ചോർന്നൊലിക്കുന്ന ഈ വീടിനകത്ത് പ്രായമായ നിങ്ങളെയും ഈ കുഞ്ഞിനേയും പേമാരി പെയ്യുമ്പോൾ ഒറ്റയ്ക്കിടണ്ടല്ലോ എന്ന് കരുതിയിട്ടാ…

മിടുക്കി

Story written by Indu Rejith

:::::::::::::::::::::::

പടിക്കലെത്തിയപ്പോഴേ ഉറക്കെ കേൾക്കുന്നുണ്ടായിരുന്നു ഉണ്ണീടെ കരച്ചിൽ…ഇന്നെന്താണോ കാരണം…അഹ് തിണ്ണയിൽ തന്നെ ഇരിപ്പുണ്ടാള്..

കൈയ്യിലപ്പടി മണ്ണും ചെളിയും… ആ കൈയും കൊണ്ട് തന്നെ കണ്ണ് തുടച്ച്…എങ്ങലടിച്ച് എന്നേം നോക്കിയിരുപ്പാണ് ആശാൻ…..

ഇന്നെന്തിനാ മുത്തി എന്റെ പൊന്നിനെ തല്ലിയെ….എന്റെ ചോദ്യത്തെയും നനയിച്ചു കൊണ്ട് കുഞ്ഞുകൺപോള ചോർന്നൊലിക്കുന്നുണ്ടായിരുന്നു…

മോന്റമ്മേനെ വേണം…

അയ്യാ…. കോന്റമ്മ…കൊണ്ട് കൊടുക്കടാ ഈ കുട്ടിപിശാചിനെ…അവക്ക് നിന്നെ വേണ്ടാന്ന് ഞാൻ പറഞ്ഞില്ലെടാ കൊച്ചനെ…അവന്റെ ഒരു പൂങ്കണ്ണീര്… ഒന്നുടെ വെച്ച് തന്നാലുണ്ടല്ലോ…

അവൻ കുഞ്ഞല്ലേ അമ്മേ….

തിരിച്ചു തല്ലില്ലെന്നു ഉറപ്പുണ്ടായിട്ടാണല്ലോ എട്ടും പൊട്ടും അറിയാത്ത ഇതിനെ ഇങ്ങനെ ദ്രോഹിക്കണേ…

ഞാൻ ഒന്നും പറയുന്നില്ലെന്ന് കരുതി…എന്റെ കുഞ്ഞിനെ ഇനി കൈ വെച്ചാൽ ചിലപ്പോൾ എന്റെ നിയന്ത്രണം അങ്ങ് പോയീന്നിരിക്കും…അവന്റെ തള്ളയെ അടുത്തില്ലാതൊള്ളൂ തന്തയെ തെക്കോട്ടെടുത്തിട്ടില്ല… പറഞ്ഞേക്കാം ഞാൻ…

തള്ളയെന്തെ ഇല്ലാത്തെ…ആണത്തം ഇല്ലാത്തവൻ….. ആണുങ്ങൾ പറഞ്ഞത് കേട്ട് വീട്ടിൽ അടങ്ങി ഒതുങ്ങി നിക്കണ്ടവൾ ഉദ്യോഗം നോക്കി ഇറങ്ങിയാൽ ഇങ്ങനെ ഇരിക്കും…അവക്ക് നിന്റെ കൈയിലെ ചക്രം കൊണ്ട് തികയില്ലടാ പെങ്കോന്താ….ഈ പെരയ്ക്കകത്ത് കിടക്കണത് അവക്ക് കുറച്ചിലാ അതാ കാര്യം…

ചോർന്നൊലിക്കുന്ന ഈ വീടിനകത്ത് പ്രായമായ നിങ്ങളെയും ഈ കുഞ്ഞിനേയും പേമാരി പെയ്യുമ്പോൾ ഒറ്റയ്ക്കിടണ്ടല്ലോ എന്ന് കരുതിയിട്ടാ അവൾ എന്റെയൊപ്പം കഷ്ടപ്പെടാനിറങ്ങിയത്…. ഞാൻ കൊണ്ട് വരുന്നത് കടം വീട്ടാനും വട്ടചിലവ് നടത്താൻ പോലും തികയില്ല അറിയോ നിങ്ങക്ക്….

ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിക്കണം പെണ്ണുങ്ങളായാൽ….അതൊക്കെ എന്റെ മോള്…. രവി മോൻ പറയണ കേട്ട് അടങ്ങി ഒതുങ്ങി കുടുംബം നോക്കി ജീവിക്കാ അവള്…. അതൊക്കെയാ പെണ്ണ്…ഇവളെതോ ചാട്ടക്കാരി ഹാ തുഫ്ഫ്….

