എന്നാൽ ഞാൻ അകത്തേയ്ക്ക് ചെല്ലട്ടെ. അവിടെ ഇപ്പോൾ എല്ലാം തലതിരിച്ചു വച്ചിട്ടുണ്ടാകും….

മുറിവുകൾ

Story written by Suja Anup

=============

“പുതിയ ജോലിക്കാരി വന്നിട്ട് എങ്ങനെയുണ്ട് സുഷമേ…?”

“എന്ത് പറയാനാണ് രതി, പണി ഒക്കെ ഒരു വകയാണ്. എനിക്ക് ജോലിക്ക് പോവണ്ടേ. അതുകൊണ്ട് ഞാൻ സഹിക്കുന്നൂ. ചില നേരം ദേഷ്യം വരും. എന്തെങ്കിലും പറഞ്ഞാൽ മുതലക്കണ്ണീര് കാണണം.”

“ശരിയാണ്. ഇന്നത്തെ കാലത്തു ഒരെണ്ണത്തിനെ ഒത്തുകിട്ടുവാൻ തന്നെ പ്രയാസമാണ്. സഹിക്കുക അല്ലാതെ വേറെ മാർഗം ഇല്ല…”

“എന്നാൽ ഞാൻ അകത്തേയ്ക്ക് ചെല്ലട്ടെ. അവിടെ ഇപ്പോൾ എല്ലാം തലതിരിചു വച്ചിട്ടുണ്ടാകും..”

****************

കഴിഞ്ഞ ആഴ്ചയാണ് പുതിയ ജോലിക്കാരി വന്നത്. എപ്പോഴും മുഖത്തൊരു മ്ലാനതയുണ്ട്. എന്താണ് കാര്യം എന്ന് ചോദിച്ചില്ല. തിരക്ക് പിടിച്ച ഈ ഓട്ടത്തിനിടയിൽ ഒന്നിനും സമയമില്ല. പരിചയമുള്ള ഒരു സിസ്റ്റർ പറഞ്ഞുവിട്ടതാണ്, വലിയ ശമ്പളം കൊടുക്കേണ്ട. അതുകൊണ്ടു അങ്ങു കൂടെ നിർത്തി. വിശേഷങ്ങൾ അന്വേഷിച്ചു വെറുതെ വയ്യാവേലി തലയിൽ കേറ്റി വയ്‌ക്കേണ്ട..

രാവിലെ ഭർത്താവ് ജോലിക്ക് പോകും. അദ്ദേഹത്തിന് തിരക്കോടു തിരക്കാണ്. മാർകെറ്റിംഗിൽ ആയതുകൊണ്ട് തന്നെ പുറത്തേക്കു യാത്രകളും ഉണ്ടാകും.

പിന്നെ രണ്ടു പിള്ളേര് ഉള്ളതുങ്ങളുടെ പുറകെ നടന്നാലേ സമയത്തു അവർ ക്ലാസ്സിൽ പോകൂ..

ഇതെല്ലാം കഴിഞ്ഞിട്ട് വേണം എങ്ങനെ എങ്കിലും ഒരുങ്ങി എനിക്ക് ഓഫീസിൽ എത്തുവാൻ. ഇതിനിടയിൽ രാവിലത്തെ ഭക്ഷണം ഒരുക്കൽ, ഉച്ചയ്ക്കത്തേയ്ക്കു ഉള്ള പാഴ്‌സൽ ഒരുക്കൽ, പുര അടിച്ചുവാരൽ, തുണികൾ വാഷിങ് മെഷീനിൽ ഇടൽ തുടങ്ങി ഒത്തിരി പണികൾ ചെയ്യണം. പണിക്കാരിയെ നിർത്തിയാൽ ഒരു ദിവസ്സം വരും പിറ്റേ ദിവസ്സം വരില്ല..

ഓഫീസിൽ എത്തിയാൽ ടാർഗറ്റ് തികയ്ക്കുവാനുള്ള ഓട്ടം. സീനിയേഴ്‌സിൻ്റെ ചീത്ത വിളി, തുടങ്ങി ഒരുപാടു കലാപരിപാടികൾ വേറെ.

ഈ തിരക്ക് പിടിച്ച ഓട്ടത്തിനിടയിലേക്കാണ് ഒരു സഹായത്തിനായി രേവതി കടന്നു വന്നത്.

************

“എന്താ രേവതി, നിനക്ക് ഇത്തിരി വൃത്തിക്ക് പണി എടുത്തു കൂടെ..?”

പച്ചക്കറി അറിയുന്നതിനിടയിൽ തറയിൽ മുഴുവനും അവൾ അത് വാരി വലിച്ചിട്ടൂ..

“ഇനി ശ്രദ്ധിച്ചോളാം..”

