ഇടുപ്പിൽ കൈ കുത്തി ഒരു പ്രത്യേക താളത്തിൽ അവൾ ചോദിച്ചതും നാണി മോണ കാട്ടി ചിരിച്ചു….

രാധമാധവം…

എഴുത്ത്: ഗൗതമി ഗീതു

:::::::::::::::::::::::::::::::::::::::

“ഓയ് കുഞ്ഞേച്ചി….. ഇന്ന് നേരത്തെ തുടങ്ങിയോ ഓട്ടം…..”

പാടവരമ്പിലേക്ക് ഓടിപിടഞ്ഞ് വരുന്ന ദാവണിക്കാരിയോട് എട്ട് വയസ്സ്ക്കാരൻ കേശവൻ പിന്നിൽ നിന്നും വിളിച്ച് ചോദിച്ചു. വാഴച്ചീന്തിലെ തെച്ചിയും തുളസിയും പതിവ് വെള്ള താമരയും അവൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.

“ടാ കുരുട്ടെ, വേണ്ടാ ട്ടോ..! പിന്നിൽ നിന്ന് വിളിച്ചേക്കല്ലേ. നിന്നോട് കൂടെയൊന്ന് വരാൻ പറഞ്ഞാൽ ന്തൊരു ജാഡയ. ഇനി തിരിച്ച് വരുമ്പോ ന്റെ കൈയിലുള്ളതും നോക്കി കൊതിച്ചിരിക്കണ്ട. ഒന്ന് തൊട്ട് നോക്കാൻ പോലും ഞാൻ തരൂല. ഹും.”

തിരിഞ്ഞ് നോക്കാതെ തന്നെ അവൾ ഉറക്കെ വിളിച്ച് പറഞ്ഞു.

“അമ്പലത്തി പോവാണോ രാധ കുഞ്ഞേ”

പാടത്ത് നെല്ല് കൊയ്യണ നാണി തള്ള അവളെ കണ്ട് കുശലം ചോദിച്ചു.

“അല്ല…. നാണി തള്ളക്ക് ഒരു മൊഞ്ചൻ ചെക്കനെ കിട്ടുവോന്ന് തപ്പി ഇറങ്ങ്യെതാ…. ന്തേയ്‌? പോരുണോ കൂടെ?”

ഇടുപ്പിൽ കൈ കുത്തി ഒരു പ്രത്യേക താളത്തിൽ അവൾ ചോദിച്ചതും നാണി മോണ കാട്ടി ചിരിച്ചു. അവരെ നോക്കിയൊന്ന് കണ്ണ് ചിമ്മി അവൾ മുന്നോട്ട് നടന്നു. അമ്പലത്തിൽ നിന്നും ഒഴുകിവരുന്ന കൃഷ്ണ സ്തുതി കേട്ടതെ രാധയുടെ നെഞ്ചിടിപ്പേറി.

“ഇന്നെങ്കിലും എല്ലാമൊന്ന് തുറന്ന് പറയണം. വയ്യാ ഇനിയും മനസ്സിലിട്ട് നടക്കാൻ. എത്രകാലായി ഈ പടികളിങ്ങനെ കേറിയിറങ്ങുണു. ഇന്നത്തോടെയൊരു തീരുമാനമുണ്ടാക്കണം എല്ലാത്തിനും”

അമ്പലത്തിന് മുന്നിലെ ആൽത്തറക്ക് ചുറ്റും കൈ കൂപ്പി വലം വെച്ച്കൊണ്ടവൾ പിറുപിറുത്തു. പിന്നെ വേഗം പടികൾ ഓടി കയറി. വഴിപാട് കൗണ്ടറിലെ വേലായുധൻ അവളെ കണ്ടതെ ചിരിയടക്കുന്നുണ്ട്. രാധ അയാൾക്ക് നേരെയൊന്ന് കണ്ണ് കൂർപ്പിച്ച് നോക്കി.

“ഇന്നെങ്കിലും വല്ലതും നടക്കുവോ ന്റെ രാധകുട്ട്യേ?”

ചിരി കടിച്ചമർത്തി വേലായുധൻ ചോദിച്ചു.

“ദേ വേലുമാമ, വേണ്ടാട്ടോ..! ഇന്നെന്തായാലും ഞാനെന്റെ ഉള്ളിലുള്ളത് പറയും,നോക്കിക്കോ.”

“ഇത് തന്നെ നീ പറയാൻ തുടങ്ങീട്ട് വർഷം എത്രയായി? എന്തായാലും ഉള്ളിലേക്ക് ചെല്ല്. ആള് ഒരുങ്ങി നില്പുണ്ട്.”

വേലായുനെ നോക്കിയോന്ന് മുഖം കൊട്ടി അവൾ മുന്നോട്ട് നടന്നു .