ദേവു കഴിഞ്ഞ ആഴ്ച കൂടി വന്നു പോയതല്ലേ അമ്മേ…നമ്മൾ അല്ലാതെ അവൾക്കാരാ…

അവൾക്ക് ആരൊക്കെ ഉണ്ടെന്ന് നീയും ഒന്ന് തിരക്കി നോക്കുന്നത് നല്ലതാ….

അല്ലെങ്കിൽ… തൊട്ടാൽ തെറിക്കണ പ്രായത്തിൽ കെട്ട്യോനെ കൂടേന്നു മാറ്റണെ തക്കതായ കോളെന്തേലും കാണാതിരിക്കില്ല…കരുതിയിരുന്നോ നീയ്…

മറുത്തൊന്നും പറഞ്ഞില്ല… അമ്മയെ എതിർക്കുന്നത് എന്റെ ദേവൂന് ഇഷ്ടല്ല അതുകൊണ്ട് മാത്രം…

പാവം പെണ്ണ് നിന്നെ എനിക്ക് അറിയില്ലേ…എനിക്ക് വേണ്ടി ജീവിച്ച് എന്നോടൊപ്പം ജീവിക്കാൻ നേരം നഷ്ടപ്പെട്ടവൾ…എന്റെ ഉണ്ണീടെ അമ്മ…നീ പിഴയ്ക്കുമെന്നോ… നല്ല കാര്യായി…

അമ്മയ്ക്കെന്താ പറയാൻ വയ്യാത്തത്…ദേവൂന് ഉള്ള ഉമ്മ ഉണ്ണീടെ കവിളത്തങ്ങ് കുത്തി വെച്ചു..അമ്മ വരുട്ടോ മോനേ കൊഞ്ചിക്കാൻ… ഇപ്പോ അച്ഛൻ മതിയടാ കുട്ടാ നിന്റെ സങ്കടം മാറ്റാൻ…

അനുസരണയോടെ അവൻ എന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നപ്പോൾ എന്റെ ഉള്ളിലെ പിതൃത്വം രോമാഞ്ചം കൊള്ളുന്നുണ്ടായിരുന്നു…പിറ്റേന്ന് കാലത്ത് പെങ്ങളും കുട്ട്യോളും മുറ്റത്ത് നിക്കണ കണ്ടു… കുട്ട്യോളെ മാറി മാറി അമ്മ കൊഞ്ചിക്കണ കാണുമ്പോളാണ് അമ്മയ്ക്ക് ഇതും വശമുണ്ടെന്ന് ഞാൻ അറിയണത്…ഉണ്ണിയെ മടിയിൽ വെച്ച് ഞാനും തിണ്ണയിൽ പോയിരുന്നു…

നിനക്ക് ഇന്ന് പോകണ്ട അല്ലേടാ…ഇന്ന് വന്നാൽ നീ ഇവിടെ കാണാമെന്നു കരുതിയാ വന്നേ…അളിയൻ അമ്മയ്ക്ക് കൊടുക്കാൻ വാങ്ങിയ സെറ്റ് മുണ്ട് സ്വാധീനം കുറഞ്ഞ കൈ കൊണ്ട് തന്നെ നിവർത്തികൊണ്ട് പെങ്ങൾ പ്രകടനം തുടങ്ങി…അതു കണ്ടതും അമ്മ എന്നേ ഒരു നോട്ടം…എത്രയായെടി മോളേ…. ഇതൊക്കെയാണ് മുണ്ട്…കഴിഞ്ഞ ആഴ്ച ദേവു നീട്ടിയ സെറ്റ് മുണ്ട് സെക്കന്റുകൾക്കുള്ളിലാണ് വടക്കേ തൊടിയിൽ പോയി കിടന്നത്… പാവം പിന്നാലെ പോയി എടുത്തോണ്ട് വരണതും കണ്ടു…

എന്റെ വയറ്റിൽ കുരുത്തില്ലേലും അവൻ എന്റെ മോനാ…അവന് നല്ലതേ വരു…വയ്യാത്ത കുട്ടി ആയിട്ട് പോലും എന്റെ മോളേ കെട്ടികൊണ്ട് പോയത് അവന്റെ മനസിന്റെ വലിപ്പമാ…മരുമോനെ ആന പുറത്ത് കേറ്റി എഴുന്നള്ളിക്കാനുള്ള പ്ലാനിൽ ആയിരുന്നു അമ്മ …..

അത്‌ അവന്റെ മനസിന്റെ വലിപ്പം കൊണ്ടല്ല പുരയിടത്തിന്റെ വലിപ്പം കണ്ടിട്ടാണ് എന്ന് പറയണമെന്നുണ്ടായിരുന്നു….

