന്നു… ടോർച്ചിന്റെ വെളിച്ചം മാത്രമായിരുന്നു ആകെ ഒരാശ്വാസം..

കിണർ കഴിഞ്ഞ് അവൾ അല്പം നടന്നപ്പോഴാണ് കിണറ്റിലേക്ക് കല്ല് വീഴുന്ന പോലെ ഒരു ശബ്ദം പുറകിൽ നിന്ന് അവൾ കേട്ടത്.. ഒരു അലർച്ചയും…

അവൾ പെട്ടെന്ന് ഞെട്ടിതിരിഞ്ഞ് നോക്കി… ടോർച്ചിന്റെ വെളിച്ചം കൂടെ പോയതോടെ അവിടം ആകെ ഇരുട്ടായി…

അയാളുടെ ശബ്ദം കേൾക്കാതായപ്പോൾ അവൾ ഉറക്കെ അയാളെ വിളിച്ചു… അവളുടെ ശബ്ദമിടറിയിരുന്നു..

മറയില്ലാത്ത കിണറായതിനാൽ വെളിച്ചമില്ലാതെ ആ കിണർ കാണാനൊക്കില്ലായിരുന്നു..

അയാൾ കിണറ്റിൽ വീണിട്ടുണ്ടാകുമെന്ന ഭയത്താൽ അവൾ ഉറക്കെ അലറി…

കാറ്റിനോടൊപ്പം ഇടിമിന്നൽ ശക്തമായതോടെ അവൾ ശരിക്കും ഭയന്നു..

കിണറ്റിൽ നിന്ന് ശക്തമായ അലർച്ച അവൾക്ക് കേൾക്കുന്നുണ്ടായിരുന്നുഅതയാളുടേതാണെന്ന് അവൾക്ക് മനസ്സിലായി.. അവളുടെ കണ്ഠമിടറി… ഒന്ന് ഉറക്കെശബ്ദിക്കാൻ പോലുമവൾക്കാവുന്നില്ലായിരുന്നു..

അവൾ പതിയെ കിണറ്റിനരികിലേക്ക് നടന്നു…

പട്ടികളുടെ ഓരിയിടൽ ശബ്ദം ഉയർന്ന് വന്നു…

അവളാകെ ഭയന്ന് വിറച്ചിരുന്നു..

കിണറ്റിലേക്ക് എത്തിനോക്കാൻ ശ്രമിക്കുന്നതിനിടെയാണ് അവളുടെ പിന്നിൽ നിന്ന് ഒരു കൈ ഉയർന്ന് അവളെ തൊടാനായി വന്നത്..

ആ കൈ അവളെ ശക്തമായി പിടിച്ച് പിന്നോട്ട് വലിച്ചു..

അവൾ ഭയന്നലറിക്കൊണ്ട് ഞെട്ടിതിരിഞ്ഞ് നോക്കി..

“എന്താ മോളേ… എന്തിനാ നീയീ കിണറ്റിൻ കരയിലേക്ക് വന്നത് നിന്റെ ഫോണിനെന്ത് പറ്റി? എത്ര നേരായി ഞാൻ വിളിക്കുന്നു”അവളുടെ അമ്മയായിരുന്നു അത്..

അമ്മയെ കണ്ടപ്പോൾ അവൾക്ക് കുറച്ച് ആശ്വാസമായെങ്കിലും മുന്ന് നടന്ന സംഭവം അവളെ ഭയത്തിലാക്കിയിരുന്നു..

“അമ്മേ… നമ്മുടെ വർഗ്ഗീസേട്ടൻ”…. വിറയാർന്ന ശബ്ദത്താൽ അവൾ കിണറ്റിൻകരയിലേക്ക് ചൂണ്ടി…

അവരും ഞെട്ടലൊടെ അവിടേയ്ക്ക് നോക്കി…

“എന്താ മോളേ എന്ത് പറ്റി നിനക്ക്… അവിടെ ആരുമില്ലല്ലോ… വാ… വേഗം നമുക്ക് വീട്ടിലേക്ക് പോകാം…” അവർ പറഞ്ഞു…

“അല്ല അമ്മേ… അമ്മയെ കാണാണ്ട് വിഷമിച്ചിരുന്ന എന്നെ വർഗ്ഗീസേട്ടനാണ് ഇവിടം വരെ കൊണ്ട് വന്നത്.. പക്ഷെ ചേട്ടൻ കാല്തെറ്റി ആ കിണറ്റിൽ വീണു.. ആരെയെങ്കിലും വിളിച്ച് കൊണ്ട് വാ അമ്മേ നമുക്ക് ചേട്ടനെ രക്ഷിക്കണം? അവൾ ഭയത്തോടെ പറഞ്ഞു…

അത് കേട്ടതും അവൾ അവളുടെ കൈയിൽ മുറുകെ പിടിച്ചു വലിച്ച് വീട്ടിലേക്ക് നടന്നു…

അവരുടെ മുഖം വിയർത്തിരുന്നു…

“അമ്മേ… കൈവിട്… ” അവൾ കൈകുടയാൻ ശ്രമിച്ചു..

