ആ വീട്ടിലുള്ളവരുടെ പെരുമാറ്റം കണ്ടപ്പോഴേ ആനിനു കാര്യങ്ങൾ ഏകദേശം ബോധ്യമായി…

Story written by Gayathri Govind

:::::::::::::::::::::::::::::::::::

“പയ്യെ പറയൂ അമ്മാ പ്ലീസ് ആ പാവം കേൾക്കും..”

“കേട്ടാൽ കേൾക്കട്ടെ ഡി.. എനിക്ക് വയ്യാ എല്ലാറ്റിനും കൂടി ചിലവിന് കൊടുക്കാൻ..” കിരൺ ദേഷ്യത്തിൽ പറഞ്ഞു

“ഏട്ടാ നിനക്ക് എത്ര വച്ചു വിളമ്പി തന്നിരിക്കുന്നു ഏട്ടത്തി.. എന്നിട്ട് എങ്ങനെ നിനക്ക്‌ ഇത് പറയാൻ തോന്നുന്നു.. ” കീർത്തി പറഞ്ഞത് കേട്ടു ഉറഞ്ഞു തുള്ളി കിരൺ അവിടുന്ന് പോയി..

“അവൻ പറയുന്നതും കാര്യമല്ലേ കീർത്തി.. കിഷോർ മരിച്ചു ഇപ്പോൾ മൂന്ന് മാസമായി.. അവളുടെ വീട്ടുകാർക്ക് വല്ല അനക്കവും ഉണ്ടോ എന്നു നോക്കിക്കേ.. നാളെ കിരണിനും ഒരു കുടുംബമായി ജീവിക്കേണ്ടത് അല്ലേ.. ഇവളെയും പിള്ളേരെയും കൂടി അവന് നോക്കാൻ പറ്റുമോ??”

“അതെ മൂന്നു മാസമായതേയുള്ളു അമ്മയുടെ മകൻ ഞങ്ങളുടെ ഏട്ടൻ മായേച്ചിയുടെ ഭർത്താവ് മരിച്ചിട്ട്.. ഇത്ര പെട്ടെന്നു അമ്മയും കിരണേട്ടനും അതു മറന്നോ.. അമ്മയുടെ പേരിൽ ആണെങ്കിലും ഏട്ടൻ വച്ച വീടാണ് ഇത്.. ഏട്ടത്തിയ്ക്കും കുഞ്ഞുങ്ങൾക്കും കൂടി അവകാശമുള്ള വീട്.. നിങ്ങൾ ഈ പറയുന്നതും പ്രവർത്തിക്കുന്നതും ഈശ്വരൻ പോലും പൊറുക്കില്ല.. നമ്മുടെ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊരു സംസാരം ഇവിടെ ഉണ്ടാകാൻ സമ്മതിക്കുമാരുന്നോ??”

“ആഹ് നീ ഏട്ടത്തി പുരാണവും പറഞ്ഞു ഇവിടെ നിന്നോ.. എനിക്ക് വേറെ പണിയുണ്ട്.. ” അവര് അകത്തേക്ക് പോയി..

റൂമിൽ എല്ലാം കേട്ടുകൊണ്ട് മായ ഉണ്ടായിരുന്നു..

???????

മായ, ഡിഗ്രി കഴിഞ്ഞുടനെ ആയിരുന്നു കിഷോറുമായുള്ള അവളുടെ വിവാഹം.. അച്ഛനും അമ്മയും കുടുംബക്കാരും ആലോചിച്ചു നടത്തിയ വിവാഹം.. ഒരു ജോലി വാങ്ങിയ ശേഷം കല്യാണം എന്നുള്ളതായിരുന്നു ആഗ്രഹമെങ്കിലും വീട്ടുകാരുടെ സ്നേഹപൂർവ്വമുള്ള നിർബന്ധത്തിന് അവൾ വഴങ്ങി…കിഷോറുമായുള്ള വിവാഹ ശേഷം അവൾ സന്തുഷ്ടയായിരുന്നു.. കിഷോറിന്റെ അളവറ്റ സ്നേഹവും അവൻ പറയുന്നത് വേദവാക്യമായി എടുക്കുന്ന അമ്മയും അനിയനും അനിയത്തിയും കൂടെ അവരുടെ ജീവിതത്തിലേക്ക് വന്ന രണ്ടു കണ്മണികളും എല്ലാം കൊണ്ടു സന്തോഷം നിറഞ്ഞ ജീവിതം..

