ആറു വർഷം മുൻപ് എന്നെ പെണ്ണ് കാണാൻ വന്നപ്പോ ഈ കളിയുടെ കാര്യം സൂചിപ്പിച്ചിരുന്നു എങ്കിലും…

എഴുത്ത്: വൈശാഖൻ

:::::::::::::::::::::::::::::::::

“ഇന്നലെ രാത്രിയും കളി ഉണ്ടായിരുന്നു അല്ലേ? വിദ്യേച്ചീടെ മുഖം കണ്ടാൽ അറിയാം അത്”

വന്നു വന്നിപ്പോ നാട്ടിലെ കൊച്ചു പയ്യന്മാർക്കു വരെ മനസ്സിലായിത്തുടങ്ങിയിരിക്കുന്നു എന്നൊക്കെ കളി ഉണ്ടെന്നും ഇല്ലെന്നും,ആറു വർഷം മുൻപ് എന്നെ കല്യാണം കഴിച്ചു കൊണ്ട് വന്നപ്പോ മൂക്കട്ട ഒലിപ്പിച്ചു നടന്ന ചെക്കനാ,ഇപ്പൊ ചോദിക്കണ കേട്ടോ?നാണക്കേട് കൊണ്ട് മനുഷ്യന് പുറത്തിറങ്ങി നടക്കാൻ വയ്യാതെ ആയിരിക്കണു.

അല്ലേലും അവരെ പറഞ്ഞിട്ടെന്താ കാര്യം,എന്റെ കെട്ടിയോൻ എന്ന് പറയുന്ന ആ സാധനത്തിനെ പറഞ്ഞാൽ മതിയല്ലോ!! ഭർത്താവ് ആണത്രേ ഭർത്താവ്!! ഇങ്ങനെയും കാണോ ഭർത്താക്കന്മാർ ഒരു ഉത്തരവാദിത്തവും ഇല്ലാതെ,വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ.

ആറു വർഷം മുൻപ് എന്നെ പെണ്ണ് കാണാൻ വന്നപ്പോ ഈ കളിയുടെ കാര്യം സൂചിപ്പിച്ചിരുന്നു എങ്കിലും ഇങ്ങനെ ഒരു ഭ്രാന്തൻ ആവും എന്ന് കരുതിയില്ല.പ്രായം 32 കഴിഞ്ഞെങ്കിലും ചെറിയ കുട്ടി ആണെന്നാ വിചാരം.പന്ത് ഉരുളുന്നത് കണ്ടാൽ അവിടെ കാണും.ഏതൊക്കെയോ ടീമിന് വേണ്ടി എത്ര ദൂരം വേണമെങ്കിലും കളിയ്ക്കാൻ പോവുന്നത് കാണാം.ഭാര്യയേം വേണ്ട,കുഞ്ഞിനേയും വേണ്ട.ഈ അടുത്ത ദിവസം എന്റെ ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയി,വൈകുന്നേരം ആയപ്പോ ആളെ കാണാൻ ഇല്ല,നോക്കിയപ്പോ അടുത്തൊരു മൈതാനത്തിൽ പിള്ളേരുടെ കൂടെ മുണ്ടും മടക്കി കുത്തി പന്തുരുട്ടി കൊണ്ട് നടക്കുന്നു .എനിക്ക് വന്നൊരു ദേഷ്യം.ബന്ധുക്കളുടെ ഒക്കെ ഒരു കളിയാക്കലും.തൊലി ഉരിഞ്ഞു പോയി.

“മനുവിന് ഇപ്പോഴും ഒരു പക്വത ആയിട്ടില്ല.അല്ലേ വിദ്യേ???”

ഓരോരോ ചോദ്യങ്ങൾ..ചോദിക്കുന്നവർക്കു ഒരു രസം.മറ്റുള്ളോരെ സങ്കടപ്പെടുത്തുക എന്നതാണല്ലോ മനുഷ്യന്റെ സ്വഭാവം.എന്റെ ഭർത്താവുൾപ്പെടെ.