നെഞ്ച് പടപടാ പിടക്കുന്നുണ്ട്…. ഇന്നലെ രാത്രി ഉറക്കമുളച്ച് പറയാൻ പഠിച്ച് വെച്ച വാക്കുകളൊക്കെയവൾ ഒരിക്കൽ കൂടെ മനസ്സിലിട്ടോർത്ത് തിട്ടപെടുത്തി.
ഉള്ളിലേക്ക് ചെലുമ്പോഴേ കണ്ടു നടക്കൽ നിന്ന് പ്രാർത്ഥിക്കുന്ന ഭക്തരെ. എല്ലാവരും അവളെ കണ്ട് പതിവ് പോലെ തന്നെ തലയാട്ടി ചിരിക്കാൻ തുടങ്ങി. എന്നാൽ രാധ അതൊന്നും കാണാത്ത ഭാവത്തിൽ ഗൗരവം നിറച്ച് നടക്കലേക്ക് നീങ്ങി അടച്ചിട്ട ശ്രീ കോവിലിലേക്ക് കണ്ണും നട്ടവൾ നോക്കി നിന്നു.

ചുറ്റും കൃഷ്ണ നാമങ്ങൾ ഉയർന്നു താഴുന്നുണ്ട്! യാചനകളുണ്ട്..,അപേക്ഷകളുണ്ട്..,നന്ദിപറച്ചിലുണ്ട്…,എന്തേ തന്റെ നാവ് മാത്രം പൊങ്ങുനില്ല?എത്രയോ രാത്രികളിൽ ഉറക്കമൊഴിച് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച പ്രാർത്ഥനകളെല്ലാം ഒറ്റ നിമിഷം കൊണ്ട് മറന്നു പോയിരിക്കുന്നു..! മനസ്സ് വല്ലാതെ തുടിക്കൊട്ടുന്നുണ്ട്! എന്തൊക്കെയോ പറയുവാൻ….. ചിലതൊക്കെ ആവശ്യപെടുവാൻ…..പരിഭവങ്ങൾ നിരത്തുവാൻ…..പക്ഷെ വാക്കുകൾ മറന്നെനവണ്ണം മനസ്സ് മരവിച്ച പോലെ..! ശംഖൊലിയുടെ നാദത്തോടെ നട തുറന്നുതും ഭക്തർ ഉച്ചത്തിൽ നാമങ്ങൾ ഉരുവിട്ട് കൃഷ്ണന് നേരെ കൈകൂപ്പി വണങ്ങി. ദീപശോഭയിൽ മുങ്ങി നിൽക്കുന്ന കൃഷ്ണനെ അവൾ കണ്ണെടുക്കാതെ നോക്കി നിന്നു…! ചുണ്ടുകളിലെ ആ പതിവ് കള്ള ചിരിക്കിന്നെന്തോ വല്ലാത്ത തിളക്കമാണല്ലോ എന്നവളൊർത്തു. ശേഷം ചുണ്ട് പിളർത്തി കണ്ണ് കൂർപ്പിച്ചു. ഉള്ളിൽ ദേഷ്യം നുരഞ്ഞ് പൊന്തുന്നുണ്ട്.

“പോടാ……”

ശ്രീ കോവിലിലേക്ക് നോക്കി രാധ ഉച്ചത്തിൽ വിളിച്ച് കൂവിയതും കൂടി നിന്ന ഭക്തരൊക്കെ ചിരിയടക്കാൻ പാട്പെട്ടു . അവൾ എല്ലാവരെയും നോക്കി കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്.

“ഹഹഹ… ന്റെ കൃഷ്ണാ…. നിന്റെയൊരു വിധിയേയ് “

പൂജ കഴിഞ്ഞ് ഇറങ്ങി വന്ന പൂജാരി രാധയെ നോക്കി പൊട്ടി ചിരിച്ചു.

“നമ്പൂര്യച്ഛ….,ന്നെ കളിയാക്കുവാല്ലെ?”

“പിന്നല്ലാതെ… ഇന്നും നീ ഒന്നും പറഞ്ഞില്ലല്ലോ ന്റെ രാധേ. കാലം എത്രയായി ഈ താമരയും കൊണ്ട് കോവിലിൽ വരണു. സാധാരണ ആരെങ്കിലുമാണെങ്കിൽ എത്ര പ്രാർത്ഥിച്ചാലും തീരില്യ. നിനക്കെന്താ കുട്ട്യേ ഈ നടക്കലെത്തുമ്പോ മാത്രം മനസ്സിലുള്ളതെല്ലാം മറക്കണത്. എന്നിട്ട് ഒടുക്കം ആ പാവം കൃഷ്ണനെ ചീത്ത വിളിയും.”

“കള്ളനാ..! പേരും കള്ളൻ. നിക്കറിയാം ഇത് നമ്പൂര്യച്ഛനും ഈ കുട്ടി കൃഷ്ണനും കൂടെയുള്ള ഇടപാടാണെന്ന്. ന്തൊക്കെ പഠിച്ചു വന്നതാ ഞാൻ? ഇവിടെ എത്തിയതെ മനസ്സ് ആളൊഴിഞ്ഞ പൂരപറമ്പ് മാതിര്യ. ഒന്നും പറയാൻ പറ്റണില്ല. പോ…. ഇനി ന്നെ നോക്കിയിരിക്കണ്ട. ഈ രാധിക ഇന്നത്തോടെ നിർത്തി നിനക്കുള്ള സേവ..! കള്ള കണ്ണൻ..”

