അവൾ വന്നതിനു ശേഷമാണ് ഞാൻ ശരിക്കും സ്വപ്നം കാണാൻ തുടങ്ങിയത്. ഒത്തിരി സ്വപ്നങ്ങൾ നെയ്തിരുന്നു ഞങ്ങൾ…

മനമറിയുമ്പോൾ

Story written by Aardra

:::::::::::::::::::::::::::::::::::

രമ്യ നീയിങ്ങു വന്നേ, ജോലി കഴിഞ്ഞു വന്നു കേറിയ ഉടനെ രവിയേട്ടൻ എന്നെ വിളിച്ചു.

എന്തോ അത്യാവശ്യ കാര്യമാണ്, ഇല്ലെങ്കിൽ ഫ്രഷ് ആവാതെ സംസാരം ഉണ്ടാകാറില്ല.

എന്താണെന്ന ആകാംക്ഷയിൽ ഞാൻ ഡൈനിംഗ് റൂമിലേക്ക് ചെന്നു.

എന്നെ കണ്ടതും പുള്ളി ഓടി വന്നു ഒരു കസേരയിൽ പിടിച്ചിരുത്തി പുള്ളിയും അടുത്ത് ഒരു കസേരയിൽ ഇരുന്നു.

രവിയേട്ടൻ പറഞ്ഞു തുടങ്ങി, ഇന്ന് ഒരു സംഭവം ഉണ്ടായി.

എന്താണെന്ന അർത്ഥത്തിൽ ഞാൻ ഏട്ടനെ നോക്കി.

ഇന്ന് ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ മീരയുടെ കോൾ വന്നു.

ഏതു മീര എന്ന് ഞാൻ ആലോചിക്കുന്നത് കണ്ടപ്പോൾ പുള്ളി പറഞ്ഞു എടീ എൻറെ പഴയ കാമുകി.

ങേ അവളോ? അവൾ എന്തിനാ നിങ്ങളെ വിളിച്ചത് ?

എൻറെ ചോദ്യത്തിന്റെ ടോൺ മാറി.

അവൾക്ക് എന്നെ ഒന്ന് കാണണമെന്ന്, എന്തോ പേഴ്സണൽ കാര്യം പറയാനാണെന്ന്.

അത് ശരി ഏതോ ദുബായ്ക്കാരനെ കണ്ടപ്പോൾ എന്നെ ചേട്ടൻ ഒരു നല്ല ഫ്രണ്ട് ആയി കാണണം എന്നും പറഞ്ഞ് ഒഴിഞ്ഞു പോയവളല്ലേ , ഇനി എന്ത് പേഴ്സണൽ കാര്യമാണോ അവൾക്ക് പറയാനുള്ളത് ?

ആവോ, ഞാൻ പോണോ അതോ പോവണ്ടേ? നീ പറ.

നിങ്ങൾ ഇഷ്ടംപോലെ ചെയ്തോ.

എന്തായാലും പോയി നോക്കാം. നാളെ ഹാഫ് ഡേ ലീവ് പറയാം. ഞാൻ കുളിച്ച് ഫ്രഷായി വരാം അപ്പോഴേക്കും ചായ എടുത്തു വെക്കാൻ പറഞ്ഞു രവിയേട്ടൻ അകത്തേക്ക് പോയി.

ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ രവിയേട്ടൻ എന്തോ കാര്യമായി ആലോചിക്കുന്നത് കണ്ടു.ഞാൻ നോക്കുന്നത് കണ്ട് ചേട്ടൻ പറഞ്ഞു തുടങ്ങി, എനിക്ക് ജീവനായിരുന്നു അവൾ. അവൾ വന്നതിനു ശേഷമാണ് ഞാൻ ശരിക്കും സ്വപ്നം കാണാൻ തുടങ്ങിയത്. ഒത്തിരി സ്വപ്നങ്ങൾ നെയ്തിരുന്നു ഞങ്ങൾ. ഞങ്ങളല്ല ഞാൻ . വീണ്ടും കാണണമെന്ന് പറഞ്ഞപ്പോൾ പഴയതൊക്കെ ഓർമ്മ വന്നു.

കണ്ണുരുട്ടി ഞാൻ നോക്കുന്നത് കണ്ടപ്പോൾ പുള്ളി വാചകം നിർത്തി വീണ്ടും ചായകുടി തുടർന്നു.

എന്തായാലും നാളെ പോയിട്ട് വാ അപ്പോൾ അറിയാം , ഞാൻ പറഞ്ഞു.

