പക്ഷേ ഒരാളെ മാത്രം പരിചയപ്പെടാൻ ആഗ്രഹിച്ചിട്ടും സാധിച്ചില്ല. അതൊരു ചെറുപ്പക്കാരനായിരുന്നു…

കൂട്ടിരിപ്പുകാരൻ

എഴുത്ത്: സാജു പി കോട്ടയം

വളരെ യാദൃശ്ചികമായാണ് ആ കാഴ്ച ഞാൻ കണ്ടതെങ്കിലും പിന്നീട് ഓരോ ദിവസം കഴിയുമ്പോഴും അവരുടെ ഓരോ ചലനങ്ങളും ഞാൻ അവരറിയാതെ ശ്രദ്ധിച്ചിരുന്നു.

കോട്ടയം ഹോസ്പിറ്റലിൽ പെട്ടെന്നുണ്ടായ സ്ട്രോക്ക് മൂലം ഹോസ്പിറ്റലിലെ പതിനൊന്നാം വാർഡിൽ കുറെനാൾ ഒരു വശം തളർന്നു കിടക്കേണ്ടതായിട്ട് വന്നു. ആദ്യദിനങ്ങളിൽ രാവുംപകലും മരുന്നിനും മറ്റുമായി പരിശോധനകൾക്കായി തിരക്കിട്ട് ഓടുന്നതിനിടയിൽ ആരെയും ശ്രദ്ധിക്കാനോ സംസാരിക്കുവാനോ കഴിഞ്ഞില്ല. എങ്കിലും രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ അടുത്ത ബെഡ്ഡിൽ ഉണ്ടായിരുന്നു രോഗികൾ കൂട്ടിരിപ്പുകാർ ഇവരുമായി പതുക്കെ പതുക്കെ അടുത്തിടപഴകാൻ തുടങ്ങി

തൊട്ടടുത്ത് കിടന്നിരുന്ന ഒരു പാലാക്കാരൻ വർഗീസ് അച്ചായൻ ആയിരുന്നു. അച്ചായന്റെ കാൽ വിരൽ മുറിച്ചു മാറ്റിയിരുന്നു ഭാര്യയായ സാറാമ്മചേട്ടത്തിയായിരുന്നു അച്ചായന്റെ കൂട്ടിരിപ്പുകാരി

“കർത്താവിനെ എന്ന വേണം നിന്റെ ഭർത്താവിനെ സ്നേഹിക്കണം ” എന്ന ബൈബിൾ വാക്യം അച്ചട്ടായി പാലിക്കുന്ന സാറാമ്മ ചേട്ടത്തി തന്നെപ്പോലെ തന്നെ തന്റെ അയൽ ബെഡ്കാരേയും സ്നേഹിക്കുന്നതിൽ കുറവൊന്നും കാണിച്ചില്ല. അതുകൊണ്ടുതന്നെ ചേട്ടത്തിക്ക് അപ്പന്റെ കൂടെ ഞാൻ മാത്രമേയുള്ളൂവെന്ന് മനസിലാക്കി ഒരു മാതൃസ്നേഹവും സഹോദര സ്നേഹവും ഉടലെടുത്തു.

സംസാരിച്ച അഞ്ചുമിനിട്ടിനുള്ളിൽ തന്നെ എതിർ ഭാഗത്തു നിൽക്കുന്ന ആളുടെ ചരിത്രവും ഭൂമിശാസ്ത്രവും പൂർവികരെ കണ്ടെത്താനുള്ള ചേട്ടത്തിയുടെ അപാര കഴിവിനെ പലപ്പോഴും ഞാൻ മനസ്സുകൊണ്ട് അഭിനന്ദിച്ചിട്ടുണ്ട്. ആ വാർഡിൽ കിടക്കുന്ന വരുടെയും അടുത്ത വാർഡിൽ കിടക്കുന്നവരുടെയും സാറാമ്മ ചേട്ടത്തിയുമായി സംസാരിച്ചിരിക്കുന്ന സഹല നാട്ടുകാരുടെയും വീട്ടുകാരുടെയും വിവരങ്ങളെല്ലാം ചേട്ടത്തിയുടെ ഹൃദയത്തിൽ ഭദ്രമായി മനസ്സിലാക്കി വെച്ചിട്ടുണ്ടായിരുന്നു.

