അന്ന് എന്നെ നിരുത്സാഹപ്പെടുത്തിയവൾ ആണ് ഇന്ന് അതു വാങ്ങിയാലോ ചോദിച്ചു വന്നിരിക്കുന്നത്…

നൈറ്റ്‌ ഗൗൺ

Written by Arun M Meluvalappil

:::::::::::::::::::::::::

കോവിഡ് ഡ്യൂട്ടി കഴിഞ്ഞുള്ള ഓഫ്‌ മൂന്നു ദിവസം കഴിഞ്ഞു.. തുടർച്ചയായ നൈറ്റ്‌ ഡ്യൂട്ടികളുടെ ഷീണവും മടിയും.. എണീക്കുന്നു, കഴിക്കുന്നു, കുളിക്കുന്നു, പിന്നെയും ഉറങ്ങുന്നു.. കുറച്ചു നേരം മൊബൈലിൽ കളിക്കുന്നു…ഭാര്യയെയും കുട്ടികളെയുമൊക്കെ തികച്ചും അവഗണിച്ചു കൊണ്ട്, അങ്ങനെ പോകുന്നു ദിവസങ്ങൾ….

അപ്പോഴാണ് ശ്രീമതി ഫ്ലിപ്പ്കാർട്ടിൽ ഒരു ഫോട്ടോയുമായി വന്നത്,

“ഇത് നോക്കിക്കേ, എടുത്താലോ നമുക്ക്?? “

ഞാനതിലോട്ട് അലസമായി ഒന്ന് നോക്കി തിരിഞ്ഞു കിടക്കാൻ നോകുമ്പോൾ ആണ്, പെട്ടെന്ന് പിന്നെയും നോക്കിയത്.. അതെ അതൊരു നൈറ്റ്‌ ഗൗൺ ഡ്രസ്സ്‌ ആയിരുന്നു.. ശരീര വടിവ് എടുത്തു കാണിക്കുകയും,അവയവങ്ങൾ കുറച്ചൊക്കെ പുറത്ത് കാണിച്ച വശീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ഡ്രസ്സ്‌…

പണ്ടെങ്ങോ ഞാനവളോട് പറഞ്ഞിരുന്നു നമുക്ക് ഇങ്ങനെ ഒരെണ്ണം വാങ്ങിയാലോ, അന്നവൾ നാണം കൊണ്ടും, മടി കൊണ്ടും പറഞ്ഞു

“ഈ കാണുന്നതൊക്കെ ഇടാണ്ട് തന്നെ എനിക്ക് നിങ്ങള് ഇരിക്കപ്പൊറുതി തരുന്നില്ല, അപ്പോഴാ ഇനി ഈ വക ഡ്രെസ്സുകൂടി… നിങ്ങളൊന്നു പൊയ്‌ക്കെ മനുഷ്യ… “

അന്ന് എന്നെ നിരുത്സാഹപ്പെടുത്തിയവൾ ആണ് ഇന്ന് അതു വാങ്ങിയാലോ ചോദിച്ചു വന്നിരിക്കുന്നത്..

ഞാൻ അവളുടെ കണ്ണുകളിലോട്ട് നോക്കി.. ആ കണ്ണുകളിൽ എവിടെയോ നിഴലിച്ചു നിൽക്കുന്ന വിഷാദം എനിക്ക് വായിച്ചു എടുക്കാമായിരുന്നു…എന്റെ അടുത്തിരുന്ന അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു കൊണ്ട് ആ കണ്ണുകളിലേക്കു നോക്കി..

“എനിക്കറിയാമെടോ, തന്നെ അവഗണിക്കുന്നു എന്ന് തോന്നിത്തുടങ്ങിയോ?? തന്റെ ശരീരത്തിന്റെ ആകാര വടിവിനും, പാടുകൾ വീണ വയറിനും എന്നെ ഉത്തേജിപ്പിക്കാൻ പറ്റില്ലെന്ന് തോന്നി തുടങ്ങിയോ തനിക്കു?? “

“അതു പിന്നെ ഏട്ടാ…’

അവളുടെ മിഴികൾ നിറഞ്ഞുവോ?? നെഞ്ചിലേക്ക് ഒന്ന് കൂടെ ചേർത്തു കിടത്തി കൊണ്ട് അവളുടെ മുടികളിലൂടെ വിരലോടിച്ചു ആ കണ്ണുകളിലേക്കു നോക്കി കൊണ്ട് ഞാൻ പറഞ്ഞു..

“ഷീണം മാത്രമല്ലടോ, പേടി കൊണ്ട് കൂടി ആണ്, പത്തു ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം, ഒരു ക്വാറന്റൈൻ പോലും ഇല്ലാതെ ഇൻസ്റ്റിറ്റ്യൂട്ട്കാർ വീട്ടിലേക്കു വിടുമ്പോൾ മനസ്സ് നിറയെ ഭയവും , ടെൻഷനും ആണ്.. ഞാനെങ്ങാനും ഇൻഫെക്ടഡ് ആണോ, ഞാൻ മൂലം നിങ്ങൾക്കു എന്തെങ്കിലും വരുമോ, അങ്ങനെ എന്തെങ്കിലും വന്നാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് എന്താ കാര്യം??

