അവനെ കല്ല്യാണം കഴിച്ച് ഇത്രകൊല്ലം സുഖായി തന്നെ നീ ജീവിച്ചില്ലേ..നമ്മുടെ കുടുംബത്തിൽ നിന്നെപോലെ ഇത്രയും…

അവിചാരിത

Story written by Aparna Nandhini Ashokan

=============

ഉടുത്തിരുന്ന സാരിയുടെതലപ്പ് ഊരി മാറ്റുന്നതിനിടയിലാണ് അമ്മ അകത്തേക്കു കയറി വരുന്നത് സുജ ശ്രദ്ധിച്ചത്..

“രണ്ട് പെൺകുട്ടികളാണ് വളർന്നു വരുന്നതെന്ന ബോധ്യമുണ്ടെങ്കിൽ  നീ അവനോട് പിണങ്ങി ഇങ്ങോട്ടേക്കു വന്നു കയറുമോ സുജേ..”

“പതിനേഴും പതിനാലും വയസ്സുള്ള രണ്ട് പെൺമക്കളുടെ അമ്മയായ കാരണമാണ് അയാളെ ഉപേക്ഷിച്ച് മക്കൾക്കൊപ്പം ഞാൻ ഇവിടെക്കു വന്നത്. അവർ അത്ര ചെറിയ കുട്ടികളൊന്നും അല്ലാലോ. അവർക്കും കാര്യങ്ങൾ മനസിലാക്കുന്നതിനുള്ള പ്രായമായിട്ടുണ്ട് അമ്മേ..അവർ തീരുമാനിക്കട്ടെ അവരുടെ അമ്മയാണോ അച്ഛനാണോ ശരിയെന്ന്..”

“മഹേഷ് വലിയ കമ്പനിയിലെ ഉയർന്ന പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനല്ലേ. ഒരുപാട് ജോലിക്കാരെ നിയന്ത്രിക്കുന്ന ആളാണ്.അതുകൊണ്ട് തന്നെ അവന്റെ സഹപ്രവർത്തകർക്കൊപ്പം ജോലിയുടെ ഭാഗമായി അടുത്തിടപ്പെഴുകിയേക്കാം. അതെല്ലാം സംശയകണ്ണോടു കൂടി നോക്കുന്നതാണ് നിന്റെ കൊഴപ്പം”

“അനാവശ്യ കാര്യങ്ങളുടെ പേരിൽ പതിനെട്ടു വർഷത്തെ ദാമ്പത്യം ഉപേക്ഷിച്ചു വരാൻ അത്ര മണ്ടിയല്ല ഞാൻ. ചില കാഴ്ചകൾ പതിവായി കണ്ടുകണ്ട് മനസ്സ് മരവിച്ച് ഇറങ്ങി പോന്നതാണ്. അമ്മ എന്റെ അവസ്ഥ മനസിലാക്കി കൂടെ നിൽക്കണം”

“ആണുങ്ങളാവുമ്പോൾ അങ്ങനെ ചില തെറ്റുകളൊക്കെ സംഭവിച്ചേക്കാം. അതെല്ലാം ക്ഷമിച്ച് മുന്നോട്ടു പോകണം നമ്മൾ. നിന്റെ രണ്ട് മക്കളെ കരുതി മടങ്ങി പോവാൻ നോക്ക് സുജേ. ഈ പിള്ളേരുടെ പഠനചിലവും മറ്റു കാര്യങ്ങളുമൊക്കെ ഒറ്റക്ക് നടത്താനൊന്നും നിന്നെ കൊണ്ട് പറ്റില്ല. നല്ല ശമ്പളമുള്ള ജോലിക്ക് പോകാൻ മാത്രം വിദ്യഭ്യാസവും നിനക്കില്ല. പിന്നെ എന്തുകണ്ടിട്ടാണ് നീ ഇങ്ങനെയൊരു തീരുമാനം എടുത്തത്..”

