എന്റെ തിരുനെറ്റിയിൽ ആരും കാണാതെ ചന്ദനം തൊടുമ്പോൾ അവളുടെ കൈവിരൽ തുമ്പിൽ ഞാനവളെ….

മിഴിനീർപൂവ്

Story written by Arun Karthik

===============

ഇത്രയുമധികം തേപ്പ് നടക്കുന്ന കാലത്ത് ഏട്ടനേയും പ്രണയിച്ചുകൊണ്ട് ഒരു പെൺകുട്ടി കാത്തിരിക്കുന്നുവെന്ന് പറഞ്ഞാൽ ഞാനതു വിശ്വസിക്കില്ലെന്ന് അമ്മാവന്റെ മകൾ ഗൗരി പറയുന്നത് കേട്ട് ഞാനവളെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു.

അമ്പലനടയിൽ നിന്നും തൊഴുതിറങ്ങി ചുറ്റുവിളക്ക് തെളിയിക്കുമ്പോൾ ഗൗരിയുടെ മുഖത്തു എന്നോടുള്ള ദേഷ്യമോ, അവളെകുറിച്ച് അറിയാനുള്ള ആകാംഷയോ… അറിയില്ല..

ഗൗരി തന്നെ സ്നേഹിച്ചിരുന്നുവെന്ന് പലപ്പോഴും തോന്നിയത്കൊണ്ടാവാം എനിക്ക് എന്റെ ദിവ്യയെകുറിച്ച് അവളോട് ആ സമയം പറയണമെന്ന് തോന്നിയത്..

ആളൊഴിഞ്ഞ ആൽത്തറയിൽ അവളെ വിളിച്ചിരുത്തുമ്പോൾ ദിവ്യയെ കുറിച്ചു കേൾക്കാനുള്ള അവളുടെ മുഖത്തെ ജിഞാസ അവളുടെ കണ്ണുകളിൽ നിന്നും എനിക്ക് വായിച്ചെടുക്കാമായിരുന്നു.

അമ്പലവും ആൽത്തറയും കൃഷ്ണനും ദേവിയും.. ഇതെല്ലാമായിരുന്നു ദിവ്യയുടെ ലോകം. ശ്രീകോവിലിനുള്ളിലെ കൃഷ്ണന് തുളസിമാല കെട്ടികൊടുക്കുന്ന അച്ഛനെ സഹായിക്കാൻ എത്തിയ ഒരു നാളിലാണ് ദിവ്യയെ ആദ്യമായി ഞാൻ കാണുന്നത്.

വെട്ടിമുറിച്ച വാഴയിലയിൽ നിന്നും ഓരോ തുളസിയിലയെടുത്തു ശ്രെദ്ധയോടെ മാല കോർത്തിടുന്ന ദിവ്യയെ ഇമവെട്ടാതെ നോക്കി നിന്നിട്ടുണ്ട് ഞാൻ.

അമ്മയ്ക്ക് വേണ്ടി ആഴ്ചയിലൊന്നു വഴിപാട് കഴിപ്പിക്കാനായി ചെന്നു കൊണ്ടിരുന്ന എന്റെ ഹൃദയം അവളിലേക്ക് അടുക്കാൻ ഒരുപാട് ദിനമൊന്നും വേണ്ടിയിരുന്നില്ല..

ഞാൻ പഠിക്കുന്ന കോളേജിൽ തന്നെയാണ് അവളും പഠിച്ചിരുന്നതെന്ന് വളരെ വൈകിയാണ് ഞാനറിഞ്ഞിരുന്നത്.

കോളേജിലെ ഇടവേളകളിൽ ഞാനവളുടെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോഴും എന്റെ നോട്ടം എതിർദിശയിലേക്ക് മാറുമ്പോൾ അവൾ എന്നെ നോക്കിയിരുന്നുവെന്ന് പിന്നിടാണ് ഞാനറിഞ്ഞത്..

ഞാൻ അരികിലേക്ക് നടന്നു ചെല്ലുമ്പോൾ ഭയത്തോടെ ഒഴിഞ്ഞുമാറിയ അവൾ പിന്നിട് എന്റെ വരവിനായി ഒരുപാട് നേരം കാത്തിരിക്കുമായിരുന്നു.

