അങ്ങനെ ചേച്ചീടെ വിവാഹം കഴിഞ്ഞിട്ട് നീണ്ട പതിനേഴു വർഷങ്ങൾ ഇന്ന് കഴിഞ്ഞിരിക്കുന്നൂ….

കൂടെയൊരാൾ

Story written by Aparna Nandhini Ashokan

==============

അന്ന് രാത്രി ചേച്ചിയുടെ മുറിയിലേക്ക് ഒരാൾ അധികാരത്തോടെ കയറി പോകുന്നതു കണ്ടപ്പോഴാണ് ആദ്യമായി ആളെ ഞാൻ ശ്രദ്ധിക്കുന്നത്.

സദ്യയൊക്കെ ഉണ്ട് ബന്ധുകളെല്ലാം പോയീട്ടും അയാളു മാത്രം കസേരയിൽ കയറി ഇരുപ്പുറപ്പിച്ചൂ.അമ്മയും അമ്മൂമ്മയും തുടങ്ങി വീട്ടിലെ സകലരും അയാൾക്കു ചുറ്റിലുമാണ്.എന്നെ ഒരൊറ്റയാൾ ശ്രദ്ധിക്കുന്നേയില്ല.ചേച്ചി പോലും അയാളുടെ തൊട്ടടുത്ത് തന്നെ ഒട്ടിയിരിപ്പാണ്. ഒരൊറ്റ ദിവസം കൊണ്ട് എന്നെ എല്ലാവരും ശ്രദ്ധിക്കാതായതിനു കാരണക്കാരനായ അയാളോട് എനിക്ക് ദേഷ്യം തോന്നാതിരുന്നില്ല.

ആരോ പറഞ്ഞുതന്നു, അതെന്റെ ചേച്ചീടെ ഭർത്താവാണ്.എന്റെ അളിയനാണ് എന്നകാര്യം.

അന്നത്തെ ദിവസം എന്റെ ചേച്ചിയുടെ കല്ല്യാണമായിരുന്നൂ.പായസം വെക്കുന്നതിന്റെ പരിസരത്ത് മണം പിടിച്ചു നടക്കുന്നതിനിടയിൽ അന്ന് ചേച്ചിയുടെ കല്ല്യാണമാണെന്ന കാര്യമൊക്കെ ഞാൻ മറന്നുപോയിരുന്നൂ.അങ്ങനെ എന്റെ എട്ടാം വയസ്സിൽ ഞാനെന്റെ ചേച്ചിയുടെ വിവാഹസദ്യ ഉണ്ടു.

കുറച്ചുദിവസങ്ങൾ മുൻപേ തന്നോട് ഒളിച്ചുകളിച്ചും തല്ലുകൂടിയും നടന്നവളാണ്. എന്നേക്കാൾ പന്ത്രണ്ട് വയസ്സിന് മൂത്തവളായതുകൊണ്ടു തന്നെ എനിക്കവൾ അമ്മയായിരുന്നൂ.പാവടയും ബ്ലൗസും ഇട്ടുമാത്രം നടന്നിരുന്നവൾ അന്ന് അവളെക്കാൾ കനത്തിലുള്ള പട്ടുസാരിയും ചുറ്റി സ്വർണവും നിറയെ ഇട്ട് അയാളോടൊപ്പം ചേർന്നിരിക്കുന്നത് കണ്ടു. എന്റെതു മാത്രമായിരുന്ന ചേച്ചിയെ തട്ടിയെടുക്കാൻ വന്ന ദുഷ്ടനായിട്ടാണ് അന്നെക്കെ എന്റെ മനസ്സിലുണ്ടായിരുന്ന അളിയന്റെ രൂപം.

അങ്ങനെ ചേച്ചീടെ വിവാഹം കഴിഞ്ഞിട്ട് നീണ്ട പതിനേഴു വർഷങ്ങൾ ഇന്ന് കഴിഞ്ഞിരിക്കുന്നൂ. അവരുടെ ആദ്യരാത്രിയിൽ ചേച്ചിയുടെ ഒപ്പം കിടന്നുറങ്ങണമെന്നു ഞാൻ വാശി പിടിച്ചു കരഞ്ഞതു പറഞ്ഞ് ചേച്ചിയിപ്പോഴും എന്നെ കളിയാക്കാറുണ്ട്.