മൂന്നു മാസങ്ങൾക്ക് മുൻപ് എല്ലാം കീഴ്മേൽ മറിഞ്ഞു ജോലി കഴിഞ്ഞു മടങ്ങും വഴി കിഷോറിന്റെ വണ്ടി അപകടത്തിൽ പെട്ടു.. ഒരു മാസത്തോളം ആശുപത്രിയിൽ കിടന്നുവെങ്കിലും അയാൾ ജീവിതത്തിലേക്ക് മടങ്ങിയില്ല.. ഏഴു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ഒടുവിൽ അവൾ വിധവയായി.. ആ ഷോക്കിൽ നിന്നും പൂർണമായും മുക്തയാകാൻ ഇപ്പോഴും അവൾക്ക് കഴിഞ്ഞിട്ടില്ല..

???????

കുറേ സമയത്തിന് ശേഷം കീർത്തി മായയുടെ റൂമിലേക്ക് വന്നു

“ഏട്ടത്തി വാ അത്താഴം കഴിക്കാം.. “

“എനിക്ക് വേണ്ട മോളെ.. നിങ്ങൾ കഴിച്ചോ.. മനസ്സിന്‌ നല്ല സുഖമില്ല.. “

“അതൊന്നും പറഞ്ഞാൽ പറ്റില്ലാ ഏട്ടത്തി വന്നേ പറ്റുള്ളൂ.. “

“കുട്ടികൾ കഴിച്ചോ??”

“അവര് കഴിച്ചു.. ടീവി കാണുന്നു.. ഏട്ടത്തി വന്നേ..” കീർത്തി മായയുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു..

അവളുടെ നിർബന്ധത്തിനു വഴങ്ങി മായ അവൾക്കൊപ്പം പോയി. ടേബിളിൽ തന്നെയുണ്ടായിരുന്നു കിരണും അമ്മയും..

“എപ്പോഴും റൂമിൽ തന്നെ ഇരുപ്പാണല്ലോ.. വച്ചുണ്ടാക്കി തരാൻ ഇവിടെ ആളുണ്ടല്ലോ അല്ലേ?? “

“അമ്മ എന്താ ഈ പറയുന്നേ വൈകുന്നേരത്തെ ഭക്ഷണം മാത്രമല്ലേ ഞാൻ ഉണ്ടാക്കുന്നുള്ളു..ബാക്കി എല്ലാ ജോലിയും ഏട്ടത്തിയല്ലേ ചെയ്യുന്നത്..”

അവര് ഒന്നും മിണ്ടാതെ തിരിഞ്ഞിരുന്നു..

“സാധനങ്ങൾക്ക് ഒക്കെ എന്താ വിലയല്ലേ അമ്മേ?? എല്ലാവരും പഴയ പോലെ തിന്നും കുടിച്ചും ജീവിച്ചാൽ കുടുംബം വെളുക്കും..” കിരണിന്റെ വാക്കുകൾ കേട്ട് എടുത്ത ചപ്പാത്തി മായ താഴെ വച്ചു.. അവളുടെ ചിന്തകൾ പുറകോട്ടു പോയി..

???????

“എടാ അത് മായയ്ക്ക് വച്ചതാണ് നീ കഴിച്ചതല്ലേ.. അവൾ കഴിച്ചോട്ടെ അത്.. നിനക്ക് വയറു നിറഞ്ഞില്ലേ??”പാക്കറ്റിൽ ഇരുന്ന രണ്ടു പൊറോട്ട കൂടി എടുത്ത് പ്ലേറ്റിൽ വയ്ക്കുന്ന കിരണിനെ നോക്കി കിഷോർ പറഞ്ഞു..

