നിനക്കായ് മാത്രം ~ ഭാഗം 10, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ദേവൻ സംശയത്തോടെ ഗൗരിയുടെ മുഖത്തേയ്ക്ക് നോക്കിയതും ദേവന്റെ വലതുകൈ എടുത്തവൾ അവളുടെ നെഞ്ചിൽ വെച്ചവന്റെ കണ്ണുകളിലേക്ക് നോക്കിനിന്നു.അതിവേഗത്തിൽ മിടിക്കുന്ന അവളുടെ ഹൃദയത്തെയും, കണ്ണുകളിൽ അലയടിക്കുന്ന അവളുടെ പ്രേണയത്തെയും അവൻ തിരിച്ചറിഞ്ഞു.രണ്ടുപേരും ഒരു നിമിഷം അവരെ തന്നെ മറന്നിരുന്നു….കുറച്ച് നേരത്തിനു ശേഷം പരസ്പരം അകന്നു മാറി നിന്നു.

“””ഇപ്പോൾ ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട് ഗൗരി നിനക്ക് ഈ നിമിഷം ശബ്‌ദമുണ്ടായിരുന്നെങ്കിലെന്ന്….നിനക്കെന്നെ ഇഷ്ട്ടമാണെന്ന് നിന്റെ ശബ്ദം കൊണ്ട് കേൾക്കാൻ…..നിന്റെ ദേവേട്ടാ എന്ന വിളി കേൾക്കാൻ കൊതി തോന്നുന്നുണ്ട്…..ഒരുപാട് നാളായി ഞാൻ എന്റെ ഉള്ളിൽ മൂടി വെച്ച എന്റെ പ്രണയത്തെ നീ എനിക്ക് തിരിച്ചു തരുമ്പോൾ ഒരു തവണ എങ്കിലും നിന്റെ നാവ് കൊണ്ട് കേൾക്കാൻ….പക്ഷേ ഈ ജന്മം ആ വിധി ഇല്ലെങ്കിലും അടുത്ത ഒരു ജന്മമുണ്ടെങ്കിൽ എനിക്കീ ശബ്ദത്തെ മതിവരുവോളം കേൾക്കണം….ഇനി നിനക്ക് ശബ്ദമായി ഞാൻ ഉണ്ടാകുമിനിയുള്ള ജീവിതത്തിൽ, എന്റെ ആയുസറ്റ്‌ പോകുന്നത് വരെ……””

അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് കൊണ്ട് ദേവനതു പറഞ്ഞതു ഗൗരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.അവനവളുടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റിയവളുടെ നെറ്റിമേലൊന്ന് വാത്സല്യപൂർവ്വം ചുംബിച്ചു. കുറച്ച് നിമിഷം ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു ഗൗരി. കഴിക്കാൻ പുറത്തേക്ക് പോകാൻ നിന്ന ദേവന്റെ കയ്യിൽ പിടിച്ചു തടഞ്ഞു വെച്ചു. അവൾക്കുള്ള ഭക്ഷണവും എടുത്ത് ഒന്നിച്ച് പുറത്തേക്ക് പോയി. മുറ്റത്തെ ഇരുട്ടിലേക്ക് നോക്കി ഒന്നിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് പരസ്പരം നോക്കി കഴിച്ചു കൊണ്ടിരുന്നു. ജോലിയെല്ലാം തീർത്ത് കിടക്കാൻ വന്നപ്പോൾ കട്ടിലിൽ കിടക്കുന്ന ദേവനെയാണ് കണ്ടത്.താഴെ വിരിച്ചു കിടക്കുന്ന പായ പോലും എടുത്ത് പൊക്കത്തു വെച്ചിട്ടുണ്ട്. സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പുരികം ഉയർത്തി ചോദിച്ചു.

“”എനിക്ക് വല്ലാത്ത നടുവേദന. നിലത്തു കിടന്നാൽ ചിലപ്പോൾ തണുപ്പ് തട്ടി വീണ്ടും വേദന വന്നാലോ. അതുകൊണ്ടാണ് കട്ടിലിൽ കയറി കിടന്നത്.പിന്നെ ഞാൻ കാരണം നീ നിലത്തു കിടക്കേണ്ട.എനിക്കതു വിഷമമാകും…””

മുഖത്ത് സങ്കടം നിറച്ചു പറയുന്ന ദേവനെ കണ്ടു ചിരി വരുന്നുണ്ടായിരുന്നു ഗൗരിയ്ക്ക്.

