പിന്നെയും പിന്നെയും അപ്പൻ പോയികൊണ്ടേയിരുന്നു. ആഴ്ചകളോളം….മാസങ്ങളോളം…അപ്പഴും അപ്പൻ പറഞ്ഞത് ഒന്നുതന്നെ…

Story written by SARAN PRAKASH

:::::::::::::::::::::::::::::::::::::::

പള്ളികൂടത്തീന്ന് വരുംവഴി അന്നും കണ്ടു, സിനിമാകൊട്ടകേല് അടിയുണ്ടാക്കുന്ന അപ്പനെ…

കൂടെ പഠിക്കണോരൊക്കെ വാ പൊത്തി ചിരിക്കണുണ്ട്…

”നിന്റപ്പന് പ്രാന്താ…!!”

അതേ… അമ്മച്ചിയും പറയാറുണ്ട്… എന്റപ്പന് പ്രാന്താണെന്ന്… സിനിമാ മോഹം തലയിലേറിയ പ്രാന്ത്…

കെട്ടിന്റന്നു രാത്രീല് വണ്ടികേറിപോയിട്ട് നാലുനാൾ കഴിഞ്ഞാത്രേ അപ്പൻ വന്നത്..
ചോദിച്ചപ്പോൾ സിനിമേല് അഭിനയിക്കാൻ പോയതാത്രേ…

അമ്മച്ചി മറുത്തൊന്നും പറഞ്ഞില്ല… പകരം കാത്തിരുന്നു… സിനിമയിറങ്ങുമ്പോൾ കാണാലോ… നാലാൾടെ മുൻപിൽ അഹങ്കരിക്കാലോ….!!!

സിനിമയിറങ്ങി… കൊട്ടകേലും കണ്ടു… അയലത്തെ വർഗ്ഗീസേട്ടന്റെ ടീവീലും കണ്ടു… എത്ര നോക്കീട്ടും, അപ്പനെ മാത്രം അതിലെങ്ങും കണ്ടില്ല….

സിനിമയല്ലേ… ചിലപ്പോൾ ആ രംഗങ്ങൾ ഒഴിവാക്കിക്കാണും… അമ്മച്ചി സ്വയം ആശ്വസിച്ചു…

പിന്നെയും പിന്നെയും അപ്പൻ പോയികൊണ്ടേയിരുന്നു… ആഴ്ചകളോളം… മാസങ്ങളോളം…

അപ്പഴും അപ്പൻ പറഞ്ഞത് ഒന്നുതന്നെ…

”സിനിമേല് അഭിനയിക്കാൻ പോണതാ ത്രേസ്സ്യപെണ്ണേ…”

പക്ഷേ സിനിമകള് ഇറങ്ങിയതിലൊന്നും അമ്മച്ചി അപ്പനെ കണ്ടില്ല…

നാട്ടാരും, ബന്ധക്കാരും അടക്കം പറഞ്ഞു ചിരിച്ചു… അപ്പന് വേറെ കുടുംബോം കുട്ട്യോളുമുണ്ടെന്ന്… അങ്ങിട്ടാ ഇടക്കിടയ്ക്ക് പോണേന്ന്…

ഒടുവിൽ സഹികെട്ട് ഒരുനാൾ അമ്മച്ചിയുടെ ശബ്ദമുയർന്നു… അപ്പനുനേരെ…

”സിനിമേല് അഭിനയിക്കാനെന്നും പറഞ്ഞ്, നിങ്ങളെങ്‌ടാ പോണത്…??”

അപ്പനൊന്നും മിണ്ടിയില്ല… പകരം അന്ന് രാത്രീല് അമ്മച്ചിയേയും കൂട്ടി കൊട്ടകേല് പോയി..

സിനിമ തൊടങ്ങി… കൊരച്ചുകൊണ്ട് ചാടണ നായയോട് മല്പിടിത്തം നടത്തണ നായകനെ നോക്കി അപ്പൻ പറഞ്ഞു…

”അത് ഞാനാണ്..!!”

അമ്മച്ചിയുടെ കണ്ണുചുളിഞ്ഞു…

തീപീടിച്ച വൈക്കോൽ കൂനക്കുള്ളിൽനിന്നും ചാടിവരുന്ന നായകനെ നോക്കി അപ്പൻ പിന്നെയും പറഞ്ഞു…

”അത് ഞാനാണ്..!!”

അമ്മച്ചി നിർവികാരതയോടെ നോക്കി…!!

അപ്പൻ ആർത്തുവിളിച്ചു… അടുത്തിരിക്കുന്നവരോട് കയ്യടിക്കാൻ കറുവിച്ചു…

കൂട്ടുകാരോട് പറഞ്ഞു… നാട്ടുകാരോട് പറഞ്ഞു…

“അത് ഞാനാണ്…!!”