ഒരു ഒഴുക്കൻ മട്ടിലുള്ള മറുപടി. എനിക്ക് അത് തീരെ പിടിക്കുന്നുണ്ടായിരുന്നില്ല. ഒന്നിനും ഒരു ഉത്സാഹവുമില്ല.

ഏതു നേരത്താണോ ഇതിനെ ഇവിടെ നിർത്തുവാൻ തോന്നിയത്..

വേഗം ഓഫീസിലേക്കിറങ്ങി.

ഇന്ന് പണിയെല്ലാം വേഗം തീർക്കണം. തിരിച്ചു നേരത്തെ വന്നാൽ കുറച്ചു ചിക്കൻ കറി ഉണ്ടാക്കണം. നാളെ ഞാറാഴ്ച കുറച്ചു പണികൾ പറമ്പിൽ ഉള്ളത് തീർക്കാം. ഇത്രയും നാൾ അതിനുള്ള സമയം കിട്ടുന്നുണ്ടായിരുന്നില്ല. ഇപ്പോൾ സഹായത്തിന് ആളുണ്ടല്ലോ..

പിറ്റേന്ന് ഞാൻ പറമ്പിൽ അവിടവിടെ കിടന്നിരുന്ന ഓല എല്ലാം അറഞ്ഞൊതുക്കി. രേവതിയും കുറച്ചു സഹായിച്ചൂ.

പക്ഷേ തിങ്കളാഴ്ച നല്ല പനി പോലെ തോന്നി. ഓഫീസിൽ പോയില്ല.

രേവതി തന്ന കുറച്ചു കഞ്ഞി കുടിച്ചു കിടന്നൂ.

ഇടയ്ക്കു ഉണർന്നപ്പോൾ അവൾ അടുത്തിരിപ്പുണ്ടായിരുന്നൂ. കൺകോണിൽ ഒരു തുള്ളി പൊടിഞ്ഞിരുന്നോ..

അന്നാദ്യമായി അവൾ എന്നോട് മനസ്സ് തുറന്നു സംസാരിച്ചൂ..

പാവപ്പെട്ട വീട്ടിലെ പെൺകുട്ടി. സ്വന്തം അച്ഛൻ എവിടെയാണ് എന്ന് പോലും അറിയില്ല. അമ്മയ്ക്ക് പണ്ടേ തന്നെ അവളെ വേണ്ട. രണ്ടാനച്ഛൻ ക്രൂരൻ ആയിരുന്നൂ. സ്വന്തം മകളെ അയാൾ നന്നായി നോക്കും. അവളെ അയാൾ മകളായി കണ്ടില്ല. സ്വന്തം ഭാര്യയെ പോലും അയാൾ വിറ്റു കാശാക്കിയിരുന്നൂ. അയാളുടെ ക്രൂ രതകൾ അതിർവരമ്പുകൾ ഭേദിച്ചു തുടങ്ങിയിരുന്നൂ.

ബിരുദം പൂർത്തിയാകുന്നതുവരെ പിടിച്ചു നിന്നൂ. ഡിഗ്രി കഴിഞ്ഞപ്പോൾ പ്രേമം എന്നും പറഞ്ഞു ഒരുത്തനൊപ്പം ഇറങ്ങി. വേറെ എന്ത് ചെയ്യണം എന്ന് അവൾക്കു അറിയില്ലായിരുന്നൂ. അയാളുടെ കൈ എത്താത്ത ഒരിടത്തേയ്ക്കു ഓടി രക്ഷപെടണം എന്നേ അവൾ ആഗ്രഹിച്ചിരുന്നുള്ളൂ.

ഭർത്താവു നല്ലവനായിരുന്നൂ. കിട്ടുന്ന പണികൾ എല്ലാം ചെയ്തു അവൻ അവളെ നോക്കി. അവനും ബന്ധുക്കൾ എന്ന് പറയുവാൻ ഒരമ്മാവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മായിക്ക് അവനെ ഇഷ്ടം ആയിരുന്നില്ല. തുല്യദുഃഖിതരായ അവർ കണ്ടുമുട്ടിയത് വിധിയുടെ വിളയാട്ടം ആകാം. ഭർത്താവിനൊപ്പം എട്ടു വർഷം ഒന്നിച്ചു കഴിഞ്ഞു. ഒരു കുട്ടിയുണ്ട്. ഒരു വർഷം മുൻപേ അവൻ ഒരു അപകടത്തിൽ മരിച്ചൂ.

തിരിച്ചു വീട്ടിലേയ്ക്കു ചെല്ലുവാൻ വയ്യ. കുടുംബത്തിന് അപമാനം ഉണ്ടാക്കി ഇറങ്ങിയവൾ അല്ലെ നാട്ടുകാരുടെ മുൻപിൽ. മോളെ കൂടെ ആ രണ്ടാനച്ഛൻ വെറുതെ വിട്ടെന്ന് വരില്ല, അത്രയ്ക്ക് വൃത്തികെട്ടവൻ ആണ് അയാൾ.

