നന്ദേട്ടന്റെ സ്വന്തം പ്രിയയായി മാറി മനസ്സും ശരീരവും ശുദ്ധമാകാൻ ഞാനെന്തു ചെയ്യണം…

കാറ്റിനെതിരെ പറക്കും പട്ടങ്ങൾ

Story written by Lis Lona

================

ശരീരമാകെ ഉമ്മ കൊണ്ട് പൊതിഞ്ഞു വികാരത്തിന്റെ ചെറുസ്‌ഫോടനങ്ങളുണർത്താൻ ശ്രമിക്കുന്ന നന്ദേട്ടനെ നെഞ്ചിലേക്ക് ചേർത്തുപിടിക്കുമ്പോഴും എന്റെ മനസ്സ് ചരട് പൊട്ടിയ പട്ടം കണക്ക് ലക്ഷ്യമില്ലാതെ പറന്നുകൊണ്ടിരുന്നു…

അഗ്നിയാളുംവിധം നന്ദേട്ടനെന്നിൽ പടർന്നു കയറാൻ തുടങ്ങുമ്പോഴേക്കും ഞാനറിയാതെ മിഴിക്കോണുകൾ പെരുമഴയായി പെയ്തുതുടങ്ങിയിരുന്നു..

ആയിരംവട്ടം മനസ്സുകൊണ്ട് അദ്ദേഹത്തോട് മാപ്പ് ചോദിച്ചെങ്കിലും നടന്ന കാര്യങ്ങൾ തുറന്ന് പറയാതെ നെഞ്ചിനുള്ളിലെ ഭീതിയും സങ്കടവുമെന്നെ വിട്ടുപോകില്ലെന്നുറപ്പായിരിക്കുന്നു …

” മതി… നിർത്തു നന്ദേട്ടാ… എനിക്ക് വയ്യ..”

പ്രണയചൂടിനാൽ ഉരുകാൻ തുടങ്ങിയ തടാകം പെട്ടെന്ന് മഞ്ഞുറഞ്ഞതുപോലെ എന്റെ വിരലുകൾ പോലും തണുത്തു മരവിക്കാൻ തുടങ്ങിയത് വേദനയോടെ ഞാനറിഞ്ഞു..

തള്ളിമാറ്റുമ്പോൾ നോവിച്ച നഖപ്പാടുകളേക്കാൾ പകുതിയെത്തിയപ്പോഴുള്ള മരവിപ്പ് അദ്ദേഹത്തെ വേദനിപ്പിച്ചുവെന്ന് തീർച്ചയാണ് …

ഇ ണചേരുമ്പോൾ ശല്ല്യം ചെയ്യപ്പെട്ട നാഗത്തിന്റെ കണ്ണുകളിലെ അതേ പക!! വെറുപ്പോടെയെന്റെ ശരീരത്തിൽ നിന്നും പിടഞ്ഞിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ കണ്ടു.

” പ്രിയാ.. എന്താ നിന്റെ പ്രശ്നം …. കമ്പനി ടൂർ കഴിഞ്ഞെത്തിയ എന്നെ നീ പലകാരണങ്ങൾ പറഞ്ഞു ഒരാഴ്ചയായി ഒഴിവാക്കുന്നു… ജോലിക്കൂടുതലോ വയ്യായ്കയോ ആണെന്ന് കരുതി ഞാൻ നിന്നെ ബുദ്ധിമുട്ടിച്ചേയില്ല.. പക്ഷേ ഇന്നലെയും ഇന്നുമായി എന്റെ ക്ഷമയുടെ പരിധി കടന്നു..കാര്യമെന്താണെന്ന് പോലും പറയാതെ നിന്റെയീ കരച്ചിലും ഒഴിഞ്ഞുമാറ്റവും എന്നെ ദേഷ്യം പിടിപ്പിക്കുന്നു…”

