ഭാര്യ ~ ഭാഗം 13 , എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

രാത്രിയിൽ ഹരീഷിന്റെ നെഞ്ചിൽ തലവച്ചു കിടക്കുമ്പോൾ ദീപ്തി അവനോട് ചോദിച്ചു.

“ദേഷ്യം തോന്നിയിരുന്നോ ഹരിയേട്ടന് എന്നോട്?”

“ദേഷ്യം തോന്നിയിട്ടില്ല കാരണം ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് നീയെനിക്കു നൽകുന്നതെന്നുള്ള പൂർണ ബോധം എനിക്കുണ്ടായിരുന്നു.. പക്ഷേ എന്തൊക്കെ പറഞ്ഞാലും നീ എന്നെ അവഗണിക്കുമ്പോൾ സങ്കടം തോന്നിയിരുന്നു… എന്നാലും സാരമില്ല.. ഇപ്പോൾ എല്ലാം ശരിയായില്ലേ “

ഹരീഷ് അവളെ തന്നോട് കൂടുതൽ ചേർത്തു.. അവന്റെ പ്രണയചുംബനങ്ങൾ ഏറ്റു വാങ്ങുമ്പോൾ ദീപ്തിയുടെ ഹൃദയത്തിലും സന്തോഷം മാത്രമായിരുന്നു..

ശീതളിന്റെയും കിരണിന്റെയും എൻഗേജ്മെന്റ് കഴിഞ്ഞു.. കല്യാണത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. ആ നാട്ടിലുള്ള എല്ലാ പ്രമുഖന്മാരെയും ആ വിവാഹത്തിന് ക്ഷണിച്ചിരുന്നു.. അമ്പാടിയിലെ ആരെയും ശീതൾ ക്ഷണിച്ചിരുന്നില്ല.. തന്റെ സുഹൃത്തുക്കൾ പറഞ്ഞാണ് ശീതളിന്റെ വിവാഹക്കാര്യം ഹരീഷ് അറിയുന്നത്.. അവനെന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി.. അവൻ ദീപ്തിയോടും ശീതളിന്റെ വിവാഹമാണെന്ന് അറിയിച്ചു.. അവൾക്കും സന്തോഷമായിരുന്നു..

അത്യന്തം ആർഭാടമായി ആ വിവാഹം നടന്നു.. ശീതൾ കിരണിന്റെ വീട്ടിൽ വലത് കാല് വച്ചു കയറി..

രാത്രിയിൽ , മണിയറയിൽ കിരണിനെയും പ്രതീക്ഷിച്ചു ശീതൾ കാത്തിരുന്നു.. രാത്രി ഏറെ വൈകിയിട്ടും അവൻ റൂമിലേക്ക് വന്നില്ല.. ഭിത്തിയിലെ ക്ലോക്കിൽ സമയം നോക്കിയപ്പോൾ പന്ത്രണ്ടായി എന്ന് മനസിലായപ്പോൾ ശീതളിന് ദേഷ്യം വന്നു.. കിരൺ ഫ്രണ്ട്സിനോട് സംസാരിച്ചിരിക്കുകയായിരുന്നു.. ശീതൾ അമർഷത്തോടെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..

‘ഫസ്റ്റ് നൈറ്റിൽ ഭാര്യയെ റൂമിൽ തനിച്ചിരുത്തിയിട്ട് ഫ്രണ്ട്സിനോടൊപ്പം ആഘോഷിക്കുന്നു.. എന്തൊരു മനുഷ്യനാണിയാൾ ‘

ശീതളിന് ദേഷ്യം തോന്നി.. വീണ്ടും ഏറെനേരം കാത്തിരുന്നപ്പോൾ നിലത്തുറയ്ക്കാത്ത കാലുകളുമായി കിരൺ ആ റൂമിലേക്ക് കയറി വന്നു.. ശീതളിന്റെ മുഖത്തേക്ക് നോക്കിയിട്ട് ചോദിച്ചു.