അമ്മച്ചിപോലും വിശ്വസിക്കാത്തത് അവരെങ്ങനെ വിശ്വസിക്കും…!!

അവർക്കങ്ങനെ അപ്പനൊരു പ്രാന്തനായി… കൊട്ടകേല് അപ്പന്റെ ആർപ്പുവിളികൾ പിന്നെ പിന്നെ കയ്യാങ്കളികളായി…

ഇന്നും അതിലൊരു മാറ്റോല്ല്യാ…!!

”ഡാ കുട്ടപ്പായി,, ഒന്നുപോയി പിടിച്ചുമാറ്റടാ നിന്റപ്പനെ…!!!”

വഴിയോരത്ത്, കാർന്നോന്മാർ എന്നെനോക്കി ആജ്ഞാപിക്കുന്നുണ്ട്…

ഞാനവർക്ക് കാതോർത്തില്ല… അല്ലേലും അപ്പനെ കാണുമ്പോഴൊക്കെയും എന്റെ കാതിൽ മുഴങ്ങുന്നത് അമ്മച്ചിയുടെ ആ വാക്കുകളാണ്…

“ഒരിക്കലും അപ്പനെപോലെയാകരുത്..!! ഒരിക്കലും അപ്പനോടൊപ്പം കൂടരുത്…!!”

ഒരുപക്ഷേ അപ്പന്റെ പ്രാന്ത് എന്നിലേക്കും പകരുമോന്ന് അമ്മച്ചി ഭയന്നിരിക്കാം…

അതുകൊണ്ടുതന്നെയാകാം എന്നെ ലാളിക്കാനെത്തിയ അപ്പന്റെ കൈകളെ അമ്മച്ചി തട്ടിമാറ്റികൊണ്ടിരുന്നത്….

അപ്പനെക്കാളേറെ സ്നേഹവും സംരക്ഷണവും തന്നത്…

പടികേറിയെത്തിയ അപ്പനന്നും, കിണറ്റിങ്കരയിലെ തണുത്തുറഞ്ഞ വെള്ളം തലയിലൂടെ കമഴ്ത്തി…

”മോനെ കുട്ടപ്പായി… ഞാനിന്ന് കണ്ടായിരുന്നു… അപ്പനെ നാട്ടാരിട്ടു പെരുമാറുമ്പോഴും തിരിഞ്ഞു നോക്കാതെ നീ പോണത്… നല്ലതാടാ ഹുവേ…!!!”

അപ്പൻ ചിരിച്ചു… ആ ചിരി കിണറ്റിലങ്ങനെ മുഴങ്ങിക്കൊണ്ടേയിരുന്നു…

അപ്പനങ്ങനെയാണ്.. സങ്കടം വന്നാലും ചിരിക്കും… അതാണത്രേ പ്രാന്തന്മാരുടെ മറ്റൊരു ലക്ഷണം…

അടുപ്പിലെ ചീനച്ചട്ടിയിൽ കടുക് പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു…നിർവികാരതയോടെ നിൽക്കുന്ന അമ്മച്ചിയുടെ മനസ്സെന്നപോലെ….

പലയാവർത്തി ശ്രമിച്ചുനോക്കീട്ടും നന്നാവാത്ത അപ്പനെ അമ്മച്ചി പണ്ടേ തള്ളിക്കളഞ്ഞിരുന്നു…

എങ്കിലും ഉള്ള് പിടയാതിരിക്കില്ലല്ലോ…!!

അകലങ്ങളിൽ ഒരു കൂട്ടക്കരച്ചിലുയർന്നു….

നാണപ്പന്റെ മൂന്നരവയസുള്ള പേരക്കിടാവ് അടിതെറ്റി കിണറ്റിലേക്ക് വീണെന്ന്…

അഴയിലഴിച്ചിട്ടിരുന്ന ഉടുമുണ്ടെടുത്തു ചുറ്റി അപ്പൻ പാഞ്ഞു..

