ഓളങ്ങൾ ~ ഭാഗം 27, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“വൈശാഖട്ടന് എന്താ ഇത്രയും ദൃതി… “കാറിൽ കയറി ഗേറ്റ് കടന്നതും അവൾ ചോദിച്ചു..

“അത്‌ സിമ്പിൾ ആണ് മോളെ … എനിക്കെ നിന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ തരണം…അത്രയും ഒള്ളു… “

“അയ്യടാ… ഒരു മനസിലിരുപ്പ്… എന്നെ അടിച്ചതും പോരാഞ്ഞിട്ട്… വെച്ചിട്ടുണ്ട് വീട്ടിലേക്ക് വരട്ടെ… “

“മ്… നീ വീട്ടിലേക്ക് വാ… ഞാനും വെച്ചിട്ടുണ്ട്. “..അവൻ ചിരിച്ചു..

“വേണ്ട വേണ്ട… ഒന്നും പറയേണ്ട… എനിക്കിട്ട് അടിച്ചതും പോരാഞ്ഞു…. ദേ ഇനി ഒരു കാര്യം പറഞ്ഞേക്കാം.. എനിക്കു ചോദിക്കാനും പറയാനും ഒക്കെ ആളായി കേട്ടോ…. “

“എന്തോ… എങ്ങനെ…. മോളു വല്ലതും പറഞ്ഞോ… “

“മ്… പറഞ്ഞു… എന്തേ കേട്ടില്ലേ… എന്നെ തൊട്ടുകളിച്ചാൽ ഉണ്ടല്ലോ അല്ലേ വാവേ…”അവൾ മെല്ലെ അവളുടെ വയറ്റിൽ വിരലുകൾ ഓടിച്ചു…

“നീ പോടീ… എന്റെ കുഞ്ഞുലക്ഷ്മിയും ഞാനും ഒരു കക്ഷിയാ… ഞാൻ പറയുന്നതേ എന്റെ മോള് വിശ്വസിക്കൂ “

“ഓഹ് പിന്നെ… ചുമ്മാ തള്ളാതെ… “

“മ്… കാണാം… നമ്മൾക്ക് ഇനി ഇതും പറഞ്ഞു തർക്കിക്കേണ്ട… “

“നോക്ക് ലക്ഷ്മി… അച്ഛന്മാരോട് ആണ് പെൺകുട്ടികൾക്ക് കൂടുതൽ അറ്റാച്ച്മെന്റ്….. നീയും അതിനു വലിയൊരു ഉദാഹരണം അല്ലേ… “

“ഓക്കേ.. ഓക്കേ… നിർത്തിക്കോ.. ഞാൻ സമ്മതിച്ചു… “

“നിനക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടോ… ഉണ്ടെങ്കിൽ പറയണം കെട്ടോ… ഈ സമയത്ത് ഏത് ആഗ്രഹവും സാധിച്ചു കൊടുക്കണം എന്നാണ് കാരണവന്മാർ പറയുന്നത്… “

“എന്റെ ഏട്ടാ… എനിക്കു തല്ക്കാലം ആഗ്രഹം ഒന്നും ഇല്ലാ… അത്‌ തോന്നുമ്പോൾ ഞാൻ പറഞ്ഞോളാം… “

“മ്… അതൊക്കെ പോട്ടെ… ദീപേചിയുടെ കാര്യം എങ്ങനെ ആണ്.. പാവം.. കഷ്ടം ആയിപോയല്ലേ… “

“സത്യം… എന്റെ ചേച്ചിടെ അവസ്ഥ ഓർക്കുമ്പോൾ ആകെ വിഷമം ആണ്.. പക്ഷെ രാജീവേട്ടൻ ഇത്തരക്കാരൻ ആണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.. “

“നിന്നോട് കാർത്തിക്ക് എന്താണ് പറഞ്ഞത്… അവൻ കണ്ടോ രാജീവേട്ടനെയും ആ സ്ത്രീയെയും.. “

“ഉവ്വ്… അവൻ രണ്ട് മൂന്നു തവണ കണ്ടു…. അപ്പോളൊന്നും അവൻ ഈ കാര്യം ആരോടും പറഞ്ഞില്ല… ഒരു ദിവസം ചേച്ചിയും അമ്മയും കൂടി സൂപ്പർ മാർകെറ്റിൽ പോയി… അവിടെ നിന്നും ഇറങ്ങിയപ്പോൾ അവർ രണ്ടാളും കൂടി ഫുഡ്‌ കഴിക്കാം എന്നും പറഞ്ഞു ഒരു റെസ്റ്റോറന്റ്ൽ കയറി… അവിടെ വെച്ച് ആണ് രാജീവേട്ടനെ കാണുന്നത്… “

“മ്… അപ്പോൾ പുള്ളികാരൻ ജോലിക്ക് പോലും പോകാതെ അവളുടെ കൂടെ ആണ് അല്ലേ… ആട്ടെ അവൾ എവിടെ ഉള്ളതാണെന്ന് ഒന്ന് കണ്ടുപിടിക്കാൻ നിയ് കാർത്തികിനോട് പറയ്‌…

“അവനോട് ഇന്നലെ രാത്രിയിൽ അച്ഛനും വിളിച്ചു പറഞ്ഞിട്ടുണ്ട്… “

“ലക്ഷ്മി… ഞാൻ നിനക്ക് അന്യൻ ആണോടി…. “കാർ ഓടിക്കുന്നതിനിടയിൽ വൈശാഖൻ ലക്ഷ്മിയെ നോക്കി..

