അപ്പോഴാണ് അവളെ പഠിപ്പിക്കുന്ന സാറിന്റെ കാര്യം അവൾ എന്നോട് പറയുന്നത്…

Story written by MANJU JAYAKRISHNAN

“ചങ്കിനുള്ളിൽ ഒളിപ്പിച്ച പ്രണയം സ്വന്തം കൂടപ്പിറപ്പ് കൊണ്ടു പോകുന്നതു കണ്ടപ്പോൾ എന്റെ നെഞ്ചോന്നു വിങ്ങി “

അവൾ എന്നേക്കാൾ മൂന്നു വയസ്സു മൂത്തതായിരുന്നു. അവളെ ഭാഗ്യദേവത ആയും എന്നെ മൂതേവി ആയും വീട്ടുകാർ കരുതിപ്പോന്നു

അവൾ ജനിച്ച ശേഷം ആണ് അച്ഛന് ജോലി കിട്ടിയത്, വീട് വച്ചത് . അങ്ങനെ നല്ല കാര്യങ്ങൾ എന്തു സംഭവിച്ചാലും ‘അവളുടെ ഭാഗ്യം ‘ ആയി കരുതിപ്പോന്നു

ഞാൻ ജനിച്ച ശേഷം അച്ഛന് അസുഖം വന്നു., വണ്ടി ആക്‌സിഡന്റ് ആയി .. അങ്ങനെ എന്തു ദൗർഭാഗ്യവും എന്റെ തലയിൽ വച്ചു തന്നു

അവൾ ചെയ്യുന്ന തെറ്റുകൾ ആരുടേയും കണ്ണിൽ പെട്ടില്ല. അവൾ അങ്ങനെ റാണി ആയി വാണു. എന്തു കൊണ്ടോ അവൾക്ക് എന്നോട് പുച്ഛം ആയിരുന്നു. കൂടെ പിറന്നിട്ടും ഒരു സ്നേഹവോ അടുപ്പമോ അവൾ കാണിച്ചില്ല

കുറച്ചു നാളായി അവൾക്ക് ഒടുക്കത്തെ സ്നേഹം…..

“കാള വാല് പൊക്കുന്നതു കണ്ടാൽ നമുക്ക് മനസ്സിലാകുമല്ലോ “

“പണി വരുന്നുണ്ട് അവറാച്ചാ ” ഞാൻ മനസ്സിൽ പറഞ്ഞു

അപ്പോഴാണ് അവളെ പഠിപ്പിക്കുന്ന സാറിന്റെ കാര്യം അവൾ എന്നോട് പറയുന്നത്…

കട്ടി മീശയും ഒത്തപൊക്കവും പിന്നെ നല്ല പുളിങ്കൊമ്പും…….

ഇവൾ പത്തോൻപതാമത്തെ അടവു പ്രയോഗിച്ചിട്ടും പുള്ളി യാതൊരു മൈൻഡും ചെയ്തില്ല

ആളുടെ വീക്നെസ് ആണ് കവിത… ഞാൻ മുറിക്കവിത ഒക്കെ എഴുതും… അവൾക്ക് ഞാനൊരു കവിത എഴുതി കൊടുക്കണം

ബാലചന്ദ്രൻ ചുള്ളിക്കാട് ആരാ എന്ന് ചോദിച്ചാൽ 1983യിലെ നായികയെപ്പോലെ ‘ഞാൻ ഈ ഇംഗ്ലീഷ് പടം ഒന്നും കാണാറില്ല ‘ എന്ന് പറയുന്ന ഐറ്റം ആണ്

‘എടീ നമ്മൾ എന്താ’ എന്നറിഞ്ഞിട്ടുള്ള സ്നേഹം ആണ് യഥാർത്ഥ സ്നേഹം.നുണ പറഞ്ഞു സ്നേഹം പിടിച്ചു വാങ്ങിയിട്ട് എന്തു കാര്യം? അതൊന്നും അവളുടെ തലയിൽ കേറിയില്ല..

എന്തായാലും ‘ചക്ക വീണു മുയൽ ചത്തു ‘…അവൾ പുള്ളിയെ വളച്ചു. അതും എന്റെ കവിതയാൽ

അവളുടെ ആള് എഴുതും എന്നൊക്കെ പറഞ്ഞെങ്കിലും വേറെ ഒന്നും പറഞ്ഞിരുന്നില്ല.

ഒരിക്കൽ ഞാൻ വായിച്ച ബുക്ക്‌ അവൾ തട്ടിപ്പറിച്ചു…

ഇതാ ആള് എന്ന് പറഞ്ഞു ആ ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടി….

ഞാൻ മനസ്സിൽ ഒളിപ്പിച്ച എന്റെ പ്രണയം..

