ഏട്ടനോടുള്ള ബഹുമാനവും സ്നേഹവും അമ്മയുടെ ഒതുങ്ങിയുള്ള നിൽപ്പിൽ കണ്ടപ്പോൾ ഭാമക്ക് ചിരിയാണ് വന്നത്…

എഴുത്ത്: മഹാ ദേവൻ

” നീ ഇപ്പോൾ എന്ത് പണിക്കാടി പോകുന്നത് “

ചോദ്യം അമ്മാവന്റെ ആയിരുന്നു.

ഭർത്താവ് മരിച്ച ദിവസം ആ വീടൊന്ന് കയറിയതിൽ പിന്നെ അമ്മാവന്റെ ഇപ്പോഴത്തെ വരവും വകിശില്ലാത്ത ചോദ്യവും കേട്ടപ്പോൾ തന്നെ ഭാമക്ക് കാര്യം പിടികിട്ടിയിരുന്നു. ഇപ്പോൾ ചെയ്യുന്ന തൊഴിൽ കുടുംബമഹിമക്ക് ചേർന്നതല്ലെന്ന് പറഞ്ഞ് കുറ്റവും കുറവും നിരത്താൻ കാലൻകുടയും തൂക്കി ഇറങ്ങിപ്പുറപ്പെട്ടതാണ് കാർന്നോര് എന്ന് മനസ്സിലായപ്പോൾ അവൾ അപ്പുറത്ത് നിൽക്കുന്ന അമ്മയെ ഒന്ന് നോക്കി.

ഏട്ടനോടുള്ള ബഹുമാനവും സ്നേഹവും അമ്മയുടെ ഒതുങ്ങിയുള്ള നിൽപ്പിൽ കണ്ടപ്പോൾ ഭാമക്ക് ചിരിയാണ് വന്നത്. ഭർത്താവ് മരിച്ചിട്ട് മാസം ഏഴായി. അന്ന് കഴിഞ്ഞ് ഇന്ന് വരെ ഇവിടെ എങ്ങിനെ ആണ് കാര്യങ്ങൾ, അടുപ്പ് പുകയുന്നുണ്ടോ, വല്ലതും വേണോ എന്നൊന്നും തിരക്കാനോ, ഒന്നുല്ലെങ്കിൽ കൂടപ്പിറപ്പിന്റെ സുഖവിവരങ്ങൾ അന്വോഷിക്കാൻ വേണ്ടി എങ്കിലും ഒന്ന് പടി കേറാത്ത മൊതലാണ് മുന്നിൽ.

” അല്ല, നീ ഒന്നും പറഞ്ഞില്ല.. നീ ഇപ്പോൾ എന്ത് പണിക്കാണ് പോകുന്നത് “എന്ന്.

ആ ചോദ്യം ഒന്ന് കടുത്തപ്പോൾ അവൾ അമ്മയെ ഒന്നുകൂടി നോക്കികൊണ്ട് അമ്മാവനോടായി പറഞ്ഞു, ” ഹോംനേഴ്സ് ആയി പോകുവാ ഇപ്പോൾ. ഇവിടെ ടൗണിൽ വയ്യാത്തൊരു അമ്മയുണ്ട്. അവരുടെ മക്കൾ ജോലിക്കാർ ആയത് കൊണ്ട് ആ അമ്മയെ പകൽ നോക്കണം. വലിയ മല്ലുള്ള പണി അല്ലല്ലോ, പിന്നെ അത്യാവശ്യം ശമ്പളവും ഉണ്ട്. ഈ അവസ്ഥയിൽ ഒരു ആശ്വാസം ആണ് ആ ജോലി. മോന്റെ പഠിപ്പ്, അമ്മയുടെ മരുന്ന്, വീട്ടുചിലവ്.. എല്ലാം നടന്നുപോകണ്ടേ അമ്മാവാ.. “

വളരെ കാര്യമായിതന്നെ അമ്മാവന് മുന്നിൽ കാര്യം അവതരിപ്പിക്കുമ്പോൾ അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു അമ്മാവന്റെ മുഖത്തു പുച്ഛം ആണെന്ന്.

