ഭാര്യ ~ ഭാഗം 11 , എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അഭയ് ഓഫീസിലേക്ക് വന്നതും പരിസരം പോലും മറന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു കൊണ്ട് ശീതൾ അലറി..

“എന്റെ അച്ഛന്റെ ശമ്പളവും വാങ്ങി സുഖിച്ചു കഴിഞ്ഞിട്ടു എനിക്ക് പണി തരാനായിരുന്നു നിന്റെ പ്ലാൻ.. നീ എന്താ കരുതിയത്.. ഞാനിതൊന്നും അറിയില്ലെന്നോ? ഇപ്പോൾ നിനക്ക് മനസിലായില്ലേ ഈ ശീതളിനെ തോല്പിക്കാൻ നിനക്കെന്നല്ല ആർക്കും പറ്റില്ലെന്ന് “

അഭയ് തന്റെ കോളറിലുള്ള അവളുടെ പിടിത്തം വിടുവിച്ചു കൊണ്ട് പറഞ്ഞു.

“ശീതൾ.. നിന്റെ ഓഫീസിലാണെന്ന് കരുതി ഇവിടെകിടന്ന് ഈ ഷോ കാണിക്കുമ്പോൾ നിന്റെ സഹപ്രവർത്തകർ എല്ലാവരും ഇവിടെ കാഴ്ചക്കാരായി നിൽപ്പുണ്ടെന്നുള്ള ഓർമ വേണം.. എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല.. മറ്റൊരു പെൺകുട്ടിയെ ഇഷ്ടമുള്ളത് കൊണ്ട് ഞാൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറുന്നു.. പക്ഷേ നിന്റെ ഈ കാട്ടികൂട്ടലുകൾ കാണുമ്പോൾ ഇവിടെ കൂടി നിൽക്കുന്നവർ എന്താ കരുതുന്നതെന്ന് നിനക്കറിയാമോ? അവരുടെയൊക്കെ മുന്നിൽ നീ സ്വയം നാണം കെടുകയാണ്..”

ശീതൾ അവന്റെ നേർക്ക് ദേഷ്യത്തിൽ നോക്കി.. അഭയ് തന്റെ കയ്യിലിരുന്ന റിസൈഗ്നേഷൻ ലെറ്റർ അവളുടെ നേർക്ക് നീട്ടികൊണ്ട് പറഞ്ഞു.

“ഞാൻ നിങ്ങളുടെ കമ്പനിയിൽ നിന്ന് റിസൈൻ ചെയ്യുകയാണ്. നിന്റെ അച്ഛനെ നേരിട്ട് കണ്ട് ഇതേല്പിക്കണമെന്നാണ് കരുതിയത്.. അതിന്റെയൊന്നും ആവശ്യമില്ലെന്ന് പിന്നീട് തോന്നി..”

അവൾ ആ പേപ്പർ വാങ്ങിക്കൊണ്ടു അവന്റെ നേർക്ക് നോക്കി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

“നിനക്ക് ശരിക്കും അറിയില്ല ഈ ശീതളിനെ.. എന്റെ അച്ഛന്റെ യഥാർത്ഥ മുഖവും നീ കണ്ടിട്ടില്ല.. എന്നെയും എന്റെ അച്ഛനെയും അപമാനിച്ചതിനുള്ള ശിക്ഷ നിനക്ക് ഞങ്ങൾ തന്നിരിക്കും “

“ശീതൾ.. നിന്നെ എനിക്ക് ശരിക്കും അറിയാം.. നിന്റെ അച്ഛനെ ഇവിടെയുള്ള മറ്റാരേക്കാളും നന്നായിട്ട് എനിക്കറിയാം.. നിന്റെ അച്ഛൻ വല്യ മഹാനാണെന്നായിരിക്കും നീ കരുതിയിരിക്കുന്നത്.. പക്ഷേ പൂനെയിൽ ബിസിനസ് തുടങ്ങി അവിടത്തെ പാർട്ണറിനെ വഞ്ചിച്ചു കേരളത്തിലേക്ക് വന്ന നിന്റെ അച്ഛന് ഈ പറയുന്ന മതിപ്പൊന്നും ഞങ്ങളുടെ നാട്ടിലില്ല.. അതുകൊണ്ട് തന്നെ എന്നോട് പകരം ചോദിക്കാനോ പക വീട്ടാനോ ആയിട്ട് നിന്റെ അച്ഛൻ എന്റെ നാട്ടിലേക്ക് വരത്തില്ലെന്ന് എനിക്കുറപ്പാണ് “