“ഞാൻ വിദ്യഭ്യാസം കുറഞ്ഞവളായതിനു കാരണക്കാർ ആരാണെന്ന് അമ്മയോട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലാലോ..പത്ത് പതിനെട്ട് വർഷങ്ങൾക്കു മുൻപ് മഹേഷിന്റെ വിവാഹാലോചന വന്നപ്പോൾ കല്യാണം വേണ്ടെന്നും, എനിക്ക് പഠിച്ച് ജോലി വാങ്ങിക്കണമെന്നും നിങ്ങളോട് പറഞ്ഞ് കരഞ്ഞു കാലു പിടിച്ചില്ലേ ഞാൻ. അന്ന് മഹേഷിന്റെ ജോലിയ്ക്കും സമ്പത്തിനും മുൻപിൽ നിങ്ങളെന്റെ ആഗ്രഹങ്ങൾക്ക് പുല്ലുവില തന്നില്ല. എന്നിട്ടിപ്പോ ഞാൻ പഠിപ്പു കുറഞ്ഞവളായീലേ അമ്മയ്ക്ക്..”

“അവനെ കല്ല്യാണം കഴിച്ച് ഇത്രകൊല്ലം സുഖായി തന്നെ നീ ജീവിച്ചില്ലേ..നമ്മുടെ കുടുംബത്തിൽ നിന്നെപോലെ ഇത്രയും പത്രാസിൽ ജീവിക്കണ പെൺകുട്ട്യോള് വേറെയുണ്ടോ സുജേ. നിങ്ങൾക്കിടയിൽ പ്രശ്നങ്ങൾ വന്നപ്പോഴാണ് ഞങ്ങള് നിന്റെ ആഗ്രഹങ്ങൾ തകർത്ത ദുഷ്ടരായി തോന്നുന്നതല്ലേ..”

“ആഢംബരത്തിൽ ജീവിച്ചാൽ മാത്രം നല്ല ജീവിതം ആകില്ല അമ്മേ.. ഞാൻ മൂത്തമോളെ അഞ്ചുമാസം ഗർഭിണിയായിട്ടിരിക്കുമ്പോൾ മഹേഷിനൊപ്പം ഇനി ജീവിക്കാൻ വയ്യെന്നു പറഞ്ഞ് ഈ വീടിന്റെ പടി കടന്നു വന്നത് അമ്മ മറന്നു പോയോ..അന്നെന്റെ അനിയത്തിയുടെ കല്യാണം , അനിയന്റെ പഠിപ്പ് എന്നൊക്കെ പറഞ്ഞ് എന്നെ അയാൾക്കൊപ്പം വീണ്ടും നിങ്ങൾ  പറഞ്ഞയച്ചൂ. ഈ വീട്ടിലെ കഷ്ടപ്പാടുകൾ തീർക്കാൻ എന്റെ ജീവിതം ഞാൻ ബലി കൊടുത്തെന്നു പറയുന്നതാണ് ശരി..”

“നീയെന്തൊക്കെ പറഞ്ഞാലും കാര്യമില്ല സുജേ..മഹേഷിനെ വെറുപ്പിച്ചിട്ട് നിനക്കും മക്കൾക്കും ജീവിക്കാനാവില്ല. ഈ പെൺകുട്ടികളുടെ പഠിപ്പും വിവാഹവും എന്നുവേണ്ട സർവ്വ ചിലവുകളും ആരു നോക്കുമെന്നാണ് നീ കരുതണേ.. നിന്റെ അനിയനും വിവാഹം കഴിഞ്ഞ് ഇവിടെ ജീവിക്കുന്നുണ്ട്. നാളെ അവന്റെ ഭാര്യ നിന്നോട് ഇവിടെ നിന്ന് ഇറങ്ങിക്കോളാൻ പറഞ്ഞാൽ പോലും എനിക്കോ നിന്റെ അച്ഛനോ എതിർക്കാൻ പറ്റില്ല. ഈ വയസ്സാംകാലത്ത് മകന്റെ തണലിൽ  ജീവിക്കണ ഞങ്ങൾക്ക് അവനെയും ഭാര്യയേയും വെറുപ്പിക്കാൻ പറ്റുമോ..”

