പിന്നെയും എന്തൊക്കയോ പിറുപിറുത്തു കൊണ്ടിരുന്ന ശാന്ത കുഞ്ഞിനെയെടുത്ത് ധൃതിയിൽ നടന്ന് പോയി…

ശാന്ത

എഴുത്ത്: അനിൽ പി. മീത്തൽ

::::::::::::::::::::::::::::::::::::::

ശാന്ത എന്ന പേരുള്ള ഒരു നാടോടി സ്ത്രീ ഉണ്ടായിരുന്നു എൻ്റെ നാട്ടിൽ. ടൗണിനടുത്തുള്ള മൈതാനത്തിൽ കൂരകൾ കെട്ടി താമസിക്കുന്ന കൂട്ടത്തിൽപ്പെട്ടതാണവൾ. അവളുടെ കൂടെ എപ്പോഴും ഒരു പെൺകുട്ടിയുണ്ടാവും. അത് അവളുടെ മകളാണ്. ആറേഴ് വയസ് കാണും മകൾക്ക്. ചിന്നു എന്നാണ് അവളുടെ പേര്. ശാന്തയുടെ ഭർത്താവിനെ പറ്റി ആർക്കൊന്നുമറിയില്ല. അവളൊട്ട് പറയാറുമില്ല.

എൻ്റെ വീട് റോഡരികിലായത് കൊണ്ട് ഇങ്ങനെയുള്ള പലരും സ്ഥിരം കാഴ്ചകളാണ്.

ശാന്ത ഇരുണ്ട് ഉയരം കുറഞ്ഞിട്ടാണ്. നീളമുള്ള വായ തുറന്ന് ചിരിക്കുമ്പോൾ ചുവന്ന് കറപിടിച്ച പല്ലുകൾ കാണാം. മുറുക്കാൻ ചവച്ചിട്ടാണ് പല്ല് ചുവന്നെതെന്ന് കരുതണ്ട. ശാന്തക്ക് മണ്ണുതിന്നുന്ന സ്വഭാവം ഉണ്ടത്രേ. അങ്ങനെയാണ് പല്ലിന് ചുവപ്പ് നിറം വന്നത്.

ചിന്നു കാണാൻ ശാന്തയെ പോലെയല്ല. അല്പം കൂടി നിറം വെച്ച്, ഭംഗിയുള്ള കണ്ണുകളുള്ള ഓമനത്തം തോന്നിക്കുന്ന കുട്ടി. എണ്ണമയമില്ലാത്ത മുടിയിഴകൾ എപ്പോഴും പാറി പറക്കുന്നുണ്ടാവും. നിറമില്ലാത്ത കുപ്പായമിട്ട് എപ്പോഴും അമ്മയുടെ സാരി തുമ്പും പിടിച്ച് നിൽക്കുന്ന ചിന്നു എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു.

ശാന്ത എല്ലാവരിൽ നിന്നും സഹായം സ്വീകരിക്കില്ല. ഇഷ്ടപ്പെടുന്ന വീടുകളിൽ മാത്രം പോകും. അങ്ങനെയുള്ള വീടുകളിൽ ഒന്നായിരുന്നു എൻ്റേത്. എൻ്റെ അമ്മക്ക് ശാന്തയെയും ചിന്നുവിനേയും വല്യ ഇഷ്ടമായിരുന്നു.

ശാന്ത മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിൽ വരും. വെറുതെ ആരിൽ നിന്നും പണം സ്വീകരിക്കില്ല. തനിക്ക് അറിയാവുന്ന പണികൾ ചെയ്തു കൊടുക്കും. കവുങ്ങിൻ്റെ പട്ടകൊണ്ട് മാച്ചിൽ (ചൂല്) ഉണ്ടാക്കാനറിയാം ശാന്തക്ക്. അങ്ങനെയുള്ള ചെറിയ പണികൾ ചെയ്തു കഴിഞ്ഞാൽ അമ്മ ഭക്ഷണവും കുട്ടിക്ക് പഴയ ഉടുപ്പും പണവും നൽകി പറഞ്ഞയക്കും.