“താനിത് വരെ ഉറങ്ങിയില്ലേ?”

“ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റല്ലേ? ഞാൻ ഒറ്റയ്ക്ക് കിടന്നുറങ്ങുന്നത് ശരിയല്ലല്ലോ?”

“ശീതൾ ഇതുപോലെയുള്ള ഫോര്മാലിറ്റിസ് ഒന്നും വേണ്ട.. തനിക്കു ഉറക്കം വരുമ്പോൾ ഉറങ്ങാം.. എനിക്ക് വേണ്ടി ഉറക്കമിളച്ചു ഉണർന്ന് കാത്തിരിക്കുകയൊന്നും വേണ്ട “

ശീതൾ അമ്പരപ്പോടെ അവനെ നോക്കി. അവളുടെ മുഖത്ത് പോലും നോക്കാതെ അവൻ കിടക്കയിലേക്ക് വീണു.. ശീതളിന് അമർഷവും ദേഷ്യവും തോന്നി..ഇയാൾക്കിനി എന്തെങ്കിലും കുഴപ്പമുണ്ടോ അതായിരുന്നു അവളുടെ മനസിലെ ചിന്ത..

അവൾ കിടക്കുന്നില്ലെന്ന് കണ്ടപ്പോൾ കിരൺ തലയുയർത്തി നോക്കിയിട്ട് ചോദിച്ചു.

“താനെന്താ ഉറങ്ങുന്നില്ലേ? ഇങ്ങനെ അവിടെ നിന്ന് നേരം വെളുപ്പിക്കാനാണോ പ്ലാൻ?”

അവൾ ആ ബെഡിന്റെ തലയ്ക്കൽ ഇരുന്നിട്ട് കിരണിന്റെ മുഖത്തേക്ക് നോക്കി….

“എന്താടോ ഉറങ്ങുന്നില്ലേ?”

“കിരണിന് ഈ വിവാഹത്തിന് താല്പര്യം ഇല്ലായിരുന്നോ?”

“താനെന്താ അങ്ങനെ ചോദിച്ചത്?”

“കിരൺ എന്നോട് പെരുമാറുന്ന രീതി കണ്ടിട്ട് ചോദിച്ചതാ “

കിരൺ കിടക്കയിൽ എഴുന്നേറ്റിരുന്നിട്ട് ശീതളിന്റെ മുഖത്തേക്ക് നോക്കി.

“താൻ ഒരുമാതിരി സീരിയൽ നായികമാരെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യരുത്.. പരസ്പരം ഒരു പരിചയവുമില്ലാത്ത രണ്ടു വ്യക്തികളാണ് നമ്മൾ.. ഇന്ന് നമ്മുടെ വിവാഹം കഴിഞ്ഞു എന്നുള്ളത് ശരിയാണ്, പക്ഷേ മാനസികമായി അറിയാനും പൊരുത്തപ്പെടാനും നമുക്ക് കുറച്ച് സമയം വേണം.. അറ്റ്ലീസ്റ്റ് ഒരാഴ്ചത്തെ സമയം.. അത്‌ കഴിഞ്ഞിട്ടു പോരെ ബാക്കിയെല്ലാം? മാനസികമായി ഐക്യം ഇല്ലാതെ ശാരീരികമായി ഒന്ന് ചേർന്നിട്ട് കാര്യമില്ലല്ലോ?”

ശീതളിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ കിരൺ ഉറങ്ങി.. അവന് വല്ലാത്തൊരു സ്വഭാവമാണെന്ന് ശീതളിന് തോന്നി..

ദിവസങ്ങൾ കടന്ന് പോയി.. ശീതൾ സ്നേഹത്തോടെ കിരണിനോട് പെരുമാറി.. അവളെ മനസിലാക്കിയെന്ന് തോന്നിയപ്പോൾ കിരൺ അവളെ നെഞ്ചോട് ചേർത്ത് നിർത്തി.. എല്ലാ അർത്ഥത്തിലും അവർ ഭാര്യാഭർത്താക്കന്മാരായി ജീവിക്കാൻ തുടങ്ങി..