ഒന്നു മൂളിക്കൊണ്ട് ചേട്ടൻ എണീറ്റ് പോയി.

പിറ്റേന്ന് വൈകുന്നേരം ഏട്ടൻ വന്നപ്പോൾ ഓടിച്ചെന്ന് അവൾ എന്താ പറഞ്ഞേ എന്നു ചോദിച്ചപ്പോൾ കുളിച്ചിട്ടു വന്നിട്ട് പറയാo എന്നും പറഞ്ഞു അകത്തു പോയി.

ഇത്തിരി വിഷമം തോന്നിയെങ്കിലും അതു പുറത്തു കാട്ടാതെ ഞാൻ ചായ വെച്ച് കാത്തിരുന്നു.

ചായ കുടിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു, ഭർത്താവുമായി ഡിവോഴ്സ് ആയി നാട്ടിൽ വന്നതാണ്,ഇനി തിരിച്ചു പോകുന്നില്ല , ചുമ്മാ ഒന്ന് കാണാൻ വിളിച്ചതാണ്.

അത്രേയുള്ളോ? ഞാൻ ചോദിച്ചു. ചേട്ടൻ എന്തോ ഒളിക്കുന്നത് പോലെ എനിക്ക് തോന്നി. അത്രേ ഉള്ളൂ എന്നും പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു പോയി.

പക്ഷേ ആ ദിവസത്തിനുശേഷം ഏട്ടന് എന്തൊക്കെയോ മാറ്റങ്ങൾ വന്നതായി എനിക്ക് തോന്നി. ചായ കുടിക്കാനോ ഭക്ഷണം കഴിക്കാനോ വരുമ്പോൾ കയ്യിൽ മൊബൈൽ . അതൊരു പുതിയ ശീലമായിരുന്നു. കൂടാതെ ഞാൻ കേൾക്കാതെയും കാണാതെയും ഫോൺവിളികളും മെസ്സേജുകളും.

ഒക്കെ എൻറെ തോന്നലുകളാണെന്ന് വിശ്വസിച്ച് ഞാൻ സമാധാനിച്ചു. ഒരു പക്ഷേ കല്യാണം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിനെ താലോലിക്കാൻ പറ്റാത്തതാണോ ഇപ്പോഴത്തെ പ്രശ്നം എന്ന് വരെ ഞാൻ ചിന്തിച്ചു.

ഒരുദിവസം രാത്രി കിടക്കാൻ നേരം ചേട്ടൻ പറഞ്ഞു നാളെ ഒരു മീറ്റിംഗ് ഉണ്ട് അത് കഴിഞ്ഞ് മറ്റന്നാൾ രാവിലെയെ വരൂ എന്ന്. ഞാനൊന്ന് മൂളിക്കൊണ്ട് തിരിഞ്ഞു കിടന്നു.

രാവിലെ കുളിക്കാൻ കയറിയപ്പോൾ ചേട്ടൻറെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ വന്നത്. എടുക്കാൻ തുടങ്ങിയപ്പോഴേക്കും അത് കട്ടായി. സ്ക്രീനിൽ വന്ന വാട്സാപ്പ് മെസ്സേജ് കണ്ട ഞാൻ ഫോൺ അൺലോക്ക് ചെയ്തു. ഒരു ഹോട്ടലിന്റെ അഡ്രസ്സും റൂം നമ്പറും ആയിരുന്നു അത്. അയച്ചിരിക്കുന്ന ആളുടെ പേര് കൂടി കണ്ടപ്പോൾ എൻറെ ഹൃദയം പിടഞ്ഞുപോയി. മീര,അവരുടേതായിരുന്നു ആ മെസ്സേജ്.

യാന്ത്രികമായി എന്തൊക്കെയോ ചെയ്തു ചേട്ടനെ യാത്രയാക്കി കഴിഞ്ഞപ്പോൾ മനസ്സ് കലങ്ങിമറിഞ്ഞു. അവളെ കാണാനാണ് മീറ്റിംഗ് എന്നും പറഞ്ഞു ഇവിടന്ന് ഇറങ്ങിയത്.