പക്ഷെ അവൾ മുറുകെ തന്നെ പിടിച്ചു…

അവളേയും കൊണ്ട് അവൾ വീട്ടിലേക്ക് ഒടിക്കയറി.. ഉടൻ തന്നെ കതകടച്ചു കുറ്റിയുമിട്ടു..

മേശപുറത്തെ ജഗ്ഗിലിരുന്ന വെള്ളത്തിന്റെ പകുതി ഒറ്റ വലിക്ക് അവൾ കുടിച്ചതിന് ശേഷം അവർ ജഗ്ഗ് അവൾക്ക് നേരെ നീട്ടി…

അവളും ആകെ കിതച്ചിരുന്നു… വെള്ളം വാങ്ങി കുടിക്കുന്നതിനിടെ അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി…

ആ മുഖത്തെ പരിഭ്രമം പ്രകടമായിരുന്നു…

“എന്താ അമ്മേ ഇത്…? ഇങ്ങനെയാണോ ചെയ്യേണ്ടത്.. നമുക്ക് ഇത് പോലീസിലറിയിക്കാം..” അതും പറഞ്ഞ് അവൾ ഫോണെടുത്ത് ഡയൽ ചെയ്യാനൊരുങ്ങി… പക്ഷെ അവർ അവളുടെ ഫോൺ പിടിച്ച് വാങ്ങി…

“വേണ്ട മോളേ… അതിന്റെ ആവശ്യമില്ല…”

അവർ പറഞ്ഞത് കേട്ട് അവൾ അവരെ സൂക്ഷിച്ച് നോക്കി..

“ചേട്ടൻ അവിടെക്കിടന്ന് മരിച്ചോട്ടെ എന്നാണോ അമ്മ പറഞ്ഞ് വരുന്നത്?” അവൾ ആശ്ചര്യത്തോടെ ചോദിച്ചു..

“അല്ല മോളേ… അങ്ങനെയല്ല…” അവർക്ക് മുഴുമിക്കാനാവുമായിരുന്നില്ല…

“പിന്നെങ്ങനെയാണ്.. എന്തായാലും തെളിയിച്ച് പറയൂ അമ്മേ…” അവൾക്ക് പരിഭ്രമമായി..

അവളോട് കാര്യം പറയുകയല്ലാതെ അവർക്കപ്പോൾ വേറെ നിവൃത്തിയില്ലായിരുന്നു…

“വർഗ്ഗീസേട്ടൻ രണ്ട് ദിവസം മുന്ന് ആത്മഹത്യ ചെയ്തു.. ആ കിണറ്റിൽ ചാടിയാണ് മരിച്ചത്..”

അവർ പറഞ്ഞത് കേട്ട് അവൾ ഞെട്ടലോടെ ചുമരിലേക്ക് ചാരി… അവൾക്കത് വിശ്വസിക്കാനാ വുന്നില്ലായിരുന്നു..

“എന്താ അമ്മേ ഈ പറയുന്നത്? അപ്പോൾ ഞാൻ…. കണ്ടത്…. ?” അവളുടെ ശബ്ദമിടറിയിരുന്നു…

“സത്യമാണ് മോളേ അമ്മ പറഞ്ഞത്… ആൻസി ആ പുതിയ ബസ്സിലെ കണ്ടക്ടറുടെ കൂടെ ഒരാഴ്ച്ച മുന്ന് ഒളിച്ചോടിയിരുന്നു… ആ വിഷമം സഹിക്കാനാവാതെ ആണ് അയാളത് ചെയ്തത്… പരീക്ഷയായതിനാൽ നീ ടെൻഷനടിക്കണ്ടാന്ന് കരുതിയാണ് ഞാനിത് നിന്നോട് മറച്ച് വച്ചത്… വീട്ടിൽ വന്നിട്ട് പറയാമെന്നാണ് കരുതിയത്.. “

അത് കേട്ട് തരിച്ചിരിക്കാനേ അവൾക്കാവുമായി രുന്നുള്ളൂ… അവളുടെ മനസ്സിലേക്ക് അയാളുടെ മുഖം ഒരിക്കൽ കൂടി തെളിഞ്ഞ് വന്നു… ആ ഭയാനകമായ അനുഭവത്തിൽ നിന്ന് അവൾക്ക് മോചിതയാവാനേ കഴിയുന്നില്ലായിരുന്നു…

അപ്പോഴേക്കും പുറത്ത് ശക്തമായ ഇടിവെട്ടോടെ മഴപെയ്യാൻ തുടങ്ങിയിരുന്നു…

പ്രവീൺ ചന്ദ്രൻ