കിരണിന്റെ വീട്ടിൽ ശീതളിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.. അതുകൊണ്ട് അവൾ തനിക്കു കിട്ടിയ ജീവിതത്തിൽ സന്തോഷിച്ചു..

മൂന്ന് മാസങ്ങൾ കടന്ന് പോയി.. ഒരു രാത്രിയിൽ കിരൺ ശീതളിനോട് പറഞ്ഞു..

“ശീതൾ.. മുംബൈ ഉള്ള ഒരു കമ്പനിയുടെ ടെൻഡർ നമുക്ക് കിട്ടിയിട്ടുണ്ട്..കോടികളുടെ പ്രൊജക്റ്റ്‌ ആണ്.. പക്ഷേ ഇത്രയും തുകയൊന്നും മുടക്കാനുള്ള ആസ്തി നമ്മുടെ കമ്പനിക്കില്ല.. “

“എങ്കിൽ പിന്നെ ആ പ്രൊജക്റ്റ്‌ വേണ്ടെന്ന് വച്ചാൽ പോരേ?”

“ഇല്ല ശീതൾ.. ആ പ്രൊജക്റ്റ്‌ നമുക്ക് കിട്ടിയാൽ നമുക്ക് കോടികളുടെ ലാഭം കിട്ടും “

“പക്ഷേ അതിനുള്ള പണം നമ്മുടെ കമ്പനിയിൽ ഇല്ലെന്ന് കിരൺ തന്നെയല്ലേ പറഞ്ഞത്? എങ്കിൽ ഒരു കാര്യം ചെയ്യൂ.. എന്തെങ്കിലും ലോൺ നോക്കിയാലോ?”

“ആൾറെഡി നമ്മുടെ കമ്പനിയുടെ പേരിൽ ലോണുണ്ട് അതുകൊണ്ട് ഇനിയും ലോണെടുക്കാൻ പറ്റില്ല “

“കമ്പനിയ്ക്ക് ലോൺ ഉണ്ടെന്നോ? അതൊന്നും കിരൺ നേരത്തെ എന്നോട് പറഞ്ഞിട്ടില്ലല്ലോ?”

“അതിന് ബിസിനസ് കാര്യങ്ങളൊന്നും നമ്മൾ സംസാരിക്കില്ലായിരുന്നില്ലല്ലോ ശീതൾ.. ആദ്യമായിട്ടല്ലേ ബിസിനസിന്റെ ഒരു കാര്യം ഞാൻ നിന്നോട് പറയുന്നത്?”

“ഇപ്പോൾ എന്നോട് പറഞ്ഞിട്ടെന്താ കാര്യം? ഇത്രയും വല്യ തുകയൊന്നും തന്നു സഹായിക്കാൻ എനിക്ക് പറ്റില്ലല്ലോ.. അച്ഛനോട് ചോദിച്ചാലും കിട്ടാൻ സാധ്യതയില്ല .. “

“ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് ശീതൾ ഈ പ്രൊജക്റ്റ്‌?”

“എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ കിരൺ.. നിങ്ങൾക്ക് പറ്റാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇപ്പോൾ നിങ്ങൾ സംസാരിക്കുന്നത്.. ഇത്രയും വല്യ തുകയൊന്നും കടമായി തരാനും മാത്രം വല്യ കോടീശ്വരൻമാരൊന്നും എന്റെ സുഹൃത്തുക്കളായിട്ടില്ല.. അതുകൊണ്ട് ഈ പ്രൊജക്റ്റ്‌ വേണ്ടെന്ന് വയ്ക്കാനേ ഞാൻ പറയുള്ളൂ”

“തനിക്ക് … തനിക്ക് തന്റെ അച്ഛനോടൊന്ന് ചോദിച്ചു നോക്കാമോ എന്നെയൊന്നു സഹായിക്കാമോ?”