ശ്രീകോവിലിന്റെ പടിക്കൽ കൈയിലെ വെള്ള താമര വെച്ച് കൊടുത്തവൾ കൊഞ്ഞനം കുത്തി. ചവിട്ടി തുള്ളി നടക്ക് ചുറ്റും വലം വെക്കാൻ തുടങ്ങി. ഇതെല്ലാം കണ്ട് ഒരു ചിരിയോടെ പൂകോർകുന്ന ജാനകിയമ്മയുടെ അടുത്തവൾ ഇരുന്നു.

“ദാ ജാനിയമ്മേ. നന്നായി കോർത്തു കൊടുക്ക്. ഇനി എന്നെ കാക്കണ്ട ട്ടൊ. എനിക്ക് മതിയായി.”

പരിഭവത്തോടെ കൈയിലെ വാഴച്ചീന്ത് അവൾ നീക്കി വെച്ചു.

“എന്തിനാ ന്റെ കുട്ടിക്ക് വിഷമം? എല്ലാവർക്കും ഇവിടെ വരുമ്പോ നൂറ് കൂട്ടം കാര്യങ്ങൾ പറയാനുണ്ടാവും മോളെ. കുടുംബവും, പ്രാരാബ്‌ദങ്ങളും,സ്വപ്നങ്ങളും, അങ്ങനെ ഒത്തിരി..! ന്റെ കുട്ടി അവരെ പോലെയല്ല. മനസ്സ് ശൂന്യമായി ഈ നടക്കൽ നിക്കാനും വേണമൊരു ഭാഗ്യം. നിന്നെ കാണാത്ത ദിവസമൊന്നും ആ നടക്കൽ വിളക്ക് തെളിഞ്ഞിട്ടില്ല്യ കുട്ട്യേ. നീയൊന്നും പറയാതെ തന്നെ നിന്റെ മനസ്സ് ഈ കുട്ടി കൃഷ്ണന് മനസ്സിലാവും.”

അത് കേൾക്കെ അവളിലൊരു പുഞ്ചിരി നിറഞ്ഞെങ്കിലും മനസ്സിലുള്ളത് കാലമിത്രയായിട്ടും പറയാൻ പറ്റാത്തതിന്റെ പരിഭവവും ഉണ്ടവളിൽ.

ഇവളാണ് രാധിക….

സുന്ദരമായൊരു കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന പാവം അമ്പലവാസി കുട്ടി. ആകെയുള്ളതൊരു ഏട്ടനും കിടപ്പിലായ അമ്മയും. രാധികയെ പ്രസവിച്ചതോടെയാണ് അമ്മ കിടപ്പിലായത്. അതോടെ ഇവൾ കുടുംബത്തിലെ ശകുനപിഴയായി. അച്ഛനിട്ടിട്ട് പോയത് രാധിക സ്വന്തം ചോരയാണോ എന്ന സംശയത്തിലാണെന്നാണ് നാട്ടിലെ വെപ്പ്. അവളൊട്ട് ആരോടുമൊന്നും ചോദിക്കാറുമില്ല. ഈ അമ്പലവും ഇവിടത്തെ ആളുകളുമാണ് അവളുടെ ലോകം. കുഞ്ഞിലേ മുതൽ അമ്പലമുറ്റത്ത് കളിച്ച് വളർന്നവൾ. രാധയെന്ന പെൺകുട്ടി ആ ഗ്രാമത്തിന് തന്നെ പ്രിയപ്പെട്ടവൾ ആയിരുന്നു. കാലത്തിന്റെ കാപട്യമറിയാതെ മനസ്സിൽ നന്മ നിറച്ച് ജീവിക്കുന്ന ഒരു സുന്ദരി പെണ്ണ്.

ഇപ്പോ ഈ കണ്ടത് എന്നുമുള്ള കലാപരിപാടിയാണ്. മനസ്സിൽ സ്വരുകൂട്ടി വെച്ച പ്രാർത്ഥനകളൊക്കെയും ഈ നടക്കലെത്തിയാൽ രാധ താനേ മറന്ന് പോവും. കുഞ്ഞിലേ മുതൽ അങ്ങനെ തന്നെ. അത് നാട്ടിൽ എല്ലാവർക്കും അറിയുകയും ചെയ്യാം. പോകെ പോകെ രാധയുടെ സങ്കടം ആ ഗ്രാമത്തിന്റെ സങ്കടമായതോടെയാണ് അമ്പലക്കമ്മിറ്റി കൂടെ അവൾക്ക് വേണ്ടി മുന്നോട്ട് വന്നത്. ഒരിക്കൽ അമ്പലക്കമ്മിറ്റിക്കാരുടെ ബുദ്ധിയിൽ അവൾക്ക് പറയാനുള്ളതെല്ലാമൊരു പേപ്പറിലാക്കി നടക്കൽ വന്ന് ഉച്ചത്തിൽ വായിച്ചോളാൻ പറഞ്ഞു. ഇന്നത്തോടെ മനസ്സിലുള്ളതെല്ലാം പറയാമെന്ന സന്തോഷത്തിൽ തുള്ളി ചാടി വന്ന രാധികക്ക് പക്ഷെ അതിശയമാണ് തോന്നിയത്. ഓരോ തവണ എഴുതിവെന്ന താളുകൾ എല്ലാം ഒരുതരത്തിലല്ലേൽ മറ്റൊരു തരത്തിൽ നഷ്ടമാവാറാണ് പതിവ്. കാറ്റിൽ പറന്നതും, മഴയിൽ കുതിർന്നതും, തോട്ടിൽ ഒഴുക്കിയതും.., അങ്ങനെ എത്രയെത്ര താളുകൾ. അതോടെ ആ ശ്രമവും അവൾ നിർത്തി വെച്ചു.

