നാളെ മുതൽ എനിക്കിത് പോലെ നിങ്ങളോടൊപ്പം ഇരിക്കാനും സംസാരിക്കാനുമൊന്നും കഴിയില്ലല്ലോ….

Story written by SAJI THAIPARAMBU

:::::::::::::::::::::::::::::::::::

“മോളേ … നേരം പാതിരാവായി ഇനി പോയി കിടന്നുറങ്ങിക്കോ, നാളെ നേരത്തെ എഴുന്നേൽക്കണ്ടതല്ലേ?

മാലതി, മകൾ നീരജയോട് പറഞ്ഞു.

“കുറച്ച് കൂടി കഴിയട്ടമ്മേ.. നാളെ മുതൽ എനിക്കിത് പോലെ നിങ്ങളോടൊപ്പം ഇരിക്കാനും സംസാരിക്കാനുമൊന്നും കഴിയില്ലല്ലോ?

അത് പറയുമ്പോൾ അവളുടെ തൊണ്ട ഇടറിയിരുന്നു.

“എന്നാര് പറഞ്ഞു ,കല്യാണം കഴിഞ്ഞ് പോയാലും പിന്നെ ഇടയ്ക്കിടെ നിനക്ക് ഇങ്ങോട്ട് വരാമല്ലോ? പിന്നെന്തിനാ വിഷമിക്കുന്നത്”

മാലതി മകളെ സമാധാനിപ്പിച്ചു.

“എന്നാലും ഇപ്പോഴുള്ള അവകാശത്തോടെയായിരിക്കില്ലല്ലോ ഇനി വരുന്നത്, വിവാഹം കഴിഞ്ഞ് പോകുന്ന പെൺകുട്ടികൾ, പിന്നീട് സ്വന്തം വീട്ടിലേക്ക് തിരിച്ച് വരുന്നത്, അതിഥികളെ പോലെയാരിക്കുമെന്നാ, ചിറ്റയൊക്കെ പറഞ്ഞ് കേട്ടിട്ടുള്ളത്”

“അത് ചിറ്റയുടെ അനുഭവം കൊണ്ട് പറഞ്ഞതാണ് ,നിനക്കിവിടെ അങ്ങനൊരു കുറവ് ഒരിക്കലുമുണ്ടാവില്ല, ഇവിടെ ഞാനും അച്ഛനും നിൻ്റെ ഏട്ടനും മാത്രമല്ലേയുള്ളു ,എപ്പോൾ വേണമെങ്കിലും വരികയും ,എത്ര ദിവസം വേണമെങ്കിലും നില്ക്കുകയും ചെയ്യാം, അത് കൊണ്ട്, നീ സമാധാനമായി പോയി കിടന്നുറങ്ങാൻ നോക്ക്, ബ്യൂട്ടീഷൻ ഏഴ് മണിക്കെത്തും, അതിന് മുമ്പ് അമ്പലത്തിൽ പോയിട്ട് വരേണ്ടതാണ്”

മാലതി മകളെ നിർബന്ധപൂർവ്വം മുറിയിലേക്ക് പറഞ്ഞു വിട്ടു.

കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നില്ലായിരുന്നു.

ജനിച്ച് വളർന്ന വീട്ടിൽ നിന്നും തികച്ചും അപരിചിതമായ മറ്റൊരു വീട്ടിലേക്ക് നാളെ മരുമകളായി കയറി ചെല്ലണം.

എങ്ങനെയായിരിക്കും അവിടെയുള്ളവരുടെ പ്രതികരണം, അവിടെയുള്ളവർക്ക് തന്നെ ഇഷ്ടമാകുമോ?അവിടെച്ചെന്ന് കഴിഞ്ഞ് എന്തൊക്കെയാണ് താൻ ചെയ്യേണ്ടത് ,അത്യാവശ്യം പാചകങ്ങളൊക്കെ അമ്മ പഠിപ്പിച്ചിടുണ്ടെങ്കിലും, ഒറ്റയ്ക്ക് ഒരു കുടുംബത്തിലേക്ക് വേണ്ടത് വെച്ച് വിളമ്പാൻ തനിക്ക് കഴിയില്ല, അങ്ങനെ വരുമ്പോൾ അദ്ദേഹത്തിൻ്റെ അമ്മ മുഖം കറുപ്പിക്കില്ലേ?

അപ്പോൾ സ്വാഭാവികമായും തന്നോട് ഇഷ്ടക്കുറവുണ്ടാകും. അത് അവർ സ്വന്തം മകനോട് പറയില്ലേ? അതോടെ അദ്ദേഹത്തിന് തന്നോട് അനിഷ്ടം തോന്നില്ലേ?