ശീതളിന്റെ മുഖം വിളറി.. തന്റെ കമ്പനിയിലെ മറ്റു ജീവനക്കാരുടെ മുന്നിൽ വച്ച് തന്റെ അച്ഛന്റെ പഴയകാലത്തെ പറ്റി അഭയ് വിളിച്ചു പറയുമെന്ന് അവൾ കരുതിയിരുന്നില്ല.. ഒരുനിമിഷം മറുപടി പറയാനാകാതെ പകച്ചു നിന്നിട്ട് അവൾ പറഞ്ഞു..

“എന്റെ അച്ഛൻ ആരെയും ചതിച്ചു സമ്പാദിച്ചതല്ല ഈ സ്വത്ത്‌.. നന്നായി ഹാർഡ് വർക്ക്‌ ചെയ്തിട്ട് തന്നെയാണ് അച്ഛൻ ഇന്ന് ഈ കാണുന്ന നിലയിലെത്തിയത് “

അഭയുടെ മുഖത്ത് പുച്ഛഭാവം ആയിരുന്നു..

“നിനക്ക് ഇത്രയ്ക്ക് പുച്ഛം ആണെങ്കിൽ നീ എന്തിനാ എന്റെ അച്ഛന്റെ കാശ് വാങ്ങിയത്?”

“അതിന് നിന്റെ അച്ഛൻ ഔദാര്യമായിട്ട് എനിക്ക് കാശൊന്നും തന്നിട്ടില്ലല്ലോ.. പിന്നേ ഞാൻ ജോലി ചെയ്തതിനുള്ള ശമ്പളം തന്നു. അതെന്റെ അവകാശം ആയിരുന്നു “

“എന്റെ അച്ഛന്റെ സ്വത്ത്‌ മോഹിച്ചല്ലേടാ നീ ഞാനുമായിട്ടുള്ള വിവാഹത്തിന് സമ്മതം മൂളിയത്?”

“നീ വല്യ പുണ്യവാളത്തിയൊന്നും ചമയണ്ട.. അമ്പാടിയിലെ സ്വത്ത്‌ മോഹിച്ചല്ലേ നീ ഹരീഷിന്റെ പിന്നാലെ നടന്നത്.. അവന്റെ കല്യാണം പോലും നിന്റെ ചതി അല്ലായിരുന്നോ?”

അവൾ മറുപടിയില്ലാതെ നിൽകുമ്പോൾ അഭയ് വിജയഭാവത്തിൽ പറഞ്ഞു..

“സ്വത്ത്‌ മോഹിച്ചു തന്നെയാണ് ഞാൻ ആദ്യം നിന്റെ അച്ഛൻ സംസാരിച്ചപ്പോൾ സമ്മതമറിയിച്ചത്.. പക്ഷേ ഈ സ്വത്തിനേക്കാളും പണത്തിനേക്കാളും വലുതാണ് ആത്മാർത്ഥ സ്നേഹം എന്ന് എനിക്ക് പിന്നീട് മനസിലായി.. നിനക്ക് അത്‌ പറഞ്ഞാൽ മനസിലാകില്ല… അതൊക്കെ മനസിലാക്കാൻ എന്റെ കാത്തിയെപ്പോലെ നന്മയുള്ള മനസ് വേണം.. അവളാണ് എന്റെ ഏറ്റവും വിലപിടിപ്പുള്ള സ്വത്ത്‌..അതുകൊണ്ട് ഞാൻ തിരികെ ചെന്ന് എത്രയും പെട്ടന്ന് അവളുമായി സ്വസ്ഥമായി ഒരു ജീവിതം ആരംഭിക്കട്ടെ.. അപ്പോൾ ശരി… ബൈ “