രാധയും അവളുടെ വെള്ളതാമരയും വരാത്ത ദിവസങ്ങളിലൊക്കെയും ശ്രീകോവിലിൽ വിളക്ക് തെളിയാൻ നന്നേ പാടാണ്. എത്ര തെളിച്ചാലും കത്തിലെന്ന വാശി പോലെ തിരികളെല്ലാം തണുത്തുറഞ്ഞ് നിൽക്കും..! എത്ര അരച്ചാലും ചന്ദനം അരയാൻ മടിയെന്ന പോലെ കട്ട കുത്തും..! അതറിയുന്നത് കൊണ്ട് തന്നെ എന്നുമവൾ മുടക്കാതെ കൃഷ്ണന് മുന്നിൽ വന്ന് നിൽക്കാറുണ്ട്. ഇനി തന്നെ കാണാതെ വാശിവേണ്ടെന്ന ഭാവത്തിൽ. കൂട്ടത്തിൽ അവൾക്ക് പ്രിയപ്പെട്ട വെള്ള താമരയും. കുളത്തിൽ എന്നും രാവിലെ വിരിയാറുള്ള ആ ഒറ്റ താമര അവൾക്ക് മാത്രമായി ഉള്ളതായിരുന്നു. അതറിയാവുന്നത് കൊണ്ടുതന്നെ നാട്ടിലാരുമത് പറിക്കാൻ മെനകെടാറുമില്ല.

ഓരോന്നൊർത്ത് അമ്പലം വലം വെച്ച് പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോഴാണ് പതിവില്ലാതെ മനസ്സ് പിടക്കുന്ന പോലെ തോന്നിയത്. ഏതോ രണ്ട് കണ്ണുകൾ തന്നിലേക്ക് മാത്രമായി നീളുന്ന പോലെ…! അവളൊന്ന് തലച്ചെരിച്ചു നോക്കിയതും കുറച്ച് മാറി ആരോടോ സംസാരിക്കുന്ന നമ്പൂര്യച്ഛനെയാണ് കാണുന്നത്. പിന്നിലായി മറ്റാരോ ഉണ്ട്. മുഖം കാണുന്നില്ല. പിന്നെ എന്തേലുമാവട്ടെ എന്ന് കരുതിയവൾ പുറത്തിറങ്ങി പ്രദക്ഷിണം വെച്ചു. തീർത്ഥം മേടിക്കാൻ കൈ നീട്ടിയതും ഉള്ളിൽ നിൽക്കുന്ന ആളെ കണ്ടവൾ നന്നായൊന്ന് ഇളിച്ചുകൊടുത്തു.

“എന്താ ഇളി! ഇന്നും ഒന്നും നടന്നില്ലലെ?”

കഴുത്തിലെ പൂണൂൽ ശരിയാക്കി കിച്ചു കിണ്ടിയിലെ തീർത്ഥം അവൾക്ക് നേരെ നീട്ടി.

” ഗോവിന്ദൻ മാമ എന്ത്യേ?”

അവൾ ഏന്തി വലിഞ്ഞ് ഉള്ളിലേക്ക് തലയിട്ട് ചോദിച്ചു.

“ആളെ ഞാൻ നാട് കടത്തി. ഇനി മുതൽ ഞാനാണ് ഇവിടെ.”

അത് കേട്ടതും അവൾ ചുണ്ട് പിളർത്തി കണ്ണ് കൂർപ്പിച്ച് വീണ്ടും കൈ നീട്ടി.

“തീർത്ഥം തന്നിലെ, ഇനിയെന്താ?”

അവൻ ഒന്നുമറിയാത്ത മട്ടിൽ കൈകെട്ടി നിന്ന് ചോദിച്ചു.

“ദേ, കിച്ചേട്ടാ. കളിക്കല്ലേ. എനിക്ക് തൃമധുരം താ. അവിടെ പിള്ളേരെല്ലാരും കാത്തിരിക്യാവും”

“അതിന് നീ വഴിപാടാക്കിയില്ലല്ലോ! ഓസിന് നിനക്ക് പായസവും തൃമധുരവും തരാൻ ഇതെന്ത് നിന്റെ കെട്ട്യോന്റെ വീടോ?”

“നമ്പൂര്യച്ഛാ.”

ദേഷ്യത്തോടെ ഉറക്കെ വിളിച്ച് കൂവുന്നത് കേട്ട് കിച്ചൻ ചെവി പൊത്തി.

“ഓഹ് എന്റെ കിച്ചു. നീയതിനെ വട്ട് പിടിപ്പിക്കാതെ അതങ്ങ് കൊടുക്ക്.”