“ങേ… ഇതെന്നാ പെട്ടെന്ന് ഇങ്ങനെ…”

“നീ എന്നോട് എന്താ ഈ കാര്യം മറച്ചു വെച്ചത്.. അതുകൊണ്ട് ഞാൻ ചോദിച്ചത് നിനക്ക് ഞാൻ അന്യൻ ആണോ എന്ന്… “

“സത്യം പറഞ്ഞാൽ ദീപേച്ചി എന്നോട് പറഞ്ഞു ഏട്ടനോട് ഈ കാര്യം പറയരുത്.. രാജീവേട്ടനെ നേരെ ആക്കി എടുത്തോളാം എന്നും ഏട്ടൻ അറിഞ്ഞാൽ ഇനി എങ്ങനെ ആണ് ചേച്ചി ഏട്ടന്റെ മുഖത്തു നോക്കുന്നത് എന്നും ഒക്കെ പറഞ്ഞപ്പോൾ… എനിക്ക് ആണെങ്കിൽ ഏട്ടനോട് മറച്ചു വെച്ചതിൽ ഒരുപാട് വിഷമം ഉണ്ടായിരുന്നു… പക്ഷെ… ചേച്ചി എന്നോട് കരഞ്ഞു പറഞ്ഞപ്പോൾ ഞാൻ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല… അതാണ് ഏട്ടാ…. “

“ഓക്കേ… ഓക്കേ… എനിക്ക് മനസിലാകും..ഞാനും പെട്ടെന്ന് വയലന്റ് ആയി പോയി…അന്ന് തോമാച്ചേട്ടന്റെ മകളുടെ കൊച്ചിനെ കാണുവാൻ പുള്ളികാരനും ആയിട്ട് ഹോസ്പിറ്റലിൽ വന്നതാണ് ഞാൻ.. അവിടെ വെച്ചു ആ പയ്യനെയും നിന്നെയും കൂടി ഒരുമിച്ചു കണ്ടപ്പോൾ എനിക്കു അങ്ങ്… പിന്നേ നീ എന്നോട് കള്ളം കൂടി പറഞ്ഞപ്പോൾ സകല നിയന്ത്രണവും വിട്ടുപോയി… “

“എനിക്കു ആണെങ്കിൽ എന്താ പറയേണ്ടത് എന്ന് പോലും അറിയില്ലായിരുന്നു…ഏട്ടൻ അത്‌ കണ്ടുപിടിച്ചു എന്ന് അറിഞ്ഞപ്പോൾ ഞാനും പേടിച്ചു പോയി.. പക്ഷെ ഏട്ടൻ അടിക്കുമെന്ന് ഞാൻ കരുതിയില്ല… “

അത്‌ പറയുമ്പോൾ അവൾക്ക് സങ്കടം ആയി…

വൈശാഖൻ മെല്ലെ വണ്ടി ഒതുക്കി…

അവൻ ലക്ഷ്മിയുടെ കൈത്തണ്ടയിൽ മുറുക്കെ പിടിച്ചു…..

” നിന്നെ അടിച്ചതിൽ ഒരുപാട് വിഷമം ഉണ്ട്… അപ്പോൾ അങ്ങനെ സംഭവിച്ചു പോയി… എനിക്കാണെങ്കിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…. നീ എന്നോട് ക്ഷമിക്കണം….. “

അവൻ അത്‌ പറയുമ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

വൈശാഖൻ ആണ് അത്‌ തുടച്ചു മാറ്റിയത്..

“നിന്റെ കാര്യങ്ങൾ എല്ലാം നീ എന്നോട് ആണ് ഷെയർ ചെയേണ്ടത്.. നിന്റെ ഭർത്താവ് അല്ലേ ഞാൻ..ഒരു പെണ്ണിന് അവളുടെ ഭർത്താവ് കഴിഞ്ഞേ ഒള്ളു ഈ ലോകത്തിൽ മറ്റെല്ലാം… . നമ്മൾക്ക് രണ്ടാൾക്കും ഇടയിൽ ഒരു രഹസ്യവും പാടില്ല ലക്ഷ്‌മി…എല്ലാം ഉള്ളിൽ ഒതുക്കി കൊണ്ടുനടക്കുന്ന സ്വഭാവം ആണ് നിന്റേത്.. ഇനി നീ അതെല്ലാം മാറ്റണം… ഞാൻ പറയുന്നത് നിനക്ക് മനസിലാകുന്നുണ്ടോ “

അവൾ ഉണ്ടെന്ന് ശിരസനാക്കി….