പൂർണ്ണന ഗ്നനനായി തന്നെ എഴുന്നേറ്റ് പോയി സിഗററ്റിന് തീ കൊളുത്തുന്നതിനിടയിൽ നന്ദഗോപാൽ ചോദിച്ചത് കേട്ടിട്ടും കേട്ടഭാവം നടിക്കാതെ ശ്രീപ്രിയ തുണി വാരിചുറ്റി ബാത്റൂമിലേക്ക് നടന്നു…

ഷവർ തുറന്ന് അതിനടിയിലേക്ക് ഭ്രാന്തമായ ആവേശത്തോടെ കയറിനിൽക്കുമ്പോഴും മിഴികൾ തോർന്നിട്ടില്ല..തണുത്തവെള്ളം നിറുകയിൽ വീണ് ന ഗ്നമേനിയിലൂടെ ഒഴുകിയിറങ്ങുമ്പോഴും ഉള്ളിലൊരു തേങ്ങലോടെ ഞാൻ നിന്നു..

ഇല്ല… ഈ തണുപ്പിന് എന്റെ മനസ്സ് തണുപ്പിക്കാനോ ഈ തെളിനീരിന് എന്റെ ശരീരം ശുദ്ധിയാക്കാനോ കഴിയില്ല..

നന്ദേട്ടന്റെ സ്വന്തം പ്രിയയായി മാറി മനസ്സും ശരീരവും ശുദ്ധമാകാൻ ഞാനെന്തു ചെയ്യണം..എല്ലാം തുറന്ന് പറഞ്ഞാൽ എന്താകും പ്രതികരണമെന്നു ഒരൂഹവുമില്ല…

മറ്റുള്ളവരോട് ഒരു പരിധിയിൽ കൂടുതൽ സംസാരിക്കുന്നതിലും കൂടെ ജോലിചെയ്യുന്ന പുരുഷന്മാരോട് അടുത്തിടപഴകുന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന നന്ദേട്ടൻ അസൂയ കലർന്ന നോട്ടത്തോടെ നിന്റെ സ്നേഹം എനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് നിർബന്ധബുദ്ധിയോടെ പലപ്പോഴും പറഞ്ഞുകഴിഞ്ഞിരിക്കുന്നു..

അങ്ങനൊരാൾക്ക് എന്നോട് ക്ഷമിക്കാനും എല്ലാം മറന്ന് കൂടെ ജീവിക്കാനും കഴിയുമോ…വീണ്ടുമതേ ചരടറ്റ കടലാസ്സ് പട്ടങ്ങൾ മനസ്സിലേറ്റി ദിശയറിയാതെ മതിഭ്രമം ബാധിച്ചവളെപോലെ ഞാൻ നിന്നു…

സിംഗപ്പൂരിലേക്ക് മെഡിക്കൽ കോൺഫെറൻസിൽ പങ്കെടുക്കാൻ പോകും മുൻപേ ഇനിയൊരു നാലഞ്ചു ദിവസം കാണാതെയും സ്നേഹം പങ്കിടാൻ പറ്റാതെയും ഇരിക്കേണ്ടതല്ലേ എന്ന് പറഞ്ഞു നിർബന്ധിപ്പിച്ചു കിടക്ക പങ്കിട്ട ഇവൾക്കിതെന്തുപറ്റിയെന്ന് തന്നെയായിരുന്നു ഇതേസമയം നന്ദനും ചിന്തിച്ചുകൊണ്ടിരുന്നത്…മടങ്ങിവന്ന ശേഷമിത് മൂന്നാം തവണയാണ് പകുതിയാകുമ്പോഴേക്കും തള്ളിമാറ്റുന്നത്.

ബാങ്കുദ്യോഗസ്ഥയായ എന്റെയും മെഡിക്കൽ റെപ്രെസെന്റീവ് ആയ നന്ദഗോപാലിന്റെയും വിവാഹം കഴിഞ്ഞു ഒന്നരവർഷമായി.

അച്ഛനും അമ്മയും പെങ്ങൾക്കൊപ്പം കുറച്ചു ദൂരെയുള്ള തറവാട്ടിൽ തന്നെയാണ് താമസം…ജോലിക്ക് പോയിവരാനുള്ള എന്റെ ബുദ്ധിമുട്ട് കണ്ട് ബാങ്കിനടുത്തു തന്നെ വീട് വാടകക്കെടുക്കാൻ അവർ തന്നെയാണ് നിർബന്ധിച്ചതും..

സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള ജീവിതം എത്രെ പെട്ടെന്നാണ് കീഴ്മേൽ മറിഞ്ഞത് ..

ഒന്നുമറിയാതെ ജന്നലിനരികെ നിന്ന് പുകച്ചുരുളുകളാൽ വലയങ്ങൾ തീർത്തു പുറത്തേക്ക് നോക്കിനിൽക്കുന്ന നന്ദേട്ടനെ നോക്കുന്തോറും സങ്കടമിരട്ടിക്കുന്നു..

അറപ്പുളവാക്കുന്ന ശപിക്കപ്പെട്ട അന്നത്തെ ദിവസവും നിമിഷങ്ങളും ശരീരത്തിന്റെ ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്നിടത്തോളം ഇനിയൊരിക്കലും അദ്ദേഹത്തോടൊത്തൊരു സമാധാനപൂർണമായ ജീവിതം അസാധ്യമാണെന്ന് എന്റെ മനസ്സ് പെരുമ്പറ കൊട്ടി ഓർമിപ്പിച്ചുകൊണ്ടിരുന്നു ….

തണുത്തുവിറച്ചു കിടക്കയിൽ വന്നിരുന്ന എന്നെയൊന്ന് തിരിഞ്ഞുനോക്കി, സിഗരറ്റ് പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം അടുത്തേക്ക് വന്ന് തല തുവർത്തിത്തരാനായി അദ്ദേഹം തുനിഞ്ഞതും നിയന്ത്രണം വിട്ട് ഞാനൊരു തേങ്ങലോടെ മനസ്സ് തുറന്നു..

നന്ദേട്ടൻ ടൂർ പോയതിന്റെ പിറ്റേന്നാണ് മാസത്തിലൊരിക്കൽ കടന്ന് വരാറുള്ള മൈഗ്രേയ്ൻ വില്ലനായി വന്നത് …സഹിക്കാൻ പറ്റാത്തവിധമുള്ള തലവേദന കാരണം മാനേജർക്ക് ഹാഫ് ഡേ ലീവിനെഴുതികൊടുത്തു ബാങ്കിൽ നിന്നും ഇറങ്ങുമ്പോഴേ നല്ല മഴക്കോളുണ്ടായിരുന്നു…

കുടയെടുക്കാൻ മറന്നതിനെ സ്വയം പഴിച്ചു മഴയും നോക്കി നിൽക്കുമ്പോഴാണ് കൂടെ ജോലിചെയ്യുന്ന സിന്ധുചേച്ചിയും ഉച്ചക്ക് ശേഷം അവധിയാണെന്ന് പറഞ്ഞു ഇറങ്ങിവന്നത്..

കൂട്ടിക്കൊണ്ടു പോകാനായി അവരുടെ ഭർത്താവ് വരുമെന്നും വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞത് കേട്ട് സമ്മതിച്ചതും ഏതോ ഒരു അഭിശപ്തനിമിഷത്തിലാണ്…

മകന്റെ സ്കൂളിലേക്ക് PTA മീറ്റിംഗിനായി ഇറങ്ങിയതാണ് രണ്ടുപേരും…

നമ്മുടെ വീട്ടിലേക്ക് വരുന്ന വഴി തന്നെയാണ് മോന്റെ സ്കൂളും മാത്രമല്ല മരുന്ന് കഴിച്ചിട്ടും കുറയാത്ത തലവേദന അതിന്റെ മൂർദ്ധന്യത്തിൽ എത്തിയതും അവരോടൊത്തുള്ള യാത്രക്ക് എന്നെ സമ്മതിപ്പിച്ചു എന്നതാകും ശരി…

