റാസ്‌പുട്ടിൻ ഡാൻസിലൊരു പിടിപിടിക്കാമെന്ന് വെച്ചു. പക്ഷെ പെണ്ണൊരു തരത്തിലും വഴങ്ങുന്നില്ല…

Written by Ezra Pound

::::::::::::::::::::::::

ഈയിടെയായി മനസ്സിലൊരൊറ്റ ചിന്തയെയുള്ളൂ..എങ്ങനേലും ഒന്നു വൈറലാവണം..അയല്പക്കത്തുള്ളോരൊക്കെ ഇങ്ങക്ക് യൂടൂബിലെത്ര സബ്സ്ക്രൈബേർസ് ഉണ്ടെന്ന് ചോദിക്കുമ്പൊ തന്നെ തൊലിയുരിഞ്ഞു പോവും..

ആകെ അഞ്ഞൂറിൽ താഴേ സബ്സ്ക്രൈബേർസ് മാത്രമേ ഉള്ളൂന്ന് പറഞപ്പോ അവർക്കൊക്കെ ഒരു പുച്ഛം..ജീവിക്കണ്ടാന്നു തോന്നിപ്പൊയി..

വല്ല പാട്ടോ ഡാൻസോ ചെയ്യാമെന്ന് വെച്ചാത്തന്നെ കലാവാസന ഏഴയലക്കത്തൂടെ കടന്നു പോയിട്ടില്ല..പണ്ടൊരിക്കല് ഗ്രൂപ്പ്‌ മത്സരത്തിനുള്ള കവിതാലാപനം പ്രാക്ടീസ് ചെയ്തപ്പൊ അയല്പക്കത്തെ പോത്ത് കയറു പൊട്ടിച്ചോടിയതോടെ അതും നിർത്തി..കലാബോധമില്ലാത്ത പോത്ത്‌..

ഉമ്മാനെ വെച്ചെന്തേലും ചെയ്താലോ..പൊളിക്കും..ചിലരൊക്കെ കിടപ്പിലായ ഉമ്മൂമ്മാനെക്കൊണ്ട് വരെ ഡാന്സ് ചെയ്യിക്കുന്നില്ലേ..

ഉമ്മ നല്ലോണം പാടും..പണ്ട് ഓണാഘോഷത്തിന് പാടാൻ നിർബന്ധിച്ചപ്പോ….

“അല്ലാഹ് തിരുപേരും സ്തുതിയും സ്വലവാത്തും..അതിനാൽ തുടങ്ങുവാൻ..അരുൾ ചെയ്ത വേദാംബർ..” ന്നൊക്കെ പാടിത്തകർത്ത കഥ കേട്ടിട്ടുണ്ട്‌..അതീപ്പിന്നെ മാവെലി കേരളത്തിൽ വന്നിട്ടില്ലത്രെ..

പക്ഷേ കാര്യം പറഞപ്പോ ഉമ്മ ഓടിച്ചിട്ട് തല്ലീല്ലാന്നേയുള്ളൂ..മുട്ടുവേദനക്കുള്ള കുഴമ്പ് തീര്‍ന്നിട്ട് മൂന്ന് ദിവസായി..അത് വാങ്ങിച്ചു കൊടുക്കാത്തയിന്റെ ചൊരുക്കാണ്..

‘മ്മക്കൊന്ന് വയറലായാലോ..കെട്യോളോടൊന്നു ചോദിച്ചു നോക്കീതാ..

“രണ്ടെണ്ണത്തിനെ വയറ്റിലാക്കീത് പോരാഞ്ഞിട്ടാ ഇങ്ങേരുടെ ഒരു പൂതി..”

“ചെ അതല്ലാഡി..വൈറൽ..യൂടൂബിലൊക്കെ എന്തെലും വീഡിയോ എടുത്തിട്ട് ഫെയ്മസാക്കുന്നില്ലേ..

*ഇനിപ്പോ അതിന്റെ കുറവേയുള്ളൂ..ഇങ്ങളൊന്നു പോയെ..”

കലാവാസനയില്ലാത്ത കുടുംബം..ആരോടു പറയാനാ..നിരാശയോടെ അകത്തേക്ക് നടക്കുമ്പോഴാ പാത്തു ഹാളിലിരുന്ന് ടീവി കാണുന്നത്‌ കണ്ടേ..

വയസ്സ് നാലേയുള്ളൂവെങ്കിലും നാക്ക് പത്തിൽ പഠിക്കാണ്..ഇവളെ വെച്ചൊന്നു ട്രൈ ചെയ്താലൊ..എനിക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തെ എന്നോർത്തുപോയി..

അപ്പൊതന്നെ അവളെയും പിടിച്ചോണ്ട് മുറ്റത്തേക്കിറങ്ങി..ഒട്ടുംവൈകിക്കണ്ട..ഇപ്പൊത്തന്നെ പ്രാക്ടീസ് തുടങ്ങിക്കളയാം..

റാസ്‌പുട്ടിൻ ഡാൻസിലൊരു പിടിപിടിക്കാമെന്ന് വെച്ചു..പക്ഷെ പെണ്ണൊരു തരത്തിലും വഴങ്ങുന്നില്ല..എന്റെയല്ലേ മോള്..അതിന്റെ ഗുണമല്ലേ കാണിക്കുള്ളൂ..

കുറെയേറെ ശ്രമിച്ചിട്ടും ഫലമൊന്നും കാണാത്തൊണ്ടും വൈറലാവാനുള്ള ശ്രമം പരാജയപ്പെട്ട നിരാശ കൊണ്ടും പെണ്ണിനെ വെറുതെയൊന്നു തല്ലാൻ നോക്കിയതേയുള്ളൂ..അവളപ്പൊത്തന്നെ അവള് വലിയ വായില് കിടന്ന് കാറിക്കരയാൻ തുടങ്ങിയതോടെ ഞാനവിടെ നിന്ന് സ്കൂട്ടായി..കെട്യോള് വന്ന് മോളേ അകത്തേക്ക്‌ കൊണ്ടോവേം ചെയ്തു..

പിറ്റേന്ന് രാവിലേ ചായ കുടിച്ചോണ്ടിരിക്കുമ്പോ കെട്യോളെടുത്തേക്ക് വന്ന്..

“ഇങ്ങളല്ലെ ഇന്നലത്തോട്ടു വൈറലാവണൊന്നും പറഞ് നടക്കുന്നെ..പടച്ചോൻ ഇങ്ങളെ പ്രാർത്ഥന കേട്ടിക്ക്‌ണ്..ഇതൊന്നു നോക്കിയേ..ന്നും പറഞോണ്ടു മൊബൈൽ എന്റെ നേരെ നീട്ടി..

നോക്കുമ്പോളെന്താ..കൊച്ചുകുട്ടിയെ മർദിച്ച ചെറുപ്പക്കാരനെ പൊലീസ് തെരയുന്നൂന്നും പറഞ്ഞോണ്ട് ഇന്നലെ പാത്തൂനെ അടിക്കാൻ നോക്കീതും അവള് കരഞ്ഞതുമൊക്കെയുള്ള വീഡിയോ..അയല്പക്കത്തുള്ള ഏതോ തെണ്ടിയതൊക്കെ പിടിചു ഫേസ്ബുക്കിലിട്ടതാ..

എന്നാലും ന്റെ പടച്ചോനെ..ഇത്‌ വല്ലാത്തൊരു ചെയ്ത്തായിപ്പോയി.