“ഇങ്ങോട്ടു നോക്കിക്കേ…. “

അവൻ പറഞ്ഞപ്പോൾ അവൾ മുഖം ഉയർത്തി

.”ഈ സമയത്ത് ഒന്നും അനാവശ്യമായ വേവലാതികൾ ഒന്നും പാടില്ല… നല്ല കുട്ടി ആയിട്ട് നല്ല ചിന്തകളോടെ ഇരിക്കണം..പിന്നെ ദീപേച്ചിയുടെ കാര്യത്തിൽ നമ്മൾക്ക് തീരുമാനം ഉണ്ടാക്കാം അതോർത്തു നീ വിഷമിക്കേണ്ട… .. “

“മ്… “

“എങ്കിൽ നമ്മുക്ക് പോകാം “

അവൻ വണ്ടി സ്റ്റാർട്ട്‌ ആക്കി..

“എന്റെ വൈശാഖേട്ട, എനിക്കു ആണെങ്കിൽ അച്ഛനെയും അമ്മയെയും ഫേസ് ചെയ്യാൻ ഭയങ്കര നാണം ആണ് . “

“എന്തിനു.. അതിനു കല്യാണം കഴിഞ്ഞതിന്റെ പിറ്റേമാസം ഒന്നും അല്ല നിനക്ക് വിശേഷം ഉണ്ടായത്… രണ്ട് വർഷം കഴിഞ്ഞില്ലേ…. ഇനി എപ്പോളാ “

“എന്നാലും… എനിക്കു എന്തോ… “

“എന്ത്… നീ മിണ്ടാതിരിക്കു പെണ്ണേ… അച്ഛന്റെയും അമ്മയുടെയും ഒക്കെ സന്തോഷം അറിയണം എങ്കിൽ നീ അങ്ങോട്ട് വന്നു നോക്ക്… “

“അതൊക്കെ ശരിയാ… “

“എങ്കിൽ നീ അടങ്ങി ഇരുന്നോണം കെട്ടോ… “

****************

“അമ്മേ….. ദേ ഏട്ടത്തി വന്നു . “

ഉണ്ണിമോൾ വിളിച്ചു പറഞ്ഞു.. സുമിത്ര അപ്പോൾ ലക്ഷ്മിക്ക് ഇഷ്ടമുള്ള ഉള്ളിത്തീയൽ ഉണ്ടാക്കുക ആയിരുന്നു…

ശേഖരൻ ആണെങ്കിൽ ബാങ്കിൽ പോകാനായി ഇറങ്ങാൻ തുടങ്ങുക ആയിരുന്നു.. അപ്പോളാണ് അവർ രണ്ടാളും കൂടെ വന്നത് ….

ലക്ഷ്മിക്ക് ആണെങ്കിൽ ചെറിയ ചമ്മൽ ഉണ്ട്.. മുഖം ഒക്കെ ആകെ വല്ലാണ്ടായി…

“കാലത്തേ തന്നെ പോന്നു അല്ലേ മോളേ… “ശേഖരൻ ആണെങ്കിൽ അവൾ ഇറങ്ങി വന്നപ്പോൾ ചോദിച്ചു..

“ഉവ്വ് അച്ഛാ… അച്ഛൻ എവിടെയോ പോകാൻ റെഡി ആയി നിൽക്കുവാണല്ലോ “

“അതേ…. മോളേ… ഞാൻ ബാങ്കിൽ വരെ ഒന്നു പോകുവാ… “അയാൾ കാലൻകുടയുമായി മുറ്റത്തേക്ക് ഇറങ്ങി..

“അച്ഛാ… ഞാൻ കൊണ്ട് വിടാം… വീണേ ആ ബൈക്കിന്റെ ചാവി എടുത്തേടി.. “

“വേണ്ട.. വേണ്ട… നീ ഇപ്പോൾ വന്നതല്ലേ ഒള്ളു.. ഞാൻ പെട്ടന്ന് തന്നെ പോയിട്ട് വരാം.. “

ഉണ്ണിമോളും വീണയും ലക്ഷ്മിയുടെ കൈയിൽ പിടിച്ചു കൊണ്ട് നിൽക്കുക ആണ്..

അപ്പോൾ ആണ് സുമിത്ര അങ്ങോട്ട് വന്നത്..

ലക്ഷ്മി അവരുടെ അടുത്തേക്ക് ചെന്നു..