“സാരമില്ല കിഷോറേട്ടാ അവൻ കഴിക്കട്ടെ.. എനിക്ക് വേണ്ട.. “

“പിന്നെ താൻ എന്ത് കഴിക്കും.. “

“ഞാൻ കുറച്ചു ചോർ ഇരുപ്പുണ്ട് അത് അച്ചാറും കൂട്ടി കഴിച്ചോളാം..”

“അതാണ് ഏട്ടത്തി.. “

“ഹ്മ്മ്.. മതി മതി.. സുഖിപ്പിക്കാതെ കഴിക്ക്..”

“എല്ലാവരും കഴിച്ചു കഴിഞ്ഞിട്ട് കഴിക്കാൻ ഇരുന്നാൽ ഇങ്ങനെ ഇരിക്കും.. നന്നായി പോയി.. ” കിഷോർ മായയെ നോക്കി പറഞ്ഞു..

???????

അവന്റെ ഓർമ്മകൾ തലോടിയപ്പോൾ അറിയാതെ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു..

കീർത്തി മായയുടെ കയ്യിൽ ഇരുന്ന പ്ലേറ്റ് വാങ്ങി അതിൽ ചപ്പാത്തി എടുത്തിട്ടു കൊണ്ടു പറഞ്ഞു..

“അതെ മൂന്നു മാസം മുൻപ് വരെ ഇവിടുത്തെ ഒരു ചിലവും അറിഞ്ഞിരുന്നില്ലല്ലോ.. കിഷോർ ഏട്ടനേക്കാൾ നല്ല ശമ്പളമുള്ള ജോലി ആയിരുന്നിട്ടും ഒരു രൂപ പോലും ചിലവാക്കാത്തത് കൊണ്ടു തോന്നുന്നതാ ഇങ്ങനെയൊക്കെ.. പതിയെ മാറിക്കോളും..”

“ഡി.. “

“വേണ്ട കുഞ്ഞി നിങ്ങൾ തമ്മിൽ വഴക്ക് ഇടേണ്ട.. എനിക്ക് ഈ ഭക്ഷണം ഇറങ്ങില്ല.. ഇത് കഴിക്കുന്നത് വിഷം കഴിക്കുന്നതിനു തുല്യമാണ്..” മായ അകത്തേക്ക് പോയി..

“അമ്മേ എനിക്ക് ഒന്നും പറയാനില്ല ഇതിനൊക്കെ അനുഭവിക്കും കേട്ടോ…” കീർത്തിയും അകത്തേക്ക് പോയി..

റൂമിൽ എത്തിയ മായ മക്കളെ ഉറക്കിയ ശേഷം ഫോൺ എടുത്തു അവളുടെ അച്ഛനെ വിളിക്കാനായി… അപ്പോഴും മനസ്സിൽ മുഴങ്ങുന്നത് കിഷോറിന്റെ അമ്മയുടെ വാക്കുകൾ ആണ്

“നമ്മുക്ക് അവൾ കിഷോറിന്റെ ഭാര്യയാണ് എന്നുള്ള ബന്ധമേയുള്ളു.. കിഷോർ മരിച്ചതോടെ അവളുമായുള്ള നമ്മുടെ ബന്ധവും അവസാനിച്ചു…” മായ തന്റെ അഞ്ചും രണ്ടും വയസ്സുള്ള പിഞ്ചോമനകളുടെ തലയിൽ തലോടി.. ഫോണിന്റെ മറു തലയ്ക്കൽ ശബ്ദം കേട്ടപ്പോൾ ആണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്..

“ഹലോ.. “

“ഹലോ അച്ഛാ..”

“പറ മോളെ.. “

“അച്ഛാ എന്നെ നമ്മുടെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുമോ??”