” നീ ഈ കുടുംബത്തിന് മാനക്കേട് ഉണ്ടാക്കാൻ വേണ്ടിയാണോ ഇമ്മാതിരി പണിക്കൊക്കെ ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്. ഒന്നുല്ലെങ്കിൽ തറവാടിന്റ അന്തസ്സ് നോക്കണ്ടേ. ” എന്നും പറഞ്ഞുകൊണ്ട് അയാൾ പിന്നെ അമ്മക്ക് നേരെ തിരിഞ്ഞു.

” ഇതെന്താ സാവിത്രി, നിനക്കും ഇല്ലാണ്ടായോ വിവരംന്ന് പറയണ സാധനം.. അതോ ഇവളുടെ വാക്കും കേട്ട് തറവാടിന്റ മാനം കളയാൻ ആണോ തീരുമാനം? “

അയാൾ അമ്മക്ക് നേരെ കയർക്കുമ്പോൾ അമ്മ എന്ത് പറയണമെന്ന് അറിയാതെ തലതാഴ്ത്തി. അത് കണ്ടത് കൊണ്ട് തന്നെ ആവണം അയാൾ ഭാമക്ക് നേരെ തിരിഞ്ഞതും.

” ഭർത്താവ് മരിച്ചെന്ന് കരുതി ഈ വീട്ടിൽ നിനക്ക് എന്ത് തോന്നിവാസവും ആകാമെന്ന് ആയോ? പാലക്കൽ തറവാട്ടുകാർ ഇത് വരെ അഭിമാനം വിട്ട് കളിച്ചിട്ടില്ല. അപ്പഴാ നീ…ഭദ്രനെ മരിച്ചിട്ടുള്ളൂ. എന്നും വെച്ച് ചോദിക്കാനും പറയാനും ആണുങ്ങൾ ഇല്ലെന്നുള്ള അഹങ്കാരം ആണ് നിന്റെ ഈ ദുർനടപ്പിൽ എങ്കിൽ അതിന് ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല. കണ്ടവന്റെ മ ലവും മൂ ത്രവും വാരാൻ നടക്കുന്നു അവൾ. അങ്ങനെ ഒരുമ്പട്ടവൾ ആകാൻ ആണ് ഉദ്ദേശമെങ്കിൽ അത് നിന്റെ വീട്ടിൽ ആയിക്കോ.. ഈ തറവാട്ടിൽ നടക്കില്ല. “

വാക്കുകൾ കൊണ്ട് കത്തിക്കയറുന്ന അമ്മാവന്റെ നോട്ടവും കണ്ണുകളിലെ ദേഷ്യവും കണ്ടപ്പോൾ ഭാമ ആദ്യമൊന്ന് മൗനം പാലിച്ചു. പിന്നെ മിണ്ടാതെ പേടിയോടെ നിൽക്കുന്ന അമ്മയെ നോക്കി. പിന്നെ അമ്മാവന്റെ ദേഷ്യത്തിനും ചോദ്യങ്ങൾക്കും മുന്നിൽ വിറച്ചുനിൽക്കുന്ന അമ്മയുടെ അരികിലേക്ക് നടന്ന് അവരെ ചേർത്തുപിടിച്ചുകൊണ്ട് പുഞ്ചിരിയോടെ അവൾ പറഞ്ഞു,…

” അമ്മാവൻ ദേഷ്യത്തിലാ അമ്മേ.. അത് കണ്ട് അമ്മ പേടിക്കണ്ട. ആ ദേഷ്യം മാറാൻ അമ്മ പോയി ഒരു ചൂട് ചായ ഉണ്ടാക്കൂ അമ്മാവന് വേണ്ടി. അപ്പോഴേക്കും ഞാൻ അമ്മാവനെ ഒന്ന് തണുപ്പിക്കട്ടെ ” എന്ന്.

