മിഴികളിൽ ~ ഭാഗം 23, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“””ഞാൻ സംസാരിക്കണൊ ദേവമ്മയോട്….?”

“”അയ്യോ വേണ്ട…. എനിക്ക് പേടിയാ… “”

മാളു ആകെ വിരണ്ടു നിന്നു.

“”പിന്നെ എത്രനാൾ ഇത് കൊണ്ട്പോകാന തീരുമാനം…….. “”

“”അതറിയില്ല…… “””

“എങ്കിൽ പിന്നെ നീ അവനെ വിട്ടേക്ക്.. അതാ നല്ലത്…… “””

“”പ്രിയേച്ചി…. ?””””

അവള് ചിണുങ്ങാൻ തുടങ്ങിയത് കണ്ടതും കൃഷ്ണ ഒരു നുള്ള് വച്ചു കൊടുത്തു….

“”ഉം… ഞാനൊന്ന് സംസാരിച്ചു നോക്കാം..ബാക്കി എന്താന്ന് വച്ചാ അവര് തീരുമാനിക്കട്ടെ…… “””

“””മ്മ്… ചേച്ചി പറഞ്ഞാൽ കേൾക്കും… ഉറപ്പാ…. “”

മാളുന്റെ മുഖത്തു ചിരി വിരിഞ്ഞു..

??????????

“””വക്കാലത്തുമായിട്ട് അവള് പറഞ്ഞ് വിട്ടതായിരിക്കും അല്ലേ നിന്നെ ……? ആഹാ…. അവിടെ നിക്ക്… എന്റെടുത്തുന്ന് ഒന്ന് കിട്ടിയാൽ തീരും…. ഒരു പ്രേമോം കളിയും….. “””

ചിരകി പകുതിയായ തേങ്ങ മുറി അവിടെയിട്ട് പല്ല് ഞെരിച്ചു കൊണ്ട് മാളൂനെ തേടി പോകാൻ ഒരുങ്ങി ദേവമ്മ ….. പക്ഷെ അപ്പോഴേക്കും കൃഷ്ണ കയ്യിൽ പിടിച്ചു വയ്ക്കുകയായിരുന്നു ചെയ്തത് …..

“”പറയുന്നത് കേൾക്ക്.. ദേവമ്മേ… അവർക്കിഷ്ടാണെങ്കിൽ അങ്ങ് നടത്തി കൊടുക്കുന്നതല്ലേ നല്ലത്…. എന്തായാലും മാളുവിന് ഇനി മറ്റൊരാളെ സ്നേഹിക്കാൻ കഴിയും ന്ന് എനിക്ക് തോന്നുന്നില്ല……….. “””

“”ദേ… പെണ്ണേ……രണ്ടെണ്ണത്തിനെ പെറ്റ് ഇരിക്കുന്ന സമയമായി പോയി.. അല്ലേൽ നിനക്കും ഞാൻ രണ്ട് പെട തന്നേനെ……..ഹാ… “”””

കയ്യോങ്ങിയെങ്കിലും തല്ലാതെ വിട്ടു…

“””അടിക്കാൻ വരട്ടെന്നെ……ഒന്നുകൂടി ആലോചിക്ക്…… പിന്നെ ഇവരുടെ ഏട്ടനോടും കൂടി പറഞ്ഞ് സമ്മതിപ്പിക്ക്….. അവർക്ക് തമ്മിൽ ഇഷ്ടാണെങ്കിൽ പിന്നെ നമ്മളായിട്ട് എന്തിനാ എതിർക്കുന്നെ…. എന്തായാലും എന്റേത് പോലെയുള്ള അവസ്ഥയൊന്നും മാളുന് വരില്ല…..പണവും ജോലിയുമൊക്കെ അത്യാവശ്യത്തിനു മാത്രം മതി ദേവമ്മേ…സ്നേഹമാണ് വാരി കോരി കിട്ടേണ്ടത്……… “”

പറയുമ്പോൾ കൃഷ്ണയുടെ ആ സ്വരം ഇടറിയ പോലെ ആയിരുന്നു.

