ജനിച്ചയന്നു മുതൽ വിവാഹം വരെ ഞാൻ മമ്മിയുടെ ഇഷ്ടങ്ങൾക്കനുസരിച്ചായിരുന്നു ജീവിച്ചിരുന്നത്…

കൂട്ടിലെ കിളി

Story written by Sebin Boss J

:::::::::::::::::::::::::::::::::::

”” മമ്മിക്കവിടെ വന്ന് രണ്ടു മൂന്നു ദിവസമെങ്കിലും നിൽക്കത്തില്ലേ ?”’ എന്തായാലും ഇവിടെ തനിച്ചല്ലേ . പോരാത്തേന് രഞ്ജുന്റെ ചാച്ചനും ഒരാഴ്ച അവിടെയില്ല . കല്യാണത്തിന്റന്നല്ലാതെ മമ്മിയങ്ങോട്ടിതുവരെ വന്നിട്ടുണ്ടോ ? കല്യാണം കഴിയുന്നതോടെ മുറിയുന്നതാണോ മകളുമായുള്ള ബന്ധം ? ””

വീടിന്റെ പുറകിലെ അടുക്കളത്തോട്ടത്തിൽ നനക്കുകയായിരുന്ന ഷീലയുടെ അടുത്തേക്ക് ചെന്ന് ദിവ്യ പറഞ്ഞു .

“‘ കന്നാലി തൊഴുത്തു പോലൊരു വീടും അതിൽ തീപ്പെട്ടിക്കൂട് പോലെ രണ്ട് മുറീമുണ്ട് . ടോയ്‌ലെറ്റ് പോലും പുറത്ത് . ഞാൻ വന്നാലും അതിയാന്റെ മുറീല് കിടക്കണ്ടേ “” ഷീല കറുത്ത മുഖത്തോടെ അവളെ ഗൗനിക്കാതെ നനക്കൽ തുടർന്നു…

”'”‘ എന്നാൽ വേണ്ട . ഞങ്ങളിറങ്ങുവാ . മമ്മിക്കിത്ര അത്യാവശ്യമെന്താ നനക്കാൻ? ഞങ്ങൾ വന്നിട്ടെത്ര നേരമായി . ഒന്നങ്ങോട്ട് വന്നുകൂടെ ?”’ ”’

“” പിന്നെ ഇതൊക്കെ കരിഞ്ഞു പോണോ ? … ഈ പച്ചക്കറിയൊക്കെ നട്ടും നനച്ചും ജോലിചെയ്തുമൊക്കെ ശെരിക്കും കഷ്ടപ്പെട്ട് തന്നെയാ നിന്നെയീ നിലയിലാക്കിയേ ഞാൻ . ഏതോ ഒരുത്തനെ കണ്ടപ്പോൾ പെറ്റമ്മയെ വേണ്ടന്ന് വെച്ചിറങ്ങിപ്പോയ നിനക്കതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല . അത് മനസ്സിലാകണമെങ്കിൽ നിനക്കൊരു കുഞ്ഞ് ജനിക്കണം “” ഷീല ദിവ്യയുടെ മുഖത്തു നോക്കാതെ പറഞ്ഞു .

”’ ഈ നട്ടുച്ചക്കാണോ മമ്മീ നനക്കുന്നത് ? ഞാനുണ്ടായിരുന്നപ്പോ ഞാൻ തന്നെയല്ലേ നനച്ചിരുന്നത് ? കാലത്തും വൈകിട്ടുമേ നനക്കാവൂ എന്ന് മമ്മി തന്നെയല്ലേ പറഞ്ഞു തന്നത് ?”’