“എങ്ങനെയാ അമ്മേ അവന് ഈ കാണുന്ന വീടും നല്ല ജീവിതവും ഉണ്ടായത്. അവന്റെയും എന്റെയും തുല്യ ഉടമസ്ഥതയിൽ വരേണ്ട നമ്മുടെ വീട് അവന്റെ പേരിലേക്കു മാത്രമായി എഴുതി വെച്ചിട്ട് അമ്മ അന്നെന്താ എന്നോട് പറഞ്ഞതെന്ന് ഓർക്കുന്നുണ്ടോ..’നിന്റെ അനിയന് സ്വന്തായീട്ട് വീട് വേണമെന്നും നിനക്ക് മഹേഷിന്റെ വീടും സ്വത്തുകളും ഇല്ലേ അത് പോരെയെന്നുമല്ലേ’ അമ്മ പറഞ്ഞത്. അവന്റെ പഠിപ്പിനും വിവാഹത്തിനും  ഈ വീട് പുതുക്കി പണിയുന്നതിനും എന്നിങ്ങനെ ചെറുതും വലുതുമായ എത്രയോ ആവശ്യങ്ങൾക്ക് നിങ്ങൾ മഹേഷിന്റെ പണം കൈപ്പറ്റി. പകരമായി ഇത്രയും വർഷങ്ങൾ അയാളുടെ വീട്ടിൽ പലതും കണ്ടില്ലെന്നു നടിച്ച് എരിഞ്ഞു തീർന്നു ജീവിച്ചത് ഞാനാണ്. അയാളുടെ ദുർനടപ്പിന് മറയായി സമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ ഒരു ഭാര്യയെ അയാൾക്കും ആവശ്യമായിരുന്നൂ. എന്റെ ജീവിതമാണ് നിങ്ങളുടെയൊക്കെ സ്വാർത്ഥത കാരണം പോയത്. ഇനി എനിക്ക് വയ്യ. അവിടെക്ക് മടങ്ങി പോകാൻ അമ്മ നിർബന്ധിക്കരുത്..”

“അനിയൻ ജോലി കഴിഞ്ഞു വരുമ്പോൾ നീ തന്നെ കാര്യങ്ങൾ പറഞ്ഞേക്കു സുജേ.. രണ്ട് പെൺകുട്ട്യോളും നീയും ഇവിടെ നിൽക്കുന്നത് അവന് വലിയ ബാധ്യതയാകുമെന്നും അവന് ഭാര്യയും മക്കളും ഉണ്ടെന്നും നീ ഓർക്കണം. ഇത്രകാലം കിട്ടിയിരുന്ന ജീവിതസൗകര്യങ്ങളൊന്നും കിട്ടാതെ വരുമ്പോൾ നിന്റെ മക്കളും ഒരിക്കൽ നിന്നെ തഴയും. അവർ അവരുടെ അച്ഛന്റെയടുത്തേക്കു മടങ്ങും. പിന്നെ നീയാർക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നു ഓർമ്മ വെച്ചു വേണം ഇനിയങ്ങോട്ട് വലിയ തീരുമാനങ്ങളൊക്കെ എടുക്കാൻ..കേട്ടിലേ സുജേ..”

തന്റെ മകളെ എങ്ങനെയെങ്കിലും അവളുടെ ഭർത്താവിനടുത്തേക്കു തിരികെ പറഞ്ഞയക്കാൻ തീരുമാനിച്ചുറച്ചു കൊണ്ട്  മകളെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന അവരുടെ സംസാരം കേട്ട് സുജയുടെ  മൂത്തമകൾ മുറിയിലേക്ക് പാഞ്ഞുവന്നൂ.

“പറഞ്ഞത് മതി അമ്മാമ്മേ..നിങ്ങൾ ഇനിയൊന്നും ന്റെ അമ്മയോട് പറയണ്ട. ഞങ്ങൾ ഇപ്പോൾ തന്നെ ഇവിടെനിന്നും ഇറങ്ങാണ്. സ്വന്തം അമ്മയ്ക്കെങ്കിലും തന്നെ മനസ്സിലാക്കാൻ കഴിയുമെന്ന് വെച്ചിട്ടാണ് എന്റെ അമ്മ നിങ്ങളുടെ അടുത്തേക്ക് വന്നത്. മരുമകന്റെ പണത്തിനല്ല മകളുടെ ആത്മാഭിമാനത്തിനാണ് അന്തസുള്ളവർ പ്രാധാന്യം കൊടുക്കേണ്ടത്..”

മുഖത്തടിച്ചതു പോലെയുള്ള കൊച്ചുമകളുടെ സംസാരം അവരെ വലിയരീതിയിൽ  ചൊടിപ്പിച്ചൂ. ദേഷ്യം വന്ന മുഖഭാവത്തോടെ അവർ സുജയെ നോക്കി

“വന്നുവന്ന് നിന്റെ മോൾക്കിപ്പോൾ ആരോടും എന്തും പറയാമെന്നായോ സുജേ.. അവള് പറയണ വർത്തമാനം കേട്ടില്ലേ നീ..”