സുമിത്ര അവളെ കെട്ടിപിടിച്ചു.. അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു..എന്നിട്ട് അവർ പൊട്ടികരഞ്ഞു…

“എന്താ അമ്മേ ഇത്… അമ്മയ്ക്ക് കരയാനും മാത്രം ഇവിടെ എന്താ സംഭവിച്ചത്.. “വീണ അമ്മയെ വഴക്ക് പറഞ്ഞു…..

ശേഖരൻ ആണെങ്കിൽ സുമിത്രയെ നോക്കി പല്ല്ഞെരിച്ചു…

“നീ എന്തിനടി കരയുന്നത്…മോളേ കൂട്ടികൊണ്ട് അകത്തേക്ക് പൊയ്‌ക്കെ “

“അമ്മ ഇങ്ങനെ അല്ലേ അച്ഛാ… സന്തോഷം വന്നാലും സങ്കടം വന്നാലും ന്റെ അമ്മ കരയും… അത്‌ നമ്മൾക്ക് ഒക്കെ അറിയാവുന്നതല്ലേ.. “

വൈശാഖൻ വന്നു അമ്മയെ ചേർത്ത് പിടിച്ചു..

“മോള് വാ… അമ്മയ്ക്ക് ഒരുപാട് സന്തോഷം ആയി കെട്ടോ… നിന്നെ കാണാൻ കൊതിച്ചു ഇരിക്കുവായിരുന്നു ഞാൻ… ” സുമിത്ര കണ്ണുകൾ ഒപ്പിക്കൊണ്ട് പറഞ്ഞു..

“ഓഹ്… ആ പാവം വിജി ചേച്ചിക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞിട്ട് അമ്മയ്ക്കാണെങ്കിൽ ഇതിന്റെ നാലിൽ ഒന്നു സന്തോഷം ഇല്ലായിരുന്നു… “ഉണ്ണിമോൾ അത്‌ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു..

റൂമിലെത്തിയതും വൈശാഖൻ ലക്ഷ്മിയെ വാരിപ്പുണർന്നു… ആദ്യം താൻ അടിച്ച കവിളിൽ ആണ് അവൻ ഉമ്മ വെച്ചത്… അതിനു ശേഷം അവൻ അവളുടെ വയറിൽ തന്റെ അധരങ്ങൾ ആഴത്തിൽ പൂഴ്ത്തി….

ഐ ലവ് യു…. കുഞ്ഞുലക്ഷ്മി….പെട്ടന്ന് വന്നേക്കണം കെട്ടോ അച്ഛെടെ പൊന്ന്… കാണാൻ തിടുക്കം ആയി..

“മതി ഏട്ടാ… എഴുന്നേൽക്കു….ലക്ഷ്‌മി അവന്റെ ചെവിയിൽ തിരുമ്മി..

“കണ്ടോ… അമ്മേടെ കുശുമ്പ് കണ്ടോ… നമ്മൾ രണ്ടാളും സംസാരിക്കുന്നതിന്റെ കുശുമ്പാ ഇവൾക്ക്.. “അവൻ ഒന്നുകൂടി അവളുടെ വയറിൽ ചുംബിച്ചു…

“ന്റെ വൈശാഖേട്ട…. ഇനി മാസങ്ങൾ കിടപ്പുണ്ട് നിങ്ങൾക്ക് രണ്ടാൾക്കും മിണ്ടാനും പറയാനും… ഇപ്പോൾ എനിക്കൊന്നു കിടക്കണം.. “

“നീ പോടീ… ഞാൻ എന്റെ മുത്തിനോടാ മിണ്ടുന്നതു… അതിനു നിനക്കെന്താ… കേട്ടോ കുഞ്ഞുലക്ഷമി… “

“അതേയ്.. ഒന്നു നിർത്തുന്നുണ്ടോ.. ഈ കുഞ്ഞുലക്ഷ്മി എന്നുള്ള വിളി ഒന്നും വേണ്ട…നമ്മൾക്ക് വേറെ എന്തെങ്കിലും ഒരു പേര് കണ്ടു പിടിക്കണം.. “

“അതെന്താ… ഈ പേര് കൊള്ളില്ലെടി… “

“ഇല്ലാ… ഇത് വേണ്ട… വേറെ പേര് മതി… “അവൾ ഉറപ്പിച്ചു..

“ശരി ശരി… എങ്കിൽ വേറെ പേര് കണ്ടുപിടിക്കാം… ഞാൻ ഒന്നു ആലോചിക്കട്ടെ “

“അതേയ്… ഏട്ടാ… ഇത് ആൺകുട്ടി ആണെങ്കിലോ… “

“ആണെങ്കിൽ ഒന്നുല്ല… എനിക്കു സന്തോഷം…പക്ഷേ എനിക്ക് ഉറപ്പാ ലക്ഷ്മി… നിന്റെ വയറ്റിൽ വളരണത് എന്റെ മോള് ആണ്… ഉറപ്പ്.. “

************

അശോകനും ശ്യാമളയും കൂടി 10മണിയോട് കൂടി ദീപയുടെ അടുത്ത് എത്തിയിരുന്നു..

