മിഴികളിൽ ~ ഭാഗം 20, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“””നളിനി ഞാൻ ഒരു തീരുമാനം എടുത്തിരിക്കുന്നു….. ഋഷിയെ ഇനീം ഈ അവസ്ഥയിൽ കാണാൻ എനിക്ക് വയ്യാ .. അവനെ നല്ലൊരു ഡോക്ടറെ കാണിക്കണം… നല്ല ട്രീറ്റ്മെന്റ് നൽകി മനസിനെ ശാന്തമാക്കണം “””.

രാത്രി ഉറങ്ങുവാനായ് മുറിയിലേക്ക് ചെന്നപ്പോൾ കണ്ണട ഊരി വച്ച് കൊണ്ടയാൾ പറഞ്ഞു….

“”അവന് ഒന്നുല്ല ദാസേട്ട… ഇനി നാട്ടുകാരെ കൊണ്ട് ഓരോന്ന് പറഞ്ഞു ചിരിപ്പിക്കാണാനാണോ ദാസേട്ടന്റെ ഉദ്ദേശം ..””

സാരി തലപ്പാൽ നളിനിയമ്മ കണ്ണീരൊപ്പി…

“”ഋഷിക്ക് മാനസികമായ് ഒന്നുമില്ല എന്ന് പറയുന്നയാൾ നീ മാത്രമേ കാണു…”””

“”ഇല്ലാ . നിക്കറിയാം അവനൊന്നുല്ലാ… ചെലപ്പോ ആ കുഞ്ഞുങ്ങളെ അവന് കിട്ടിയാൽ എല്ലാം തീരുവായിരിക്കും….. ഒരു അഞ്ചാറു മാസം കഴിഞ്ഞാൽ നമുക്ക് വാങ്ങണം…. പഴേ ഡീൽ പോലെ തന്നെ…… അപ്പോ അവന് സന്തോഷാവും… “””

ഏറെ ആകാംഷയോടെ നളിനിയമ്മ പറഞ്ഞതും ദാസ്‌ പല്ലിറുമ്മി കൊണ്ട് കയ്യാൽ നളിനിയുടെ മുഖത്തേക്ക് ആഞ്ഞടിച്ചിരുന്നു…..

“”നിനക്ക് എങ്ങനെ കഴിയുന്നു നളിനി ഇങ്ങനെയൊക്കെ സംസാരിക്കാൻ? . ഇത്രേം വിഷമാണോ നിന്റെ ഉള്ളു നിറയെ… കുഞ്ഞുങ്ങളെ കിട്ടിയാലൊന്നും അവന്റെ ഭ്രാന്ത് മാറില്ല…പകരം അപ്പോഴേക്കും കൃഷ്ണ മുഴു ഭ്രാന്തിയായ് മാറും… ഇതൊന്നും അറിയാതെ സുഖമായി കഴിയുവാനാ ഞാൻ കൃഷ്ണയെ അവിടെ കൊണ്ടാക്കിയത്.. ഏത് നേരോം ഹൃതു.. ഹൃതു ന്ന് പറഞ്ഞു നടക്കുവാ നിന്റെ മോൻ ഋഷി ….ഇനി എങ്കിലും എനിക്ക് അവനെ നല്ലൊരു ഭർത്താവായി…. കുഞ്ഞുങ്ങൾക്ക് നല്ലൊരഛനായ് കൃഷ്ണയ്ക്ക് തിരികെ കൊടുക്കണം….. ഹൃതുവിന്റെ ഓർമകളെ എരിച്ചു കളയണം… അത്രേ ഉള്ളു.. അതിന് തടസം നിന്നാൽ… നളിനി നീ എന്റെ മറ്റൊരു മുഖ ഭാവം കാണും.. പറഞ്ഞില്ലെന്നു വേണ്ട..””

അത്രയും പറഞ്ഞു തീരുമ്പോഴേക്കും ദാസഛന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു…. അയാൾ നളിനിയെ ഒരു നിമിഷം നോക്കിയതും ഫോണുമെടുത്തു വെളിയിലേക്കിറങ്ങി….

“”ഹലോ.. ആ മോനെ പറ…. “””

“”അങ്കിൾ… ഞാൻ വിളിക്കാൻ വിട്ടു പോയി… എല്ലാം ഭംഗിയായ് നടന്നില്ലേ….കൃഷ്ണയ്ക്ക് അവിട താമസിക്കാൻ വിയോജിപ്പൊന്നും ഉണ്ടായിരുന്നില്ലല്ലോ…..”””