കളിയ്ക്കാൻ പോയിട്ട് വരുമ്പോൾ ഉള്ള ഒരു സോപ്പിങ് ഉണ്ട്.ഹോ അതൊന്നു കാണണം,ഇത്രയ്ക്കു വിനയം ഉള്ള ഒരാൾ ഈ നാട്ടിൽ എങ്ങും ഇല്ല എന്ന് തോന്നും.അത്രക്കുണ്ട് അഭിനയം.ആദ്യമൊക്കെ ഞാൻ വീണു പോകുമായിരുന്നു. പിന്നെ വാല് പൊക്കുമ്പോൾ തന്നെ കാര്യം പിടികിട്ടും.ഈ ഒരൊറ്റ ദുശീലം മാത്രേ അങ്ങേർക്കുള്ളു.നാട്ടിൽ നിന്നും മാറി നിൽക്കാൻ വയ്യ എന്ന് പറഞ്ഞു എത്ര ഗവണ്മെന്റ് ജോലിയാ പോകാതെ വേണ്ടെന്നു വെച്ചത്.അതും പെട്ടെന്ന് പ്രൊമോഷൻ കിട്ടാൻ സാധ്യത ഉള്ള ജോലികൾ.ഒന്നിനും പോയില്ല.

അച്ഛനും അമ്മയും വരെ എന്റെ പിടിപ്പുകേട് ആണെന്നാ പറയുന്നേ.അവനെ ഇങ്ങനെ കയറൂരി വിട്ടിട്ടാണെന്നു.നിന്ന നിൽപ്പിൽ ഒരു മുങ്ങൽ ആണ്.ഇപ്പൊ തൃശൂർ ഉള്ള ആൾ കുറച്ചു കഴിഞ്ഞു വിളിക്കുമ്പോ മലപ്പുറത്ത് ആണത്രേ.ഞാനെന്ത് പറയാൻ അനുഭവിക്കുക അല്ലാതെന്താ.ക്ലബ് നവീകരണം,അത് ഇത് എന്നൊക്കെ പറഞ്ഞു കിട്ടുന്ന ശമ്പളം കുറെ അവർക്കു കൊടുക്കും,ഏത് പീക്കിരി പിള്ളേർ വന്നാലും പന്ത് വാങ്ങാൻ ക്യാഷ് കൊടുക്കും..എന്റെ തലവിധി.വേറെ മാർഗം ഇല്ലല്ലോ.

ഓരോന്നോർത്തു ഓഫീസിൽ എത്തിയതറിഞ്ഞില്ല.ചെന്നപ്പോൾ കൂടെ ഉള്ള ഒരു സ്റ്റാഫിന്റെ അച്ഛൻ മരിച്ചു പോയെന്നു.കുറച്ചു ദൂരെയാണ് ,ഒഴിയാൻ പറ്റിയില്ല.ഒന്ന് വിളിച്ചു വൈകും എന്ന് പറയാം എന്നോർത്തപ്പോ ഫോണും എടുക്കുന്നില്ല.വൈകിട്ട് 6 നു ആണ് സംസ്കാര ചടങ്ങുകൾ,ഉച്ചക്ക് പോയാൽ ഏതാണ്ട് 4 നെങ്കിലും എത്താം.മനു ഇല്ലാത്ത കൊണ്ട് രാത്രി നന്നായൊന്നുറങ്ങാൻ പറ്റിയില്ല.അതുകൊണ്ട് വണ്ടിയിൽ കയറിയപ്പോൾ തന്നെ മയങ്ങി പോയി.ഉണർന്നപ്പോൾ സമയം ഏറെ കഴിഞ്ഞിരിക്കുന്നു.വടക്കൻ ജില്ലയിലെ ഒരു ഗ്രാമത്തെ ലക്ഷ്യമാക്കി വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്.അമ്മയും അച്ഛനും ഉള്ളത് കൊണ്ട് മോന്റെ കാര്യം അവർ നോക്കിക്കോളും.മനുവിന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് അവർ നന്നായി അഡ്ജസ്റ് ചെയ്ത് നിൽക്കും.അതൊരു ഭാഗ്യം..