പിന്നെ ,നാളെ തൻ്റെ ആദ്യരാത്രിയല്ലേ ? ഇന്നലെ ഇളയ മാമൻ്റെ ഭാര്യ , കുറച്ച് കാര്യങ്ങളൊക്കെ പറഞ്ഞ് തന്നിരുന്നു, കുറയൊക്കെ തനിക്ക് അറിയാവുന്നതാണെങ്കിലും, അങ്ങേയറ്റം ലജ്ജ തോന്നുന്ന മറ്റ്ചിലകാര്യങ്ങളും പഠിപ്പിച്ച് തന്നു.

എന്നാലും ആദ്യമായി ഒരു പുരുഷനോടൊപ്പം ഒരു രാത്രി കഴിച്ച് കൂട്ടുന്നത് ഓർത്തപ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു വികാരം അവളെ ഗ്രസിച്ചു.

പിറ്റേന്ന് ശുഭമുഹുർത്തത്തിൽ തന്നെ നീരജയുടെ കഴുത്തിൽ നന്ദകുമാർ താലിചാർത്തി .

പകലത്തെ കല്യാണത്തിരക്കുകളെല്ലാം കഴിഞ്ഞ് ,രാത്രിയായി.

നീരജയുടെ മനസ്സിലെ ഉത്ക്കണ്ഠകളെയെല്ലാം അസ്ഥാനത്താക്കി കൊണ്ട് ആദ്യരാത്രിയും കഴിഞ്ഞ് പോയി.

പിറ്റേന്ന് അല്പം വൈകിയാണ് അവളുണർന്നത്.

അമ്മ, ഇന്നലെ പ്രത്യേകം പറഞ്ഞതാണ് , അതിരാവിലെ തന്നെയെഴുന്നേല്ക്കണമെന്ന്, അതെങ്ങനാ, നന്ദേട്ടനുമായി സംസാരിച്ചിരുന്നിട്ട് നേരം പോയതൊന്നുമറിഞ്ഞില്ല, ഒടുവിൽ നന്ദേട്ടനാ പറഞ്ഞത് ,ഇനി കിടക്കാമെന്ന് ,അപ്പോഴും തനിക്കദ്ദേഹത്തോട് പറയാൻ ഒരുപാട് വിശേഷങ്ങൾ ബാക്കിയായിരുന്നു.

എത്ര പെട്ടെന്നാണ് നന്ദേട്ടനുമായി താൻ അടുത്തത് ,ഏതാനും മണിക്കൂറുകൾ കൊണ്ട് ഒരു ജന്മത്തിലെ അടുപ്പം ഉണ്ടാക്കാൻ കഴിഞ്ഞു.

ഇപ്പോൾ കുറച്ച് സമാധാനമായി, ഇനി അടുക്കളയിലേക്ക് ചെല്ലുമ്പോൾ അമ്മായിയമ്മയുടെ തനി സ്വരൂപം കാണേണ്ടി വരുമോ?

ഷവറിൻ്റെ കീഴിൽ തണുത്ത ജലധാരയിൽ ദേഹശുദ്ധി വരുത്തുമ്പോൾ അവളുടെഉത്ക്കണ്o, അതായിരുന്നു.

ഈറൻ മാറിയിട്ടും ,നേരിയ വിറയലോടെയാണ് അടുക്കളയിലേക്ക് ചെന്നത്

“ങ്ഹാ..മോളെഴുന്നേറ്റ് വന്നോ? എല്ലാവരും അന്വേഷിച്ചപ്പോൾ ഞാനാ പറഞ്ഞത് കുറച്ച് കൂടി കിടന്നോട്ടെ, ഇന്നലെ രാവിലെമുതൽ തിരക്കും മറ്റുമായി നല്ല ക്ഷീണംണ്ടാവൂന്ന്, ദാ മോള് ഈ ചായ കുടിക്ക് ,അപ്പോഴേക്ക് ഞാൻ നന്ദൂനുള്ള ചായ എടുത്ത് തരാം, അവന് കുറച്ച് കടുപ്പം കൂടുതല് വേണം”

ശാരദാമ്മ ,നീരജയുടെ നേർക്ക് ചായ ഗ്ലാസ്സ് വെച്ച് നീട്ടി .

അമ്പരപ്പായിരുന്നു അവൾക്ക്.

താൻ പേടിച്ചത് പോലെയൊന്നുമില്ലെന്നറിഞ്ഞപ്പോൾ നീരജയ്ക്ക് വല്ലാത്ത ആശ്വാസം തോന്നി.