“”ഇല്ലാ…. ഞാൻ പറഞ്ഞാൽ ആ കുട്ടി അനുസരിക്കും… എങ്ങനായാലും ഇവിടെ താമസിക്കുന്നതിനേക്കാൾ എത്രയോ ഭേദമല്ലേ അവിടെ നിൽക്കുന്നത്…എല്ലാവരുമായി പൊരുത്ത പെടാൻ കുറച്ച് സമയം എടുക്കുവായിരിക്കും….ന്നാലും സാരില്യ …പിന്നെ നീ ആണല്ലേ ഹോസ്പിറ്റലിൽ ബില്ലടച്ചത്….? “””

“”ഏഹ്ഹ്…. ആ….. അതേ….. അങ്കിൾ… ഞാൻ പിന്നെ വിളിക്കവേ.. എന്റെ കുറച്ച് ഫ്രണ്ട്‌സ് വന്നിട്ടുണ്ട്…. ശെരി”

മറു തലയ്ക്കൽ നിന്നും കാൾ നിലച്ചു…… ശേഷം ദാസ് കിടക്കാനായ് ചെന്നു….

??????????

രാത്രിയിൽ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റ കുഞ്ഞിന് പാല് കൊടുക്കുകയായിരുന്നു കൃഷ്ണ…. അവൾ കുഞ്ഞിനെ നെഞ്ചോട് ഒന്ന് കൂടി ചേർത്ത് പിടിച്ചു….ഒരു കൈ വിരൽ കുഞ്ഞിന്റെ കയ്യിലേക്ക് വച്ചു കൊടുത്തു… അപ്പോൾ കുഞ്ഞ് ഇറുകെ പിടിക്കുന്നത് കണ്ടതും അവളുടെ മനസ്സിൽ സന്തോഷം അലതല്ലുന്നുണ്ടായിരുന്നു ….

“”ഇത് പോലെ.. അമ്മേടെ രണ്ട് കുഞ്ഞ് മക്കളും കൂടെ കാണണം ട്ടൊ….ഇനി ഈ അമ്മയ്ക്ക് നിങ്ങളെയുള്ളൂ…. “””

ഒരു നിമിഷമവൾ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കൂടി നോക്കി…ഉറക്കം വിട്ട് വാവ എഴുന്നേൽക്കുന്നത് കണ്ടതും മറു കയ്യാൽ മെല്ലെയൊന്ന്.. അത്രയ്ക്കും നേർമയോടെ തട്ടി കൊടുത്തു….വെറുതെ മൂളി മൂളി അവളെ ഉറക്കി…മറ്റവൾ ഉറങ്ങിയെന്ന് കരുതി മുല ഞെട്ട് കുഞ്ഞിൽ നിന്നും വേർപിരിക്കാനൊരുങ്ങിയതും വീണ്ടും നുണയുന്നതായിരുന്നു കണ്ടത്….

“”അമ്പടി കള്ളി… അമ്മയെ ഒങ്ങാൻ സമ്മയ്ക്കില്ലേ നീയ്…… മ്മ്… വേം പാൽ കുച്ച് ഒങ്ങിക്കോ ട്ടൊ….. “””

വെറുതെ കൊഞ്ചിച്ചവൾ സംസാരിച്ചു കൊണ്ടിരുന്നു….. അപ്പോഴേക്കും ഒരു പായയും കയ്യിൽ പിടിച്ചു കൊണ്ട് ദേവമ്മ മുറിയിലേക്ക് കയറി വരുന്നുണ്ടായിരുന്നു ……. അവരെ കണ്ടതും കൃഷ്ണയൊന്ന് നോക്കി ചിരിച്ചു..

“”ഞാൻ ഇവിടെ കിടന്നോളാം…..അല്ലെങ്കിൽ ഇവരുടെ വാശി കൊണ്ട് നീ ഉറങ്ങില്ല….ഞാൻ ഉണ്ടാകുമ്പോൾ സഹായവുല്ലോ…. “””

പറഞ്ഞു കൊണ്ട് ദേവമ്മ പായ നിലത്തേക്ക് വിരിച്ചു….

“”നിനക്ക് വിരോധോന്നും ഇല്ലല്ലോ…? “”

“”ഏയ് ഇല്ലാ… “”

കേട്ടപ്പോൾ ദേവമ്മയ്ക്ക് ആശ്വാസമായി….. കൃഷ്ണ വീണ്ടുമൊരമ്മയെ കാണുകയായിരുന്നു…. സ്വന്തക്കാർ ചതിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ബന്ധവുമില്ലാത്ത ആൾക്കാർ സ്നേഹിക്കുന്നു… അവൾക്കതൊക്കെ അത്ഭുതമായ് തോന്നി..