“‘ ഓ !!! നേരോം കാലോം നോക്കി നനച്ചു വളർത്തിയ ഒന്ന് മൂപ്പെത്താതെ കരിഞ്ഞ്‌ പോയി . ഇനി ഏതു സമയത്തു നനച്ചാലെന്നാ “”

“‘ഹഹഹ ….ഇതാ മറ്റേ പടത്തിൽ തിലകൻ ചെയ്ത പോലുണ്ടല്ലോ മമ്മീ . മകന് പകരം പതിനെട്ടാം പട്ട തെങ്ങു വെച്ച അച്ഛൻ . “””

”” ഉം …മമ്മീ … “” എന്തോ പറയാനാഞ്ഞ ദിവ്യ അത് വേണ്ടാന്ന് വെച്ചിട്ട് അടുക്കളയിലൂടെ ഉള്ളിലേക്ക് കേറിയെങ്കിലും വീണ്ടും തിരിച്ചിറങ്ങി വന്നു

””’ നാളെ പോകാമെടി എന്നോന്ന് പറയാമായിരുന്നു മമ്മിക്ക് . . . വന്നിട്ട് മമ്മി രഞ്ജുനോട് ഒന്ന് സംസാരിച്ചുപോലുമില്ല . “‘

“‘ എന്ത് സംസാരിക്കാൻ ? എന്നോട് സംസാരിച്ചൊന്നുമില്ലല്ലോ അവൻ . ജില്ലാ കളക്ടറൊന്നുമല്ലല്ലോ അങ്ങോട്ട് ചെന്ന് സംസാരിക്കാൻ “”

“‘ കളക്ടറോട് മാത്രമാണോ അങ്ങോട്ട് ചെന്ന് സംസാരിക്കൂ ? രഞ്ജുനെ കാണുമ്പോ മമ്മീടെ മുഖം കടന്നല് കുത്തിയ പോലെയാകും . എന്നിട്ടും ആദ്യം അവൻ സംസാരിച്ചിരുന്നതല്ലേ . കല്യാണം കഴിഞ്ഞിട്ടാറു മാസം കഴിഞ്ഞു . മമ്മി മൈൻഡ് ചെയ്യാത്ത കൊണ്ടവനുമിപ്പോൾ ഇല്ല . “”

”’ അവൻ മൈൻഡ് ചെയ്തില്ലേലിപ്പോ എനിക്കെന്താ ? അവന്റെ ചിലവിലാണോ ഞാൻ കഴിയുന്നെ…?”’

ഷീല മുഖം കറുപ്പിച്ചപ്പോൾ ദിവ്യ അവരുടെ പുറകിലൂടെ കഴുത്തിൽ കെട്ടി പിടിച്ചു കവിളിൽ ഉമ്മ വെച്ചു

“‘ഞാനൊരു കാര്യം ചോദിച്ചാൽ മമ്മി സത്യം പറയുമോ ?”’

“‘ഹ്മ്മ് ..എന്നതാ ?”’

“‘ മമ്മിയെന്നെ അൽപമെങ്കിലും എന്നെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ?”’

” ദിവ്യാ … നീ ..നീ ..നിനക്കുവേണ്ടിയല്ലേ ഞാൻ .. എന്റെ ജീവിതം തന്നെ “” ഷീലയുടെ കണ്ണുകൾ നിറഞ്ഞു .

“‘മമ്മി പറയാൻ പോകുന്നതെന്താണെന്ന് ഞാൻ പറയാം .കുഞ്ഞിലേ മുതൽ ദിവസവും പല തവണ അതുകേട്ടല്ലേ ഞാൻ വളർന്നത് . പപ്പാ മരിച്ചിട്ടും ഒരല്ലലും അറിയിക്കാതെയാണ് എന്നെ വളർത്തിയത് . വേറൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ചിട്ടും കഴിക്കാതിരുന്നത് എനിക്ക് വേണ്ടിയാണ് . ശെരിയാണ് മമ്മീ .മമ്മി എനിക്ക് വേണ്ടിയാണ് ജീവിച്ചത് . പക്ഷെ അതൊരു പ്രതിഫലത്തിലെന്ന പോലെ എപ്പോഴുമിങ്ങനെ പറയണോ ? ””