സാറാമ്മ ചേട്ടത്തിയുടെ സഹായം കൊണ്ട് പകൽസമയം എനിക്ക് പണിക്കു പോകുവാൻ കഴിഞ്ഞ്, ആ സമയത്ത് ഒക്കെയും ചാച്ചൻ റെ കാര്യങ്ങൾ മരുന്നുകൾ കൊടുക്കുകയും കൃത്യമായി ആഹാരം കൊടുക്കുകയും ചെയ്യുന്നത് ചേട്ടത്തിയാണ് അതെനിക്ക് ഒരു വലിയ ആശ്വാസം തന്നെയായിരുന്നു. കൂടപ്പിറപ്പുകൾ ഒക്കെ സ്നേഹം എങ്ങനെയാണ് മറ്റുള്ളവർ നമുക്ക് തരുന്നതെന്ന് അന്നാണ് മനസ്സിലായത്

പതിനൊന്നാം വാർഡിനോട് ചേർന്ന് തന്നെയാണ് സ്ത്രീകളുടെ വാർഡ്. രാത്രിയിൽ ഒൻപതുമണി കഴിഞ്ഞാൽ എല്ലാം വാർഡുകളും അടക്കം പിന്നീട് പുറത്തു നിന്നുള്ള ആർക്കും പ്രവേശനം ഇല്ല സ്ത്രീകളുടെ കൂട്ടിരിപ്പുകരായ പുരുഷന്മാരെ അവിടെ കിടക്കാൻ സമ്മതിക്കാത്തതുകൊണ്ട് അവിടുള്ള പുരുഷന്മാരും പതിനൊന്നാം വാർഡിൽ വരാന്തയിലാണ് കിടക്കുന്നത് അവിടെ നിന്നു നോക്കിയാൽ പ്രസവവാർഡ് കാണാം. അതിന്റെ മുന്നിൽ വരാന്തയിലും ഇടനാഴിയിലും കൊതുകിന്റെ കുത്തും കൊണ്ട് ഇരുന്നും കിടന്നു നേരം വെളുപ്പിക്കുന്ന കുറെ ഭർത്താക്കൻമാരെയും

ഓരോ ദിവസം കഴിയുന്തോറും ഹോസ്പിറ്റലിലെ പലരെയും തിരിച്ചറിയാനായി. രോഗികളെയും കൂട്ടിരിപ്പുകാരും പലരും പരിചയക്കാർ ആയി അല്ലെങ്കിൽ തന്നെ ഹോസ്പിറ്റൽ ജീവിതം ഒരു വൈകാരികബന്ധം ആണല്ലോ!!

പക്ഷേ ഒരാളെ മാത്രം പരിചയപ്പെടാൻ ആഗ്രഹിച്ചിട്ടും സാധിച്ചില്ല. അതൊരു ചെറുപ്പക്കാരനായിരുന്നു. ഒരു ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവും അയാളുടെ ഓരോ ചലനത്തിനനുസരിച്ച് ചലിക്കുന്ന മസിലുകൾ ഇരു കളറുള്ള അയാളുടെ മുഖത്ത് എപ്പോഴും ഒരു നിർവികാരത തളംകെട്ടി നിന്നിരുന്നു. അയാൾ ശ്വാസം എടുക്കുന്നത് ശ്രദ്ധിച്ചു നോക്കിയാൽ ഉള്ളു നിറയെ ടെൻഷൻ ഉള്ള ഒരാളെ പോലെ ആയിരുന്നു. അയാൾ ആർക്കും മുഖം കൊടുത്തിരുന്നില്ല.