“”പിന്നെ ഇവിടെ സ്ഥലമുണ്ടല്ലോ.നീ ഇവിടെ കിടന്നോ.””

കട്ടിലിന്റെ മറുവശം ചൂണ്ടി കാണിച്ചായിരുന്നു പറഞ്ഞത്.

“”ഞാൻ അടുത്തേക്ക് വരില്ല. ഞാനീ മൂലയിലെങ്ങാനും കിടന്നോളാം.””

അവളുടെ നോട്ടം കണ്ട് പെട്ടെന്ന് തന്നെ പറഞ്ഞു. വേഗം പുതപ്പെടുത്തു തലവഴി മൂടി കിടന്നു ദേവൻ. ഗൗരി അവനെ തന്നെ കുറച്ച് നേരം നോക്കി നിന്നു.പുതപ്പിനിടയിലൂടെ ഒളിഞ്ഞു നോക്കിയതും ഗൗരി കണ്ടെന്നായപ്പോൾ വീണ്ടും മൂടി പുതച്ചു കിടന്നു. ഓരോരത്തവനോടൊത്തു കിടക്കുമ്പോഴും എന്തോ ആ പെണ്ണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയും, കവിളിണകളിൽ നാണവും അവൻ കാണാതെ വിരിഞ്ഞിരുന്നു.

????????

അമ്പലത്തിലെ ഉമാമഹേശ്വരന്റെ മുന്നിൽ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു. ഒരിക്കൽ ഈ തിരുനടയിൽ വെച്ച് ഈ താലി കഴുത്തിൽ വീണപ്പോൾ ഒരുപാട് സങ്കടം തോന്നിയിരുന്നു. എന്നാൽ ഇന്ന് ഈ താലി തന്റെ ബലവും, ആത്മവിശ്വാസവുമാണ്. ജ്വാലിക്കുന്ന കർപ്പൂരം കൈകൊണ്ടുഴിയുന്നതിനോടൊപ്പം താലിയും കൂടെ ഉഴിഞ്ഞു. ചന്ദനവും തൊട്ട് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ കണ്ടു അമ്പലത്തിലേക്ക് വരുന്ന ദേവുവിനെയും, ദുർഗകുട്ടിയേയും. ദുർഗകുട്ടി കണ്ടപാടെ ഓടി വന്നു.മുഖം നിറയെ ഉമ്മ വെച്ചുകൊണ്ടിരുന്നു.

“”എന്റെ പെണ്ണേ നീ ഇവളെ ഇന്ന് കൊല്ലുമോ?””

ദുർഗയെ പിടിച്ചു മാറ്റി നിർത്തിയായിരുന്നു ദേവു അത് ചോദിച്ചത്.

“”പാറേച്ചി വീട്ടിലേക്കു വാ. ചേച്ചി ഇല്ലാഞ്ഞിട്ടൊരു രസോം ഇല്ല. ഈ ദേവേച്ചി എന്നും എന്നോട് വഴക്ക് കൂടും.വാ പാറേച്ചി “”

അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

“”ആദ്യം ഒന്ന് പ്രാർത്ഥിക്കെട്ടെ. അത് കഴിഞ്ഞ് എവിടെയാണെന്ന് വെച്ചാൽ പോകാം””

ഗൗരിയോട് കാത്തു നിൽക്കാൻ പറഞ്ഞ് ദേവുവും, ദുർഗാകുട്ടിയും കൂടി തൊഴാൻ പോയി. ഇറങ്ങിയതും ദുർഗകുട്ടി ഓടി വന്നു ഗൗരിയുടെ കയ്യിൽ പിടിച്ചു. അവർ ഒന്നിച്ച് നടന്നു.

“”ഇന്ന് നിന്റെ പിറന്നാളല്ലേ പാറു. നീ അത് മറന്നോ? എല്ലാ വർഷവും നിന്റെ പിറന്നാൾ എത്ര രാസായിട്ടാണ് നമ്മൾ വീട്ടിൽ ആഘോഷിക്കാറ്. ഇന്ന് പക്ഷേ..?””

ദേവുവിന്റെ മുഖത്ത് നിരാശ തോന്നി.

“”നിങ്ങൾ വാ…കുറച്ച് കഴിഞ്ഞ് പോകാം വീട്ടിലേക്ക് “”

അവരോടായി പറഞ്ഞ് കൊണ്ടവരെ പിടിച്ചു വലിച്ചു കൊണ്ട് പോയി ഗൗരി. വീട്ടിൽ എത്തിയപ്പോഴേ കണ്ടു തലയിൽ തോർത്ത്‌ കെട്ടി അടുക്കളയിൽ പച്ചക്കറി അറിഞ്ഞു നിൽക്കുന്ന ദേവനെ

“”വല്യേട്ടാ….””

