ഭാര്യ ~ ഭാഗം 14 , എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ശീതൾ കണ്ണുതുറക്കുമ്പോൾ എമർജൻസി ഡിപ്പാർട്മെന്റിലെ കിടക്കയിലാണ് താനെന്നു അവൾക്ക് മനസിലായി.. കയ്യിലെ ഞരമ്പിലൂടെ ഫ്ലൂയിഡ് പോയ്കൊണ്ടിരിക്കുന്നു.. തനിക്കെന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് ശീതൾ ചുറ്റും കണ്ണോടിച്ചു.. കട്ടിലിന്റെ തൊട്ടരികിലെ കസേരയിൽ കിരൺ ഇരിപ്പുണ്ടായിരുന്നു… അവന്റെ മുഖത്ത് ദേഷ്യവും അമർഷവും നിഴലിട്ടിട്ടുണ്ടായിരുന്നു..ശീതൾ കണ്ണ് തുറന്നത് കണ്ടതും അമർഷം അടക്കാനാകാതെ അവൻ ചോദിച്ചു.

“നിനക്ക് തല കറങ്ങുന്നുണ്ടെങ്കിൽ വാ തുറന്നു പറഞ്ഞു കൂടായിരുന്നോ.. ഇതിപ്പോൾ പാർക്കിംഗ് ഏരിയയിൽ ബോധം കെട്ട് വീണിട്ട് അവിടുന്ന് പൊക്കിയെടുത്തു കൊണ്ട് വന്നതാ ഇവിടേക്ക് “

“എനിക്ക് തലകറക്കം ഉള്ളത് കൊണ്ടല്ലേ കിരൺ ഡോക്ടറെ കാണാൻ നമ്മൾ അപ്പോയ്ന്റ്മെന്റ് എടുത്തത് തന്നെ?”

“അതിനിപ്പോൾ നീ അവിടെ ബോധം കെട്ട് വീഴുമെന്ന് ഞാൻ സ്വപ്നം കണ്ടോ? അല്ലെങ്കിൽ തന്നെ ബോധം കെട്ട് വീഴാനും മാത്രം അവിടെയെന്താ ഉണ്ടായത്? നിന്റെ പൂർവ്വകാമുകനും ഭാര്യയും സന്തോഷത്തോടെ ജീവിക്കുന്നു എന്നറിഞ്ഞപ്പോൾ ഉണ്ടായ മോഹല്യാസമാണോ?”

“കിരൺ ഒന്ന് പതിയെ പറയ്.. ഇത് ഹോസ്പിറ്റലാണ്.. മറ്റുള്ളവർ ശ്രദ്ധിക്കും”

“ആര് ശ്രദ്ധിച്ചാലും എനിക്കൊരു ചുക്കുമില്ല “

കിരൺ പിന്നെയും എന്തോ പറയാൻ ശ്രമിച്ചപ്പോൾ അവിടേക്ക് സുമുഖയായ ഒരു ലേഡിഡോക്ടർ കടന്ന് വന്നു.. മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ശീതളിന്റെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.

“ശീതൾ.. ഇപ്പോൾ എങ്ങനെ ഉണ്ട്?”

“കുഴപ്പമില്ല ഡോക്ടർ.. “

“എത്ര ദിവസമായി തലകറക്കം തുടങ്ങിയിട്ട്?”

“രണ്ടു ദിവസം.. എന്തെങ്കിലും പ്രശ്നമുണ്ടോ ഡോക്ടർ?”

ശീതളിന്റെ തലമുടിയിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് അവർ പറഞ്ഞു.

“ശീതൾ പ്രെഗ്നന്റ് ആണ് “

സന്തോഷം കൊണ്ട് തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് പോലെ അവൾക്ക് തോന്നി.. അവൾ കിരണിന്റെ മുഖത്തേക്ക് പാളി നോക്കി.. അവന്റെ മുഖത്ത് യാതൊരു സന്തോഷവും ഉണ്ടായിരുന്നില്ല..

തന്റെ കയ്യിലിരുന്ന ലാബ് റിപ്പോർട്ട്‌ ശീതളിന്റെ നേർക്ക് നീട്ടിക്കൊണ്ട് ഡോക്ടർ എന്തൊക്കെയോ പറഞ്ഞു.. ശീതൾ സ്വപ്നത്തിലെന്ന പോലെയാണ് അതൊക്കെ കേട്ടത്..