ശാന്തയോട് അമ്മ മണിക്കുറുകളോളം സംസാരിക്കുന്നത് കാണാറുണ്ട്. ശാന്തയുടെ ഭാണ്ഡത്തിൽ ഒരു മൂർച്ചയേറിയ ഒരു കത്തിയുണ്ട്. സ്വയം രക്ഷക്ക് വേണ്ടി കരുതുന്നതാണത്രേ. ചിലർക്കെതിരെ കത്തി വീശിയ കഥകളൊക്ക അമ്മയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഞാനൊക്കെ ശാന്തയോട് എന്തെങ്കിലും സംസാരിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ കുട്ടിയെയെടുത്ത് ഓടിയൊളിക്കും. ചിലപ്പോൾ കണ്ണുപൊത്തും. അപൂർവാവസരങ്ങളിൽ അവ്യക്തമായി എന്തെങ്കിലും പിറുപിറുക്കും. ചിലപ്പോൾ തോന്നിയുട്ടുണ്ട് ശാന്തക്ക് എവിടെയോ പിരി ലൂസായി കിടക്കുകയാണെന്ന്. ഒരു പക്ഷെ പലരിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രവുമായിരിക്കാം.

ഞാൻ ഒരിക്കൽ ശാന്തയോട് ചോദിച്ചു. ശാന്തേ നിനക്ക് കുറച്ച് വൃത്തിയായി നടന്നൂടെന്ന്.

ശാന്ത കുറച്ച് സമയം ഒന്നും മിണ്ടിയില്ല. പിന്നീട് പതിവില്ലാത്ത ഗൗരവത്തിൽ എന്നെ നോക്കാതെ അമ്മയോട് പറഞ്ഞു “വെടിപ്പായി നടന്നാൽ രാത്രി കിടത്തി പൊറുപ്പിക്കില്ല അവറ്റകൾ. ചെറുതിനേം ഉപദ്രവിക്കും. അതോണ്ട് രാത്രി ഞാൻ ഉറങ്ങാറുമില്ല ” ശാന്തയുടെ മുഖം വരിഞ്ഞു മുറുകന്നുണ്ടായിരുന്നു. പിന്നെയും എന്തൊക്കയോ പിറുപിറുത്തു കൊണ്ടിരുന്ന ശാന്ത കുഞ്ഞിനെയെടുത്ത് ധൃതിയിൽ നടന്ന് പോയി. അമ്മയുടെ മുഖത്ത് നോക്കുവാൻ പറ്റാതെ ഞാനും മെല്ലെ സ്ഥലം കാലിയാക്കി. പിന്നെ ശാന്തയെ ഞാൻ കണ്ടിട്ടില്ല. ജോലി കിട്ടിയതിനെ തുടർന്ന് ഞാൻ നാടു വിടുകയും ചെയ്തു.

വർഷങ്ങൾക്ക് ശേഷം നാട്ടിൽ ലീവിന് വന്നപ്പോൾ പല നാട്ട് കാര്യങ്ങളും സംസാരിക്കുന്നിതിനിടയിൽ ഞാൻ ശാന്തയെ കുറിച്ച് അമ്മയോട് ചോദിച്ചു.

ശാന്ത ഇപ്പോൾ ജീവിച്ചിരുപ്പില്ല. എന്തോ അസുഖം വന്ന് മരണപ്പെട്ടു. ആരോ ചിന്നുവിനെ ഏതോ അനാഥാലയത്തിൽ കൊണ്ടാക്കുകയും ചെയ്തുവത്രേ.

ശാന്തയുടെ മകളെ കുറിച്ചായിരുന്നു എന്റെ ചിന്ത. അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് എന്നെ ഒളിഞ്ഞ് നോക്കിയിരുന്ന കുട്ടിത്തം മാറാത്ത ചിന്നുവിന്റെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല. എന്തായാലും ലീവ് തീരാൻ കുറച്ച് ദിവസങ്ങളുള്ളത് കൊണ്ട് ചിന്നുവിനെ പറ്റി അന്വേഷിക്കാൻ തന്നെ തീരുമാനിച്ചു. പൊതുവെ നാടോടികൾ ഒരിടത്തും സ്ഥിരമായി നിൽക്കാറില്ല. ആ കുട്ടിയും ഒരു പക്ഷെ അനാഥാലയത്തിൽ നിന്ന് ഓടി പോയിട്ടുണ്ടാവാം. എന്നാലും ഒന്നു ശ്രമിച്ച് നോക്കാം. (നമ്മൾ എടുക്കുന്ന ചെറിയ ചില തീരുമാനങ്ങൾ ചിലരുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം)