ഭർത്താവിൻ്റെ മരണം വരെ ജോലിയ്ക്ക് പോയിട്ടില്ല. ഭർത്താവിൻ്റെ മരണശേഷം ഒരു ജോലിക്ക് ഒരുപാട് ശ്രമിച്ചൂ. എവിടെയും ചൂഷണം ചെയ്യുവാൻ ഒത്തിരി പേരുണ്ട്. മകളെ ഒരു അനാഥാലയത്തിൽ ഏൽപിചൂ. പഠിച്ചിരുന്ന പള്ളിക്കൂടത്തിനു കീഴിൽ ഉള്ളതാണ്. സിസ്റ്റേഴ്സ് നടത്തുന്ന സ്ഥാപനം. അവിടെ രേവതിക്ക് നിൽക്കുവാൻ ആകില്ല. മകൾ കൂടെ ഇല്ലാത്തതിൻ്റെ സങ്കടം വേറെ.

ഒത്തിരി കാലം മനസ്സിൽ ഒളിപ്പിച്ചതൊക്കെയും അവൾ പറഞ്ഞു…

“ചേച്ചിക്ക് അറിയുമോ. ഞാൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല. അദ്ധേഹത്തിൻ്റെ തണലിൽ ഒതുങ്ങി കൂടുവാനായിരുന്നു ഇഷ്ടം. നന്നായി തന്നെ ഭക്ഷണം ഉണ്ടാക്കും. വീട് എപ്പോഴും വൃത്തിയാക്കി വയ്ക്കും. കുഞ്ഞിനെയും എന്നെയും ഒരു കുറവും വരുത്താതെയാണ് അദ്ധേഹം നോക്കിയിരുന്നത്.”

“എല്ലാറ്റിനോടും ഒരു മടുപ്പാണ് ചേച്ചി ഇപ്പോൾ. അടുക്കളയിൽ കയറുമ്പോൾ ഒരു ചായ ഇടുമ്പോൾ പോലും അദ്ദേഹത്തിനെ ഓർമ്മ വരും. ഭക്ഷണം കഴിക്കുവാൻ എടുത്താൽ മകളെ ഓർമ്മ വരും. അതുകൊണ്ടു തന്നെ ഒന്നും ചെയ്യുവാൻ തോന്നുന്നില്ല. ദൈവം എന്താണ് എന്നോട് മാത്രം ഇങ്ങനെ..? ഞാനും എൻ്റെ മകളും എന്ത് തെറ്റ് ചെയ്തു..? ഈ ലോകത്തിൽ ആർക്കും മനഃസാക്ഷിയില്ലേ..? ഭർത്താവ് മരിച്ച പെണ്ണുങ്ങൾ വീടിനു ഐശ്വര്യക്കേട്‌ ആണോ..? ഞങ്ങളെ വീട്ടിൽ നിർത്തിയാൽ ഞങ്ങൾ അവരുടെ ഭർത്താക്കൻമാരെ വശീകരിക്കുമോ..? ഒത്തിരി വിഷമം ഉണ്ട്.”

“ചേച്ചി ഉറങ്ങിക്കോളൂ. ഞാൻ വെറുതെ ശല്യം ചെയ്യുകയല്ലേ..”

ഞാൻ ഒന്നും പറഞ്ഞില്ല. കണ്ണടച്ചു കിടക്കുമ്പോഴും അവളുടെ മകളായിരുന്നൂ മനസ്സിൽ. അവളെ മനസ്സിലാക്കുവാൻ എനിക്ക് കഴിയും.

എന്തെങ്കിലും അവൾക്കു വേണ്ടി ചെയ്യണം. ഈ ലോകം അങ്ങനെ ആണ്. അവളെ തോണ്ടാനും നശിപ്പിക്കുവാനും കുറ്റം പറയുവാനും ആയിരം പേര് കാണും. പക്ഷേ ഒന്ന് സാന്ത്വനിപ്പിക്കുവാൻ ആരുമില്ല. പാവം..

ഒരു പക്ഷേ… ഞാനാണ് അവളുടെ സ്ഥാനെത്തെങ്കിൽ എന്ത് ചെയ്തേനെ…?

***************

പനിയെല്ലാം മാറി കഴിഞ്ഞപ്പോൾ ഞാൻ അവളെയും കൂട്ടി ആ അനാഥാലയത്തിൽ ചെന്നൂ. അവളുടെ മകളെ വീട്ടിലേയ്ക്കു കൂട്ടികൊണ്ടു വന്നൂ. ദൈവം സഹായിച്ചിട്ടു ഒരു കുട്ടിയെ കൂടി പഠിപ്പിക്കുവാനുള്ള വക എൻ്റെ വീട്ടിലുണ്ട്.