“ഓഹോ.. അതിന് വേണ്ടിയാണോ ഈ വളഞ്ഞു മൂക്കിൽ പിടിച്ചു കൊണ്ടിരുന്നത്.. ഇത്രയും വല്യ തുകയൊന്നും എന്റെ അച്ഛന്റെ കയ്യിലുണ്ടാകില്ല.. അല്ലെങ്കിൽ തന്നെ ചുമക്കാൻ കഴിയുന്നതിലും വല്യ ഭാരമൊന്നും എന്റെ അച്ഛൻ തോളിലെടുത്തു വയ്ക്കാറില്ല.. വല്യ കോടീശ്വരൻമാരാണെന്ന് കരുതിയാണ് എന്റെ അച്ഛൻ നിങ്ങളുടെ വീട്ടിലേക്ക് എന്നെ വിവാഹം ചെയ്തയച്ചത്.. അതുകൊണ്ട് തന്നെ സ്ത്രീധനമായി നിങ്ങളൊന്നും ചോദിച്ചില്ലായിരുന്നെങ്കിൽ പോലും എന്റെ അച്ഛൻ നല്ലൊരു തുക നിങ്ങൾക്ക് തന്നില്ലേ.. അതെല്ലാം ബിസിനസ് ആവശ്യത്തിനെന്നും പറഞ്ഞ് പല തവണയായി ചിലവാക്കിയില്ലേ? നമ്മുടെ കല്യാണം കഴിഞ്ഞിട്ട് വെറും മൂന്ന് മാസം ആയതേയുള്ളൂ.. എന്റെ അച്ഛൻ തന്ന മുഴുവൻ പണവും തീർത്തു.. ഇനിയിപ്പോൾ അച്ഛന്റെ മുന്പിൽ പോയി കൈനീട്ടി നിൽക്കാൻ എനിക്ക് പറ്റില്ല “

“ശീതൾ നിനക്ക് കൂടി പ്രയോജനമുണ്ടാകുന്ന ഒരു കാര്യത്തിന് വേണ്ടിയല്ലേ.. ഞാൻ പറയുന്നത്?”

“എന്ത് പ്രയോജനം ഉണ്ടാകുമെന്നാണ് നിങ്ങൾ പറയുന്നത്? അല്ലെങ്കിൽ തന്നെ ഞാൻ ചെന്ന് ചോദിക്കുമ്പോൾ ഉടനെ തന്നെ എടുത്തു തരാൻ എന്റെ അച്ഛന് പണം അച്ചടിക്കുന്ന മെഷീൻ ഒന്നുമില്ല “

“ശീതൾ നീ ഞാൻ പറയുന്നത് കേൾക്ക്.. നമ്മുടെ കമ്പനിയ്ക്ക് ഇപ്പോൾ തന്നെ കുറച്ച് സാമ്പത്തിക ബാധ്യതകൾ ഉണ്ട്.. അതിൽ നിന്നെല്ലാം കരകയറാൻ ഉള്ള ഗോൾഡൻ ഓപ്പർട്യൂണിറ്റി ആണ് ഈ പ്രൊജക്റ്റ്‌.. അതുകൊണ്ട് ഈ അവസരത്തിൽ ഒരു ശത്രുവിനെ പോലെ പെരുമാറാതെ എന്നെ സഹായിക്കാൻ ശ്രമിക്ക് “

“കല്യാണത്തിന് മുൻപ് ഈ സാമ്പത്തിക ബാധ്യതയുടെ കാര്യമൊന്നും ഞങ്ങളോട് പറഞ്ഞില്ലല്ലോ.. അപ്പോൾ ഈ കാണിക്കുന്ന ആഡംബര ജീവിതമൊക്കെ അഭിനയമായിരുന്നു അല്ലേ.. ഇങ്ങനെ പലരുടെയും കയ്യിൽ നിന്നും കടം വാങ്ങിയാണ് നിങ്ങൾ ഈ ജീവിതം നയിക്കുന്നതെന്ന് ഞാൻ അറിഞ്ഞില്ലല്ലോ “