രണ്ടുപേരും മീറ്റിംഗിന് ഒരുപോലെ നേരം വൈകണ്ടല്ലോ എന്നോർത്താകും സിന്ധുചേച്ചി ഭർത്താവിനോട് പറഞ്ഞത് അവരെ സ്കൂളിൽ വിട്ട ശേഷം എന്നെ ഡ്രോപ്പ് ചെയ്തിട്ട് വേഗം മടങ്ങിചെല്ലാൻ…

വേണ്ടെന്ന് പറഞ്ഞു ഒരു ഓട്ടോയിൽ വീട്ടിലേക്ക് പൊയ്ക്കോളാമെന്ന് പറഞ്ഞിട്ടും രണ്ടുപേരും സമ്മതിച്ചില്ല…വീട്ടിലെത്തി വണ്ടിയിൽ നിന്നിറങ്ങാൻ നേരം കണ്ണിലാകെ ഇരുട്ട് കയറിയതുപോലെ ഞാൻ വേച്ചുപോയി..

ഞാൻ വീഴുമെന്ന് കരുതിയാകണം ആ ചേട്ടൻ പെട്ടെന്ന് ഡോർ തുറന്ന് ചാടിയിറങ്ങി എന്നെ താങ്ങിയത്..വെയിലേറ്റ ചേമ്പിൻതാളുപോലെ തളർന്ന ശരീരവും കൊണ്ട് ഒരു വൈക്കോൽ തുരുപോലെ അയാളുടെ കൈ പിടിച്ച ധൈര്യത്തിൽ ഞാൻ വീടിനകത്തേക്ക് കയറി…

“പിന്നീട് നടന്നതൊക്കെ പറഞ്ഞാൽ ഏട്ടനെന്നോട് എങ്ങനെ പെരുമാറുമെന്ന് എനിക്കറിയില്ല എന്നെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്രംനിങ്ങൾക്കു….”

” ഓഹോ അപ്പൊ ഇതാണ് കാര്യം വയ്യെങ്കിൽ നിനക്ക് ചെറിയച്ഛനെയോ ചെറിയമ്മയേയോ വിളിക്കാമായിരുന്നില്ലേ?? തൊട്ടടുത്ത് തന്നെയല്ലേ അവരും ഉള്ളത്.. എന്ത് കാര്യത്തിനും ഓടിവരുന്നവരെ മനപ്പൂർവം വിളിക്കാതെ എന്തിനാണ് ഇവിടെ വരെയും അയാളുടെ കൂടെ വന്നത്..”

പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ നന്ദൻ പല്ലിറുമ്മി മുറുമുറുക്കാൻ തുടങ്ങി…

” എനിക്കറിയാം കൊണ്ടുവിടാൻ വന്നവൻ കാര്യം നടത്തിപോയി… ഞാനൊരു പോഴനെന്നു കരുതി നീ പറയാതെ ഒളിപ്പിച്ചു.. എടുക്ക് അവന്റെ നമ്പർ എടുക്ക് …അല്ലെങ്കിൽ വേണ്ട ഇറങ്ങു് ഇപ്പോൾത്തന്നെ അവന്റെ വീട്ടിലേക്ക് പോകാം…എനിക്കറിയാം.. എന്ത് വേണമെന്ന്…”

വെകിളി പിടിച്ചവനെപോലെ നന്ദൻ മുടിയിഴകൾ വലിച്ചുപറിച്ചു മുറിയിലൊരു ഭ്രാന്തനെപോലെ ഉഴറി നടക്കാൻ തുടങ്ങി…

” നന്ദേട്ടാ… എനിക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞില്ല…”

“നീ ഒന്നും പറയണ്ട… കേട്ടതുതന്നെ അധികമാണ്.. ഞാൻ എവിടെപ്പോയാലും നീ തനിച്ചാകരുതെന്ന് ഓർത്തിട്ടാ ചെറിയമ്മയുടെ വീടിനരികിൽ വീട് വാടകക്ക് എടുത്തത്… അവരെ വിളിക്കാനോ അവിടേക്ക് പോകാനോ നിനക്കിഷ്ടമല്ല.. ഇപ്പൊ കണ്ടില്ലേ എവിടെയെത്തി കാര്യങ്ങൾ…വഴിയേ പോകുന്നവൻ വരെ…”