ഡീ വിദ്യേ നോക്കൂ..അത് മനുവല്ലേ ?

എവിടെ ശ്യാമേ ?

ആ ഫ്ലെക്സിൽ നോക്കൂ..ജേഴ്സി ഒക്കെ ഇട്ട്,ഒത്തിരി ഫ്ളക്സ് ഉണ്ടല്ലോ, ആരാധകരുടെ പൊന്നോമനപുത്രൻ എന്നൊക്കെ എഴുതി..

ഛെ..എവിടെ പോയാലും നാണക്കേട് ആണല്ലോ ഭഗവാനെ.ഓഫീസിൽ ഉള്ളവരും ഇതൊക്കെ അറിയുമല്ലോ എന്നുള്ള സങ്കടം ആയിരുന്നു എനിക്ക്.

ഒന്നും പറയണ്ട ശ്യാമേ ,ഞാൻ പറഞ്ഞു മടുത്തു.ഈ നശിച്ച ഒരു കളി.വീട്ടിൽ ഞാൻ വഴക്കുണ്ടാക്കുന്നത് ഈ ഒറ്റ കാരണത്താൽ ആണ്.ഇങ്ങനെ ഉണ്ടോ ഒരു കളി ഭ്രാന്ത്.കല്യാണം കഴിച്ചു മൂന്നാം നാൾ ലോകകപ്പു നടക്കുന്നു എന്നും പറഞ്ഞു അത് മുഴുവൻ ഇരുന്നു കണ്ടു ഉറങ്ങാതെ.ഞാൻ ആയത് കൊണ്ട് സഹിക്കുന്നു.വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കാണാമായിരുന്നു.

“ഇത്രക്കും കളി ഭ്രാന്തൻ ആയ,ഇത്രക്കും ആരാധകർ ഉള്ള നിന്റെ മനു കളിക്കുന്നത് നീ എന്നെങ്കിലും കണ്ടിട്ടുണ്ടോ വിദ്യേ ?”നമുക്ക് വേണ്ടപ്പെട്ടവർ ഇങ്ങനെ നിരുത്സാഹപ്പെടുത്തിയാൽ അത് കഴിവുള്ള എത്രയോ ആളുകളെ സങ്കടപെടുത്തും എന്ന് നീ ഓർത്തിട്ടുണ്ടോ ?

ആ ചോദ്യം എന്തോ പെട്ടെന്ന് മനസ്സിനെ വല്ലാതെ സ്പർശിച്ചു.ശരിയാണല്ലോ ഒരിക്കൽ പോലും മനു കളിക്കുന്നത് ഞാൻ കണ്ടിട്ടില്ല,എത്ര വട്ടം ബൂട്ട് എടുത്തു എറിഞ്ഞിരിക്കുന്നു.ജേഴ്സി അലക്കുവാൻ വയ്യ എന്ന് പറഞ്ഞിരിക്കുന്നു.ഫുട്ബോൾ കണ്ടു കൊണ്ടിരിക്കുമ്പോൾ എത്ര തവണ പോയി ടി വി ഓഫ് ചെയ്തിരിക്കുന്നു..എന്തേ ഞാൻ അങ്ങനെ ചിന്തിച്ചില്ല..മനു എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവുമോ അത്.ഗാലറിയിൽ അനേകായിരം ജനങ്ങളോടൊപ്പം ഞാനും മനുവിന് വേണ്ടി ആർപ്പു വിളിക്കുന്ന ഒരു രംഗം..