“നീ എന്താ മോളെ ഈ പറയുന്നത്.. രണ്ടു ദിവസത്തേക്ക് ആണെങ്കിൽ കുഴപ്പമില്ല.. അല്ലാതെ അവിടുന്ന് കൂട്ടി കൊണ്ടു പോരാൻ ഒക്കെ പറഞ്ഞാൽ എങ്ങനെയാ ശരിയാകുന്നത്.. കിഷോർ പണിത വീടാണ് അത്.. അവന്റെ വിധവയായ നിനക്കും നിന്റെ മക്കൾക്കും അവകാശമുള്ള വീട്.. അങ്ങനെ വിട്ടു കൊടുത്തു പോരാൻ ഒന്നും പറ്റില്ല.. പോരാത്തതിന് നിന്റെ ഏട്ടന്റെ നിശ്ചയം കഴിഞ്ഞിരിക്കുന്ന സമയം അവർക്കും അതൊരു അനിഷ്ടമാവും.. “

“പക്ഷേ അച്ഛാ എനിക്കു ഇവിടെ പറ്റുന്നില്ല.. ആഴ്ചകളോളമുള്ള ഹോസ്പിറ്റൽ വാസവും ഉറക്കമില്ലാത്ത രാത്രികളും ചിന്തകളുടെ ഭാരവും എല്ലാം കൂടി എന്നെ തളർത്തുന്നു അച്ഛാ.. എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല ഇനിയും.. ഞാൻ തളർന്നു വീഴും.. ” അവൾ വിങ്ങി..

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ മോളെ.. ഇവിടെ വന്നാൽ നാളെ മനുവിന്റെ ഭാര്യയിൽ നിന്നും ഇതേ അനുഭവങ്ങൾ ഉണ്ടാവാം.. അതിലും നല്ലത് നീ അവിടെ പൊരുതി നിൽക്കുന്നതാണ്.. “

മായയ്ക്ക് പറയാൻ മറുപടി ഉണ്ടായിരുന്നില്ല അവൾ ഫോൺ വച്ചു..

മക്കളിലെങ്കിൽ മരിക്കുകയെങ്കിലും ചെയ്യാമായിരുന്നു എന്നവൾ ചിന്തിച്ചു.. ആർക്കും വേണ്ടാതെ ജീവിച്ചിട്ട് എന്താ കാര്യം..

കുറച്ചു ദിവസങ്ങൾ കൂടി എങ്ങനെയൊക്കെയോ കടന്നു പോയി..അങ്ങനെയാണ് കിഷോറിന്റെ മരണ വാർത്ത അറിഞ്ഞു മായയുടെ പഴയ സുഹൃത്ത് അവളെ വിളിക്കുന്നത്.. കുടുംബവും പ്രാരാബ്ദങ്ങളും ഒക്കെ ആയതിൽ പിന്നെ മനപ്പൂർവം ഒഴുവാക്കിയ സൗഹൃദങ്ങളിൽ ഒന്ന്.. ആൻ വിളിച്ചു സംസാരിച്ചപ്പോൾ തന്നെ മായയ്ക്ക് നല്ല ആശ്വാസം തോന്നി.. പതിയെ അവൾ ആനിനു മുൻപിൽ അവളുടെ സങ്കടങ്ങളുടെ കെട്ട് അഴിച്ചു.. ഇറിഗേഷൻ ഡിപ്പാർട്മെന്റിൽ എഞ്ചിനീയർ ആയ ആൻ ആ ആഴ്ച്ച തന്നെ മായയെ കാണാൻ എത്തി.. മക്കൾക്ക് സമ്മാനങ്ങൾ നൽകി.. മായ ആനിനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.. ആ വീട്ടിലുള്ളവരുടെ പെരുമാറ്റം കണ്ടപ്പോഴേ ആനിനു കാര്യങ്ങൾ ഏകദേശം ബോധ്യമായി.. അവൾ മായയെ കൂട്ടി കിഷോർ ജോലി ചെയ്തിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഓണറെ കണ്ടു സംസാരിച്ചു അയാൾ മായയ്ക്ക് അവിടെ ഒരു ജോലി നൽകി.. ആരുടെയും അനുവാദം ചോദിക്കാതെ ആനിന്റെ സഹായത്തോടെ മായ ഒരു വീട് വാടകയ്ക്കു എടുത്ത് മാറി.. അച്ഛൻ വിളിച്ചു തന്റെ നീരസം അറിയിച്ചെങ്കിലും മായ അതു കാര്യമാക്കിയില്ല..