തനിക്ക് അവകാശമായി കിട്ടിപോന്ന പൊരിച്ച കോഴിക്കാല് അളിയനെകൊണ്ട് അമ്മ നിർബന്ധിച്ച് കഴിപ്പിക്കുന്നതും, അന്നെ വരെ പാലിൽ ബൂസ്റ്റ് ചേർത്ത് തനിക്കു മാത്രം തന്നിരുന്ന അമ്മൂമ്മ മറ്റൊരു കപ്പിൽ അളിയനും ബൂസ്റ്റ് കൊടുക്കുന്നതുമെല്ലാം കണ്ടപ്പോൾ അധികം വൈകാതെ തന്നെ അളിയൻ എന്റെ ശത്രുവായി മാറിയിരുന്നൂ.

വിരുന്നെല്ലാം കഴിഞ്ഞ് ചേച്ചി അളിയന്റെ വീട്ടിൽ പോകുന്ന ദിവസം എന്നെ കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞൂ.കാര്യം മനസിലായില്ലെങ്കിലും ഞാനും കൂടെ കരഞ്ഞൂ.ഓർമ്മയിലാദ്യമായി ചേച്ചി വീട്ടിൽ ഇല്ലാതിരുന്ന രാത്രി എന്നെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നൂ.അടുത്ത ദിവസം അതിരാവിലെ തന്നെ എന്നെ കാണണമെന്ന് വാശിപിടിച്ച ചേച്ചിയെ അളിയൻ വീട്ടിലേക്കു കൊണ്ടു വന്നപ്പോൾ അതുവരെയും ആ എട്ടു വയസ്സുക്കാരന് തന്റെ അളിയനോടുണ്ടായിരുന്ന നിഷ്കളങ്കമായ ശത്രുത അവിടെ മാറുകയായിരുന്നൂ.

പിന്നീടങ്ങോട്ട് ഇന്നു വരെ ചേച്ചിയേക്കാൾ സ്നേഹത്തോടെ അളിയനെന്നും തണൽമരമായി എനിക്കൊപ്പമുണ്ട്.എനിക്ക് ഇരുപത്തഞ്ചു വയസ്സായീട്ടും ഇന്നും എന്നെ കഴിഞ്ഞേ അദ്ദേഹത്തിന് സ്വന്തം മക്കളുടെ കാര്യങ്ങൾ വരെയുള്ളൂ.

പെട്ടന്നുണ്ടായ അമ്മയുടെ മരണത്തോടെ വീട്ടിൽ ഒറ്റയ്ക്കായ എനിക്കൊപ്പമാണ് കുറച്ചു വർഷങ്ങളായി ചേച്ചിയും അളിയനും താമസിക്കുന്നത്.ഭാര്യവീട്ടിൽ താമസിക്കാൻ തുടങ്ങിയതിനു അളിയനെ കുടുംബക്കാർ വരെ പരിഹസിച്ചപ്പോഴും എന്നെ തനിച്ചാക്കാൻ അനുവധിക്കാതെ കൂടെതന്നെ നിന്ന ആ മനുഷ്യന്റെ കരുതൽ എനിക്കെന്നും അതിശയമായിരുന്നൂ.

ജോലി കിട്ടി അടുത്തദിവസം ഞാൻ ദുബായിലേക്കു പോകുകയാണ്.അതിന്റെ വിഷമം കുറച്ചൊന്നുമല്ല എന്റെ അളിയനുള്ളതെന്നു ആ മുഖത്തു നിന്ന് വായിച്ചെടുക്കാം.

“എന്താടാ പരിസരം മറന്നുള്ള ചിന്തയിലാണെല്ലോ.നാളെ പോകുമ്പോൾ നിന്റെ ഫോണിലെപ്പോഴും വിളിക്കണ ആ പെൺകൊച്ചിനെ കൂടി കൊണ്ടുപോകാനുള്ള പ്ലാനുണ്ടോ..”