അകത്ത് നിന്ന് നമ്പൂര്യച്ഛൻ പറഞ്ഞതും അവൻ ചിരിയോടെ ഇലയിൽ തൃമധുരം കൊടുത്തു. എന്നിട്ടും പോകാതെ ഇളിച്ചുകൊണ്ട് പരുങ്ങി നിൽക്കണ രാധയെ കണ്ട് അവനും ചിരി വരുന്നുണ്ടായിരുന്നു. അകത്ത് കയറി ഒരു വാഴച്ചീന്തിൽ നിറയെ വെണ്ണ എടുത്ത് അവൾക്ക് നേരെ നീട്ടി. വിടർന്ന കണ്ണുകളോടെ അവളത് വാങ്ങി കഴിക്കാൻ തുടങ്ങി.

“ഒന്ന് പതുക്കെ തിന്നെൻറെ പെണ്ണെ. ആരും കൊണ്ട് പോവില്ല.”

അവളതൊന്നും കേൾക്കാത്ത മട്ടിൽ കഴിപ്പ് തുടർന്നു.

“ഹാ പിന്നേയ്, നിന്റെ റിസൾട്ട്‌ വന്നു ട്ടൊ.”

പെട്ടന്നുള്ള അവന്റെ പറച്ചിൽ കേട്ട് ഞെട്ടി തരിച്ചവൾ തിരിഞ്ഞ് നോക്കി.

“റി… റിസൾട്ടോ? എപ്പോ?”

“ഇന്നലെ.”

“എന്നിട്ടാണോ ദുഷ്ട എന്നോട് പറയാഞ്ഞേ?”

“ഇന്നലെ എന്റെയൊരു ഫ്രണ്ട് വന്നെടി. ആകെ തിരക്കായി. നീയെ ആ കുളപടവിൽ നിന്നോ. ഞാൻ ഇവിടുത്തെ പണി തീർത്ത് അങ്ങോട്ട് വന്നേക്കാം.”

“ഹ. ഓക്കേ. അപ്പോഴേക്കും തൃമധുരമൊക്കെ ആ കേശവനും പിള്ളേർക്കും കൊടുത്ത് വരാം. അല്ലേൽ എല്ലാം കൂടെ ന്നെ ശരിയാക്കും.”

അതും പറഞ്ഞ് അവൾ പടികൾ ഓടിയിറങ്ങി.

*****************

“എത്ര നേരായി കിച്ചേട്ടാ ഇവിടിങ്ങനെ നോക്കിയിരിക്കണു? ഞാനെങ്ങാനും തോറ്റോ? അതാണോ ഇങ്ങനെ മോന്തേം വീർപ്പിച്ചിരിക്കണേ?”

ചോദ്യം കേട്ടവൻ അവളെ അടിമുടി നോക്കി.

“ഹ്മ്മ്…. നീയിങ്ങനെ പോയാൽ എന്താ ചെയ്യാ ന്റെ രാധേ?”

മുഖത്ത് പരമാവധി ദുഃഖം നിറച്ച് കിച്ചു ചോദിച്ചു.

“സാരല്യ കിച്ചേട്ടാ. ഇക്ക് വിഷമമൊന്നുല്ല്യ. പോട്ടെ. അടുത്ത പ്രാവശ്യം നോക്കാം.”

മുഖം വാടിയെങ്കിലും അത് മറച്ച് വെച്ചവൾ പുഞ്ചിരിച്ചു. അപ്പോഴാണ് കിച്ചൻ പിന്നിൽ മറച്ച് പിടിച്ച കവർ കിച്ചു അവൾക്ക് നേരെ നീട്ടിയത്.

“ഒന്നാം റാങ്ക്കാരിക്ക് ഏട്ടന്റെ വക കുഞ്ഞു സമ്മാനം.”

അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു. സന്തോഷം കൊണ്ട് അവൾ തുള്ളി ചാടി.

“ഹൈ ഹൈ. നിക്കറിയാർന്നു റാങ്ക് കിട്ടുംന്ന്. ഞാൻ നന്നായി പഠിച്ചതാണല്ലോ. അമ്മയോട് പറയണം. അമ്മക്ക് ഒത്തിരി സന്തോഷാവും ലെ കിച്ചേട്ടാ.”

കൈയിലെ കവർ ആവേശത്തിൽ തുറന്ന്കൊണ്ടവൾ പറഞ്ഞു.

“ഹൈയ്യ. ദാവണി. ഈ കളറിൽ ഒരുകൂട്ടം ഞാനെന്തോരം കൊതിച്ചൂന്നറിയോ.”

അവൾ ചിണുങ്ങിക്കൊണ്ട് അവനോട് ചേർന്ന് നിന്നു.

“ഇഷ്ടായോ നിനക്ക്?”

“പിന്നില്ലാതെ.”

പുത്തൻ ഉടുപ്പിന്റെ ഗന്ധം പതിയെ നുണഞ്ഞുകൊണ്ട് അവൾ പറഞ്ഞു.

“ഇതിനേക്കാൾ വലിയൊരു സമ്മാനം കൂടെ ഉണ്ടല്ലോ രാധകുട്ട്യേ ന്റെല്.”

അവൾ വിടർന്ന കണ്ണുകളോടെ അവനെ നോക്കി.

“ആ സമ്മാനത്തിന് വേണ്ടിയാണ് ഈ കണ്ട കാലമത്രേം നീയീ അമ്പലം കേറിയിറങ്ങിയത്.”