“ഓക്കേ ശീതൾ.. അപ്പോൾ ഞാൻ കുറച്ച് ടാബ്ലറ്റ്സ് എഴുതാം.. ശീതളിന്റെ ബോഡി കുറച്ച് വീക്കാണ് അതുകൊണ്ട് നല്ല റസ്റ്റ് ആവശ്യമാണ്.. ഈ ഡ്രിപ് കഴിയുമ്പോൾ നിങ്ങൾക്ക് പോകാം.. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഓപിയിൽ നേരിട്ട് വന്നാൽ മതി “

ഡോക്ടർ യാത്ര പറഞ്ഞു പോയതും ശീതൾ അവനോട് ചോദിച്ചു.

“എന്താ കിരണിന്റെ മുഖത്തൊരു സന്തോഷമില്ലാത്തത്?”

“ശീതൾ നമ്മുടെ ഇപ്പോളത്തെ സാഹചര്യം നിനക്ക് നന്നായിട്ടറിയാമല്ലോ..അത്കൊണ്ട് ഇപ്പോൾ ഒരു അച്ഛനാകാൻ മാനസികമായി ഞാൻ ഒട്ടും തയ്യാറെടുത്തിട്ടില്ല “

“കിരൺ എന്തൊക്കെയാണ് ഈ പറയുന്നത്? കല്യാണം കഴിഞ്ഞു വർഷങ്ങളോളം ഒരു കുഞ്ഞിക്കാല് കാണാൻ വേണ്ടി പ്രാർത്ഥനയോടും നേർച്ചകളോടും നടക്കുന്ന ഒരുപാട് ദമ്പതികളുണ്ട്.. അപ്പോൾ ദൈവം നമുക്കൊരു കുഞ്ഞിനെ തന്നപ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത് “

“ശീതൾ ഇപ്പോൾ എന്റെ മനസ്സിൽ ആ പുതിയ പ്രൊജക്റ്റ്‌ അല്ലാതെ മറ്റൊന്നുമില്ല.. പണിയൊക്കെ നന്നായിട്ട് നടക്കുന്ന ഈ അവസരത്തിൽ എന്റെ മുഴുവൻ ശ്രദ്ധയും അവിടെ വേണം “

“അതിന് കിരണല്ലല്ലോ ഞാനല്ലേ പ്രെഗ്നന്റ് ആയത്? അല്ലെങ്കിൽ തന്നെ എന്റെ കാര്യത്തിൽ എന്ത് ശ്രദ്ധയാണ് കിരണിനുള്ളത്.. ഇനിയും അങ്ങനെയൊക്കെ തുടർന്നാൽ മതി.. “

“ശീതൾ ഞാൻ പറയുന്നത് അതൊന്നുമല്ല.. കുറച്ച് കഴിഞ്ഞിട്ടു മതി നമ്മുടെ ജീവിതത്തിൽ പുതിയ ബാധ്യതകളൊക്കെ “

“ഒരു കുഞ്ഞ് ഉണ്ടാകുന്നത് ബാധ്യതയാണോ കിരൺ? ഇങ്ങനെയൊക്കെ ചിന്തിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു? നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഈ കുഞ്ഞിനെ എനിക്ക് വേണം.. “

“നിന്നോടൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല “

കിരൺ പിറുപിറുത്തു അവിടെ നിന്ന് കൊണ്ടിറങ്ങിപ്പോയി.. ശീതൾ കണ്ണടച്ച് കിടന്നു.. ഹരീഷും ദീപ്തിയും അവളുടെ മനസിലേക്ക് ഓടി വന്നു.. ദീപ്തി ഭാഗ്യവതിയാണ് എന്ന് ചിന്തിച്ചപ്പോൾ തന്നെ തന്റെ മനസിന്റെ ഭാരം വർധിച്ചത് പോലെ അവൾക്ക് തോന്നി..

ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിൽ ശീതളും കിരണും മൗനം പാലിച്ചു.. വീട്ടിലെത്തിയതും അവൾ താൻ ഗർഭിണി ആണെന്ന വാർത്ത ജയദേവനെ ഫോൺ ചെയ്തറിയിച്ചു.. അയാൾക്ക് സന്തോഷം തോന്നി.. ആ സന്തോഷം തല്ലിക്കെടുത്തണ്ട എന്ന് കരുതിയത് കൊണ്ട് കിരൺ തന്നോട് പറഞ്ഞതൊന്നും അവൾ അച്ഛനെ അറിയിച്ചില്ല..