“”മ്മ്മ്… ആ ഗിരിക്ക് വേണ്ടാത്ത കൂട്ടു കെട്ടൊന്നുല്ലാ…എന്നാലും നല്ല ജോലിയൊന്നുല്ലല്ലോ.അതാണ് ഞങ്ങൾക്ക് താല്പര്യം ഇല്ലാത്തത് .. എന്തായാലും അനൂട്ടൻ ലീവിന് വരട്ടെ.. അപ്പോ ആലോചിക്കാം……അവനാണ് ഇതുങ്ങളുടെ പഠിപ്പും കാര്യങ്ങളുമൊക്കെ നോക്കുന്നത്…അപ്പോ പിന്നെ കല്യാണകാര്യോം അവന്റെ തീരുമാനമായിരിക്കും “””

“”മ്മ്…..ഞാൻ പറഞ്ഞെന്നെയുള്ളൂ..ഇറങ്ങി പോയി ഒളിച്ചും പാത്തും കെട്ടാനുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കി കൊടുക്കരുതല്ലോ….. മാളു പറഞ്ഞത് വച്ച് ആ പയ്യന് അത്ര വലിയ പോരായ്മ ഉള്ളതായൊന്നും എനിക്ക് തോന്നീല.. അതാ ഈ കാര്യം ഞാൻ വന്ന് പറഞ്ഞത്…. വ്യക്തിപരമായ കാര്യത്തിൽ ഇടപെട്ടതായ് തോന്നിയെങ്കിൽ…… സോറി ദേവമ്മേ “”

ക്ഷമാപണം കേട്ടപ്പോൾ ദേവമ്മയ്ക്ക് മനം വിങ്ങുന്നത് പോലെയായിരുന്നു തോന്നിയത്…

“””അങ്ങനൊന്നുല്ല പ്രിയേ…. നീ പോയേ ആ കൊച്ചുങ്ങൾ കിടന്ന് കരയുവാ
പൊ… “””

സങ്കടം വന്നിട്ടാവണം… അവർ കൃഷ്ണയെ അടുക്കളയിൽ നിന്നും പറഞ്ഞയച്ചു….എന്തോ അവളെ കുറിച്ചോർക്കുമ്പോൾ മാത്രം മനസ് വല്ലാതെ നീറുകയായിരുന്നു.

?????????

ഇന്നാണാ ദിവസം…. ഋഷി ഹോസ്പിറ്റലിൽ നിന്നും വരികയാണ്‌… അതിന്റെ സന്തോഷത്തിലാണ് നളിനിയമ്മ…… കൂടാതെ പല പദ്ധതികൾ മെനയുന്ന തിരക്കിലും….. ദാസഛനും നളിനിയമ്മയും അവനെ ഡിസ്ചാർജ് ആക്കാൻ ഹോസ്പിറ്റലിലേക്ക് പോയി………..

“”ഋഷി ഇപ്പോൾ പൂർണ ആരോഗ്യവാനാണ്….മാനസികമായി ഇപ്പൊ ഒരു പ്രശ്നവും അവനിൽ കാണുന്നില്ല….ഇനി ഒരു ഒത്തു തീർപ്പിലൂയോടെയോ… എങ്ങനെയാണെന്ന് വച്ചാ എല്ലാം മംഗളകരമാക്കുവാൻ ശ്രമിക്കുക… ഋഷിയുടെ മാനസിക നിലയ്ക്ക് ആ പെൺ കുട്ടി അവന്റെ ജീവിതത്തിലേക്ക് വീണ്ടും വരുന്നത് തന്നെയാ നല്ലത്…. ഇറ്റ് വിൽ ഗിവ് മോർ റീലാക്സേഷൻ ടു ഹിം…..എന്തായാലും എന്റെ ഡ്യൂട്ടി ഞാൻ വളരെ ഭംഗിയായ് ചെയ്തിട്ടുണ്ട് ദാസ്…… “””

ഡോക്ടറുടെ വാക്കുകളിൽ അത്രമേൽ ആശ്വസിക്കുകയായിരുന്നു ദാസഛൻ……കൃഷ്ണയും കുഞ്ഞുങ്ങളും ഋഷിയുമായുള്ള എല്ലാ കളി ചിരികളും ഒരു നിമിഷം അദ്ദേഹത്തിന്റെ മനസിലൂടെ ഓടി മറഞ്ഞു പോയി………

“”താങ്ക് യൂ ഡോക്ടർ ….. “””

ഒരു നെടുവീർപ്പോടെയായിരുന്നു ആശുപത്രിയിലെ മുറിയിൽ നിന്നും അയാൾ പുറത്തിറങ്ങിയത്…… ഋഷിയേ ഒരു തവണ നോക്കിയപ്പോൾ മനസ് നിറഞ്ഞു കവിഞ്ഞു……. നളിനിക്കാണേൽ അടക്കാൻ പറ്റാത്തത്രയും സന്തോഷവും ..

