അണിഞ്ഞൊരുങ്ങി ഇരിക്കുന്ന എന്റെ ചാരൂനെ ഒരു നോക്ക് കാണാനുള്ള കൊതികൊണ്ടാണ് അമ്മായിയോട് വീണ്ടും അപേക്ഷിച്ചത്‌…

മഞ്ഞളും ഒരിത്തിരി കുങ്കുമവും

Story written by Kavitha Thirumeni

=============

“എങ്ങോട്ടാ ഉടുത്തൊരുങ്ങി.. ? ചാരൂന്റെ വളകാപ്പിന് നീ വരണ്ട… വിധവകള് ഇങ്ങനത്തെ ചടങ്ങിലൊക്കെ അപലക്ഷണമാണെന്ന് നിനക്ക് അറിഞ്ഞൂടെ ശ്രീക്കുട്ടീ..?

അമ്മായിയുടെ വാക്കുകൾക്ക് ഇപ്പോൾ വല്ലാതെ മൂർച്ചയേറിയിരിക്കുന്നു.. ചോദ്യം കേട്ടപ്പാടെ ഞാനെന്റെ നെറ്റിയിൽ കൈ വെച്ചു.. സിന്ദൂരത്തിന്റെ ചുവപ്പ് മാഞ്ഞിട്ട് മൂന്ന് മാസമാകുന്നു.. ശരിയാണ്.. ഇന്ന് ഞാനൊരു വിധവയാണ്.. എങ്കിലും സ്വന്തം ചേച്ചിയുടെ ചടങ്ങിൽ പങ്കെടുക്കാൻ ഈ അനുജത്തിക്ക് ഒരവകാശവുമില്ലേ…

” അമ്മായി… ഞാനൂടെ വന്നോട്ടെ.. മഞ്ഞള് ചാർത്താനൊന്നും വരില്ല.. മാറി നിന്ന്‌ അവളെ കണ്ടോളാം.. വേണ്ടാന്ന്‌ പറയല്ലേ.. “

” നീ കുഞ്ഞുകുട്ടിയൊന്നുമല്ലല്ലോ പറഞ്ഞു മനസ്സിലാക്കി തരാൻ.. വെറുതെ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിക്കാതെ ഇവിടെ ഇരിക്കാൻ നോക്ക്.. “

ആഘോഷിച്ചു നടക്കാനൊന്നുമല്ലായിരുന്നു.. അണിഞ്ഞൊരുങ്ങി ഇരിക്കുന്ന എന്റെ ചാരൂനെ ഒരു നോക്ക് കാണാനുള്ള കൊതികൊണ്ടാണ് അമ്മായിയോട് വീണ്ടും അപേക്ഷിച്ചത്‌…

എന്റെ അമ്മയുടെ നിസ്സഹായത ആ മുഖത്തു നിന്ന്‌ തന്നെ എനിക്ക് മനസ്സിലാക്കാമായിരുന്നു.. അച്ഛന് വയ്യാതായപ്പോൾ മുതൽ അമ്മാവനാണ് ഒരു മടിയും കൂടാതെ വീടിന്റെ ചുമതലയേറ്റെടുത്തത്‌.. അങ്ങനെയുള്ള അവരോട് എതിർത്തൊരു വാക്ക് പോലും പറയാൻ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല.. അത്‌ വല്യൊരു അപരാധമായി മാറുമോയെന്ന്‌ അമ്മ ഭയപ്പെട്ടു..

നിറഞ്ഞൊഴുകിയ കണ്ണുനീരിനെ തുടച്ചുമാറ്റി ഞാൻ മുറിയിലേക്ക് ഓടി..അകത്തളങ്ങൾക്ക് പോലും അപ്പോൾ വല്ലാത്തൊരു ദൂരം തോന്നി..തല്ല് കൂടുമായിരുന്നെങ്കിലും അമ്മയോളം ഇഷ്ടമായിരുന്നു എന്റെ ചേച്ചിയെ.. കല്യാണം കഴിഞ്ഞു അവൾ പോയതിൽ പിന്നെ എത്ര രാത്രികളാണ് താൻ തനിച്ചിരുന്നു കരഞ്ഞു തീർത്തതെന്ന്‌ ആരും അറിഞ്ഞിട്ടില്ല.. അവളൊരു അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ എന്നോളം സന്തോഷിച്ച മറ്റാരുമുണ്ടാവില്ല..അങ്ങനെയുള്ള എന്നെ എല്ലാരും കൂടി മാറ്റിനിർത്തുന്നത് എനിക്ക് സഹിക്കാനായില്ല..