“അവള് പറഞ്ഞതിൽ എന്താണ് തെറ്റ്  അമ്മേ ? നിങ്ങൾക്ക് സ്വന്തം മകളുടെ വിഷമങ്ങൾ അറിയേണ്ട കാര്യമില്ല. മകന്റെ ജീവിതവും മരുമകന്റെ പണവും മാത്രം നോക്കിയാൽ മതിയല്ലോ..”

ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ചുകൊണ്ട് , ബാഗും പെട്ടികളും എടുത്ത് സുജ പുറത്തേക്കു നടന്നൂ..

“അമ്മാമ്മേ.. ഒരു കാര്യം കൂടി, എന്റെ അമ്മ തെറ്റുക്കാരിയല്ലെന്നു ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. രണ്ടു പെൺമക്കളെയും ഭാര്യയെയും മറന്ന് വഴിവിട്ട ജീവിതം നയിക്കുന്ന അച്ഛന്റെ അടുത്തേക്ക് മടങ്ങി പോകുന്നതിനേക്കാളും ഞങ്ങളുടെ അമ്മയ്ക്കൊപ്പം ഏതു കഷ്ടപ്പാടിലും ജീവിക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഒരു സഹായവും ചോദിച്ച് ഈ പടി കടന്ന് ഞങ്ങളോ അമ്മയോ ഇനി വരില്ല. കഷ്ടപ്പാടിലും ഞങ്ങൾ അമ്മയ്ക്കൊപ്പം സന്തോഷത്തോടെ ജീവിച്ചോളാം. അമ്മാമ്മയ്ക്ക് സ്വന്തം മകളെ വേണ്ടെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ അമ്മയെ വേണം..ഞങ്ങൾ ഇറങ്ങുന്നൂ..”

സുജയും മക്കളും തങ്ങളുടെ ബാഗും പെട്ടിയുമെല്ലാം എടുത്ത്  ആ വലിയ തറവാടിന്റെ പടി കടന്നു പോയി. അൽപം ദൂരെയുള്ള സുജയുടെ സുഹൃത്തിന്റെ വീട്ടിലേക്കാണ് ആ യാത്ര ചെന്ന് അവസാനിച്ചത്. തന്റെ ആത്മസുഹൃത്തിനെ കണ്ടപ്പോൾ ഓടിച്ചെന്നു സുജ അവരെ കെട്ടിപിടിച്ചു. ആ തോളിൽ ചാഞ്ഞു മതിവരുവോളം അവൾ കരഞ്ഞൂ.

കഴിഞ്ഞ പതിനെട്ടു വർഷവും തന്റെ സങ്കടങ്ങളുടെ ഭാരം ഇറക്കി വെക്കാൻ ഈയൊരാളെ ഉണ്ടായിട്ടുള്ളൂ. Dr.മൃദുല. തന്റെ കളികൂട്ടുക്കാരിയാണ് മൃദുല.

സുജയും മക്കളും മൃദുലയുടെ വീട്ടിലേക്കാണ് എത്തി ചേർന്നത്. യാത്രാ ക്ഷീണമുള്ളതു കൊണ്ട് മക്കളെ രണ്ടുപേരെയും പെട്ടന്നു തന്നെ ഉറങ്ങാൻ പറഞ്ഞു വിട്ട് സുജ മൃദുലയുടെ അരികെ വന്നിരുന്നൂ..

“വീടുവിട്ട് ഇറങ്ങി വരാനുള്ള യഥാർത്ഥ കാരണം മക്കൾക്കറിയുമോ സുജേ..” മൃദുല സുജയുടെ മുഖത്തേക്കു നോക്കാതെ ചോദിച്ചൂ.. ഈയൊരു അവസ്ഥയിൽ തന്റെ കൂട്ടുക്കാരിയുടെ വേദനനിറഞ്ഞ മുഖത്തെ നേരിടാനുള്ള മനസ് അവർക്കില്ലായിരുന്നൂ..