”” അതേടീ ..നീയിത് പറഞ്ഞില്ലങ്കിലേ അതിശയമുള്ളൂ . , ഞാനിത് കേൾക്കണം . നിന്റെ സ്ഥാനത്ത് വല്ല മൃഗങ്ങളേം വളർത്തിയിരുന്നേൽ കൊടുത്ത ആഹാരത്തിന്റെ നന്ദിയെങ്കിലും കാണിച്ചേനെ “” ഷീല മുറുമുറുത്തു

“‘ വളർത്തുമൃഗത്തിനെ തന്നെയല്ലേ മമ്മി വളർത്തീത് ?. ഒരുതരത്തിൽ പറഞ്ഞാൽ ചങ്ങലക്കിട്ട മൃഗത്തെ പോലെ . ഞാനും മമ്മി പറഞ്ഞതെല്ലാം അനുസരിച്ചിട്ടല്ലേയുള്ളൂ ഇതുവരെ . മറുത്തെന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ? വഷളായി പോകുമെന്ന് കരുതി മമ്മിയൊളിപ്പിച്ചു വെച്ച സ്നേഹം ഉൾപ്പടെ ഞാനായിട്ടൊന്നും വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലല്ലോ . രഞ്ജുവുമായുള്ള ബന്ധമൊഴികെ . ഞാൻ ഇറങ്ങിപ്പോകുമെന്ന് പറഞ്ഞപ്പോഴാണ് മമ്മി സമ്മതിച്ചത് .”’

ഷീല അതുവരെ പറഞ്ഞതിനെ ലാഘവത്തോടെ തള്ളിക്കളഞ്ഞ ദിവ്യ വാ തുറന്നപ്പോൾ ഷീലയൊന്നമ്പരന്നു .

”’ എല്ലാം മമ്മിയുടെ ഇഷ്ടങ്ങളായിരുന്നു . ഞാൻ എന്തിടണം ..ഏത് കളർ , എന്തുതരം ഡ്രെസ് , ഞാൻ എന്ത് കഴിക്കണം . എല്ലാം മമ്മിയുടെ നിർദ്ദേശങ്ങളായിരുന്നു . ഒക്കെയും ഞാൻ പാലിച്ചട്ടല്ലേയുള്ളു ? അത് മമ്മിയോടുള്ള എന്റെ സ്നേഹം കൊണ്ടാണ് . മമ്മിയുടെ ജീവിതം എനിക്ക് വേണ്ടി മാത്രമാണെന്ന് അറിയാവുന്നത് കൊണ്ടാണ് . . കൂട്ടുകാരികളൊക്കെ തരാതരം മോഡേൺ ഡ്രെസ്സുകൾ ഇടുമ്പോൾ ഞാനത്തരമൊന്ന് മനസ്സിൽ പോലുമാഗ്രഹിച്ചിട്ടില്ല . കാരണം ഞാനതാവശ്യപ്പെട്ടാൽ പോലും മമ്മി കരുതുന്നത് ഞാൻ വഴിതെറ്റിപോയെന്നായിരിക്കും . ഒരു യാത്രക്ക് കംഫർട്ടായ ഡ്രെസ്സൊ , ഒരു ഫങ്ക്ഷന് ചേരുന്ന ഡ്രെസ്സൊ ഒന്നും ഞാനിതുവരെയിട്ടിട്ടില്ല . എല്ലാം മമ്മിയുടെ ഇഷ്ടപ്രകാരം . രാവിലെ പോകാനിറങ്ങുമ്പോൾ മമ്മിതേച്ചു തരുന്ന ഡ്രെസ് അല്ലാതെ ഞാൻ ഒരെണ്ണം എന്റെയിഷ്ടത്തിന് അലമാരിയിൽ നിന്നെടുത്തിട്ടുണ്ടോ ? ഇല്ല . മമ്മിയുടെ നിർദ്ദേശങ്ങളെല്ലാം ഞാൻ പാലിച്ചിരുന്നത് എന്റെ മമ്മിയുടെ കണ്ണുകൾ ഒരിക്കലും നിറയരുതെന്ന് കരുതിതന്നെയാണ്.”’