ആഴ്ചകൾ കടന്നു പോയി.. ദീപ്തിയുടെ വയർ വലുതാകുകയും കാലിലൊക്കെ നീര് വന്നു തുടങ്ങുകയും ചെയ്തതോടെ അവൾക്ക് പടവുകൾ കയറാനും ഇറങ്ങാനും പ്രയാസം തോന്നിത്തുടങ്ങി.. ഗീതയുടെ നിർദേശപ്രകാരം താഴത്തെ നിലയിലെ ഒരു ബെഡ്റൂമിലേക്ക് ഹരീഷും ദീപ്തിയും മാറി..

രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ദീപ്തി അവനോട് പറഞ്ഞു.

“ബാൽക്കണിയും അവിടത്തെ കാഴ്ചകളും എനിക്ക് മിസ്സ്‌ ചെയ്യുന്നു ഹരിയേട്ടാ “

“ഇത്രയ്ക്കും കാണാൻ വേണ്ടി എന്തായിരുന്നു അവിടെ ഉണ്ടായിരുന്നത്?”

“അത്‌ ഹരിയേട്ടന് സൗന്ദര്യം ആസ്വദിക്കാനുള്ള കഴിവില്ലാത്തത് കൊണ്ട് മനസിലാകാത്തതാണ്.. ആകാശനീലിമയും നക്ഷത്രങ്ങളും നിലാവിൽ കുളിച്ചു കിടക്കുന്ന ഭൂമിയും കാണാൻ എന്ത് ഭംഗിയാണ് “

“കുറേ വർഷങ്ങളായിട്ട് ഞാൻ ആ റൂമിൽ താമസിക്കുകയാണ്.. നീയീ പറഞ്ഞ ഭംഗിയൊന്നും ഞാൻ കണ്ടില്ല.”

“അതാ ഞാൻ പറഞ്ഞത് ഹരിയേട്ടന് സൗന്ദര്യം ആസ്വദിക്കാൻ അറിയില്ലെന്ന്”

ഹരീഷ് പുഞ്ചിരിയോടെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു കൊണ്ട് ചോദിച്ചു.

“ഞാൻ എന്റെ പെണ്ണിന്റെ സൗന്ദര്യം ആസ്വദിക്കുന്നുണ്ടല്ലോ?”

ദീപ്തിയുടെ മുഖത്ത് നാണത്തിൽ കുതിര്‍ന്ന ഒരു പുഞ്ചിരി വിടർന്നു.

കുറച്ച് നേരം എന്തോ ആലോചനയോടെ ഇരുന്നിട്ട് ദീപ്തി പറഞ്ഞു .

“ഹരിയേട്ടാ, എനിക്ക് സീഫുഡ്സ് കഴിക്കാൻ ആഗ്രഹമുണ്ട്”

“ഈ രാത്രിയിലോ?”

“ആഗ്രഹം തോന്നുന്നതിനങ്ങനെ രാത്രിയെന്നോ പകലെന്നോ എന്നൊന്നും ഇല്ലല്ലോ.. പക്ഷേ ഈ രാത്രിയിൽ പോകണ്ട.. നാളെ ഏട്ടൻ ഓഫീസിൽ നിന്ന് കുറച്ചു നേരത്തെ വരാമോ.. എന്നിട്ട് നമുക്ക് പുറത്തു പോകാം “

“ആക്ച്വലി ഓഫീസിൽ ഈയിടെയായി കുറച്ചു ബിസിയാണ്. എന്നാലും എന്റെ പ്രിയതമ ഒരാഗ്രഹം പറഞ്ഞതല്ലേ അതുകൊണ്ട് സാധിപ്പിച്ചു തരാം..”

പിറ്റേന്ന് ഹരീഷ് ഓഫീസിലേക്ക് പോകാൻ റെഡിയാകുമ്പോൾ ഗായത്രി അമ്പാടിയിലേക്ക് വന്നു. അവൾ ദീപ്തിയുടെ അടുത്തെത്തി സ്വകാര്യം പോലെ പറഞ്ഞു.