“”മാളുവും മീനുവും ഉറങ്ങിയോ… “”

“”മ്മ്… രണ്ടും കൂടെ ഫോണും കുത്തി പിടിച് ഇരിപ്പുണ്ട്…. എപ്പോഴാണാവോ ഇനി ഉറക്കമൊക്കെ…..ഇങ്ങനെ പോയാൽ ആ കുന്ത്രാണ്ടം വാങ്ങി ഞാൻ അടുപ്പിൽ ഇടും”

കേട്ടപ്പോൾ ഊറി ചിരിക്കുകയായിരുന്നു കൃഷ്ണ….

“”പിന്നെ മോളെ…. നിന്റെ കാര്യങ്ങളൊക്കെ എനിക്കറിയാം.. പക്ഷെ പിള്ളേർക്ക് അതൊന്നും അറിയില്ല…അവരെന്നോട് ചോദിച്ചിട്ടുമില്ലാ…എന്തിനാ നീ ഇവിടേക്ക് വന്നത് എന്നൊന്നും…. അത് കൊണ്ട് നീ അവരോട് ഒന്നും പറയാൻ നിൽക്കണ്ട “”

അവളുടെ മുഖത്തേ ചിരി അതോടെ മാഞ്ഞു പോയിരുന്നു……

“”എന്റെ കഥകൾ ആരറിഞ്ഞാലും എനിക്കത് സങ്കടല്ല മ്മേ…. എന്റെ മക്കളെ പോലും ഞാൻ എന്റെ ജീവിതം പറഞ്ഞു കേൾപ്പിച്ചേ വളർത്തു…. എന്നെ പോലെ ആവരുതെന്നേ പഠിപ്പിക്കു……. ഓരോരോ നിവർത്തികേട് അത്ര തന്നെ…ഭർത്താവിനെ വിശ്വസിച്ചു…. എന്റെ വീട്ടുകാരെയും വിശ്വസിച്ചു… ചതി തിരിച്ചറിഞ്ഞപ്പോൾ വല്ലാത്തൊരു അവസ്ഥയായിരുന്നു….തീരെ വയ്യാണ്ടായപ്പോൾ പഠിപ്പ് മുടങ്ങി… പിന്നെ ഒരു തെറ്റും ചെയ്യാത്ത ഈ കുഞ്ഞുങ്ങളെ എനിക്ക് ശിക്ഷിക്കാൻ പറ്റുവോ…ഇനി അയാൾ വന്നാലും ഞാൻ കുഞ്ഞുങ്ങളെ കൊടുക്കില്ല ദേവമ്മേ …. എനിക്കൊരു ബന്ധവും സ്ഥാപിക്കേണ്ട “””

“””എല്ലാം നിന്റെ ഇഷ്ടമാണ് മോളെ…. ഋഷി നല്ലവനോ ചീത്തയോ ആവട്ടെ… ഈ കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സാമീപ്യം നഷ്ടപ്പെടുത്തുന്നത് തെറ്റല്ലേ……അവർക്ക് വേണ്ടി ഒരു ക്ഷമാപണവുമായി ഋഷി എന്നെങ്കിലും വന്നാൽ നീ പോകണം……. പ്രായശ്ചിത്തത്തിനു അനുമതി കൊടുക്കണം…അതൊക്കെയാണ് ബന്ധങ്ങൾ… “

“”ദേവമ്മയ്ക്ക് ഇങ്ങനെയൊക്കെ പറയാം.. പക്ഷെ മനസിന്‌ സ്വസ്ഥതയില്ലാതെ മരണാനന്തരം വരെ നെഞ്ച് നീറി ജീവിക്കുന്നതിലും ഭേദം ഞാൻ മരിക്കുന്നതല്ലേ …..””

വീണ്ടും ആ കണ്ണുകൾ നിറഞ്ഞെന്നു കണ്ടപ്പോൾ ദേവമ്മ പിന്നൊന്നും അതേ പറ്റി സംസാരിച്ചില്ല…

“”പാല് കൊടുത്ത് കഴിഞ്ഞെങ്കിൽ നീ കിടന്നോളു… കുറച്ച് നാളായില്ലേ ഹോസ്പിറ്റലിൽ തന്നെ…ക്ഷീണം കാണും…ഞാനും ഒന്ന് മേല് ചായിക്കട്ടെ “”

ദേവമ്മ കിടക്കാനായി തുടങ്ങി..അത് കണ്ടതും കൃഷ്ണ കുഞ്ഞിനെ ഒരുവേള നോക്കി കൊണ്ട് മാറിൽ നിന്നും മാറ്റി അരികത്തായ് പതിയെ കിടത്തി… മെല്ലെ ശരീരത്തിലെ നോവടക്കികൊണ്ട് അവളും കിടന്നു….