””’ജനിച്ചയന്നു മുതൽ വിവാഹം വരെ ഞാൻ മമ്മിയുടെ ഇഷ്ടങ്ങൾക്കനുസരിച്ചായിരുന്നു ജീവിച്ചരുന്നത് . അത് പോരായെന്ന് എനിക്ക് തോന്നി . കാരണം മനുഷ്യനൊരു ജീവിതമേയുള്ളൂ . അതെന്തിനാണ് വെറുതെ ആർക്കോ വേണ്ടി നശിപ്പിച്ചു കളയുന്നെ ?. ഈ ജീവിതത്തിൽ തന്നെയാസ്വദിക്കണം നമുക്ക് ഇഷ്ടമുളള കാര്യങ്ങൾ . . ബാല്യവും കൗമാരവും മാതാപിതാക്കളെ ഭയന്ന് . യൗവ്വനം ഭർത്താവിനെ ഒപ്പം സമൂഹത്തെയും ഭയന്ന് . വാർദ്ധക്യം മക്കളുടെ കാരുണ്യത്തിൽ….””

”” ഒരു പക്ഷെ മമ്മിയെനിക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന ഭർത്താവ് നല്ലവനായിരിക്കാം .ജോലിയും പണവും തുലാസിൽ വെച്ചളന്നു നോക്കി ഏതേലും സർക്കാരുദ്യോഗസ്ഥൻ . അയാളുടെ മൂല്യത്തിനനുസരിച്ചു ചേരുന്ന ഭാര്യയല്ലെങ്കിൽ ജീവിതം മുഴുവൻ നരകിയ്ക്കാനാവും വിധി “”‘ തന്നെ നോക്കാതെ ചെടികൾ നനച്ചുകൊണ്ട് മുന്നോട്ട് നീങ്ങിയ ഷീലയുടെ മുന്നിലേക്ക് നീങ്ങി നിന്നുകൊണ്ട് ദിവ്യ തുടർന്നു

“‘ ഞാനും ഇക്കാണുന്ന പെണ്ണുങ്ങളുമൊക്കെ അങ്ങനെ തന്നെയാണ് വളർന്നത് .ആഗ്രഹങ്ങളും എല്ലാം ഉള്ളിലൊതുക്കി കാർന്നോന്മാർ കാണിച്ചു തന്ന ആളെ തന്നെയാണ് കെട്ടിയത് “” “” ഷീലയുടെ സ്വരം നേർത്തിരുന്നു.

“‘എന്തിന് വേണ്ടി ?. എന്നിട്ടെന്തുനേടി ? മമ്മിയെപ്പോഴും പറയാറുണ്ടല്ലോ എനിക്കുവേണ്ടിയാണ് മമ്മി മറ്റൊരു വിവാഹം വേണ്ടന്ന് വെച്ചതെന്ന് .ഞാൻ പറഞ്ഞോ മമ്മി ഇനി വിവാഹം കഴിക്കരുതെന്ന് ? ””