ഇനിയൊരക്ഷരം പറയാൻ കഴിയാതെ നന്ദൻ മുഖം പൊത്തി…

“കഴിഞ്ഞോ… നിങ്ങടെ പ്രസംഗം… അതേ ഞാൻ കളങ്കപ്പെട്ടു! സത്യമാണത്…..നിങ്ങളറിയണം ആരാണത് ചെയ്തതെന്ന് എന്നിട്ട് നിങ്ങളെന്തു ചെയ്യുമെന്നും ഞാൻ കാണട്ടെ…”

ദാരികവധം കഴിഞ്ഞിട്ടും കലിയടങ്ങാത്ത കാളിയായി ബാധ കയറിയതുപോലെ നൊടിയിടയിൽ മാറിയ പ്രിയയുടെ മുഖത്തേക്ക് ഭയത്തോടെ നന്ദൻ നോക്കി നിന്നു…

“സ്വന്തം ശരീരത്തോട് പോലും അറപ്പ് തോന്നിയതുകൊണ്ട് ആ നിമിഷം മുതൽ ഞാൻ പലതവണ മരിക്കാൻ ശ്രമിച്ചതാണ് പക്ഷേ ഓരോനിമിഷവും നിങ്ങളെയും ധ്യാനിച്ചിരിക്കുന്ന എന്റെ മനസ്സ് എന്നെയതിൽ നിന്നും പിന്തിരിപ്പിച്ചു…”

അന്ന് സുരക്ഷിതമായെന്നെ അകത്തേക്ക് കയറ്റി വിട്ട് ആ പാവം ഇറങ്ങാൻ നേരത്താണ് കുടിച്ചു ബോധമില്ലാതെ ചെറിയച്ഛൻ കയറിവന്നത്…

നിങ്ങളില്ലാത്ത നേരം നോക്കി ഞാനെന്റെ ജാരനെ വിളിച്ചുകയറ്റിയെന്ന രീതിയിൽ അ ശ്ലീലച്ചുവയോടെ ചെറിയച്ഛൻ സദാചാരപ്രസംഗം തുടങ്ങിയതും മറുപടി പറയാതെ ആ ചേട്ടൻ എന്നെയൊന്ന് നോക്കി പുറത്തേക്കിറങ്ങിപോയി..

ഇതിനും മുൻപും നിങ്ങടെ ചെറിയച്ഛനെന്ന മാന്യനിൽ നിന്നും മോശപ്പെട്ട അനുഭവങ്ങൾ കിട്ടിയതുകൊണ്ട് തന്നെയാണ് ഞാൻ അവരുമായി ഒരകലം പാലിച്ചു നിന്നത്…

വന്നുകയറിയവൾ കുടുംബവഴക്ക് ഉണ്ടാക്കുകയാണെന്ന പ ഴി കേൾക്കേണ്ടെന്നു കരുതിയാണ് ആരോടും ഒന്നും പറയാതെ ഇത്രെയും നാൾ സഹിച്ചത്…അത് പക്ഷേ അയാളെന്റെ ജീവിതം തന്നെ തകർത്തുകളയുമെന്ന് ഒരിക്കലും കരുതിയില്ല.

ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടും കൂട്ടാക്കാതെ ബലം പ്രയോഗിച്ചു അകത്തേക്ക് തള്ളിക്കയറി വന്ന് ‘നീ ഞാനിരിക്കുമ്പോ നാട്ടുകാർക്ക് കൊടുക്കേണ്ടെന്ന് പറഞ്ഞു മുഖമടച്ചു അടിച്ചതെ എനിക്കോർമയുള്ളു…

“ശരീരം കൊണ്ട് ഞാൻ കളങ്കപ്പെട്ടിരിക്കുന്നു..അത് നിങ്ങൾ കരുതും പോലെ വഴിയേപോകുന്നവനല്ല.. അച്ഛന്റെ സ്ഥാനം നൽകി നിങ്ങൾ പൂജിച്ചുകൊണ്ട് നടക്കുന്നവൻ തന്നെ…”