ഇന്നലെ തന്റെ മുൻപിൽ പൊട്ടിക്കരഞ്ഞിരുന്ന മകൾ അല്ല ഇപ്പോൾ ഇരിക്കുനത് എന്ന് അശോകന് തോന്നി..

അവളുടെ സംസാരത്തിലൊക്കെ ഒരു മാറ്റം വന്നിരിക്കുന്നു..

ശ്യാമള കരഞ്ഞപ്പോൾ അവൾ അമ്മയെ ആശ്വസിപ്പിച്ചു..

“അമ്മ എന്തിനാ കരയുന്നത്.. എന്റെ കാര്യം ഓർത്തു ആണോ… ഞാൻ എന്റെ അറിവില്ലായ്മ കൊണ്ട് ഒരു തെറ്റ് കാണിച്ചു… ഈശ്വരൻ ക്ഷമിച്ചത് കൊണ്ട് ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്നു.. “

“എന്നാലും എന്റെ മോളേ… ഒരു നിമിഷം കൊണ്ട് നീ ഇങ്ങനെ ഒക്കെ കാട്ടികൂട്ടിയിട്ടു… ഈശ്വരാ… എന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ… എനിക്കു അത് ഓർക്കാൻ കൂടെ വയ്യാ… “

“അമ്മ ഒന്നു കരച്ചിൽ നിർത്തു… വെറുതെ ബി പി കൂട്ടണ്ട… “

“അച്ഛാ… അച്ഛന് ഷോപ്പിൽ പോകണ്ട ത് അല്ലേ… അച്ഛൻ പോയിട്ട് വന്നാൽ മതി.. “

“മ്.. ഞാൻ പോയ്കോളാം മോളേ.. ഡോക്ടർ വന്നാരുന്നോ, എന്ത് പറഞ്ഞു.. “

“ഡോക്ടർ ഇന്ന് റൗണ്ട്സിനു വന്നില്ല….വരാൻ സമയം ആകുന്നതേ ഒള്ളു… “

“ഭാരതിയമ്മ എങ്കിൽ വീട്ടിൽ പൊയ്ക്കോളൂ… ഞാൻ ഉണ്ടല്ലോ ഇന്ന്… “

“ചിലപ്പോൾ ഡോക്ടർ ഇന്ന് വിടുമായിരിക്കും അച്ഛാ… അങ്ങനെ ആണെങ്കിൽ ഞങ്ങക്ക് രണ്ടാൾക്കും കൂടി പോകാമല്ലോ.. “

“രണ്ടാള്ക്കും കൂടിയോ…. എങ്ങോട്ട്… നീ ഇനി അവിടക്ക് പോകുന്നില്ല… നീ ഞങ്ങളുടെ കൂടെ നിന്നാൽ മതി… “അശോകൻ കടുപ്പിച്ചു പറഞ്ഞു..

“അതൊന്നും ശരിയാകില്ല അച്ഛാ.. ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിൽ ആണ് നിൽക്കേണ്ടത്.. ഇനിയും അവിടെ ഞാൻ നിൽക്കൂ…. “

“നീ എന്തൊക്കെയാണ് മോളെ പറയുന്നത്… നിന്നെ ഞങൾ ഇനി ഒരിടത്തും വിടില്ല….ഞങ്ങൾക്ക് ഒരുപാടു ഒന്നുമില്ല.. നിങ്ങൾ രണ്ടാളും ഒള്ളു… “

“എനിക്ക് അറിയാം അമ്മേ… പക്ഷെ ഒരു തെറ്റ് സംഭവിച്ചത് പോലെ ഇനി എനിക്കു ഒന്നും സംഭവിക്കില്ല… ഞാൻ അച്ഛനും അമ്മയ്ക്കും ആ ഉറപ്പ് തരുന്നു “

അപ്പോളേക്കും ഡോക്ടർ വന്നു.. അയാൾ ഡിസ്ചാർജ് ഷീറ്റ് ഒപ്പിട്ട് ഒരു സിസ്റ്ററിന്റെ കൈയിൽ കൊടുത്തു..

“ഇന്ന് പോകാം കെട്ടോ… കുറച്ചു ദിവസം റസ്റ്റ്‌ എടുക്കണം… എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വന്നമതി… “അതും പറഞ്ഞു കൊണ്ട് അയാൾ പോയി .

“ദീപേ നിന്റെ തീരുമാനത്തിൽ മാറ്റം ഒന്നും ഇല്ലാലോ അല്ലേ… “

“ഇല്ല അച്ഛാ… അച്ഛൻ ഞങ്ങളെ രണ്ടാളെയുംകുടി വീട്ടിൽ വരെ ഒന്നു കൊണ്ടുപോയി വിട്ടാൽ മാത്രം മതി.. “

എന്തോക്കെയോ തീരുമാനങ്ങൾ മകൾക്ക് ഉള്ളത് പോലെ അയാൾക്ക് തോന്നി….