ശീതളിന്റെ മറുപടിയ്ക്ക് കാത്തുനിൽക്കാതെ അഭയ് അവിടുന്നിറങ്ങിപ്പോയി.. ഓഫീസിലെ എല്ലാവരുടെയും മുൻപിൽ താൻ അപമാനിക്കപ്പെട്ടതിന്റെ ദേഷ്യം അവളുടെ മുഖത്തുണ്ടായിരുന്നു.. തന്റെ കാബിന്റെ ഗ്ലാസ്‌ ഡോർ കാല് വച്ചു തട്ടിത്തുറന്നു കൊണ്ട് അവൾ ക്യാബിനുള്ളിലേക്ക് കയറി…

അല്പസമയം കഴിഞ്ഞപ്പോൾ ജയദേവൻ ഓഫിസിലേക്ക് വന്നപ്പോൾ ശീതൾ അയാളുടെ മുന്നിലെത്തി..

“അച്ഛാ.. ആ അഭയ്.. എന്നെ നമ്മുടെ ജോലിക്കാരുടെ മുന്നിൽ വച്ച് അപമാനിച്ചു…”

“മോളെ.. എല്ലാവരുടെയും മുന്നിൽ വച്ച് സംസാരിക്കാനുള്ള സാഹചര്യം നീ ഒഴിവാക്കണമായിരുന്നു.. സ്വന്തം പല്ലിട കുത്തി മണപ്പിച്ചിട്ട് നാറ്റമാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?”

“അച്ഛാ.. അത്‌ പിന്നെ ഞാൻ അപ്പോളത്തെ ദേഷ്യത്തിൽ അവൻ ഓഫീസിനുള്ളിലേക്ക് കയറി വന്നപ്പോൾ തന്നെ ഓരോന്നൊക്കെ പറഞ്ഞു പോയതാണ് “

“ഇനി കഴിഞ്ഞു പോയതിനെപ്പറ്റി പറഞ്ഞിട്ടൊന്നും കാര്യമില്ല.. പക്ഷേ നമ്മുടെ ജോലിക്കാരുടെ വായിൽ നിന്ന് ഇതൊക്കെ പലരും അറിയും.. നമ്മുടെ ശത്രുക്കൾക്ക് ആഘോഷിക്കാൻ ഒരു വാർത്ത കൂടിയാകും.. “

മറ്റാരും അറിഞ്ഞാലും തനിക്കൊരു കുഴപ്പവുമില്ല.. പക്ഷേ ഹരീഷ് അറിഞ്ഞാൽ..അവന്റെ മുന്നിൽ താൻ നാണം കെടുമല്ലോ എന്നോർത്തപ്പോളാണ് ശീതളിന് കൂടുതൽ അപമാനം തോന്നിയത്..

ഇതേസമയം അഭയ് തിരികെ പൂനെയിലേക്കുള്ള യാത്രയിലായിരുന്നു.. കാർത്തികയുമായിട്ടുള്ള സന്തോഷം നിറഞ്ഞ ജീവിതം മാത്രം ആയിരുന്നു അവന്റെ മനസ്സിൽ…. അവളെ വിഷമിപ്പിക്കാൻ മനസ്സ് തോന്നാത്തിരുന്നത് കൊണ്ടാണ് തന്റെ ഒരു സുഹൃത്തിനെക്കൊണ്ട് ഫോൺ ചെയ്യിപ്പിച്ചു ശീതളിനെ എല്ലാ വിവരങ്ങളും അറിയിച്ചത്.. അല്ലാതെ ഈ വിഷയം ശീതളിന്റെ മുന്നിൽ എങ്ങനെ അവതരിപ്പിക്കുമെന്ന് അവനൊരു ഐഡിയയും കിട്ടിയിരുന്നില്ല.. അതുകൊണ്ടാണ് അനോണിമസ് കാൾ എന്നൊരു മാർഗം സ്വീകരിച്ചത്..