ഇനിയൊന്നും പറയാൻ കഴിയാതെ പെരുമഴപെയ്ത്തു പോലെ പൊട്ടിക്കരയുന്ന എന്നെയും നോക്കി എല്ലാം തകർന്നവനെപോലെ നിൽക്കുന്ന നന്ദനെ നെഞ്ഞുരുക്കത്തോടെ ഞാൻ കണ്ടു…

സ്നേഹിച്ചും ബഹുമാനിച്ചും അച്ഛന് പകരമെന്നല്ല അച്ഛനായി കൊണ്ടുനടന്നവൻ സ്വന്തം കുടുംബത്തിന്റെ ആണിക്കല്ല് തകർത്തത് വിശ്വസിക്കാൻ ഭയന്ന് പകച്ചുനിൽക്കുകയാണ് പാവം…

“നിങ്ങൾ വന്ന അന്ന് മുതൽ ശരീരത്തിൽ തൊടീപ്പിക്കാതെ ഒഴിഞ്ഞുമാറിയതും അകന്നുനിന്നതും ഈയൊരു നോവും പേറിയാണ്…എനിക്കറിയാം ഇനിയെന്നെ സ്വീകരിക്കാൻ മനസുകൊണ്ട് നിങ്ങൾക്ക് കഴിയില്ല…എനിക്കും കഴിഞ്ഞതെല്ലാം മറന്ന് ജീവിക്കാൻ സാധിക്കുമോയെന്നും അറിയില്ല…നമുക്ക് … നമുക്ക് പിരിയാം..”

ചോരകിനിയുന്ന വേദനയോടെ ഞാൻ പറഞ്ഞു നിർത്തിയതും ആദ്യമായെന്നെ കാണുന്നപോലെ നന്ദേട്ടനെന്നെ നോക്കി…

“ഞാൻ വരാൻ പോലും കാത്തുനിൽക്കാതെ നീയവനെ എന്തുകൊണ്ട് പോലീസിലേല്പിച്ചില്ല… അച്ഛനായാലും ആങ്ങളയായാലും ഇവനെപ്പോലുള്ളവരെ വെറുതെ വിടരുത്… കുടുംബമായി ജീവിക്കുന്ന സ്ത്രീകൾ പുറത്തുപറയില്ലെന്ന ധൈര്യത്തിലാണ് ഇവന്മാർ ഇനിയും പുതിയ ഇരകളെ തേടിപോകുന്നത്…തെറ്റ് ചെയ്തവരാണ് ശിക്ഷിക്കപ്പെടേണ്ടത് ഇരകളല്ല…”

അദ്ദേഹം പറഞ്ഞുവരുന്നത് എന്താണെന്ന് മനസിലാകാതെ ഞാൻ നിന്നു..

“പീ ഡിപ്പിക്കപ്പെട്ടു എന്നത് നിന്റെ തെറ്റല്ല… അത് കൊണ്ട് മാത്രം നിന്നോടെനിക്കുള്ള സ്നേഹം കുറയാനോ നീയെന്റെ ഭാര്യയല്ലാതാകുവാനോ പോകുന്നില്ല…എന്തോ സംഭവിച്ചുപോയി.. മറക്കേണ്ടതും മരിക്കേണ്ടതും ഇങ്ങനുള്ള ഓർമകളാണ്… നമ്മുടെ സ്വപ്നങ്ങളല്ല…”

പകച്ചുനിൽക്കുന്ന എന്നെ വാരിയെടുത്ത് നെഞ്ചോടു ചേർത്തുകൊണ്ട് നന്ദേട്ടനെന്റെ കാതിൽ മെല്ലെ പറഞ്ഞു…