ഇനി അവിടെ നടക്കാൻ പോകുന്നത് അമ്മാവന്റെ വാക്കുകൾ കൊണ്ടുള്ള സംഹാരതാണ്ഡവം ആണെന്നും അതിന് മുന്നിൽ പതറുന്ന ഭാമയുടെ അവസ്ഥ കാണാതിരിക്കൻ വേണ്ടിയാണ് തന്നെ അകത്തേക്ക് ചായ ഇടാൻ പറഞ്ഞു വിടുന്നത് എന്നും അമ്മക്ക് അറിയാമായിരുന്നു. പക്ഷേ, അതൊന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ അവർ വേഗം അകത്തേക്ക് നടക്കുമ്പോൾ മനസ്സിൽ കടുവയെ പോലെ കടിച്ചുകീറാൻ നിൽക്കുന്ന അമ്മാവന്റെ കനത്ത മുഖം ആയിരുന്നു.

” പറഞ്ഞത് കേട്ടോ നീ.. “

അമ്മാവന്റെ കനത്ത ശബ്ദം വീണ്ടും ആ ഹാളിൽ മുഴങ്ങിയപ്പോൾ അവൾ അയാൾക്ക് മുന്നിലേക്ക് തിരിഞ്ഞുകൊണ്ട് ചോദിച്ചു,

” അമ്മാവന് അറിയാവുന്നതല്ലേ ഈ വീടിന്റ ഇപ്പോഴത്തെ അവസ്ഥ. അതിൽ നിന്ന് ഒന്ന് കരകേറണം എന്നെ ഇപ്പോൾ കരുതുന്നുള്ളൂ. അതിന് എന്ത് പനിയും എടുക്കാൻ ഞാൻ ഇപ്പോൾ തയ്യാറും ആണ്. മുന്നോട്ട് കൂടി ചിന്തിക്കേണ്ടത് ഞാൻ അല്ലെ ഇനി. ഭദ്രേട്ടൻ ഉള്ളപ്പോൾ ഒന്നും അറിയാണ്ടായിരുന്നു. ഇപ്പോൾ അതല്ലല്ലോ അവസ്ഥ. “

അവളുടെ ഒട്ടും പതറാത്ത വാക്കുകൾക്ക് അഹങ്കാരത്തിന്റെ ധ്വനി ആയിരുന്നു അയാൾ കണ്ടെത്തിയത്. അത് കേട്ട് കൊണ്ട് തന്നെ ” നീ എനിക്ക് മുന്നിൽ ന്യായവും അന്യായവും വിളമ്പാറായോടി. കണ്ടവന്റെ മ ലം വാരി കിട്ടുന്ന പണം തന്നെ വേണോ നിനക്ക്. ഇതിനേക്കാൾ അന്തസ്സ് ഉണ്ടെടി ഉടുത്തത് ഉരിഞ്ഞു കണ്ടവന്റെ കൂടെ കിടക്കുന്നതിൽ ” എന്നും പറഞ്ഞ അയാൾക്ക് മുന്നിൽ പിന്നെ ഉണ്ടായിരുന്നു അയാൾ പ്രതീക്ഷിച്ച ഭാമ അല്ലായിരുന്നു.