ആ പേടി കൊണ്ടാണ് മക്കളിൽ നിന്നും നിന്നിൽ നിന്നും ഒക്കെ അകലം പാലിക്കുന്നത്…

“രണ്ട് വർഷമാവാറായി ഏട്ടാ ജീവിതം മാറി മറിഞ്ഞിട് “

അറിയാമെടോ, നമ്മുടെ മാത്രമല്ല എല്ലാ ഹെൽത്ത്‌ വർക്കേഴ്സിന്റെയും അവസ്ഥ ഇതൊക്കെ തന്നെ ആണ്.. അതു കണ്ടറിഞ്ഞു പെരുമാറുന്ന നിങ്ങളെ പോലുള്ള കുടുംബാംഗങ്ങളാണ് അവരുടെ കരുത്തു…അതിനിടക്ക് പലപ്പോഴും മൃദുല വികാരങ്ങൾ മറക്കാറുണ്ട് …

എല്ലാ മാസവും വരുന്ന കോവിഡ് ഡ്യൂട്ടികൾ ജീവിതത്തിന്റെ താളം തെറ്റിച്ചു .. പന്ത്രണ്ട് മണിക്കൂറുകൾ നീളുന്ന പത്തു ഡ്യൂട്ടികൾ, ശേഷം കിട്ടുന്ന അഞ്ചു അവധി ദിനങ്ങൾ ഒന്ന് ഉറങ്ങി തീരാൻ പോലും തികയില്ല..

അതിനിടയിൽ കുന്നു കൂടുന്ന മരണങ്ങൾ, പിഞ്ചു കുഞ്ഞുങ്ങൾ, ഗർഭിണികൾ, ചെറുപ്പക്കാർ… ഇതൊന്നും പോരാതെ ബ്ലാക്ക് ഫങ്കസ്, വൈറ്റ് ഫങ്കസ്, യെല്ലോ ഫങ്കസ്, ക്രീം ഫങ്കസ്..

മഴവില്ല് ഭൂമിയിൽ വിരിയിക്കുമെന്നു പണ്ടേ ഏതോ കവി പറഞ്ഞത് ഇപ്പോൾ ദൈവം നടപ്പിലാക്കുന്ന പോലെ..

ഇനിയും എന്തൊക്കെയോ വരാൻ കിടക്കുന്നു… തുടർച്ചയായി ഡ്യൂട്ടികളാൽ ഹെൽത്ത്‌ വർക്കേഴ്സ് എല്ലാം തന്നെ മാനസികമായും ശാരീരികമായും ഷീണിച്ചിരിക്കുന്നു, മനസ് മരവിച്ച അവസ്ഥ.. അവധി ഇല്ലാതെയും, കുടുംബവും നാടും ഇല്ലാതെ രണ്ടാം വർഷത്തിലേക്കു കടക്കുന്നു… അതിനിടയിൽ എവിടെയാണ് പെണ്ണെ പ്രണയത്തിനു സമയം…

കൂട്ടുകാരോടൊത്തു കൂടാനും, ഒരു യാത്ര പോകാനും, ഗ്രൗണ്ടിൽ ഇറങ്ങി ക്രിക്കറ്റോ, ഫുട്‍ബോളോ കളിക്കാനും ഒക്കെ ഞങ്ങൾക്കും ആഗ്രഹമുണ്ട്

കോവിഡ് വന്നാലും, ഇനി കറുപ്പ്, മഞ്ഞ, വെള്ള നിറങ്ങളിൽ ഫങ്കസ് വന്നാലും ഹെൽത്ത്‌ വർക്കേഴ്സിന് കിടക്ക പൊറുതി ഇല്ലാലോ..തീരുമ്പോ തീരുമ്പോ പണി തന്നു കൊണ്ടേ ഇരിക്കുവല്ലേ…

പണ്ടത്തെ പോലെ അടുക്കളയിൽ പാചകത്തിനിടയിൽ വന്ന് നിന്റെ പിന്കഴുത്തിലെ ചുരുണ്ട മുടിയിൽ മുഖം അമർത്താനും, മടിയിൽ കിടന്നു കുസൃതി കാണിക്കാനും, തലയിൽ മസ്സാജ് ചെയ്യിക്കാനും എല്ലാം ആഗ്രഹിക്കാറുണ്ട്.. പക്ഷെ….

മാനസികമായി ഞങ്ങൾക്ക് എന്തൊക്കെയോ സൻഘര്ഷങ്ങള്… അല്ലാതെ നിനക്കു ഈ വസ്ത്രത്തിന്റെ ഒന്നും ആവശ്യമില്ല പെണ്ണെ…

നീ എന്നും സുന്ദരിയാണ്… എന്റെ ഐശ്വര്യ റായ്… തിരക്കുകൾ ഒക്കെ ഒന്ന് കഴിയട്ടെ, നമുക്ക് പഴയ കാലങ്ങളിലേക്കു തിരിച്ചു പോകാം…

അപ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞു എന്റെ നെഞ്ചിനെ കുതിർത്തിരുന്നു….

മൊബൈലിലെ ഫ്ലിപ്പുകാർട്ടു ആപ് ലോഗൗട്ട് ആക്കി ഞാൻ അവളുടെ നെറുകയിൽ ഒരു മുത്തം നൽകുമ്പോൾ മക്കൾ ഞങ്ങളുടെ ഇടയിലേക്ക് കയറാൻ മത്സരിക്കുന്നുണ്ടായിരുന്നു…

~ അരുൺ മേലുവളപ്പിൽ