ടൗണിലുള്ള സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ ആർക്കും ഒരു പിടിയുമില്ല. പിന്നീട് പത്ര പ്രവർത്തകനായ ഒരു സുഹൃത്താണ് ചിന്നു താമസിക്കുന്ന അനാഥാലയത്തിന്റെ അഡ്രസ് തന്നത്.

എന്റെ വീട്ടിൽ നിന്നും കുറെ ദൂരത്തായിരുന്നു അനാഥാലയം. ഞാൻ രാവിലെ തന്നെ സ്ഥലത്തെത്തി. മുറ്റത്ത് അവിടവിടെയായി പല പ്രായത്തിലുള്ള പെൺകുട്ടികൾ നിൽക്കുന്നുണ്ട്. എന്റെ കണ്ണുകൾ ചിന്നുവിനെ തിരയുകയായിരുന്നു. ഇപ്പോൾ എങ്ങനെയായിരിക്കും ചിന്നു. വളർന്ന് കൗമാരക്കാരിയായിട്ടുണ്ടാകും. എന്നെ കണ്ടാൽ തിരിച്ചറിയാൻ സാധ്യതയില്ല… ഞാൻ എന്ത് പറഞ്ഞ് അവളെ പരിചയപ്പെടും. പല ചിന്തകൾ എന്റെ മനസ്സലൂടെ കടന്ന് പോയി.

കുറച്ച് സമയം അവിടെ നിന്നതിന് ശേഷം ഓഫീസിൽ പോയി മേട്രനെ കണ്ടു. ഉയരം കൂടിയ അൽപം തടിച്ച മദ്ധ്യവയസ്കയായ സ്ത്രീയായിരുന്നു അവർ. തടിച്ച കണ്ണട വെച്ചിട്ടുണ്ട്. എൻ്റെ വരവിൻ്റെ ഉദ്ദേശം ഞാനവരോട് പറഞ്ഞു. കുറച്ച് നേരത്തെ മൗനത്തിന് ശേഷം അവർ ചോദിച്ചു.

“നിങ്ങൾ ആ കുട്ടിയുടെ ആരാണ്”

“ആരുമല്ല. ഈ കുട്ടി ചെറുപ്പത്തിൽ അമ്മയോടൊപ്പം എൻ്റെ വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നു. കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ലാന്ന് ഇപ്പോഴാണ് അറിഞ്ഞത്. ആ കുട്ടിയെ ഒന്ന് കാണണം… എന്തെങ്കിലും സഹായം വേണമെങ്കിൽ ചെയ്യണമെന്നുമുണ്ട്..” ഞാൻ പറഞ്ഞു.

മേട്രൻ കുറച്ച് നേരം എന്തോ ആലോചിച്ചിരുന്നു. പിന്നെ മുഖത്ത് നിന്ന് കണ്ണട മാറ്റി കൊണ്ട് പറഞ്ഞു

“ചിന്നുവിനെ കാണാൻ നിങ്ങൾക്ക് പറ്റില്ല. ചിന്നു… അവൾ ജയിലിലാണ്. ഒരു കൊലപാതക കേസിൽ അഞ്ചു വർഷത്തേക്ക് ശിക്ഷിച്ചിരിക്കുകയാണ്”

എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ഞാൻ വീണ്ടും അവരോട് പറഞ്ഞു.

“നിങ്ങൾക്ക് ആളെ മാറിയതായിരിക്കും. ഞാൻ ഉദ്ദേശിക്കുന്നത് ശാന്തയുടെ മകൾ ചിന്നുവിനെയാണ്. അവൾ ചെറിയ കുട്ടിയല്ലെ… അവൾക്കെങ്ങനെ കൊലപാതകമൊക്കെ ചെയ്യാൻ പറ്റും “ഞാൻ ഉദ്വേഗത്തോടെ ചോദിച്ചു.