നേർത്തൊരു ചിരിയോടെ കിച്ചു പറഞ്ഞതും രാധയുടെ നെഞ്ചിടിപ്പേറി. കണ്ണുകളിൽ പ്രതീക്ഷ നിറഞ്ഞു. ഉള്ളം എന്തിനോ വേണ്ടി തുടിച്ചു.

“മനുവേട്ടൻ.”

പതിയെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

“ന്റെ…. ന്റെ മനുവേട്ടൻ വന്നോ.? പറ… മനുവേട്ടൻ വന്നോ?”

രാധ കിച്ചന്റെ ഷർട്ടിൽ തെരുത്ത് പിടിച്ചവനെ ഉലച്ചുകൊണ്ട് ചോദിച്ചു. എന്നാൽ മറുപടി പറയാതെ അവൻ പതിഞ്ഞ് ചിരിക്കുന്നത് കണ്ട് രാധക്ക് വെപ്രാളമേറി.

“പ്ലീസ്… കളിപ്പിക്കാതെ ഒന്ന് പറ കിച്ചേട്ടാ.”

“നീയൊന്ന് തിരിഞ്ഞ് നോക്ക് രാധൂസേ.”

കിച്ചു പറയുന്നത് കേട്ട് രാധ ഒരു പിടപ്പോടെ പതിയെ തിരിഞ്ഞ് നോക്കി. കുറച്ച് മാറി മരത്തോട് ചാരി നിന്ന് തന്നെ നോക്കി ചിരിക്കുന്ന ആ കുസൃതി കണ്ണുകൾ കണ്ടതും രാധയുടെ മിഴികൾ നിറഞ്ഞൊഴുകി.

“മനുവേട്ടൻ.”

വിതുമ്പുന്ന ചുണ്ടുകളോടെയവൾ അവനെ നോക്കി നിന്നു. പണ്ടത്തെ പ്ലസ് ടുക്കാരൻ പയ്യന്റെ രൂപമേ അല്ല. കട്ടി മീശയും താടിയും.,കണ്ണുകളിൽ ഇന്നും ആ കുസൃതി നിറഞ്ഞു നില്കുന്നുണ്ട്.

“നീയീ മാധവന്റെ മാത്രം രാധികയല്ലേ….”

പണ്ട് ഇടവിടാതെ കാതുകളിൽ പതിഞ്ഞുകൊണ്ടിരുന്ന ആ വികൃതി ചെക്കന്റെ വാക്കുകൾ അവളിൽ അലയടിച്ചു. കുഞ്ഞിലേ മുതലേ തന്റെ നിഴലായിരുന്നവൻ. അന്നും ഇന്നും കിച്ചേട്ടനേക്കാൾ പ്രിയം ഈ കുസൃതി കണ്ണുകളോടും ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴികളോടുമായിരുന്നു. എത്രയോ രാത്രികളിൽ തന്റെ ഉറക്കം കെടുത്തിയ മിഴികൾ. എന്നാണ് ഞങ്ങൾക്കിടയിൽ പ്രണയം നിറഞ്ഞത്? അറിയില്ല. പക്ഷെ പ്രണയം അറിഞ്ഞത് മുതൽ തന്റെ പ്രാണനായി മാറിയവൻ.

അന്ന് താൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ എല്ലാം ഉപേക്ഷിച്ചു പോയതാണ്. എന്തെ ഇത്രേം കാലമെന്നെ തിരക്കിയില്ല. മാധവന്റെ മാത്രം രാധികയെന്ന മന്ത്രം ഉരുവിട്ട് കഴിയുന്ന ഈ പൊട്ടി പെണ്ണിനെ ഓർക്കാതെ പോയോ?

“ഈ അമ്പലവാസി പെണ്ണിനെ കാണാണ്ടിരിക്കാൻ നിന്റെ മാധവന് കഴിയുമോ? എത്ര അകലെയാണെങ്കിലും ഞാൻ വരും നിന്റരികിൽ.! ഒരിറ്റ് ജീവനുണ്ടേൽ ഓടി വരും ഞാൻ..! നീയില്ലാതെ എനിക്ക് പറ്റില്ല പെണ്ണെ. നീയെന്റെ ജീവനല്ലെ. ഈ മാധവന്റെ മാത്രം രാധിക.”

വീടും നാടും ഉപേക്ഷിച്ച് പോകുമ്പോൾ അവസാനമായി പറഞ്ഞ വാക്കുകൾ. അതിന്റെ ബലത്തിലല്ലേ താനിത്രയും നാൾ കാത്തിരുന്നത്.!ഇന്നിതാ തന്റെ മുന്നിൽ… കാലുകൾ ചലിക്കുന്നില്ലല്ലോ ന്റെ കണ്ണാ. ഓടി ചെന്ന് ആ നെഞ്ചിലൊന്നോളിക്കാൻ… പരിഭവങ്ങൾ പറയാൻ… ഒന്നിനും ആവുന്നില്ലലോ. ഉടലാകെ വിറക്കുന്നുണ്ട്…കാഴ്ചയെ മറച്ച കണ്ണീരിനോട് പോലും അവൾക്ക് ദേഷ്യം തോന്നി…എന്റെ മാധവൻ…രാധികയുടെ മാധവൻ… അവളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.