ജീവിതാന്തരീക്ഷം മാറിയപ്പോൾ തന്നെ മായയ്ക്ക് മക്കൾക്ക് വേണ്ടി നന്നായി ജീവിക്കണം എന്ന് ആഗ്രഹം വന്നു തുടങ്ങി.. തന്റെ ജോലിയുടെ കൂടെ തന്നെ ഗവണ്മെന്റ് ജോലിക്കായുള്ള പരിശ്രമവും മായ തുടങ്ങിയിരുന്നു.. വൈകാതെ ഒരു ജോലി അവൾക്ക് കിട്ടുകയും ചെയ്തു..

???????

ആറു വർഷങ്ങൾക് ശേഷം..

സ്വന്തമായി കുറച്ചു ഭൂമി വാങ്ങണം എന്ന മായയുടെ സ്വപ്നത്തിന് തുടക്കം കുറിക്കുന്ന ദിവസം.. ഭൂമിക്ക് അഡ്വാൻസ് കൊടുക്കാൻ അച്ഛനെ കൂട്ടി എത്തിയതാണ് അവൾ..

“മോളെ.. ഈ തുക ബാങ്കിൽ ഇട്ടാൽ പോരെ.. നല്ലൊരു ആലോചന വന്നിട്ടുണ്ട്.. നിന്നെയും മക്കളെയും പൊന്നുപോലെ നോക്കിക്കോളും.. നിങ്ങൾക്ക് ഒരു തണൽ ആകും അയാൾ”

അവൾ അല്പം അവജ്ഞയോടെ അച്ഛനെ നോക്കി..

“ഞാൻ അച്ഛന്റെ ഈ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ചേനെ ആറ് വർഷം മുൻപ് എനിക്ക് ഒരു താങ്ങായി അച്ഛൻ എന്റെ കൂടെ ഉണ്ടായിരുന്നുവെങ്കിൽ.. വിവാഹത്തിന് മുൻപ് ഒരു ജോലി വേണമെന്നുള്ള എന്റെ ആഗ്രഹം ഞാൻ നിങ്ങളുടെയൊക്കെ നിർബന്ധത്തിനു വഴങ്ങി തച്ചുടച്ചു.. അന്ന് ഒരു ജോലി ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് ആരുടേയും ആട്ടും തുപ്പും കേൾക്കേണ്ടി വരില്ലായിരുന്നു.. എനിക്ക് ഇപ്പോൾ എന്റേതായ തീരുമാനങ്ങൾ ഉണ്ട് ഇഷ്ടങ്ങൾ ഉണ്ട്.. അത് മറ്റുള്ളവരുടെ താത്പര്യങ്ങൾക്ക് വേണ്ടി ഞാൻ മാറ്റില്ല.. ഇപ്പോൾ എനിക്കും മക്കൾക്കും വേണ്ടത് കയറി കിടക്കാൻ സ്വന്തമായൊരു വീടാണ്.. അല്ലാതെ ആരുടെയും തണൽ അല്ല..താങ്ങും തണലും വേണ്ടപ്പോൾ വേണ്ടപ്പെട്ടവർ പോലും തഴഞ്ഞവരാണ് ഞങ്ങൾ..” പറയാൻ പിന്നെയും വാക്കുകൾ തികട്ടി വന്നപ്പോളാണ് ആനിന്റെ കാൾ വന്നത് മായ ഫോണുമായി പുറത്തേക്ക് നടന്നു.. മകളുടെ വാക്കുകൾക്ക് മുൻപിൽ തല കുനിക്കാൻ മാത്രമേ ആ അച്ഛന് കഴിഞ്ഞുള്ളു..

???????

സ്ഥലം വാങ്ങി വീട് വച്ചു കുറച്ചു നാൾ കഴിഞ്ഞു ഒരു ദിവസം മായയെ കാണാൻ കിരൺ എത്തി.. അവൾ അവനു ചായയും പലഹാരങ്ങളും നൽകി

“മക്കൾ എവിടെ ഏട്ടത്തി.. ഇപ്പോൾ മൂന്നാല് മാസമായി നിങ്ങളെ വീട്ടിലേക്ക് കാണുന്നേയില്ലല്ലോ.. “

“ഓരോരോ തിരക്കുകൾ ആണെടാ.. വരാം അമ്മയെ കാണാൻ കുറച്ചു ദിവസം കഴിഞ്ഞു.. എന്തുണ്ട് വിശേഷം അവിടെ??”