” നിങ്ങൾ കുറെ നേരം ആയല്ലൊ

കുടുംബമഹിമയും കുലമഹിമയും വിളമ്പാൻ തുടങ്ങിയിട്ട്. ആ മഹിമ നിങ്ങൾ ഇപ്പോൾ പറഞ്ഞപോലെ കണ്ടവന്റ മുന്നിൽ ഉടുത്തത് ഉരിഞ്ഞുണ്ടാക്കിയത് ആണെങ്കിൽ ആ മഹിമ എനിക്ക് വേണ്ട. കണ്ടവന്റെ മ ലവും മൂ ത്രവും കോരിയിട്ടാണെങ്കിലും തിന്നുന്ന ചോറിന് അന്തസ്സുണ്ട്. “

അവൾ അങ്ങനെ തിരിച്ചു പ്രതികരിക്കുമെന്ന് അയാൾ കരുതിയിരുന്നില്ല. മിണ്ടാതെ നിന്നവൾ പൊട്ടിത്തെറിക്കാൻ വെമ്പിനിൽക്കുന്നത് കണ്ടപ്പോൾ അമ്മാവൻ പിന്നെയും പല്ലുകൾ ഞെരിച്ചുകൊണ്ട് അലറുകയായിരുന്നു, “നീ എന്താടി പറഞ്ഞത്. നിങ്ങൾ എന്നോ.. ആദ്യം മൂത്തവരെ ബഹുമാനിക്കാൻ പടിക്കടി. എന്നിട്ട് നിന്ന് തുള്ള്. പെണ്ണ് തുള്ളിയാൽ ഏത് വരെ പോകും എന്ന് എനിക്കറിയാം.. കേട്ടോടി കുടുംബത്തിൽ പിറക്കാത്തവളെ “

അയാൾ അവൾക്ക് മുന്നിൽ ഒരു പോരുകോഴിയെ പോലെ നിൽക്കുമ്പോൾ അതേ അവസ്ഥയിൽ തന്നെ ആയിരുന്നു അവളും. അവൾക്ക് അറിയാം ഇനിയും താഴ്ന്നു കൊടുത്താൽ തലയിൽ കേറി തൂ റാൻ വരെ മടിക്കാത്ത ആളാണ് കാർന്നോരെന്ന്. പലപ്പോഴും മിണ്ടാതെ നിൽക്കുമ്പോൾ എന്തും പറയാമെന്നുള്ള ധാരണ തെറ്റിയതിന്റ അമർഷമാണ് ഈ പ്രകടനം എന്നും അവൾക്ക് അറിയാമായിരുന്നു.

” നിങ്ങൾ പറഞ്ഞല്ലോ ബഹുമാനിക്കാൻ പഠിക്കാൻ..അത് എന്നെ പഠിപ്പിക്കുന്നതിന് മുന്നേ ആദ്യം നിങ്ങൾ ഒന്ന് മനസ്സിലാക്കുക. ബഹുമാനം എന്നത് ചോദിച്ചുവാങ്ങേണ്ട ഒന്നല്ല. സ്വഭാവം കൊണ്ട് നേടേണ്ടതാണ്. അത് നല്ല പ്രവർത്തിക്ക് മറ്റുള്ളവർ അറിഞ്ഞു നൽകേണ്ട ഒന്നാണ്. ആ ബഹുമാനം എന്റെ വാക്കുകളിൽ അമ്മാവന് കാണാൻ കഴിഞ്ഞില്ലെങ്കിൽ അതിനർത്ഥം സ്വയം ചിന്തിച്ചു കണ്ടെത്തുന്നത് ആയിരിക്കും നല്ലത്.

പിന്നെ ഈ പറയുന്ന അമ്മാവൻ ഒരിക്കൽ ഇടുപ്പ് ഒടിഞ്ഞു മൂലക്ക് കിടന്നപ്പോൾ നിങ്ങൾ പറഞ്ഞ ബഹുമാനമുള്ള ഒറ്റമകൾ മൂക്കും പൊത്തി ഓടിയത് മറന്നില്ലല്ലോ അല്ലെ. അന്ന് കിടന്ന കിടപ്പിൽ സാധിക്കുമ്പോൾ കോരാൻ ഞാനേ ഉണ്ടായിരുന്നുള്ളൂ.. ഈ ബഹുമാനം തീരെ ഇല്ലാത്ത ഒരുമ്പട്ടവൾ. അന്ന് തറവാടിന്റ അഭിമാനം കാക്കുന്ന മാമന്റെ മക്കളൊന്നും അപമാനം ഭയന്ന് ആ വഴി വരാത്തത് മറന്നോ? അന്ന് ഞാൻ കോരിയ തീ ട്ടവും മൂ ത്രവും ഒക്കെ തന്നെയാ എപ്പഴും ചെയ്യുന്ന ജോലി. പക്ഷേ, ഒന്നുണ്ട്.. അന്നില്ലാത്ത ശമ്പളം ഇന്ന് ഉണ്ട്. കൂടെ, അന്ന് നീ വീടിന്റ വിളക്കാണെന്ന് പറഞ്ഞ നാക്ക് കൊണ്ട് തന്നെ ചാർത്തിയ ഒരുമ്പട്ടവൾ എന്ന പട്ടവും. “