പിന്നീട് അവളോട് ഒന്നും അവരാരും അതിനെക്കുറിച്ച് സംസാരിച്ചില്ല…

എന്നാലും ശ്യാമളക്ക് ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നു..

രാജീവന്റെ വീട്ടിൽ ചെന്നപ്പോൾ അവനോ അവന്റെ അച്ഛനോ അവിടെ ഇല്ലായിരുന്നു…

“എന്റെ മകളെ ഞാൻ ഭാരതിയമ്മയെ ഏൽപ്പിക്കുക ആണ്… അവൾക്കൊന്നും വരാതെ നോക്കിക്കോണം… “ഇറങ്ങാൻ നേരം ശ്യാമള രാജീവന്റെ അമ്മയുടെ കയ്യിൽ പിടിച്ചു കരഞ്ഞു…

അങ്ങനെ മകളെ അവളുടെ ഭതൃഗ്രഹത്തിൽ കൊണ്ട് വിട്ടിട്ട് അശോകനും ശ്യാമളയും മടങ്ങി പോന്നു..

ദീപ തങ്ങളുടെ മുറിയിലേക്ക് കയറി വന്നു..

നാല് ദിവസം കൊണ്ട് മുറി ആകെ മാറിയിരിക്കുന്നു…. രാജീവന്റെ മുഴിഞ്ഞ തുണികൾ എല്ലാം ആകെ വലിച്ചു വാരി ഇട്ടിരിക്കുക ആണ്… ഒഴിഞ്ഞ മ ദ്യകുപ്പികളും ഒന്നു രണ്ട് ഗ്ലാസുകളും മേശമേൽ ഇരിപ്പുണ്ട്… ദീപയ്ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി…

അടുത്ത വീട്ടിലെ ഒരു ചേച്ചിയെ അമ്മ സഹായത്തിനു വിളിച്ചിട്ടുണ്ടായിരുന്നു….

അവർ വന്നു എല്ലാം അടിച്ചുവാരി വെടിപ്പാക്കി ഇട്ടു.

മുഷിഞ്ഞ തുണികൾ എല്ലാം അവർ എടുത്തു കൊണ്ടുപോയി വാഷിംഗ്‌ മെഷീനിൽ ഇട്ടു…

അവരും ഭാരതിയമ്മയും കൂടി ചോറും കറികളും എല്ലാം ഉണ്ടാക്കി വെച്ചു..

വൈകിട്ട് ആയി രാജീവന്റെ അച്ചൻ വന്നപ്പോൾ….

“ആഹ്….സുഖവാസം ഒക്കെ കഴിഞ്ഞു എപ്പോൾ വന്നെടി നീയും നിന്റെ മോളും… “

“നിങ്ങൾ പരിഹസിക്കേണ്ട…. ആ പാവം ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഒന്നു വിളിച്ചു അന്വഷിച്ചോ…”

“അയ്യോ… എനിക്കു അത്രക്ക് സൂക്കേട് ഇല്ലായിരുന്നു…. നീ അവളെ തിരുവാഭരണം കാക്കുന്നത് പോലെ അല്ലേ കൊണ്ട് നടക്കുന്നത്.. അത്‌ മതി.. “

അയാൾ മുറിയ്ക്ക് അകത്തേക്ക് കയറി പോയി..

രാജീവൻ വരുന്ന സമയം കൃത്യമായി പറയാൻ പറ്റില്ല….ഓരോ ദിവസവും ഓരോ സമയം ആണ് .

ദീപ കട്ടിലിൽ ചെരിഞ്ഞു കിടക്കുക ആണ്…

കുറച്ചു കഴിഞ്ഞതും അവന്റെ കാർ വന്നു മുറ്റത്തു നിന്നു..

ദീപ കട്ടിലിൽ നിന്നും ചാടി എഴുനേറ്റു.. അവളുടെ നെഞ്ചിടിപ്പിന്റെ വേഗം കൂടി…തൊണ്ടവരളുന്നത് പോലെ അവൾക്ക് തോന്നി..

രാജീവൻ മുറിയിലേക്ക് കയറി വന്നു..

ദീപയെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിരിഞ്ഞു..

അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു..

“ആഹ്… നീ ചത്തില്ലെടി… കാലന് പോലും വേണ്ടേ നിന്നെ… “

ദീപ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു..