സന്തോഷമായിട്ട് പെങ്ങൾ നടത്തുന്ന കലാപരുപാടി ഇടയ്ക്ക് കേറി കുളമാക്കണ്ടെന്നു കരുതി…ഇവനെ കണ്ടാൽ നമ്മടെ കൂട്ടത്തിൽ പെട്ടതാന്ന് തോന്നുകെ ഇല്ല…..ഒരു ഐശ്വര്യം പോരാ…മോൻ സുന്ദരനാ അല്ലേ അച്ഛാ….പിന്നല്ലാതെ….എന്റെ മറുപടി ആ പിഞ്ചു മനസ്സിന് കൊടുത്ത ആശ്വാസം ഒരു ചൂടുമ്മയായി എന്റെ കവിളിൽ പതിച്ചിരുന്നു…അന്നത്തെ പ്രകടനം കഴിഞ്ഞു പെങ്ങൾ കുട്ടികളുമൊത്തു മടങ്ങി….

ദിവസങ്ങൾ കടന്നു പോയി എന്റെ പെണ്ണിന്റേം എന്റെയും വിയർപ്പിൽ…. ആരുടെയും മുന്നിൽ കൈ നീട്ടാതെ പതിയെ പതിയെ ഞങ്ങളുടെ സ്വപ്‌നക്കൂട് മണ്ണിൽ മേലെ ഉയർന്നു ഉയർന്നു വന്നു….

അവക്ക് പെട്ടന്ന് കാശ് ഉണ്ടാകുന്ന ജോലി എന്തെങ്കിലും ആണോടാ ഉള്ളത്….അമ്മയുടെ പരിഹാസം പലപ്പോഴും ദേവൂന് നേരെ ആയിരുന്നു….സർക്കാർ ഉദ്യോഗം എന്നാണ് പറച്ചിൽ അത്‌ കൊണ്ട് ചോദിച്ചതാണ്….

ഒരു പുഞ്ചിരിയിൽ അവൾ അന്നും മറുപടി ഒതുക്കി…

വീടിന്റെ പാലുകാച്ചു ദിവസം വന്നവരോടൊക്കെ അമ്മ പറയണകേട്ടു…കാശ് കുറേ കാണും അല്ലെങ്കിൽ രണ്ടു മുറിയും ഒരു അടുക്കളയും പോരാരുന്നോ… ഇതിപ്പോ നോക്കുന്നിടത്തെല്ലാം മുറിയാ ഇതൊക്കെ ആ അഹങ്കാരിയുടെ ആർഭാടം അല്ലാതെന്ത്….

കുറച്ചു ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം പെങ്ങളും പുള്ളാരും കരഞ്ഞു വിളിച്ചു കേറി വന്നു…. അളിയന് പുതിയ ഒരു സംബന്ധം ആയി പോലും ഇന്നലെ സന്ധ്യയ്ക്ക് അവളേം കൂട്ടി വീട്ടിൽ ചെന്നെന്ന്….അയാളുടെ തള്ളയില്ലേ അവർ പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തിപോലും….പുതിയ മരുമോളെ കണ്ടപ്പോൾ എന്റെ പെങ്ങൾക്ക് മൊഞ്ചു പോരെന്ന് അവരും പറഞ്ഞെന്ന്…. പിന്നെ പോലീസ് ആയി കേസ് ആയി അവസാനം പെങ്ങൾ സ്റ്റാൻഡിൽ എത്തി….

ദേവൂ അന്ന് വീട്ടിൽ ഉണ്ടായിരുന്നു…..ചേച്ചി ഇങ്ങ് കേറി വാ നമുക്ക് പരിഹാരം ഉണ്ടാക്കാം…പറയാതെ തന്നെ എന്റെ മനസറിഞ്ഞ് അവളിങ്ങനെ ഓരോന്ന് ചെയ്യും അപ്പോൾ എനിക്ക് കിട്ടുന്നൊരു സന്തോഷം ഉണ്ട്… അതിന് അവളിന്നും മുടക്കം വരുത്തിയില്ല…അമ്മ എന്റെ മുഖത്തേക്ക് നോക്കാതെ അകത്തേക്ക് കേറി പോയി….രാത്രിയേറെ വൈകിയാണ് അന്ന് ഞങ്ങൾ ഉറങ്ങിയത്..ചേച്ചിയുടെ കാര്യം കഷ്ടം തന്നെ അല്ലേ ഏട്ടാ…. അവൾ കൂടെ കൂടെ ചോദിച്ചു കൊണ്ടിരുന്നു….നേരമൊന്ന് വെളുക്കട്ടെ ഞാൻ വേണ്ടത് ചെയ്തോളാം…രാത്രിയുടെ നിശബ്ദതയിൽ ഹാളിൽനിന്ന് അമ്മേടേം പെങ്ങളുടെം സംസാരം താഴ്ന്ന ശബ്ദത്തിൽ ഞങ്ങൾക്ക് കേൾക്കാമായിരുന്നു…..

