സ്റ്റാൻഡിൽ നിന്ന് ബസ് എടുക്കുന്നതിനു തൊട്ടു മുൻപ് ഒരു ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയും കൂടെ…

എഴുത്ത്: വൈശാഖൻ

:::::::::::::::::::::::::::

“ഒരു വർഷത്തെ കഠിനമായ എസ് ഐ ട്രെയിനിങ്ങിനു ശേഷം പ്രൊബെഷനറി എസ് ഐ ആയി ചാർജ് എടുത്ത കാലം.ട്രെയിനിങ്ങിൽ ലഭിച്ച അറിവുകൾ പ്രാവർത്തികമാക്കാൻ എനിക്ക് അവസരം ലഭിച്ചത് വയനാടിലെ ഒരു ഉൾ ഗ്രാമത്തിൽ ആയിരുന്നു.

പണ്ട് മുതലേ മറ്റുള്ളവരെ നിരീക്ഷിക്കൽ എന്റെ ഒരു ഹോബി ആയിരുന്നു..പക്ഷെ ഇപ്പൊ ആ നിരീക്ഷണം മുഴുവൻ “സംശയത്തോട്‌” കൂടി ആണെന്ന് മാത്രം..”ആദ്യം കാണുന്ന എല്ലാവരെയും സംശയത്തോട്‌ കൂടി മാത്രമേ സമീപിക്കാവു”.ഇതാണ് ഞാൻ ആദ്യം ട്രെയിനിംഗ് സെന്ററിൽ നിന്ന് പഠിച്ച പാഠം . ഇനി എങ്ങനെ കല്യാണം കഴിക്കും ഈ സംശയം വെച്ച് കൊണ്ട്??!!”

ജോലി ആയ ഉടനെ തന്നെ വീട്ടിൽ കല്യാണ ആലോചനകൾ തുടങ്ങി..

അങ്ങനെ പെണ്ണ് കാണാൻ വേണ്ടി നാട്ടിലേക്ക് കെ എസ് ആർ ടി സി ബസിൽ ഉള്ള യാത്രയിലാണ് ഈ സംഭവം നടക്കുന്നത്..സമയം ഏകദേശം നാല് മണി,ബസ് ഇപ്പൊ കോഴിക്കോട് സ്റ്റാൻഡിൽ..വലിയ തിരക്കൊന്നും ഇല്ല..ഇനിയും അഞ്ചു മണിക്കൂർ യാത്രയുണ്ട് എനിക്ക്..എന്റെ നേരെ നിരയിൽ അപ്പുറത്തെ വശത്തുള്ള രണ്ടു പേർക്കിരിക്കാവുന്ന സീറ്റിൽ ഇരിക്കുന്നത് ഒരു അമ്പതു വയസ്സിനു മേൽ പ്രായമുള്ള ഒരാൾ..കൂടെ ആരുമില്ല..എന്റെ അടുത്തും സീറ്റ്‌ കാലി ആണ്.

സ്റ്റാൻഡിൽ നിന്ന് ബസ് എടുക്കുന്നതിനു തൊട്ടു മുൻപ് ഒരു ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയും കൂടെ അതേ പ്രായം വരുന്ന രണ്ടു പയ്യന്മാരും കയറി..ഒരുമിച്ച് എങ്ങോട്ടോ ഉള്ള യാത്ര ആണ്..പക്ഷെ അവർ വേറെ വേറെ സീറ്റുകൾ തിരഞ്ഞെടുത്തു..എന്നെ പക്ഷെ അതിശയിപ്പിച്ചത് ലേഡീസ് സീറ്റുകൾ ഉണ്ടായിരുന്നിട്ടും അവൾ പോയി ആ മനുഷ്യന്റെ അടുത്തിരുന്നതാണ്..