അവളുടെ വാക്കുകൾക്കു മുന്നിൽ ഉത്തരം കിട്ടാതെ പതറുമ്പോൾ കത്തുന്ന കണ്ണുകള്ക്ക് ഒരു അയവു വന്നിരുന്നു. അവൾ പറഞ്ഞത് പലതും ശരിയാണെങ്കിലും ഇപ്പോൾ അവൾക്ക് മുന്നിൽ തോൽക്കുന്നത് അഭിമാനക്ഷതം ആണെന്നുള്ളത് ആയിരുന്നു മനസ്സിനെ കുലുക്കിയത്.

” നീ എന്തൊക്ക ന്യായം പറഞ്ഞായാലും നിന്റെ അഴിഞ്ഞാട്ടം നടക്കില്ല. അവളെ നിനക്ക് പറ്റിക്കാൻ കഴിയും, എന്നും കരുതി എന്നെ പറ്റിക്കാമെന്ന് കരുതണ്ട നീ. കേട്ടല്ലോ “

വിട്ടുകൊടുക്കാൻ ഭാവമില്ലാത്തത് പോലെ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്ന വാക്കുകൾകൊണ്ട് അവളെ നേരിടുമ്പോൾ ആ സംസാരത്തിൽ ദേഷ്യം കുറഞ്ഞിരുന്നു. ഇപ്പോൾ ഉള്ളത് പെണ്ണിന് മുന്നിൽ തോൽക്കാതിരിക്കാനുള്ള പിടിച്ച് നിൽക്കാനുള്ള വാക്കുകൾ മാത്രമായിരുന്നു.

” ഇത് പറയാൻ അമ്മാവന് എന്ത് യോഗ്യത ആണ് ഉള്ളത്. ഒരു ബന്ധത്തിന്റെ പേര് മാത്രമോ? ഏട്ടൻ മരിച്ചതിൽ പിന്നെ ഈ ആറുമാസക്കാലം ഞങ്ങൾ എങ്ങിനെ ആണ് ജീവിച്ചത് എന്ന് അന്വോഷിച്ചിട്ടുണ്ടോ. ഒന്നുല്ലെങ്കിൽ നിങ്ങളുടെ പെങ്ങളില്ലേ ഇവിടെ. അവരെ കുറിച്ചെങ്കിലും. ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചോ? ഇല്ലല്ലോ…എന്നിട്ട് ഇപ്പോൾ വന്നിരിക്കുന്നു അടുപ്പൊന്ന് പുകയാൻ തുടങ്ങിയപ്പോൾ തറവാടിന്റെ അന്തസ്സും പൊക്കിപിടിച്ചുകൊണ്ട്. ആ അന്തസ്സ് ഇട്ട് പുഴുങ്ങിയാൽ വയറു നിറയില്ലെന്ന് മനസ്സിലായത് കൊണ്ടാണ് മനസിന് അന്തസ്സ് എന്ന് തോന്നിയ ഒരു ജോലിക്ക് ഇറങ്ങിയത്. അത് എതിർക്കാനോ അതസ്സുകൊണ്ട് പുറം ചൊറിയാനോ ആയി ആരും ഈ പടി കയറേണ്ട. പച്ചചാണകത്തിന് തീ പിടിച്ച പോലെ ആയിരുന്നു ജീവിതം. അവിടെ നിന്ന് ഒന്ന് കത്തി തുടങ്ങുമ്പോൾ കെടുത്താൻ വെള്ളവുമായി വന്നാൽ…….. “