“അളിയനെന്താ..നിങ്ങളുടെ സമ്മതമില്ലാതെ അവളെ ഞാൻ കൊണ്ടു വരുമെന്നു തോന്നുന്നുണ്ടോ..”

“ഇനി നീ അങ്ങനെ എന്തേലും പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ പറയണേ..നിന്റെ കല്ല്യാണത്തിനു വേണ്ടി കരുതി വെക്കുന്ന കാശ്ശെടുത്ത് എനിക്കും എന്റെ ഭാര്യക്കും കൂടി അടിച്ചുപൊളിക്കാനാണ്..”

അളിയൻ ഉറക്കെ ചിരിച്ചൂ.

“എന്റെ കല്ല്യാണത്തിനു വേണ്ടിയും കരുതി വെക്കുന്നുണ്ടോ അളിയൻ.അപ്പോ നിങ്ങളുടെ രണ്ടാളുടെയും മക്കളുടെ കാര്യങ്ങൾക്ക് എന്തുചെയ്യും..”

“ഞങ്ങളുടെ മൂത്തമോൻ നീയല്ലെടാ.നിന്റെ കല്ല്യാണത്തിനല്ലേ ഞങ്ങൾ ആദ്യം കരുതുക. ബാക്കിയെല്ലാം ആ സമയമാകുമ്പോൾ നടന്നോളും.എന്റെ കൂടെ നീയുണ്ടല്ലോ എനിക്കതുമതി..”

അളിയൻ അതുംപറഞ്ഞ് ചിരിച്ചുകൊണ്ട് അകത്തേക്കു കയറി പോകുമ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് സഞ്ജു അറിയുന്നുണ്ടായിരുന്നൂ.അളിയൻ അങ്ങനെയാണ്.സ്നേഹമല്ലാതെ മറ്റൊന്നും തിരികെ പ്രതീക്ഷിക്കാത്ത അപൂർവ്വമായ മനുഷ്യൻ.

*************

“ഈ ഉരുള കൂടി കഴിക്കെടാ..ഇനി ചേച്ചീടെ കൈയോണ്ട് വെച്ചുണ്ടാക്കിയ മീൻക്കറി കൂട്ടി ചോറ് കഴിക്കണമെങ്കിൽ രണ്ട് വർഷം കഴിയണം കേട്ടോ..”

ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.

“അനിയനു മാത്രം ചോറ് വാരികൊടുക്കുള്ളൂലോ..നമ്മളിപ്പോ വയസ്സനായീലേ ഇനി ആരു വാരിതരാനാ..”

ചേച്ചീടെ വിഷമം മാറ്റാനായി അളിയൻ വിഷയം മാറ്റിയതാണെന്നു സഞ്ജൂന് മനസ്സിലായി.അവനും അളയിനൊപ്പം സംസാരിക്കാൻ കൂടി.

“പണ്ട് എനിക്ക് കിട്ടിയിരുന്ന ബൂസ്റ്റും, ചിക്കൻ ലെഗ്പീസും അളിയൻ കൊറേ കഴിച്ചതല്ലേ. ഇനി അളിയന്റെ ഭാര്യ വാരിതരുന്നത് ഞാനും കുറച്ച് കഴിക്കട്ടേന്നേ..”

കണ്ണുകൾ തുടച്ചുകൊണ്ട് ചേച്ചിയും ഞങ്ങൾക്കൊപ്പം ചിരിച്ചൂ.

“ഞാനിവിടെ ഇല്ലെന്നു കരുതി രണ്ടാളും അധികം പ്രേമമൊന്നും വേണ്ടാ ട്ടോ.. ഇപ്പൊ തന്നെ എന്നെകൂടി കൂട്ടി നാലു പിള്ളേരുണ്ട്.അത് മറക്കണ്ട രണ്ടും..”

“അയ്യേ ഈ ചെക്കന്റെ വർത്താനം നോക്കിയേ.ഇവന്റെ നാവിനൊരു നിയന്ത്രണമില്ലാതായി തുടങ്ങിയല്ലോ. അതെങ്ങനെയാ ഇവനെന്തു പറഞ്ഞാലും നിങ്ങളിങ്ങനെ ചിരിച്ചോണ്ടിരുന്നോ രാജീവേട്ടാ..”