എന്റെ പോലിസ് മനസ്സിൽ സംശയം ഉടലെടുത്തു…എന്റെ ശ്രദ്ധ ഇപ്പൊ അവരിലേക്ക്‌ മാത്രമായ്..രണ്ടു പേരും നന്നായി സംസാരിക്കുന്നുണ്ട്..ഇടയ്ക്കു ചിരിക്കുന്നു..അവൾ പുള്ളിക്ക് വെള്ളം കൊടുക്കുന്നു അങ്ങനങ്ങനെ സൗഹൃദപരമായ ഒരു യാത്ര..

അദ്ധേഹത്തെ കണ്ടിട്ട് ഒരു സ്ത്രീ ലംബടൻ ആണെന്ന് തോന്നുന്നില്ല..പക്ഷെ അവൾ..അത്ര ശരിയല്ല..വണ്ടി തൃശൂർ എത്താറായി..ഇപ്പൊ രണ്ടു പേരും തമ്മിൽ അങ്ങനെ വലിയ സംസാരം ഇല്ല..പുള്ളിയുടെ മുഖം വാടി ഇരിക്കുന്നു..കണ്ണുകൾ നിറഞ്ഞിരിക്കുന്നു..ആരും കാണാതെ കണ്ണുനീർ തുടക്കുന്നുണ്ട്..അവൾക്കു വലിയ ഭാവഭേദം ഒന്നും കാണാനില്ല..മുഖം കുറച്ചു കടുപ്പത്തിൽ ആയ പോലെ…

എന്തോ പ്രശ്നം ഉണ്ട്..അതുറപ്പ്‌..എന്നിലെ പോലീസുകാരൻ ഉണർന്നു..തൃശൂർ എത്തിയപ്പോ അവൾ ബാഗ്‌ സീറ്റിൽ വെച്ച് പുറത്തേക്കു പോയി..കൂടെ ഒരു പയ്യനും..ബാത്ത് റൂമിൽ പോയതാവണം..കൂടെ ഉള്ള രണ്ടാമത്തവൻ കുറച്ചു പിറകിൽ ആണ്.ആ തക്കത്തിന് ഞാൻ പുള്ളിയോട് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചു…

“ഒന്നുല്ല….. മോന് എന്നെ ഒന്ന് സഹായിക്കാൻ പറ്റോ..ഒരു മൂവായിരം രൂപ അത്യാവശ്യം ആയി തരോ ഉണ്ടെങ്കിൽ? ഞാൻ പിന്നീട് വീട്ടിൽ കൊണ്ട് വന്നു തന്നോളാം”..ആ പാവം മനുഷ്യൻ ഇപ്പൊ ശരിക്കും കരയുകയാണ്..

ചേട്ടാ കരയാതെ കാര്യം പറയു..ആളുകൾ ശ്രദ്ധിക്കുന്നുണ്ട്..നമുക്ക് പരിഹാരം ഉണ്ടാക്കാം..ഞാൻ ഒരു പോലീസുകാരൻ ആണ്..പേടിക്കണ്ട..അത് പുള്ളിക്ക് കുറച്ചു ധൈര്യം കൊടുത്തു എന്ന് തോന്നുന്നു….

മോൻ കണ്ടതല്ലേ ആ കുട്ടി എന്റടുത്ത് വന്നിരുന്നതും മിണ്ടിയതും എല്ലാം..കുറച്ചു മുൻപ് എന്നോട് പറയുവാ അയ്യായിരം രൂപ കൊടുത്തില്ലെങ്കിൽ ഞാൻ ആ കുട്ടിയെ പീ ഡിപ്പിക്കാൻ ശ്രമിച്ചു എന്നും പറഞ്ഞു ഒച്ചയുണ്ടാക്കുമെന്നും കൂടെ ഉള്ള പിള്ളേർ ഇയാളെ ഇടിക്കുമെന്നും,പത്രത്തിൽ നാളെ വാർത്ത കൊടുത്തു നാറ്റിക്കുമെന്നും..മോനറിയോ കല്യാണ പ്രായം ആയ ഒരു മോൾ ഉള്ളതാ എനിക്ക്..ഇങ്ങനെ വല്ല വാർത്തയും വന്നാ…..ജില്ലയിലെ ഏറ്റവും നല്ല അധ്യാപകനുള്ള അവാർഡ്‌ കിട്ടിയിട്ട് ഒരു മാസമേ ആയുള്ളൂ..പെൻഷൻ പറ്റാൻ ഒരു മാസവും..ഇത്രയും നാൾ ഉണ്ടാക്കിയ സൽപേര്..എന്റെ കുടുംബം…എല്ലാം തകരും…എന്റടുത്ത് ഇപ്പൊ രണ്ടായിരം രൂപ ഉള്ളു..ബാക്കി പൈസ ഒപ്പിച്ചു കൊടുത്താ ഇതിൽ നിന്ന് രക്ഷപ്പെടാം…അല്ലെങ്കി ഇപ്പൊ ഇറങ്ങി ഓടിയാലോ??…