സ്ത്രീകളുടെ വാർഡിലെ ആരുടെയോ കൂട്ടിരിപ്പുകാരനാണ്. രാത്രിയിൽ ഈ വാർഡിൽ കിടക്കാൻ വരുന്നതാണ്. അയാൾ ആരോടും മിണ്ടാറില്ല. അങ്ങനെയാണ് അയാളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്

ഒരുദിവസം പകൽസമയം അയാൾ വീൽചെയറിൽ ഒരു അസ്ഥിപഞ്ചരം പോലുള്ള ഒരു സ്ത്രീയും വീൽചെയറിൽവച്ച് തള്ളിക്കൊണ്ടു ഡ്രസ്സ് റൂമിലേക്ക് വരികയായിരുന്നു. ആ സമയത്ത് ഞാൻ വരാന്തയിൽ നിൽക്കുകയായിരുന്നു. എല്ലും തോലുമായ ആ സ്ത്രീയുടെ മുടികൾ പാതയിൽ അധികം കൊഴിഞ്ഞു പോയിരുന്നു. ശരീരമാകെ വ്രണങ്ങൾ കൊണ്ടു ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. അവർ അടുത്തേക്ക് വന്നപ്പോൾ മനുഷ്യശരീരം പഴുത്തത് അസഹ്യമായ ദുർഗന്ധം ആ വീൽചെയറിൽ ഇരിക്കുന്ന സ്ത്രീയിൽ നിന്നായിരുന്നു. എനിക്ക് പെട്ടെന്ന് ഓക്കാനം വന്നു ഞാൻ പതിയെ പുറത്തേക്കിറങ്ങി.

മണിക്കൂറുകൾ കഴിഞ്ഞാണ് ഞാൻ തിരികെ വന്നത് അപ്പോഴവർ വരാന്തയുടെ അങ്ങേയറ്റത്തായിരുന്നു. വീൽചെയർറിന്റെ മുൻപിൽ മുട്ടുകുത്തിയിരുന്നു അയാൾ അവരോട് സംസാരിക്കുകയാണ് അത് അവർക്ക് മാത്രം കേൾക്കാൻ കഴിയുന്നത് ശബ്ദത്തിൽ ആയിരുന്നുവെങ്കിലും ഇടയ്ക്ക് ആ സ്ത്രീ അയാളുടെ കവിളുകളിൽ ബലമില്ലാത്ത കൈകൊണ്ട് തഴുകുന്നുണ്ടായിരുന്നു. അയാൾ അവളുടെ കൈ തന്റെ മുഖത്തേക്ക് വളരെ മൃദുവായി ചേർത്തു പിടിപ്പിക്കുന്നു.

പലരും അവരെ കടന്നു അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ട് എങ്കിലും അവരുടെ ലോകത്തേക്ക് ആർക്കും കയറിച്ചെല്ലാൻ കഴിയുമായിരുന്നില്ല. പരസ്പരം അവർ തലോടിയും ചിരിച്ചും കരഞ്ഞും ആഹാരം വാരി കൊടുത്തു പകൽ സമയം മുഴുവൻ അയാൾ അവളുടെ അരികിൽ തന്നെയായിരുന്നു. ആ സമയത്തൊക്കെ തള്ളക്കോഴി തന്നെ കുഞ്ഞിനെ കാക്കാൻ അതുപോലെ അവളെ ചേർത്തു പിടിച്ചിരുന്നു

എന്നാൽ ഒരിക്കൽ പോലും അവരെ തിരക്കി മറ്റാരും അവിടെ വരുന്നതായി കണ്ടില്ല. രാത്രിയായാൽ അവരെ വാർഡിൽ ആക്കിയിട്ട് അയാൾ പുറത്തേക്ക് പോകും പിന്നെ തിരികെ വരുമ്പോൾ അയാൾ മ ദ്യപിച്ചിട്ടുണ്ടായിരിക്കും. പലപ്പോഴും ഞാൻ അയാളെ കടന്നു പോവാൻ മ ദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടിട്ടുണ്ട്. ഒന്നുരണ്ടുവട്ടം ഒക്കെ ചിരിച്ച് ഒക്കെ കാണിച്ച് അവളെ പരിചയപ്പെടാൻ ശ്രമിച്ചിട്ടും അയാൾ പ്രതികരിക്കാത്തത് കൊണ്ട് ആ ശ്രമം ഞാൻ ഉപേക്ഷിച്ചു.