“നിങ്ങൾ പറയുന്ന ചിന്നുവിന്റെ കാര്യം തന്നെയാണ് ഞാൻ പറഞ്ഞത്. വിശ്വസിക്കാൻ പ്രയാസമായിരിക്കുമെന്ന് അറിയാം. പക്ഷെ വിശ്വസിച്ചേ പറ്റൂ” മേട്രൻ നടന്ന കാര്യങ്ങൾ വിശദമായി പറയാൻ തുടങ്ങി.

“ചിന്നുവിനെ അനാഥാലയത്തിൽ എത്തിക്കുമ്പോൾ ഞാൻ ചാർജെടുത്ത് അധിക ദിവസമായിട്ടുണ്ടായിരുന്നില്ല. ആദ്യത്തെ മൂന്ന് നാല് ദിവസം ചിന്നു അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞിരുന്നത് ഇന്നും എനിക്കോർമ്മയുണ്ട്. മറ്റു കുട്ടികളുമായി കൂട്ടു കൂടാൻ മടിയായിരുന്നു അവൾക്ക്. ഒന്ന് രണ്ട് പ്രാവശ്യം ഒളിച്ചോടാനും ശ്രമിച്ചുരുന്നു. ക്രമേണ ചിന്നുവിൻ്റെ സ്വഭാവത്തിൽ നല്ല മാറ്റങ്ങളുണ്ടായി. അവൾ മറ്റുള്ള കുട്ടികളുമായി കൂട്ട് കൂടാൻ തുടങ്ങി. പതുക്കെ ചിന്നു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു”

മേട്രൻ തുടർന്നു.

“അനാഥാലയത്തിലെ കുട്ടികൾ പഠിച്ചിരുന്നത് ഇതിനടുത്തുള്ള ഒരു ക്ഷേത്ര ട്രസ്റ്റ് നടത്തുന്ന സ്കൂളിലായിരുന്നു. ചിന്നുവിനേയും അവിടെ ചേർത്തു. ചിന്നുവിന് സ്കൂളിൽ പോകാൻ വലിയ ഉത്സാഹമായിരുന്നു. ചിന്നു പിഠിച്ച് മിടുക്കിയായി വളർന്നു. എസ് എസ് എൽ സി യും പ്ലസ് ടു വും നല്ല മാർക്കോടെ ജയിച്ചു. ഡിഗ്രി മൂന്നാം വർഷത്തിലെ അവസാന പരീക്ഷയുടെ തലേന്നാണ് ചിന്നുവിൻ്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവമുണ്ടായത്.

മുൻപ് പല തവണ തന്നോട് മോശമായി പെരുമാറിയ ഇവിടെതന്നെയുള്ള ഒരു സ്റ്റാഫിനെതിരെ ചിന്നു എനിക്ക് പരാതി തന്നിരുന്നു. ഞാൻ അയാൾക്ക് താക്കീത് കൊടുത്തതുമായിരുന്നു. ഒരു പക്ഷെ അതിനുള്ള പ്രതികാരമായിട്ടായിരിക്കാം ചിന്നുവിനെ തന്റെ മുറിയിലേക്ക് വരുത്തി മാനഭംഗപ്പെടുത്താൻ അയാൾ ശ്രമിച്ചു. മൽപിടുത്തത്തിനിടയിൽ തന്റെ കെയ്യിൽ കിട്ടിയ ഇരുമ്പ് വടിയെടുത്ത് ചിന്നു അയാളുടെ തലക്കടിച്ചു. സ്വയം രക്ഷയ്ക്ക് വേണ്ടി ചെയ്തതാണെങ്കിലും അടികൊണ്ടത് മർമ്മത്തായിരുന്നു. അടിയേറ്റ അയാൾ അലറി വിളിച്ചു. ശബ്ദം കേട്ട് വന്നവർ കണ്ടത് ചോരയിൽ മുങ്ങി മരിച്ചു കിടക്കുന്ന ജീവനക്കാരനേയും മുറിയുടെ മൂലയിൽ പേടിച്ച് വിറച്ച് ഇരുമ്പ് വടിയുമായി തളർന്നിരിക്കുന്ന ചിന്നുവിനെയുമാണ്.