എൻ്റെ മൂത്തവൾക്കു വയസ്സ് പതിനേഴായി, ഇളയവൾക്കു പന്ത്രണ്ടും, ഇനി ഇപ്പോൾ ഒരു എട്ടുവയസ്സുകാരി കൂടെ ഉണ്ട് എന്ന് കരുതി അതെനിക്ക് ഒരു ഭാരം ആകില്ല. അത് ദൈവം തന്നു എന്ന് ഞാൻ കരുതും.

അവളുടെ ദുഃഖം മുഴുവൻ മാറ്റുവാൻ എനിക്കാവില്ല. പക്ഷേ അവൾക്കു ഇത്തിരി ആശ്വാസം നൽകുവാൻ എനിക്കാവും.

പതിയെ പതിയെ അവളുടെ മുഖത്തെ ദുഃഖച്ഛായ നീങ്ങി തുടങ്ങി. അവളെ ഒരു ജോലിക്കാരി ആയി ഞാൻ കണ്ടില്ല. എൻ്റെ അനിയത്തി അത് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

വീട്ടുജോലി വേണ്ട, അവൾക്കു ചേർന്ന ഒരു ജോലി കണ്ടുപിടിക്കാം എന്ന് ഞാൻ പറഞ്ഞു.

അവൾ സമ്മതിച്ചില്ല.

“വേണ്ട ചേച്ചി, പെൺകുട്ടികൾ മൂന്നുപേരുള്ള വീടല്ലേ, ഞാൻ ഇവിടെ നിന്നാൽ ചേച്ചിക്ക് ഓടിപ്പിടിച്ച് ഓഫീസിൽ നിന്നും വരേണ്ടല്ലോ. അപ്പുറത്തെ തയ്യൽ കടയിൽ സമയം കിട്ടുമ്പോൾ ഞാൻ പോയി തയ്യൽ പഠിച്ചോളാം. കുറെ കഴിയുമ്പോൾ ഒരു മെഷീൻ വാങ്ങിയാൽ എനിക്കും മകൾക്കും അത് മതിയാകും.”

“മകളുടെ കാര്യം ഓർത്തു നീ ഒരിക്കലും വിഷമിക്കരുത്. അവൾ എൻ്റെ മകളായി വളരും. വലുതാകുമ്പോൾ അവളുടെ വിവാഹവും ഞാൻ നടത്തും.”

പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു.

“മകളെ നിർത്തിയ മഠത്തിലെ സിസ്റ്റർ ആണ് ചേച്ചിയുടെ വിലാസം എനിക്ക് തന്നത്. അന്ന് അവർ എന്നോട് പറഞ്ഞു, സ്വന്തം മക്കളുടെ എല്ലാ പിറന്നാളുകൾക്കും ഇവിടത്തെ കുട്ടികൾക്ക് ഉടുപ്പ് വാങ്ങി കൊടുക്കുന്ന ഒരാളുടെ മേൽവിലാസം ആണിത്. നീ അവരെ ഒന്ന് പോയി കാണൂ. നിനക്ക് ഭാഗ്യം ഉണ്ടെങ്കിൽ അവർ നിന്നെ സഹായിക്കും. വലിയ പണക്കാരി ഒന്നുമല്ല, പക്ഷേ മനസ്സുകൊണ്ട് അവർ ഒരു കോടീശ്വരി ആണ്..”

“അന്ന് ചേച്ചിക്ക് പനി വന്നപ്പോൾ ഞാൻ ഒത്തിരി വിഷമിച്ചു പോയി. ഈ ലോകത്തു എനിക്ക് ചേച്ചി മാത്രമേ ഉള്ളൂ.”

എൻ്റെ കണ്ണുകളും അപ്പോൾ നിറഞ്ഞു….

പരസ്പരം തുറന്നു സംസാരിക്കുവാൻ ഒരാൾ കൂടെ വേണം. അതാണ് ഒരു വ്യക്തിക്ക് ജീവിതത്തിൽ ആദ്യം വേണ്ടത്. തന്നെ മനസ്സിലാക്കുവാൻ ഒരാൾ ഉണ്ടെന്നുള്ള തോന്നൽ അതൊന്ന് മതി ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കുവാൻ. ഒരാളുടെ ദുഃഖം മാറ്റുവാൻ നമുക്കായില്ലെങ്കിലും ആ മുറിവുകളിൽ മരുന്ന് പുരട്ടുവാൻ ആയില്ലെങ്കിലും കുത്തിനോവിക്കാതെ ഇരുന്നു കൂടെ…

…………………സുജ അനൂപ്