“‘ദിവ്യാ ….”’ഷീല ദിവ്യയ്ക്ക് നേരെ തിരിഞ്ഞു

””’അതെ മമ്മീ … പലപ്പോഴും ഞാനാശിച്ചിട്ടുണ്ട് ഒരച്ഛന്റെ സ്നേഹം , കാരുണ്യം വാത്സല്യവുമൊക്കെ . ഒന്ന് മിണ്ടാൻ .. ഒന്ന് കൂട്ടുകൂടാൻ . സങ്കടവും സന്തോഷവുമൊക്കെ പങ്കിടാൻ ഒരു കൂടപ്പിറപ്പില്ലാത്തതിൽ ഞാൻ വിഷമിച്ചിട്ടുണ്ട് . ഇപ്പോളാ വിഷമമില്ല , കാരണം എനിക്കൊരാങ്ങള ഉണ്ടായിരുന്നെങ്കിൽ മമ്മിയെങ്ങനെ മരുമോളോട് പെരുമാറുമെന്ന് എനിക്കറിയില്ല. പഠിപ്പിക്കുവാനും ഉറങ്ങുമ്പോഴുമല്ലാതെ മമ്മിയെന്റെ കൂടെ അൽപനേരമെങ്കിലും ചിലവഴിച്ചിട്ടുണ്ടോ ? നിർദ്ദേശങ്ങൾ തരാനും വഴക്കു പറയുവാനുമല്ലാതെ മനസ്സ് തുറന്ന് മമ്മിയെന്നൊരിക്കലെങ്കിലും സംസാരിച്ചിട്ടുണ്ടോ ?”’

”” എനിക്കറിയാം മമ്മീ , ഞാൻ തെറ്റുതന്നെയാണ് ചെയ്തതെന്ന് .പക്ഷെ രഞ്ജുവിന്റെ കാര്യം ഞാൻ ആദ്യം തന്നെ മമ്മിയോട് പറഞ്ഞിരുന്നല്ലോ . അപ്പോൾ അവന് ജോലിയില്ല . അമ്മയില്ല , നല്ലൊരു വീടില്ല എന്നൊക്കെ പറഞ്ഞു മമ്മി പുച്ഛിക്കുകയല്ലേ ചെയ്തേ . . ഇതൊക്കെ ശെരിയാണ്..അവനിപ്പോൾ പെയിന്റിംഗ് പണിക്കും മറ്റ് കിട്ടുന്നപണിക്കുമൊക്കെ പോകുന്നുണ്ട് . മോഷണത്തിനും പിടിച്ചുപറിക്കുമല്ലാതെ എല്ലാ തൊഴിലിനും അതിന്റെതായ മഹത്വമില്ലേ മമ്മീ ..സെക്യൂരിറ്റി പണി ചെയ്യുന്ന ചാച്ചനെ മമ്മിക്ക് പുച്ഛമാണല്ലോ . രഞ്ജുന്റെ മമ്മി മരിച്ചപ്പോൾ ചാച്ചൻ പട്ടാളത്തിൽ നിന്ന് പോന്നില്ലായിരുനെങ്കിൽ ഇന്നുയർന്ന റാങ്കിലായേനെ . മോനുവേണ്ടിയായിരുന്നു ആ ജീവിതം . . ””

”’ ദിവ്യാ … നമുക്കിറങ്ങിയാലോ ?””

സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന രഞ്ജു തർക്കം കേട്ടാണ് പുറകിലേക്ക് വന്നത്