“നിക്കുന്ന നിൽപ്പ് കണ്ടില്ലേ.ഒരു ഉളുപ്പും ഇല്ലാതെ .. ഞാൻ ഓർത്തു നീ തൊലഞ്ഞു പോകുമെന്ന്… “

അവൾ അതിനൊന്നും മറുപടി പറഞ്ഞില്ല…

“എന്തായാലും നീ വന്നത് നന്നായി… എനിക്കു നിന്നോട് കുറച്ചു കാര്യങ്ങൾ ഒക്കെ പറയാനുണ്ട്…” അവൻ ബലമായി അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി..

“ഞാൻ എന്റെ ഇഷ്ടത്തിന് ജീവിക്കും… ആരുടെ കൂടെ വേണമെങ്കിലും പോകും…ആരും എന്നെ തടയാൻ നിക്കേണ്ട..എന്നെ നന്നാക്കാനും ശ്രമിക്കേണ്ട . എന്റെ വഴിയിൽ തടസമായി ആരു നിന്നാലും അവരെ ഞാൻ എന്ത് ചെയ്യാനും മടിക്കത്തില്ല… ഇതിനൊക്കെ സമ്മതം ആണെങ്കിൽ നിനക്ക് എന്റെ വീട്ടിൽ കഴിയാം…”

“നിനക്ക് സമ്മതം ആണോടി… “അവൻ അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി..

അവളുടെ നിറഞ്ഞുതുളുമ്പിയകണ്ണുകൾ അവൻ കണ്ടില്ലെന്ന് നടിച്ചു..

“പറയെടി… ഇല്ലെങ്കിൽ നിനക്ക് ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങാം… ‘

“എനിക്ക്… സമ്മതം ആണ്…. നിങ്ങളുടെ കൂടെ മാത്രമേ ഞാൻ എന്റെ മരണം വരെ ജിവിക്കത്തൊള്ളൂ… “…അവളുടെ ശബ്ദം വിറച്ചു

ഒരു നിമിഷം രാജീവൻ പതറി പോയി…

അവൾ ഇങ്ങനെ പറയുമെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല….

“എടാ…. “വാതിൽക്കൽ നിന്ന് ഭാരതിയമ്മ വിളിച്ചപ്പോൾ രാജീവൻ തിരിഞ്ഞു നോക്കി…

“ചത്തോന്നു പോലും നീ ഒന്നു വിളിച്ചു ചോദിച്ചോടാ…. നീ താലി കെട്ടിക്കൊണ്ട് വന്നതല്ലേടാ… നിന്റെ കൂടെ കഴിയാൻ തുടങ്ങിയിട്ട് നാല് കൊല്ലം ആയില്ലേടാ… എന്നിട്ട് പോലും നീ ഒന്നു തിരിഞ്ഞു നോക്കിയൊട… നീ എന്റെ വയറ്റിൽ ജന്മം കൊണ്ടല്ലോടാ…” അവർ കരഞ്ഞു..

“അമ്മേ… ഞാൻ…ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല അമ്മേ… “

“മിണ്ടരുത്.. ഒരക്ഷരം പോലും മിണ്ടിപോകരുത്… നീ ഇത്രക്ക് തരംതാഴ്ന്നു പോയല്ലോ മോനേ… “

രാജീവൻ ഒന്നും മിണ്ടാതെ നിൽക്കുക ആണ് ..

“ഞാൻ ഒരു കാര്യം പറയാം…..ഇനി ഇവൾക്ക് ഒരു പോറൽ പോലും ഏൽക്കാൻ ഞാൻ സമ്മതിക്കില്ല.. നീ ഇവളെ തൊട്ടെന്ന് അറിഞ്ഞാൽ പിന്നെ നീ ജയിലിൽ ആയിരിക്കും.. ഞാൻ ആരാണെന്ന് നീ അറിയാൻ പോകുന്നതേ ഒള്ളു… “

“അമ്മ വെറുതെ ആവശ്യം ഇല്ലാതെ സംസാരിക്കേണ്ട… “

“അവശ്യമില്ലാതെ ഒന്നും ഞാൻ സംസാരിക്കുന്നില്ല… അത്‌ നിനക്ക് നന്നായി അറിയാമല്ലോ… “

അവർ വന്നു ദീപയുടെ കയ്യിൽ പിടിച്ചു…

” നിന്നോട് ഞാൻ കാല് പിടിച്ചു പറഞ്ഞതല്ലേ മോളേ ഇങ്ങോട്ട് വരണ്ടാന്നു… ഇനിയും വൈകിയിട്ടില്ല… നീ പൊയ്ക്കോ… “

ഭാരതീയാമ്മ ആവർത്തിച്ച് പറഞ്ഞിട്ടും ദീപ അവിടെന്നു പോകാൻ കൂട്ടാക്കിയില്ല..