സമ്മതിക്കില്ല അങ്ങനെ എന്നെ പറ്റിച്ച് ജീവിക്കാൻ . ഒന്നെങ്കിൽ അവൾ അല്ലെങ്കിൽ ഞാൻ. രണ്ടിലൊന്ന് അറിയണം എന്ന് ഉറപ്പിച്ചു കൊണ്ടാണ് ഞാൻ റെഡിയായി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഹോട്ടലിന്റെ പേര് ഓർമ്മയിൽ വെച്ചത് നന്നായി . ലീവ് എടുക്കാത്തത് കൊണ്ട് രവിയേട്ടൻ വൈകിട്ടായിരിക്കും അവളെ കാണാൻ ചെല്ലുന്നത് , അത് വരെ എനിക്ക് സമയമുണ്ട്. എല്ലാം മനസ്സിൽ ഉറപ്പിച്ചു ഞാൻ ഓട്ടോയിൽ കയറി ഹോട്ടലിലെത്തി.

റൂം കണ്ടുപിടിച്ച് കോളിംഗ് ബെൽ അടിക്കുമ്പോൾ എൻറെ നെഞ്ച് പട പട ഇടിച്ചു. റൂം തുറന്ന രവിയേട്ടനെ കണ്ട് ഞാൻ ഞെട്ടി. അദ്ദേഹം ഞെട്ടൽ മറക്കാൻ നോക്കിക്കൊണ്ട് ചോദിച്ചു, നീ എന്താ ഇവിടെ ?

അല്ല, ഓഫീസിൽ മീറ്റിംഗ് എന്ന് പറഞ്ഞു ഇറങ്ങിയ താൻ എന്താ ഇവിടെ ? ഞാൻ തിരിച്ച് ചോദിച്ചു.

താനോ ? രമ്യ നിനക്കെന്താ പറ്റിയേ? നെറ്റി ചുളിച്ചോണ്ടു അയാൾ ചോദിച്ചു.

മറ്റവളുമായി സല്ലപിക്കാൻ നിങ്ങൾ എൻറെ അടുത്ത് കള്ളം പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതല്ലേ ? അവളുടെ മെസ്സേജ് ഞാൻ കണ്ടു. ഒന്ന് നേരിൽ കാണാനാ വന്നത്. വന്നത് നന്നായിന്ന് ഇപ്പൊ മനസ്സിലായി. എന്നോട് ഈ ചതി വേണ്ടായിരുന്നു.

റൂമിന്റെ വാതിൽക്കൽ നിന്ന് ഞാൻ ഒച്ച എടുത്ത് സംസാരിച്ചു. അയാൾ നിന്ന് വിയർക്കാൻ തുടങ്ങി, എൻറെ പൊന്നു രമ്യ നീ ഒന്നടങ്ങു . ആദ്യം നീ അകത്തേക്ക് വാ ,ആരെങ്കിലും കണ്ടാൽ നാണക്കേടാ.

ദേഷ്യം കൊണ്ട് ഞാൻ നിന്നു വിറച്ചു.

നാണംകെട്ട പ്രവർത്തി അല്ലേ നിങ്ങൾ ചെയ്തത്. അറിയട്ടെ എല്ലാവരും . എവിടെ അവൾ ? അവളെയാണെനിക്ക് കാണേണ്ടത്.

വാതിൽക്കൽ നിന്ന രവിയേട്ടനെ ഉന്തി മാറ്റി ഞാൻ അകത്തേക്ക് കയറി.

അകത്തു ഒരു ഹാപ്പി ബർത്ത് ഡേ ബാനർ കണ്ടു പിന്നെ ഒരു കേക്കും ഒരു ബൊക്കെയും .

ഓ അവളുടെ പിറന്നാൾ കേക്ക് തീറ്റിക്കാൻ വന്നതാണല്ലേ, തീറ്റിക്കാം ഞാൻ. അതും പറഞ്ഞു കേക്ക് വലിച്ചെറിയാൻ എടുത്തപ്പോഴാണ് ഹാപ്പി ബർത്ത് ഡേ രമ്യ എന്നെഴുതിയിരിക്കുന്നത് കണ്ടത്. അന്തംവിട്ട് രവിയേട്ടനെ നോക്കിയപ്പോൾ അദ്ദേഹം കണ്ണിറുക്കി കൊണ്ട് ഹാപ്പി ബർത്ത്ഡേ ഡിയർ എന്നു പറഞ്ഞു ബൊക്ക എന്റെ കയ്യിൽ തന്നു.

ശരിയാ, ഇന്ന് എൻറെ പിറന്നാളാണ്. ഞാൻ മറന്നു പോയി.