സംസ്കാര ചടങ്ങുകൾ കഴിഞ്ഞു തിരിച്ചു വരുന്ന വഴി ആണ് ഗ്രൗണ്ട്.ഒരു 10 മിനിട്ടു കളി കണ്ടിട്ട് പോവാം എന്നുള്ള എന്റെ ആവശ്യം ആരും നിരാകരിച്ചില്ല.അടക്കാ മരം കൊണ്ട് കെട്ടി ഉണ്ടാക്കിയിരിക്കുന്ന ഗാലറികൾ ,ഫ്ളഡ് ലൈറ്റുകൾ ,കൊടി തോരണങ്ങൾ ,ആകെ ഒരു ഉത്സവ പ്രതീതി.കയ്യിൽ മനുവിന്റെ ചിത്രങ്ങളുമായി ആരാധകർ ആർപ്പു വിളിക്കുന്നു.സ്റ്റേഡിയത്തിലേക്ക് മനുവിന്റെ വരവിനെ കരഘോഷങ്ങളോടെ വരവേൽക്കുന്നു.കാലുകളിൽ കോർത്തെടുത്തു കൊണ്ട് പോകും പോലെ എതിരാളികളെ വെട്ടിച്ചു മാറ്റി മനു പന്ത് കൊണ്ട് പോകുന്നു.ഗാലറി മുഴുവൻ മനുവിന് വേണ്ടി ആർത്തിരമ്പുകയാണ്..

“സാഹചര്യങ്ങൾ അനുകൂലം ആയിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ത്യക്കു വേണ്ടി തന്നെ കളിച്ചേക്കാമായിരുന്ന ഒരു കളിക്കാരൻ ആണ് മനു എന്ന് ഒരു കമന്ററി കേട്ടു..ശരിയായിരിക്കാം എന്തോ ഒരു ആകർഷണീയത ഉണ്ട് മനുവിന്റെ കളിക്ക്..ഇതൊക്കെ കാണുമ്പോൾ ഞാൻ അങ്ങ് ചെറുതായി പോയ പോലെ.ഇത്രയ്ക്കു കഴിവുള്ള ഒരാളെ ഞാൻ വീട്ടിലിട്ട്….

10 മിനിട്ടെന്നു പറഞ്ഞു കളി പകുതി ആയതറിഞ്ഞില്ല.2 ഗോളിന് മുന്നിട്ടു നിൽക്കുന്നു മനുവിന്റെ ടീം.യാത്ര ഏറെ ചെയ്യാൻ ഉള്ളത് കൊണ്ട് പിന്നെ നിന്നില്ല.മനസ്സിൽ കുറ്റബോധമോ അതോ അഭിമാനമോ ?അറിഞ്ഞു കൂടാ.മാനേജർ ഉൾപ്പെടെ എല്ലാവർക്കും മനുവിന്റെ കളിയെ കുറിച്ച് മാത്രമേ വണ്ടിയിൽ ഇരുന്നു പറയാൻ ഉള്ളു.ഒരു ദിവസം വരാം ഒന്ന് നന്നായി പരിചയപ്പെടുത്തി തരണം എന്നൊരു റിക്വെസ്റ്റും.അവരുടെയൊക്കെ ഇടയിൽ ഞാനെന്തോ വലിയ തെറ്റ് ചെയ്ത പോലെ..എന്തോ മറച്ചു വെച്ചത് പോലെ…ഇതൊക്കെ കണ്ടു ശ്യാമ ചിരിക്കുന്നു..

“പോട്ടെ സാരമില്ല,നിന്റെ അറിവില്ലായ്മ്മ കൊണ്ടല്ലേ ,ഏതൊരു ഭാര്യക്കും അവരുടെ ഭർത്താവ് എന്നും അവരുടെ മാത്രം കാര്യങ്ങൾ നോക്കി കൂടെ വേണം എന്നാണ്.നീയും അതേ ചെയ്തുള്ളു.അത് സ്നേഹക്കൂടുതൽ കൊണ്ടാണ്.ഏതൊരു ഭാര്യയും കൊതിക്കുന്ന,ആളുകൾ നല്ലതു മാത്രം പറയുന്ന ഒരു ഭർത്താവിനെ കിട്ടുക എന്നത് ഭാഗ്യവും.നിനക്ക് ആ ഭാഗ്യം ദൈവം വേണ്ടുവോളം തന്നിട്ടുണ്ട്.അതിൽ നന്ദി പറയൂ നീ വിഷമിക്കാതെ”..