“അച്ഛന്റെ വഴിവിട്ട ജീവിതം എന്റെ   മക്കൾ കാണുന്നതല്ലേ. പല പെണ്ണുങ്ങളുമായിട്ടുള്ള ബന്ധങ്ങൾ കൈയോടെ ഞാൻ പിടിക്കുമ്പോൾ അന്നത്തെ ദിവസം വീട്ടിലുണ്ടാകുന്ന വഴക്കും ഉപദ്രവങ്ങളും അവരും കാണുന്നില്ലേ.. അച്ഛൻ ശരിയല്ലെന്ന് അവർക്കറിയാം”

“മൂത്തവൾക്ക് അച്ഛൻ അവളെ തൊടുന്നതു പോലും  ഈയിടെയായി ഇഷ്ടമല്ല. ഒരിക്കൽ അവളതു അയാളോട് തുറന്നു പറഞ്ഞൂ. ആ സംഭവത്തിനു ശേഷം സുഹൃത്തുക്കളുമായി വീടിനുള്ളിൽ വെച്ചുള്ള മ ദ്യസൽക്കാരങ്ങൾ അൽപം കുറഞ്ഞൂ. പെണ്ണുങ്ങളുമായുള്ള ബന്ധങ്ങളെ പറ്റിയൊന്നും പിന്നീടെനിയ്ക്ക് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. വളർന്നുവരുന്ന പെൺമക്കളെ ഓർത്തിട്ടെങ്കിലും അയാൾ നേര്യാവാണെന്നു അപ്പോഴെല്ലാം വെറുതെ ഞാൻ ആശിച്ചൂ. പക്ഷേ ഇന്നലത്തോടെ ആ പ്രതീക്ഷയും കഴിഞ്ഞൂ..”   സുജ പറഞ്ഞു നിർത്തി.

അൽപസമയത്തെ നിശബ്ദതയെ ഭേദിച്ച് മൃദുല തുടർന്നൂ..”അപ്പോ ഇന്നലെ നടന്ന സംഭവം മക്കൾ അറിഞ്ഞിരുന്നോ സുജേ”

“അറിയില്ലെനിക്ക്..എങ്ങിനെയാണ് ന്റെ മക്കളുടെ മുഖത്ത് നോക്കി അതിനെ പറ്റിയെല്ലാം സംസാരിക്കുന്നതെന്ന് എനിക്കറിയണില്ല..” കരഞ്ഞു കരഞ്ഞ് സുജ ഇപ്പോൾ തളർന്നു വീണേക്കുമോയെന്ന് മൃദുലയ്ക്കു തോന്നി.

“പെണ്ണുങ്ങളുമായി വഴിവിട്ട ബന്ധങ്ങളുള്ള , മ ദ്യപാനിയായ അച്ഛനെ അവർക്കറിയാം. എന്നാൽ അച്ഛന്റെ കാ മഭ്രാന്ത് ഇപ്പോൾ പുരുഷന്മാരോടാണെന്ന് ന്റെ മക്കളോട് ഞാനെങ്ങനെ പറയും..ഞങ്ങളുടെ ബെഡിൽ കിടന്ന് അയാളും സുഹൃത്തും ഇന്നലെ കാണിച്ച പേക്കൂത്ത് എന്റെ കണ്ണിൽ നിന്നും ഇപ്പോഴും മറഞ്ഞിട്ടില്ല മൃദുലേ.. തകർന്നു പോയീ ഞാൻ.. ആ ബെഡിൽ കിടന്നിരുന്നത് ഒരു പെണ്ണായിരുന്നെങ്കിൽ അതെന്റെ കഴിവ് കേടുകൊണ്ടാണെന്ന് കരുതിയെങ്കിലും ഞാൻ സഹിച്ചേനേ. ഇത് ഞാനെങ്ങനെ ക്ഷമിക്കുമെടീ.. ആ മൃഗത്തിന്റെ കൂടെ ഇനിയൊരു ജീവിതം വയ്യെനിയ്ക്ക്. അയാളുടെ കാ മഭ്രാന്ത് നാളെ ചിലപ്പോൾ എന്റെ മക്കളോടായാലോ. ഇനിയും വൈകിയാൽ ന്റെ കുട്ട്യോളുടെ ജീവിതം കൂടി പോകും. അതുകൊണ്ടാണ് അവിടെ നിന്ന് ഇറങ്ങിയത്”  നിറഞ്ഞ കണ്ണുകൾ അമർത്തിതുടച്ചു കൊണ്ട് സുജ തുടർന്നൂ..