?????????

പിറ്റേന്ന് രാവിലെ തന്നെ ദാസഛൻ ഋഷിയെയും കൂട്ടി പ്രശസ്ത സൈക്കാട്രസ്റ് ആയ ഡോക്ടർ ഗോപൻ മേനോനെ കാണാൻ ചെന്നിട്ടുണ്ടായിരുന്നു…..കാര്യങ്ങളൊക്കെ ഡോക്ടറോട് അവതരിപ്പിച്ചപ്പോൾ ദാസ്ന് എന്തോ ഒരു ആശ്വാസം നിറയുന്നതായി തോന്നുന്നുണ്ടായിരുന്നു… ഋഷിയിൽ ഒരു മാറ്റം നിറയുമെന്ന് അദ്ദേഹം മനസ്സിൽ പ്രതീക്ഷ വിരിച്ചു കൊണ്ടിരുന്നു….

“”പറഞ്ഞാടുത്തോളം ഋഷിയെ ഈ ഒരവസ്ഥയിൽ എത്തിച്ചത് അവന്റെ പ്രണയം തന്നെയാണെന്ന് പറയാം…. സ്നേഹിച്ച പെണ്ണിന് വേണ്ടി എന്തും ചെയ്യാനുള്ള മനസികാവസ്ഥ ആ മനസ്സിൽ എത്രയോ വളർന്നിരിക്കണം….. പിന്നെ അവളുടെ വിയോഗം കൂടി താൻ കാരണമാണ് എന്നറിഞ്ഞതിലുള്ള ഷോക്ക്….. ഇപ്പോ ചിലപ്പോ കുഞ്ഞുങ്ങളെ കുറിച്ചോർത്തും മനസ് വിഭ്രാന്തി കാട്ടുന്നുണ്ടാകാം.. ചുരുക്കി പറഞ്ഞാൽ സ്നേഹം കൊണ്ട് മാത്രം സ്ഥിരത തെറ്റി പോയ മനുഷ്യനാണ് താങ്കളുടെ മകൻ……. പക്ഷെ ഒരു കാര്യമുണ്ട് ഋഷി അനുഭവിച്ചതിന്റെ എത്രയോ ഇരട്ടി വേദന മനസ്സിൽ അവന്റെ ഭാര്യയായിരുന്നവൾ അനുഭവിച്ചിട്ടുണ്ടാകും…ആ ഒരു സാഹചര്യത്തിൽ ആരും സമനിലയില്ലാതെ പെരുമാറി പോകും…..പക്ഷെ അവളെ ഇത്തരമൊരവസ്ഥയിൽ കാണാതിരുന്നത് ഭാഗ്യം…ഒരു കാര്യം ഞാൻ പറയട്ടെ…. എന്ത് കൊണ്ടും ഋഷിയെക്കാൾ മനസിന്‌ പാകത അവന്റെ വൈഫിനു തന്നെയാണ്…… “”

ഡോക്ടറൊന്ന് നിർത്തി…. പിന്നെ വീണ്ടും തുടർന്നു….

“”ദാസ്ന് എന്നെ വിശ്വസിക്കാം… പഴയ ഋഷി ആയല്ല…. ഒരു പുതിയ ഋഷിയായ് ഞാൻ അവനെ തിരികെ തന്നിരിയ്ക്കും….. കുറച്ചു നാളത്തെ ഇവിടുത്തെ കൗൺസിലിംങും ട്രീറ്റ്മെന്റും മാത്രം മതി…… “””

കേട്ടപ്പോൾ ദാസഛന് പകുതി ശ്വാസം നേരെ വീണു….

“”എത്രയൊക്കെയായാലും വേണ്ടീല… അവന്റെയീ ദുഷിച്ച സ്വഭാവമൊന്ന് മാറ്റി തന്നാൽ മതി…….. “””

“”ഞാൻ പറഞ്ഞല്ലോ….. നിങ്ങൾക്ക് അവന്റെ കാര്യത്തിൽ പ്രതീക്ഷ വെയ്ക്കാം…..””