വൈകുന്നേരം ഹരീഷ് ഓഫീസിൽ നിന്ന് വന്നപ്പോൾ ദീപ്തിയുടെ അമ്മയും അനിയത്തി ഗായത്രിയും വീട്ടിലുണ്ടായിരുന്നു.. ഗായത്രി ടൗണിലെ കോളേജിൽ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥിനിയാണ്.. ഹരീഷിനെ കണ്ടതും അവൾ ബഹുമാനപൂർവം എഴുന്നേറ്റു.. ഹരീഷ് അവളുടെ നേർക്ക് നോക്കി പുഞ്ചിരിച്ചിട്ട് റൂമിലേക്ക് പോയി.. വേഷം മാറി വന്നതിന് ശേഷം അവൻ ഗായത്രിയോടും ലളിതയോടും വിശേഷങ്ങൾ അന്വേഷിച്ചു.. തന്നോടുള്ള ദേഷ്യം ഹരീഷ് അവരോട് പ്രകടിപ്പിക്കുമോ എന്ന് ദീപ്തി ഭയന്നിരുന്നു.. അവനവരോട് സ്നേഹത്തോടെ സംസാരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് മനസ്സിൽ ഒരു കുളിർമഴ പെയ്യുന്നത് പോലെ തോന്നി…

ദീപ്തിയുടെ അമ്മയും അനിയത്തിയും തിരികെ പോകാൻ റെഡിയായപ്പോൾ ഒരുദിവസം ഇവിടെ നിന്നിട്ട് പോകാൻ ദീപ്തി അവരെ നിർബന്ധിച്ചു.. ഗീതയും അവരെ നിർബന്ധിച്ചപ്പോൾ അന്നൊരു ദിവസം അവിടെ നിൽക്കാമെന്ന് ഗീത തീരുമാനിച്ചു..

ഓഫീസിൽ നിന്നിറങ്ങിയതിന് ശേഷം ഫ്രണ്ട്സിനോടൊപ്പം കറങ്ങി നടന്നിട്ട് ഗിരീഷ് വീട്ടിലെത്തുമ്പോൾ അല്പം വൈകാറുണ്ട്.. അവൻ കാളിങ് ബെൽ അടിച്ചപ്പോൾ ഗായത്രിയാണ് വാതിൽ തുറന്നു കൊടുത്തത്.. അപ്രതീക്ഷിതമായി അവളെ മുന്നിൽ കണ്ടിട്ട് തെല്ലൊന്നമ്പരന്നെങ്കിലും പുഞ്ചിരിയോടെ അവൻ ചോദിച്ചു..

“ഗായത്രി എപ്പോൾ വന്നു?”

“ഉച്ച കഴിഞ്ഞപ്പോൾ..”

“ഉം..”

“ചേട്ടൻ ഓഫീസിൽ നിന്നിറങ്ങാൻ വൈകിയോ?”

“ഓഫീസിൽ നിന്നിറങ്ങാൻ വൈകിയതല്ല.. അത്‌ കഴിഞ്ഞു ഫ്രണ്ട്സിനോടൊപ്പം ചുമ്മാ കറങ്ങാൻ പോയതാണ് “

അവൻ തന്റെ റൂമിലേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു …

രാത്രിയിൽ, ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഗീത ഗായത്രിയെയും ഗിരീഷിനെയും മാറിമാറി നോക്കി.. ഇവർ രണ്ടാളും തമ്മിൽ നല്ല ചേർച്ചയുണ്ടല്ലോ എന്നായിരുന്നു അവർ മനസ്സിൽ കരുതിയത്..

ദീപ്തി റൂമിലേക്ക് പോയപ്പോൾ ഹരീഷും ഗായത്രിയും ടീവി കണ്ടു കൊണ്ട് ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു . ആ വീട്ടിലുള്ളവർ എല്ലാവരും കിടന്നു.. ഗായത്രി ചോദ്യഭാവത്തിൽ ഹരീഷിന്റെ നേർക്ക് നോക്കിയിട്ട് ചോദിച്ചു.