“ഇത്രയൊക്കെ ആയീട്ടും ന്റെ വീട്ടുക്കാര് എന്നെ മനസിലാക്കുന്നില്ലാലോ എന്ന വേദനയാണ് ബാക്കിയായത്. അവർക്ക് ഞാനും മക്കളുമൊരു ബാധ്യതയാകുമെന്ന് പേടിച്ചാണ് എന്റെ പ്രശ്നങ്ങൾക്ക് ചെവികൊടുക്കാതിരിക്കുന്നതെന്ന് എനിക്ക് മനസിലായീ..ഇനി ഈ ജന്മം സുജയ്ക്ക് സ്വന്തം വീട്ടുക്കാരുമായും ഭർത്താവുമായും ഒരു ബന്ധവും ഇല്ല. എല്ലാം അവസാനിപ്പിച്ചിട്ടാണ് എന്റെ പടിയിറക്കം. “

“നീ ധൈര്യമായിട്ടിരിക്ക് സുജേ.. ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ ഉടനെ തന്നെ നിനക്കൊരു ജോലി വാങ്ങി തരാം. മക്കളെ ഇവിടെ അടുത്തുള്ള സ്ക്കൂളിൽ ചേർക്കാം. എത്രകാലം വേണമെങ്കിലും നിനക്കിവിടെ താമസിക്കാം. ഇനി ഇവിടെ നീ ഓക്കെയല്ലെങ്കിൽ നിനക്കൊരു സ്ഥിരവരുമാനമായീട്ട്  മാറി താമസിക്കുന്നതിനെ പറ്റിയെല്ലാം പതുക്കെ ആലോചിക്കാം. തൽക്കാലം അത്തരം ടെൻഷനുകളെല്ലാം മാറ്റിവെച്ച് നീ പോയി കിടക്ക്. നാളെ രാവിലെ നമുക്ക് വക്കീലിനെ കാണാൻ പോകാം”

“മൃദുലേ..എനിക്ക് നല്ല പേടിയുണ്ട്.രണ്ട് മക്കളിൽ ഒരാളെ തന്റെകൂടെ വേണമെന്ന് അയാൾ ആവശ്യപ്പെട്ടാൽ എന്റെ ഒരു  കുഞ്ഞിനെ ആ മൃഗത്തിന് വിട്ടുകൊടുക്കേണ്ടി വരുമോ”

“അതിനൊന്നും സാധ്യതതയില്ല.രണ്ടാളും മുതിർന്ന പെൺകുട്ടികളാണ് അവർ സ്വന്തം താൽപര്യപ്രകാരം പോകണമെന്ന് ആവശ്യപ്പെടാത്തിടത്തോളം മഹേഷിന്റെയൊപ്പം കോടതി അവരെ വിടില്ല. നീയിങ്ങനെ ടെൻഷനടിച്ചിരിക്കാതെ പോയി കിടക്ക്. ബാക്കിയെല്ലാം നാളെ സംസാരിക്കാം. സുജയെ നിർബന്ധിച്ച് ഉറങ്ങാൻ പറഞ്ഞയച്ച് മൃദുല തന്റെ മുറിയിലേക്ക് പോയി..

*******************************

സുജ തന്റെ മക്കൾക്കരികിൽ വന്നു കിടന്നൂ. അവരുടെ ജീവിതം കൊണ്ടെത്തിച്ച വിധിയെ ഓർത്ത് അവർ തേങ്ങി കരയുകയായിരുന്നു. പെട്ടന്ന് മൂത്തമകൾ സുജയ്ക്കഭിമുഖമായി കിടന്നൂ..

“അമ്മേ…”

“നീ ഇതുവരെ ഉറങ്ങിയില്ലേ മോളൂ..എന്തെ ഉറങ്ങാത്തത്.അച്ഛനെ വിട്ടിട്ടു വന്നതിൽ വിഷമമുണ്ടോ മോൾക്ക്”

“നമ്മളെന്തിനാണ് വീടുവിട്ടിറങ്ങിയെന്നു എനിക്ക് അറിയാം അമ്മ.. ഇന്നലെ വീട്ടിൽ നടന്ന കാര്യങ്ങളെ പറ്റിയും അറിയാം” മകളുടെ സംസാരം കേട്ട് സുജ അവളെ പകച്ചു നോക്കി.