“ശീതൾ നീ കരുതുന്നത് പോലെ പലരുടെയും കയ്യിൽ നിന്നും കടം വാങ്ങിയിട്ടൊന്നുമില്ല.. നമ്മുടെ കമ്പനിയുടെ പേരിൽ ലോൺ എടുത്തും .. പിന്നേ ഈ വീടും വസ്തുവും ലോൺ വച്ചും ആണ് പുതിയ പ്രൊജക്റ്റിന് വേണ്ടി പണം കണ്ടെത്തിയിരുന്നത്.. പല പ്രൊജക്റ്റിനും പ്രതീക്ഷിച്ച സമയത്ത് പൈസ തിരികെ കിട്ടാഞ്ഞതും കൂടെ നിന്നവരിൽ വിശ്വസ്തനായിരുന്ന ഒരാൾ അപ്രതീക്ഷിതമായി ചതിച്ചതുമൊക്കെയാണ് നമ്മുടെ കമ്പനിയെ പ്രതികൂലമായി ബാധിച്ചത്.. അതിൽ നിന്നൊക്കെ കരകയറാൻ ഈ ഒരൊറ്റ പ്രൊജക്റ്റ്‌ കൊണ്ട് നമുക്ക് സാധിക്കും “

ശീതൾ ഒരു നിമിഷം ചിന്തയോടെ ഇരുന്നു.. താൻ അഹങ്കരിച്ചതെല്ലാം വെറുതെയാണെന്ന് അവൾക്ക് മനസിലായി.. ഏത് നിമിഷവും മുങ്ങി പോയേക്കാവുന്ന ഒരു കപ്പലിലേക്കാണ് താൻ വന്നു കയറിയത് എന്നുള്ള ഓർമ തന്നെ അവളെ നടുക്കി.. ഇനിയിപ്പോൾ താൻ എന്ത് ചെയ്യുമെന്ന് അവൾ ദുഃഖത്തോടെ ഓർത്തു.. ഏറെ നേരത്തെ ചിന്തകൾക്കൊടുവിൽ അവൾ പറഞ്ഞു.

“അച്ഛന്റെ കയ്യിൽ നിന്ന് അത്രയും റെഡി ക്യാഷ് ഒന്നും കിട്ടത്തില്ല.. അച്ഛന്റെ സുഹൃത്തുക്കളോടൊക്കെ സംസാരിച്ചാൽ പോലും ഇത്രയും തുകയൊന്നും കിട്ടില്ല “

“നീ അച്ഛനോട് സംസാരിച്ചതിന് ശേഷം നിങ്ങളുടെ കമ്പനിയുടെ പേരിൽ ഒരു ലോണെടുത്തു തരാമോ എന്ന് ചോദിക്കൂ “

ശീതൾ അമർഷം നിയന്ത്രിച്ചു കൊണ്ട് അവനോട് ചോദിച്ചു.

“കിരൺ.. ഇപ്പോൾ നിങ്ങളുടെ കമ്പനിയും എല്ലാം പണയത്തിലല്ലേ.. അതും പോരാഞ്ഞിട്ട് എന്റെ അച്ഛനെ കൂടെ പെരുവഴിയിൽ ആക്കാനാണോ?”

“ശീതൾ ഞാൻ പറഞ്ഞില്ലേ.. ഈ പ്രൊജക്റ്റ്‌.. നമുക്ക് പിടിച്ചു കയറാൻ കിട്ടിയ കച്ചിതുരുമ്പാണ്.. ഇത് എനിക്ക് വിട്ടുകളയാൻ പറ്റില്ല “

ശീതളിന് എന്ത് മറുപടി പറയണമെന്ന് തീർച്ചയില്ലായിരുന്നു.. ഈ സാഹചര്യത്തിൽ കിരണിനെ താൻ സഹായിച്ചില്ലെങ്കിൽ ഒരുപക്ഷേ ഈ കമ്പനിയും വീടുമൊക്കെ നഷ്ടപെട്ടേക്കുമെന്ന് തോന്നി.. ആ ഓർമ പോലും അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..