“ഹരിയേട്ടനും ചേച്ചിയും തമ്മിൽ പിണക്കത്തിലാണോ?”

“അതെന്താ.. നീ അങ്ങനെ ചോദിച്ചത്?”

“ചേച്ചി റൂമിലേക്ക് പോയിട്ടും ഏട്ടൻ ഇവിടെ തന്നെയിരിക്കുന്നു അതുകൊണ്ട് ചോദിച്ചതാ..”

“ഞാൻ രാത്രിയിൽ കുറച്ചു സമയം ടീവി കണ്ടിരിക്കാറുണ്ട്.. ഞാൻ ചെല്ലുന്നത് വരെ നിന്റെ ചേച്ചി എന്നെ വെയിറ്റ് ചെയ്തിരുന്നോളും “

“പക്ഷേ.. വന്നിട്ടിത് വരെ നിങ്ങൾ പരസ്പരം ഒരു വാക്ക് പോലും സംസാരിക്കുന്നത് ഞാൻ കണ്ടില്ല “

“എല്ലാവരുടെയും മുന്നിൽ വച്ച് സംസാരിക്കണമെന്ന് നിർബന്ധം ഒന്നുമില്ലല്ലോ..”

“ഉം.. അതും ശരിയാണ്..”

ഗായത്രി കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു കുഴപ്പിക്കുന്നതിന് മുൻപ് അവൻ എഴുന്നേറ്റു..

“എനിക്ക് ഉറക്കം വരുന്നു.. ഗുഡ്നൈറ്റ് “

അവൻ ചെല്ലുമ്പോൾ ദീപ്തി ആ പുസ്തകവും വായിച്ചിരിക്കുന്നുണ്ടായിരുന്നു..
‘ഇവൾക്കിതെന്താ ഈ ബുക്ക് വായിച്ചിട്ട് വല്ല എക്സാമും എഴുതാനുണ്ടോ ‘ എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ടാണ് അവൻ റൂമിലേക്ക് വന്നത്.. അവനെ ശ്രദ്ധിക്കാതെ അവൾ വായന തുടർന്നു.. അവളുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി ഹരീഷ് ചെറുതായൊന്നു മുരടനക്കി.. ദീപ്തി ചോദ്യഭാവത്തിൽ അവന്റെ നേർക്ക് മുഖമുയർത്തി..

“തന്റെ അമ്മയും അനിയത്തിയും വെറുതെ വന്നതായിരുന്നോ.. അതോ പ്രത്യേകിച്ച് വിശേഷം വല്ലതുമുണ്ടോ?”

“അതെന്താ വിശേഷം ഒന്നുമില്ലാതെ എന്റെ അമ്മയ്ക്കും അനിയത്തിയ്ക്കും എന്നെ കാണാൻ വന്നു കൂടെ?”

എന്ത് ചോദിച്ചാലും ഇവൾ തർക്കുത്തരമാണല്ലോ എന്ന് മനസിലോർത്തു കൊണ്ട് ഹരീഷ് മറുപടി പറഞ്ഞു..

“അല്ല.. ഞാൻ ജസ്റ്റ്‌ ചോദിച്ചെന്നേയുള്ളൂ”

“ഉം..”

ദീപ്തി തന്റെ കയ്യിലിരുന്ന പുസ്തകം മേശപുറത്തു വച്ചിട്ട് കട്ടിലിൽ കിടന്നു.. അവളോട് എന്തൊക്കെയോ സംസാരിക്കണമെന്ന് മനസ്സിൽ ആഗ്രഹമുണ്ട്.. പക്ഷേ അവളുടെ ഇത്തരത്തിലുള്ള മറുപടി കേൾക്കുമ്പോൾ സങ്കടം വരുന്നു അതുകൊണ്ട് തത്കാലം അവൾ തന്നോട് എല്ലാം ക്ഷമിക്കുന്നത് വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ…