വേണ്ട ചേട്ടാ അവളെ കുടുക്കണം.ഇങ്ങനുള്ള അവളുമാർ അല്ലെങ്കിൽ ഇനിയും പാവപെട്ടവർക്കു ബുദ്ധിമുട്ടുണ്ടാക്കും…

ചേട്ടൻ പേടിക്കണ്ട…ഞാൻ പറയും പോലങ്ങു ചെയ്തോ..കയ്യിൽ ഉള്ള പേഴ്‌സ് അവൾടെ ബാഗിൽ ഇടുക..എന്നിട്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു അഞ്ചു മിനിട്ട് കഴിയുമ്പോ പേഴ്‌സ് കാണാൻ ഇല്ല എന്നും പറഞ്ഞു ഒച്ചയുണ്ടാക്കുക..ബാക്കി ഞാൻ നോക്കിക്കോളാം..

പറഞ്ഞത് പോലെ കാര്യങ്ങൾ നടന്നു..പുള്ളി ഒച്ചയുണ്ടാക്കിയതും ഞാൻ എന്റെ ഭാഗം ഭംഗിയാക്കി..അവളുടെ ബാഗിൽ നിന്ന് പേഴ്‌സ് പൊക്കിയപ്പൊ തന്നെ കൂടെ ഉണ്ടായിരുന്ന അവന്മാർ ബസിൽ നിന്നിറങ്ങി ഓടി..

അവളെ കയ്യോടെ അടുത്ത സ്റ്റെഷനിൽ ഹാജരാക്കാം എന്ന് പറഞ്ഞപ്പോ ആ സാധു മനുഷ്യൻ അതിനെ എതിർത്തു..ഒരു പെൺകുട്ടി അല്ലെ,അതിന്റെ ഭാവി തകർക്കരുത്..കുട്ടികൾ ആവുമ്പോ തെറ്റൊക്കെ പറ്റും..ഞാൻ എത്ര കുട്ടികളെ പഠിപ്പിച്ച ഒരാളാ..വേണ്ട മോനെ..എനിക്ക് പരാതി ഒന്നും ഇല്ല..ആ കുട്ടി പോയ്കോട്ടെ

ഇത്രയും നന്മ നിറഞ്ഞ ഈ മനുഷ്യനെ അല്ലെടീ കള്ള……മോളെ നീ പണി കൊടുക്കാൻ നോക്കിയത് .എന്നിട്ടിപ്പോ കേട്ടില്ലേ ആ മനുഷ്യൻ പറയുന്നത്..ദൈവം എന്നൊന്ന് ഉണ്ടെന്നു നീ മനസ്സിലാക്കിക്കോ ,ഇങ്ങനെ ഉള്ളവരെ പറ്റിച്ചു നീ ഒക്കെ എന്തുണ്ടാക്കിയാലും അതൊന്നും സുഖായിട്ട് നീ അനുഭവിക്കില്ല…ഒരു പെണ്ണായി പോയി..ഇല്ലെങ്കിൽ എന്റെ കയ്യുടെ ചൂട് നീ അറിഞ്ഞേനെ..ഇറങ്ങി പോടീ…………ഞാൻ അലറി..