ഒരുപക്ഷേ അമ്മയേക്കാൾ മുൻപ് അച്ഛന്റെ പുതിയ ലൈം ഗിക ആസക്തി പുരുഷന്മാരോടാണെന്ന് തിരിച്ചറിഞ്ഞത് ഞാനായിരിക്കും. പലതവണ അതിനു തക്ക സംഭവങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. നമ്മുടെ വീട്ടിലെ ഡ്രൈവറുമായി വരെ അയാൾ അങ്ങനെയൊരു ബന്ധം സ്ഥാപിച്ചത് അമ്മ ഈ നിമിഷം വരെ അറിഞ്ഞു കാണില്ല. പക്ഷേ എനിക്കറിയാം. ഞാൻ ചെറിയ കുട്ടിയല്ല അമ്മാ..കാര്യങ്ങൾ തിരിച്ചറിയാനുള്ള പ്രായമായി.”

“നീയെന്താ മോളെ അമ്മയോട് ഇതൊന്നും നേരത്തെ പറയാതിരുന്നത്” മകളെ ചേർത്തുപിടിച്ച് സുജ ഉറക്കെയുറക്കെ കരഞ്ഞൂ…

“അമ്മയറിഞ്ഞാൽ സഹിക്കില്ലെന്ന് എനിക്കറിയാം..വിഷമം താങ്ങാനാവാതെ ഞങ്ങൾക്ക് അമ്മയെ കൂടി നഷ്ടമായോലോന്നു കരുതിയാണ് പറയാതിരുന്നത്. ഞങ്ങൾക്ക് ഞങ്ങളുടെ അമ്മയെ വേണമായിരുന്നൂ..അച്ഛനെ ഞങ്ങൾക്കിനി വേണ്ട. ആ മനുഷ്യനെ വേണ്ടെന്നു വെച്ച് ആ വീടിന്റെ പടിയിറങ്ങാൻ അമ്മയേക്കാൾ മുൻപേ ബാഗ് ഒരുക്കി കാത്തിരുന്നത് ഞങ്ങളാണ്. ഇന്നാണ് അതിനു സമയമായതെന്നു മാത്രം. ഇനിയുള്ള ജീവിതത്തിൽ അമ്മയ്ക്കു ഞങ്ങളും , ഞങ്ങൾക്കു അമ്മയും മതി. മൃദുലാന്റിയോട് അമ്മ സംസാരിക്കുന്നതെല്ലാം ഞാൻ കേട്ടിരുന്നൂ. ഈ മക്കൾ അമ്മയെ വിട്ട് എവിടെയും പോകില്ല. ന്റെ അമ്മ ധൈര്യമായി ഡിവോഴ്സിന്റെ കാര്യങ്ങൾ നോക്കിക്കോളു. അച്ഛനില്ലെന്നു കരുതി അമ്മയുടെ രണ്ടുമക്കളും വഴിപിഴച്ചു പോകില്ല.നമുക്ക് ജീവിക്കാം അമ്മേ..അന്തസോടെ തന്നെ..”

പതിനേഴു വയസ്സു മാത്രം പ്രായമുള്ള മകൾ തനിക്ക് പകുത്തു നൽകിയ ആത്മവിശ്വാസം മാത്രം മതിയായിരുന്നു പിന്നീടങ്ങോട്ടുള്ള സുജയുടെ ജീവിതത്തിനു കൈമുതലായീട്ട്. അവർ മകളെ നെഞ്ചോട് ചേർത്തു കിടത്തി..

*******************************

തന്റെ ആത്മാഭിമാനം അടിയറവു വെച്ചുകൊണ്ട്, തനിക്കൊരു പുൽകൊടിയുടെ വില പോലും തരാത്ത ഒരാൾക്കൊപ്പം,അയാളുടെ ദുർനടപ്പുകളെയും നിശബ്ദം സഹിച്ച് , ദാമ്പത്യം നിലനിർത്തേണ്ടതില്ലെന്നുള്ളത് സുജയേ പോലെ വൈകിയാണെങ്കിലും പലരും തിരിച്ചറിയട്ടെ..!!

Aparna Nandhini Ashokan ♥