എങ്കിലും ഈ കാലത്ത് സ്വന്തം ഭാര്യ ഇത്രയേറെ സ്നേഹിക്കുന്ന ആൾ ഉള്ള എന്റെ ആദരവ് ഓരോ ദിവസം കഴിയുന്തോറും വർദ്ധിച്ചുവന്നു

സാറാമ്മചേട്ടത്തി തന്നെയാണ് പിന്നീട് ഒരു ദിവസം എന്നോട് അവരുടെ കഥകൾ പറഞ്ഞു തന്നത്

” അത് അയാളുടെ ഭാര്യയൊന്നും അല്ലടാ” അവരു തമ്മിൽ കോളേജിൽ പഠിക്കുന്ന സമയത്ത് ഭയങ്കര ഇഷ്ടത്തിലായിരുന്നു ചെറുക്കൻറെ ജാതി പെണ്ണിന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് വേറൊരുത്തനെ കൊണ്ടു അവളെ കെട്ടിച്ചു അവനാണെങ്കിൽ ഭയങ്കര കുടിയനും പെണ്ണുപിടിയനും അങ്ങനെ അവന് എവിടുന്നു കിട്ടിയ വൃത്തികെട്ടരോഗമാണ് അവൾക്ക് കിട്ടിയത് അവൻ മരിച്ചപ്പോൾ ഈ കൊച്ചിനെ അവരുടെ വീട്ടുകാർ എവിടെ കൊണ്ട് തള്ളിയതാണ് പിന്നീട് ഇങ്ങോട്ട് അവരാരും തിരിഞ്ഞു പോലും നോക്കിയില്ല

ഒടുവിൽ കൂട്ടുകാർ ആരോ പറഞ്ഞു ഈ ചെറുക്കന് അറിഞ്ഞു മലപ്പുറത്തുകാരൻ ആണ് ചെറുക്കൻ അവിടുള്ള വീടും പറമ്പും ഒക്കെ വിറ്റിട്ടാണ് ഈ കൊച്ചിനെ നോക്കിയിപ്പൊ ഇവിടെ നിൽക്കുന്നത്.

അവരുടെ കഥകൾ കേട്ടപ്പോൾ എന്റെ മനസ്സ് അസ്വസ്ഥമായി നല്ലൊരു ചെറുപ്പക്കാർ വെറുതെ എന്തിനാ ഇങ്ങനെ ജീവിതം കളയുന്നു. അയാൾക്ക് എവിടെയെങ്കിലും പോയി നന്നായി ജീവിച്ചു കൂടെ? ഒരുപക്ഷേ അയാൾ ഉപദേശിക്കാൻ സ്നേഹിക്കാനോ ആരും ഇല്ലാത്തതു കൊണ്ടായിരിക്കും ഇവിടെ ഇങ്ങനെ നിൽക്കുന്നത്. എന്റെ ഉള്ളിൽ പലപല ചോദ്യങ്ങളുയർന്നു

അയാളോട് എങ്ങനെയെങ്കിലും ഒന്നു സംസാരിക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു അന്ന് രാത്രി ആവാൻ ഞാൻ കാത്തിരുന്നു

രാത്രി ഞാൻ അയാളുടെ അരികിലേക്ക് ചെന്നാപ്പോൾ അയാൾ വരാന്തയിൽ കിടക്കുവാൻ ഉള്ള ഷീറ്റ് വിരിക്കുകയായിരുന്നു ഞാൻ തൊട്ടരികിൽ നിന്നിട്ടും അയാൾ എന്നെ ശ്രദ്ധിച്ചില്ല

പക്ഷേ ഞാൻ അങ്ങനെ വിടാനുള്ള ഭാവമില്ലായിരുന്നു.