ആ ഒറ്റ ഡയലോഗിൽ യാത്രക്കാർക്കൊക്കെ ഞാനൊരു പോലീസുകാരൻ ആണെന്ന് മനസ്സിലായി..കാരണം ഇറങ്ങി പോടീ എന്ന് പറഞ്ഞിട്ട് ബാക്കി “ഡോട്ട്” ഇട്ട ഭാഗം മുഴുവൻ നല്ല പച്ച “പോലിസ് തെറികൾ” ആയിരുന്നു…

ഇനി വേറെ പെണ്ണൊന്നും വന്നിരിക്കണ്ട എന്നോർത്ത് ഞാൻ ആ മനുഷ്യന്റെ അടുത്തിരുന്നു..അങ്ങനെ പരിചയം കൂടുതൽ ദൃഢം ആയി..ഇടയ്ക്കു പെഴ്സിലെക്കു നോക്കിയപ്പോ ഫാമിലി ഫോട്ടോയിൽ അദ്ധേഹത്തിന്റെ സുന്ദരി ആയ വിവാഹ പ്രായം എത്തിയ മകൾ..ഹോ ഈ ദൈവത്തിന്റെ ഒരു കാര്യം..ഇനിയിപ്പോ നാളെ പെണ്ണൊന്നും കാണാൻ പോകുന്നില്ല..ഈ നന്മ ഉള്ള മനുഷ്യനെ അച്ഛാ എന്നൊന്ന് വിളിക്കണം!!!!..

ഇടക്കൊക്കെ മോൻ വീട്ടിലേക്കു ഇറങ്ങണം..വലിയ തിരക്കുള്ള ആളാ എന്നറിയാം…എപ്പോ വേണമെങ്കിലും വരാം..അത്രയ്ക്ക് മോനോട് കടപ്പാടുണ്ട്..

ഹേയ് അങ്ങനൊന്നും ഇല്ല അച്ഛാ ഇതൊക്കെ ഞങ്ങളുടെ കടമ അല്ലെ…കിട്ടിയ ഗാപ്പിൽ ഞാൻ അങ്ങേരെ അച്ഛൻ ആക്കി…പിന്നെ കാര്യങ്ങൾ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു ..

ഇടക്കൊക്കെ വരണം എന്ന് പറഞ്ഞപ്പോ ഞാൻ പിറ്റേ ദിവസം തന്നെ ചെല്ലുമെന്ന് ആ മനുഷ്യൻ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല ..”അതും സ്വന്തം വീട്ടുകാരെയും കൊണ്ട് പെണ്ണ് ചോദിക്കാൻ”…

അങ്ങനെ ആ നന്മ ഉള്ള മനുഷ്യന്റെ നന്മ ഉള്ള മകൾ ഇന്നെന്റെ ജീവിത സഖി ആയി..കല്യാണം ഒക്കെ കഴിഞ്ഞൊരു ദിവസം അവൾ പറഞ്ഞു ..”ഒരിക്കലും ഒരു പോലീസുകാരനെ കല്യാണം കഴിക്കില്ലാന്നു കരുതിയതാ..അവരെ പോലെ മുരടന്മാർ വേറെ ഉണ്ടാവില്ല..പക്ഷെ ഇയാളെ കുറിച്ച് അച്ഛൻ വന്നു അന്ന് പറഞ്ഞപ്പോ ഒന്ന് കാണണം എന്നുണ്ടായിരുന്നു..കണ്ടപ്പോ അതൊരു ഒന്നൊന്നര കാണൽ ആയി പോയി”…..

എല്ലാം കഴിഞ്ഞിട്ടിപ്പോ മൂന്നു വർഷം..ആ നന്മ ഉള്ള മനുഷ്യൻ ഇപ്പൊ എന്റെ അമ്മായിയച്ചൻ…..ആ പറമ്പിലൂടെ നടക്കുന്ന കണ്ടോ..കഴുത്തിൽ എന്റെ മോളേം വെച്ച്….നല്ല കഥകൾ പറഞ്ഞു കൊടുത്തു കൊണ്ട്…നന്മയുള്ള മനുഷ്യരുടെ കഥകൾ………

ശുഭം