” എന്തിനാ നന്ദേട്ടാ എന്നെ തനിച്ചാക്കി പോയത്‌.. ? എന്നെ കൂടി കൂട്ടാമായിരുന്നില്ലേ..വീടിന്റെ ഐശ്വര്യമാണെന്ന് പറഞ്ഞവര് തന്നെയാ ഇപ്പോൾ ഞാനൊരു ശാപമാണെന്ന് പറയുന്നത്.. ആർക്കും വേണ്ടാത്തൊരു ജന്മം.. “

നന്ദേട്ടന്റെ ഫോട്ടോയെ മുറുകെ പിടിച്ച് കരയുമ്പോൾ ഇങ്ങനൊരു ജീവിതം തന്ന ദൈവത്തോട് തന്നെ വെറുപ്പായിരുന്നു..

പെണ്ണ് കാണലിനു നന്ദേട്ടൻ വന്നപ്പോൾ ചാരുവേച്ചിയാ പറഞ്ഞത്..

” ആളല്പം മൊരടനാണെന്ന്‌ തോന്നുന്നു മോളെ.. കെട്ട് കഴിഞ്ഞാൽ പിന്നെ പട്ടാളചിട്ടയായിരിക്കുമെന്നും.. “

സംസാരിക്കാൻ എന്റടുത്തേക്ക് വരുമ്പോഴുള്ള ആ വശപിശകുള്ള നോട്ടത്തിൽ നിന്ന്‌ ആളൊരു കോഴിയാണെന്ന് എനിക്കും തോന്നാതിരുന്നില്ല.. പോരാത്തതിനു എനിക്കൊരു അവസരം പോലും തരാതെയുള്ള സംസാരവും…

“എന്റെ പെണ്ണേ… ഞങ്ങള് പട്ടാളക്കാർക്ക് പെണ്ണ് കിട്ടാൻ വല്യ പാടാ… അതും ഈ കാലത്ത്.. ഇനി കിട്ടിയാലോ.. ? എന്തെങ്കിലുമൊക്കെ പറഞ്ഞ് നാട്ടുകാര് എന്ന് പറയുന്ന തെണ്ടികൾ അത് മുടക്കും.. ഇവന്മാർക്ക് ഇതെന്തിന്റെ ഏനക്കേടാണോ.. ?സാമദ്രോഹികൾ.. ഇപ്പോൾ തന്നെ രണ്ടു മൂന്നെണ്ണം വന്ന വഴിക്ക് തന്നെ പോയി…കല്യാണം കഴിഞ്ഞിട്ട് വേണം അവന്മാരുടെ മുന്നിലൂടെ അവളുടെ കൈയ്യും പിടിച്ച് നെഞ്ച് വിരിച്ചു ഒന്ന് നടക്കാൻ… എനിക്കും പെണ്ണ് കിട്ടിയെന്നു അറിയിക്കണ്ടേ.. ?

വേണമെന്ന രീതിയിൽ ഞാനൊന്ന് തലയാട്ടി…

” അതിപ്പോൾ ഈ കൈയ്യായാൽ കുട്ടിക്ക് വിരോധമില്ലല്ലോ അല്ലേ.. ?

വളഞ്ഞ് മൂക്ക് പിടിക്കുന്നത് കണ്ടപ്പോൾ തന്നെ ഏട്ടന്റെ സ്വഭാവം ഏകദേശം എനിക്ക് മനസ്സിലായി.. ഒരു ചിരിയിലൂടെ ഞാനെന്റെ സമ്മതമറിയിച്ചപ്പോൾ നന്ദേട്ടന്റെ മുഖം സന്തോഷംകൊണ്ട് വല്ലാതെ തിളങ്ങി..കല്യാണം കഴിഞ്ഞ് ഏട്ടന്റെ ആഗ്രഹം പോലെ എന്നേം കൂട്ടി നാട്ടിലെ എല്ലാ വഴികളിലൂടെയും നടന്നു…

“നന്ദേട്ടാ… ഞാനൊരു കാര്യം പറയട്ടെ…

” എന്താടീ… ?

” ഇനി തിരിച്ചു പോയില്ലെങ്കിൽ കുഴപ്പമുണ്ടോ.. ? നമുക്ക് ഈ നാട് മതി.. ഇവിടെ എന്തെങ്കിലും ജോലി നോക്ക്.. ഉള്ളത്കൊണ്ട് നമുക്ക് സന്തോഷായിട്ട് ജീവിക്കാം..എന്ത് കുറവുണ്ടായാലും സാരമില്ല… “

” ആഹാ… പൊന്നുമോളുടെ ആഗ്രഹമൊക്കെ കൊള്ളാം… പക്ഷേ …. നടക്കില്ല.. “

” നന്ദേട്ടനെ പിരിയാൻ വയ്യാത്തത് കൊണ്ടല്ലേ… എന്നോട് കുറച്ചെങ്കിലും ഇഷ്ടമുണ്ടെങ്കിൽ സമ്മതിക്ക്.. “