” സ്നേഹക്കൂടുതൽ കൊണ്ട് ഞാൻ നിന്നോട് പോസെസ്സിവ് ആകാറുണ്ട് പക്ഷേ അതിനർത്ഥം നിനക്കൊരു പ്രശ്നം വരുമ്പോൾ കൂടെനിൽക്കില്ലെന്നല്ല… ഈ ജന്മത്തിലും ഇനിയുള്ള ജന്മത്തിലും പ്രിയ നന്ദന്റെ പെണ്ണാ… നടന്നതെല്ലാം ഒരു ദുസ്വപ്നം പോലെ മറന്നു കളയൂ..കഴിഞ്ഞതെല്ലാം മറക്കാൻ Take ur own time..ഞാനിവിടുണ്ട് നിനക്കായി… നിന്നെയും കാത്ത്… നിനക്കൊപ്പം…”

ജ്വരം പിടിച്ചപോലെ വിറക്കുന്നയെന്നെ നെഞ്ചിലെ ചൂടിലേക്ക് ഏട്ടൻ വാരിപുണർന്നതും സന്തോഷമോ സങ്കടമോ എന്തിനെന്നറിയാതെ ഞാനാ നെഞ്ചിൽ തലതല്ലിക്കരയുന്നുണ്ടായിരുന്നു…

പിറ്റേന്ന് പോലീസ് സ്റ്റേഷനിൽ പോയി പരാതികൊടുത്തതോടെ മുഴുവൻ കുടുംബക്കാരെയും ഞെട്ടിച്ചുകൊണ്ട് ചെറിയച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു..

കുടുംബക്കാരിൽ പാതി ശത്രുക്കളായെങ്കിലും പകുതി പേരെങ്കിലും ഞങ്ങൾ ചെയ്തത് ശരിയെന്ന് പറഞ്ഞു കൂടെ നിന്നു…

ആരുമറിയാതെ മാപ്പു കൊടുക്കാമായിരുന്നെന്നും കുടുംബം തകർത്തവളെന്നും ഒരിക്കലും ഗുണം പിടിക്കില്ലെന്നും ശാപവാക്കുകൾ ചൊരിയുന്ന ചെറിയമ്മയോട് സ്വന്തം മകളെങ്കിലും സുരക്ഷിതയായിരുന്നോയെന്ന് അന്വേഷിക്കാൻ നന്ദേട്ടനവർക്ക് മറുപടി കൊടുത്തു…

ആരും തുണക്കില്ലെങ്കിലും ജീവിതാവസാനം വരെ ഞാനുണ്ട് നിന്റെ കൂടെയെന്ന് ഓർമിപ്പിച്ചുകൊണ്ട് വലംകൈകൊണ്ടെന്നെ ചേർത്തുപിടിച്ചു എല്ലാവരെയും സാക്ഷി നിർത്തി നന്ദേട്ടനെന്റെ സിന്ദൂരം പടർന്നിറങ്ങിയ മൂർദ്ധാവിൽ ചുംബിച്ചു…

പീ ഡിപ്പിച്ചവരെക്കാൾ പീ ഡിപ്പിക്കപ്പെട്ടവർ തലകുനിച്ചു നടക്കുന്ന ഒരു നിയമവ്യവസ്ഥയിൽ എത്രെ പേർ ധൈര്യത്തോടെ നിയമപരമായി മുന്നോട്ട് പോകുമെന്നറിയില്ല…കാറ്റിനൊത്തല്ലാ കാറ്റിനെതിരെയാണ് പട്ടങ്ങൾ ഏറ്റവുമുയരത്തിൽ പറന്നുയരുന്നതെന്ന് മനസ്സിലുറപ്പിച്ചു മുന്നോട്ടവർ നീങ്ങി..

നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ തിരികെ അതിലുമിരട്ടിയിൽ സ്നേഹിച്ചു കൂടെ നിൽക്കുന്നതിനേക്കാൾ കൂടുതലൊന്നും വേണ്ട ഏത് ദുർഘടങ്ങളെയും തരണം ചെയ്ത് മുന്നേറാനെന്ന പാഠം സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക്ക് പകർന്ന് നൽകി നന്ദനും പ്രിയയും എവിടെയോ സന്തുഷ്ടരായി ജീവിക്കുന്നു …

••••••••••

ലിസ് ലോന ✍️