അവൾ അവിടെ പറഞ്ഞു നിർത്തിയത് അകത്തു നിന്നും ചായയുമായി വരുന്ന അമ്മയെ കണ്ടായിരുന്നു. അമ്മ ഒന്നും മിണ്ടാതെ ചായ അയാൾക്ക് നേരെ നീട്ടുമ്പോൾ ” എനിയ്ക്ക് നിന്റെ ചായ ഒന്നും വേണ്ട ” എന്നും പറഞ്ഞ് അവഗണിക്കുമ്പോൾ ആ ചായ അവൾ കൈ നീട്ടി വാങ്ങി. “ഇതിൽ മധുരമിട്ടില്ലേ അമ്മേ ” എന്നും ചോദിച്ചുകൊണ്ട് ഒരു കവിൾ കുടിച്ചുകൊണ്ട് അമ്മാവനെ നോക്കി പുഞ്ചിരിക്കുമ്പോൾ അവളെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് അമ്മാവൻ അമ്മക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു,…

” നീ ഇവൾ പറഞ്ഞത് കേട്ടോ. എന്നോട് ഇതൊന്നും പറയാൻ ഈ പടി കയറേണ്ടന്ന്. കേട്ടില്ലേ ഇവളുടെ അഹങ്കാരം.എന്നോട് ഈ പടി കയറേണ്ട എന്ന് പറയാൻ ഇവൾ ആരാ.. ഞാൻ നിന്റെ ഏട്ടനാണ്.. നീ ആണ് ഈ വീടിന്റ ഇനിയുള്ള നാഥൻ. നീ പറയണം ഇവിടെ എന്താ നടക്കേണ്ടത് ” എന്ന്.

അയാൾ അത്രയും പറഞ്ഞ് പുച്ഛത്തോടെ ഭാമയെ നോക്കുമ്പോൾ ആ പുച്ഛം ഒരു നിമിഷം കൊണ്ട് ശോകം ആയത് പെങ്ങളുടെ വാക്ക് കേട്ടായിരുന്നു.

” ഭാമ അങ്ങനെ പറഞ്ഞെങ്കിൽ അതേ എനിക്കും പറയാനുള്ളൂ ഏട്ടാ.. വെറുതെ അന്തസ്സ് വിളമ്പാൻ ഏട്ടൻ ഇങ്ങോട്ട് വരണമെന്ന് ഇല്ല.

പ്രതാപകാലത്ത്‌ ആന ഉണ്ടായിരുന്നു എന്ന് കരുതി തഴമ്പും ചുമന്ന് നടന്നാൽ പ്രമാണി ആവില്ലല്ലോ ഏട്ടാ ” എന്ന്.

അതിന് മുന്നിൽ ഒന്നും പറയാൻ കഴിയാതെ അയാൾ തോൽവിയോടെ തിരികെ നടക്കുമ്പോൾ ഭാമ അമ്മയെ ചേർത്തുപിടിച്ചിരുന്നു. അന്തസ്സ് എന്നത് കുടുംബപേരിന്റെ വാലിൽ കടിച്ചുതൂങ്ങി കിടന്നാൽ ഉണ്ടാകുന്ന ഒന്നല്ല, ചെയ്യുന്ന ജോലിയോടുള്ള കൂറിലും കിട്ടുന്ന കൂലിയോടുള്ള ആത്മാർത്ഥതയിലും കൂടി ആണെന്ന പൂർണ്ണബോധ്യത്തോടെ..

✍️ദേവൻ