പൊട്ടി കാളി എനിക്കറിയാം നീ മറക്കുമെന്ന്. എൻറെ കാര്യങ്ങൾ നോക്കി നീ നിന്നെ സ്വയം മറന്നു തുടങ്ങി എന്ന് എനിക്ക് മനസ്സിലായതുകൊണ്ടാണ് ഇങ്ങനെ ഒരു സർപ്രൈസ് ഞാൻ ഒരുക്കിയത്. പക്ഷേ എന്ത് പറയാനാ ചീറ്റിപ്പോയി. നീ വരും എന്ന് എനിക്ക് ഉറപ്പായിരുന്നു. നീ മെസ്സേജ് കാണാൻ വേണ്ടിയാണ് എൻറെ ഫോൺ ലോക്ക് പോലും ഞാൻ മാറ്റാതിരുന്നത്. പക്ഷേ ഇത്രയും നേരത്തെ വരുമെന്ന് അറിഞ്ഞില്ല, ചിരിച്ചുകൊണ്ട് രവിയേട്ടൻ പറഞ്ഞു.

അത് , ഞാൻ ആ മെസ്സേജ് , അപ്പോൾ ആ മെസ്സേജ് ആരാ അയച്ചേ?

അതിൻറെ ക്രെഡിറ്റ് എൻറെ പുന്നാര അനിയത്തി രാഖിക്കാണ്. ഫോൺ വിളിച്ചതും, മെസ്സേജ് അയച്ചതും ഒക്കെ അവളാണ്. അവളുടെ ഐഡിയ ആയിരുന്നു പേരുമാറ്റി സേവ് ചെയ്യൽ തന്നെ ഒന്നു പറ്റിക്കാൻ. പിന്നെ ഈ ആഘോഷം കഴിഞ്ഞ് നമ്മൾ രണ്ടു ദിവസം കറങ്ങാൻ പോകും. ഡ്രസ്സ് ഒക്കെ ഞാൻ നേരത്തെ കാറിൽ റെഡി ആക്കി വെച്ചിട്ടുണ്ട്.

അല്ല, അപ്പോൾ അന്ന് മീര കാണാൻ വിളിച്ചതോ? സംശയം തീരാതേ ഞാൻ ചോദിച്ചു.

അവളെ ഞാൻ അന്ന് തന്നെ ബ്ലോക്ക് ചെയ്തു. എന്നോട് പൊയ്ക്കോളാൻ പറഞ്ഞെങ്കിലും എങ്ങാനും പോയാലുള്ള വിഷമം നീ ഡയറിയിൽ എഴുതിയത് ഞാൻ വായിച്ചു. അങ്ങനെയുള്ള നി മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോൾ എങ്ങനെയാടി ഞാൻ പോകുന്നത് ?

അല്ല അപ്പൊ മീര, ഞാൻ വീണ്ടും ചോദിച്ചു തുടങ്ങി.

മീര അല്ല ചീര നീ വന്നേ, ഡെക്കറേഷൻ കംപ്ലീറ്റ് ആയില്ലെങ്കിലും കേക്ക് മുറിക്ക്.

ബാക്കി കേക്ക് എന്ത് ചെയ്യും അത് വേസ്റ്റ് ആയി പോവില്ലേ ഏട്ടാ? ആധിയോടെ ഉള്ള ചോദ്യം കേട്ട് രവിയേട്ടൻ ചിരിച്ചോണ്ട് പറഞ്ഞു

എൻറെ പൊന്നു പെണ്ണേ , അത് ഞാൻ ഓഫീസിലെ ആരെങ്കിലും വന്ന് എടുക്കാൻ പറയാം. നീ കേക്ക് ഒന്ന് മുറിക്ക്.

അതേ,ഞാൻ എന്തേലും കടുംകൈ ചെയ്തിരുന്നെങ്കിൽ നിങ്ങൾ എന്ത് ചെയ്തെനേ?

ഞാൻ ബ്ലോക്ക് ചെയ്ത മീരയെ അൺബ്ലോക്ക് ചെയ്തേനെ.

ഞാൻ ഉദ്ദേശിച്ചത് നിങ്ങൾക്ക് വിഷം തരുന്ന കാര്യമായിരുന്നു.

മിണ്ടാതെ കേക്ക് എൻറെ വായിൽ വെച്ച് തന്ന് രവിയേട്ടൻ ഒന്ന് പുഞ്ചിരിച്ചു, ഇതിന്റെയൊന്നും ഒരാവശ്യവും ഇല്ലായിരുന്നു എന്ന അർത്ഥത്തിൽ.