“എനിക്ക് ചേച്ചിയോടും ഹരിയേട്ടനോടും ഒരു കാര്യം പറയാനുണ്ട് “

അവളെന്താണ് പറയാൻ പോകുന്നതെന്ന് അറിയാമെങ്കിലും ദീപ്തി ആജ്ഞത നടിച്ചു..

“എന്താ മോളെ?”

“ചേച്ചിയ്ക്ക് എന്നോട് ദേഷ്യം തോന്നരുത് “

“മോളെ ഇങ്ങനെ കാടു കയറാതെ എന്താണെന്ന് വച്ചാൽ തുറന്ന് പറയ് “

“എനിക്ക്… ഞാൻ….. ഞാനും….”

അവൾ സംസാരിക്കാൻ വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഹരീഷ് അവളോട് ചോദിച്ചു.

“എന്താണെന്ന് വച്ചാൽ തുറന്ന് പറഞ്ഞോളൂ..”

“എനിക്കൊരാളെ ഇഷ്ടമാണ് ചേച്ചി “

ദീപ്തി ചിരിയോടെ ചോദിച്ചു

“ഇത് പറയാനാണോ നീയിത്രയും പ്രയാസപ്പെട്ടത്?”

“അതല്ല ചേച്ചി.. പുള്ളി ഒരു ക്രിസ്ത്യാനിയാണ് “

ജീവനെക്കുറിച്ചുള്ള കാര്യങ്ങൾ ഗായത്രി അവരോട് ചുരുക്കി പറഞ്ഞു.

ദീപ്തി ഹരീഷിന്റെ മുഖത്തേക്ക് നോക്കി.. ജീവൻ ക്രിസ്ത്യാനിയാണെന്ന് ഹരീഷ് തന്നോട് പറഞ്ഞില്ലല്ലോ എന്നായിരുന്നു അവളുടെ ആ നോട്ടത്തിന്റെ അർത്ഥം. അവൻ ഗായത്രിയുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.

“നമ്മളൊക്കെ ജീവിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ ഗായത്രി.. അതുകൊണ്ട് തന്നെ ഒരു അന്യമതസ്ഥനെ പ്രണയിക്കുന്നതൊന്നും അത്ര വല്യകാര്യമായിട്ട് കരുതണ്ട.. ഒരു വ്യക്തി ഏത് മതത്തിൽ വിശ്വസിക്കുന്നു എന്നതിലല്ല അയാൾ എങ്ങനെ ജീവിക്കുന്നു എന്നതിലാണ് പ്രാധാന്യം.. മറ്റുള്ളവർക്ക് തിന്മ ചെയ്യാതെ ജീവിക്കുന്ന ഒരു മനുഷ്യനായാൽ മാത്രം മതി.”

ദീപ്തിയുടെ മുഖത്ത് എന്തോ ഒരു അനിഷ്ടം പ്രകടമായിരുന്നു.. ഗായത്രി ആശ്വാസത്തോടെ ഹരീഷിന്റെ മുഖത്തേക്ക് നോക്കി.

” ഇപ്പോളാണ് എനിക്ക് സമാധാനമായത്.. ഏട്ടന് എതിർപ്പായിരിക്കുമോ എന്നായിരുന്നു എന്റെ പേടി.. “

“നിന്റെ ഭാവിജീവിതം തിരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യവും നിനക്കുണ്ട് അതിൽ ഞാനോ ദീപ്തിയോ എതിര് പറയേണ്ട കാര്യമില്ല “

“ഏട്ടാ.. എങ്കിൽ അമ്മയോട് ഇക്കാര്യം ഒന്ന് സംസാരിക്കാമോ? “

“ഞാൻ സംസാരിക്കാം അമ്മയോട് “

ഗായത്രിയ്ക്ക് ആശ്വാസം തോന്നി. അവൾ യാത്ര പറഞ്ഞു പോയതും ദീപ്തി ഹരീഷിനോട് നീരസത്തിൽ ചോദിച്ചു.

“ജീവൻ ക്രിസ്ത്യാനിയാണെന്ന് ഏട്ടന് അറിയാമായിരുന്നോ?”

“അറിയാമായിരുന്നു “

“എന്നിട്ടെന്താ അതെന്നോട് പറയാഞ്ഞത്?”

“അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല “

“ഹരിയേട്ടനെന്താ ഉത്തരവാദിത്തം ഇല്ലാത്തത് പോലെ സംസാരിക്കുന്നത്?”