ശീതൾ ജയദേവനോട് എല്ലാകാര്യങ്ങളും പറഞ്ഞു.. അയാൾ ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാൻ മറ്റു വഴികളൊന്നുമില്ലെന്ന് മനസിലായപ്പോൾ തന്റെ കമ്പനിയുടെ പേരിൽ ലോണെടുത്തു കിരണിനെ സഹായിക്കാമെന്ന് സമ്മതിച്ചു.. ലോണിന് വേണ്ടിയുള്ള പേപ്പറിൽ ഒപ്പിടുമ്പോൾ അയാളുടെ കൈ വിറച്ചു.. തന്റെ ആകെയുള്ള സമ്പാദ്യമാണ് ആ കമ്പനി.. മറ്റൊരാളോട് ചതി കാണിച്ചാണ് താൻ ഈ കമ്പനി തുടങ്ങിയതെന്നുള്ളത് സത്യമാണ് എന്നിരുന്നാലും ഈ കമ്പനി ആയിരുന്നു തന്റെ ജീവിതത്തിൽ ഉയർച്ച കൊണ്ട് വന്നത്.. തന്നെ നാലാൾ അറിയുന്ന ജയദേവൻ ആക്കിയത് ഈ കമ്പനിയാണ്.. ഇത് തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ പോകുകയാണെന്ന് തന്റെ മനസിലിരുന്ന് ആരോ പറയുന്നത് പോലെ തോന്നുന്നു…

റെയിൻബോ കൺസ്ട്രക്ഷൻസ് ആ പുതിയ പ്രൊജക്റ്റ്‌ ഏറ്റെടുത്തു..അന്ന് കിരൺ ഏറെ സന്തോഷത്തോടെയാണ് ശീതളിന്റെ അടുത്തെത്തിയത്.. പക്ഷേ അവന്റെ സന്തോഷത്തിൽ ആത്മാർത്ഥമായി പങ്ക് ചേരാൻ എന്തുകൊണ്ടോ ശീതളിന് കഴിഞ്ഞില്ല.. അവൾ സന്തോഷം അഭിനയിച്ചു നിന്നു.

ദിവസങ്ങൾ പിന്നെയും കടന്ന് പോയി.. അന്ന് ഓഫീസിൽ മടങ്ങി വരുമ്പോൾ ദീപ്തിയുടെ മുഖത്ത് പതിവില്ലാത്ത സന്തോഷം ഉണ്ടെന്ന് ഹരീഷ് ശ്രദ്ധിച്ചു.. അവനെ കണ്ടതും അവളുടെ മുഖം കുങ്കുമം വിതറിയത് പോലെ ചുമന്നു.. അവൻ റൂമിലേക്ക് പോയതും പിന്നാലെ ഒരു ഗ്ലാസ്‌ ചായയുമായി ദീപ്തി ചെന്നു.. ചായ അവന്റെ നേർക്ക് നീട്ടിയിട്ട് ദീപ്തി പെട്ടന്ന് തന്നെ ഡോർ ക്ലോസ് ചെയ്തു..
ഹരീഷ് അവളുടെ നേർക്ക് ചെന്നിട്ട് ചോദിച്ചു.

“എന്താ എന്റെ ഭാര്യയുടെ മുഖത്ത് ഒരു കള്ളനാണം?”

ദീപ്തി മേശവലിപ്പ് തുറന്ന് ഒരു കടലാസെടുത്തു അവന്റെ നേർക്ക് നീട്ടി.. അവൻ തെല്ലൊരു സംശയത്തോടെ അത്‌ വാങ്ങി തുറന്നു നോക്കി.. ദീപ്തി ഹരീഷ്.. പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ്.. അത്‌ കണ്ടപ്പോൾ അവനതിയായ സന്തോഷം തോന്നി.. ആ റിപ്പോർട്ടിലേക്കും അവളുടെ മുഖത്തേക്കും അവൻ മാറിമാറി നോക്കി.. അവളുടെ കണ്ണുകളിൽ രണ്ടു നക്ഷത്രകുഞ്ഞുങ്ങൾ തിളങ്ങുന്നുണ്ടെന്ന് ഹരീഷിന് തോന്നി.. അവളെ നെഞ്ചോട് ചേർത്ത് നിർത്തി നിറുകയിൽ ചുംബിച്ചു കൊണ്ട് ഹരീഷ് ചോദിച്ചു.