ദുർഗ്ഗ കുട്ടി അവനെ കണ്ടപാടെ ചെന്ന് കെട്ടി പിടിച്ചു.

“”ഏട്ടന്റെ ദുർഗകുട്ടി സുന്ദരി ആയി അമ്പലത്തിൽ പോയതാണോ?””

അവളെ എടുത്ത് കൊണ്ടവൻ ചോദിച്ചു.

“”എന്റെ ഏട്ടാ പത്തു വയസായി ആ പെണ്ണിന് എന്നിട്ടും അതിനേം എടുത്ത് കൊഞ്ചിക്കുന്നത് കണ്ടില്ലേ അയ്യേ…. “” ദേവു കുശുമ്പോടെ കളിയാക്കിയതും ദേവനും ദുർഗയും അവളെ ദേഷ്യത്തോടെ നോക്കി.

“”നിനക്ക് അസൂയയല്ലെടി.ഇവൾക്കെത്ര വയസായാലും എനിക്ക് എന്റെ കുഞ്ഞനിയത്തി തന്നെയാ. നീ നോക്ക് ഇവളെ ഇതിനെ കണ്ടാൽ പത്തു വയസുണ്ടെന്നു ആരെങ്കിലും പറയുമോ?””

അതും പറഞ്ഞ് കൊണ്ട് അവളുടെ തലയിൽ ഒന്ന് കൊട്ടി ദേവൻ. എല്ലാം കണ്ടു ചിരിച്ചു കൊണ്ട് നിന്ന ഗൗരിയെ ദേവൻ ഒന്ന് നോക്കി നിന്നു.

“”അല്ല ഏട്ടാ എന്താ രാവിലെ തന്നെ അടുക്കളയിൽ ഒരു യുദ്ധം?””

ദേവു സംശയത്തോടെ നോക്കിയതും ദേവൻ ഒന്ന് ചിരിച്ചു കൊണ്ട് ദുർഗാകുട്ടിയെ താഴെ ഇറക്കി.

“”ഇന്ന് ഗൗരിയുടെ പിറന്നാൾ അല്ലേ. അപ്പോൾ ഒരു കുഞ്ഞ് സദ്യ ഉണ്ടാക്കാം എന്ന് വെച്ചു.””

ദേവൻ അത് പറഞ്ഞതും എല്ലാരും അവനെ അത്ഭുതത്തോടെ നോക്കി.

“”ഏട്ടനതൊക്കെ ഓർമ്മയുണ്ടോ?””

“”പിന്നെ ഓർമയിലാതെ എന്റെ ഭാര്യയുടെ പിറന്നാൾ ഞാൻ അല്ലാതെ ആര് ഓർക്കും. നിങ്ങൾ ഇങ്ങനെ നോക്കി നിൽക്കാതെ വാ. എന്നിട്ട് എന്നെ ഒന്ന് സഹായിക്ക്. ഇപ്പോൾ ശിവൻ വരും കേക്കും കൊണ്ട്. വീട്ടിൽ ഉള്ളപ്പോൾ നല്ല രീതിയിൽ ആഘോഷിച്ചിരുന്നതല്ലേ ആളുകളെ ഒക്കെ വിളിച്ച്. അത്രക്കൊന്നും ഇല്ലെങ്കിലും ചെറുതായി എന്തെങ്കിലും ചെയ്യാം എന്ന് വെച്ചു.””

അത് പറഞ്ഞ് കൊണ്ട് വീണ്ടും പച്ചക്കറി അരിയാൻ തുടങ്ങി.

“”പിറന്നാളുകാരി ചെന്നിരിക്ക്. ഞാനും ഇവളും ചെയ്‌തോളം.””

ഗൗരി അടുക്കളയിൽ കയറിയതും അവളെ ദേവൻ പുറത്തേക്ക് ഇറക്കി. കുറച്ച് സമയത്തിന് ശേഷം ശിവൻ കേക്ക് കൊണ്ട് വന്നു. അവനും അടുക്കളയിൽ അവരെ സഹായിച്ചു. ഒന്നിച്ച് സദ്യ ഒരുക്കി. എല്ലാരും ചേർന്ന് കേക്ക് മുറിച്ച്, സദ്യ കഴിച്ചാപിറന്നാൾ ആഘോഷിച്ചു.