“എന്താ ദീപ്തി നിന്റെ പ്രശ്നം? നിന്റെ അനിയത്തിയുടെ ഭാവി സുരക്ഷിതമായാൽ പോരേ? അതിന് അവളെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ഒരു ഭർത്താവിനെയാണ് അവൾക്ക് വേണ്ടത്.. ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു നീ ഇതിന് തടസം നിൽക്കരുത് “

“എന്നാലും…”

“ഒരെന്നാലുമില്ല.. വൈകിട്ട് നീ റെഡിയായി നിൽക്ക്.. നമുക്ക് നിന്റെ വീട്ടിൽ പോയി അമ്മയോട് സംസാരിക്കാം.. തിരികെ വരുമ്പോൾ പുറത്തു നിന്ന് ഫുഡും കഴിക്കാം “

“ഉം “

ദീപ്തിയുടെ മുഖത്ത് എന്തോ ഒരു ആശങ്ക നിഴലിട്ടിരുന്നു.. ഹരീഷ് അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തികൊണ്ട് പറഞ്ഞു.

“എന്തിനാ പെണ്ണേ നിനക്കിത്ര ചിന്ത? ജീവനോട് ഞാൻ നേരിട്ട് സംസാരിച്ചതല്ലേ? അവൻ നല്ല പയ്യനാണ്.. ഗായത്രിയുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും എനിക്കുറപ്പാണ് “

ഹരീഷ് ഓഫിസിൽ പോയിക്കഴിഞ്ഞപ്പോൾ ദീപ്തി ഗീതയോട് ഗായത്രിയുടെ പ്രണയത്തെപ്പറ്റി പറഞ്ഞു. ഹരീഷിന്റെ അതേ അഭിപ്രായം തന്നെയായിരുന്നു അവർക്കും..

വൈകുന്നേരം ഹരീഷും ദീപ്തിയും ഒരുമിച്ച് ലളിതയെ കാണാനെത്തി.. ഹരീഷ് കാര്യങ്ങളെല്ലാം ലളിതയോട് സംസാരിച്ചു.. ഗായത്രിയുടെ സന്തോഷമായിരുന്നു അവർക്ക് മുഖ്യം അതുകൊണ്ട് തന്നെ പ്രത്യേകിച്ച് എതിർപ്പ് പ്രകടിപ്പിക്കാതെ അവർ സമ്മതിച്ചു..

ദീപ്തിയുടെ വീട്ടിൽ നിന്നും തിരിച്ചു പോകുമ്പോൾ ടൗണിലെ പ്രശസ്തമായ ഒരു ഹോട്ടലിന് മുന്നിൽ ഹരീഷ് കാർ പാർക്ക് ചെയ്തു.. ഹോട്ടലിലേക്കുള്ള പടവുകൾ ദീപ്തി ആയാസപ്പെട്ടു കയറുമ്പോൾ ഹരീഷ് അവളുടെ കൈ പിടിച്ചു അവളോടൊപ്പം മെല്ലെ നടന്നു..

ഓർഡർ ചെയ്ത ഭക്ഷണം മുന്നിലെത്തിയതും ആദ്യമായി ഭക്ഷണം കാണുന്ന കൊച്ചു കുട്ടിയുടെ ആവേശത്തോടെ അവൾ അത്‌ തന്റെ പ്ലേറ്റിലേക്ക് വിളമ്പിയിട്ടു.. അത് കണ്ടതും ഒരു പുഞ്ചിരിയോടെ ഹരീഷ് പറഞ്ഞു.

“ദീപ്തി.. പതിയെ കഴിച്ചാൽ മതി.. ഇതൊന്നും ആരും എടുത്ത് കൊണ്ട് പോകത്തില്ല “

“കളിയാക്കണ്ട കേട്ടോ “

അവൾ ഭക്ഷണം വായിലേക്ക് വച്ചതും അടിവയറ്റിൽ നിന്നും ഉരുണ്ടു കയറുന്നത് പോലെ തോന്നിയതും ഒരുമിച്ചായിരുന്നു.. അവൾ പെട്ടന്ന് തന്നെ വായ് പൊത്തിപ്പിടിച്ചു കൊണ്ട് വാഷിങ് ഏരിയയിലേക്ക് പോയി.. ഹരീഷും അവളുടെ പിന്നാലെ ചെന്നു.. ദീപ്തി ശർദിക്കുന്നത് കണ്ടപ്പോൾ അവൻ അവളുടെ പുറം തടവിക്കൊടുത്തു.. അവൾ ക്ഷീണത്തോടെ പറഞ്ഞു..