പിറ്റേന്ന് ശനിയാഴ്ച ആയിരുന്നു.. ശീതൾ ക്ലബ്ബിൽ പോയപ്പോൾ അവിടെയുള്ള പലരും ഒളിഞ്ഞും തെളിഞ്ഞും അവളുടെ വിവാഹം മുടങ്ങിപോയതിനെപ്പറ്റി സംസാരിക്കുന്നത് കേട്ടു.. ഏറെ സമയം അവൾ അവിടെ നിൽക്കാതെ വീട്ടിലേക്ക് തിരിച്ചു പോയി… തന്റെ ദേഷ്യം മുഴുവൻ ആക്സിലേറ്ററിൽ പ്രകടമാക്കികൊണ്ട് അവൾ കാറോടിച്ചു..

വീടിന് മുന്നിൽ കാർ പാർക്ക് ചെയ്തതിന് ശേഷം, കാറിന്റെ ഫ്രണ്ട് ഡോർ വലിയ ശബ്ദത്തോടെ അഞ്ഞടച്ചതിന് ശേഷം ശീതൾ അച്ഛന്റെ മുന്നിലെത്തി മുഖവുര ഒന്നുമില്ലാതെ പറഞ്ഞു.

“അച്ഛാ.. എന്നെ തോൽപിച്ചുവെന്ന് കരുതി എല്ലാവരും ജീവിക്കുമ്പോൾ എനിക്ക് പരാജയം സമ്മതിച്ചു ഒതുങ്ങി കൂടാൻ വയ്യ.. അതുകൊണ്ട് അച്ഛൻ എനിക്ക് വേണ്ടി പ്രൊപോസൽ നോക്കുമ്പോൾ അമ്പാടിയിലെ സ്വത്തിനേക്കാളും രണ്ടിരട്ടി സ്വത്തുള്ള ഒരാളെ ആയിരിക്കണം എനിക്ക് വേണ്ടി പരിഗണിക്കേണ്ടത്.. എന്നെ പരിഹസിച്ചവരുടെ മുന്നിൽ കൂടി എനിക്ക് തലയുയർത്തിപിടിച്ചു നടക്കണം… ആ ഹരീഷിന്റെ മുഖത്ത് നോക്കി എനിക്ക് പുച്ഛത്തോടെ ചിരിക്കണം.. ആ അഭയുടെ മുഖത്ത് നോക്കി നാല് വർത്തമാനം പറയണം..”

“ഞാൻ എന്റെ ഒന്ന് രണ്ടു പരിചയക്കാരോട് പറഞ്ഞിട്ടുണ്ട് ഇക്കാര്യം..അവരൊക്കെ ഒന്ന് രണ്ടു പയ്യന്മാരുടെ കാര്യം പറഞ്ഞിട്ടുണ്ട് കൂട്ടത്തിൽ തരക്കേടില്ലെന്ന് തോന്നിയ ഒരെണ്ണം പ്രോസീഡ് ചെയ്താലോന്ന് ഞാനാലോചിച്ചു.. പിന്നേ മോളോട് കൂടി ഒന്നഭിപ്രായം ചോദിക്കാമെന്ന് കരുതി.. എന്തൊക്കെയായാലും കൂടെ ജീവിക്കേണ്ടത് നീയല്ലേ “

“ഒന്നും ആലോചിക്കാനില്ല അച്ഛാ.. എനിക്ക് സമ്മതമാണ്.. “

“നിനക്ക് ചിലപ്പോൾ അറിയാമായിരിക്കും.. റെയിൻബോ കൺസ്ട്രക്ഷൻസ് “

“യെസ്.. എനിക്കറിയാം.. അമ്പാടിക്കാരുടെ ശത്രുക്കളാണ് അവർ.. “

“അതേ.. അവിടുത്തെ മോഹനചന്ദ്രന്റെ മകൻ കിരൺ.. ഓസ്ട്രേലിയയിൽ പോയി ബിസിനസ് മാനേജ്‍മെന്റ് ഒക്കെ പഠിച്ചതാണ്.. അവനാണിപ്പോൾ കമ്പനി നോക്കി നടത്തുന്നത്.. മിടുക്കനാണവൻ.. അമ്പടിക്കാരെപോലെ പറയാൻ വല്യ പാരമ്പര്യം ഒന്നുമില്ല.. എന്നാലും അവരുടെ ഇരട്ടി സ്വത്തുണ്ട്.. “