?????????

രാത്രി മുറിയിലേക്ക് വന്ന ഗൗരി കട്ടിലിൽ ഇരിക്കുന്ന ഒരു സമ്മാനപൊതി കണ്ടത്.അത് നോക്കി സംശയത്തോടെ നോക്കി നിന്നപ്പോഴാണ് തോളിൽ ഒരു സ്പർശനമറിഞ്ഞത്.ഗൗരി ഒന്ന് തിരിഞ്ഞു നോക്കി.

“”നിനക്കാണ് ഗൗരി. നിനക്കുള്ള എന്റെ പിറന്നാൾ സമ്മാനം.ഒന്ന് തുറന്നു നോക്ക് “”

അവളോട്‌ അത് പറഞ്ഞ് കൊണ്ടവൻ കട്ടിലിൽ ഇരുന്നു. ഗൗരി ആകാംഷയോടെ ആ പൊതി അഴിച്ചു നോക്കി. ഒരു കുഞ്ഞ് പെട്ടിയിൽ ഒരുപാട് മുത്തുകളുള്ള കിലുങ്ങുന്ന വെള്ളികൊലുസ്സായിരുന്നു. അവൾ അത് കയ്യിൽ എടുത്ത് ചെവിക്കടുത്തു വെച്ചു കിലുക്കി. നല്ല ശബ്ദത്തോടെ കിലുങ്ങുന്നുണ്ട്. അവളുടെ മുഖത്ത് മിന്നി മായുന്ന ഭാവങ്ങൾ കൊതിയോടെ കാണുകയായിരുന്നു ദേവൻ.

“”ഇഷ്ട്ടായോ നിനക്ക്…?””

ദേവൻ അവളോട്‌ ചോദിച്ചതും സന്തോഷത്തോടെ തലയാട്ടി. കട്ടിലിൽ ഇരുന്നു അത് കെട്ടാനായി ഇരുന്നതും ദേവനവളെ തടഞ്ഞു.

“”ഞാൻ കെട്ടിത്തരാം “”

അവളുടെ രണ്ട് കാലിലും കൊലുസ് കെട്ടി കൊടുത്തു്. കൊലുസ്സു ചുറ്റി പിണഞ്ഞു കിടക്കുന്ന അവളുടെ കാലുകൾക്ക് കുറച്ച് കൂടി ഭംഗി കൂടിയിരുന്നു. ഗൗരി അതിന്റെ ഭംഗി നോക്കി കട്ടിലിൽ ഇരുന്നപ്പോഴാണ് ദേവനവളുടെ കാലിൽ ഒന്ന് ചുംബിച്ചത്.ഗൗരി ഒന്ന് ഞെട്ടി കൊണ്ടവന്റെ മുഖത്തേക്ക് നോക്കി.

“”ഇനി നീ ഈ വീട്ടിൽ എവിടെ ഉണ്ടെങ്കിലും എനിക്കത് മനസിലാക്കാൻ കഴിയും. നീ എന്റെ അടുത്തേക്ക് വരുമ്പോഴും, എന്റെ അടുത്ത് നിന്നും പോകുമ്പോഴുമെല്ലാം നിന്റെ ശബ്ദത്തിനു പകരം ഈ കൊലുസ്സ് സംസാരിക്കും .””

അത് പറഞ്ഞ് കൊണ്ട് വീണ്ടും അവളുടെ അടുത്ത കാലിലും അവൻ ചുംബിച്ചതും അവൾ അവളുടെ കണ്ണുകൾ ഇറുകെ മൂടി. പെട്ടെന്ന് എന്തോ അവനെ തള്ളിമാറ്റി ചിരിച്ചു കൊണ്ടവൾ പുറത്തേക്ക് ഓടി. അവളുടെ കാലുകൾ ചലിക്കുന്നതിനോടൊപ്പം ആ കൊലുസ്സുകളും ശബ്ദതത്തോടെ ചിരിക്കുന്നുണ്ടായിരുന്നു. കുറെ നേരം അടുക്കളയിൽ തന്നെ ചുറ്റി പറ്റി നിന്നു.പിന്നെ മുറിയിലേക്ക് എത്തിയപ്പോഴേക്കും ദേവൻ ഉറങ്ങിയിരുന്നു.ദേവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു.ഉറക്കം കണ്ണുകളെ തഴുകുമ്പോഴും അവന്റെ മുഖം അവ്യക്തമായി കണ്ടു.

തുടരും…

©️Copyright protected