“നമുക്ക് തിരിച്ചു പോകാം.. ഏട്ടാ.. എനിക്ക് ഇവിടത്തെ ഫുഡ്‌ വേണ്ട.. എന്തോ ഒരു സ്മെൽ ഉള്ളത് പോലെ തോന്നുന്നു “

“നമ്മുടെ വാവ വയറ്റിൽ കിടക്കുന്നത് കൊണ്ട് നിനക്ക് അങ്ങനെയൊക്കെ തോന്നുന്നതാ ദീപ്തി.. ഇഷ്ടമില്ലെങ്കിൽ കഴിക്കണ്ട.. നമുക്ക് തിരിച്ചു പോകാം “

ദീപ്തി തളർച്ചയോടെ അവന്റെ ദേഹത്തേക്ക് ചാരി.. അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു ..

ആ ഹോട്ടലിൽ മറ്റൊരു ടേബിളിൽ മുഖാമുഖം ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു ജയദേവനും ശീതളും.. ഹരീഷ് ദീപ്തിയെയും കൂട്ടി പുറത്തേക്ക് പോകുന്നത് അവൾ കണ്ടു.. അവൾക്ക് അടക്കാനാകാത്ത അസൂയ തോന്നി.. ഹോസ്പിറ്റലിൽ വച്ചും ഇതുപോലെ ഹോട്ടലിൽ വച്ചും പല തവണ താൻ അവരെ കണ്ടിട്ടുണ്ട്.. അപ്പോളെല്ലാം ഹരീഷ് അവളെ ചേർത്ത് പിടിച്ചിരിക്കുകയാകും.. തന്നെ ചേർത്ത് പിടിക്കേണ്ടവൻ തന്നോടൊപ്പം ചെക്കപ്പിന് ഹോസ്പിറ്റലിലേക്ക് വരാറ് പോലുമില്ല.. ഓർക്കുമ്പോൾ നെഞ്ച് പിടയ്ക്കുന്നത് പോലെ തോന്നി..

ദീപ്തിയെ കാറിലിരുത്തിയിട്ട് ഹരീഷ് തിരികെയെത്തി ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ ബിൽ പേ ചെയ്തു..

വീട്ടിലേക്ക് കാറോടിക്കുമ്പോൾ ഹരീഷ് അവളോട് ചോദിച്ചു.

“ഹോസ്പിറ്റലിൽ പോണോ ദീപ്തി?”

“ഹേയ് ഇതൊക്കെ പ്രെഗ്നൻസിയിൽ സാധാരണമല്ലെ?”

“ഇപ്പോൾ ആറു മാസമായില്ലേ ദീപ്തി.. എന്നിട്ടും ഈ ശർദ്ധി മാറുന്നില്ലല്ലോ?”

“ചിലർക്ക് ഒമ്പതാം മാസം വരെയും കാണുമെന്നാണ് ഡോക്ടർ പറഞ്ഞത്.. “

“നിങ്ങൾ പെണ്ണുങ്ങളെ സമ്മതിക്കണം.. എന്തൊക്കെ സഹിച്ചാണ് ഓരോ സ്ത്രീയും അമ്മയാകുന്നത് “

“അതൊക്കെ സത്യമാണ്.. പക്ഷേ വളർന്നു വരുമ്പോൾ പല മക്കളും അമ്മയേയും അച്ഛനെയും മറന്നു പോകുന്നുണ്ടല്ലോ?”

“അവരും അച്ഛനും അമ്മയുമാകുമ്പോൾ അവർക്ക് മനസിലാകും മാതാപിതാക്കളുടെ വില “

വീടെത്തുന്നത് വരെ അവർ രണ്ടാളും എന്തൊക്കെയോ സംസാരിച്ചു..

ഇതേസമയം,ശീതൾ തന്റെ മുഖത്തെ ഭാവവ്യത്യാസം അച്ഛൻ മനസിലാക്കാതിരിക്കാൻ ശ്രമിച്ചു.. ശീതൾ ഭക്ഷണം കഴിച്ചു തീരുന്നത് വരെ അയാൾ വെയിറ്റ് ചെയ്തു.