സമയം രാത്രി 12 കഴിഞ്ഞിരിക്കുന്നു.മുറ്റത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം.അറിയാതെ തന്നെ ഓടി ചെന്ന് കതകു തുറന്നു.മനുവിന്റെ മുഖത്ത് അമ്പരപ്പ്.സാധാരണ അമ്മയാണ് തുറന്നു കൊടുക്കുക.മുറുകെ അങ്ങ് കെട്ടിപ്പിടിച്ചു കരഞ്ഞു പോയി ഞാൻ..ക്ഷമിക്കു മനുവേട്ടാ ,അർഹിക്കുന്ന ബഹുമാനം ഞാൻ ഒരിക്കലും തന്നിട്ടില്ല ,എപ്പോഴും നോവിച്ചിട്ടേ ഉള്ളു.ഇന്ന് ഞാൻ കണ്ടു എന്റെ മനു എത്ര കഴിവുള്ള ഒരാൾ ആണെന്ന്.എത്ര ആളുകൾ ഹൃദയത്തിൽ ഏറ്റിയ ഒരാൾ ആണെന്ന്..അങ്ങോട്ട് സന്തോഷം തന്നിട്ട് ഇങ്ങോട്ടത് തിരിച്ചു വാങ്ങണം എന്നാരും എന്നെ പഠിപ്പിച്ചില്ല.ഏട്ടന്റെ സന്തോഷം ആണ് എന്റെയും സന്തോഷം..അത് മതി ഇനി..

“ഗാലറിയിൽ ഒരിക്കൽ എങ്കിലും നീ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്..ഒരിക്കലും വരില്ല എന്നറിയാവുന്നത് കൊണ്ട് ചോദിച്ചിട്ടില്ല,അല്ല ചോദിയ്ക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല.ശരിയാണ് ഒരു നല്ല ഭർത്താവ് ,അച്ഛൻ എന്ന നിലയിൽ ഞാൻ ഒരു പരാജയം ആണ്.അത് തിരുത്തിക്കൊണ്ടാണ് ഞാൻ ഇന്ന് വന്നത്.ഇന്നെന്റെ അവസാന മത്സരം ആയിരുന്നു.അത് കാണാൻ അറിയാതെ എങ്കിലും നീ വന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..വേദനയോടെ ആണെങ്കിലും ആ സന്തോഷം ഇനി എനിക്ക് വേണ്ട.നമുക്ക് നമ്മുടെ കുടുംബം ,കുട്ടികൾ അത് മതി.കളി ഞാൻ നിർത്തുകയാണ്.”

ഇതൊക്കെ നടന്നിട്ടിപ്പോ 3 വർഷം,മോന് 4 വയസ്സായി.അച്ഛനേം മോനേം കൊണ്ട് ഞാൻ തോറ്റു.ഒരു കൃത്യ നിഷ്ഠയും ഇല്ല.മോന് ഫുട്ബോൾ സെലക്ഷൻ ഉള്ളതാ, ഏട്ടന് വൈകിട്ട് കളിയും,അന്ന് കളി നിർത്തുന്നു എന്നൊക്കെ ഡയലോഗ് അടിച്ചതാ,ഞാൻ കളിച്ചോളാൻ പറഞ്ഞപ്പോ ആൾ ഹാപ്പി ആയി..അതുകൊണ്ടെന്താ ഞങ്ങൾ മൊത്തം ഇപ്പൊ ഹാപ്പി.മതി മതി കഥ പറഞ്ഞു നേരം പോയതറിഞ്ഞില്ല ,കുത്തിപൊക്കട്ടെ രണ്ടിനേം ,അച്ഛന്റെ അല്ലേ മോൻ…

ഒരു മടിയൻ മകനും, കുഴിമടിയൻ അച്ഛനും കൂടെ ഞാനും…

ശുഭം