“അമ്മ ഒന്നു വീണു.. കിടപ്പാണ്.. രണ്ടു മാസമായി..”

“ഏഹ്?? കീർത്തി വിളിച്ചിട്ട് ഒന്നും പറഞ്ഞില്ലല്ലോ..”

“അവൾ മനഃപൂർവം പറയാത്തത് ആവും ഏട്ടത്തിക്ക് ബുദ്ധിമുട്ടാകും എന്നോർത്തു..”

“ഹ്മ്മ്..”

“ഏട്ടത്തി കുറച്ചു നാൾ അമ്മയെ ഇവിടെ കൊണ്ടു വന്നു നോക്കുമോ.. ഗ്രീഷ്മക്ക് നോക്കാൻ പറ്റില്ല എന്നാ പറയുന്നത്.. ഒരു home നഴ്സിനെ നിർത്താനുള്ള വരുമാനവും ഇല്ല..എനിക്ക് ജോലിക്ക് പോകേണ്ടേ..”

“ഞാൻ എങ്ങനെ നോക്കും കിരണേ.. ഞാൻ ജോലിക്ക് പോയില്ലെങ്കിൽ എങ്ങനെയാ സാധനങ്ങളുടെ ഒക്കെ വില അറിയില്ലേ നിനക്ക്… ഞാനും പിളേളരും പട്ടിണി ആയിപ്പോകും കൂടാതെ ഹൗസിങ് ലോണും ഉണ്ട്.. നീ ഒരു കാര്യം ചെയ്യൂ ഗ്രീഷ്മയെ ജോലിക്ക് പറഞ്ഞു വിട്ടിട്ട് നീ അമ്മയെ നോക്കി വീട്ടിൽ ഇരിക്ക് കുറച്ചു നാൾ..”

അവൻ മറുപടി ഒന്നും പറഞ്ഞില്ല.. പോകാൻ ഇറങ്ങാൻ നേരം മായ അവന് പിന്നാലെ വന്നു..

“കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നു പറയുന്നത് വെറുതെയാണ് കിരൺ. ചില മുറിവുകൾ എത്ര കാലം ആയാലും മായില്ല.. വൃണമായി അവിടെ തന്നെയുണ്ടാകും.. “

ഒന്നും പറയാതെ കിരൺ മടങ്ങി..

രണ്ടു ദിവസം കഴിഞ്ഞു അച്ഛമ്മയെ കാണാൻ മായ കുട്ടികളെ കൂട്ടി എത്തി..

കുട്ടികളെ കണ്ട കിഷോറിന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. കുറേ നേരം സംസാരിച്ചിരുന്ന ശേഷം പോകാൻ നേരം മായ ഒരു നോട്ട് കെട്ട് എടുത്ത് അമ്മയെ ഏൽപ്പിച്ചു.. അപ്പോഴാണ് കിഷോറിന്റെ അകന്ന ബന്ധുവായ ഒരു സ്ത്രീ വന്നത് മായയെ കണ്ടതും അവര് സംശയത്തോടെ നോക്കി..

“കിഷോറിന്റെ വിധവയല്ലേ ഇത്..”

“മായ.. വില്ലേജ് ഓഫീസർ ആണ്.. അമ്മായി കഴിഞ്ഞ ആഴ്ച്ച വില്ലേജ് ഓഫീസിൽ കൊണ്ടുവന്ന പേപ്പർ ഞാൻ ആണ് സൈൻ ഇട്ടത്.. “

അവൾ മറുപടി കാത്തു നിൽക്കാതെ മക്കളെ കൂട്ടി അവിടുന്ന് ഇറങ്ങി.. കിഷോറിന്റെ ഫോട്ടോ ഇപ്പോഴും ആ ഭിത്തിയിൽ തൂങ്ങി ആടുന്നുണ്ട്.. ആത്മാവ് മായയ്ക്കും കുട്ടികൾക്കും ഒപ്പം ആകും…

അവസാനിച്ചു