“”‘വാ മോനെ…. ഇനി വീട്ടിലേക്ക്….. എത്ര നാളായിന്നറിയോ… നീ ഇല്ലാതെ ഞാനൊന്ന് മനസമാധാനാമായി ഉറങ്ങിയിട്ട്…….”””””

കണ്ണീരുകളാൽ തുളുമ്പി നിൽക്കുന്ന നളിനിയമ്മയെ ഋഷി ഒരു തവണ നോക്കിയെങ്കിലും മിണ്ടാതെ മുന്നോട്ടേക്ക് നടന്നു…….. വീട്ടിലേക്ക് എത്തും വരെയും അങ്ങനെ തന്നെയായിരുന്നു…… ആരോടും മിണ്ടിയില്ല………

ഋഷി അവന്റെ മുറിയിലേക്ക് ചെന്ന് ആ അന്തരീക്ഷം ഒന്നും നോക്കി കണ്ടു……പുതിയൊരു ഋഷി… പുതിയൊരു മാറ്റം.. അതവൻ നിനച്ചു കൊണ്ടേയിരുന്നു….

ഷേവ് ചെയ്ത് വന്ന് കണ്ണാടിയിൽ തെളിയുന്ന പ്രതിബിംബത്തിലേക്ക് നോക്കി നിൽക്കുമ്പോൾ ഒരാത്മ വിശ്വാസത്തിലായിരുന്നു ഋഷി …..മുടിയും താടിയുമൊക്കെ വെട്ടി ഒതുക്കി മാറിയ പോലെ തന്നെ മനസും മിനുസപെട്ടിരിക്കുന്നു. മുറിയിലെ കബോർഡ് തുറന്നവൻ ഒരു പെട്ടി സിഗററ്റ് കയ്യിലെടുത്തു…… അതിന്റെ ഗന്ധമറിഞ്ഞിട്ട് മാസങ്ങളായിരിക്കുന്നു…… വീണ്ടും ഒന്ന് പുകയ്ക്കണമെന്ന് തോന്നി…എങ്കിലും കയ്യിലിട്ടു ഞെരിച്ചു കൊണ്ട് വലിച്ചെറിഞ്ഞു……കാണാൻ കൊതിയാവുന്നവളുടെ മുഖം ഒരിക്കൽ കൂടി ഓർത്തെടുത്തു…..അതിലുപരി തന്റെ മക്കളെ കാണണമെന്ന മോഹവും……

“””നീ കഴിക്കാൻ വരുന്നില്ലേ…വാ….. നിനക്കിഷ്ടപ്പെട്ടതൊക്കെയും ഉണ്ട് “‘

വാതിലൊരം ചെന്ന് നളിനിയമ്മ വിളിച്ചു…

“‘ഉം… ഞാൻ വരാം…വിളമ്പി വച്ചോളു “””

അവന്റെ ആ സംസാരം..മനസ് നിറഞ്ഞ ഉത്തരം… അത് മാത്രം മതിയായിരുന്നു ആ സ്ത്രീയുടെ മുഖത്ത് ചിരി പടരുവാൻ…..കഴിക്കാനായി ഊൺ മുറിയിലേക്ക് ചെല്ലുന്നതിനു മുന്നേ ഋഷി കൃഷ്ണയുടെ റൂമിലേക്ക് പോയി നോക്കിയത് ….അവിടെയും തളം കെട്ടി നിൽക്കുന്നത് അവളുടെ നൊമ്പരങ്ങൾ മാത്രമാണെന്ന് തോന്നി…അവളുടെ പഴയ ഡ്രെസ്സുകളിലൂടെ വിരലോടിച്ചു കൊണ്ട് മണത്തു നോക്കി…. ആ ഗന്ധം…..അതിനെ ആവാഹിക്കാൻ ഉള്ളം അത്രമേൽ തുടിച്ചു നിന്നു…

“”എന്റെ പെണ്ണ്….. എന്റേത് മാത്രമാവാൻ കൊതിച്ചവൾ… എന്നിട്ടും എത്ര വലിയ പാപമാണ് ഞാൻ ഇത്രയും നാളും ചെയ്ത് കൂട്ടിയത്…..വീണ്ടുമൊരു ക്ഷമാപണത്തിനു പോലും അർഹനല്ല ഈ ഋഷി…””(ആത്മ )

മനസ്സിൽ കുറിച്ചിട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞുങ്ങളുടെ മുഖം ഓർമ്മകളാൽ മിന്നി നോവിച്ചു….. ഉള്ളം കൈയിൽ അവരെ സ്വീകരിച്ച നിമിഷഷം വര്ണാഭമായ് ശോഭിച്ചു……..