ഡോക്ടർ ഉറപ്പ് നൽകും പോലെ പറഞ്ഞു….. ഋഷിയെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഒരുപാട് പണിപ്പെട്ടിരുന്നു ദാസഛൻ… പോരാത്തതിന് നളിനിയമ്മയുടെ എതിർപ്പും…ആ കടമ്പ മറി കടന്ന് ഇത്ര വരെ കാര്യങ്ങൾ നീങ്ങിയിരിക്കുന്നു… അയാൾക്ക് കുറച്ചെങ്കിലും ശുഭമായെല്ലാം തെളിഞ്ഞു വരുന്നതായി തോന്നി… ഡോക്ടറെ കണ്ട് പുറത്തേക്കിറങ്ങുമ്പോൾ നിറ മിഴികളുമായി കോപം ജ്വലിച്ചു കൊണ്ട് നളിനി ഇരിപ്പുണ്ടായിരുന്നു……

“”സമാധാനായല്ലോ….. ഏഹ്… എന്റെ മോന് വല്ലതും പറ്റിയാൽ ഉണ്ടല്ലോ….. പിന്നെ ഞാൻ ജീവിച്ചിരിക്കില്ല…… “””

“”നളിനി… നീ ഒന്ന് സമാധാനപ്പെടു…. ഋഷിയെ നമുക്ക് തിരിച്ചു കിട്ടും…. നിന്റെ വാശി ആദ്യമൊന്ന് അടക്കി വയ്ക്ക്…… “””

“””പറ്റില്ല ദാസേട്ടാ…. എന്റെ മോൻ….. ആ നേഴ്സ്മാർ പിടിച് അതിനുള്ളിലേക്ക് കൊണ്ട് പോകുമ്പോൾ എത്ര നിലവിളിച്ചെന്നറിയോ….എനിക്ക് കാണണം….. അവനെ നമുക്ക് വീട്ടിലേക്ക് തന്നെ കൊണ്ട് പോകാം…… അവന് ഒന്നുല്ല….. “””

അനുനയിപ്പിക്കാൻ ശ്രമിക്കുന്തോറും അവർ കൂടുതൽ പൊട്ടി തെറിക്കുകയായിരുന്നു ചെയ്തത്… സംയമനം വിട്ട് നളിനി പൊട്ടി കരയുവാൻ തുടങ്ങി…..

“”നളിനി… ഇത് ഹോസ്പിറ്റൽ ആണ്…. നീ ഇങ്ങനെ കിടന്ന് ബഹളം വെയ്ക്കല്ലേ….. വാ നമുക്ക് പോകാം….. “”

“”അപ്പോ ഋഷിയോ…. അവൻ വരുന്നില്ലേ…? “””

അതിശയത്തോടെ ചോദിച്ചു…

“എന്റെ നളിനി എല്ലാം ശെരിയാവെണ്ടേ? .. അവനെ നമുക്ക് നല്ല രീതിയിൽ തിരിച്ചു കിട്ടണേൽ കുറച്ചു നാൾ ഇവിടുത്തെ കിടത്തി ചികിത്സ അത്യാവശ്യമാണ്… നമുക്ക് എപ്പോ വേണേലും വന്ന് കാണാം… ഇപ്പോ നമുക്ക് വീട്ടിലേക്ക് ചെല്ലാം…. ബാ…. “””

ദാസഛൻ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ ഇടയ്ക്കിടെ പിന്തിരിഞ്ഞു നോക്കി കൊണ്ട് നളിനിയമ്മ കൂടെ നടന്നു……. ഋഷിയെ ഒരു ഭ്രാന്താശുപത്രിയിൽ കൊണ്ടിട്ടത്തിൽ മനം വിങ്ങി വേദനിച്ചു …..ദാസ്ന് ഋഷിയോട് യാതൊരു സ്നേഹവുമില്ലേയെന്ന് ചിന്തിച്ചു കൂട്ടി…

പക്ഷെ ഇതൊന്നുമറിയാതെ മനസറിഞ്ഞുകൊണ്ട് കുഞ്ഞുങ്ങളുടെ കളിചിരികളിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു കൃഷ്ണ….സ്വയമെല്ലാം മറന്നു അതിജീവിക്കാൻ അവളുടെ മനസും പാകമായ് തുടങ്ങട്ടെ… വേദനകളിൽ നിന്നും വിരാമമെന്ന പോലെ ആ പെണ്ണും ജ്വലിക്കട്ടെ …..

തുടരും…