പണ്ട് താൻ ഒൻപതാം ക്ലാസ്സിലും മനുവേട്ടൻ പ്ലസ് ടുവിനും പഠിക്കുമ്പോഴാണ് ആൾടെ അച്ഛൻ മരിക്കുന്നത്. എടുത്ത് പറയാൻ കുടുംബക്കാരൊന്നും ഇല്ലായിരുന്നു മനുവേട്ടന്. അച്ഛൻ പോയതോടെ കടങ്ങൾ കൂടി. വീട്ടിൽ ആരൊക്കെയോ വന്ന് അമ്മയോട് വരെ മോശമായി പെരുമാറാൻ തുടങ്ങി. മനം മടുത്ത് പോയതാണന്ന്. അമ്മയെയും കൂട്ടി. എങ്ങോട്ടെന്നോ എങ്ങനെയെന്നോ, ഒന്നും അറിയില്ലായിരുന്നു. തിരികെവരുമെന്നൊരു വാക്ക് മാത്രമല്ലാതെ.

“രാധേ….”

വർഷങ്ങൾക്കിപ്പുറം കാതിൽ പതിഞ്ഞ ആ പ്രിയമുള്ള ശബ്‌ദത്തിൽ അവളുടെ ഉള്ളം വിറകൊണ്ടു. തൊട്ട് മുന്നിൽ നിൽക്കുന്ന തന്റെ പ്രാണനെ അവൾ കണ്ണിമ വെട്ടാതെ നോക്കി നിന്നു…!

“നിങ്ങളപ്പോ കണ്ണും കണ്ണും നോക്കിയിരി. ഞാൻ അപ്പുറത്തുണ്ടാവും. വേഗം വന്നേക്കണം.”

കിച്ചൻ രണ്ട് പേരെയും അവരുടെ ലോകത്ത് വിട്ട് പടികൾ കയറി പോയി.

“രാധേ.! മറന്നോടി നിന്റെ മാധവനെ?”

കണ്ണുകളിൽ അതെ കുസൃതിയൊളിപ്പിച്ച് അവൻ ചോദിച്ചതും ഒരു പൊട്ടി കരച്ചിലോടെ അവളാ നെഞ്ചിൽ ചേക്കേറി. മാധവൻ തന്റെ പ്രണയത്തെ ചേർത്ത് നിർത്തി. ചന്ദനത്തിന്റെ മണവും താമരയുടെ നൈർമല്യവുമുള്ള തന്റെ പെണ്ണ്. അവന് എത്ര ചേർത്ത് നിർത്തിയിട്ടും മതിയാവാത്ത പോലെ. ഇരു മനസ്സും സന്തോഷത്തിൽ അലതല്ലുകയാണ്.

“എത്ര കാലായി മനുവേട്ടാ. ഒന്നെനെ കാണാൻ വന്നൂടായിരുന്നോ? ഓരോ ദിവസം നീങ്ങുമ്പോഴും ഇവിടെയൊരു പെണ്ണ് പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടെന്ന് ഓർത്തോടായിരുന്നോ? ഇങ്ങനെയൊന്ന് ചേർന്നിരിക്കാൻ ഞാനെത്ര കൊതിച്ചു. പിണക്കമാണ് രാധക്ക്.”

അവളുടെ പരാതി കേട്ടതും അവനിൽ പുഞ്ചിരി മൊട്ടിട്ടു.

“ആര് പറഞ്ഞു തിരക്കാറില്ലെന്ന്? എന്റെ രാധയുടെ ശബ്‌ദം എന്നും ഞാൻ ഫോണിലൂടെ കേൾക്കാറുണ്ടായിരുന്നു. കിച്ചൻ കേൾപ്പിക്കാറുണ്ട്. നിന്റെ എല്ലാകാര്യവും ചോദിച്ചറിയാറും ഉണ്ട്.”

രാധ വിടർന്ന കണ്ണുകളോടെ അവനെ നോക്കി.

“ഇനി പോവല്ലേ ട്ടൊ. രാധയെ വിട്ടിട്ട് എങ്ങോട്ടും പോവല്ലേ. എന്റെ കൂടെ വേണം ഇനി. ഞാൻ സമ്മതിക്കില്ല എങ്ങോട്ടും പോവാൻ.”

“ഇല്ല പെണ്ണേ. ഇനി ഞാൻ എങ്ങോട്ടും പോവില്ല. നീയീ മാധവന്റെ മാത്രം രാധികയല്ലേ.”

അവൾ അവനെ ഇറുക്കെ പുണർന്നു. കണ്ണുനീരിനിടയിലും മുഖം ചുവന്ന് തുടുക്കുന്നുണ്ട്. ചുണ്ടിൽ നാണത്താൽ പുഞ്ചിരി വിരിയുന്നുണ്ട്.

“നീയൊന്ന് മാറിക്കെ.ഞാനെന്റെ പെണ്ണിനെ ശരിക്കൊന്ന് കാണട്ടെ.”

അവൻ അവളെ അടർത്തി മാറ്റി മൊത്തത്തിലൊന്ന് നോക്കി. അത് കണ്ട് രാധ ചുണ്ട് കൂർപ്പിച്ചു.