“””””മോനെ ഹൃതേഷേ… ഋഷി വീട്ടിലേക്ക് വന്നെടാ…… ഇപോഴാ സമാധാനമായത്….ഇനി കൃഷ്ണയേ ഇവിടേക്ക് കൊണ്ട് വരണം… അവരെ ഒരുമിപ്പിക്കണം…..നോവിച്ചതിനെല്ലാം പകരമായ് അതിന്റെ പത്തിരട്ടി സ്നേഹം ന്റെ ഋഷി തിരിച്ചു കൊടുക്കും…… എനിക്ക് ഉറപ്പാ…. “”””

ഫോൺ വിളിക്കിടെ സന്തോഷമായും ആവേശമായും പറയുന്ന ദാസഛനെ കേൾക്കുമ്പോൾ ഒരു തരം മരവിപ്പായിരുന്നു ഹൃതേഷിനു……എന്തൊ ഒന്ന് അടി വയറിൽ നിന്നും ജ്വലിചെന്ന പോലെ ഉരുണ്ടു കൂടി ………

“”ആഹാ… എ… എല്ലാം മാറിയോ… ഒക്കെ ആയോ…. “””

“”ദൈവം സഹായിച് ഇപ്പോ ഒന്നുല്ല മോനെ…. ഉച്ച ആയപ്പോഴേക്കും ഞങ്ങൾ വീട്ടിലെത്തി…..ഇനി ഒരുമിച്ചിരുന്നോന്ന് ഉണ്ണണം . നളിനി ആണേൽ എന്തൊക്കെയോ സ്പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട് …നീ ഇങ്ങ് വരുന്നോ..? “””

“”ഇല്ല അങ്കിൾ….. ഞാൻ…..ഇപ്പോ കുറച്ച് ബിസിയാണ്… പിന്നെ വരാം…. “”””

അതും പറഞ്ഞ് കാൾ കട്ട്‌ ചെയ്യുമ്പോൾ എല്ലാം നഷ്ടപെട്ടത് പോലെയായിരുന്നു അവന്റെ അവസ്ഥ….. കൃഷ്ണ വീണ്ടും ഋഷിക്ക് സ്വന്തമാവുന്നതിൽ എന്തോ ഒരു തരം ഇഷ്ട കുറവ് അവനെ പൊതിഞ്ഞു നിന്നു…..

“”ഇല്ലാ… അന്യന്റെ മുതലാണ്… ആഗ്രഹിക്കാൻ പാടില്ല…..മറ്റൊരുവന്റെ ഭാര്യയേ ആഗ്രഹിക്കുന്നതിനേക്കാൾ വലിയ തെറ്റ് വേറൊന്നുമില്ല…..”””

സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു അവൻ…..എന്ന് തൊട്ടാ അവളെ മോഹിച്ചു പോയത്….. സഹതാപം എപ്പോഴാ അറുത്തു മാറ്റാനാവാത്ത വിധമുള്ള സ്നേഹമായി മാറിയത്……. ഓരൊ തവണ കൃഷ്ണയേ കാണുമ്പോഴും ഒന്നും സംസാരിക്കാത്ത ഞാൻ എപ്പോഴാ അഘാതമായ പ്രണയത്തെ കൊണ്ട് നടന്നത്……..

സ്വയം ചിന്തിച്ചു നോക്കുമ്പോൾ എല്ലാം ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളായ് മാറുകയായിരുന്നു……….പ്രണയത്തിനു പല വിധ ഭാവങ്ങളാണ്….ജീവിതത്തിന്റെ വേഷങ്ങളിൽ വില്ലനായും… നല്ലവനായും വിളയാടുന്ന ഒരു തരം നിർവചനീയമായ അനുഭൂതി…ഹൃതേഷിന്റെ മനസും അത് പോലെയൊന്നായി മാറിയിരിക്കുന്നു….പെട്ടെന്നുള്ള നനുത്ത സ്പർശമാണ് ആ ചിന്തകളെ ഒഴിച്ച് മാറ്റിയത്…. അടുത്തായി നിൽക്കുന്ന അന്നമ്മയേ കണ്ടപ്പോൾ ഹൃതേഷ് മിഴിച്ചു നോക്കി…….