” ടീ… പെണ്ണെ.. നിന്നെ പോലെ തന്നെ എനിക്കിഷ്ടമാണ് എന്റെ ജോലിയും..രാജ്യത്തിന്‌ വേണ്ടി സേവനം അനുഷ്ഠിക്കുന്നത് ഒരു ഭാഗ്യമാണ്.. ഇനി ഇപ്പോൾ വല്ല തീവ്രവാദികളുടേയും വെടിയേറ്റ്‌ ഞാൻ വീരമൃത്യു വരിച്ചാൽ തന്നെ നീ കരയരുത്…കാരണം നീയൊരു പട്ടാളക്കാരന്റെ ഭാര്യയാ.. രാജ്യത്തിനു കാവൽ നിൽക്കുന്ന ധീര ജവാന്റെ പത്നി… കേട്ടോടി പൊട്ടി.. “

” ദേ… നന്ദേട്ടാ… കുറച്ചു കൂടുന്നുണ്ട്ട്ടോ… ഒരു ധീര ജവാൻ വന്നേക്കുന്നു…എനിക്കൊന്നും കേൾക്കണ്ട.. “

ദേഷ്യപ്പെട്ടു പോയാലും ഏട്ടന്റെ മനസ്സ് മാറ്റാൻ എനിക്കാവില്ല എന്ന പൂർണ ബോധ്യം വന്നിരുന്നു..

അവധിക്കു ശേഷം നന്ദേട്ടൻ തിരിച്ചു പോയപ്പോൾ ഒരായുഷ്കാലം മുഴുവൻ ഓർക്കാൻ മാത്രം ഓർമ്മകളെ എനിക്ക് സമ്മാനിച്ചിരുന്നു..എന്നിരുന്നാലും ആ ഒറ്റപെടൽ എന്നെ വല്ലാതെ വേട്ടയാടി… അപ്പോഴാണ്‌ ഞാനൊരു ചിറ്റമ്മയാകാൻ പോകുന്നുവെന്ന വാർത്ത അരുണേട്ടൻ വിളിച്ചറിയിച്ചത്‌.. ചാരുവേച്ചിയുടെയുള്ളിൽ പുതിയൊരു ജീവൻ തുടിക്കുന്നുണ്ടെന്ന് ഞാനും തൊട്ടറിഞ്ഞു.. പിന്നീടങ്ങോട്ട്‌ ചാരുവുമായി ഞങ്ങളുടെ വീട്ടിൽ തന്നെ കൂടി.. എന്റെ ഉണ്ണിക്കുട്ടന്റെ ( വാവയ്ക്ക് ഞാൻ ഇട്ട പേരാ.. ) വളർച്ചയിൽ ചാരുവിനെക്കാൾ സന്തോഷിച്ചത്‌ ഞാനാണ്‌..അവളുടെ വളകാപ്പ് ഒരു ആഘോഷമാക്കണമെന്നതും എന്റെ ആഗ്രഹമായിരുന്നു.. ചാരുവിനൊപ്പം അണിഞ്ഞൊരുങ്ങി നിൽക്കുന്നത് സ്വപ്നം കണ്ടത് ചില്ലറയൊന്നുമല്ലാ.. ചിറ്റയ്ക്കും അമ്മയുടെ സ്ഥാനമാണല്ലോ..

പക്ഷേ എല്ലാ സന്തോഷവും കൂടി ദൈവം ഒരുമിച്ച് തരില്ലല്ലോ.. എന്നോടിത്തിരി കുശുമ്പ് തോന്നീട്ടാവും സങ്കടത്തിന്റെ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ദൈവം എന്റെ നന്ദേട്ടനെ അങ്ങ് തിരിച്ചു വിളിച്ചത്‌.. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ജവാനെ ഓർത്ത് നാട്മുഴുവൻ കണ്ണീരണിഞ്ഞപ്പോൾ ഞാൻ മാത്രം കരഞ്ഞില്ല..കരയരുതെന്ന ഏട്ടന്റെ വാക്ക് നെഞ്ചോടു ചേർത്തു വെച്ചു. ഒരു തരം മരവിപ്പായിരുന്നു അന്നുമുതൽ.. പക്ഷെ ഇന്ന് കരയാതിരിക്കാൻ എനിക്കായില്ല..