അമ്പലകുളത്തിലെ മീനുകളോട് കിന്നാരം പറഞ്ഞിരുന്ന അവളോട് ചന്ദനം ചാലിക്കാനാണെന്ന രീതിയിൽ കുളപടവുകളിൽ നിന്ന് “നിന്നെ എനിക്ക് ഇഷ്ടമാണെന്നു” പറയുമ്പോൾ ആ വാക്കുകളിൽ ആത്മാർഥത നിറഞ്ഞതാണെന്ന് തിരിച്ചറിയാൻ അവൾക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല…

അമ്പലമുറ്റത്തെ ഇഷ്ടം കൃഷ്ണന്റെ മണ്ണിൽ നിന്നാണെന്നുള്ള തിരിച്ചറിവാണ് എന്നെ പറയാൻ പ്രേരിപ്പച്ചതെങ്കിൽ ആ കൃഷ്ണൻ തന്നെ ഞങ്ങളെ ഒന്നിപ്പിക്കുമെന്ന് ദിവ്യയും അടിയുറച്ചു വിശ്വസിച്ചിരുന്നു.

എനിക്കൊരു പനി വന്നാൽ ഓടിചെന്നു കണ്ണനോട് സങ്കടം പറയുന്ന, എക്സാം ജയിക്കാനായി പൂജിച്ച പേന കൊണ്ടു വന്നു തന്നിരുന്ന,എന്റെ പേരിൽ മാലകൾ അർപ്പിച്ചിരുന്ന ദിവ്യയ്ക്ക് കൊടുക്കാൻ എന്റെ കയ്യിൽ സ്നേഹമല്ലാതെ മറ്റൊന്നുമില്ലായിരുന്നു..

എന്റെ തിരുനെറ്റിയിൽ ആരും കാണാതെ ചന്ദനം തൊടുമ്പോൾ അവളുടെ കൈവിരൽ തുമ്പിൽ ഞാനവളെ കോർത്തു പിടിക്കുമായിരുന്നു.

“ആയിരം ശിവരാത്രിനോമ്പുകൾ നോൽക്കിടാം പ്രാണപ്രിയാ നിന്നെ എനിക്ക് പതിയായി ലഭിക്കുമെങ്കിൽ ” എന്നെനിക്കു അവൾ മെസ്സേജ് അയക്കുമ്പോഴും ഞങ്ങളെ ഒന്നിപ്പിക്കണേ എന്നായിരുന്നു എന്റെ പ്രാർത്ഥന..

ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട ദിവ്യക്ക് എന്റെ മടിതട്ടിൽ തല ചായ്ച്ചു കിടക്കുമ്പോൾ ആ അമ്മയുടെ സുരക്ഷിതത്വം ഫീൽ ചെയ്യാറുണ്ടെന്ന് പറയുമ്പോൾ ഞാനവളെ എന്റെ നെഞ്ചോടു ചേർത്തു വയ്ക്കുമായിരുന്നു.

സമയംപോക്കിനായ് സിഗരറ്റ് വലിച്ചിരുന്ന എന്റെ കയ്യിൽ നിന്നും സിഗരറ്റ് വലിച്ചെറിഞ്ഞു അവളുടെ തലയിൽ കൈവെച്ചെന്നെകൊണ്ട് ഇനി ആവർത്തിക്കരുതെന്ന് സത്യമിടീക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു വരുമായിരുന്നു.

ഞാൻ മരിച്ചുകഴിഞ്ഞാലും ഏട്ടൻ എനിക്കും മക്കൾക്കും വേണ്ടി ആയുസ്സോടെ ഉണ്ടാവണമെന്നവൾ പറയുമ്പോൾ അവളെ ഹൃദയതുല്യം സ്നേഹിക്കുന്ന അച്ഛന്റെ മുഖമായിരിക്കാം അവളുടെ മനസ്സിൽ..

എന്റെ ബൈക്കിനു പിന്നിൽ എന്നെ ചേർന്നിരുന്ന് പോകുമ്പോൾ അവൾ പറയുമായിരുന്നു നമുക്ക് ഇതുപോലെ ഒന്നിച്ചിരുന്ന് ലോകത്തിന്റെ അങ്ങേയറ്റം വരെ യാത്ര ചെയ്താലോന്ന്..

തറവാട്ടിലെ ഉത്സവത്തിന് പോയി വരുന്നത് വരെ കാത്തിരിക്കാമെന്നു പറഞ്ഞു അവൾ എന്നെ യാത്രയാക്കുമ്പോൾ, അവളുടെ ഉള്ളംനീറുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു..

ഉത്സവത്തിനിടയിൽ ഞാൻ വീട്ടിലേക്ക് പോയതും അവൾക്ക് എന്നെ ഒരുതവണ കൂടി കാണണമെന്ന് നിർബന്ധിച്ചപ്പോഴായിരുന്നു..