രാജീവൻ അവളെ നോക്കി…

അവൾ രണ്ടും കല്പ്പിച്ചു വന്നിരിക്കുക ആണെന്ന് അവനു തോന്നി…

***********

“ലക്ഷ്മി….. നിന്നെ അമ്മ വിളിക്കുന്നുണ്ട്… “വൈശാഖൻ പറഞ്ഞപ്പോൾ വായിച്ചു പഠിച്ചു കൊണ്ട് ഇരുന്ന ലക്ഷ്‌മി വേഗം എഴുനേറ്റു ..

“എടി ഇങ്ങനെ ചാടി എഴുനേൽക്കാതെ.. ഒരു മയത്തിൽ ഒക്കെ വേണം കെട്ടോ.. “

“ഓഹ്.. ഞാൻ അത്‌ മറന്നു “

അവൾ പുറത്തേക്ക് ഇറങ്ങി പോയി

നല്ല മണം വരുന്നുണ്ടല്ലോ എന്ന് അവൾ ഓർത്തു…

“എന്താമ്മേ…. എന്നെ വിളിച്ചോ “

“ആഹ് മോളേ… ഇങ്ങോട്ട് വന്നേ…ഇതൊന്ന് നോക്കിക്കേ… “

അവർ ഉണ്ണിയപ്പം ഉണ്ടാക്കുക ആയിരുന്നു…

അവൾ ഒരെണ്ണം എടുത്തു ഒന്നു രുചിച്ചു നോക്കി..

“സൂപ്പർ ആണ് അമ്മേ… അമ്മ എന്ത് ഉണ്ടാക്കിയാലും എനിക്കു ഇഷ്ടമാ…”

“ഓഹ്… മരുമകളുടെ സർട്ടിഫിക്കേറ്റ് കിട്ടിയല്ലോ. പിന്നെന്ത്‌ വേണം… “

വൈശാഖൻ അമ്മയെ നോക്കി പറഞ്ഞു..

“ഈ ഏട്ടന് കുശുമ്പ് ആണേ.. അതാ ഇങ്ങനെ ഒക്കെ പറയുന്നത്.. “

“ഓഹ് പിന്നെ.. എനിക്ക് എന്തിനടി കുശുമ്പ്…”

“ഏട്ടനോട്‌ ഉള്ളതിനെകാളും ഇഷ്ട്ടം ഏട്ടത്തിക്ക് അമ്മയോട് ആണ്.. ആ ഒരു കുശുമ്പ് ആണ് ഏട്ടനോട്… കറക്റ്റ് അല്ലേ ഏട്ടത്തി… “

“അതേ.. ഉണ്ണിമോളേ… 100പെർസെന്റ് കറക്റ്റ് ആണ്,,, “ലക്ഷ്മിയും അവളെ പിന്താങ്ങി..

“ഓഹ്.. ഇപ്പോൾ നമ്മൾ ഒറ്റയായി അല്ലേ… ഓക്കേ… എങ്കിൽ ഞാൻ പോയേക്കാം… “

“എടാ മോനേ… ഇതാ രണ്ടെണ്ണം കഴിച്ചിട്ട് പോടാ.. “സുമിത്ര നീട്ടിയ ഉണ്ണിയപ്പവും വാങ്ങി അവൻ വെളിയിലേക്ക് പോയി..

“മോളേ… സന്ധ്യ ആകുന്നതിനു മുൻപ് പോയി കുളിച്ചോ കെട്ടോ… ഇങ്ങനെ ഇരിക്കുമ്പോൾ ആരും സന്ധ്യ കഴിഞ്ഞാൽ കുളിക്കരുതെന്ന പറയുന്നത്.. “

“അങ്ങനെ ഒക്കെ ഉണ്ടോ അമ്മേ… “

ലക്ഷ്മിക്ക് ഇതൊക്കെ ആദ്യമായി കേൾക്കുന്നത് ആയിരുന്നു…

“മ്.. അങ്ങനെ ഒക്കെ ഉണ്ട് മോളേ.. നാളെ കാലത്തേ വൈശാഖനെ കൂട്ടി ദേവിക്ഷേത്രത്തിൽ പോയിട്ട് ഒരു നൂല് ജപിച്ചു കെട്ടണം…പേടിയൊന്നും തട്ടാതെ ഇരിക്കാൻ ആണ്… “

“അമ്മ ആവശ്യം ഇല്ലാതെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കുകയാണ് …. ഏട്ടത്തി പോയി കുളിക്ക്…. “വീണ പറഞ്ഞു..

“നീ ഒന്നു പോടീ മിണ്ടാതെ,,, ഞാൻ പേടിപ്പിച്ചു പറഞ്ഞത് ഒന്നും അല്ല…”

“അമ്മേ എന്നാൽ ഞാൻ പോയി കുളിക്കാം… “ഒരു ഉണ്ണിയപ്പവും കൂടി എടുത്തു വായിലേക്ക് ഇട്ടുകൊണ്ട് ലക്ഷ്മി അടുക്കളയിൽ നിന്ന് ഇറങ്ങി പോയി..

തുടരും…