“മോൾ കൈ കഴുകിയിട്ട് വാ.. അച്ഛനൊരു കാര്യം പറയാനുണ്ട് “

ശീതൾ ഉത്കണ്ഠയോടെ അയാളുടെ മുഖത്തേക്ക് നോക്കി.

“എന്താ അച്ഛാ?”

“ആദ്യം മോൾ കൈ കഴുകിയിട്ട് വാ…”

ശീതൾ കൈ കഴുകിയിട്ട് വന്നതും നിരാശയോടെ അയാൾ പറഞ്ഞു.

“ഈ വിവാഹം അബദ്ധമായിരുന്നോ എന്നെനിക്കിപ്പോൾ തോന്നുന്നു. മോളെ…”

“എന്താ അച്ഛാ അങ്ങനെ പറയാൻ കാരണം “

“മോളെ.. ബാങ്കിൽ നിന്ന് അത്രയും വല്യ തുക ലോണെടുത്തിട്ട് ഇതുവരെ ഒരുരൂപ പോലും കിരൺ തിരിച്ചടച്ചിട്ടില്ലെന്ന് ബാങ്ക് മാനേജർ എന്നെ വിളിച്ചു പറഞ്ഞു.. “

“അച്ഛാ…”

“മോളിതേപ്പറ്റി ഒന്നും ചോദിക്കാൻ നിൽക്കണ്ട.. ഈ അവസ്ഥയിൽ നീയും അവനുമായിട്ട് ഇനി വഴക്ക് ഒന്നുമുണ്ടാക്കണ്ട “

“ഞാൻ ഒന്നും ചോദിക്കില്ല “

അവൾ ഇടർച്ചയോടെ പറഞ്ഞു..

“ഞാൻ വീട്ടിൽ കൊണ്ടാക്കാം മോളെ.. വാ “

അവൾ ജയദേവനോടൊപ്പം പുറത്തേക്ക് നടന്നു.. അയാൾ തന്റെ കാറിൽ അവളെ വീട്ടിൽ കൊണ്ടാക്കി..

രാത്രിയിൽ കിരൺ വരുന്നതും പ്രതീക്ഷിച്ച് അവൾ അക്ഷമയോടെ കാത്തിരുന്നു.. നിലത്തുറയ്ക്കാത്ത കാലുകളുമായി കിരൺ റൂമിലേക്ക് വന്നു.. ശീതൾ രൂക്ഷമായി അവന്റെ മുഖത്തേക്ക് നോക്കിയിട്ട് ചോദിച്ചു.

“പ്രൊജക്റ്റ്‌ സ്റ്റാർട്ട്‌ ചെയ്തിട്ട് മൂന്ന് മാസമാകാറായില്ലേ… ഇതുവരെ ഒരു മാസം പോലും ബാങ്കിൽ പൈസയടച്ചില്ലല്ലോ “

“എനിക്ക് തോന്നിയില്ല “

“തോന്നിയില്ലെന്നോ? നിങ്ങൾ എന്താ ഈ പറയുന്നത്? എന്റെ അച്ഛന്റെ ആകെയുള്ള സ്വത്താണത്.. എന്നിട്ട് നിങ്ങളെന്താ കുഞ്ഞ് കളിക്കുകയാണോ?”

“നിന്റെ അച്ഛൻ അധ്വാനിച്ചുണ്ടാക്കിയതൊന്നുമല്ലല്ലോ ഏതോ പാവപെട്ടവനെ പറ്റിച്ചുണ്ടാക്കിയതല്ലേ? മകളുടെ കുടുംബജീവിതം ഭദ്രമാക്കാൻ വേണ്ടി സ്വന്തം കമ്പനി നഷ്ടമാക്കേണ്ടി വന്നു.. എന്ന് കരുതിക്കോളാൻ പറയ് “..

ശീതൾ മുഖമടച്ചു അടി കിട്ടിയത് പോലെ നിശബ്ദയായി.. തന്റെ അച്ഛന്റെ കമ്പനി എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന സത്യം അവൾ തിരിച്ചറിഞ്ഞു.. തളർച്ചയോടെ അവൾ ആ ഭിത്തിയിൽ ചാരി നിന്നു…

തുടരും….