ഏട്ടനെ ഇത്രയുമധികം സ്നേഹിക്കുന്നവളാണ് ദിവ്യയെന്ന് എനിക്ക് അറിയില്ലായിരുന്നുവെന്ന് പറഞ്ഞു തിരിച്ചു തറവാട്ടിലേക്ക് നടക്കുമ്പോൾ ഗൗരിയുടെ ആഗ്രഹം എന്റെ ദിവ്യയെ നേരിൽ കാണണമെന്നായിരുന്നു.

അടുത്ത ദിവസം എന്റെ ഒപ്പം ദിവ്യയെ കാണാനായി ഗൗരി യാത്ര ചെയ്യുമ്പോൾ പരിചയമില്ലാത്തവരോട് ദിവ്യ അകലം പാലിച്ചാലും നിനക്ക് വിഷമം തോന്നരുതെന്ന് ഞാൻ ഗൗരിയെ ഓർമ്മപെടുത്തുന്നുണ്ടായിരുന്നു

ദിവ്യയുടെ വീട്ടിലേക്ക് അവളെ വിളിച്ചു കയറ്റുമ്പോൾ എന്നേക്കാൾ ആവേശത്തോടെ അവൾ ദിവ്യയുടെ മുറിയിലേക്ക് പ്രേവേശിച്ചു.

അവിടെ മയിൽ‌പീലി ചേർത്തു വച്ച കൃഷ്ണന്റെ പ്രെതിമയുടെ അരികിലായി വരുംകാലത്തിലെപ്പോഴോ വിവാഹം കഴിയുമ്പോൾ കൺകുളിരെ കാണുവാനായി സൂക്ഷിച്ചു വച്ചിരുന്ന ഞങ്ങളുടെ ഫോട്ടോയിലേക്ക് ഗൗരി നോക്കി നിന്നു.

ആ മുറിയിലെ പല വസ്തുക്കളിലും ഇതെന്റെ കാർത്തിക് എനിക്കു സമ്മാനിച്ചതാണെന്ന് അവൾ എഴുതി വച്ചിട്ടുണ്ടായിരുന്നു..

എത്രയും വേഗം ദിവ്യചേച്ചിയെ കാണണമെന്ന് പറഞ്ഞു വാശി പിടിച്ച ഗൗരിയോട് ഞാൻ പറയുന്നുണ്ടായിരുന്നു. അടച്ചു മൂടപ്പെട്ട മുറിയിലിരുന്ന് സമയം ചെലവഴിക്കാതെ പുറത്തേക്കു ഇറങ്ങണമെന്ന എന്റെ വാശി കൊണ്ടാവാം അവൾ ഇപ്പോൾ കൂടുതൽ സമയവും പുറത്തെ പ്രകൃതി ആസ്വദിച്ചുകൊണ്ടിരിക്കുന്നതെന്ന്…

ദിവ്യയുടെ വീട്ടുമുറ്റത്തു പറമ്പിൽ അടക്കം ചെയ്ത രണ്ടു മണൽകൂനകളെ നോക്കി ഒന്നുമറിയാത്തവളെ പോലെ നിൽക്കുന്ന ഗൗരിയെ നോക്കി ഞാൻ പറയുന്നുണ്ടായിരുന്നു.

ഇതാണ് ദിവ്യയും അച്ഛനുമെന്ന്… ഒരു തീ പിടുത്തത്തിൽ എന്നെ തനിച്ചാക്കി ഒരുപിടി ചാരമായി ബാക്കി നിൽക്കാനേ അവൾക്ക്.. സാധിച്ചുള്ളൂ…

പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു അവൾ എന്നെകൊണ്ടു നിർത്തിച്ചതാ.. പക്ഷേ ഞാൻ ഇത് കത്തിക്കാറില്ല… അവൾക്കു വിഷമം ആയാലോ..

നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ചോദിച്ചോളൂ.. പക്ഷേ.. ഞാൻ മുൻപ് പറഞ്ഞ പോലെ തിരിച്ചു ഒന്നും പറയാൻ അവൾക്ക് സാധിക്കില്ല…

കണ്ണു നിറഞ്ഞു വന്ന ഗൗരിയെ ഒരു ഇളംകാറ്റ് തഴുകി കടന്നു പോകുമ്പോൾ മുറ്റത്തു മുട്ടുകുത്തി കരയുന്ന എന്റെ കണ്ണുനീർ തുടയ്ക്കാനാവാതെ മാനത്തു നിന്ന് അവൾ എന്നെ കാണുന്നുണ്ടാവും……

~ കാർത്തിക്

.