“എടോ..അവൻ കുഞ്ഞല്ലേ നീയെന്തിനാ അവൻ പറയുന്നത് കാര്യമാക്കുന്നത്..”

“കുഞ്ഞിന് ഇരുപത്തഞ്ച് വയസ്സായീന്ന് ഇടയ്ക്കെല്ലാം രാജീവേട്ടൻ മറക്കുന്നുണ്ടല്ലോ. രണ്ടുകൊല്ലം കഴിഞ്ഞ് വരുമ്പോൾ ഇവന്റെ കല്ല്യാണം നടത്തേണ്ടതാണ്..”

പാത്രങ്ങളെല്ലാം എടുത്തുകൊണ്ട് ചേച്ചി അടുക്കളയിലേക്ക് പോയി.അന്നു വൈകീട്ട് അളിയന്റെ കൂടെ ഉമ്മറപടിയിലിരുന്നു ഒരുപാട് നേരം സംസാരിച്ചിരുന്നൂ. ചിലപ്പോഴെല്ലാം ഞങ്ങൾക്കിടയിൽ മൗനം കടന്നു വന്നൂ.നാളെയാണ് പോകാനുള്ള ഫ്ലൈറ്റ്.കൊണ്ടു പോകാനുള്ള സാധനങ്ങൾ ബാഗിലാക്കാനും പെട്ടി കെട്ടാനുമെല്ലാം അളിയനാണ് മുൻകൈയെടുത്ത് ചെയ്യുന്നത്.അച്ചാറും ഉപ്പിലിട്ടതും, തുടങ്ങി എനിക്കിഷ്ടപ്പെട്ടതെല്ലാം അളിയൻ ബാഗിലാക്കുന്നുണ്ട്.പക്ഷേ ഒരക്ഷരം ആരോടും മിണ്ടുന്നില്ല..

“നാളെ നേരത്തെ ഇറങ്ങേണ്ടതല്ലേ വേഗം കിടക്കാൻ നോക്കെടാ..”

ഒടുവിൽ മൗനത്തെ മുറിച്ച് രണ്ടുവാക്ക് സംസാരിച്ച് അളിയൻ കിടക്കാനായി മുറിയിലേക്കു കയറി പോയി.

ചേച്ചിയോടും മക്കളോടും കുറച്ചുനേരം സംസാരിച്ചിരുന്ന് കിടക്കാൻ പോയപ്പോഴും പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വിഷമം നെഞ്ചിൽ തടഞ്ഞു നിൽക്കുന്നതു പോലെ സഞ്ജുവിനു തോന്നി.ഒരുപാട് നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ഉറങ്ങിപോയി.ഇടയ്ക്കെപ്പോഴോ ണീറ്റപ്പോൾ അരികിൽ അളിയനിരുപ്പുണ്ട്.

“എന്തുപറ്റി അളിയാ ഇതുവരെ ഉറങ്ങിയില്ലേ..”

“ഉറക്കം വന്നില്ലെടാ..ഇവിടെ ലൈറ്റ് കണ്ടപ്പോൾ നീ ഉറങ്ങിയില്ലെന്നു കരുതി വന്നതാ..”

“അത് ഞാൻ ഓഫ് ചെയ്യാൻ മറന്നതാ..”

“ഉം..”

ഏറെ നേരത്തെ മൗനം… ഒടുവിൽ, അളിയനെന്റെ അടുത്തേക്ക് നീങ്ങിയിരുന്നൂ.

“രണ്ടു വർഷം പെട്ടന്ന് പോകും..അല്ലേടാ..”