എഴുതാൻ തുടങ്ങിയത് പുള്ളിയുടെ കവിതകൾ വായിച്ചതിൽ പിന്നെയാണ്..ഒന്നു രണ്ടു കത്തുകളിൽ കൂടി കവിതകൾ അയച്ചു കൊടുത്തിരുന്നു…

തിരിച്ചു ഒരു മറുപടിക്കത്തും വന്നു. “ഇനിയും എഴുതുക” എന്ന വാചകം ഞാൻ ഹൃദയത്തിലാണ് സൂക്ഷിച്ചത്

‘മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി ‘ എന്ന അവസ്ഥയിൽ ഞാൻ നിന്നു . ലൈൻ സെറ്റ് ആയപ്പോൾ അവൾ തനിക്കൊണം കാണിച്ചു. എന്നെ മൈൻഡ് ചെയ്തില്ല

കുറച്ചായി അവൾ എന്തോ ഭീകരമായ ആലോചനയിൽ ആയിരുന്നു…വഴിയിൽ കൂടി പോണ പണി ഏണി വച്ചു പിടിക്കുന്ന ടൈപ്പ് ആയതു കൊണ്ട് ഞാൻ പിന്നെയും അവളുടെ ദുഃഖം അന്വേഷിക്കാൻ പോയി

“അവളുടെ മാഷിന് ജോലി സ്ഥിരം അല്ല.വീട്ടിൽ അത്ര നല്ല അവസ്ഥയും അല്ലത്രേ ” അവളു വിചാരിച്ച അത്രയും പുളിങ്കോമ്പ് അല്ല എന്ന് സാരം.

“ഇതിലും നല്ലത് കിട്ടുമായിരിരുന്നു ” എന്ന് കേട്ടപ്പോൾ എനിക്ക് അവൾക്കിട്ടു ഒന്ന് കൊടുക്കാൻ തോന്നി. അല്ലെങ്കിലും

“എറിയാൻ അറിയാവുന്നവന്റെ കയ്യിൽ ഒരു കാരണവശാലും ദൈവം വടി കൊടുക്കില്ലല്ലോ “

ഒരു ദിവസം രാവിലെ അവൾ എന്റെ അടുത്തു വന്നു… അവൾക്ക് മുടിഞ്ഞ കുറ്റബോധം ആണത്രേ.. ‘എന്റെ കഴിവ്’ കൊണ്ടാണല്ലോ അവൾ ഒരു ജീവിതം പടുത്തുയർത്തിയത്…. അവൾ മാഷിനോട് എല്ലാം തുറന്നു പറയാൻ പോകുവാണത്രേ.

അല്ലെങ്കിലും നമ്മൾ ഉൾപ്പെടെ ഉള്ള മനുഷ്യൻമാരുടെ കാര്യം ആണ് ‘നമുക്ക് മാത്രം കാഞ്ഞ ബുദ്ധിയും ബാക്കി ഉള്ളവർ മണ്ടൻമാരും ആണ് ” എന്ന ഒരു മിഥ്യാബോധം.

അവൾക്കിപ്പോൾ അതിൽ നിന്നും ഊരണം. അതു തന്നെ…….

പുറമെ സങ്കടം കാണിച്ചു എങ്കിലും ഉള്ളിൽ എന്തു കൊണ്ടോ ലഡ്ഡു പൊട്ടി.

അവൾ കുമ്പസരിച്ചു എങ്കിലും പുള്ളി വിടാൻ ഭാവം ഇല്ലത്രെ. അടുത്ത ദിവസം പെണ്ണു കാണാൻ വരും എന്നു പറഞ്ഞു. വീട്ടിൽ ഒക്കെ പുള്ളി വിളിച്ചു പറഞ്ഞത്രേ

പിറ്റേ ദിവസം അവർ എത്തി.അവളുടെ മുഖം തെളിഞ്ഞില്ല എങ്കിലും ‘പുട്ടിക്ക്’ ഒട്ടും കുറവില്ലായിരുന്നു. സാറിന്റെ അമ്മ എണീറ്റു വള ഇടാൻ വേണ്ടി ഞങ്ങൾക്കരികിലേക്കു വന്നു

അവൾ കൈ നീട്ടി എങ്കിലും അവർ പിടിച്ച കൈ എന്റെ ആയിരുന്നു. “മോൾക്ക് ഇഷ്ടമാണെന്ന് അറിയാം ” എന്നു പറഞ്ഞു അവർ എന്റെ കയ്യിൽ വളയിട്ടു

അവളുമായുള്ള സംസാരത്തിൽ നിന്നു തന്നെ അവൾക്ക് കവിതയിൽ ഒന്നും ഒരു താല്പര്യമോ വാസനയോ ഇല്ലെന്ന് പുള്ളിക്ക് മനസ്സിലായി…

ക്യാഷ് കണ്ടിട്ടുള്ള ചാട്ടം ആണെന്ന് കൂടി മനസ്സിലായപ്പോൾ പുള്ളി ഇട്ട നമ്പർ ആയിരുന്നു ജോലിയുടെ പ്രശ്നങ്ങളും സാമ്പത്തികവും എല്ലാം…

ഞാൻ എഴുതി അവൾ കാണിച്ച കവിതകളിലൂടെ എന്റെ തീവ്രപ്രണയം പുള്ളിക്ക് മനസ്സിലായിരുന്നു. ഞാൻ പോലും അറിയാതെ എന്നെ മനസ്സിലാക്കുകയും ചെയ്തു

അവളുടെ മുഖത്ത്‌ ‘രക്ഷപെട്ടല്ലോ’ എന്ന ഭാവം ആയിരുന്നു ….. എനിക്കാണേലോ കളഞ്ഞു പോയി എന്ന് വിചാരിച്ച മാണിക്യം തിരികെ കിട്ടിയല്ലോ എന്ന സന്തോഷവും….

വീട്ടുകാരുടെ ഭാഗ്യദേവത ആയില്ലെങ്കിലും ഭാഗ്യത്തിന്റെ ആനുകൂല്യത്തോടെ ഇഷ്ടപ്പെട്ട ചെക്കനെ തന്നെ ഞാൻ സ്വന്തമാക്കി