നന്ദേട്ടനോട്‌ സങ്കടമെല്ലാം പറഞ്ഞു നിർത്തുമ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി.. കുറച്ചു കഴിഞ്ഞ് മുറ്റത്ത്‌ കാറിന്റെ ശബ്ദം കേട്ട് തുടങ്ങി.. പോയവരൊക്കെ തിരിച്ചു വന്നെന്നു മനസ്സിലായി, വിശേഷം അറിയാനാ ഉമ്മറത്തേക്ക് ഓടി ചെന്നത്…പക്ഷേ കാറിൽ നിന്നിറങ്ങിയത് അരുണേട്ടനായിരുന്നു…. ഏട്ടനില്ലായ്മ നികത്തിയത് എന്റെ അരുണേട്ടനിലൂടെയാണ്.. .. ചാരൂന്റെ കഴുത്തിൽ താലി ചർത്തിയ അന്നുമുതൽ സ്വന്തം ഏട്ടനായിട്ടെ കണ്ടിട്ടുള്ളൂ..

” ചാരൂന്റെ ചടങ്ങിന് നിന്നെ പ്രത്യേകം ക്ഷണിക്കണമായിരിക്കും അല്ലേ … ഇനി നിലവിളക്കും താലപ്പൊലിയും വേണ്ടി വരുവോ അനിയത്തിക്കുട്ടിക്ക്.. ?

അരുണേട്ടന്റെ മുഖത്ത് എന്നോടുള്ള ദേഷ്യവും ഉണ്ട്.

” അതല്ല അരുണേട്ടാ…. ഞാൻ.. ഞാൻ വരാൻ പാടില്ലല്ലോ.. അത് ചേച്ചിക്കും കുഞ്ഞിനും ദോഷമാ.. ഒരു അപശകുനമായിട്ട്….. “

വാക്കുകൾ മുഴുവനാക്കാതെ ഏട്ടനു മുന്നിൽ നിന്ന്‌ ഞാൻ വിതുമ്പി…ഒന്നും മിണ്ടാതെ അരുണേട്ടൻ തിരിച്ചു നടന്നു.. മെല്ലെ കാറിന്റെ ഡോർ തുറന്നു..

മൈലാഞ്ചി അണിഞ്ഞ കാലുകൾ മുറ്റത്ത്‌ കുത്തുമ്പോൾ ഞാൻ ഒന്നൂടെ പൊട്ടി കരഞ്ഞുപോയി…

നിറവയറുമായി എന്റെ ചാരുവേച്ചി… ഇന്നെത്ര സുന്ദരിയായിരിക്കുന്നു.. പട്ടുചേല ചുറ്റി കൈ നിറയെ വളകളിട്ട് ഒരു കല്യാണപെണ്ണിനെ പോലെ….കണ്ണ് തുടച്ചു ഞാൻ ഓടി ചെന്ന്‌ അവളെ കെട്ടിപിടിച്ചു..

” അവന്റെ ചിറ്റമ്മയില്ലാതെ ഉണ്ണിക്കുട്ടൻ എങ്ങനെ സന്തോഷായിട്ട് ഇരിക്കുമെടീ പൊട്ടി … അവനിൽ എന്നേക്കാൾ അധികാരം നിനക്കല്ലേ… ?

ചാരു പറഞ്ഞു തീരുന്നതിനു മുന്നേ ഞാനാ വയറിൽ ഉമ്മവെച്ചു… അവളെ ചേർത്തു പിടിച്ച് ഉമ്മറത്തെ കസേരയിൽ കൊണ്ട് ഇരുത്തുമ്പോൾ അരുണേട്ടന്റെ കൈയിൽ മഞ്ഞളും കുപ്പിവളകളും ഭദ്രമായിരുന്നു…. ഒരുപക്ഷേ ഏട്ടൻ എല്ലാം മുൻകൂട്ടി ഉറപ്പിച്ചതാവാം..

എന്റെ ചാരുവിന് വളകളണിയിച്ച് ആ മുഖത്തൊരിത്തിരി മഞ്ഞളും ചാർത്തുമ്പോൾ എന്നേക്കാളേറെ അവളുടെ മിഴികളാണ്‌ നനഞ്ഞത്‌…

(ആചാരങ്ങളും അനുഷ്ഠാനാങ്ങളും നമ്മുടെ സന്തോഷത്തിനു വേണ്ടിയുള്ളതാണ്‌…അല്ലാതെ ശകുനത്തിന്റെയും ദോഷങ്ങളുടെയും പേരിൽ ആരെയും ഒറ്റപെടുത്തി നിർത്താനുള്ളതല്ല… ആരുടെ മനസ്സിലാണോ കളങ്കമില്ലാത്ത സ്നേഹമുള്ളത് അവരെന്നും ദൈവത്തിനു പ്രീയപ്പെട്ടവരാണ്.. കാലം ഒരുപക്ഷേ അവരെ അമ്മയോ സുമംഗലിയോ ആക്കിയില്ലെന്ന് വരാം.. എങ്കിലും ആ മനസ്സിലെ പ്രാർഥന നമുക്ക് നന്മ മാത്രമേയേകൂ…)