“‘ ഹമ് “” ദിവ്യ അകത്തേക്ക് കയറി

“‘ദിവ്യാ ..നീ വന്നതെന്തിനാണ് ? വെറുതെ തർക്കിക്കാനോ ? ചെറിയ ജീവിതമല്ലേടി ,ഇന്നോ നാളെയോ മരിച്ചു മണ്ണടയുന്നവർ നമ്മൾ . എന്തിനാണീ വാശിയും വിദ്വേഷവുമൊക്കെ ? വിട്ടുകൊടുത്തും സ്നേഹിച്ചും കഴിയ് . പ്രായമായവർ അങ്ങനെയാണ് . അവരവരുടെ ചിന്തകളിലും തീരുമാനങ്ങളിലുമേ നിൽക്കൂ . അതവർ വളർന്ന സാഹചര്യങ്ങളും ജീവിച്ച ചുറ്റുപാടുകളും കൊണ്ടാണ് . നമ്മളാണ് വിട്ടുവീഴ്ചകൾ ചെയ്യേണ്ടത് . മമ്മിയുടെ സാഹചര്യത്തിൽ നമ്മളാണ് എങ്കിലേ മമ്മിയനുഭവിച്ച വിഷമങ്ങൾ അറിയൂ . ദിവ്യാ ..വാക്കുകൾ കൊണ്ട് മുറിവുണ്ടാക്കിയാൽ അത് ഒരിക്കലും മായില്ല .അത് നമ്മുടെ മാതാപിതാക്കളോ മക്കളോ പങ്കാളിയോ ആരായാലും .നമ്മൾ വേണം പ്രായമാകുമ്പോൾ മമ്മിയെ നോക്കാൻ , എന്തെങ്കിലും പറഞ്ഞാൽ മനസിൽ തട്ടിയാൽ അത് മുറിപ്പോടായി കിടക്കും . നീ ചെന്ന് മമ്മിയോട് മാപ്പ് പറഞ്ഞിട്ട് വാ “”

“‘ഹമ്, “‘ദിവ്യയുടെ മുഖം താഴ്ന്നു .അവൾ പുറകിലേക്ക് നടന്നു .

“‘മമ്മീ ..ഞാൻ “” അടുക്കളയിലേക്ക് കയറിയതും കണ്ണുകൾ കലങ്ങി നിൽക്കുന്ന ഷീലയെ ആണ് ദിവ്യ കണ്ടത് . രഞ്ജുവിന്റെ വാക്കുകൾ ഷീല കേട്ടിരുന്നു

“‘മമ്മീ ..മമ്മിയെന്തിനാ കരയുന്നെ ? ഞാൻ അല്ലെ മമ്മിയോട് വഴക്ക് കൂടിയേ . ഞാനൊന്നും പറയാൻ പാടില്ലായിരുന്നു . പക്ഷെ മമ്മിയിപ്പോഴും രഞ്ജൂനോട് ദേഷ്യം കാണിക്കുന്നത് കണ്ടപ്പോൾ പറഞ്ഞു പോയതാണ് . രഞ്ജുവും എന്റെയതേ സാഹചര്യത്തിലാണ് വളർന്നതെന്ന് മമ്മിക്കറിയാല്ലോ . . ഓർമയിൽ പോലുമില്ലാത്ത ഒരമ്മ രഞ്ജുവിനുമുണ്ട് . ചാച്ചൻ അമ്മയില്ലാത്ത വിഷമം അറിയിക്കാതെയാണവനെ വളർത്തിയത് . .രഞ്ജുന്റെ പക്വതയും ഒരു അലമ്പും ഇല്ലാത്ത സ്വഭാവം കണ്ട ഞാൻ അങ്ങോട്ടാണ് പ്രപ്പോസ് ചെയ്‌തത്‌ . ””