ആഴമറിയ ആ കിണറിലേക്ക് തലയെത്തിച്ചു നോക്കുന്നവർക്കിടയിലൂടെ അപ്പൻ മാത്രം എടുത്തങ്ങുചാടി…

കൂടിനിന്നവരിൽ ചിലർ വടമെടുത്ത് മരത്തിൽ കെട്ടി ഒരുങ്ങിനിന്നു…

കിണറ്റിലേക്ക് എത്തിനോക്കിയിരുന്നവർ ഒന്നടങ്കം ആർത്തുവിളിച്ചു…

“വലിച്ചു കേറ്റിനെടാ…”

ഒരുകൈ വടത്തിലും, മറുകയ്യിൽ കുഞ്ഞുമായി അപ്പൻ കേറിവന്നു…

പ്രാന്തനെന്നു മുദ്രകുത്തിയവരേവരും, അന്തോണിച്ചായനെന്ന് ആർപ്പുവിളിച്ചു…

കുഞ്ഞിനേയും കൊണ്ട് ഒരു കൂട്ടം ആശുപത്രീലേക്ക് പാഞ്ഞു…കൂടിനിന്നിരുന്നവരെല്ലാം പിരിഞ്ഞകലുമ്പോൾ ശേഷിച്ചത് ഞാനും അപ്പനും അമ്മച്ചിയും മാത്രം…

”അപ്പനെവിട്ന്നാ ഇത്രേം ധൈര്യം..?”

ഒരുപക്ഷേ അമ്മച്ചിയും അറിയാൻ ആഗ്രഹിച്ചതുകൊണ്ടാകാം, അപ്പനോട് അടുത്തപ്പോൾ ആ നിമിഷം മാത്രം അമ്മച്ചി തടഞ്ഞില്ല…

പക്ഷേ അപ്പനെല്ലാം പഠിച്ചെടുത്തത് സിനിമെന്നാണെന്ന് പറഞ്ഞ നിമിഷം അമ്മച്ചി കലിതുള്ളി നടന്നകന്നു…

അപ്പനൊരുകാലത്തും നന്നാവില്ലെന്ന് പിറുപിറുത്തതുകൊണ്ട്….

പക്ഷേ അന്നാദ്യമായി അപ്പനെ ഞാൻ വിശ്വസിച്ചു… തലേന്നാൾ കൊട്ടകേല് കണ്ടൊരു സിനിമേല് കിണറ്റില് വീണ ആടിനെ പൊക്കിയെടുത്ത നായകനെ ഓർമ്മവന്നു… അപ്പൻ കിണറ്റിന്ന് കേറിവന്നതുപോലെ…

”എന്നിട്ടെന്താ അപ്പന്റെ മൊഖമൊന്നും കാണാത്തെ സിനിമേല്..??”

അപ്പൻ ചിരിച്ചു…

”സിനിമ അങ്ങനാണ്ടാ… മൊഖമില്ലാത്ത കൊറേ മനുഷ്യരുടെ വെയർപ്പുമുണ്ടതിൽ…!!!”

പുറത്തെ അഴേല് കിടന്നിരുന്ന നാണപ്പന്റെ കരിമ്പനിടിച്ച തോർത്തെടുത്ത് അപ്പൻ തല തോർത്തി…

“അപ്പൊല്ലാരും അപ്പന് പ്രാന്താണെന്ന് പറയണത് വെറുതെയാ ല്ലേ..!!”

ആരോടെന്നില്ലാത്ത എന്റെ ആ സംശയത്തിന് അപ്പൻ ചിരിച്ചു… മതിവരുവോളം…

”ആൾക്കാർക്ക് അറിയാത്ത കാര്യം പറഞ്ഞുകേൾക്കുമ്പോൾ അവർക്ക് അയാളൊരു മണ്ടനോ പ്രാന്തനോ ആയി മാറും… അതൊരു നാട്ടുനടപ്പാ…”

അപ്പൻ മുന്നോട്ട് നടന്നുനീങ്ങി…

പള്ളിക്കൂടത്തിൽ ടീച്ചറ് പറഞ്ഞുകേട്ട എഡിസന്റെ കഥയോർത്തു… മണ്ടനെന്ന് മുദ്രകുത്തപ്പെട്ട് പിൽകാലത്ത് ലോകമംഗീകരിച്ച ആ വലിയ മനുഷ്യന്റെ കഥ…

അതേ… അപ്പനാണ് ശരി…!!!

”എടാ കുട്ടപ്പായി,, നിന്റപ്പന്റെ സൂക്കേടിന് കൊറവിണ്ടാ…?”

അന്ന് ഇടവഴിക്കരികിൽനിന്നും തൊമ്മിക്കുഞ്ഞ് പരിഹസിക്കുമ്പോൾ, ഉമ്മറത്ത് സൈക്കിളിൽ പണിതുകൊണ്ടിരുന്ന അപ്പനെ ഞാൻ നോക്കി…

”അപ്പാ… ഞാനൊരു കല്ലെടുത്തെറിഞ്ഞ് അവന്റെ തലമണ്ട പൊളിക്കട്ടെ…??”

അകത്തളങ്ങളിൽ ഒരു മീൻചട്ടി നിലം പതിച്ചു…

മത്ത കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോന്ന് പുലമ്പികൊണ്ട്…!!!