********************

“ഇനി മോള് പോയി കുറച്ച് റെസ്റ്റെടുത്തോ ?പാത്രങ്ങളൊക്കെ ഞാനും വീണയും കൂടി കഴുകി വെച്ചോളാം”

ഉച്ചയൂണ് കഴിഞ്ഞപ്പോൾ ശാരദാമ്മ നീരജയോട് പറഞ്ഞു.

നീരജയ്ക്ക് താൻ കാണുന്നത് സ്വപ്നമാണോന്ന് സംശയം തോന്നി.

ഒരാഴ്ച കഴിഞ്ഞപ്പോൾ നന്ദുൻ്റെ ഒരേ ഒരു പെങ്ങൾ വീണയെ കൊണ്ട് പോകാനായി അവളുടെ ഭർത്താവ് വന്നു.

വീണയും കുട്ടികളുമായി നല്ല രസമായി പോകുകയായിരുന്നു. അത് കൊണ്ട് ,നീരജയ്ക്ക് അവർ തിരിച്ച് പോകുന്നത് വിഷമമുണ്ടാക്കി.

“അമ്മേ ..അവരോട് കുറച്ച് ദിവസം കൂടി കഴിഞ്ഞ് പോകാമെന്ന് പറയമ്മേ ..”

നീരജ ,ശാരദാമ്മയെ ചേർത്ത് പിടിച്ച് കൊണ്ട് കെഞ്ചി .

“ഇല്ല മോളേ .. ഇപ്പോൾ തന്നെ അവൾ അവിടെ നിന്ന് വന്നിട്ട് രണ്ടാഴ്ചയായി ,കല്യാണം കഴിഞ്ഞ് പോയ പെൺകുട്ടികൾ ഒരാഴ്ചയിൽ കൂടുതൽ സ്വന്തം വീട്ടിൽ വന്ന് നിന്നാൽ, പിന്നെ നാട്ട്കാര് ചോദ്യം തുടങ്ങും ,അതിന് മുമ്പ് അവളെ പറഞ്ഞ് വിടുന്നതല്ലേ നല്ലത് ,മാത്രമല്ല ഇനി മുതൽ ഇത് നീരജമോളുടെ വീടാണ്, വീണയ്ക്കിനി ഇവിടെ വല്ലപ്പോഴും വന്ന് പോകാനേ കഴിയു, അല്ല പറഞ്ഞത് പോലെ മോളിത് വരെ വീട്ടിലേക്കൊന്ന് പോയില്ലല്ലോ? അച്ഛനെയും അമ്മയെയുമൊക്കെ ഒന്ന് കാണണ്ടേ?

അപ്പോഴാണ് നീരജയ്ക്ക് തൻ്റെ വീടിനെക്കുറിച്ച് ചിന്ത വന്നത്, ശരിയാ ചുറ്റിനും നിന്ന് സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കാൻ നന്ദേട്ടനും അമ്മയും വീണേച്ചിയുമൊക്കെ മത്സരിച്ചപ്പോൾ താൻ സ്വന്തം വീട്ട് കാരെ മറന്നു.

“ങ്ഹാ.. അവർ നാളെ കഴിഞ്ഞല്ലേ അടുക്കള കാണാൻ വരുന്നത്, അപ്പോൾ വേണമെങ്കിൽ മോളും അവരോടൊപ്പം പോയി അവിടെ ഒരാഴ്ച നിന്നിട്ട് വന്നാൽ മതി”

ശാരദാമ്മ മരുമകളെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു.

“വേണ്ടമ്മേ … കുറച്ചുസം കൂടെ കഴിയട്ടെ ,എനിക്ക് ഇവിടെ നിന്ന് കൊതി തീർന്നിട്ടില്ല”

“ഹ ഹ ഹ സ്വന്തം വീട്ടിലേക്ക് ഉടനെ പോകേണ്ടെന്ന് പറയുന്ന ആദ്യത്തെ പുതുപ്പെണ്ണാണ് മോള്, എന്നാൽ പിന്നെ മോളുടെ ഇഷ്ടം പോലെ ചെയ്യ്.”

അത് കേട്ടപ്പോൾ നീരജയ്ക്ക് സമാധാനമായി.

അതേ ഇനി മുതൽ ഇതാണ് തൻ്റെ വീട്,

കലർപ്പില്ലാത്ത സ്നേഹം ആവോളം ലഭിക്കുമെങ്കിൽ ഭർത്താവിൻ്റെ വീടും ഓരോ സത്രീക്കും സ്വന്തം വീട് പോലെ തന്നെ കംഫർട്ടായിരിക്കും.