“എപ്പോളാ ഹോസ്പിറ്റലിൽ പോയത്?”

“രാവിലെ അടുക്കളയിൽ നിന്നപ്പോൾ തലകറക്കം പോലെ തോന്നി.. അമ്മയാണ് പറഞ്ഞത്, ഹോസ്പിറ്റലിൽ പോകാമെന്നു.. പിന്നെ ഞാനും അമ്മയും കൂടിയാണ് ഹോസ്പിറ്റലിൽ പോയത് “

“എന്നിട്ട് അമ്മ ഞാൻ വന്നപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ?”

“ഞാൻ ഏട്ടനോട് പറയുമ്പോളുള്ള നമ്മുടെ ആ സന്തോഷപ്രകടനം നഷ്ടപ്പെടുത്തണ്ടെന്ന് അമ്മ കരുതിക്കാണും “

തന്റെ വലത് കരം ദീപ്തിയുടെ ഉദരത്തിൽ ചേർത്ത് വച്ചു കൊണ്ട് ഹരീഷ് പറഞ്ഞു.

“അപ്പോൾ നമ്മുടെ ഇടയിലേക്ക് ഒരു ജൂനിയർ വരാൻ പോവാ.. അല്ലേ?”

“ഉം “

“നീ നിന്റെ വീട്ടിൽ പറഞ്ഞോ ഈ സന്തോഷവാർത്ത?”

“ഇല്ല.. ആദ്യം ഏട്ടനോട് പറയാമെന്നു കരുതി..”

“എങ്കിൽ ഇനി വൈകണ്ട.. വീട്ടിൽ വിളിച്ച് പറയ് “

ദീപ്തി അപ്പോൾ തന്നെ ഗായത്രിയെയും ലളിതയേയും വിളിച്ച് പറഞ്ഞു..അവർക്കെല്ലാവർക്കും അതിയായ സന്തോഷമായിരുന്നു..

മാസങ്ങൾ കടന്ന് പോയി.. ദീപ്തി നാല് മാസം ഗർഭിണിയാണ്.. അവളുടെ ചെക്കപ്പിന് ഹരീഷും അവളും കൂടി പോയിട്ട് തിരികെ വരുമ്പോൾ കാർ പാർക്കിങ് ഏരിയയിലേക്ക് നടക്കുമ്പോൾ ദീപ്തിയുടെ വലത് കരം പിടിച്ചു സൂക്ഷ്മതയോടെ നടന്നു ഹരീഷ്.. കാറിന്റെ ഫ്രണ്ട് ഡോർ അവൾക്ക് വേണ്ടി തുറന്നു കൊടുത്തിട്ട് ഹരീഷ് തിരിയുമ്പോളാണ് തൊട്ടു പിന്നാലെ നിർത്തിയിട്ടിരിക്കുന്ന കാറിലിരുന്ന് ശീതൾ തങ്ങളെ ശ്രദ്ധിക്കുന്നത് അവൻ കണ്ടത്.. പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ലാതെ ഹരീഷ് തന്റെ കാർ ഡ്രൈവ് ചെയ്തു പോയി..

കിരൺ കാർ പാർക്ക് ചെയ്തിട്ട് അക്ഷമയോടെ പറഞ്ഞു..

“ഇങ്ങോട്ടിറങ്ങി വാ ശീതൾ “

“കിരണിന് ഈ ഡോർ ഒന്ന് തുറന്ന് തന്നാലെന്താ?”