“ഉം”

“ഒരു വർഷം കഴിഞ്ഞ് ലീവ് കിട്ടുകയാണെങ്കിൽ എന്തായാലും നീ വരണം.ഇനി നിനക്കവിടെ എന്തേങ്കിലും പ്രശ്നമുണ്ടായാൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ലെന്നു തോന്നിയാൽ അവസാനിപ്പിച്ചു വന്നേക്കണം.വിസക്ക് ചിലവായ പൈസ പൊക്കോട്ടെ.അതുകരുതി അവിടെ ഒരു കഷ്ടവും സഹിക്കാൻ നിന്നേക്കരുത്. കേട്ടല്ലോ..”

എന്റെ കണ്ണുകൾ നിറഞ്ഞൂ.അതു കണ്ടു നിൽക്കാനാവത്തതു കാരണമാവണം അളിയൻ പെട്ടന്ന് മുറിയിലേക്കു എണീറ്റു പോയി.

*****************

അടുത്ത ദിവസം മൂടികെട്ടിയ ആകാശം പോലെയായിരുന്നൂ വീട്.ചേച്ചിയും മക്കളും കരച്ചിലാണ്.ആ കരച്ചിൽ കണ്ടുകൊണ്ട് പോകേണ്ടെന്നു കരുതി ആരോടും എയർപോർട്ടിലേക്കു വരേണ്ടെന്നു ഇന്നലെ തന്നെ പറഞ്ഞിരുന്നൂ.അളിയൻ രാവിലെ തന്നെ നല്ല തിരക്കിലാണ്.കാറ് വിളിക്കാനും പെട്ടി കയറ്റാനുമെല്ലാം വല്ലാതെ തിടുക്കം കാണിക്കുന്നുണ്ട്.എനിക്ക് മുഖം തരുന്നേയില്ല.

ഒടുവിൽ ഇറങ്ങാൻ സമയമായി.ചേച്ചിയോടും മക്കളോടും അളിയനോടും യാത്ര പറഞ്ഞു കാറിൽ കയറിയിരുന്നൂ.കാർ ഗൈറ്റ് കടക്കുമ്പോൾ വീട്ടിലേക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കാൻ തോന്നി,അപ്പോൾ കണ്ടു കണ്ണുകൾ അമർത്തിതുടച്ചു കൊണ്ട് പറമ്പിലേക്കു തിടുക്കത്തിൽ നടക്കുന്ന അളിയനെ.താൻ കരയുന്നത് ആരും കാണാതിരിക്കാനാണ് പറമ്പിലേക്കു തിരക്കു പിടിച്ച ഓട്ടമെന്ന് തനിക്കറിയാം.

സഞ്ജു സീറ്റിലേക്കു ചാഞ്ഞിരുന്നൂ.

തന്നെ ഇത്രയ്ക്കും സ്നേഹിക്കുന്ന കുടുംബത്തെ വിട്ട് അന്യരാജ്യത്തേക്ക് പോകാൻ ഇഷ്ടമുണ്ടായിട്ടല്ല ഈ പറിച്ചുനടൽ.അളിയൻ പറഞ്ഞതു പോലെ അദ്ദേഹത്തിന്റെ മൂത്തമോനാണ് ഞാൻ. അളിയന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം എന്നെ വളർത്താനും നല്ലരീതിയിൽ പഠിപ്പിക്കാനും കഷ്ടപ്പെട്ടതാണ്.ഇനിയും ആ മനുഷ്യനെ സ്വന്തം മക്കൾക്കു വേണ്ടികൂടി കഷ്ടപ്പെടുത്താൻ ഞാൻ അനുവധിക്കില്ല. താഴെയുള്ള മൂന്നു പേരുടെ ജീവിതം നല്ലരീതിൽ എത്തിക്കേണ്ടതു എന്റെ കടമയല്ല, അവകാശമാണ്.വളരെ കുറച്ചുകാലം അവിടെ നിന്നു സമ്പാദിച്ചതിനു ശേഷം ഞാൻ മടങ്ങി വരും.

സ്വന്തം അച്ഛനമ്മമ്മാരെ പോലെ സ്നേഹിക്കാനും കാത്തിരിക്കാനും രണ്ട് ഹൃദയങ്ങൾ ഇവിടെയുള്ളപ്പോൾ ഞാനെങ്ങനെ മടങ്ങി വരാതിരിക്കും…!!

Aparna Nandhini Ashokan ❤