മേട്രൻ പറഞ്ഞു നിർത്തി. കുറച്ച് നേരം ഒന്നും സംസാരിക്കാനാവാതെ ഞാനിരുന്നു. നമുക്കിടിയിൽ നിശബ്ദത നിറഞ്ഞു നിന്നു. ഹൃദയത്തിന് വല്ലാത്ത ഭാരം അനുഭവപ്പെട്ടു. ചിന്നുവിനെ കാണാനുള്ള ശ്രമം ഉപേക്ഷിച്ചാലോ എന്ന് വരെ തോന്നി. പക്ഷ മനസ്സിലെവിടെയോ ജയിലഴിക്കുള്ളിലെ ചിന്നുവിന്റെ ദയനീയ മുഖം ഓർമ്മ വരുന്നു. ചിന്നുവിന്റെ വിലാപം കാതിൽ അലയടിക്കുന്നു. ഇന്നലെ വരെ എന്റെ ആരുമല്ലാതിരുന്നവൾ ഇന്ന് ആരെല്ലാമായോ തീരുന്നു. ഞാൻ ചിന്നുവിനെ തേടിയുള്ള യാത്ര വീണ്ടും തുടരാൻ തീരുമാനിച്ചു. (നമ്മുടെ ചെറിയ ചില തീരുമാനങ്ങൾ ചിലരുടെ ജീവിതം തന്നെ മാറ്റി മറിക്കും)

അനാഥാലയത്തിൽ നിന്ന് ഞാൻ നേരെ പോയത് അഭിഭാഷക സുഹൃത്തായ അഡ്വ. ആൻസിയുടെ ഓഫിസിലേക്കായിരുന്നു. ആൻസി സമൂഹത്തിൽ പാർശ്വവൽക്കരിപ്പെടുന്ന പെൺകുട്ടികളെ പുനരധിവസിപ്പിക്കുന്ന ഒരു സംഘടനയുടെ സജീവ പ്രവർത്തകയാണ്. ആൻസിയോട് ചിന്നുവിന്റെ കാര്യങ്ങൾ വിശദീകരിച്ചു. ആൻസി തന്നെ കാര്യങ്ങൾ ഏറ്റെടുത്തു. പിന്നീട് കാര്യങ്ങൾ വേഗത്തിലായി. ചിന്നുവിന്റെ കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഹൈക്കോടതിയിൽ റിവ്യു ഹർജി ഫയൽ ചെയ്തു. പ്രഗത്ഭനായ വക്കിലിനെ വെച്ച് വാദിച്ചു. കോടതി സംഭവത്തിൽ ചിന്നുവിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി തടവ് ഇളവ് ചെയ്ത് കൊടുത്തു. അതുവരെ അനുഭവിച്ച തടവ് ശിക്ഷ മതിയെന്ന് തീരുമാനിച്ച് ചിന്നുവിനെ ഉടൻ റിലീസ് ചെയ്യാൻ കോടതി ഉത്തരവിട്ടു.

ചിന്നുവിനെ ജയിലിൽ നിന്ന് നേരെ കൂട്ടികൊണ്ടു പോയത് ആൻസിയുടെ സംഘടന നടത്തുന്ന പെൺകുട്ടികൾക്കായുള്ള ഹോം സ്റ്റേയിലേക്കാണ്. അവിടെ നിന്ന് ചിന്നു ബിരുദം പൂർത്തിയാക്കി. പിന്നീട് ആൻസിയുടെ ഉപദേശ പ്രകാരം എൽ. എൽ. ബി എഴുതിയെടുത്തു. ചിന്നു ഇപ്പോൾ ആൻസിയുടെ ജൂനിയറായി ജോലി ചെയ്യുന്നു.

*****************************

ഇന്ന് ചിന്നുവിന്റെ വിവാഹമാണ്. വളരെ ലളിതമായ ചടങ്ങിൽ അഡ്വ. രവി ശങ്കർ ചിന്നുവിന് മിന്നുകെട്ടി. ആൻസിയുടെ തന്നെ ജൂനിയറായ രവിശങ്കർ ചിന്നുവിന്റെ എല്ല കാര്യങ്ങളും അറിഞ്ഞു തന്നെ ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുയായിരുന്നു.

തന്റെ മകൾ പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കുന്നത് കണ്ട് ശാന്തയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.