”” ശെരിക്കും ഞാനവിടെ അവരുടെ മോളാണ് .. പക്ഷെ . രഞ്ജു ഇവിടെ മരുമോനും, .എനിക്കിഷ്ടമാണ് ആ വീട് . അവിടെ ചങ്ങലകൾ ഇല്ല . ഒളിച്ചു വെക്കുന്ന സ്നേഹമോ കാപട്യം നിറഞ്ഞ ഹൃദയങ്ങളോ ഇല്ല . ശെരിക്കും ഒരു സ്നേഹക്കൂട് .അവൻ എന്റെ കൂടെയാണ് പഠിച്ചിരുന്നതെന്ന് മമ്മിക്കറിയാല്ലോ .ഞങ്ങൾ രണ്ടാളും പി എസ് സി ടെസ്റ്റുകൾ എഴുതുന്നുമുണ്ട് . ഒരു ജോലി കിട്ടിയാൽ മമ്മിയേക്കാൾ ഉയർന്ന പോസ്റ്റിലിരിക്കാനും മതി . ജീവിതവും സാഹചര്യങ്ങളും എപ്പോൾ വേണമെങ്കിലും മാറാം ,മനസ്സിന് ചേരുന്ന ബന്ധമോ ഇഷ്ടമുള്ള പുരുഷനെയോ കിട്ടില്ല . മമ്മിയെനിക്ക് വേണ്ടിയാണ് ജീവിച്ചതെന്ന് മമ്മി പറയുന്നില്ലേ . എനിക്ക് കിട്ടാവുന്നതിൽ നല്ലൊരു ബന്ധമാണ് കിട്ടിയതെന്ന് മമ്മിക്ക് ആശ്വസിക്കാം . ഞാനിറങ്ങുവാ മമ്മീ . ബന്ധങ്ങൾ ശിഥിലമാക്കാൻ എളുപ്പമാണ് . കൂട്ടിച്ചേർക്കാനാണ് പാട് . എനിക്കെന്റെ മമ്മിയെ കാണണം . തോന്നുമ്പോഴെല്ലാം ഞാനിങ്ങോട്ട് വരും . മമ്മക്കങ്ങോട്ടും വരാം “”

‘മോളെ “” ഷീല അവളുടെ കൈ പിടിച്ചു .

“‘ പെട്ടന്നൊറ്റക്കായപ്പോൾ എനിക്കെന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. പേടിയായിരുന്നു എനിക്ക് ..ഈ സമൂഹത്തെ , ചുറ്റുപാടുമുള്ളവരെ . നീയൊരു പെണ്ണാണ് . മറ്റൊരിടത്തു ചെന്ന് കേറേണ്ടവൾ . അച്ഛനില്ലാത്ത കുട്ടി വളർത്തു ദോഷം കൊണ്ട് ചീത്തയായി പോയെന്നുള്ള പേരുണ്ടായാൽ …അഹങ്കാരിയെന്നും പരിഷ്‌കാരിയെന്നും പേരുണ്ടായാൽ നിന്റെ വിവാഹത്തെ അത് ബാധിക്കുമെന്ന് ഞാൻ ഭയപ്പെട്ടു. “‘

“‘മമ്മീ ..അവള് വല്ലോം പറഞ്ഞെന്ന് കരുതി മമ്മിയിങ്ങനെ .അതൊക്കെ വിട്ടേ . ദിവ്യാ ..നീ വന്ന കാര്യം ഇതുവരെ മമ്മിയോട് പറഞ്ഞില്ലേ ?”” . “” അങ്ങോട്ട് വന്ന രഞ്ജു പുഞ്ചിരിച്ചുകൊണ്ട് അന്തരീക്ഷം തണുപ്പിച്ചു . .

“‘ അതേയ് .. മമ്മിയൊരു വല്യമ്മ ആകുവാണോന്നൊരു ഡൗട്ട് . ഡോക്റ്ററെ കാണാൻ പോകുന്ന വഴി ഇതിലെ കേറിയതാ . മമ്മി കൂടെ ഡോക്ടറുടെയടുത്ത് ഉണ്ടാകണോന്ന് മോൾക്കാഗ്രഹം .”‘ രഞ്ജു ചോദ്യപൂർവ്വം നോക്കിയ ഷീലയെ നോക്കി പറഞ്ഞു

“‘ ദൈവമേ ..എന്നിട്ടെന്നാ ആദ്യമേ പറയാത്തെ .ഞാനിതാ വരുവാ “‘അതുവരെയുണ്ടായിരുന്ന പിണക്കങ്ങളെല്ലാം മറന്ന് ഡ്രെസ് മാറുവാനോടിയ ഷീലയെ നോക്കി ചിരിച്ചുകൊണ്ട് ദിവ്യ രഞ്ജുവിന്റെ നെഞ്ചിലേക്ക് ചാരി .

-സെബിൻ ബോസ്