“ഹ്മ്മ്… മൊത്തത്തിലൊരു ആനചന്തമൊക്കെ വെച്ചിട്ടുണ്ട്.!”

അത് കേട്ടവൾ പതിഞ്ഞ് ചിരിച്ചു. പിന്നെ പടവിലിരുന്ന് അവന്റെ തോളിലേക്ക് തല ചായ്ച്ചു.

“എവിടെയായിരുന്നു ഇത്രേം കാലം? അമ്മ…. അമ്മയെവിടെ?”

“അമ്മ വന്നിട്ടുണ്ട് പെണ്ണെ. നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞു. ഞങ്ങളിപ്പോ തിരുവനന്തപുരം ആണ്. അവിടെ ഒരു കോളേജിൽ മാഷായിട്ട് ജോലി കിട്ടി. അമ്മയെയും കൂട്ടി വൈകാതെ ഞാൻ വരുന്നുണ്ട് നിന്റെ വീട്ടിലേക്ക്. നിന്നെ ഞാനിങ് എടുത്തോട്ടെയെന്ന് ചോദിക്കാൻ. ഇനിയും വയ്യാ കാത്തിരിക്കാൻ. കല്യാണം കഴിഞ്ഞാൽ നിന്നെയും കൂട്ടി ഞാൻ തിരുവനന്തപുരം പോവും. അവിടെയാണ് നമ്മുടെ വീട്. നമ്മുടെ രണ്ട് അമ്മമാരെയും കൂടെ കൂട്ടാം.”

രാധ ഒരുനിമഷം സ്തംഭിച്ച് നിന്ന് പോയി. അവൻ പറഞ്ഞ വാക്കുകൾ അവളെ വല്ലാതെ തളർത്തി. ഇവിടം വിട്ട് വരാനോ. അവളിലാകെ ഒരു മരവിപ്പ് പടർന്ന് പിടിക്കും പോലെ. അറിയാതെ തന്നെ കുളത്തിലേക്ക് നോക്കി പോയി… അതിൽ തന്നെയും കാത്ത് വിരിഞ്ഞ് നിൽക്കാറുള്ള ആ ഒറ്റ താമര മനസ്സിൽ നിറഞ്ഞു.

“എന്ത് പറ്റി രാധേ, നീ വരില്ലേ?”

പ്രതീക്ഷ നിറഞ്ഞ ആ മിഴികളെ എങ്ങനെ താൻ അവഗണിക്കും? പക്ഷെ ഈ അമ്പലവും ന്റെ കുട്ടികൃഷ്ണനും ഇല്ലാതെ… പറ്റുമോ ഈ രാധക്ക്?അവളുടെ മിഴികൾ നിറഞ്ഞു.

“എനിക്കറിയാം നിനക്കത് ബുദ്ധിമുട്ടാവുമെന്ന്. പക്ഷെ നിന്നെ ഞാൻ കൊണ്ടുപോവും. ഇനിയും വയ്യാ രാധേ കാത്തിരിക്കാൻ. നിന്നിൽ ഞാൻ സ്വാർത്ഥനാണ്. എനിക്ക് വേണം നിന്നെ. ഈ നെഞ്ചോട് ചേർന്ന്.! എന്നും..!”

അവൻ അവളെ ചേർത്ത് പിടിച്ചു. മനസ്സ് നീറുന്നെങ്കിലും അവളും കൊതിച്ചിരുന്നു ഇനിയുള്ള കാലം ആ ചൂടിൽ പറ്റി ജീവിക്കാൻ. മാധവാന്റെ മാത്രം രാധികയായി മറുവാൻ.

പിന്നീടുള്ള ദിവസങ്ങളെല്ലാം അവരുടേത് മാത്രമായിരുന്നു. മാധവൻ അമ്മയോട് കാര്യങ്ങൾ എല്ലാം നേരത്തെ പറഞ്ഞിരുന്നതിനാൽ അവർക്കും രാധയെ മരുമകളായി സ്വീകരിക്കുന്നതിൽ തികഞ്ഞ സന്തോഷമായിരുന്നു. നല്ലൊരു നാളിൽ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാം എന്നവർ വാക്കും നൽകി. അതോടെ ആഗ്രഹങ്ങളും മോഹങ്ങളും അവരിൽ ചിറകടിച്ചുയരുകയായിരുന്നു.

പാടത്തും പുഴയിലും കുളക്കടവിലും എല്ലാം കൂട്ടായി കിച്ചനും ഉണ്ടായിരുന്നു. ബാല്യത്തിന്റെ ഒളിമങ്ങാത്ത ഓർമ്മകൾ തന്ന വഴികളിലെല്ലാം അവർ മൂന്ന് പേരും കൈ കോർത്ത് നടന്നു. പെയ്യന്ന മഴയിലും കാറ്റിലും നിലാവിലുമെല്ലാം അവരുടെ പ്രണയത്തിന്റെ സുഗന്ധം തങ്ങി നിന്നു. ഓരോ രാത്രിയിലും പരസ്പരം കിനാക്കൾ നെയ്തു. അത്രമേൽ കൊതിയോടെ പിന്നീടുള്ള ഓരോ ദിവസവും അവൾ വിവാഹത്തിനായി കാത്തിരുന്നു

ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….