“നിന്റെ കയ്യ്ക്ക് പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ലല്ലോ ഡോർ തുറക്കാൻ? “

ദീപ്തിയുടെ കൈ പിടിച്ചു നടന്ന് വരുന്ന ഹരീഷ് ആയിരുന്നു അവളുടെ മനസ്സിൽ.. അവളുടെ ചിന്തകൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.. ഡോർ തുറന്നു പുറത്തു വന്നിട്ട് അത്‌ ശബ്ദത്തോടെ വലിച്ചടച്ചു കൊണ്ട് അവൾ കിരണിനോട് പറഞ്ഞു.

“സ്നേഹമുള്ള ഭർത്താക്കന്മാർ ഭാര്യമാർക്ക് ഡോറൊക്കെ തുറന്നു കൊടുക്കും.. അതിലൊന്നും ഇത്രയും കുറച്ചിൽ വിചാരിക്കേണ്ട ആവശ്യമില്ല “

“ഹും.. അമ്പാടിയിലെ ഹരീഷ് ആയിരിക്കും നീ ഈ പറഞ്ഞ സ്നേഹമുള്ള ഭർത്താവ്.”

കിരണിന്റെ വാക്കുകൾ കേട്ടപ്പോൾ ശീതളിന് തലകറങ്ങുന്നത് പോലെ തോന്നി.. അപ്പോൾ താനും ഹരീഷും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തെപ്പറ്റി കിരണിന് അറിയാമായിരുന്നോ? എന്നിട്ടിത് വരെ തന്നോടിതെപ്പറ്റി ഒന്നും ചോദിച്ചിട്ടില്ലല്ലോ.. അമ്പരപ്പോടെ നിൽക്കുന്ന ശീതളിന്റെ മുഖത്ത് നോക്കി പരിഹാസചിരിയോടെ കിരൺ പറഞ്ഞു.

“നീയും ഹരീഷും തമ്മിലുള്ള പ്രണയബന്ധവും അത്‌ കഴിഞ്ഞിട്ടു നിന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാകാര്യങ്ങളും എനിക്കറിയാമായിരുന്നു.. ഞാൻ ഇതൊന്നും അറിയില്ലെന്ന ഭാവത്തിൽ നടന്നതാണ്.. എന്റെ കമ്പനിയ്ക്ക് അത്രയും കടബാധ്യത ഉണ്ടായപ്പോൾ അതിൽ നിന്നും കരകയറാൻ വേണ്ടിയാണ് ഞാൻ നിന്റെ ആലോചന സ്വീകരിച്ചത്.. പിന്നെ ഞാനൊരു പെർഫെക്ട് ജന്റിൽമാനാണെന്നു നീ കരുതിക്കോട്ടെയെന്ന് കരുതിയാണ് ഞാൻ കുറച്ച് ആറ്റിട്യൂട് ഇട്ട് നിന്റടുത്തു പെരുമാറിയത്.. അതിനർത്ഥം ഞാൻ നല്ലവനാണെന്നല്ല.. നീ നല്ലവളായി അഭിനയിച്ചില്ലേ അതുപോലെ ഞാനും നിന്റെ മുൻപിൽ നല്ലവനായി അഭിനയിക്കുകയായിരുന്നു”

താനിപ്പോൾ താഴെക്ക് വീണേക്കുമെന്ന് ശീതളിന് തോന്നി.. അവൾ ഒരു തളർച്ചയോടെ കാറിൽ ചാരി നിന്നു.. കിരൺ അവളുടെ നേർക്ക് നോക്കി ദാക്ഷിണ്യമില്ലാതെ പറഞ്ഞു.

“അപ്പോയ്ന്റ്മെന്റ് എടുത്ത സമയമായി.. ഇങ്ങോട്ട് വാ “

കിരണിന്റെ പിന്നാലെ നടക്കുമ്പോൾ തന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയും ഈ ഭൂമി തനിക്ക് ചുറ്റും വട്ടം കറങ്ങുന്നത് പോലെയും ശീതളിന് തോന്നി..

തുടരും…