അന്നാ പെണ്ണ് മുറി പണിഞ്ഞു കൂട്ടിയതിന് ഞാൻ പറയാനിനിയൊന്നും ബാക്കിയില്ലഅവൾ ആ പഴയ കൂരയിൽ കിടക്കാൻ തന്നെ ആയിരുന്നു. തീരുമാനിച്ചിരുന്നതെങ്കിൽ എന്റെ മോളിന്ന് കടത്തിണ്ണയിൽ ആകുമായിരുന്നുഅവള് സാധുവാ അവള് നിങ്ങളെ ഇവിടുന്നിറക്കില്ല….

അമ്മയ്ക്ക് എന്താ ഇത്ര ഉറപ്പ്….എന്റെ ഈ തൊഴിലിന് അവളായിട്ടല്ലേ എന്നേ പിടിച്ചു മുറ്റത്ത് തള്ളാത്തെ….അത്‌ തന്നെ ഉറപ്പ്….

അപ്പോൾ ബോധം ഉണ്ടല്ലേ….എന്നാലും ഞാനും എന്റെ പുള്ളാരും അനാഥരായില്ലേ…ഒരു എങ്ങലടിയിൽ അവള് സംസാരം ഉപേക്ഷിച്ചിരുന്നു…

നീ കരയാതെ പോയി കിടക്ക് അവള് ബുദ്ധിയുള്ള പെണ്ണാ എന്തേലും ഉപായം കണ്ടെത്തും…

അമ്മയുടെ സംസാരം കേട്ടപ്പോൾ ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു…. അവളിൽ നാണവും അഭിമാനവും സംതൃപ്തിയുമെല്ലാം നിറഞ്ഞിരുന്നു അപ്പോൾ….

ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ….പുലിവാൽ കല്യാണത്തിലെ സലിം കുമാറേട്ടന്റെ ശബ്ദത്തിൽ അവളെന്നോട് ചോദിച്ചു…..പൊട്ടിച്ചിരിച്ചു പോയി ഞാൻ….

പതുക്കെ അവര് കേൾക്കും….എന്റെ പെണ്ണെ നീയൊരു സംഭവം തന്നെ….. വെറുത്തവരെ പോലും നീ മെരുക്കിയെടുത്ത് കളഞ്ഞല്ലോ…. എപ്പോഴും ഇങ്ങനെ ഹാപ്പി ആയിട്ടിരിക്കാൻ എങ്ങനെ പറ്റുന്നു നിനക്ക്….എനിക്കുറക്കം വരുന്നു നിങ്ങൾ ഉറങ്ങുന്നില്ലേ വേണ്ടാ ഞാൻ ഉറങ്ങുവാ…. അവള് തിരിഞ്ഞു കിടന്നു…

കാലത്ത് ദേവു ജോലിക്ക് പോകാൻ ഒരുങ്ങി ഇറങ്ങിയപ്പോൾ പതിവില്ലാതെ ഒരു ചോറ് പൊതി അവളുടെ ബാഗിന്റെ അരികിൽ ഇരിപ്പുണ്ടായിരുന്നു….

ഞാൻ ഉണ്ടാക്കിയതാ മോളേ പുറത്തൂന് ഭക്ഷണം കഴിച്ചു നീയങ്ങു കോലം കെടുവാ ഒരു ദിവസോടെ വീട്ടിലെ വറ്റ് തിന്നാല്ലോ വെളുപ്പിനെ ഉണർന്ന് ഞാനതങ്ങു കെട്ടി പൊതിഞ്ഞു….

എന്നും അമ്മയുടെ ആട്ടും തുപ്പും കേട്ടിറങ്ങുന്ന അവളന്നു ചിരിച്ചു കൊണ്ടിറങ്ങി…. കഴുത്തിലെ താലിക്കൊപ്പം ഒരു സർക്കാർ ജോലിക്കാരിയുടെ ഐഡി കാർഡുകൂടി വന്നാൽ ദേ ഇങ്ങനെ ഇരിക്കും….

പറ്റുമെങ്കിൽ DUET അടിക്ക് മുത്തുമണികളെ ??..ജീവിതം അടിമുടി മാറും….

ശുഭം