“”ഡാ….. ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടുവോ…… “”

“പറ… ന്നിട്ട് നോക്കാം ദേഷ്യപ്പെടണൊ വേണ്ടയോ ന്ന്… “”

കർക്കശത്തോടെ തന്നെയവൻ പറഞ്ഞു.

അന്ന് നമ്മൾ കൃഷ്ണെടെ വീട്ടിൽ പോയില്ലേ…. അവിടെ വച്ച്………. “‘

“”അവിടെ വച്ച്…? “”

ചോദ്യം രൂപേണയവൻ ചോദിച്ചു…..

”അത്…. എന്റെ പേഴ്‌സ് അവർക്ക് കൊടുത്ത ഡ്രെസ്സിന്റെ സഞ്ചിയിലായ് പോയി…. അത്ര വലിയ പൈസയും കാര്യങ്ങളൊന്നുല്ലാല്ലോ ന്ന് കരുതിയാ നിന്നോട് ഇത്രേം ദിവസോം പറയാതിരുന്നത്….. പക്ഷെ… അതെന്റെ ഹൃതു മോള് ഉപയോഗിച്ചിരുന്നതാടാ….ഇപ്പോ വല്ലാത്ത വിഷമം… നീ അതൊന്ന് പോയി എടുത്തോണ്ട് വാ ….. “””””

ഹൃതേഷിനു ദേഷ്യം വരുമെന്ന് കരുതി മടിച്ചു മടിച്ചായിരുന്നു അന്നമ്മ പറഞ്ഞത്…. പക്ഷെ അവന്റെ മുഖത്തു ചിരി വിടർന്നു….. തേടിയതെന്തോ ഇങ്ങോട്ടേക്ക് വന്നത് പോലെ ഹൃദയം നിറഞ്ഞു നിന്നു ……..

“”മ്മ്…. നാളെ പോയി എടുക്കാം “””

ഗൗരവത്തിലായിരുന്നു പറഞ്ഞതെങ്കിലും ഉള്ളു നിറയെ വെപ്രാളമായിരുന്നു…അവന് പോലും തിരിച്ചറിയാൻ പാകമാവാത്ത വിധമുള്ള വികാരം നിറഞ്ഞു നിന്ന വെപ്രാളം…..പിറ്റേ ദിവസമാകുവാൻ അവൻ ആകാംഷയോടെ കാത്തു നിന്നു.

????????

ലച്ചുട്ടിയെയും എടുത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു കൃഷ്ണ…ഇടയ്ക്കിടെ മൂളിയും പാടിയും ഉറക്കാൻ ശ്രമിക്കുകയായിരുന്നു അവൾ…

“”..മ്മ്മ്….. മ്മ്….ഒന്ന് ഉറങ്ങു പെണ്ണേ… ആമി കുട്ടിയ നല്ലൂട്ടി ….. നിന്നെ ഉറക്കാനാണ് പാട്…. കുറുമ്പി പാറു … “”

കണ്ണ് തിരുമ്മി കളിക്കുന്നവളുടെ കൈ അടക്കി പിടിച്ചു വച്ചു കൃഷ്ണ…. പിന്നെ അവളെ നോക്കി മോണ കാട്ടി ഊറി ചിരിക്കുന്നത് കണ്ടപ്പോൾ കവിളിൽ ഉമ്മ വച്ചു കൊടുത്തു……പതിവ് പോലെ പാല് കൊടുത്തേൽപ്പിച്ച ശേഷം കടലാസും വാങ്ങി ചുരുട്ടി പിടിച് ഞാനൊന്നും അറിയില്ല രാമ നാരായണ എന്ന മട്ടിൽ പോവുന്ന മാളുവിനെ കള്ള ചിരിയോടെ നോക്കി..എല്ലാത്തിലും ആനന്ദം…. ഋഷിയും നോവുകളും ആ മനസ്സിൽ നിന്നും അലിഞ്ഞു നീങ്ങി മാഞ്ഞ സന്തോഷം .