“ഹരീഷിനെക്കാളും യോഗ്യനായിരിക്കണം എന്റെ ഭർത്താവ്.. അത്‌ മാത്രമേയുള്ളൂ എന്റെ നിബന്ധന”

ശീതളിന്റെ മുഖത്ത് സംതൃപ്തി ആയിരുന്നു..

അമ്പാടിയിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഗീത ദീപ്തിയോട് ചോദിച്ചു.

“മോളെ.. അമ്മയും ഗായത്രിയും അവിടെ എത്തിയെന്നു ഫോൺ ചെയ്തു പറഞ്ഞിരുന്നോ?”

“വിളിച്ചിരുന്നു അമ്മേ “

രാമചന്ദ്രനും ഗീതയും മുഖത്തോട് മുഖം നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ അവർക്ക് തന്നോടെന്തോ ചോദിക്കാനുണ്ടെന്ന് ദീപ്തിയ്ക്ക് തോന്നി.. ഹരീഷും ഗിരീഷും ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലയെന്ന മട്ടിൽ ഭക്ഷണം കഴിക്കുന്നത് തുടർന്നു.. ദീപ്തി ഗീതയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..

“അമ്മയ്‌ക്ക് എന്തെങ്കിലും എന്നോട് പറയാനുണ്ടോ?”

“അത്‌.. മോളെ.. ഇന്നലെ ഗായത്രി മോൾ ഇവിടെ വന്ന് നിന്നപ്പോൾ അവളുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടപ്പെട്ടു.. അവളെപ്പോലെ അടക്കവും ഒതുക്കവുമുള്ള പെൺകുട്ടിയെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.. നിങ്ങൾ ചേച്ചിയും അനിയത്തിയും ആകുമ്പോൾ പരസ്പരം സ്നേഹത്തോടും ഐക്യത്തോടും എന്നും കഴിയുകയും ചെയ്യുമല്ലോ…”

ദീപ്തി അവരുടെ മുഖത്തേക്ക് അമ്പരന്ന് നോക്കി.. ഗീത അവളോട് പറഞ്ഞു..

“നമ്മുടെ ഗിരീഷിന് വേണ്ടി ഗായത്രി മോളെ ആലോചിക്കുന്ന കാര്യമാണ് ഞാൻ പറഞ്ഞത് “

“അത്‌ നടക്കില്ല “

അത്‌ വരെ നിശബ്ദനായിരുന്ന ഹരീഷ് ഭക്ഷണം മതിയാക്കി എഴുന്നേറ്റു കൊണ്ട് പറഞ്ഞു. എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കിയിട്ട് അവൻ തീർത്തു പറഞ്ഞു..

“ഈ വിവാഹം നടക്കില്ല…. “

ആരും കൂടുതൽ ഒന്നും ചോദിക്കുന്നതിനു മുൻപ് ഭക്ഷണം കഴിക്കുന്നത് മതിയാക്കി ഹരീഷ് എഴുന്നേറ്റു പോയി.. ബാക്കി എല്ലാവരുടെയും മുഖത്ത് വല്ലാത്ത അമ്പരപ്പായിരുന്നു.. ദീപ്തിയും ഭക്ഷണം കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു.. തന്റെ നിറഞ്ഞ മിഴികൾ മറ്റുള്ളവർ കാണാതിരിക്കാൻ അവൾ ശ്രമിച്ചു…
അവൻ തന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കും അങ്ങനെ പറഞ്ഞതെന്ന് ദീപ്തിയ്ക്ക് തോന്നി.. അതുമല്ലെങ്കിൽ താനവനോട് ഇങ്ങനെയൊക്കെ പെരുമാറുന്നതിന് പകരം വീട്ടിയതായിരിക്കും…

തുടരും…