ഞാൻ : എന്നോട് സംസാരിക്കുന്നത്തിൽ താങ്കൾക്ക് വിരോധമുണ്ടോ?

അയാളെന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ” ഇല്ല പറഞ്ഞോളൂ”

അയാൾ അത് പറയുമ്പോൾ അയാളുടെ തൊണ്ടക്കുഴിയിൽ നിന്നും കുറുകിയ മ ദ്യത്തിന്റെ മണം വരുന്നുണ്ടായിരുന്നു.

എനിക്ക് പറയാൻ അല്ല കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനാണുള്ളത്

അയാൾ : സാറാമ്മ ചേടത്തി പറഞ്ഞതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല.

അയാളെ സംഭവിക്കുന്ന കാര്യങ്ങൾ എല്ലാം അറിഞ്ഞു കൊണ്ടാണ് ഞാൻ വന്നിരിക്കുന്നു അയാൾക്ക് മനസ്സിലായി ചെറിയൊരു ജാള്യത തോന്നി എങ്കിലും ഞാനത് മറച്ചുകൊണ്ട് വീണ്ടും ചോദിച്ചു.

ഞാൻ : അയാൾക്ക് എന്താണ് അസുഖം?

അയാൾ : എയ്ഡ്സ് ആണ്

ഞാൻ : ഇയാൾക്ക് പേടിയൊന്നുമില്ലേ? ഇത് പകരുന്ന രോഗം അല്ലേ?

അയാൾ : ഞാൻ പേടിച്ചാൽ പിന്നെ അവൾക്ക് ആരാണുള്ളത്?

ഞാൻ : അവൾ ഒരിക്കലും രക്ഷപ്പെടില്ലെന്ന് താങ്കൾക്കറിയാമല്ലോ? പിന്നെ എന്തിനാണ് ഇത്രയും റിസ്ക് എടുക്കുന്നത്? രക്ഷപ്പെട്ടു കൂടെ?

അയാൾ : ഇതു തന്നെയാണ് അവളും പറയുന്നത്. ഇനി ഒരിക്കൽ പോലും തിരികെ വരാത്ത ലോകത്തുനിന്നും പോയി രക്ഷപ്പെടാൻ

അത് പറയുമ്പോൾ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു

ഞാൻ : അവൾ പറഞ്ഞത് നേരല്ലേ? എന്തെങ്കിലും മറ്റൊരാൾക്ക് വേണ്ടി സ്വന്തം ജീവിതം നശിപ്പിച്ചുകളയുന്നു?

അയാൾ : എന്റെ മുഖത്തേക്ക് വളരെ നിർവികാരമായി നോക്കി.

തനിക്ക് അറിയുമോ ഞാൻ പണ്ട് ഇവർക്ക് വാക്ക്കൊടുത്തതാണ് എനിക്ക് ജീവനുള്ള കാലത്തോളം നിന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാമെന്ന് അന്ന് മറ്റാരും അത് കേട്ടില്ലെങ്കിലും ഞാൻ അവൾ കൊടുത്ത വാക്കാണത്

അത് അങ്ങനെയാണെടോ….

“ഒരിക്കൽ ഒരു ആണ് ഒരു പെണ്ണിനെ ആത്മാർത്ഥമായി സ്നേഹിച്ചു പോയാൽ മരണംവരെയും അവളുടെ കൂടെയുണ്ടാവും”

സാജുപി കോട്ടയം.

(വായനക്കാർ ദയവായി നല്ലതാണേലും മോശമാണേലും ഒരു വാക്ക് എഴുതുമല്ലോ??? )