“”കള്ളി പെണ്ണേ…… “””

മാളുവിനെ ആക്കി വിളിച്ചതാണെങ്കിലും അവൾ നോക്കിയതോടെ കുഞ്ഞിനെ വിളിച്ച പോലെ കൊഞ്ചിച്ചു കൃഷ്ണ……

“”മതി കിണിച്ചത്……. “”

“ഓ … ഒ.. ആയിക്കോട്ടെ… ചിക്കല്ലേ വാവേ… മാളു മേമ തല്ലും…. “”

ഒന്നുകൂടി അവളാ കുഞ്ഞിനെ പൊതിഞ്ഞു പിടിച് ഇറയത്തേക്ക് ഇറങ്ങി….അപ്പോഴേക്കും ഹൃതേഷ് ബൈക്കിൽ മുറ്റത്ത്‌ വന്നിറങ്ങിയിട്ടുണ്ടായിരുന്നു……

എത്തിയപ്പോൾ തന്നെ കൃഷ്ണയെ കണ്ടപ്പോൾ അവന്റെ മുഖം പ്രകാശിച്ചു…അന്നമ്മ കൂടെയില്ലാതെ ആദ്യമായാണ്‌ ഹൃതേഷ് വരുന്നതെന്ന് ഓർക്കുകയായിരുന്നു കൃഷ്ണ….. എങ്കിലും അകത്തേക്ക് വിളിച്ചു……

“”മമ്മിടെ പേഴ്‌സ് ഇവിടെ വച്ച് മറന്നു ന്ന് പറഞ്ഞു… മ്മ്.. ഹൃതു യൂസ് ചെയ്തിരുന്നതായിരുന്നു …. സോ മമ്മിക്ക് എന്തോ പോലെ…. അതെടുക്കാൻ വന്നതാ……. “”””

കൃഷ്ണയുടെ പിടയുന്ന മിഴികളിലേക്ക് നോക്കിയായിരുന്നു സംസാരം……. പിന്നെ കയ്യിലുള്ള കുഞ്ഞിലേക്കും……..

“”ഏട്ടൻ ഇരിക്ക്…. ഞാൻ ചായ എടുക്കാം… “

ഇറയത്തെ സെറ്റി കാട്ടിയവൾ പറഞ്ഞു…

“”വേണ്ട… എനിക്ക് പെട്ടെന്ന് തന്നെ പോണം…. “””

അവളെ കാണുമ്പോഴൊക്കെയും നുരഞ്ഞു നിൽക്കുന്ന ഒരു തരം അവസ്ഥ ഹൃതേഷിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു… അതിൽ നിന്നുള്ള മോചനത്തിനായ് വേഗം തന്നെ അവിടെ നിന്നും ഇറങ്ങണമെന്നവന് തോന്നി… അകത്തേക്കായി കൃഷ്ണ കയറി പോകുന്നതും നോക്കിയവൻ നിന്നു…..

“”മറ്റൊരുവന്റേതാണ്…. പിന്നെയും എന്തിനാണീ മോഹം “””

സ്വയം പറഞ്ഞു പഠിപ്പിച്ചു…. ഒരിക്കലും ഒരു പെണ്ണിനോടും തോന്നാത്ത ഒരിത് കൃഷ്ണയോട് തോന്നുന്നതിൽ സ്വയം അറപ്പ് തോന്നി…

“””ഞാൻ എടുത്തു വച്ചിട്ടുണ്ടായിരുന്നു.. ഇനി എപ്പോഴേലും നിങ്ങൾ വന്നിട്ടാമ്പോൾ തരാമെന്ന് കരുതി……. “”””

പേഴ്‌സ് നീട്ടിയവൾ പറഞ്ഞു…. അപ്പോഴേക്കും ദേവമ്മയും പുറത്തേക്ക് ഇറങ്ങി വന്നിട്ടുണ്ടായിരുന്നു……

“”പോകാനെന്താ ഇത്ര തിരക്ക്…. ഞാൻ കാപ്പി എടുക്കട്ടെ . എളുപ്പം ഉണ്ടാക്കി തരാം …”””

“”അയ്യോ വേണ്ട…. ഞാൻ ഇറങ്ങുവാ…. ശെരി……. “”‘

തലയാട്ടി യാത്ര പറഞ്ഞു. ഒരു തവണയവൻ കുഞ്ഞിന്റെ കയ്യിൽ പിടിച്ചു…കൊഞ്ചിച്ചു കൊണ്ട് മെല്ലെ വിടുവിക്കുവാൻ ശ്രമിച്ചതും അറിഞ്ഞോ അറിയാതെയോ കൃഷ്ണയുടെ ദേഹത്ത് കൂടി തൊട്ടു. അപ്പോഴും ഹൃതേഷിന്റെ മനസ്‌ പൊള്ളി മറിയുന്നുണ്ടായിരുന്നു.

തുടരും…

പിന്നെ ഋഷി തിരുമ്പി വന്താച്… ?ഹൃതേഷിനാണേൽ അപ്പോൾ മുതലൊരു വിമ്മിട്ടം….?